അവധികാലം നിപ്പായിൽ മുങ്ങുമോ...
പ്രദീപ് പുറവങ്കര
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേരളത്തിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും പ്രവാസികളിൽ വലിയൊരു വിഭാഗം അത് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് ട്രാവൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ബുക്ക് ചെയ്ത് വെച്ച ടിക്കറ്റുകൾ കാൻസൽ ആകുന്ന പ്രവണതയുണ്ടെന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നും നാട്ടിലേയ്ക്ക് വരുന്ന സ്വദേശികളിൽ നിപയെ പറ്റിയുള്ള ഭയം ഏറിയിട്ടുണ്ടെന്നും അവർ പറയുന്നു. പെരുന്നാൾ കഴിഞ്ഞാണ് പ്രവാസ ലോകത്ത് ഇത്തവണ സ്കൂൾ അടക്കുന്നത്. ധാരാളം പേർ ഇത് കണക്കിലെടുത്ത് ജൂൺ അവസാനവാരവും ജൂലൈ ആദ്യവാരവുമൊക്കെ നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്നു. ടിക്കറ്റെടുത്ത് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടിയ അവരിൽ പലർക്കും ഇപ്പോൾ ഭീഷണിയായി മാറിയിരിക്കുകയാണ് നിപ്പ ബാധ.
രണ്ട് തരത്തിലുള്ള ആശങ്കകളാണ് പ്രവാസികളിൽ ഇതുമായി ബന്ധപ്പെട്ടു ഉണ്ടാകുന്നത്. നാട്ടിൽ പോയാൽ മടക്കയാത്രയെ ബാധിക്കുന്ന തരത്തിൽ യാത്ര വിലക്ക് വരുമോ എന്നതാണ് അതിൽ ആദ്യത്തേത്. രണ്ടാമത് നിപ്പയ്ക്ക്് പുറമേ കാലവർഷം ശക്തമായതോടെ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികളെ പറ്റിയുള്ള ആധിയാണ്. ഈ സീസണിൽ നാട്ടിൽ പോയാൽ പനി പിടിപ്പെടുന്നത് സാധാരണ സംഭവമായി മാറുന്നു എന്നാണ് പലരുടെയും പരാതി. പ്രവാസലോകത്ത് ഇപ്പോൾ കനത്ത ചൂടാണെങ്കിൽ പോലും നാട്ടിലെ പനി ഭീഷണി വെച്ച് നോക്കുന്പോൾ അത് വലുതല്ലെന്ന് പറയുന്നവരും ഏറി വരികയാണ്. ഇതു വരെ നിപ്പയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്കൊന്നും ഒരു ഗൾഫ് രാജ്യവും ഏർപ്പെടുത്തിയിട്ടില്ല. ചിലയിടങ്ങളിൽ തിരികെ വരുന്നവരെ സ്ക്രീൻ ചെയ്യുന്നുണ്ട് എന്ന് മാത്രം. അതേസമയം കേരളത്തിൽ നിന്നുള്ള പച്ചകറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ചില രാജ്യങ്ങൾ അവരുടെ പൗരൻമാരോട് കേരളത്തിലേയ്ക്കുള്ള യാത്ര സുരക്ഷിതമല്ല എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ഉണ്ടായ 18 കേസുകളിൽ 16 പേരാണ് നിപ്പ ബാധിച്ച് നാട്ടിൽ മരണപ്പെട്ടത്. അതു പോലെ ഏകദേശം രണ്ടായിരത്തോളം പേരെ ഇതുമായി ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്.
ഈ മാസം 12 വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയച്ചതോടെയാണ് പ്രവാസികളിൽ വലിയൊരു വിഭാഗം ടിക്കറ്റുകൾ ക്യാൻസൽ ചെയ്തു വരുന്നത്. അതേസമയം ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്പോഴും നിരക്കുകളിൽ വലിയ വ്യത്യാസമൊന്നും കാണുന്നില്ല. എല്ലാ വർഷത്തെയും പോലെ സീസൺ പ്രമാണിച്ചുള്ള അധികഭാരം തന്നെയാണ് മിക്ക എയർലൈൻസുകളും നിലനിർത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ പനി ബാധയെ പറ്റി ഗൾഫ് രാജ്യങ്ങളിലെ എംബസികൾ മുഖാന്തരം വ്യക്തമായ ഒരു ചിത്രം പ്രവാസികൾക്ക് നൽകാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ എത്രയും വേഗം മുൻകൈയെടുക്കണം. മാസങ്ങൾക്ക് മുന്പെ സ്വരുകൂട്ടി വെച്ച പണമെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ച് പണം ലഭിക്കാത്ത ഓപ്ഷനിലൂടെ ടിക്കറ്റ് എടുത്തവരാണ്. അപ്രതീക്ഷിതമായി കടന്നു വന്ന നിപ്പ വൈറസ് ബാധ ഇങ്ങിനെ വലിയ സാന്പത്തിക നഷ്ടമാണ് പ്രവാസികളിൽ പലർക്കും ഉണ്ടായിരിക്കുന്നത്. ഇത് കണക്കിലെടുത്തുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്...