മറ്റൊരു പരിസ്ഥിതി ദിന ആഘോഷവും കടന്നുപോയി !
ഇ.പി അനിൽ
epanil@gmail.com
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോയി. ഈ വർഷത്തെ ആശയവും വളരെ അർത്ഥവത്തായിരുന്നു. “പ്ലാസ്റ്റിക്കിനോട് വിട” എന്ന മുദ്രാവാക്യം എത്രമാത്രം പ്രധാനമാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ ഈ ദിവസത്തെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ടാകണം? ലോകത്തെ ആദ്യത്തെ പരിസ്ഥിതി സമ്മേളനത്തിന്റെ (1972, ജൂൺ5 മുതൽ 15 സ്റ്റോക്ക് ഹോം) സ്മരണ ഉണർത്തി നടക്കുന്നലോക പരിസ്ഥിതിദിന പരിപാടികളുടെ ഈ വർഷത്തെ ആതിഥ്യം ഇന്ത്യയാണ് വഹിച്ചത്. സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ, ഭരണ ഘടനയിൽതന്നെ പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാന വിഷയമാക്കുവാൻ ലോകത്തിൽ ആദ്യം ഭരണ ഘടനയിൽ കൂട്ടിചേർക്കലുകൾ വരുത്തിയ ഇന്ത്യയുടെ 42ാം ഭേദഗതി (1974) ഇങ്ങനെ പറയുന്നു “പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാനും മെച്ചപ്പെടുത്തുവാനും ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ടായിരിക്കും”. ഈ ഭേദഗതിയിൽ ഇടപെടുവാൻ കോടതിക്ക് അധികാരം ഉണ്ടായിരിക്കുകയില്ല. സ്റ്റോക്ക്ഹോം തീരുമാനത്തെ ഏറ്റവും ആദ്യം നടപ്പിൽ ആക്കിയ രാജ്യത്തിനു ലോക പരിസ്ഥിതി ദിന ആഘോഷത്തിന്റെ 45ാം വാർഷികത്തിന് ആതിഥ്യം അരുളുവാൻ അവസരം കിട്ടിയതിനെ എത്ര ഗൗവരവത്തിൽ നമുക്ക് കാണുവാൻ കഴിഞ്ഞു.
കഴിഞ്ഞ മാസം രക്ത ചൊരിച്ചിൽ ഉണ്ടാക്കിയ പോലീസ് വെടിവെപ്പ് എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് ചെന്പു വ്യവസായം നടത്തിയ വേദാന്താ കന്പനിയുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുവാൻ ആയിരുന്നു എന്നത് ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണംകെടുത്തുവാൻ അവസരം ഉണ്ടാക്കി. ലോകത്തെ ഏറ്റവും വലിയ അഴുക്കു ചാലുകൾ നമ്മുടെ യമുനയും ഗംഗയും ആയി തുടരുന്നു. വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റിൽ ദിനംപ്രതി ഒരു ഡസ്സനിലിൽ അടിപ്പിച്ച് ആളുകൾ മരിക്കുന്നതും ഡൽഹി ലോകത്തെ ഏറ്റവും കൂടുതൽ വിഷലിപ്ത അന്തരീക്ഷം കൊണ്ട് വീർപ്പു മുട്ടുന്നതും ഗൗരവതരമായി കാണുവാൻ നമ്മുടെ ദേശീയ സംസ്ഥാന നേതാക്കൾ തയ്യാറല്ല. ലോകത്താകെ അന്തരീക്ഷ മലിനീകരണം കൊണ്ട് പ്രതിവർഷം 90 ലക്ഷം ആളുകൾ മരിക്കുന്നു. അതിൽ 28%വും ഇന്ത്യയിൽ സംഭവിക്കുന്നു. (25 ലക്ഷത്തിലധികം). അതിൽ 18 ലക്ഷവും കുഞ്ഞുങ്ങൾ.ജല മലിനീകരണത്തിലൂടെ 7 ലക്ഷം മരണം നാട്ടിൽ സംഭവിക്കുന്പോൾ ചൈനയിൽ അത് 35000 മാത്രം. ഇത്തരം വിഷയങ്ങളെ പരിഗണിക്കുവാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ വിമുഖരാണ്. ആഗോളവൽക്കരണവും അതിന്റെ ഭാഗമായ വ്യവസായ സൗഹൃദ നിലപാടുകളും ജനങ്ങളുടെ ജീവിത അവകാശങ്ങളെ ഒട്ടും തന്നെ പരിഗണിക്കുന്നില്ല.
പ്ലാസ്റ്റിക് എന്ന ഉത്പ്പന്നം നമുക്കൊക്കെ സുപരിചിതമായത് അതിനു നൽകുവാൻ കഴിയുന്ന സേവനത്തിന്റെ വൈപുല്യം കൊണ്ടാണ്. അതുണ്ടാക്കുന്ന പാരിസ്ഥിതിക വിഷയം വളരെ ഗൗരവതരമായി കഴിഞ്ഞു. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നത് പ്രധാമായി പെട്രോഉത്പ്പന്നങ്ങളിൽ നിന്നുമാണ്. (പെട്രോൾ ഉത്പ്പന്നത്തിന്റെ 5% അതിനായിമാറ്റിവെയ്ക്കുന്നുണ്ട്.) ആദ്യ ഉപയോഗം കൂടുതലും വികസിത രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ പിൽക്കാലത്ത് അവികസിത രാജ്യങ്ങളിലും പ്ലാസ്റ്റിക് ഉത്പന്ന വിപ്ലവം തന്നെ നടന്നു. 1980കളിൽ തന്നെ അപകടം തിരിച്ചറിഞ്ഞ വികസിത രാജ്യങ്ങൾ തങ്ങളുടെ ഉപയോഗിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കൊണ്ടെത്തിക്കുന്ന തുരുത്തുകളായി മൂന്നാം ലോകത്തെ കണ്ടു. കഴിഞ്ഞ നാൾവരെ ചൈന അത്തരം ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നവർ അതിനു വിലക്ക് കൊണ്ടുവരുവാൻ തീരുമാനിച്ചു. എന്നാൽ നമ്മുടെ രാജ്യം മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെ ഓർമ്മിപ്പിക്കും വിധം വികസിത രാജ്യങ്ങൾ ഉപയോഗിച്ച് കൈയ്യൊഴിഞ്ഞ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളെ സ്വീകരിക്കുവാൻ മടി കാണിക്കുന്നില്ല.
ഇന്ത്യൻ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് ഏകദേശം 7 മുതൽ 10% വരുന്നു. വ്യക്തികളുടെ പ്രതിദിന മാലിന്യ ഉത്പ്പാദനം കാൽ കിലോ മുതൽ അര കിലോ വരെ ഉണ്ട്. അങ്ങനെയെങ്കിൽ പ്രതിദിന മാലിന്യങ്ങളുടെ ദേശീയ അളവ് 40 ലക്ഷം ടൺ വരും. അതിൽ 7% എങ്കിലും പ്ലാസ്റ്റിക് ആണ് എന്ന് പറയുന്പോൾ 2.8 ലക്ഷം ടൺ പ്ലാസ്റ്റിക്ക് ഒരു ദിനം രാജ്യത്ത് ഉപയോഗിക്കുന്നു എന്ന് കാണാം. ഇതിൽ രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് (പ്രതി വർഷ അളവ്) 19 ലക്ഷം ടൺ ആണ്.
നമ്മുടെ മാലിന്യങ്ങളിൽ ഏറ്റവും അപകടം പ്ലാസ്റ്റിക് ആണ് എന്ന് പറയുവാൻ അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്കൊപ്പം അതിന്റെ നീണ്ടകാലം നിലനിൽക്കുവാനുള്ള കഴിവും കാരണമാണ്. പേപ്പർ മാലിന്യങ്ങൾ പരമാവധി ഒരു മാസത്തിനകം മണ്ണിൽ ലയിക്കും. കോട്ടൺ തുണികൾ 2 മാസം മുതൽ 5 മാസത്തിനുള്ളിൽഇഴുകി മാറും. തടികൾ 10 വർഷം മുതൽ 15 വർഷം വരെസമയം എടുക്കും. അലൂമിനിയം പോലെയുള്ളവ 500 വർഷം എടുത്തു മണ്ണിൽ ലയിക്കും എന്നാൽ പ്ലാസ്റ്റിക് ബാഗുകൾ 10 ലക്ഷം വർഷം എടുക്കും എന്ന് ശാസ്ത്ര ലോകം പറയുന്പോൾ അതിന്റെ തീവ്രത വളരെ ഭീകരമാണ്. മണ്ണിൽ എത്തുന്ന പ്ലാസ്റ്റിക് മണ്ണിന്റെ വായു സഞ്ചാരത്തെയും വെള്ളത്തിന്റെ ഒഴുക്കിനെയും വേരുകളുടെ ചലനത്തേയും തടസ്സപ്പെടുത്തും. ജീവികളുടെ ഉള്ളിൽ എത്തി അവയുടെ മരണത്തിന് ഇടയുണ്ടാക്കും. വെള്ളത്തിൽ ചെറു ജല ജീവികൾ മുതൽ വൻ ജീവികൾക്ക് വരെ അത് പ്രതികൂലമായി നിലകൊള്ളും. പ്ലാസ്റ്റിക് കത്തിക്കൽ മാരകമായ വാതകങ്ങൾ പുറത്തു വിടുന്നു. പ്ലാസ്റ്റിക് പുറത്തു വിടുന്ന ഡൈഒക്സിൻ, ഫ്യൂരിൻ എന്നിവ ക്യാൻസറുകൾ ഉണ്ടാകുവാൻ കാരണമാകും. ഒപ്പം പുറത്തു വരുന്ന വൻ തോതിലുള്ള കാർബൺഡയോക്സൈഡ്് ഹരിത വാതക അളവ് വർദ്ധിപ്പിക്കും. ഇങ്ങനെയുള്ള പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുവാൻഉതകുന്ന പദ്ധതികൾ ശക്തമാക്കുവാൻ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ പ്ലാസ്റ്റിക് വിരുദ്ധ പ്രചരണത്തിന് കഴിയുമെങ്കിൽ അത് ആശാവഹമാണ്.
യു.എൻ പറയുന്ന കണക്കുകൾ നമ്മെ ഭയപ്പെടുത്തുന്നതാണ്. 1950 മുതൽ 830കോടി ടൺ പ്ലാസ്റ്റിക് ലോകത്ത് നമ്മൾ ഉപയോഗിച്ച് എവിടെയോ വലിച്ചെറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിൽ 60 മുതൽ 70% വരെ മണ്ണിലും വെള്ളത്തിലുമായി കിടക്കുന്നു. ഓരോ വർഷവും 1.3 കോടി ടൺ പ്ലാസ്റ്റിക് വിഭവങ്ങൾ കടലിൽ ഒഴുകി എത്തുന്നു. ഒരു ലക്ഷം കടൽ ജീവികൾ പ്രതിവർഷം പ്ലാസ്റ്റിക് സാന്നിദ്ധ്യത്താൽ മരണപ്പെടുന്നു. ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ മനുഷ്യർ ഉപയോഗിക്കുന്നു. 2050 ആകുന്പോഴേയ്ക്കും കടലിൽ ഉള്ള മത്സ്യ ജീവികളെക്കാളും എണ്ണത്തിൽ കൂടുതൽ പ്ലാസ്റ്റിക്കുകൾ അവിടെ ഒഴുകി നടക്കും എന്ന വസ്തുത ഭയം ജനിപ്പിക്കുന്നതാണ്.
ലോകത്തിലാകെ പ്ലാസ്റ്റിക് ഭീഷണി ഇത്തരത്തിൽ ശക്തമായി കൊണ്ടിരിക്കെ കേരളത്തിലും പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാണ്. നമ്മുടെ സംസ്ഥാനത്ത് ഒരാഴ്ചയിൽ 10000 ടൺ കണക്കിന് പ്ലാസ്റ്റിക് മലിന്യങ്ങൾ ഉണ്ടാകുന്നു. അതിന്റെ 10% പോലും പുനരുപയോഗിക്കുവാൻ (മറ്റാവശ്യങ്ങൾക്ക്) എത്തിക്കുവാൻ കഴിയാത്തതിനാൽ വെള്ളത്തിലേക്കോ മണ്ണിലേക്കോ എത്തിച്ചേരുകയാണ്. വികസിത രാജ്യങ്ങളിൽ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും മാർക്കറ്റിൽ എത്തിക്കുന്ന കന്പനികൾക്ക് തന്നെ അത് തിരിച്ചെടുത്ത് സൂക്ഷിക്കുവാനോ വീണ്ടും ഉപയോഗിക്കുവാനോ ബാധ്യതയുണ്ടായിരിക്കും. അതുകൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതു ഇടത്തിൽ എത്തിയാൽ അതിനുള്ള മറുപടി പറയുവാൻ ഉത്പ്പന്നം മാർക്കറ്റിൽ എത്തിച്ച സ്ഥാപനം നിർബന്ധിതരാകും. നമ്മുടെ നാട്ടിൽ അത്തരം സമീപനങ്ങൾ ഉണ്ടാക്കുവാൻ വേണ്ടതാൽപര്യം സർക്കാർ കാണിക്കുന്നില്ല. കേരളത്തിലെ അഭ്യസ്ഥ വിദ്യരായ ജനങ്ങളുടെ ഇടയിൽ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ എളുപ്പം ശ്രദ്ധിക്കുവാൻ കഴിയുമാറ് പ്രചരണങ്ങളും നിയമങ്ങളും കൊണ്ടുവരുവാൻ കഴിയും എന്നിരിക്കെ വേണ്ടത്ര ഇശ്ചാശക്തി സംസ്ഥാനം കാട്ടുന്നില്ല. കുപ്പി വെള്ളത്തെ നിരുത്സാഹപ്പെടുത്തുകയും ഒപ്പം പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്ഫടിക കുപ്പികൾ ഉപയോഗിക്കുവാൻ നിർബന്ധിക്കുന്ന നിയമങ്ങൾ കർശനമാക്കുവാൻ സർക്കാർ വിജയിക്കുന്നില്ല. (പഞ്ച നക്ഷത്ര ഹോട്ടലുകളിൽ, റിസോർട്ട്കളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുവാൻ നിർദ്ദേശം ഉണ്ടായിട്ടുണ്ട്.) ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സംസ്ഥാനത്തെ തുറസ്സായ സ്ഥലത്തെ എല്ലാ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംഭരിക്കുവാൻ കഴിയുന്ന തരത്തിൽ ജനകീയ മുന്നേറ്റം ഉണ്ടാക്കുവാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുകയും അങ്ങനെ കണ്ടെത്തുന്ന മാലിന്യങ്ങളെ ഉത്പ്പന്നങ്ങൾ ആക്കി മാറ്റുവാൻ ഉതകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുവാനും ശ്രമിക്കേണ്ടതുണ്ട്.
പെറു എന്ന രാജ്യത്തെ പ്രതിദിനം ഉണ്ടാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 1800 ടൺഓളം വരുന്നു. അവർ അതിൽ നിന്നും കുട്ടികൾക്ക് സ്കൂൾ ബാഗും മഴക്കോട്ടും ഉണ്ടാക്കുന്ന പദ്ധതി കൊണ്ടുവന്നു (പൊൻച്ചില) 80 പ്ലാസ്റ്റിക്ക് കുപ്പികളിൽ നിന്നും ഒരു ബാഗ് ഉണ്ടാക്കുവാൻ കഴിയും. ഇതുവഴി പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാതെ ഉത്പ്പന്നങ്ങൾ ആക്കി മാറ്റുവാൻ പെറു എന്ന രാജ്യം മറ്റു നാട്ടുകാർക്ക് മാതൃകയായി കഴിഞ്ഞു. കെനിയ, ഫ്രാൻസ്, ചൈന, ശ്രീലങ്ക മുതലായ 40 രാജ്യങ്ങൾ പ്ലാസ്റ്റി
ക്ക് ബാഗുകൾ പൂർണ്ണമായും ഒഴിവാക്കുവാൻ നിയമം കൊണ്ടുവന്നു. കെനിയ നിയമം നടപ്പിലാക്കുവാൻ 10 വർഷമായി പരിശ്രമിച്ചു. ഒടുവിൽ അവർ പാസ്സാക്കിയ നിയമത്തിൽ പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കുന്നവരെ 4 വർഷം തടവിനോ 40000 ഡോളർ പിഴക്കോ (25 ലക്ഷം രൂപ) ബാധ്യസ്ഥമാക്കുന്നു. ശ്രീലങ്ക പോളിത്തീൻ ബാഗുകളും ൈസ്റ്റരോഫോമും (styofoam) കഴിഞ്ഞ വർഷം നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവും 10000 ലങ്കൻ രൂപ പിഴയും കിട്ടും. ഇത്തരം കാര്യങ്ങളിൽ ക്രിയാത്മകവും ശക്തമായതും ആയ നിയമങ്ങൾ ജനങ്ങളെ ഒപ്പം നിർത്തി ഉണ്ടാക്കുവാൻ ഇന്ത്യയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത് ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെപ്പറ്റി മോശം പ്രതിശ്ചായ ഉണ്ടാക്കുന്നുണ്ട്. തമിഴ്നാട്, ഒറീസ്സ, ബീഹാർ മുതലായ ചുരുക്കം ചില സംസ്ഥാനങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ 50 മൈക്രോണിലും ചെറിയ കനം ഉള്ള പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിച്ചു. കേരളത്തിൽ സന്പൂർണ്ണ നിരോധനം നടപ്പിലാക്കുവാൻ നിയമം ഇല്ല എന്ന വാദമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. നിയമത്തിലൂടെ മിക്ക സംസ്ഥാനങ്ങളും നിരോധനം നടപ്പിലാക്കി എങ്കിലും പഴയ പടി കാര്യങ്ങൾ തുടരുന്നു. കേരളം ഈ വിഷയത്തിലും തെറ്റായ നിലപാടുകൾ തുടരുകയാണ്.
കേരളത്തിലെ സർക്കാർ കഴിഞ്ഞ നാളുകളിൽ നടത്തിയ വൃക്ഷതൈ വിതരണം എന്റെ മരം, നമ്മുടെ മരം, വഴിയോര തണൽ, ഹരിത കേരളം, ഹരിത തീരം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ പദ്ധതികളിലൂടെ മാത്രം 6.5 കോടി വൃക്ഷ തൈകൾ വിതരണം ചെയ്തതായി അവകാശപ്പെടുന്നുണ്ട്. നട്ട തൈകളിൽ ശരാശരി 55% വളർന്നു എന്ന് സർക്കാർ പറയുന്നു. പത്തനംതിട്ട ജില്ല അതിൽ മുന്നിലാണ് എന്നാണ് വകുപ്പു രേഖകൾ. ഒരു ഏക്കർ വനത്തിൽ ശരാശരി മരങ്ങളുടെ എണ്ണം 100 മുതൽ 500 വരെയാകാം. അങ്ങനെ എങ്കിൽ കേരളത്തിലെ മരം നടീലിലൂടെ ഏറ്റവും കുറഞ്ഞത് 1.25 ലക്ഷം ഏക്കർ പുതിയ വനഭൂമി ഉണ്ടാകേണ്ടി ഇരുന്നു. സർക്കാർ കണക്കുകൾ വെച്ചാണെങ്കിൽ 65000 ഏക്കർ പുതിയ വനം (260 sq km) ഉണ്ടാകുമായിരുന്നു. എന്താണ് നാട്ടിൽ നടക്കുന്നത് എന്നറിയുവാൻ നമുക്ക് ചുറ്റും നടക്കുന്ന വൃക്ഷ തൈ നടലിന്റെ പൊതുവായ അവസ്ഥ പരിശോധിച്ചാൽ മതി.
നമ്മുടെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായി മരം വെച്ച് പിടിപ്പിക്കൽ വലിയ ചലനം ഉണ്ടാക്കിയ രാജ്യമാണ് കെനിയ. 1977ൽ ശ്രീ വംഗാരി മാതയും കൂട്ടുകാരും കൂടി തുടക്കം കുറിച്ച green belt movment 5 കോടി മരങ്ങൾ വെച്ചു പിടിപ്പിക്കുവാൻ തീരുമാനിച്ചു. അതിനായി 30000 സ്ത്രീകളെ പരിശീലിപ്പിച്ചു. 600 നേഴ്സറികൾ, അവയിൽ ഓരോന്നിലും 2500ലധികം സ്ത്രീകൾ. അവരുടെ പ്രവർത്തനം മറ്റാഫ്രിക്കൻ രാജ്യങ്ങളിൽകൂടി വ്യാപിപ്പിച്ചു. 2008 മുതൽ ലോകത്താകെ മാതൃകാപരമായി 700 കോടി മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന പരിപാടികൾ ശ്രീ വംഗാരിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഇതിനൊപ്പം നെയ്റോബിയിലും മറ്റും അവരുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സമരം ലോക ശ്രദ്ധ ആകർഷിച്ചു. 1988ൽ കെനിയൻ തലസ്ഥാനത്തെ ഏറ്റവും വലിയ പാർക്കിൽ (ഉഹ്രു) സർക്കാർ പണിയുവാൻ തീരുമാനിച്ച 60 നില കെട്ടിടത്തിനെതിരായ സമരം വെടിവെപ്പിൽ കലാശിച്ചു എങ്കിലും പാർക്ക് സംരക്ഷിക്കുവാൻ പ്രകൃതി സ്നേഹികൾക്ക് കഴിഞ്ഞു. കെനിയയിൽ നിരവധി സമരങ്ങൾ നടത്തി സർക്കാർ നടപ്പാക്കുവാൻ ശ്രമിച്ച പല പരിസ്ഥിതി വിരുദ്ധ വികസനത്തെയും ചെറുത്തു തോൽപ്പിക്കുവാൻ വംഗാ മാതയും കൂട്ടരും വിജയിച്ചു. നമ്മുടെ നാട്ടിലെ നട്ട മരങ്ങളുടെ എണ്ണം നോബൽ സമ്മാനത്തിനർഹത നേടിയ കെനിയൻ സ്ത്രീകൾ നട്ടതിലും എത്രയോ കൂടുതൽ ആണ് എന്ന് സർക്കാർ പറയുന്നു. കെനിയൻ മരവൽക്കരണത്തിൽ പങ്കാളികൾ ആയ സ്ത്രീകൾ ആകെ 30000 ആയിരുന്നു എങ്കിൽ കേരളത്തിലെ കുടുംബശ്രീ കൂട്ടരുടെ എണ്ണം 25 ലക്ഷം ആണ്.
നമ്മുടെ സംസ്ഥാനത്ത് 1976നുശേഷം മാത്രം നഷ്ടപ്പെട്ട വന ഭൂമി 9 ലക്ഷം ഹെക്ടറിലും അധികമാണ്. നെൽപ്പാടങ്ങൾ ഒരു കാലത്ത് (1979ൽ) 8.8 ലക്ഷം ഹെക്റ്റർ ആയിരുന്നത് 1.79 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. (6 ലക്ഷം ഹെക്റ്റർ ഇല്ലാതെയായി). കണ്ടൽ കാടുകൾ 700 sq kmൽ നിന്നും 17kmൽ എത്തി.കായലുകളുടെ വിസ്തീർണ്ണത്തിൽ 80%വും നഷ്ടപ്പെട്ടു. ഇതിലൊന്നും പരിഭവിക്കാത്ത സർക്കാർ ഈ വർഷവും പരിസ്ഥിതി ദിനത്തിൽ മരം നടീൽ ആഘോഷത്തോടെ നടപ്പിലാക്കി എന്ന് കണക്കുകൾ നിരത്തി ആശ്വാസം കൊള്ളുന്നുണ്ട്.