റമദാൻ വ്രതം : പാലിക്കേണ്ട ചില കാര്യങ്ങൾ
സ്വന്തം േലഖകൻ
പരിശുദ്ധ റമദാൻ വ്രതം ആരംഭിച്ചു കഴിഞ്ഞല്ലോ. വ്രതമെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളിൽ പലർക്കും വ്യക്തതയില്ല. വ്രതമെടുക്കേണ്ടതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ വിശദീകരണം നമുക്ക് നോക്കം. റമദാനിലെ നോന്പ് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണ്. മനഃപൂർവ്വം ഒരാൾ റമദാനിലെ ഒരു നോന്പുപേക്ഷിച്ചാൽ കൊല്ലം മുഴുവനും നോന്പു നോറ്റാലും അതിന് പകരമാവില്ല എന്ന് പറയപ്പെടുന്നു. ഭ്രാന്തൻ, കുട്ടി, രോഗി, യാത്രക്കാരൻ, ഋതുമതി, പ്രസവരക്തമുള്ളവൾ, വയോവൃദ്ധർ, ഗർഭിണി, മുലയൂട്ടുന്നവൾ എന്നിവരൊഴികെയുള്ള ബുദ്ധിയുള്ളവരും പ്രായപൂർത്തിയായവരും സ്ഥിരതാമസക്കാരും ആരോഗ്യമുള്ളവരുമായ എല്ലാ ഇസ്ലാം മത വിശ്വസികൾക്കും നോന്പ് നിർബന്ധമാണ്. കുട്ടികൾക്ക് നോന്പ് നിർബന്ധമില്ലെങ്കിലും നോന്പെടുക്കാൻ ശക്തനായി തു ടങ്ങുന്നത് മുതൽ നോന്പ് ശീലിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നബി (സ) യുടെ കാലത്ത് കുട്ടികളെ നോന്പെടുത്ത് ശീലിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ക്ലേശകരമായ ജോലികളിൽ ഏർപ്പെ ടുന്ന തൊഴിലാളികൾ നോന്പെടുക്കാൻ പ്രയാസം നേരിടുകയാണെങ്കിൽ നോന്പ് ഉപേക്ഷിക്കുവാൻ അനുവാദമുണ്ട്. എന്നാൽ ഓരോ നോന്പിനും പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നൽകണം.
അല്ലാഹു പറയുന്നു: “നിങ്ങളിൽ ഒരാൾ യാത്രക്കാരനോ രോഗിയോ ആയാൽ മറ്റ് ദിവസങ്ങളിൽ അത്രയും നോന്പ് നോറ്റു വീട്ടണം.’’ രോഗപ്രതിരോധാർത്ഥം കു ത്തിവെപ്പ് നടത്തുന്നത് നോന്പിനെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക ചിലർക്കുണ്ട്. എന്നാൽ സാധാരണ കുത്തിവെപ്പ്് നോന്പിനെ ദുർബലപ്പെടുത്തുകയില്ല എ ന്നാണ് പറയപ്പെടുന്നത്.
തങ്ങളെക്കുറിച്ചോ തങ്ങളുടെ കുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോന്പുപേക്ഷിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. യാത്രക്കാരന് നോന്പും നമസ്കാരത്തിന്റെ പകുതിയും ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നോന്പും അല്ലാഹു വിട്ടു കൊടുത്തിരിക്കുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ ഗർഭിണികളും മുലയൂട്ടുന്നവരും കുട്ടിയെ സംബന്ധിച്ച ആശങ്കയുടെ പേരിൽ നോന്പുപേക്ഷിച്ചാൽ അവർ പകരം നോന്പനുഷ്ഠിക്കുകയും പ്രായശ്ചിത്തം നൽകുകയും വേണമെന്നാണ് ഇമാം ശാഫിഈയുടെയും ഇമാം അഹ്്മദിന്റെയും പക്ഷം.
നോന്പ് നിർബന്ധമാവുന്ന ഇസ്ലാം മതവിശ്വാസികൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
1. നിയ്യത്ത്: നോന്പെടുക്കാനുദ്ദേശിക്കുന്നുവെന്ന് മനസ്സിൽ കരുതുകയാണ് നിയ്യത്ത്. വാക്കാൽ ഉച്ഛരിക്കണമെന്നില്ല. നോന്പുദ്ദേശിച്ച് ഒരാൾ അത്താഴമുണ്ടാൽ അത് നിയ്യത്താണ്. “പ്രഭാതത്തിന് മുന്പായി നോന്പെടുക്കാൻ തീരുമാനമെടുക്കാത്തവന് നോന്പില്ല എന്ന നബി തിരുമേനിയുടെ തിരുവചന പ്രകാരം റമദാനിലെ ഓരോ രാത്രിയും പ്രഭാതത്തിന് മുന്പായി നിയ്യത്ത് നിർബന്ധമാണെന്ന് ഭൂരിഭാഗം പണ്ധിതന്മാരും അഭിപ്രായപ്പെടുന്നു. റമദാനിന്റെ ആദ്യരാത്രിയിൽ റമദാൻ മാസം മുഴുവൻ നോന്പെടുക്കാൻ തീരുമാനമെടുക്കാമെന്നാണ് മാലികികളുടെ അഭിപ്രായം. നോന്പെടുക്കുന്നുവെന്ന് മനസ്സിൽ നിയ്യത്തുണ്ടാവൽ നിർബന്ധമാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. നോന്പിനെയും പട്ടിണിയെയും തമ്മിൽ വേർതിരിക്കുന്ന അടിസ്ഥാന ഘടകം നിയ്യത്താണ്.
2. വർജ്ജിക്കേണ്ട കാര്യങ്ങൾ: നോന്പ് ദുർബലപ്പെടുത്തുകയും ഖദാഅ് മാത്രം നിർബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങൾ-ബോധപൂർവ്വം തിന്നുക, കുടിക്കുക, മനഃപൂർവം ഛർദ്ദിക്കുക, ഋതുരക്തവും പ്രസവരക്തവും പുറത്തു വരിക, ചുംബനം കൊണ്ടോ കരസ്പർശം കൊണ്ടോ ശുക്ലസ്ഖലനം സംഭവിക്കുക, ശരീരത്തിലുള്ള ഏതെങ്കിലും പ്രവേശന മാർഗ്ഗങ്ങളിലൂടെ ഭക്ഷണ വസ്തുക്കൾ അകത്ത് പ്രവേശിക്കുക. സൂര്യാസ്തമനത്തിന് മുന്പോ പ്രഭാതോദയത്തിന് ശേഷമോ സമയമായെന്ന് ധരിച്ച് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുക എന്നിവ ഒഴിവാക്കിയാലെ പരിപൂർണ നോന്പനുഷ്ഠാനം സാധ്യമാകു. അന്നപാനീയങ്ങൾ വർജ്ജിച്ചതു കൊണ്ടു മാത്രം നോന്പാവില്ല. അസത്യമായ വാക്കും പ്രവർത്തിയും ഒഴിവാക്കിയാലേ നോന്പ് സ്വീകാര്യമാവൂ. ഒരാൾ വ്യർത്ഥമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അന്ന പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല. റമദാനിൽ ശരീരശുദ്ധി വരുത്തണം. കുളത്തിൽ മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോന്പ് മുറിയുകയില്ല. ഋതുമതിക്കും ഈ വിധി ബാധകമാണ്. സുബ്ഹി ബാങ്കിന് ശേഷം കുളിച്ച് നമസ്കരിച്ച് നോന്പിൽ പ്രവേശിക്കാം.
നോന്പിന്റെ മര്യാദകൾ
അത്താഴം കഴിക്കുക.
നോന്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്. അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോന്പിന്റെ സാധുതയ്ക്ക് ഒരു കോട്ടവും തട്ടില്ല. അത് വർജ്ജിക്കുന്നത് പാപവുമല്ല എന്ന കാര്യത്തിൽ മുസ്ലിം സമുദായത്തിൽ ഒരാൾക്കും ഭിന്നാഭിപ്രായമില്ല. ‘നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്.’ എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം. ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചക ചര്യയാണ്. അത്താഴം വൈകിക്കുന്നതാണുത്തമം. അത്താഴത്തിന്റെയും സുബ്ഹി നമസ്കാരത്തിന്റെയുമിടയിൽ 50 ആയത്തുകളോതുന്ന സമയമാണുണ്ടായിരുന്നതെന്ന് സഹാബികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക് വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്. നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘പാത്രം കയ്യിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല.’ അതിന്റെ കാര്യത്തിൽ അനാവശ്യമായ വസ്വാസ് ഒഴിവാക്കണം. എന്നാൽ ബാങ്ക് കൊടുത്തിട്ടും അവധാനത കൈക്കൊള്ളുന്നതും ശരിയല്ല.
നോന്പു തുറക്കൽ
നോന്പു തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോന്പുതുറക്കുന്നത് സുന്നത്താണ്. ജനങ്ങൾ നോന്പ് തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. നബി (സ) തിരുമേനി മഗ്രിബ് നമസ്കാരത്തിന് മുന്പ് ഈത്തപ്പഴം കൊണ്ട് നോന്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക, അതില്ലെങ്കിൽ വെള്ളം. നോന്പ് തുറക്കാൻ ഏറ്റവും നല്ലത് അതാണ്. നോന്പ് തുറക്കുന്പോഴുള്ള പ്രാർത്ഥന ഒരിക്കലും തള്ളപ്പെടുകയില്ല. ‘അല്ലാഹുമ്മ ലക സുംതു വ അലാ രിസ്കിക്ക അഫ്തർതു.’ അല്ലാഹുവേ, നിനക്ക് വേണ്ടി നോന്പെടുത്തു, നിന്റെ ഭക്ഷണം കൊണ്ട് നോന്പ് തുറന്നു. ശേഷം ‘ദഹബള്ളമഅു, വബ്തല്ലത്തിൽ ഉറൂഖു വസബതൽ അജ്റു ഇന്ശാഅ് അല്ലാഹ്.’ ദാഹം പോയി. ഞരന്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി’ എന്നും പറയുന്നത് സുന്നത്താണ്.
മറ്റാരെങ്കിലും നോന്പ് തുറക്കാൻ ക്ഷണിച്ചാൽ താഴെ പറയും പ്രകാരം പ്രാർത്ഥിക്കാവുന്നതാണ്. ‘അഫ്ത്വറ ഇന്ദകുമുസ്വാഇമൂൻ, വ അകലത്വആമുകുമുൽ അബ്റാർ വസ്വല്ലത്ത് അലൈകുമുൽ മലാഇക’ ‘നോന്പുകാർ നിങ്ങളുടെ അടുക്കൽ നോന്പുതുറന്നു. നല്ലവർ നിങ്ങളുടെ ഭക്ഷണം ഭക്ഷിച്ചു. മലക്കുകൾ നിങ്ങൾക്ക് ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിച്ചിരിക്കുന്നു.’
ഖുർ-ആൻ പാരായണവും ദിക്റ് ദുആകളും
ദാനധർമ്മങ്ങളും ഖുർ-ആൻ പരായാണവും റമദാനിൽ പ്രത്യേകം പുണ്യമുള്ള കാര്യങ്ങളാണ്. അതുപോലെ ദിക്്റുകൾ വർദ്ധിപ്പിക്കുന്നതും സുന്നത്താണ്. പ്രത്യേകിച്ചും റമദാൻ മാസത്തിലെ ഓരോ പത്തിലും പ്രവാചകൻ (സ) ചൊല്ലാൻ പഠിപ്പിച്ച ദിക്റ് ദുആകൾ. ഖുർ-ആൻ കേവല പാരായണത്തിലൊതുക്കാതെ ആശയം മനസ്സിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഖുർ-ആൻ പരിഭാഷകളും അർത്ഥസഹിതമുള്ള വീഡിയോകളും സുലഭമായ ഇക്കാലത്ത്് ഖുർ-ആൻ ആശയം മനസ്സിലാക്കാതിരിക്കുന്നതിന് ന്യായീകരണമില്ല. റമദാനിലെ പകലിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയിട്ട് രാത്രി ക്ഷീണം തീർക്കാൻ കൂർക്കം വലിച്ചുറങ്ങുകയും ചെയ്യുന്നത് തീരാനഷ്ടമായിരിക്കും.
തറാവീഹ്
നോന്പിന്റെ വളരെ പ്രബലമായിട്ടുള്ള ഒരു സുന്നത്താണ് തറാവീഹ് നമസ്കാരം. വിത്റ് മൂന്ന് അടക്കം 11 എന്നും 23 എന്നും ആളുകൾ വിവിധ എണ്ണം റക്് അത്തുകൾ നമസ്കരിക്കാറുണ്ട്. നമസ്കാരത്തിന്റെ എണ്ണത്തിലല്ല, ഭയഭക്തിയിലും ഏകാഗ്രതയിലുമാണ് അതിന്റെ പ്രസക്തി. എന്നാൽ നബി (സ) 11 റക്അത്തിൽ കൂടുതൽ നോന്പിലും അല്ലാത്തപ്പോഴും നമസ്കരിച്ചിട്ടില്ലായെന്ന് പ്രബലമായ ഹദീസ് ഉണ്ട്.
പള്ളികളിൽ നടത്തപ്പെടുന്ന തറാവീഹ് നമസ്കാരത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാം. അതിന് സൗകര്യമില്ലാത്തവർ വീടുകളിൽ വെച്ചെങ്കിലും അത് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. നബി (സ) തിരുമേനി പറഞ്ഞു: ‘വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരാൾ രാത്രി നിന്ന് നമസ്കരിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.’
ഇഅ്തികാഫ്
റമദാനിന്റെ അവസാനത്തെ പത്തിൽ നബി (സ) തിരുമേനി പുണ്യം പ്രതീക്ഷിച്ച് ഖുർ-ആൻ പാരായണത്തിലും പ്രാർത്ഥനകളിലും മുഴുകി പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിമാരും ഇഅ്തികാഫ് ഇരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതിനാൽ സൗകര്യപ്പെടുന്നവർക്ക് അവസാനത്തെ പത്ത് മുഴുവൻ ഇഅ്തികാഫ് ഇരിക്കുന്നത് പുണ്യകരമാണ്. പത്ത് ദിവസം മുഴുവൻ ഇരിക്കാൻ സൗകര്യമില്ലെങ്കിൽ കഴിയുന്നത്ര ദിവസം ഇഅ്തികാഫ് ഇരിക്കാം. സ്ത്രീകൾക്കും സൗകര്യാനുസാരം ഇഅ്തികാഫ് ഇരിക്കുന്നതും അഭിലഷണീയമാണ്.
ഒരു ഇസ്ലാം മത വിശ്വാസിക്ക് അവന്റെ മനസ്സിനും ശരീരത്തിനും നൻമ പകരാൻ കഴിയുന്ന പുണ്യമാസമാണ് റമദാൻ. ഇല്ലാത്തവന്റെ വേദനയറിയാൻ, അവനെ ഉള്ളവനാക്കാൻ കഴിയുന്ന മാസം. പുണ്യറമദാൻ ആഗതമായ സാഹചര്യത്തിൽ വ്യവസ്ഥകൾ പാലിച്ച് നമുക്ക് വ്രതമെടുക്കാം...