ഫാത്തിമ ബിസ്മിയെ മാതൃകയാക്കാം
കൂക്കാനം റഹ്്മാൻ
വർഗ്ഗീയത വിഷം തുപ്പുന്ന വർത്തമാനകാല സാഹചര്യത്തിൽ ഫാത്തിമ ബിസ്മി മോളേ നീയൊരു വഴികാട്ടിയാണ്. മതാന്ധത പത്തിവിടർത്തിയാടുന്ന സമൂഹത്തിൽ നീയൊരു വെള്ളിവെളിച്ചമാണ് മോളേ. അനുഗ്രഹ് എന്ന ജന്മനാ സ്വാധീനം കുറഞ്ഞ കുഞ്ഞിനെ സഹായിക്കാൻ ബിസ്മി എന്ന പെൺകുഞ്ഞ് തയ്യാറായി മുന്നോട്ട് വരുന്നു. രണ്ടാളും അന്ന് ഒന്നാം ക്ലാസുകാർ. കോഴിക്കോട് പറന്പിൽ കടവ് സ്ക്കൂളിലെത്തിയ സെറിബ്രൽ പാൾസി ബാധിച്ച അനുഗ്രഹ് എന്ന കുട്ടിയുടെ സ്വാധീനമില്ലാത്ത അവസ്ഥ ബിസ്മിമോൾ കാണുന്നു. അമ്മ അവനെ പരിചരിക്കുന്നത് കാണുന്നു. ടീച്ചർമാർ അവന് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുന്നത് കാണുന്നു. അതുകണ്ട് മനസ്സിലാക്കിയ ബിസ്മി അനുഗ്രഹിനെ സഹായിക്കാൻ മുന്നോട്ടു വരുന്നു. സന്നദ്ധ പ്രവർത്തനം ജന്മനാനുഗ്രഹമായി കിട്ടിയ ബിസ്മി അനുഗ്രഹിനെ പരിചരിക്കാൻ തയ്യാറായി. അനുഗ്രഹിന് സ്വയം ചെയ്യാൻ കഴിയാത്തതെല്ലാം ബിസ്മി ചെയ്തു കൊടുത്തു. അനുഗ്രഹിനെ ഒക്കത്തെടുത്തു ബിസ്മി സ്ക്കൂൾ മുഴുവൻ നടക്കും. അവൾ അവനെ കൊച്ചുകുഞ്ഞിനെയെന്നപോലെ പരിചരിച്ചു. ഭക്ഷണം വായിലിട്ടു കൊടുക്കും, കൈ കഴുകിക്കും, ശുചിമുറിയിൽ കൊണ്ടിരുത്തും, പാഠഭാഗങ്ങൾ ചെയ്യാൻ സഹായിക്കും. കാഴ്ചക്കാർക്ക് ഇതൊരദ്ഭുതമായി. നാട്ടുകാർക്ക് ഇതൊരു ചർച്ചാ വിഷയമായി. പക്ഷേ ഫാത്തിമ ബിസ്മി ഇതൊന്നും അറിയുന്നില്ല. കരുണയുടെ മൂർത്തീഭാവമായ ബിസ്മി തന്റെ ഉത്തരവാദിത്വം സ്നേഹപൂർവ്വം നിർവ്വഹിച്ചുകൊണ്ടിരുന്നു.
ഇക്കാര്യം മത ഭ്രാന്തന്മാർ ആരും കണ്ടില്ലേ? വർഗ്ഗീയത തലക്കു പിടിച്ചവരുടെ ശ്രദ്ധയിൽപ്പെട്ടില്ലേ? പെട്ടാൽ പ്രശ്നമാവില്ലേ? മുസ്ലീം പെൺകുട്ടി ഹിന്ദു ആൺകുട്ടിയെ പരിചരിക്കരുത്. എന്നവർ ആക്രോശിക്കുകയില്ലായിരുന്നോ? വളർന്നുവരുന്ന തലമുറയ്ക്ക് മതസ്പർദ്ദയില്ല. സ്നേഹവും കരുണയും മാത്രമേയുള്ളൂ. അവരെ പരസ്പരം തെറ്റിക്കുവാൻ കച്ചകെട്ടി ഇറങ്ങിയ മനുഷ്യസ്നേഹത്തിന്റെ ശത്രുക്കളെ കരുതിയിരിക്കുകയേ രക്ഷയുള്ളൂ. ഈ പിഞ്ചോമനകൾ മാതൃകയാണ്. അവർ മറ്റൊന്നും ആലോചിക്കുന്നില്ല. അവരുടെ മനസ്സിൽ വേർതിരിവുകളുടെ വേലികെട്ടുകളില്ല. തുറന്ന മനസ്സും തുറന്ന സമീപനവും മാത്രം.
അനുഗ്രഹിന്റെ അമ്മ ഫാത്തിമ ബിസ്മിയുടെ നന്മയെക്കുറിച്ച് പറയുന്ന വാക്കുകൾ നോക്കൂ. ‘ആ മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നന്മയുള്ള കുട്ടിയാണവൾ’ ഇത്തരമൊരു സ്നേഹവാക്കുകളാണ് അനുഗ്രഹിന്റെ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ബിസ്മി എന്ന മുസ്ലിം പെൺകുട്ടി തന്റെ സഹപാഠി എന്ന നിലയിലാണ് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. അനുഗ്രഹ് ഹിന്ദുവാണെന്നും, ഞാൻ മുസ്ലിം ആണെന്നും എന്ന ചിന്ത അവർക്കുണ്ടായില്ല. ഈ സ്നേഹ വായ്പ്പിന് എന്തു പേരിടണം? ഇക്കാലത്ത് എവിടെയും കാണാത്ത നന്മ നിറഞ്ഞ ഒരു കാഴ്ചയായിരുന്നു ഇത്. ഇരുവരുടെയും ചിരിക്കുന്ന മുഖം ആകർഷണീയമാണ്. തനിക്കൊപ്പം ബിസ്മി എന്ന സഹോദരി എന്നുമുണ്ടാകും എന്ന വിശ്വാസമാണ് അനുഗ്രഹിന്.
ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്ക്കൂളിൽ ചേരാൻ പോകുന്പോഴും നിനക്കൊപ്പം ഞാനുണ്ടാകുമെന്ന് പറയാതെ പറയുന്ന കാരുണ്യതെളിച്ചം അവളുടെ കണ്ണുകളിൽ കാണാം. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ പരിശുദ്ധമായ സ്നേഹമുണ്ട്. ആരെയും തിരിച്ചെന്തുകിട്ടും എന്ന പ്രതീക്ഷയില്ലാതെ സ്നേഹിക്കുവാനുള്ള കഴിവുണ്ട്. ഈ കഴിവിനെയാണ് മനുഷ്യരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഇല്ലാതാക്കാൻ ചില ദുഷ്ട മനുഷ്യർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ കപട ഭാവത്തെയും, കള്ളക്കളികളെയും തിരിച്ചറിഞ്ഞ് നാമെല്ലാം മനുഷ്യരാണ് എന്ന മാനുഷിക ചിന്ത എല്ലാവരിലും ഉണ്ടാക്കിയെടുത്താൽ അൽപം ആശ്വാസമായേനേ. യഥാസമയം അനുഗ്രഹിന് പരിചരണം കിട്ടിയതാണ് അവന്റെ മുന്നോട്ടുള്ള പോക്കിന് ശക്തി പകർന്നതെന്ന് സ്ക്കൂളിലെ അദ്ധ്യാപകരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.
വിശക്കുന്പോൾ ഭക്ഷണം വായിലിട്ടു കൊടുക്കുകയും, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വായ ശുചിയാക്കാനും, ഭക്ഷണപാത്രം കഴുകിവെക്കാനുമെല്ലാം ഫാത്തിമ ബിസ്മി എന്ന പെൺകുട്ടി അവന്റെ കൂടെത്തന്നെ ഉണ്ടാകും. തലയിൽ തട്ടമിട്ട പെൺകുട്ടി അനുഗ്രഹിന് ചോറ് വാരി കൊടുക്കുന്ന രംഗം കണ്ടാലറിയാം, ബിസ്മി എത്രമാത്രം കരുതലാണ് അവനോട് കാണിക്കുന്നതെന്ന്. അടുത്ത വിദ്യാഭ്യാസ വർഷം രണ്ട് പേരും പറന്പിൽ കടവ് സ്ക്കൂളിനോട് വിടപറയുകയാണ്. ഹൈസ്ക്കൂൾ വിദ്യാർത്ഥികളായി പയിന്പ്രയിലെ സ്കൂളിൽ ചേരുകയാണ് രണ്ട് പേരും. പ്രസ്തുത സ്ക്കൂളിലെത്തിയാലും അനുഗ്രഹിന് തണലായി ബിസ്മി ഉണ്ടാകുമെന്നും വിശ്വസിക്കുകയാണ് അനുഗ്രഹിന്റെ അമ്മ സുധ.
ഇവരെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകൾ കുട്ടികളെ കാണാനെത്തുന്നുണ്ട്. ബിസ്മിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവൾ ഇതൊന്നും പ്രതീക്ഷിച്ചല്ല നന്മ പ്രവർത്തിച്ചത്. കാതോലിക്കബാവ ബസോലിയോസ് മാർത്തോമ പൗലോസ് ദ്വിതീയനും, യൂനിസെഫ് മാധ്യമ അംബാസഡർ കൂടിയായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ബിസ്മിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഇവർ കാട്ടിത്തന്ന വെളിച്ചം ഇന്ത്യയാകെ പടരണം. മനുഷ്യത്വത്തെ അംഗീകരിക്കണം. ജാതി-മത- ഭ്രാന്തുകൾ മാറ്റി വെക്കണം. വളർന്നു വരുന്ന കുഞ്ഞുങ്ങൾ ഈ ചിന്ത സമൂഹത്തിൽ വളർത്തികൊണ്ടു വരണം. സ്നേഹത്തിന്റെ പുതിയ പാഠവും പ്രകാശവുമായി വർത്തിക്കുന്ന ഫാത്തിമ ബിസ്മിമാർ നിരവധി ഉണ്ടാവട്ടെ ഇവിടെ.
മതത്തിനപ്പുറം മനുഷ്യനാണ് വലുതെന്ന ചിന്ത എല്ലാവരിലും വേരൂന്നി നിൽക്കട്ടെ. മനുഷ്യരെല്ലാം ഒന്നാണെന്നും പരസ്പരം സഹായസഹകരണങ്ങൾ ചെയ്യേണ്ടവരാണെന്നും ചിന്തയുള്ള ആളുകളാണ് ഇന്ത്യയിൽ മഹാഭൂരിപക്ഷവും. വിരലിലെണ്ണാവുന്ന വിഷജന്തുക്കൾ മാത്രമേ ഇവിടുള്ളൂ. അവരാണ് പശുവിനെ കൊല്ലുന്നവരെ കൊല്ലണമെന്നും, ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചു പറയാത്തവർ ഇന്ത്യ വിടണമെന്നുമൊക്കെ പ്രചരിപ്പിക്കുന്നത്. ഈ കുഞ്ഞിളം മനസ്സുകളിലെ, വിഭാഗീയതയില്ലാത്ത ചിന്തയും പ്രവൃത്തിയും നമുക്കു മാതൃകയാവട്ടെ. വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ ഫാത്തിമ ബിസ്മിയും അനുഗ്രഹ് എന്ന കുഞ്ഞുമോനും മാതൃകാ പാഠമാവാന് വിദ്യാലയങ്ങളും ശ്രദ്ധിക്കണം.