കത്തുന്ന പച്ചമരങ്ങൾക്കിടയിൽ...
ശരശയ്യ - നിതിൻ നാങ്ങോത്ത്
കാടിനും നാടിനും ഒരുപോലെ തീപിടിച്ചിരിക്കയാണ്. കാടു പുകയുന്പോൾ ആദ്യം ഉറക്കം ഞെട്ടുക പക്ഷികൾക്കാണ്. നാടെരിയുന്പോൾആദ്യമുണരേണ്ട കക്ഷികൾക്കിനിയും ‘ഹാങ്ങോവർ’ തീരുന്നില്ല. പോലീസ് പുല്ലാണെന്ന് പണ്ട് കള്ളനും പോലീസും കളിക്കുന്ന പ്രായത്തിൽ വിളിക്കാത്തവരുണ്ടാവില്ല. ഈയിടെയായുളള ചില ‘ഒറ്റപ്പെട്ട’ സംഗതികൾ കാണുന്പോൾ പൊതുജനത്തിന്റെ ഒരു പുല്ലുപാട്ട് കാലം ആവശ്യപ്പെടുന്നുണ്ട്. ടാക്കീസുപീഡനം റിലീസാക്കിയ കൊട്ടകമുതലാളിക്ക് േസ്റ്റഷൻപര്യടനം!! അതും പത്തുതവണ. താലോലക്കമ്മിറ്റിക്കാർക്ക് ഹരിത സ്വീകരണം. പോലീസ് ജനത്തിന്റെ കാവലാളോ അതോ പണത്തിന്റെ വാച്ച്മേന്മാരോ?
പുല്ലിനെ തൃണവൽഗണിക്കുന്നില്ല. തെറ്റുതിരുത്തും എന്ന മാസ്ക്കൊന്നും ഇനി വിലപ്പോവില്ല.എല്ലാം ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ അയ്യപ്പസേവാസംഘത്തെ മലർത്തിയടിച്ച ഗെയിംപ്ലാനൊന്നും ഇനി മതിയാവില്ല. അത്രമേൽ ദ്രാവിഡായിപ്പോയി നമ്മടെ ‘കുട്ടന്പിളളസാറും’ ടീംസും! കാക്കിക്കുളളിലെ അപരന്മാരെ പബ്ലിക്ക് വിചാരണ ചെയ്തു തുടങ്ങിയിരിക്കുന്നു. സാധാരണ മനുഷ്യരെപ്പോലെ കാക്കിക്കുപ്പായക്കാരും ഈഗോയും പകയും ഗോസിപ്പും ബ്രൈബും ക്വട്ടേഷനും തുടങ്ങിയാൽ? വേലി തന്നെ വിളവു അമുക്കിയാൽ? രാഷ്ട്രീയമേലാളന്മാരുടെയും വന്പൻസ്രാവുകളുടെയും ചതുരംഗപ്പലകയിലെ വെറും കാലാൾക്കരുക്കളായി അധഃപതിച്ചാൽ? ഈ ദുർഗന്ധനാടിന് ആരുണ്ട് തുണ!!
മുഖ്യമന്ത്രിയും നിയമസഭയിലിന്ന് പോലീസ് സിസ്റ്റത്തിന് നേരെ മുഖം കനപ്പിച്ചിരിക്കുന്നു. കനലൊരു തരി മതിയെന്ന പാഠം അവരെ പഠിപ്പിക്കാൻ പോലീസുമന്ത്രിക്കെന്താണിത്ര അമാന്തം? മുന്മേധാവി തന്നെ പൊളിച്ചെഴുത്തു തുടങ്ങിയിരിക്കുന്നു. ധൈര്യമുളളതു കൊണ്ടും ഇപ്പോൾ അകത്തില്ലാത്തതു കൊണ്ടും അദ്ദേഹത്തിന് ഈ ഇഷ്യൂവിൽ ഇപ്പോൾ ഇരട്ടച്ചങ്കാണ്. സിസ്റ്റത്തിലെ വൈറസുകളെ അദ്ദേഹം പേരെടുത്ത് വിളംബരം ചെയ്യുന്നതായിരിക്കും.കൂടെ കിടന്നവർക്കല്ലേ രാപ്പനിയുടെ ഉഷ്ണോഷ്മളത കൃത്യവും വ്യക്തവുമായി പറഞ്ഞുതരാനാവൂ. സൂപ്പർ മുഖ്യമന്ത്രി ചമയുന്നവരാണ് പഴത്തിലെ പുഴുവെന്ന് ടിയാൻ തുപ്പലുംകൂട്ടി നാണയപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കാക്കിആപ്പീസറായിരുന്ന എന്നോട് കാട്ടിയ ഫ്രോഡിസം നോക്കുന്പോൾ പാവം നാട്ടുകീടങ്ങൾക്ക് എവിടെ രക്ഷയും സുരക്ഷയും. നീതി തേടി സുപ്രീംകോർട്ടുവരെ തനിക്ക് പായേണ്ടി വന്നു. എന്നിട്ടും ഇപ്പോഴും ബാലൻസ് അക്കൗണ്ടിൽ കുത്തിത്തിരിപ്പും ഉപദ്രവവും ആക്രമണവും നിർബാധം കണ്ടിന്യൂ... അനുഭവത്തിന്റെ ഇരുട്ടിൽ മുൻതലവൻ ഉള്ളു തുറക്കുന്പോൾ എത്ര നിരപരാധികളുടെ ശവക്കല്ലറയിലാണ് കേരളം ‘അറ്റൻഷൻ’ ആയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുക.
ജിഷ്ണു പ്രണോയ് കേസിൽ അമ്മ മഹിജയോട് അയ്യോ പാവം തോന്നി സഹായഹസ്തരായ കൊടുംഭീകരർ ഷാജിർഖാനേയും ഷാജഹാനെയും ജയിലഴിയുടെ തുരുന്പ് കാട്ടിക്കൊടുത്തു. കേസിനിപ്പോഴും ഒരു തുന്പുമില്ല. പിന്പുകളൊരുപാട് കാര്യലാഭം നേടി. മറ്റുള്ളവരുടെ കാര്യത്തിലിടപെടാനുളള പൊതുപ്രവർത്തകരുടെ ത്വരയ്ക്ക് അതോടെ വംശനാശം സംഭവിച്ചു. വിദേശ വനിതാ കേസിൽ ജ്വാലയാവാൻ ശ്രമിച്ച അശ്വതി ജ്വാലയുടെ അടുപ്പിലും വെളളമൊഴിച്ച് വീര്യം കെടുത്തി. സാന്പത്തികസ്രോതസ്സെന്ന കരിമൂർഖനെ കാട്ടി. ഒടുവിലിതാ തിയേറ്റർ പരിലാളനങ്ങൾ തെളിവോടെ ലോകത്തെ അറിയിക്കാൻ അപാരധൈര്യം കാട്ടിയ മൊതലാളിക്കും കയ്പനുഭവം. പതിനെട്ടാം തീയതി നടന്ന കാര്യം ഇരുപത്തിയഞ്ചാം തീയതിവരെ കമഴ്ത്തി വെച്ചതിനാണ് ‘യു ആർ അണ്ടർ അറസ്റ്റ്’. വനിതാ കമ്മീഷൻ വരെ നടപടിയെ എതിർത്തു. പ്രതിപക്ഷം നടുത്തളത്തിൽ പതിവ് ‘കൂക്കീം ബൈരവും’ കൊടുത്ത് വാക്കൗട്ട് നടത്തി.പുറത്ത് മൈക്കിന് മുന്നിൽ വാക്ക് ഇൻ നടത്തി, അക്കമിട്ട് വസ്തുത കണ്ഠക്ഷോഭിപ്പിച്ചു. മിതഭാഷിയായ മുനീർസർ പോലും വാചാലനായി. ചിലരിങ്ങനെ ആത്മാർത്ഥത തിളപ്പിക്കുന്പോഴും സഭയിൽ പച്ചയാവാൻ വേറേചില ഹരിതസാമാജികർ കാട്ടിക്കൂട്ടുന്ന മിമിക്സ്പരേഡുകൾ പറയാതെ വയ്യ. കുറ്റ്യാടിഗ്ലൗസും മാസ്കും പരപുച്ഛത്തിന്റെ അങ്ങേയറ്റമായിപ്പോയി. അതീവ ഗൗരവമുള്ള പല വിഷയങ്ങളോടും നമ്മുടെ തെരഞ്ഞെടുക്കപ്പെട്ടവർ കാട്ടിയ കൊഞ്ഞനം കുത്തലുകളാണ് ഈ നാടിനെ ഇത്രമേൽ കുക്കുന്പർസിറ്റിയാക്കിയത്. അനുഭവിക്കുക തന്നെ.വോട്ട് കൊടുത്തുപോയില്ലേ? തിരിച്ചുവിളിക്കാനുളള ഓപ്ഷനില്ലല്ലോ? ഉണ്ടായിരുന്നെങ്കിൽ നിയമസഭ, പേരാന്പ്ര ടൗണിന് സമാനമായിരുന്നേനേ. നടുത്തളം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒപി വാർഡിനെ ഓർമ്മിപ്പിച്ചേനെ... പ്രകൃതി മാത്രമാണ് സത്യം.എല്ലാ വികൃതികളും ഒരിക്കൽ അസ്തമിക്കുക തന്നെ ചെയ്യും. നിപാ വൈറസിനു മുന്നിൽ എന്തു രാഷ്ട്രീയം, മതം, ജാതി, ദുരഭിമാനം, പണം, പക !!
നേതാക്കളുടെയും നിയമപാലകരുടെയും കാര്യം പോട്ടെ. അവരുടെ പ്രൊഫഷണൽ എത്തിക്സിൽ കയ്യിട്ടിളക്കുന്നത് ശരിയല്ല. പനിക്കാലത്തെ മുതലെടുപ്പ് ടൈമാക്കിയ കാഞ്ഞബുദ്ധിക്കാരുടെ ക്രിയാവിലാസങ്ങൾ ഓർത്തെടുക്കുക. ഫ്രൂട്ട്സ് വിപണി കെട്ടുപുഴുത്തുനാറി ഈച്ചപോലും മൈന്റ്ചെയ്യാത്ത വിധത്തിൽ നാശകോശമാക്കി. കടകളിൽ ഡിസിപ്ലിനായി പുഞ്ചിരിച്ചുകൊണ്ടിരുന്ന മുന്തിയ പരദേശീ പഴങ്ങൾ പോലും ഡിമാന്റില്ലാതായപ്പോ ജാഡ മാറ്റി താഴേക്കുവന്നു. ഉന്തുവണ്ടിയിൽ ചീപ്പ്റേറ്റിൽ നിലവിളിക്കപ്പെട്ടു. നൊ രക്ഷ. നാട്ടുകാർ കുഷ്ഠരോഗീ നോട്ടം ബാക്കിയാക്കി ഓടിരക്ഷപ്പെട്ടു. ചില കോഴിക്കടപ്പാവങ്ങൾക്കും കിംവദന്തീടീംസ് ദന്തക്ഷതം വരുത്തി. ഹോമിയോക്കാർക്കാണ് ലോട്ടറിയടിച്ചത്.സകലമാന വൈറസുകൾക്കുമുളള ഒറ്റമൂലി ദേ ദിദിലുണ്ടത്രേ. ആ ‘പതി’ക്കാർക്ക് നിപയോ? ഇതൊക്കെ എന്ത്? ആൽക്കഹോൾ ബെസ്റ്റാത്രെ വൈറസിനെ പ്രതിരോധിക്കാൻ. നാട്ടുകാർ ബ്രാണ്ടി, വിസ്കി, റമ്മുകൾക്ക് മുന്നിൽ ഉപകാരസ്മരണ നടത്തി. അവിടെ ഒരാൾ മരിച്ചു. ഇവിടെയൊരാൾക്ക് നിപ്പയാണ്.ബസ്സുകൾ കാലിയടിച്ച് ഓടിക്കൊണ്ടിരിക്കുന്നു. ഹോട്ടലുകളിൽ പഴയ അതേ ഈച്ചയെ ആട്ടിക്കൊണ്ടിരിക്കുന്നു. ഒരു ഷേക്ക്ഹാന്റുപോലും ആളുകൾ ഭയക്കുന്നു. ടച്ചിങ്സിലൂടെയാണ് പോലും ഇത് വേഗത്തിൽ പകരുകയെന്ന് ഏതോ സാമദ്രോഹി സുക്കർബുക്കിൽ എഴുതിപോലും. ആളുകൾ കണ്ടാൽ മിണ്ടാനും തൊടാനും പറ്റാത്ത പരുവത്തിലേയ്ക്ക് കണ്ടീഷൻ ചെയ്യപ്പെട്ടു. നന്ദി നിപേ... ഒരായിരം നന്ദി!!
ചെങ്ങന്നൂർ പതനത്തോടെ കോൺഗ്രസ്സിന് കൂടിപ്പിരിയൽ എന്ന ഡിക്ഷ്ണറി മീനിങ് ലഭിച്ചേക്കും. പച്ച മരങ്ങൾ തായ്്വേരുകളെ ടാർഗെറ്റ് ചെയ്ത് അരവും കത്തിയുമെടുത്തു കഴിഞ്ഞു. വൃദ്ധിമാൻ സാഹമാരുടെ കാര്യം പുനഃസംഘടനയോടെ സ്വാഹ സ്വാഹ!! ശിപായി ലഹളക്കാരും യുവതുർക്കികളും കൂടി കാതലുളള മരങ്ങളൊക്കെ കച്ചോടമുറപ്പിക്കും. തേക്കും മാവും പിലാവും കടപുഴകും. കുര്യനും തങ്കച്ചനും രവിയും ഘടോത്ക്കചസ്ഥരാവും. പച്ചിലേ... പഴുത്തിലേ ഓർമ്മകളുണ്ടായിരിക്കണം...
അച്ഛനെ പണ്ട് പിന്നീന്ന് കുത്തിയതിന്റെ പക മോനിപ്പോഴും ബ്രീഫ് കേസിൽ കൊണ്ടുനടക്കുന്നുണ്ട്. കുത്തുകാരും കുത്തിത്തിരിപ്പുകാരും ജാഗ്രതൈ.ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങി സ്ഥാനം കൊടുക്കുന്ന പ്രൊഫഷണൽ രാഷ്ട്രീയക്കന്പനി നാമാവശേഷമാവാതിരിക്കേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്തമാണ്.അടിക്കാട് വെട്ടിത്തെളിക്കാൻ ഒരുന്പെടുന്ന പുതിയ നയം എന്തായാലും ഗുണം ചെയ്യില്ല. മുരിക്കുകളുടെയും ചീമക്കൊന്നകളുടെയും കരിന്പനകളുടെയും ‘മൈതാനത്ത്’ മരമാണ് മറുപടി!! അകക്കാന്പുളള ചന്ദനമരങ്ങൾ. സുഗന്ധവും കിടക്കും. പിന്നെ... എല്ലാ ഹരിതമനുഷ്യർക്കും പരിസ്ഥിതിദിനാശംസകൾ.