‘കുച്ചിലിനെ’ കുറിച്ച് അറിയണം ‘കിച്ചൻ’ ആസ്വദിക്കുന്നവർ
കൂക്കാനം റഹ്മാൻ
പത്തറുപത് കൊല്ലം മുന്പെയുള്ള ചില കാര്യങ്ങളിലേക്ക് മനസ്സ് പാറിപ്പാറി പോകവേ ഞാൻ ജനിച്ചുവീണ വീടിന്റെ കുച്ചിലപ്പുറ (അടുക്കള) കാഴ്ചകൾ ഓർത്തുപോയി. അതോർക്കുന്പോൾ ഭയവും, വേദനയും അതിലേറെ പഴയകാല ഓർമ്മകളുടെ മാധുര്യവും അയവിറക്കാൻ കഴിയുന്നു. വർത്തമാനകാല ന്യൂ ജെൻസിന് ആ അനുഭവം ഭ്രാന്തമായ ചിന്തയെന്ന് തോന്നിയേക്കാം. അങ്ങനെയൊന്നും സംഭവിക്കാൻ ഇടയില്ല എന്ന് അവർ മനസ്സിൽ കരുതിയേക്കാം.
അന്ന് എന്റെ വീട്ടിലെ കുച്ചിലപ്പുറത്താണ് സർവ്വകാര്യങ്ങളും നടത്തിയിരുന്നത്. നീണ്ടുകിടക്കുന്ന ഒരു മുറിയാണത്. കുച്ചിലിന്റെ ഒരറ്റത്താണ് പെണ്ണുങ്ങളുടെ പ്രസവം വരെ നടന്നിരുന്നത്. എന്നെയും പ്രസവിച്ചത് അവിടെയാണെന്ന് ഉമ്മ പറയാറുണ്ട്. മുറിയുടെ ഏകദേശം നടുഭാഗത്താണ് നെല്ല് കുത്ത് നടക്കുക. ഉരലിന്റെയും, ഉലക്കകളുടെയും സ്ഥാനം അവിടെയാണ്. മുറിയുടെ ഒരു മൂലയിലാണ് അടുപ്പ് തിണ. ഒരേ സമയത്ത് നാലഞ്ച് പാത്രങ്ങളിൽ പാചകം ചെയ്യാനുള്ള വലിയൊരടുപ്പാണത്. അടുപ്പിന് ചുറ്റും നെല്ലുകുത്തിയ ഉമി നിറച്ചു വെച്ചിട്ടുണ്ടാകും. രാപകലന്യേ ഉമി പുകഞ്ഞു കൊണ്ടേയിരിക്കും. അടുപ്പിന് തിണക്ക് മുകളിലായി വിറകും ഓലാക്കൊടിയും മറ്റും ശേഖരിച്ചു വയ്ക്കാൻ ‘പറം’ കെട്ടിയിട്ടുണ്ട്. അടുപ്പിൽ നിന്നും പോകുന്ന പുകയും തീയുമേറ്റ് പറം മുഴുവൻ കരിപിടിച്ചിരിക്കും.
ഒരു ദിവസം ഒരുപാട് വിറക് ശേഖരിച്ചു കൊണ്ടു വന്ന് പറത്തിന്മേൽ വെച്ചിരുന്നു. രാത്രി ഒന്പത് മണിയായിക്കാണും. ഞാൻ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നിൽക്കുകയാണ്. ഉമ്മ അടുപ്പിനടുത്തിരുന്ന് എന്തോ പാകം ചെയ്യുന്നത് കണ്ടു കൊണ്ടാണ് ഞാൻ പുറത്തിറങ്ങിയത്. അൽപ സമയം കഴിഞ്ഞപ്പോൾ ഭാരം മൂലം പറം പൊട്ടി ഉഗ്രശബ്ദത്തോടെ താഴേക്ക് പതിച്ചു. ഉമ്മ അതിനകത്തായി പോയി എന്ന ഭയപ്പാട് മൂലം ഞാൻ നിലവിളിച്ചോടി. ആ സമയത്ത് കുച്ചിലിൽ വെളിച്ചമില്ലായിരുന്നു. ഉമ്മ ഓടിരക്ഷപ്പെട്ടു എന്ന് അൽപ സമയത്തിന് ശേഷം എനിക്ക് ബോധ്യമായി. കുഞ്ഞുനാളിൽ എനിക്കുണ്ടായ മറക്കാൻ കഴിയാത്ത ഒരു ഭയമായിരുന്നു അത്.
കുച്ചിലിൽ രണ്ട് ഭാഗമുണ്ടായിരുന്നു. വടക്കും പടിഞ്ഞാറും. പടിഞ്ഞാറു ഭാഗത്താണ് അമ്മിക്കല്ലും, അമ്മിക്കുട്ടിയും വെച്ചിരിക്കുന്നത്. ചെരേപ്പലമേൽ ഇരുന്ന് ഉമ്മ അതിരാവിലെ ദോശക്ക് അരക്കുന്നതും വൈകുന്നേരങ്ങളിൽ പറങ്കി അരക്കുന്നതും താളാത്മകമായ ഒരു കാഴ്ചയായിരുന്നു. ആ സമയമാണ് ഉമ്മ മനസ്സിലുള്ള ദേഷ്യമെല്ലാം പ്രകടിപ്പിക്കുക. അധികം ദേഷ്യം വന്നാൽ അമ്മിക്കല്ലിനിട്ട് ഒരു കുത്തു കൊടുക്കും. അമ്മിക്കല്ലിന് നേരെ മുകളിലായി ചൂടികൊണ്ട് വരിഞ്ഞ രണ്ട് മൂന്ന് ഉറികളുണ്ട്. ഇവ പാലും മോരും സൂക്ഷിക്കുവാനാണ്.
മാതൈ പൈയിനെയും, കല്യാണി പൈയിനെയും കറന്ന് പാൽ വലിയ ഒരു ഓട്ടു മുരുടയിൽ ഉമ്മൂമ്മ അടുക്കളയിൽ കൊണ്ടു വെക്കും. ചായയുടെ ആവശ്യത്തിന് എടുത്ത പാൽ കഴിച്ച് ബാക്കി മൺകുടുക്കയിൽ കാച്ചും. അതിൽ ‘ഉറ’ തൊടീച്ച് വെക്കും. അടുത്ത ദിവസം രാവിലെ തൈരും കലവും എടുത്ത് തെരിയയിൽ വെച്ച് മന്ത് കൊണ്ട് തൈർ കലക്കും. അതിൽനിന്ന് ഊറിവരുന്ന വെണ്ണ കൊതിയോടെ നിൽക്കുന്ന എന്റെ വായിലേക്ക് ഇട്ടുതരും. അൽപം പുളിരസമുള്ള ആ വെണ്ണയുടെ രുചി മറക്കാനാവില്ല.
കുച്ചിലിന്റെ പടിഞ്ഞാറെ അറ്റത്ത് ‘ചായ്പ്പ്’ ഉണ്ട്. അതിൽ പഴയ മൺപാത്രങ്ങൾ, നൂറിന്റെ കലം, അടക്ക വെള്ളത്തിലിട്ട കലം, വർഷകാലത്തേക്ക് ചക്കക്കുരു പൂഴ്ത്തി വെക്കുന്ന സ്ഥലം, ഇവയ്ക്കെല്ലാമുള്ള സ്ഥാനമാണ് ചായ്പ്പ്. കുച്ചിലിലെ ചിമ്മിണിക്കൂടാണ് ഓർമ്മയിലെ അത്ഭുത വസ്തു. ഓടുകൊണ്ട് നിർമ്മിച്ചതാണത്. ചിമ്മിനിക്കൂടിൽ നിന്ന് വരുന്ന മുനിഞ്ഞ് കത്തുന്ന ഇത്തിരി വെട്ടത്തിലാണ് സന്ധ്യ മയങ്ങിയാൽ അടുക്കള സജീവമാകുന്നത്. ഭക്ഷണം കഴിക്കലും അടുക്കളയിൽ വെച്ച് തന്നെ ഇരിക്കാൻ വട്ടപ്പലക, നീണ്ടപലക, കുഞ്ഞിപലക എന്നിവയുണ്ട്. ആണുങ്ങൾ ഭക്ഷണം കഴിച്ചേ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കൂ. അമ്മാവന്മാരുടെ ഭക്ഷണം കഴിഞ്ഞാൽ അടുത്ത ഊഴം എന്റേതാണ്. ആണുങ്ങൾക്ക് ഭക്ഷണം വിളന്പുന്നത് ‘കാസ’യിലാണ്. കറി പിഞ്ഞാണത്തിലും. ഒരു കറിയേ ഭക്ഷണത്തിനുണ്ടാവൂ. മിക്കവാറും ദിവസങ്ങളിൽ മൊയ് പാറുവും, മൊയ് പാറ്റയും കൊണ്ടുവരുന്ന മീനായിരിക്കും കറി. അക്കാലത്ത് രണ്ട് മൂന്ന് പൂച്ചകളും വീട്ടിലുണ്ടാവും. കണ്ടൻ പൂച്ചയും, പാണ്ടൻ പൂച്ചയും, വെള്ളപൂച്ചയും. കുച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുന്പിൽ പൂച്ചകൾ ഭയഭക്തിയോടെ ഇരിക്കും. ഓരോ നുള്ള് ചോറ് അവയ്ക്കായി ഇട്ടുകൊടുക്കും. അതും തിന്ന് മീന്റെ മുള്ളിനായി അവർ കാത്തിരിക്കും. പൂച്ചകളെ അകറ്റാൻ പിഞ്ഞാണത്തിൽ നിന്ന് കറി തൊട്ട് കണ്ണിൽ തെറിപ്പിക്കും. കരഞ്ഞു കൊണ്ട് അവയെല്ലാം സ്ഥലം വിടും. അവയുടെ രാത്രികാല ഉറക്ക് അടുപ്പിൻ തിണക്ക് ചുറ്റുമാണ്.
അക്കാലത്ത് എലിയെ പിടിക്കാൻ എലിവിഷമോ, എലിക്കെണിയോ ആവശ്യമില്ല. എലികളെയെല്ലാം ഇവ കൊന്ന് തിന്നും. ഭക്ഷണം കഴിച്ചാൽ കൈ കഴുകാനുള്ള വെള്ളം ഒരു വലിയ ചെന്പ് കലത്തിൽ അടുക്കള വാതിലിന് സമീപത്തായാണ് വെക്കുക. അതിൽ നിന്നും വെള്ളം കോരാൻ ‘ഓലങ്ക’വും വെക്കും. കൈ കഴുകാൻ വലിയൊരു ഉരുളി ചെന്പിന് സമീപം വെച്ചിരിക്കും. ഉരുളിയിൽ അഴുക്ക് വെള്ളം നിറഞ്ഞാൽ പുറത്തേക്ക് എടുത്തുമറിക്കും. ചാണകം മെഴുകിയ അടുക്കള കുണ്ടും കുഴിയും ഉള്ളതാണ്. അടുക്കളയുടെ ഒരു ഭാഗത്താണ് ഒരു ചെറിയ കട്ടിലിൽ കിടക്ക വിരിച്ച് കന്പിളി പുതച്ച് ഉമ്മൂമ്മയുടെ ഉറക്കം. ഇങ്ങനെ ഉള്ള ഒരടുക്കളയുടെ ചിത്രം 67ലെത്തിയിട്ടും മറക്കാതെ കൊണ്ടു നടക്കുകയാണ് ഞാൻ. ജനനവും, മരണവും നെല്ലുകുത്തും, കഞ്ഞിവെപ്പും, പാലും, തൈരും, മോരും, വെണ്ണയുമുണ്ടാക്കലും, ദോശക്കും, കറിക്കും അരക്കലും, മുറുക്കിനുള്ള അടക്കയും, നൂറും സൂക്ഷിക്കലും, പട്ടിണിക്കാലത്തേക്ക് ചുട്ടുതിന്നാൻ ചക്കക്കുരു സൂക്ഷിക്കലും, വിറക് ഉണക്കലും, കൈ കഴുകാൻ സൗകര്യമൊരുക്കലും, ഭക്ഷണം കഴിക്കലും എല്ലാം ‘കുച്ചിൽ‘ എന്ന അടുക്കളയിലായിരുന്നു അന്ന്. അതിമനോഹരമായ ഇന്നത്തെ കിച്ചൻ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന പുത്തൻ തലമുറക്ക് ചുക്കിച്ചുളിഞ്ഞ വൃദ്ധകാലത്തെ അനുസ്മരിപ്പക്കുന്ന പഴയകാല ‘കുച്ചിൽ‘ ഒരത്ഭുതമായിരിക്കും.