കഥയിലെ രാജകുമാരനും രാജകുമാരിയും...
വി.ആർ സത്യദേവ്
പാശ്ചാത്യ ലോകം, പ്രത്യേകിച്ച് അമേരിക്കയും ബ്രിട്ടണും മത്സരിച്ചാഘോഷിക്കുകയായിരുന്നു ഹാരി--മേഗൻ മാർക്കിൾ പരിണയം. കറേ ദിവസങ്ങളായി ഇരു രാജ്യങ്ങളിലെയും പ്രമുഖ മാദ്ധ്യമങ്ങളുടെയെല്ലാം പ്രധാന വർത്തമാനം മറ്റൊന്നായിരുന്നില്ല. തൽക്കാലത്തേക്കെങ്കിലും കിം ജോംഗ് ഉന്നിനെയും ഉത്തരകൊറിയയും ഇറാനും ഒക്കെയുയർത്തുന്ന ആണവഭീഷണികളെയും റഷ്യൻ നായകൻ വ്ളദീമിർ പുടിൻ്റെ തന്ത്രങ്ങളെയും സിറിയയിലെയും പലസ്തീനിലെയും ചോരപ്പുഴകളെയും കൂട്ടക്കുരുതികളെയുമൊക്കെ കുറിച്ച് മുൻനിര മാദ്ധ്യമങ്ങളൊന്നും കാര്യമായി ആശങ്കപ്പെട്ടതേയില്ല. ആഗോള താപനവും അണ്വായുധ ഭീഷണിയുമൊന്നും അവരെ ആകർഷിച്ചതേയില്ല. ദിവസങ്ങളോളം ഇരു രാജ്യങ്ങളിലെയും മുൻനിര മാദ്ധ്യമങ്ങളെല്ലാം തലപുകച്ചത് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും അമേരിക്കൻ ടെലിവിഷൻ, സിനിമാ താരം മേഗൻ മാർക്കിളിൻ്റെയും വിവാഹവർത്തമാനങ്ങൾ മാത്രമായിരുന്നു. കഥകളും ഉപകഥകളും കണക്കുകളും കൊണ്ട് വർത്തമാനപത്രങ്ങളുടെ മുക്കും മൂലയും നിറയ്ക്കാനും പരസ്യമാക്കാവുന്ന എല്ലാ ചിത്രങ്ങളും കൊണ്ട് പത്രങ്ങൾക്കു മോടി കൂട്ടാനും മാദ്ധ്യമങ്ങൾ മത്സരിച്ചു. തലമുറകളായുള്ള ഹാരി രാജകുമാരൻ്റെ വിശേഷങ്ങൾ ചരിത്രമാണ്. എന്നാൽ മാർക്കിളിൻ്റെ കാര്യം അങ്ങനെയല്ല. ലോകത്തെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിലൊന്നാണ് ബ്രിട്ടീഷ് രാജകുടുംബം. മാർക്കിൾ ആ കുടുംബത്തിലേക്കു കാലുകുത്തിയതോടേ താരതമ്യേന പ്രചാരം കുറവായിരുന്ന മാർക്കിൾ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾക്കും പ്രാധാന്യമേറി. അവരുടെ കുടുംബ വിശേഷങ്ങളെല്ലാം ഇന്ന് ആരാധകർക്ക് മനപ്പാഠമായിക്കഴിഞ്ഞു. ബ്രിട്ടീഷ് കിരീടാവകാശികളിൽ ഒരാളായ ഹാരിയുടെ ജീവിത്തിലേക്ക് മാർക്കിൾ നടന്നടുത്തത് മുതൽ കഴിഞ്ഞ ദിവസം വിവാഹത്തോളമുള്ള കാര്യങ്ങൾ പല മാദ്ധ്യമങ്ങളിലൂടെ അനുവാചകർ ഹൃദിസ്ഥമാക്കിക്കഴിഞ്ഞതിനാൽ ഇനി അത് ആവർത്തിക്കുന്നതിൽ അർത്ഥമില്ല.
സ്ഥിതിവിവരക്കണക്കുകൾക്കും രാജകുടുംബത്തിന്റെ ഉപരിപ്ലവമായ വിശേഷങ്ങളിലുള്ള കൗതുകത്തിനുമപ്പുറം ഹാരി- മാർക്കിൾ പരിണയം പറഞ്ഞുവയ്ക്കുന്നത് വംശീയതയുടെയും ദേശീയതയുടെയും അതിരുകൾ താണ്ടിയുള്ള പ്രണയത്തിന് പാരന്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും നവീകരണത്തിന് വലിയ ഊർജ്ജം പകരാനാവും എന്നു തന്നെയാണ്. തൊലിവെളിത്ത അഭിജാത കുടുംബങ്ങളുമായി മാത്രം സാധാരണ ഗതിയിൽ ബാന്ധവങ്ങൾ അനുവദിക്കപ്പെട്ടിരുന്ന പാരന്പര്യ വാദികളായ രാജകുടുംബം കാലികമായി മാറി ചിന്തിക്കാനും അതിനുതകുന്ന തരത്തിൽ പ്രവർത്തിക്കാനും തയ്യാറായതുകൊണ്ടു മാത്രമാണ് ഇത്തരത്തിലൊരു വിവാഹം സാദ്ധ്യമായത്. ജനാധിപത്യത്തിൻ്റെ വർത്തമാനകാലത്ത് രാജാവും രാജാധിപത്യവുമൊക്കെ നമുക്ക് പൂർവ്വ ദുരിതങ്ങളുടെ മറക്കാനാഗ്രഹിക്കുന്ന ശേഷിപ്പുകളാണ്. അടിച്ചമർത്തലിൻ്റെ പ്രതിരൂപങ്ങളാണ്. നമ്മുടെ സ്വന്തം നാട്ടിലെ മുൻകാല രാജഭരണാധികാരികളെക്കുറിച്ച് പൊന്നുതന്പുരാൻ എന്നൊന്ന് വിശേഷിപ്പിക്കുന്നതുകൂടി പരിഷ്കൃതാശയരെന്ന് അവകാശപ്പെടുന്നവർക്ക് അജീർണ്ണമുണ്ടാക്കും. ആ മുൻ ഭരണാധിപന്മാരുടെയും രാജകുടുംബങ്ങളുടെയും ചരിത്രം തന്നെ അറബിക്കടലിൽ കളയേണ്ടതാണ് എന്നതാണ് നമ്മുടെയൊരു പൊതു ലൈൻ. എന്നാൽ ബ്രിട്ടീഷുകാർക്കും, ബ്രിട്ടീഷ് ഭരണാധികാരികളുടെ കാര്യം വരുന്പോൾ പൊതുവേ ലോകത്തിലെ വലിയൊരു വിഭാഗത്തിനും ഈ വെറുപ്പ് കൗതുകത്തിനും ഇഷ്ടത്തിനുമൊക്കെ വഴിമാറുന്നു. എവിടെയോ ഒളിച്ചിരിക്കുന്ന വിധേയത്വവും അഥമത്വ ബോധവും അപ്പോൾ ഉളുപ്പില്ലാതെ തലപൊക്കുന്നു. സായിപ്പിനെക്കാണുന്പോൾ കവാത്തു മറക്കുന്നത് അത്ര മോശം കാര്യമല്ലെന്ന് പരസ്യമായി സമ്മതിക്കാനും പലർക്കും മടിയില്ലാതാവുന്നു.
എന്നാൽ സായിപ്പിൻ്റെ കാര്യം അങ്ങനെയല്ല. കുറഞ്ഞപക്ഷം മേഗൻ മാർക്കിളിൻ്റെ കാര്യത്തിലെങ്കിലും സായിപ്പും ബ്രിട്ടീഷ് രാജകുടുംബവും തൊലിയുടെ നിറവും കൊട്ടിഘോഷിക്കപ്പെടുന്ന കുടുംബ മഹിമയുമൊന്നും ഏറെ മുഖവിലയ്ക്കടുക്കുന്നില്ല. മിശ്ര വംശജയായ ഈ സുന്ദരിയെ കുടുംബത്തിലേക്ക് സ്വീകരിക്കുകവഴി ബ്രിട്ടീഷ് രാജകുടുംബം ലോകത്തിനു മുന്നിൽ കാഴ്ചവയ്ക്കുന്നത് കാലികമായ മാറ്റവും ലോകമര്യാദകളുമാണ്. തൊലിവെളുത്ത മേധാവിത്വത്തിൻ്റെ ആഗോളപ്രതിരൂപമാണ് ഏതാനും നൂറ്റാണ്ടുകളായി ബ്രിട്ടീഷ് രാജവംശം. പാരന്പര്യത്തിൻ്റെ പതാകാവാഹകർ. ജനാധിപത്യത്തിൻ്റെ അധീശത്വകാലത്തും പാരന്പര്യത്തെ ആദരിക്കാൻ ശീലിപ്പിച്ച രാജാധികാരം. പരന്പരാഗതമായി അധികാരങ്ങളും അധീശത്വവും കൈവന്ന കുടുംബം. സ്വപ്നതുല്യമായ പദവിപ്രമാണങ്ങൾക്കൊപ്പം ഒരുപാട് നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും പാലിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. ആ കുടുംബത്തിലേക്ക് മേഗൻ മാർക്കിൾ കടന്നു വരുന്നത് ഒരുപാട് പതിവുകൾ തെറ്റിച്ചാണ്. ഒരിടത്തൊരിടത്തൊരിടത്ത്... പണ്ടുപണ്ട് ... എന്നിങ്ങനെയാരംഭിക്കുന്ന പഴങ്കഥകൾ എന്നും നമുക്ക് കൗതുകങ്ങളാണ്. ആ കഥകളിലെ കഥാപാത്രങ്ങൾക്കൊക്കെ ഒരുതരം മായികതയുണ്ട്. സാധാരണക്കാരല്ല അതിലെ രാജകുമാരനും രാജകുമാരിയുമൊക്കെ. അനുവാചക ഹൃദയങ്ങളിലെ വെള്ളക്കുതിരപ്പുറത്ത് എന്നെന്നും രാജകീയമായി വാഴുന്ന അത്തരം കഥാപാത്രങ്ങൾ പലപ്പോഴും നമ്മുടെ യുക്തിക്കും അപ്പുറത്ത് പറന്നു നടക്കുന്നവരാവും. അതുകൊണ്ടാണ് കഥയിൽ ചോദ്യമില്ല എന്നു നമ്മൾ പറയുകയും വിശ്വസിക്കുകയും, ചെയ്യുന്നത്. ആ കഥകളെക്കാൾ അവിശ്വസനീതയാണ് ഹാരി- മാർക്കിൾ വിവാഹത്തിനുമുള്ളത്.
നമ്മൾ കേട്ട പഴങ്കഥകളിൽ ചിലതുമായും ഈ രാജകീയ പരിണയത്തെ നമുക്കു ചേർത്തു വായിക്കാം. അത്തരം പഴങ്കഥകളിലൊന്നാണ് വിരൂപിയായ താറാക്കുഞ്ഞ് അരയന്നമായ കഥ. മുട്ടകൾ വിരിഞ്ഞ് ഒരുമിച്ചെത്തിയ താറാവുകുഞ്ഞുങ്ങളിൽ ഒന്ന് മറ്റു കുഞ്ഞുങ്ങളെപ്പോലെ ഭംഗിയുള്ളതായിരുന്നില്ല. എന്നാൽ വളർന്നപ്പൊഴാണ് അതൊരു അരയന്നക്കുഞ്ഞാണെന്ന അറിയുന്നത്. സൗന്ദര്യ തികവാണല്ലോ അരയന്നം. തൊലികറുത്തവനെ ഇന്നും അശ്രീകരമായി കാണുന്ന പാശ്ചാത്യർ കുറവല്ല. ആഫ്രിക്കക്കാരനും ആഫ്രോ അമേരിക്കനുമൊക്കെ അവർക്ക് വിരൂപികളായ താറാവുകൾ തന്നെ. അത്തരത്തിലുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജയായ മേഗൻ മാർക്കിൾ ആഭിജാതരുടെ നായകരായ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമാവുന്പോൾ, സസ്സെക്സിലെ പ്രഭ്വിയാവുന്പോൾ, ബ്രിട്ടീഷ് കിരീടാവകാശിയുടെ പത്നിയാവുന്പോൾ നടക്കുന്നത് വലിയ വിപ്ലവം തന്നെയാണ്. ഇവിടെ പിറക്കുന്നത് പുതിയ ചരിത്രമാണ്. സ്വന്തം സത്വം ഉറക്കെ ഉദ്ഘോഷിച്ചും അതിലെ അഭിമാനം മറവില്ലാതെ വെളിവാക്കിയുമാണ് മേഗൻ മാർക്കിൾ ഹാരിയുടെ പത്നിയാവുന്നത്. വിവാഹ ചടങ്ങുകൾ ഇത് വളരെ കൃത്യമായും പറഞ്ഞുവെച്ചു. ചടങ്ങിലേക്ക് ക്ഷണിയ്ക്കപ്പെട്ട കറുത്ത അതിഥികളുടെ സാന്നിദ്ധ്യമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയ ഒരു ഘടകം. പ്രമുഖ അവതാരക ഓപ്ര വിൻഫ്രി, ഇദ്രിസ് എൽബ എന്നിവരൊക്കെ ചടങ്ങിന് ക്ഷണിയ്ക്കപ്പെട്ടിരുന്നു. വിവാഹ ശുശ്രൂഷാ പ്രഭാഷണം നടത്തിയ ബിഷപ്പ് മൈക്കേൽ കറിയുടെ സാന്നിദ്ധ്യവും അതിഗംഭീരമായ വാക്കുകളും ചരിത്രം വഴിമാറുന്നത് കൂടുതൽ പ്രകടമാക്കി. അമേരിക്ക കണ്ട ഏറ്റവും മികച്ച സാമൂഹ്യ നവോത്ഥാനകരിൽ പ്രമുഖനായ മാർട്ടിൻ ലൂഥർ കിംഗിൻ്റെ വാചകങ്ങൾ ബിഷപ് കറി ഉദ്ധരിച്ചതും ശ്രദ്ധേയമായി.
വംശനീതി ഉറപ്പാക്കലിൻ്റെ ദീപശിഖാ കൈമാറ്റം കൂടിയാണ് വാസ്തവത്തിൽ ഈ രാജകീയ വിവാഹത്തിലൂടെ നടന്നത്. ഇതൊക്കെ കാര്യങ്ങൾ. കൗതുകങ്ങൾക്കാവട്ടെ അവസാനമില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒന്നാം കിരീടാവകാശി ചാൾസ് രാജകുമാരനും രാജകീയ പാരന്പര്യമുള്ള ഡയാന സ്പെൻസറിനും പിറന്ന ഹെൻറി ചാൾസ് ആൽബേർട് ഡേവിഡ് എന്ന ഹാരി രാജകുമാരൻ വധുവാക്കിയത് വൈരുദ്ധ്യങ്ങളുടെ ധ്രുവങ്ങളിലുള്ള രണ്ട് വ്യക്തികൾക്ക് പിറന്ന പെൺകുട്ടിയെ ആണെന്ന് പറയാം. ഒരുകാലത്ത് അടിമകളായിരുന്ന പൂർവ്വ പിതാക്കളുടെ കുടുംബത്തിലാണ് റേച്ചൽ മേഗൻ മാർക്കിളിൻ്റെ അമ്മ ഡോറിയ റാഗ്ലാൻഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജ പിറന്നത്. സാമൂഹ്യ പ്രവർത്തകയും യോഗ പരിശീലകയുമാണ് അവർ. ഹോളിവുഡ് ലൈറ്റിംഗ് ഡിസൈനറായിരുന്ന അച്ഛൻ തോമസ് മെർക്കിളാവട്ടെ ഡച്ച്, ഇംഗ്ലീഷ്, ഐറിഷ് പാരന്പര്യമുള്ള അഭിജാതനും. രാജരക്തത്തിൻ്റെ അവകാശി എന്നും പറയാം. എന്നാലും ആ കഥ പറഞ്ഞാൽ അത് ബ്രിട്ടീഷ് രാജസ്ഥാനത്തിന് അത്ര ഹിതകരമാകാനിടയുില്ല. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ സ്കോട്ടീഷ് രാജാവ് റോബർട്ട് ഒന്നാമൻ്റെ പരന്പരയിൽ പെട്ടയാളാണ് തോമസ് മെർക്കിൾ. മസ്സാച്യുസെറ്റ്സ് സ്ഥാപകൻ ക്രസ്റ്റഫർ ഹസ്സിയും ഈ കുടുംബക്കാരൻ തന്നെ. അമേരിക്കയിലെ യൂറോപ്യൻ അധിനിവേശാരംഭ കാലത്ത് ഇംഗ്ലീഷ് രാജപ്രതിനിധിയായിരുന്നു ക്രിസ്റ്റഫർ ഹസ്സി.
കുടുംബപരമായ ഇത്തരം വ്യത്യാസങ്ങൾക്കപ്പുറം സമാനതകളും ഏറെയാണ്. മേഗന്റെ ആറാം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. പ്രശസ്തിയുടെയും പ്രതാപത്തിൻ്റെയും പരകോടിയിൽ നിൽക്കെ ഹാരിയുടെ മാതാപിതാക്കളും വഴിപിരിഞ്ഞ കഥ ലോക പ്രശസ്തമാണല്ലോ. പൊതു ജീവിതത്തിൽ കൃത്യമായ പ്രതികരണങ്ങൾ നടത്തുന്ന ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമാണ് മേഗൻ. ഇൻസ്റ്റാഗ്രാമിൽ മൂന്നുലക്ഷത്തോളം ഫോളോവേഴ്സാണ് അവർക്കുണ്ടായിരുന്നത്. മേഗൻ്റെ സെൽഫികൾ പ്രശസ്തമായിരുന്നു. ഒരു ഇൻ്റർനെറ്റ് പ്രസിദ്ധീകരണത്തിൻ്റെ സ്ഥാപകയും എഡിറ്ററുമായിരുന്നു അവർ. ഇനി ഇതെല്ലാം ഓർമ്മയാവുകയാണ്. പ്രിയപ്പെട്ടത് പലതും ത്യജിച്ചാണ് മേഗൻ ഹാരിയുടെ പ്രിയതമയാകുന്നത്.
രാജകുടുംബത്തിന് നവമാദ്ധ്യമങ്ങളും സെൽഫികളുമൊക്കെ നിഷിദ്ധമാണ്. ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്ന മേഗന് ഇനി വോട്ടുചെയ്യാനാവില്ല എന്നതാണ് മറ്റൊരു വിശേഷം. രാഷ്ട്രീയത്തിൽ നിന്നും രാജകുടുംബാംഗങ്ങൾ ഒഴിഞ്ഞു നിൽക്കുന്നതാണ് ബ്രിട്ടണിലെ പതിവ്. ഇതിനൊക്കെ തുടക്കത്തിൽ മേഗൻ വഴങ്ങുകയാണ്. മാറ്റങ്ങൾ വലുതാണ്. എന്നാൽ ഹാരിയുടെ അമ്മ ഡയാനയെപ്പോലെ ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ മേഗാനും നടക്കുമോയെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അതിനുള്ള സാദ്ധ്യതകൾ കുറവാണ്. എന്നാൽ മേഗൻ്റെ വരവ് ബ്രിട്ടീഷ് രാജവംശത്തിൻ്റെ പാരന്പര്യ പിടിവാശികളുടെ പിടിച്ചു കെട്ട് കുറച്ചെങ്കിലും ഇല്ലാതെയാക്കുമെന്ന് ഉറപ്പ്.