നരിച്ചീറുകൾ പറക്കുന്പോൾ
ഇക്കൊല്ലം മഴയെത്തും മുന്പേ തന്നെ മലയാളി സൈഡായി. വവ്വാൽ പനി!! ഊഹവും അഭ്യൂഹവും ജാഗ്രതയും ടിയർഗ്യാസും മുറയ്ക്ക് നടക്കുന്നുണ്ട്. വെറുപ്പിക്കലിന്റെ വൈറസ് പടർത്തുന്ന ഈ പാരലോയ്ഡ് പരിഭ്രാന്തക്കാരോടാണ് ഒരുലോഡ് പുച്ഛം!! പാവം, ആ നേഴ്സിനെയും കുടുംബത്തെയും വെച്ചുളള ‘സ്റ്റാറ്റസ്കളി’ അത്രമേൽ അരോചകം. മാലാഖയായും രക്തസാക്ഷിയായും അവരോധിച്ച് കവിതമെനയുന്ന പ്രകടനപരത നമ്മളെവിടുന്നാണ് പരിശീലിച്ചത്? ദുരന്തങ്ങളെല്ലാം ആഘോഷമാവാൻ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ചുട്ടുപൊള്ളുന്ന പനിക്കണ്ണുകൾക്കിടയിലും ബക്കാർഡി, സ്പൂണറിസ തമാശകൾ പറ്റുവതെങ്ങനെ? എത്ര ചെറുതായിപ്പോയി നമ്മുടെ ധാർമ്മികാകാശം!! ഹേ മനുഷ്യാ ഇന്നു നീ, നാളെ ഞാൻ...
ഈ കുരങ്ങ്, പന്നി, എലി വവ്വാൽസ് ടീമിന് എന്തിനാണപ്പാ നമ്മൾ ഇരുകാലികൃമികീടങ്ങളോട് ഇത്രകലിപ്പ്. കീഴ്ക്കാംതൂക്കായ ഫീവർ എന്നുളള പരിഹാസക്കളിയൊന്നും നിങ്ങൾക്ക് ദഹിക്കണുണ്ടാവില്ല, അല്ലേ... ഇവിടെ എല്ലാറ്റിനും തമാശയാണ്. മരണം രംഗബോധമില്ലാത്ത ജോക്കറാണ്. ഈ വാഴ്ത്തുപാട്ടിന് രണ്ടുദിവസത്തെ ആയുസ്സുതന്നെ ധാരാളം! പിന്നെ പതിവിൻപടി വീഴ്ത്തുപാട്ടുകളിലാവും ബദ്ധശ്രദ്ധ. പലരും ആസിഫയ്ക്ക് വെച്ച റീത്തിൽ മിനുക്കുപണി നടത്തി ലിനി സജീഷെന്ന മിഴിനീർപ്പൂവുകൾ ഒട്ടിച്ചുവെക്കുന്നു. മോളേ... പെങ്ങളേ... എന്നൊക്കെയുളള നിലവിളി ശബ്ദമിടലിൽ എത്ര ആത്മാർത്ഥതയുണ്ട്? ഒരു താൽക്കാലിക ജീവനക്കാരി ജോലിയുടെ ഭാഗമായി മരണത്തിന് കീഴ്പ്പെടുന്നു. അവർ തന്റെ ഉത്തരവാദിത്തത്തിൽ കൂടുതൽ ആത്മാർത്ഥത കാണിച്ചു. അതിനാൽ ബാധിതയായി. നമ്മുടെ പ്രതിരോധത്തിന്റെ പാളിച്ചകൾ ഇവിടെ മുഖ്യവില്ലനാണ്. നേഴ്സുമാരോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും അത്ര നല്ലതല്ല. പരിശോധനയ്ക്കിടയിൽ അവർ സുരക്ഷയിലും ശുചിത്വത്തിലും വിജിലന്റാവുന്പോൾ പൊതുജനം മുറുമുറുക്കും. ഡോക്ടർക്കില്ലാത്ത കൈയുറയും മുഖംമറയും നിങ്ങൾക്കെന്തിന്? നിങ്ങൾ ശരിക്കൊന്ന് പരിശോധിക്കെന്റെ സിസ്റ്ററേ... ഇതുപോലെ ആപത്തിലായാൽ ആരുമുണ്ടാവില്ല.. ആങ്ങളമാരും അപ്പോത്തിക്കിരിമാരും മാനേജ്മെന്റും സർക്കാരുമൊന്നും. ആ അമ്മയുടെ കത്ത് പോസ്റ്റിയാണ് ആളുകളിപ്പോൾ ലൈക്ക് വാരിക്കൂട്ടുന്നത്. വൈകാരികതയെ വിപണനം ചെയ്യുന്ന ബല്ലാത്തജാതി മനുഷ്യർതന്നെ ഭായീ ഞമ്മൾ. ആ രണ്ടു മക്കളെ കാണുന്പോൾ തന്നെ കരച്ചിൽ വരുന്നു. എന്നിട്ട് അവരെവെച്ചൊരു ലൈക്കുതെണ്ടലും. കേഴുക പ്രിയനാടേ...
ഈ വെളളം മാക്സിമം കലക്കി വലയുമായ് എത്തിയവരേറെ. നല്ല രാഷ്ട്രീയനഞ്ചും മിക്സിയിട്ടുണ്ട്. ഇതരസംസ്ഥാനീയർക്കായിരുന്നു ആദ്യത്തെ വെട്ട്. തലങ്ങും വിലങ്ങും കിട്ടിയത് വടക്കാഞ്ചേരിക്കാണ്. സർക്കാറിനും ആരോഗ്യവകുപ്പിനും ഈരണ്ട് സ്റ്റീൽഗുണ്ട്. അതങ്ങനെ പൊട്ടിയില്ല. മരുന്നുമാഫിയയുടെ ഫ്രോഡുഗെയിമെന്ന് പാണനാരും പാട്നേഴ്സും പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. വെളിച്ചം കാണാത്ത പല മരുന്നുകൾക്കും അഹല്യാമോക്ഷം ഇതോടെ ഉറപ്പ്. സ്റ്റോക്കിസ്റ്റിനും റെപ്പിനും കുറിപ്പടിക്കാർക്കും സപ്പസപ്പ നേട്ടങ്ങൾ.
മൾട്ടിനാഷണൽ മരുന്നു മുതലാളിയും കീടനാശിനി പ്രൊപ്രൈറ്ററും പോക്കറ്റു വലുതാക്കിയിട്ടുണ്ട്. നോന്പുകാലത്തെ ഈത്തപ്പഴ മാന്പഴ പഴവിപണികൾ മൂക്കും കുത്തി താഴേയ്ക്ക്.കാറ്റിന്റെ താരാട്ടേറ്റ് തൊട്ടുമുന്പിൽ വീണ കിളിച്ചുണ്ടൻ മാന്പഴത്തോടു പോലും ഇനി കുറച്ചുകാലം നമ്മുടെ കുട്ട്യോൾക്ക് പരമപുച്ഛം ആയിരിക്കും. പണ്ടെങ്ങാണ്ടോ സുനാമിയടിച്ചതിന് ഇപ്പഴും മീൻകാരനെ തിരിച്ചയയ്ക്കുന്ന വീട്ടമ്മമാരുണ്ട്. അറബിക്കടലിൽ ഇപ്പോഴും ശവങ്ങൾ ഒഴുകിനടക്കുന്നുണ്ട് പോലും.ഒണക്കമീനിന്റെ ആപ്പീസ് ഏഷ്യാനെറ്റ് ന്യൂസിലെ വാർത്തയോടെ പൂട്ടി സീൽവെച്ചിരുന്നു. ഒരു വാട്സാപ്പ് വീഡിയോയുടെ കാരുണ്യത്താൽ ഓൾകേരള തൈർ അസോസിയേഷനും ഏതാണ്ട് വീരചരമമടഞ്ഞു. അതിജീവിച്ച പലരും ഐസിയുവിലാണ്. ഉസ്ക്കൂളുപൂട്ടിക്കുക എന്നത് ഓരോ മലയാളീപൗരന്റെയും ജന്മാവകാശമാണ്! വവ്വാൽ മാത്രമല്ല വവ്വാൽ ലോഹ്യം പറഞ്ഞ കോഴികളും നിപ പരത്തും. ഈയൊരൊറ്റ ‘മസാജേ’വേണ്ടൂ.ചിക്കൻ തന്തൂരി ഗുദാഗവാ!! റമദാൻ മാസമാണെന്ന് നോട്ട് ദ പോയിന്റ്. വവ്വാലും ഫാമിലിയും താമസിക്കുന്ന മരവീടുകൾ, ഭൂഗർഭറിസോട്ടുകൾ എല്ലാം കുളംതോണ്ടാൻ സന്നദ്ധപ്രവർത്തകർ ബാഡ്ജ്കുത്തിക്കഴിഞ്ഞു. പാവം പ്രേതവാഹകരോടൊപ്പം കാടുംകാവും വള്ളിപ്പടർപ്പുകളും മരമുത്തശ്ശിമാരും കഥാവശേഷരാവും. പിന്നീടാണറിയിപ്പ് ഇവിടെ പരത്തിയത് വവ്വാലല്ല, വാട്സപ്പായിരുന്നെന്ന്. ഓർക്കുന്നുണ്ടോ? പതിനായിരക്കണക്കിന് താറാക്കുഞ്ഞുങ്ങളെക്കൊണ്ട് മേലേരി കൂട്ടിയത്!! നമ്മൾ മനുഷ്യർക്ക് എന്തുമാവാലോ??
മലേഷ്യയിലും സിംഗപ്പൂരിലും ബംഗ്ലാദേശിലും രണ്ടായിരത്തിയൊന്നിൽ ഇന്ത്യയിലും ഈ രോഗം എത്തിയതിന്റെ ശാസ്ത്രീയസത്യം നമ്മുടെ മുന്നിലുണ്ട്. അതിന്റെ വ്യാപനത്തെയും ഭീകരതയെയും പറ്റി സാമാന്യം അറിവുമുണ്ട് നമുക്ക്. മഹാ അഹങ്കാരികളായ നമ്മളുടെ മസ്തിഷ്ക്കത്തെത്തന്നെയാണ് ഈ ഭീകരരോഗം ടാർഗറ്റ് ചെയ്തിരിക്കുന്നത്. മസ്തിഷ്ക്കജ്വരഭീതിയിൽ ഈ ജൂൺ അങ്ങനെ കടന്നുപോവും. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും മാത്രമാണ് യഥാർത്ഥ പ്രതിരോധമെന്ന്, മരുന്നെന്ന് വിദഗ്ദ്ധർ ഉപദേശിക്കുന്നു. ഇതിനൊപ്പം ഒരൽപ്പം വാട്സാപ്പ് ശുചിത്വവും ഫേസ്ബുക്ക് ശുചിത്വവും കൂടി ദീക്ഷിക്കുകയാണേൽ കുറേക്കൂടി നമ്മൾ ബേജാർ പ്രൂഫായേനേ...
നിപ ഡങ്കി ഭീതിയിൽ ബാധിതപ്രദേശങ്ങളിലെ ആളുകൾക്ക് മുട്ടിടിക്കുന്പോഴും ആപ്പിൾ ഫോണിലെ ‘ആപ്പിൾ’ വവ്വാലു ചപ്പിയതാണെന്ന തമാശയിലും തലതിരിഞ്ഞ ലോകത്തിന് കീഴ്ക്കാം തൂക്കായ കടവാതിൽ കൊടുത്ത തലതിരിച്ച പനിയാണ് നിപയെന്ന ഗവേഷകതാത്ത്വികാചാര്യരുടെ തുടർച്ചയായ സെൽഫ് ഗോളുകൾ പോസ്റ്റിലെ നെറ്റിനെ ഓട്ടപ്പെടുത്തും. ചർവ്വിത ചർവ്വണം സോഷ്യൽമീഡിയകളുടെ നിലവാരത്തെ വല്ലാണ്ട് ബാധിച്ചിട്ടുണ്ട്. എത്രയോ പേർ കൂടൊഴിഞ്ഞു. കുറേപ്പേർ പെട്ടിയും കിടക്കയുമെടുത്ത് സ്റ്റാന്റ്ബൈയാണ്. സർഗ്ഗാത്മകതയുടെ ചില്ലകളാവേണ്ട ഒരിടം വെറുപ്പിന്റെയും മടുപ്പിന്റെയും വൈറസ്സ് (രോഗാണു) പെറ്റുപെരുകുന്ന ഒരുകുണ്ടുകുളമാക്കിയതിൽ നമ്മുടെയൊന്നും പങ്ക് ചെറുതല്ല. തൃത്താല എംഎൽഎയെ തെറിപറയാൻ മാത്രം പേജു തുറക്കുന്ന പോരാളികളുണ്ട്. തന്റെ ഭാര്യയുടെ ഫോണിൽ ഇൻബോക്സിലൂടെ എംഎൽഎ ഹായ് പറഞ്ഞെന്ന വീരവാദതാറടി ഒരാൾ നടത്തുന്നത് ഇന്നലെ നിരവധി ഷെയറുകളിലൂടെ കണ്ടു. സ്വന്തം ഭാര്യയിലൂടെയായാലും സാരമില്ല. മറ്റവൻ നാറണമെന്ന ആറ്റിറ്റ്യൂഡ് ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും. ഇവിടെ എഴുതാൻ ലജ്ജയും ജുഗുപ്സയുമുളള എത്രയോ കട്ട ഉദാഹരണങ്ങൾ ഉളളിൽ പുളിച്ചു തികട്ടുന്നുണ്ട്. നഷ്ടമായ ഇടങ്ങളിലെ സൗഹൃദപരിസരം ഉടൻ തിരിച്ചുപിടിക്കുക. അല്ലേൽ പരസ്പരം ആദരക്കൂപ്പുകൈ അർപ്പിച്ച് ഇവിടം നരകമാവും. വല്ല വവ്വാലു ചപ്പിയോ പൂച്ച മാന്തിയോ പന്നി നക്കിയോ നമ്മളും നിപ പ ധ നി സരിഗമ!!