തൊഴിലിടത്തിലെ വേട്ടനായ്ക്കൾ
ജെ. ബിന്ദുരാജ്
പത്തു വർഷങ്ങൾക്കു മുന്പാണ്. ചെന്നൈയിലെ ഓഫീസിലേയ്ക്ക് അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച ഒരു അധ്യാപികയുടെ ഫോൺ കോൾ വരുന്നു. ടീച്ചറുടെ പേരു കേട്ടപ്പോൾ ബഹുസന്തോഷം. സ്നേഹനിധിയായ ഒരു അധ്യാപിക. ടീച്ചറോട് വിശേഷങ്ങൾ തിരക്കി. അൽപനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ടീച്ചർക്ക് എന്നോട് പറയാനുള്ളത് ഇനിയും പറഞ്ഞിട്ടില്ല എന്നെനിക്ക് തോന്നി. എന്തോ ഒരു വിഷമമുണ്ട് ടീച്ചറുടെ വാക്കുകളിൽ. വർഷങ്ങൾക്കുശേഷമുള്ള കോളാണെങ്കിലും വാക്കുകൾ വിതുന്പലോടെ വഴിമുട്ടിനിന്നാൽ നമുക്ക് മനസ്സിലാകുമല്ലോ.
ടീച്ചറോട് വിഷമത്തിന്റെ കാരണം ചോദിച്ചു. ആദ്യം പറയാൻമടിച്ചെങ്കിലും ടീച്ചർ പിന്നീട് കാര്യം പറഞ്ഞു. സ്കൂളിലെമധ്യവയസ്കനായ ഒരു അദ്ധ്യാപകനിൽ നിന്നും രണ്ടു മൂന്നുവട്ടം കഴിഞ്ഞ ഒരു മാസത്തിനിടെ ലൈംഗിക അതിക്രമത്തിന് ടീച്ചർ വിധേയയായിരിക്കുന്നു. പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞപ്പോൾ സ്ത്രീയായ അവർ അത് മറച്ചുവയ്ക്കാനാണ് ടീച്ചറോട് ആവശ്യപ്പെട്ടത്. വീട്ടിൽ വിവരം പറയാനോ പൊലീസിൽ പരാതി നൽകാനോ ടീച്ചർക്ക് ധൈര്യമില്ല. ആരുമറിയാത്ത രീതിയിൽ അദ്ധ്യാപകന്റെ ശല്യം അവസാനിപ്പിച്ചു തരണമെന്നാണ് ടീച്ചറുടെ അപേക്ഷ.മൃദുസ്വഭാവക്കാരിയായ ടീച്ചർക്ക് പരിമിതികളുണ്ടെന്ന് നന്നായി അറിയാവുന്നതുകൊണ്ടു തന്നെ ഇരുചെവിയറിയാതെ പ്രശ്നം പരിഹരിക്കാൻ ഒരു മാർഗം മാത്രമേ അന്ന് എന്റെ മനസ്സിൽ തോന്നിയുള്ളു. അഹിംസ വാദം തൽക്കാലത്തേക്കൊന്ന് മാറ്റിെവയ്ക്കുക. ഞാൻ പിറ്റേന്ന് തന്നെ ഓഫീസിൽ നിന്നും മൂന്നു ദിവസത്തേയ്ക്ക് ലീവെടുത്ത്, ടീച്ചർ പോലുമറിയാതെ നാട്ടിലെത്തി, അദ്ധ്യാപകനെ സന്ദർശിച്ചു മടങ്ങി. പിന്നീടൊരിക്കലും ടീച്ചർക്ക് അയാളുടെ ഉപദ്രവം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് എന്റെ അറിവ്.
ചില രോഗങ്ങൾക്ക് ചെറിയ മരുന്നു മതിയാകും. ആ അദ്ധ്യാപകന് നേരെയാകാൻ അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. പക്ഷേ 2013ഓടെ തൊഴിലിടങ്ങളിലെ പീഡനങ്ങളെ കർശനമായി നേരിടാൻ നിയമങ്ങൾ വന്നതോടെ കേവലം ഒരു പ്രഹരത്തിൽ ഒതുങ്ങില്ല ശിക്ഷയെന്നു വന്നു. 2013 ഡിസംബർ 9ന് സെക്വഷ്ൽ ഹാരാസ്മെന്റ് ഓഫ് വുമൻ അറ്റ് വർക്ക്പ്ലേസ് (പ്രിവെൻഷൻ, പ്രൊഹിബിഷൻ ആന്റ് റിഡ്രസ്സൽ) ആക്ട് നിലവിൽ വന്നതോടെ തൊഴിലിടങ്ങളിലെ പീഡനങ്ങൾക്ക് തടയിടാൻ കർക്കശ വ്യവസ്ഥകളുള്ള നിയമമായി എന്നൊരു ആശ്വാസം രാജ്യത്തെ അസംഖ്യം സ്ത്രീ തൊഴിലാളികൾക്കുണ്ടായി. 1997ൽ സുപ്രീം കോടതി ലൈംഗിക പീഡനക്കേസ്സുകൾ കൈകാര്യം ചെയ്യുന്പോൾ പാലിക്കാനായി നിർദ്ദേശിച്ച വിശാഖ മാർഗനിർദ്ദേശങ്ങൾക്കു പകരമായി മാറി കൂടുതൽ വിശാലവും കൂടുതൽ പേരെ ഉൾക്കൊള്ളുന്നതുമായ ഈ പുതിയ നിയമം. വിശാഖ മാർഗനിർദ്ദേശങ്ങൾക്കു കീഴിൽ തൊഴിലാളിയും തൊഴിൽദാതാവും തമ്മിലുള്ള ഇടപെടലുകളെ ആധാരമാക്കി മാത്രമാണ് മാർഗനിർദ്ദേശങ്ങൾ നൽകപ്പെട്ടിരുന്നതെങ്കിൽ പുതിയ നിയമത്തിൽ ഓഫീസിനപ്പുറം സംഘടനയോ അസംഘടിത ജീവനക്കാരോ ഗാർഹിക തൊഴിലാളികളോ ആരുമാകട്ടെ, അവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും എന്ന നില വന്നു. എന്തിന്, ഒരു തൊഴിലിടത്ത് തൊഴിലെടുക്കുന്ന സ്ത്രീകൾക്കു മാത്രമായല്ല ഈ നിയമം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പീഡനം നടന്ന തൊഴിലിടത്ത് ഇരയാക്കപ്പെട്ടയാൾ ജീവനക്കാരിയല്ലെങ്കിലും ഈ നിയമത്തിന്റെ കീഴിൽ പീഡകർക്കെതിരെ നീങ്ങാൻ സ്ത്രീയ്ക്കാവും. സർക്കാർ ഓഫീസോ സ്വകാര്യ ഓഫീസോ അതെന്തുമാകട്ടെ, പത്ത് ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനമാണെങ്കിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പരാതി നൽകപ്പെടുന്നതിനായി ഒരു ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റി (ഐസിസി) സ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്നും നിയമം കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ഥാപനത്തിലെ ആഭ്യന്തര സമിതിക്ക് പരാതി നൽകണോ പൊലീസിന് പീഡകനെതിരെ ക്രിമിനൽ പരാതി നൽകണമോ എന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവും നിയമം ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് നൽകുന്നുണ്ട് നിയമം. പരാതി സമിതിക്ക് ലഭിച്ചു കഴിഞ്ഞാൽ 90 ദിവസത്തിനകം അതിന്മേലുള്ള അന്വേഷണം പൂർത്തിയാക്കണമെന്നും റിപ്പോർട്ട് തൊഴിൽ ദായകനോ ജില്ലാ ഓഫീസർക്കോ നൽകണമെന്നും 60 ദിവസത്തിനുള്ളിൽ റിപ്പോർട്ടിൽ നടപടിയുണ്ടാകണമെന്നും നിയമം പറയുന്നു.
നിയമം പാസ്സാക്കപ്പെട്ടിട്ട് അഞ്ചു വർഷമായെങ്കിലും പത്ത് ജീവനക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിൽ ഐ സിസി രൂപീകരിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ തൊഴിൽ സ്ഥാപനങ്ങൾ ഇന്നും മെല്ലെപ്പോക്ക് നയം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന ഇക്കാര്യത്തിൽ ഇന്ത്യ പുലർത്തുന്ന അലംഭാവത്തെ അവരുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയിലെ 36 ശതമാനം ഇന്ത്യൻ കന്പനികളും 25 ശതമാനം ബഹുരാഷ്ട്ര കന്പനികളും ഇനിയും ഈ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെന്ന് 2015ലെ ഫിക്കിഇവൈ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ത്രീസുരക്ഷയെപ്പറ്റി നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും അവസ്ഥ ഭിന്നമല്ല. കേരളത്തിലെ ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഐ സി സി രൂപീകരിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ. ഈ വസ്തുത ബോധ്യപ്പെട്ടതിനാലാണ് കേരളത്തിൽ 2017ൽ രൂപീകരിക്കപ്പെട്ട വനിതാ ശിശു വികസന വകുപ്പ് അടിയന്തരമായി ഐ സി സി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും രൂപീകരിക്കണമെന്നും മേയ് 31നു മുന്പായി പാനൽ രൂപീകരിച്ച വിവരവും വിശദാംശങ്ങളും തങ്ങളെ അറിയിക്കണമെന്നും പത്തിലധികം ജീവനക്കാരുള്ള എല്ലാ സംസ്ഥാന സ്ഥാപനങ്ങൾക്കും തന്നെ കഴിഞ്ഞയാഴ്ച നിർദ്ദേശം നൽകിയത്. 2018 ഏപ്രിൽ മാസം വരെ മാത്രം കേരളത്തിലെ തൊഴിലിടങ്ങളിൽ പീഡനത്തിന് വിധേയമായതായി 66 സ്ത്രീകളാണ് ഇതുവരെ വനിതാ കമ്മീഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിലെ വിവരവും ഞെട്ടിപ്പിക്കുന്നതു തന്നെ. 2013ൽ 86 കേസ്സുകളും 2014ൽ 179 കേസ്സുകളും 2015ൽ 93 കേസ്സുകളും 2016ൽ 192 കേസ്സുകളും 2017ൽ 251 കേസ്സുകളും തൊഴിലിടങ്ങളിലുള്ള പീഡനത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2010നും 2017നുമിടയിലുള്ള ഏഴു വർഷക്കാലയളവിൽ ഏറ്റവുമധികം തൊഴിലിട ലൈംഗികപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 2017ൽ രജിസ്റ്റർ ചെയ്യപ്പെട്ട 251 തൊഴിലിട പീഡനങ്ങളിൽ 61ഉം റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തു നിന്നു തന്നെയാണെന്നത് സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനമായ തലസ്ഥാനനഗരി സ്ഥിതി ചെയ്യുന്ന ഇടം തന്നെയാണ് സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും ഭീതിജനകമായ ജില്ലയെന്ന് വ്യക്തമാക്കുന്നുമുണ്ട്.
തൊഴിലിടത്തെ ലൈംഗികപീഡനത്തെ നിയമത്തിന്റെ വരികളിലൂടെ മാത്രം വായിക്കുകയും ഇരയാക്കപ്പെട്ടയാൾക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നതിന്റെ ഒരു ഉദാഹരണം സമീപകാലത്ത് നാം കണ്ടതാണ്. പ്രമുഖ എഴുത്തുകാരനും കലാവിമർശകനുമായ സദാനന്ദ് മേനോനെതിരെ, മീ ടു ക്യാംപെയ്ന്റെ സമത്ത് ഉയർന്ന ഒരു ലൈംഗിക പീഡന വിവാദത്തിൽ ഇന്ത്യയിലെ പ്രമുഖ മാധ്യമ പരിശീലന സ്ഥാപനമായ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം സ്വീകരിച്ച നിലപാട് തന്നെ നോക്കുക. സ്ഥാപനത്തിലെ മുൻ വിദ്യാർത്ഥിനിയാണ് സദാനന്ദ് മേനോൻ ഫാക്കൾട്ടി അംഗമായ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ (എ സി ജെ) ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റിക്ക് അദ്ദേഹത്തെപ്പറ്റി ലൈംഗിക പീഡന പരാതി നൽകിയത്. താൻ എ സി ജെയിലെ പൂർവ വിദ്യാർത്ഥിയാണെന്നും അവിടത്തെ ഫാക്കൾട്ടി അംഗമായ സദാനന്ദ് മേനോന്റെ സ്പേസ് എന്ന സാംസ്കാരിക സ്ഥാപനത്തിൽ വച്ച് തന്നെ ലൈംഗികമായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു പരാതി. പരാതി നൽകി മൂന്നു മാസത്തോളം കാത്തിരുന്നെങ്കിലും എ സി ജെയിലെ ഐ സി സി സദാനന്ദ് മേനോനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടർന്ന് പെൺകുട്ടി സ്ഥാപനത്തിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടി കോളേജിൽ വച്ചല്ല പീഡിപ്പിക്കപ്പെട്ടതെന്നും അവിടെ വിദ്യാർത്ഥിയായിരുന്ന കാലത്തല്ല സംഭവം നടന്നതെന്നുമാണ് എ സി ജെ നൽകിയ മറുപടി. 2011ൽ സ്പേസസിൽ നടന്ന സംഭവത്തിന് 2018 ജനുവരിയിൽ എ സി ജെയുടെ ഐ സി സിയിൽ പരാതിപ്പെടുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യുകയായിരുന്നു അവർ ചെയ്തത്. എന്നാൽ 2018 മേയ് മൂന്നിന് എ സി ജെയിൽ നടന്ന ബിരുദദാന ചടങ്ങിനുശേഷം ചില പൂർവ വിദ്യാർത്ഥിനികൾ സ്ഥാപനത്തിലെ വിദ്യാർത്ഥിനികളുടെ സുരക്ഷയെക്കരുതി ഫാക്കൾട്ടി അംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും എ സി ജെ പറഞ്ഞത് സംശയത്തിന്റെയോ ഗോസിപ്പുകളുടെയോ അടിസ്ഥാനത്തിൽ തങ്ങൾക്ക് അന്വേഷണം നടത്താനാകില്ലെന്നും നടപടിയെടുക്കാനാകില്ലെന്നുമാണ്. എന്നാൽ ആരോപണങ്ങളെ തുടർന്ന് കോളെജിലെ ഫാക്കൾട്ടി സ്ഥാനത്തു നിന്നും താൻ മാറി നിൽക്കുകയാണെന്ന് സദാനന്ദ് മേനോൻ അറിയിച്ചതായും കോളെജ് തുടർന്ന് വ്യക്തമാക്കി. നിയമത്തിന്റെ പഴുതുകൾ എങ്ങനെയാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നു നോക്കുക. തൊഴിലിടത്തിൽ വച്ചല്ല പീഡനമുണ്ടായിട്ടുള്ളതെന്നും പീഡനം നടന്നത് കുറെയേറെ കാലം മുന്പാണെന്നുമായിരുന്നു മാധ്യമപ്രവർത്തകനായിരുന്ന കെ ശശികുമാർ നേതൃത്വം നൽകുന്ന കോളെജിന്റെ വാദം. നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അത് ശരിയാണ് താനും. പക്ഷേ നിലവിൽ കോളെജിൽ അദ്ധ്യാപകനായിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് ആരോപണം ഉയർന്നതെന്നത് കോളെജ് ഗൗരവതരമായി തന്നെ കണക്കിലെടുക്കേണ്ട കാര്യമായിരുന്നു. പെൺകുട്ടികളോട് മോശമായി പെരുമാറുന്ന ഒരാൾ അദ്ധ്യാപകനായി കോളെജിൽ ഉണ്ടെന്നു വരുന്നത് സ്ഥാപനത്തിനുണ്ടാക്കുന്ന ചീത്തപ്പേര് ചെറുതല്ല. മാത്രവുമല്ല, വിദ്യാർത്ഥിനികളുടെ സുരക്ഷ ആ സ്ഥാപനത്തിന്റെ ഒരു പ്രധാന ആശങ്കയായി മാറേണ്ടതുമായിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമായിരുന്നുവെങ്കിൽ ഇത്തരമൊരു പരാതി ലഭിക്കുന്ന നിമിഷം മുതൽ തന്നെ അദ്ധ്യാപകനോട് താൽക്കാലികമായെങ്കിലും സ്ഥാപനത്തിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുമായിരുന്നു. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല.
ഇന്ത്യയിൽ തൊഴിലിട ലൈംഗിക പീഡനം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഐ ടി കന്പനികളിൽ നിന്നും ബാങ്കിങ് മേഖലയിലുള്ള കന്പനികളിൽ നിന്നുമാണ്. ഇതിനർത്ഥം മറ്റു മേഖലകളിൽ ലൈംഗിക പീഡനങ്ങൾ നടക്കുന്നില്ലെന്നല്ല. തൊഴിൽ സമയവും അടുത്തിടപഴകാനുള്ള അവസരങ്ങളുമൊക്കെയാണ് ഈ മേഖലകളിൽ തൊഴിൽ പീഡനം വർദ്ധിക്കാനിടയാക്കിയതായി പഠനങ്ങൾ പറയുന്നത്. തൊഴിലിട ലൈംഗിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം ആദ്യതവണയാണെങ്കിൽ സ്ഥാപനം 50,000 രൂപയാണ് പിഴയൊടുക്കേണ്ടായി വരിക. പിന്നീട് വീണ്ടും ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നപക്ഷം പിഴയൊടുക്കേണ്ട തുക ഇരട്ടിയായി മാറും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നപക്ഷം സ്ഥാപനത്തിന്റെ ബിസിനസ് ലൈസൻസ് വരെ റദ്ദാക്കപ്പെടും. അതുകൊണ്ടു തന്നെ ഏത് സ്ഥാപനമായാലും ഈ നിയമം പാലിക്കപ്പെടുന്നുെണ്ടന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ധനനഷ്ടം മാത്രമല്ല സ്ഥാപനത്തിന്റെ നല്ല പേരു തന്നെ സമൂഹമധ്യത്തിൽ കളഞ്ഞുകുളിക്കപ്പെടാൻ ഇത് ഇടയാക്കും. സമീപകാലത്ത് ഒരു പ്രധാന കന്പനിയിലെ ജീവനക്കാരി തൊഴിലിട പീഡനത്തെ തുടർന്ന് ഒരു ക്രിമിനൽ പരാതി നൽകുകയുണ്ടായി. കേസ്സിൽ വാദം കേട്ട കോടതി കന്പനിയിൽ ഐ സി സി രൂപീകരിച്ചില്ലെന്ന് കണ്ടെത്തുകയും കന്പനിക്ക് കർക്കശമായ ശിക്ഷ വിധിക്കുകയും ചെയ്തു. കന്പനിയിൽ ഐ സി സിയില്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടപരിഹാരത്തിന് തനിക്ക് അർഹതയുണ്ടെന്ന് ജീവനക്കാരി വാദിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ 50 ശതമാനത്തോളം വാഹനനിർമ്മാണ കന്പനികളിലും 40 ശതമാനം ഐ ടി കന്പനികളിലും ഇനിയും ഐ സി സി രൂപീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇ വൈ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.
ഓഫീസ് സമയത്തിനുശേഷം ഓഫീസിൽ തങ്ങാൻ നിർബന്ധിതരാകുന്ന സ്ത്രീകളാണ് കൂടുതലായി തൊഴിലിട ലൈംഗിക പീഡനത്തിന് വിധേയരാകുന്നതെന്നാണ് ബിസിനസ് സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ പറയുന്നത്. ഓഫീസ് സമയം തീരുന്നതിനോടനുബന്ധിച്ചുള്ള സമയത്ത് വനിതാ ജീവനക്കാരിക്ക് എന്തെങ്കിലും ജോലി നൽകുകയും അത് അന്നു തന്നെ പൂർത്തീകരിച്ചു നൽകാനും ആവശ്യപ്പെടുന്നതോടെയാണ് പീഡനത്തിനുള്ള വഴി തുറക്കപ്പെടുന്നത്. മേലധികാരിയുടെയോ മാനേജറുടെയോ തെറ്റായ ഇടപെടലുകൾ പലപ്പോഴും ജീവനക്കാരി നിശ്ശബ്ദയായി സഹിക്കാൻ അതിടയാക്കുന്നു. ഐ സി സികൾ രൂപീകരിക്കപ്പെട്ട കന്പനികളിൽ തന്നെയും അതിലെ അംഗങ്ങൾക്ക് ഇത്തരം കേസ്സുകൾ ഏതുമട്ടിൽ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി വ്യക്തമായ പരിശീലനം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. സ്വകാര്യ കന്പനികളോട് പ്രതിമാസ രീതിയിൽ തന്നെ ലൈംഗിക പീഡനക്കേസ്സുകളുടെ സ്റ്റാറ്റസ് റിപ്പോർട്ടുകൾ ഫയൽ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിപക്ഷം കന്പനികളും അവ പാലിക്കുന്നതായി കാണുന്നില്ല. 60 ശതമാനം വാഹന നിർമ്മാണ കന്പനികളും 50 ശതമാനം പരസ്യ മാധ്യമ സ്ഥാപനങ്ങളും ഐ സി സി രൂപീകരിച്ചശേഷം അംഗങ്ങൾക്കായി പരിശീലനം നടത്തിയിട്ടില്ലെന്നാണ് ഇ വൈയുടെ സർവേ വെളിപ്പെടുത്തുന്നത്. എന്തിന്, ഐ സി സി എല്ലാ വർഷാന്ത്യത്തിലും ഇത്തരം കേസ്സുകളുടെ വാർഷികാവലോകന റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യവും പല കന്പനികളും അജ്ഞത മൂലം പാലിക്കുന്നതേയില്ല.
എങ്ങനെയാണ് ഐ സി സിക്ക് ഒരു പരാതി വ്യാജമോ യഥാർത്ഥമാണോ എന്നു തിരിച്ചറിയാനാകുന്നതെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ശന്പള വർധനവിനായി പരിഗണിക്കുന്ന ജീവനക്കാരുടെ വാർഷികാവലോകന റിപ്പോർട്ട് തയാറാക്കുന്ന മേധാവിക്കെതിരെ പലപ്പോഴും വേതനവർധനവ് ലഭിച്ചില്ലെങ്കിൽ ഇത്തരം പരാതിയുമായി ഐ സി സിയെ സമീപിക്കുന്നത് ഇന്ന് സാധാരണമായി മാറിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരാതി കൈകാര്യം ചെയ്യേണ്ടുന്ന ഐ സി സിയിലെ അംഗങ്ങൾ തീർത്തും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും പരാതിയിൽ എത്രത്തോളം കഴന്പുണ്ടെന്ന് പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി ഇ-മെയിലുകളും എസ് എം എസ്സുകളും ചാറ്റുകളും സി സി ടിവി ഫുട്ടേജുകളും ഓഫീസിലേക്കുള്ള ആക്സസ് ലോഗുകളും കംപ്യൂട്ടർ റെക്കോർഡുകളുമെല്ലാം ഐ സി സി പരിശോധിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഐ സി സിയിലുള്ള അംഗങ്ങൾക്ക് ഇത്തരം ശാസ്ത്രീയ അന്വേഷണങ്ങളിൽ അത്ര വഴക്കമുണ്ടാകാനിടയില്ല. അത്തരം സാഹചര്യങ്ങളിൽ പുറമേ നിന്നുള്ള ഒരു അന്വേഷണ ഏജൻസിയെ അവർ അന്വേഷണത്തിനായി ഏർപ്പാടാക്കുന്നതിൽ തെറ്റില്ല. വിശദമായ റിപ്പോർട്ട് തെളിവുകളോടെ നൽകാൻ അവർക്കാകുകയും ചെയ്യും. പക്ഷേ നമ്മുടെ സ്ഥാപനങ്ങളിലെ ഐ സി സികൾ ലൈംഗിക അതിക്രമ പരാതികളിൽ കേവലം ഒത്തുതീർപ്പുകാരായി മാറുകയാണ് പതിവ്. പലയിടത്തും പരാതിക്കാർ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭയത്തിൽ ഐ സി സിയുടെ സമ്മർദ്ദത്തിന് വിധേയരാകുകയും ചെയ്യുന്നു. ഇത് ഒട്ടും ആശാസ്യമായ കാര്യമല്ലെന്നതിനു പുറമേ, നിയമത്തെ തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടയാക്കുകയും ചെയ്യുന്നു.
ഐ സി സി രൂപീകരിക്കുന്നതിൽ തന്നെ ചില മാനദണ്ഡങ്ങൾ അതുകൊണ്ട് കന്പനികൾ പുലർത്തേണ്ടതുണ്ട്. തൊഴിൽദാതാവാണ് കമ്മിറ്റിയിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത്. കന്പനിയിൽ ഉന്നത തലത്തിൽ തൊഴിലെടുക്കുന്ന സ്ത്രീയായിരിക്കണം അധ്യക്ഷ. സ്ത്രീകളുടെ പരിരക്ഷയ്ക്ക് വിലകൽപിക്കുന്ന മനോഭാവമുള്ള രണ്ട് ജീവനക്കാർക്കു പുറമേ, സന്നദ്ധ സംഘടനയിൽ നിന്നുള്ള ഒരു വ്യക്തിയേയും ഇതിലുൾപ്പെടുത്തേണ്ടതുണ്ട്. ഇതിനു പുറമേ, ലൈംഗിക പീഡനത്തിന്റെ പരിധിയിൽ എന്തെല്ലാം കാര്യങ്ങൾ വരുമെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനുള്ള ബോധവൽക്കരണശ്രമങ്ങളും സ്ഥാപനത്തിന്റെ പക്ഷത്തു നിന്നും ഉണ്ടാകണം. ഐ സി സി അംഗങ്ങൾക്കും ഒരു പരാതി ഏതുതരത്തിൽ കൈകാര്യം ചെയ്യണമെന്നതിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ആ രംഗത്ത് പ്രവർത്തിച്ചവരുടെ കീഴിൽ പരിശീലനം നൽകുകയും വേണം. ഒരു കോടതിയുടെ നിഷ്പക്ഷത തന്നെ പുലർത്തണം ഐ സി സിയുടെ വിധിന്യായങ്ങളിൽ. കുറ്റക്കാരായവരെ ശിക്ഷിക്കാൻ മടിക്കരുതെന്നു മാത്രമല്ല, ഇതു സംബന്ധിച്ച റിപ്പോർട്ട് കൃത്യമായി സർക്കാരിന് നൽകുകയും വേണം. പക്ഷേ ഇതൊന്നും തന്നെ സാധാരണക്കാരായ ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ സാധ്യമല്ലെന്നതാണ് ദയനീയമായ കാര്യം. ഇന്ത്യയിലെ അസംഘടിത തൊഴിൽ മേഖലയിലെ 30 ശതമാനത്തോളം സ്ത്രീകളും തൊഴിലെടുക്കുന്നത് ഗാർഹിക തൊഴിലാളികളായിട്ടാണെന്നും ഏറ്റവുമധികം ലൈംഗിക പീഡനത്തിന് ഇരയാകുന്നത് അവരാണെന്നും ആർക്കാണറിയാത്തത്? തൊഴിലിട ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ നിയമം രൂപീകരിക്കുന്ന വേളയിൽ ഗാർഹിക തൊഴിലാളികളെ ആദ്യം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് കമ്മിറ്റി അംഗങ്ങളുടെ വിയോജിപ്പിനെ തുടർന്ന്, പിന്നീട് അവരെക്കൂടി നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗാർഹിക തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമുണ്ടാക്കുന്നതിനായി അന്താരാഷ്ട്ര തൊഴിൽ സംഘടന നടത്തിയ 189ാമത് കൺവെൻഷനിൽ ഇന്ത്യയും അതിന് അനുകൂലമായി വോട്ടു ചെയ്ത രാജ്യമാണെങ്കിലും ഇപ്പോഴും ഗാർഹിക തൊഴിലാളികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ നിയമത്തിന്റെ മുന്നിലേയ്ക്ക് എത്തുന്നതേയില്ല. ആധുനികകാലത്തെ ഒരു അടിമത്തം തന്നെയാണ് അതിപ്പോഴും. ലോകത്തെ 5.3 കോടി വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്നും തൊഴിൽ സുരക്ഷിതത്വം അന്യമാണെന്ന് ചുരുക്കം. ലോകത്തിന്റെ കണ്ണ് എന്നാണാവോ അക്കാര്യത്തിൽ തുറക്കപ്പെടുക?