ഇവളും ഒരു മാലാഖ...
വി.ആർ സത്യദേവ്
മലയാളിക്ക് ലിനിയെന്ന മാലാഖയുടെ വിയോഗ വേദന ഇനിയും മാറിയിട്ടില്ല. നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച ലിനി, ജീവൻ കൊടുത്തും സേവനമനുഷ്ടിക്കുന്ന ത്യാഗ ധനരായ ആതുരസേവകരുടെ പട്ടികയിലെ അവസാന പേരുകാരിയല്ല. ആ പട്ടികയിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്ന പുതിയ പേര് റസ്സൻ അൽ നജ്ജർ എന്നാണ്. സംഘർഷഭരിതമായ പലസ്തീനിൽ നിന്നുള്ള പെൺകുട്ടി. ഇസ്രായേലി സുരക്ഷാ സൈനികർ അവളെ കൊല്ലുകയായിരുന്നു. ആ കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. ഒരു കൊലപാതകവും ന്യായീകരിക്കാനാവില്ല. എന്നാലും സഹജീവികളെ മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന റസ്സന്റെ കൊല ഒരുതരത്തിലും ഒട്ടും ന്യായീകരിക്കാൻ പരിഷ്കൃത സമൂഹത്തിനാവില്ല. അവർ അവളെ കൊന്നതാണ്, ബോധപൂർവ്വം തന്നെ.
ഗസ്സ വീണ്ടും സംഘർഷത്തിന്റെ ആഗോള തലസ്ഥാനമെന്ന തലത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്ക ദശാബ്ദത്തിൽ ഗസ്സയിൽ നിന്നുള്ള സംഘർഷം വാർത്തയേ അല്ലാതായിരുന്നു. പത്രസ്ഥാപനങ്ങളുടെ വാർത്താമുറികളിൽ ലോക വാർത്തകളിൽ അവിടെനിന്നുള്ള വർത്തകളെടുക്കണമെങ്കിൽ മരണ സംഖ്യ പത്തെങ്കിലും എത്തണം എന്നതായിരുന്നു സ്ഥിതി. എന്നാൽ 2014നു ശേഷമിങ്ങോട്ട് പലസ്തീന്റെ മണ്ണ് പൊതുവേ ശാന്തമായിരുന്നു. ആ സ്ഥിതി മാറിയിരിക്കുന്നു. സംഘർഷത്തിന്റെ സമീപകാല പ്രഭവകേന്ദ്രങ്ങളായ സിറിയയിലും കൊറിയയിലും നിന്ന് തൽക്കാലത്തേക്കെങ്കിലും കണ്ണുനനയിക്കുന്ന വാർത്തകൾ എത്തുന്നില്ല. ഇതിനിടെയാണ് പലസ്തീനിൽ നിന്നും വീണ്ടും ആശങ്കയുടെ പുകച്ചുരുളുകളുയരുന്നത്. ഗസ്സ വീണ്ടും കണ്ണീർക്കടലായിരിക്കുന്നു.
ഇസ്രായേലിന്റെ രൂപീകരണത്തേടേ നിഷ്കാസിതരായ പലസ്തീൻ ജനതയിലെ ഒരു വിഭാഗം ഗസ്സയിലേയ്ക്ക് തിരിച്ചെത്തിയതിന്റെ ഓർമ്മ ദിനത്തിലാണ് ഇപ്പോഴത്തെ സംഘർഷത്തിനു തുടക്കം. ഇസ്രായേലിലെ അമേരിക്കൻ എംബസിയുടെ സ്ഥാനമാറ്റം സംഘർഷം ആളിക്കത്തിച്ചു. ഇസ്രായേലിന്റെ രൂപീകരണ വാർഷിക ദിനത്തിലായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപും അവരുടെ ഭർത്താവും ട്രംപിന്റെ ഉപദേശകനുമായ ജയേഡ് കുഷ്നറും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ജറുസലേമിൽ അമേരിക്കൻ എംബസി കാര്യാലയം തുറന്നത്. ജൂത, ക്രിസ്ത്യൻ, ഇസ്ലാം വിഭാഗങ്ങൾക്ക് ഒരേപോലെ വിശുദ്ധ മണ്ണായ ജറുസലേമിൽ നിന്നും തങ്ങളെ പൂർണ്ണമായും നിഷ്കാസനം ചെയ്യുന്നതിനുള്ള ഇസ്രായേൽ- അമേരിക്കൻ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഓഫീസ് തുറക്കൽ എന്നാണ് വലിയ വിഭാഗം പലസ്തീനികളുടെയും ആശങ്ക. ഈ മണ്ണിലെ ഇസ്രായേലിന്റെ അധിനിവേശ ശൈലി പരിശോധിച്ചാൽ ഈയൊരു ആശങ്കയിൽ കഴന്പില്ലാതില്ല എന്നു വ്യക്തമാവുകയും ചെയ്യും.
പിറന്ന മണ്ണിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പാണ് പലസ്തീനികൾ നടത്തുന്നത്. ഇസ്രായേലാവട്ടെ തങ്ങളുടെ പൂർവ്വികർക്ക് അവകാശപ്പെട്ടതെന്ന് സ്വന്തം വേദപുസ്തകങ്ങളിൽ പറയുന്ന മണ്ണ് പൂർണ്ണമായും പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. പരിഷ്കൃതമെന്നവകാശപ്പെടുന്ന ലോകത്ത് ഇത് ശുദ്ധ നീതിയില്ലായ്മയാണ്. എന്നാൽ പരിഷ്കൃതമെന്നവകാശപ്പെടുന്ന ലോകം ഈ പ്രശ്നത്തിൽ ന്യായവും നീതിയും നോക്കിയല്ല നിലപാടെടുക്കുന്നത്. ലോകത്തിന്റെ മുക്കിലും മൂലയിലും സമാധാനസ്ഥാപനത്തിന്റെ കുത്തകാവകാശം കൈയ്യടക്കിയിരിക്കുന്ന അമേരിക്ക ദശാബ്ദങ്ങളായി പ്രശ്നത്തിൽ അധിനിവേശക്കാരായ ഇസ്രായേലിനൊപ്പമാണ്. ആഗോള ശാക്തിക ചേരിയിലെ മുന്നാക്കക്കാരൊക്കെ അമേരിക്കക്കൊപ്പവും. പല പ്രശ്നങ്ങളിലും അമേരിക്കയെ എതിർക്കുന്ന പക്ഷമാവട്ടെ വാക്കുകൾ കൊണ്ടുള്ള ഐക്യദാർഢ്യപ്പെടലിൽ അഭിരമിച്ചു കഴിയുന്നു. കഥയ്ക്കും കവിതയ്ക്കും സമരങ്ങൾക്കുമപ്പുറം ഈ നിരയിലെ വിപ്ലവകാരികളും പലസ്തീൻ പ്രശ്നം നിലവിലെ സാഹചര്യത്തിൽ അപരിഹാര്യമെന്ന വാസ്തവത്തോട് സമരസപ്പെട്ടിരിക്കുന്നു.
പലസ്തീൻ പ്രശ്നത്തിന്റെ ആഴം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പ്രതിബദ്ധരായ ഒരുപാടു പേരുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ കണ്ടെത്താനാവാത്ത കാരണങ്ങൾ കൊണ്ട് അവരൊന്നും പ്രശ്നപരിഹാരത്തിന് ആത്മാർത്ഥമായ ശ്രമം നടത്തുന്നില്ല. യു.എന്നടക്കമുള്ള പ്രസ്ഥാനങ്ങളും വാസ്തവത്തിൽ എന്തെല്ലാമോ ചെയ്യുന്നുണ്ടെന്നു വരുത്തിത്തീർക്കുകയാണ്. ഭൂമിയിൽ എല്ലാവർക്കും ആവശ്യത്തിനുള്ള ഭക്ഷണവും പാർപ്പിടഭൂമിയും ഒക്കെയുണ്ട്. എന്നാൽ അതിന്റെ വിതരണത്തിലെ അപാകങ്ങൾ അതിസന്പന്നരെയും ദുരിതക്കയത്തിലൂടെ അകാലത്തിൽ മരണത്തിലേയ്ക്ക് ഊളിയിടുന്നവരെയും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ലോകം എന്നും ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാൽ പ്രതിസന്ധിയുടെ കരകാണാക്കയങ്ങളിൽ പെട്ടുഴലുന്നവർക്ക് കൈത്താങ്ങാവാനുള്ള നമ്മുടെ പ്രതിബദ്ധത അത് ഇല്ലാതാക്കുന്നില്ല. സാധാരണക്കാർക്കാവട്ടെ ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനാവില്ല. എന്നാൽ ഐക്യരാഷ്ട്ര സംഘടന പോലുള്ളവയുടെ കാര്യം അങ്ങനെയല്ല. ഈ സംഘടനകളുടെ അമരത്തിരിക്കുന്നവരും ആഗോള ശക്തികളുടെ കളിപ്പാവകളാകുന്പോൾ അതിവിദൂരമല്ലാത്ത കാലത്ത് നടക്കാൻ പോകുന്നത് പലസ്തീനെന്ന രാഷ്ട്രത്തിന്റെ ഉൻമൂലനം തന്നെയാവും.
അതിന്റെ ദിശാ സൂചിയാണ് റസ്സൻ അൽ നജ്ജർ. സംഘർഷഭൂമിയായ ഗസ്സയിൽ ഇസ്രായേൽ പലസ്തീൻ അതിർത്തിവേലിയിൽ നിന്നും ഏറെ അകലെയല്ല അവളുടെ താമസസ്ഥലം. 21 വയസ്സുമാത്രമാണ് അവൾക്കുണ്ടായിരുന്നത്. ഒരു മെഡിക്കൽ നഴ്സായിരുന്നു അവൾ. സേവനതൽപ്പരയും കാരുണ്യവതിയും ധീരയുമായ പെൺകുട്ടി. എല്ലാ യുവാക്കളെയും പോലെ ഒരുപാടു സ്വപ്നങ്ങൾ അവൾക്കുമുണ്ടായിരിക്കണം. ഇനി ആ സ്വപ്നങ്ങൾക്കു പ്രസക്തിയില്ല. പക്ഷേ എല്ലാ മാതാപിതാക്കളെയും പോലെ അവൾക്കു ജന്മം കൊടുത്തവർക്കുമുണ്ടായിരുന്നു അവളെപ്പറ്റി ഒരുപാടു സ്വപ്നങ്ങൾ. ആ സ്വപ്നങ്ങൾക്കിപ്പോൾ കണ്ണീരിന്റെ ഉപ്പു രുചിയാണ്.
റസ്സനെ ഇസ്രായേലി സേനാംഗം വെടിവെച്ചു കൊന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള അവളുടെ ഫ്ളാറ്റിൽ കണ്ണീരടങ്ങാതെ, മരണവേളയിൽ അവളണിഞ്ഞിരുന്ന നഴ്സിന്റെ വെള്ള മേൽവസ്ത്രം കെട്ടിപ്പിടിച്ച്, വിതുന്പുകയാണ് അവളുടെ മാതാവ് സബ്രീൻ. അരികിൽ പിതാവ് അഷ്രഫ് അൽ നജ്ജർ. മകളുടെ ധീരതയെക്കുറിച്ച് അവർക്ക് ഏറെ അഭിമാനമാണ്.
ഗസ്സയിലെ പലസ്തീൻ പ്രദേശത്ത് വിളക്കുകാലുകളിലും കെട്ടിടങ്ങളിലുമൊക്കെ റസ്സന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടുള്ള ഫ്ളക്സുകൾ നിറഞ്ഞിരിക്കുന്നു. അവളുടെ മരണത്തെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ യു.എൻ കാര്യാലയത്തിനു മുന്നിൽ പലസ്തീൻ മെഡിക്കൽ സംഘത്തിന്റെ പ്രതിഷേധ പ്രകടനം. അവരിൽ പലരും അവൾക്കൊപ്പം സേവനം ചെയ്തവരാണ്. അവർക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല അവളുടെ വേർപാട്. ധീരയിയിരുന്നു അവൾ.
അതിർത്തിയിലെ മുള്ളുവേലിക്കടുത്തുനിന്നുള്ള രക്ഷിക്കണേയെന്ന ഒരാളുടെ വിലാപം കേട്ട് അങ്ങോട്ടേയ്ക്ക് ഓടിയതാണവൾ. പിന്നെ ലഭിച്ചത് അവളുടെ ചേതനയറ്റ ശരീരം. അവളെ പലസ്തീൻ സേന വെടിവച്ചു കൊന്നതാണ്. ആതുര സേവകയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമാണ് അവിടെ നടന്നത്. മേഖലയിൽ അടുത്തിടെ ഇത്തരത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആരോഗ്യ സേവകയാണ് റസ്സൻ അൽ നജ്ജർ. യുദ്ധ രംഗത്തു പോലും ആരോഗ്യ പ്രവർത്തകർക്കു നേരേ ആരും ആയുധം ചൂണ്ടാറില്ല. ആതുര ശുശ്രൂഷ മാത്രമായിരുന്നു അവളുടെ ആയുധം. പരിക്കേറ്റവരെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു അവൾ. യഥാർത്ഥത്തിൽ ജീവന്റെ രക്ഷകയായ റസ്സൻ അൽ നജ്ജറല്ല പലസ്തീനെയും പലസ്തീനികളെയും തന്നെ ഉന്മൂലനം ചെയ്യാനുറച്ചാണ് ഇസ്രായേലിന്റെ പോക്ക്. അതിനു തടയിടേണ്ടവർ പ്രഹസനങ്ങൾക്കു കുടപിടിക്കുന്പോൾ നീതി കൈയെത്താ ദൂരത്താകുന്നു. റസ്സൻ അൽ നജ്ജർ ലോകത്തിന്റെ നെഞ്ചിലെ നൊന്പരമാകുന്നു.