നിപ്പ: ആരോഗ്യരംഗത്തെ മറ്റൊരു വെല്ലുവിളി
ഇ.പി അനിൽ
epanil@gmail.com
കേരളത്തിൽ മറ്റൊരു അസുഖം കൂടി എത്തിയതായി സ്ഥിതീകരിച്ചു. മുൻപരിചിതമില്ലാത്തതും മൃഗങ്ങൾ, പക്ഷികൾ മുതലായവയിലൂടെ പടരുന്നതും (zoonotic disease) മനുഷ്യരിൽ നിന്നും പകരുവാൻ സാധ്യതയുള്ളതുമായ (communicable disease) അസുഖങ്ങളെ പ്രതിരോധിക്കുവാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം സമൂഹവും സഹകരിക്കുന്നതിലൂടെ കഴിയും. നിപ്പ വൈറസ് വരുത്തുന്ന അസുഖങ്ങൾ മരണത്തിലേയ്ക്ക് വരെ നയിക്കുന്നതിനാൽ ഏവരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുവാനും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുവാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് ഏറെ വിജയം നേടിയ കേരളത്തിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു പകർച്ച വ്യാധിയെക്കൂടി വരും ദിവസങ്ങൾക്കകം നിയന്ത്രിക്കുവാൻ കഴിയും എന്ന് പ്രത്യാശിക്കാം.
സാധാരണനിലയിൽ പനിയും മറ്റും വരുന്പോൾ വൈറൽ രോഗബാധയാണ്, മരുന്നുകൾ വേണ്ടതില്ല, താനേ മാറികൊള്ളും എന്ന് പറയാറുണ്ട്. അത്ര നിസ്സാരമായി കാണുന്ന വൈറസ്സ് തന്നെ മാരകമായ രോഗങ്ങൾ വരുത്തി വെയ്ക്കുന്നു. വസൂരി, സ്പാനിഷ് പനി, എബോള, എച്ച്ഐവിവൈറസ്, പോളിയോ മുതലായ അസുഖങ്ങൾ ലോകത്തെ ഭയത്തിൽ നിർത്തിയെങ്കിലും അവയെ ഒക്കെ പൂർണ്ണമായും (എച്ച്ഐവിയെ ഭാഗികമായും) നിയന്ത്രിക്കുവാൻ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞു എന്നത് ജനങ്ങൾക്ക് പുതിയ വെല്ലുവിളികളെ നേരിടുവാൻ ധൈര്യം നൽകുന്നതാണ്. ഒരു തരം ബാക്റ്റീരിയയിലൂടെ ലോകത്തെ ഭയപ്പെടുത്തിയ പ്ലേഗ് (14ാം നൂറ്റാണ്ടിൽ) 10 കോടിയിലധികം ആളുകളെ കൊലപ്പെടുത്തി. ഒന്നാം ലോക യുദ്ധത്തിനു ശേഷം സ്പാനിഷ് ജ്വരം മറ്റൊരു 5 കോടി മരണങ്ങൾ ലോകത്തിനു നൽകി. വൻ തോതിലുള്ള മരണങ്ങൾ വരുത്തി വെച്ച അസുഖങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ കഴിഞ്ഞ ശാസ്ത്ര ലോകത്തിന് നിപ്പാ വൈറസ്സ് ബാധയെ പൂർണ്ണമായും നിയന്ത്രിക്കുവാൻ കഴിയും. ഇത്തരം അസുഖങ്ങളെ ചെറുക്കുവാൻ നമ്മൾ ഒരോരുത്തരും പരിസര-വ്യക്തി ശുചിത്വം പാലിക്കുവാൻ കൂടുതൽ ബാധ്യസ്ഥരാണ്.
മനുഷ്യരിൽ അസുഖങ്ങൾ പരത്തുന്ന സൂക്ഷ്മ ജീവികളിൽ ബാക്റ്റീരിയ, ഫംഗസ്, വൈറസ് മുതലായവ പെടുന്നു. ഇതിൽ പൊതുവെ ബാക്ടീരിയ പരത്തുന്ന അസുഖങ്ങൾ എണ്ണത്തിൽ കൂടുതൽ ആണെങ്കിലും അവയെ പ്രതിരോധിക്കുവാൻ ആന്റിബയോട്ടിക്കുകൾ വിജയിക്കുന്നുണ്ട്. ബാക്റ്റീരിയക്ക് ഉണ്ടാകുന്ന പരിണാമങ്ങൾ പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തുവാൻ നിർബന്ധിതമാക്കുന്നു എങ്കിലും അത്തരം അസുഖങ്ങളെ നിയന്ത്രിക്കുവാൻ പുതിയ തരം മരുന്നുകൾക്ക് കഴിവുണ്ട്. അതിനാൽ അണുപ്രസരണത്തിലൂടെയുള്ള അസുഖങ്ങൾ മരണത്തിലേയ്ക്ക് ആളുകളെ നയിക്കുന്നില്ല എന്ന് പൊതുവായി പറയാം. സൂക്ഷ്മ ജീവികളിൽ മറ്റൊന്നായ വൈറസ് വ്യത്യസ്ത സ്വഭാവത്തിൽപ്പെടുന്ന ജീവിയാണ്. ബാക്റ്റീരിയകൾ (ചെറുതെങ്കിലും) വ്യക്തമായ അവയവങ്ങൾ ഉള്ള, മനുഷ്യരിലും മറ്റു ജീവികൾക്കും പുറത്ത് സ്വതന്ത്രമായി ജീവിക്കുവാൻ കഴിവുള്ളതാണ്. അവ ശരീരത്തിൽ കടന്നാൽ പ്രത്യേകം ജീവിയായി നിലനിന്നുകൊണ്ട് അസുഖങ്ങൾ ഉണ്ടാക്കാം. (രോഗങ്ങൾ പരത്തുന്ന സൂക്ഷ്മ ജീവികൾ തന്നെ എപ്പോഴും രോഗങ്ങൾ ഉണ്ടാക്കണം എന്നില്ല. മനുഷ്യർക്ക് ഉപകാരപ്രദമായ നിരവധി സൂക്ഷ്മ ജീവികൾ ശരീരത്തിൽ കാണാം.) ഇവയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുവാൻ ആന്റിബയോട്ടിക്കുകൾക്ക് കഴിയും. ആന്റിബയോട്ടിക്കുകൾ ബാക്ടീരിയയുടെ കോശ ഭിത്തിയിലോ അതിന്റെ ന്യൂക്ളിയസിലോ (കേന്ദ്രം) മറ്റോ കയറികൂടി സൂക്ഷ്മ ജീവികളുടെ വിഭജനത്തിനു തടയിടുന്നു. ചിലപ്പോൾ അവരുടെ ഭക്ഷണം ലഭ്യമാക്കാതെ അവയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുവാൻ മരുന്നുകൾ വിജയിക്കും. അങ്ങനെ സൂക്ഷ്മ ജീവികളെ നിയന്ത്രിച്ച് അസുഖം ഭേദമാക്കും.
വൈറസുകൾ ബാക്ടീരിയയേക്കാൾ വലിപ്പം കുറഞ്ഞവയാണ്. പ്രത്യേകിച്ച് അവയവങ്ങൾ ഇല്ലാത്ത, കുറച്ചു പ്രോട്ടീനുകൾ കോശ ഭിത്തിയാൽ ആവരണം ചെയ്തിരിക്കുന്ന ഒരു ഗോളമായി അതിനെ കരുതാം. വൈറസുകൾ ജീവനുള്ള വസ്തുക്കൾക്ക് പുറത്ത് നിർജ്ജീവമായി നിലനിൽക്കും. ഏതെങ്കിലും ശരീരത്തിൽ കടന്നു കൂടിയാൽ അവയുടെ കോശ ഭിത്തി ലയിച്ചശേഷം സ്വത്രന്ത്രമാകുന്ന പ്രോട്ടീൻ, കയറി കൂടിയ ശരീരത്തിലെ വിവിധ കോശങ്ങളിൽ പ്രവേശിച്ച്, അവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു. കോശങ്ങളിൽ കയറികൂടുന്ന വൈറസ് പദാർത്ഥങ്ങൾ അവയ്ക്ക് ആവശ്യമായ ഘടകങ്ങൾ ശരീരത്തിലെ കോശങ്ങളെ കൊണ്ട് ഉണ്ടാക്കുന്നു. അങ്ങനെ വൈറസ്, കടന്നു കൂടുന്ന ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ കീഴടക്കുന്നു എന്ന് പറയാം. വൈറസ് അണുക്കളും രോഗിയുടെ ശരീരത്തിലെ കോശങ്ങളും ഒരുപോലെ പ്രവർത്തിക്കുന്നതിനാൽ, ഇവിടെ അസുഖം ബാധിച്ച ശരീരത്തിൽ കടന്നു വരുന്ന മരുന്നുകൾക്ക് വൈറസിനെ തിരിച്ചറിഞ്ഞ് ആക്രിമിച്ചു നിർവ്വീര്യമാക്കുവാൻ കഴിയുകയില്ല. ഈ കാരണത്താൽ വൈറസ് വഴി പടരുന്ന അസുഖങ്ങൾക്ക് എതിരായി മരുന്നുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്ന് പൊതുവെ പറയാം. ശരീരത്തിന് പ്രതിരോധ ശേഷിയില്ല എങ്കിൽ വൈറൽ രോഗത്തിന് ശരീരം കീഴടങ്ങുവാൻ നിർബന്ധിതമാകും. (ചിലതരം ആൻഡി വൈറൽ മരുന്നുകൾ ഫലം നൽകുന്നുണ്ട്. ഉദാഹരണമായി Tamilfu,valtrex മുതലായവ) രോഗം വന്നുള്ള ചികിത്സയെക്കാൾ വൈറൽ ബാധ വരാതെ നോക്കുകയാണ് ഇവിടെ അഭികാമ്യം. വൈറസ് പരത്തുന്ന രോഗങ്ങളെ നിയന്ത്രിക്കുവാൻ വാക്സിനുകൾ കൂടുതൽ പ്രചാരത്തിൽ വന്നതായി കാണാം. വസൂരിയും ജ്വരവും പ്ലേഗും (വൈറൽ ബാധയല്ല) പോളിയോയും ഒക്കെ നിയന്ത്രിക്കുവാൻ വാക്സിനുകൾ നിർണ്ണായക പങ്കാണ് വഹിച്ചത്.
സൂക്ഷ ജീവികൾക്ക് ഉണ്ടാകുന്ന പരിണാമങ്ങൾ പുതിയ അസുഖങ്ങൾക്കും ഒപ്പം പഴയ അസുഖങ്ങൾ കൂടുതൽ കരുത്തോടെ മടങ്ങിവരുവാനും കാരണമാകുന്നുണ്ട്. അത്തരം മാറ്റങ്ങൾ സൂക്ഷ്മ ജീവികൾക്ക് ഉണ്ടാകുവാൻ കാലാവസ്ഥാ വ്യതിയാനവും ഒപ്പം അനാരോഗ്യകരമായ രീതിയിലുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കാരണമാകുന്നു. ഒരിക്കൽ നിയന്ത്രണ വിധേയമായ മലേറിയ രോഗം പുതിയ രൂപത്തിൽ മടങ്ങി വരുന്നതും പുതിയ തരം മസ്തിഷ്ക ജ്വരം ഉണ്ടാകുന്നതും ഉദാഹരണമാണ്. എബോളയും വിവിധ തരം പനികളും ഉണ്ടാകുവാൻ സൂക്ഷ്മ ജീവികൾക്ക് സംഭവിക്കുന്ന പരിണാമം കാരണമാകുന്നുണ്ട്. ആധുനിക ചികിത്സാ രംഗത്ത് പുരോഗമനം ഉണ്ടാകുന്നു എങ്കിലും മറുവശത്ത് സൂക്ഷ്മജീവികളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുന്നത് പുതിയ വെല്ലുവിളികളായി തീരാറുണ്ട്.
ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യയിലെ കാടുകളെ വരൾച്ചയിലേയ്ക്ക് നയിച്ചു. മൃഗങ്ങളും പക്ഷികളും നാട്ടിലേയ്ക്ക് ഇറങ്ങുവാൻ നിർബന്ധിതമാക്കി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൃഷിയിടങ്ങളിലേയ്ക്ക് പറന്നിറങ്ങി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് വിഷയം ഗൗരവതരമായത്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർദ്ധിച്ചു. ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും കാരണക്കാരനായ വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരണം ലോകം തിരിച്ചറിഞ്ഞത്.
ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. Kampung Baru Sungai Nipah എന്ന മലേഷ്യൻ ഗ്രാമത്തിലെ രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേർ വൈറസിനു നൽകി. നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ്. (RNA വൈറസ്). വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻ്റെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടു.
ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങൾ. 2001 മുതലുള്ള കണക്കാണിത്. ചിലപ്പോഴൊക്കെ മരണസംഖ്യ റിപ്പോർട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേയ്ക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേയ്ക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന വരിലേയ്ക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവ്വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. (തലച്ചോറിൽ നീർകേട്ട്).
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാന്പിളുകളിൽ ഇമ്യൂണോഹിസ്റ്റോ കെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക.
രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:
രോഗിയുമായി സന്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണ്ടാക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിച്ചു വരുന്ന കാര്യങ്ങൾ:
രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ൽ പ്രവേശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുന്പോഴും, പരിശോധിക്കുന്പോഴും, മറ്റു ഇടപഴകലുകൾ നടത്തുന്പോഴും കയ്യുറകളും, മാസ്കും ധരിക്കുക. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.
നിഷ്കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:
കൈ കഴുകുക/കൈ ശുചിയാക്കുന്ന ആൾക്കഹോൾ ഉള്ള ഹാന്റ് റബ്ബുകൾഉപയോഗിക്കുക. രോഗി, രോഗ ചികിൽസക്കുപയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക. നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക. ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക. രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുന്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
മാസ്ക്, കൈയുറ, ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുന്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന N95 മാസ്കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുന്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്കർഷിക്കേണ്ടതാണ്. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
തെക്കൻ ഏഷ്യയിൽ വ്യാപകമായുള്ളതും നമുക്ക് പരിചിതവുമായ വവ്വാൽ വർഗ്ഗത്തിലെ ഏറ്റവും വലിപ്പമുള്ള indian flying fox എന്നും greater Indian fruit bat എന്നും വിളിക്കുന്ന പക്ഷികൾ മനുഷ്യരിലേയ്ക്ക് നേരിട്ടും മറ്റു ജീവികളിലേയ്ക്കും ജീവികൾ വഴിയും (Pteropus giganteus) പകരുവാൻ കഴിയുന്ന നിപ്പാ പനിയുടെ കാരണം അത്തരം ജീവികളെ നശിപ്പിക്കുകയാണ് എന്ന ധാരണയിലേയ്ക്ക് നമ്മൾ എത്തിച്ചേരുന്നത് ആരോഗ്യകരമല്ല. ചെറുതരം വവ്വാൽ വർഗ്ഗത്തിൽ പെടുന്ന ഞറു എന്നും ഞെരിച്ചിൽ എന്നും വിളിക്കുന്ന ജീവികൾക്ക് നിപ്പാ വൈറസ്സിന്റെ വാഹകർ ആകുവാൻ കഴിവില്ലാത്തതാണ്. പൂച്ച, പട്ടി, എലി ഇവയിലേയ്ക്ക് രോഗികളിൽ നിന്നും ശ്രവങ്ങളിലൂടെ രോഗം പടരുവാനുള്ള സാധ്യതയും ശ്രദ്ധിക്കേണ്ടതാണ്.
ഓസ്ട്രേലിയയിൽ നിപ്പാ രോഗബാധ കുതിരയിൽ നിന്നും പടർന്ന സാഹചര്യം ഉണ്ടായപ്പോൾ മുതൽ അവർ ചില ചികിത്സകൾ നടത്തുവാൻ ശ്രമിച്ചു. Ribavarin എന്ന antiviral മരുന്നും choloroquine ഉം (മലേറിയക്കെതിരെ കൊടുക്കുന്ന മരുന്ന്) കൊടുത്തു കൊണ്ടുള്ള ചികിത്സ ഫലം കണ്ടില്ല. ഓസ്ട്രേലിയ ഇവക്കെതിരെ വാക്സിനുകൾ കണ്ടെത്തുവാൻ ശ്രമം ആരംഭിച്ചു. നിപ്പയുടെ ഗണത്തിൽ പെട്ട സമാന രോഗം ബാധിച്ച കുതിരകളിൽ പ്രതിരോധ കുത്തിവെപ്പ് വിജയകരമാണ്. മനുഷ്യരിൽ വ്യാപകമായി ഉപയോഗിക്കുവാൻ ഉതകുന്ന തരം വാക്സിനുകൾ കഴിഞ്ഞ 10 വർഷത്തെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ സുരക്ഷയെ പറ്റിയുള്ള ലോക ആരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നു. ഭാവിയിൽ രോഗം ബാധിക്കുന്നതിന് മുന്പ് എടുക്കുന്ന ഒരു ഡോസ് ഇഞ്ചക്ഷനിലൂടെ പ്രതിരോധ ശക്തിനേടാം എന്നാണ് ശാസ്ത്രഞ്ജൻമാരുടെ പ്രതീക്ഷ.
നമ്മുടെ കാലാവസ്ഥയിലെ മാറ്റങ്ങൾ, ജീവിത രീതികൾ ഒക്കെ പുതിയ തരം അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. മാലിന്യം നിറഞ്ഞ പൊതു ഇടം, ഒഴുക്കു നിലച്ച നീർച്ചാലുകൾ, തെറ്റായ ഭൂവിനിയോഗം ഒക്കെ പല തരം രോഗങ്ങൾ പടർന്നു പിടിക്കുവാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്നു. നിപ്പാ വൈറൽ ബാധയെ ഫലപ്രദമായി തടയുവാൻ കഴിയും എന്ന പ്രതീക്ഷ നിലനിൽക്കുന്പോഴും പൊതു ജനാരോഗ്യ വിഷയത്തിൽ കഴിഞ്ഞ നാളുകളേക്കാൾ ശ്രദ്ധ കൊടുക്കുവാൻ നമ്മൾ ജാഗരൂപരാകേണ്ടതുണ്ട്.