ദിനാചരണങ്ങൾ ആചാരങ്ങൾ ആകാതിരിക്കട്ടെ
സുമ സതീഷ്
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 1972 മുതൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് ഈ ദിനാചരണം ആരംഭിച്ചത്. ലോക പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വരുത്താനും ഫലവത്തായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നമായിരിക്കുന്നു പരിസ്ഥിതി മലിനീകരണം. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ളൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ‘Beat Plastic Pollution’എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് 2018ലെ ആതിഥേയ രാജ്യം.
ഒരു ജന്തുവിന്റെയോ സസ്യത്തിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ജീവികളുടെയോ ഒരു പ്രത്യേക സ്പീഷീസുകൾ വസിക്കുന്ന പരിതഃസ്ഥിതിയേയോ ചുറ്റുപാടിനേയോ ആണ് അതിന്റെ വാസസ്ഥലം(habitat)എന്നു പറയുന്നത്. അതു ഒരു ജീവി ജീവിക്കുന്ന പ്രകൃത്യായുള്ള ചുറ്റുപാടാണ് അല്ലെങ്കിൽ, ഒരു സ്പീഷീസിനു ചുറ്റുമുള്ള ഭൗതികമായ പരിസ്ഥിതിയാണ്. ഒരു വാസസ്ഥലം ഭൗതികമായ ഘടകങ്ങളായ മണ്ണ്, ഈർപ്പം, താപനില, പ്രകാശത്തിന്റെ ലഭ്യത തുടങ്ങിയവയും ജൈവഘടകങ്ങളായ ആഹാരത്തിന്റെ ലഭ്യത, ഇരപിടിയന്മാരുടെ സാന്നിധ്യം എന്നിവയാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഒരു വാസസ്ഥലം ഒരു ഭൂപ്രകൃതിയാവണമെന്നു നിർബന്ധമില്ല. ഉദാഹരണത്തിന് ഒരു പരാദത്തെ സംബന്ധിച്ച്, അതു ജീവിക്കുന്ന അതിന്റെ ആതിഥേയന്റെ ശരീരമോ അയാളുടെ ഒരു കോശമോ ആകാം.
എന്നാൽ ഏതു ജീവിയുടെ കാര്യമെടുത്താലും അതിന്റെ വാസസ്ഥലം നഷ്ടപ്പെടുന്നതും അവ നേരിടുന്ന വംശനാശ ഭീഷണിയും ലോകം മനസ്സിലാക്കി വരുന്നതേ ഉള്ളു. മനുഷ്യർ കാട്ടുന്ന വീണ്ടുവിചാരമില്ലായ്മയും തെറ്റായി പ്രവർത്തനവും വഴി, ലോകത്ത് സ്വാതന്ത്യത്തോടെ യഥേഷ്ടം പാറിപ്പറന്നു ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശം പോലും നഷ്ടപ്പെടുന്നു. നമ്മുടെ കർമ്മ ഫലത്തിന്റെ ബലിയാടുകൾ ആക്കപെടുന്ന അത്തരം മിണ്ടാപ്രാണികൾ എന്ത് പിഴച്ചു.
ഒരു പഞ്ചായത്തു മുതൽ ആരംഭിച്ച് ലോകം മുഴുവനും നീണ്ട അടിയന്തിരമായ ശുദ്ധീകരണം നടക്കേണ്ട ആവശ്യകതയെ ഇന്നെല്ലാരും ഗൗരവതാരമായാണ് കാണുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഇതിലേയ്ക്ക് അനിയന്ത്രിതമായി നടക്കേണ്ടതുണ്ട്. നാടിനു നഷ്ടപ്പെടുന്ന ഒരു കുഞ്ഞു അരുവി പോലും എത്ര ജീവികളുടെ വാസസ്ഥലത്തെ ആണ് നഷ്ടപ്പെടുത്തുന്നത്. അങ്ങിനെ ചിന്തിച്ച് പ്രകൃതിയുടെ എല്ലാ തനിമയും നിലനിർത്താനും പുഴയും കുളവും അരുവികളും തണ്ണീർത്തടവും വെള്ളക്കെട്ടും കുന്നും മലയും കണ്ടൽമരങ്ങളും കാടും വനങ്ങളും വയലുകളും ചുരങ്ങളും ഒക്കെ സംരക്ഷിക്കപ്പെടട്ടെ. ഓരോ പൗരനും അതേറ്റെടുക്കട്ടെ. നാളത്തെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും മഹത്തായ ഒന്നാവട്ടെ പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, മനുഷ്യർ എന്നിവയെ ദോഷകരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. ചെലവുകുറഞ്ഞതിനാലും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർദ്ധിച്ചു. ഇത് പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിച്ചു എന്നതിന് തെളിവാണ് നാം ഇന്ന് കാണുന്ന പല അനിഷ്ട സംഭവങ്ങളും. ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇത്രയും വളർന്ന സമൂഹത്തിനു പ്ലാസ്റ്റിക് പൂർണമായും നിർമ്മാർജനം സാധിക്കില്ലെങ്കിലും ഉപയോഗം കുറക്കാനും കത്തിച്ചു നശിപ്പിക്കുന്നത് ഒഴിവാക്കാനും പറ്റണം. പ്രകൃതിയിൽ ലയിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്പോൾ അതും പ്രകൃതിക്കു നാശമാകാതെ നോക്കാനും സന്തുലിതാവസ്ഥ ഉണ്ടാക്കാനും ബന്ധപ്പെട്ടവർ ശ്രമിക്കണം. വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളിലൂടെ മാത്രം നഷ്ടപ്പെടുന്ന മരങ്ങളെത്ര? ഓരോ വർഷത്തേയും പാഠ്യപുസ്തകങ്ങൾ തുടർന്നുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ സ്കൂളിൽ തന്നെ ചട്ടം കെട്ടിയാൽ ഓരോ വർഷവും നശിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറക്കാൻ പറ്റില്ലേ? പഞ്ചായത്തു വഴി നിർബന്ധ മരം നടലും ശുചീകരണവും ജല സംരക്ഷണവും ഉണ്ടാക്കണം.
മലിനീകരണം മൂലം ജനം നേരിടുന്ന പ്രശ്നങ്ങൾ അതിഭയങ്കരമല്ലേ? എന്തൊക്കെ പേരിൽ ഏതെല്ലാം രൂപത്തിലാണ് രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ന് കേരളം നേരിടുന്ന ‘നിപ’ വൈറസ് ആക്ക്രമണത്തെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പും സർക്കാരും ബന്ധപ്പെട്ടവരും ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയ എല്ലാ ആശുപത്രി ജീവനക്കാരും നടത്തുന്ന യുദ്ധകാലാടിസ്ഥാന നടപടികൾ ഇന്ന് ലോകശ്രദ്ധ നേടാന്മാത്രം പ്രാപ്തമാകുന്നു എന്നത് നമുക്കഭിമാനിക്കാം. എല്ലാവിധ പിന്തുണയും ജനങ്ങൾ നൽകട്ടെ. അവരുടെ സേവനനങ്ങൾ എത്ര ശ്ലാഘനീയമാണ്. വർഷന്തോറും ഇങ്ങനെ പല പേരുകളിൽ ഇറങ്ങുന്ന വൈറസുകൾ മരുന്ന് കന്പനികൾ കൃത്രിമമായി നിർമ്മിച്ചു പടച്ചു വിടുന്നതോ എന്ന സംശയത്തിന്.... അല്ലെങ്കിൽ ആ പ്രവണതക്ക് നല്ലൊരു പ്രഹരം കൂടി ഇവിടെ ആരോഗ്യ വകുപ്പിന് കൊടുക്കാൻ കഴിഞ്ഞു എന്നതാണ് വളരെ അധികം ആശ്വാസവും ചിന്തനീയവുമായത്. മരുന്ന് കന്പനികളെ അപ്പാടെ സ്വീകരിക്കാതെ പരീക്ഷണങ്ങളിലേക്കു നീങ്ങിയ വിദഗ്ദ്ധരെ നമിച്ചു കൊണ്ട് അധികം വൈകാതെ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് മാത്രം പകരാൻ സാധ്യത എന്ന വലിയ കണ്ടെത്തലിലേക്കു വഴിമാറിയ ഈ വൈറസിനെ ഉന്മൂലനം ചെയ്യാനാവട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ സന്മനസ്സുകൾക്കും ആശംസയും നന്ദിയും അറിയിക്കുന്നു.
തണ്ണീർത്തട ദിനം, ലോക വനദിനം, ലോക ജലദിനം, ലോക ഭൗമദിനം എന്നിങ്ങനെ പ്രകൃതി സംരക്ഷണ ദിനങ്ങൾ നമ്മൾ ആചരിക്കപ്പെടുന്നത് വെറും ആചാരങ്ങൾ ആകാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥന...