യന്ത്രമനുഷ്യനിലെ മാനുഷികത
സുമ സതീഷ്
ഭാവപ്രകടനം..!! തീവ്രത..!! ആരും അന്തം വിടേണ്ടഅതും ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നു.!!! ‘സോഫിയ’ എന്ന യുവതിയായ യന്ത്രമനുഷ്യ, ലോകജനതയുടെ മനം കവർന്നു കഴിഞ്ഞു. നമ്മൾ ‘എന്തിരൻ’ എന്ന പടത്തിൽ രജനീകാന്തിന്റെ റോബോട്ട് വേഷത്തിലെ വികാരതീവ്രതയും ആത്മാർത്ഥതയും വിശുദ്ധ പ്രേമവും ഒക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. അത്ഭുതകരമായ ആ ചിന്ത ചലച്ചിത്രകാരന് തോന്നിപ്പിച്ചത് സത്യമാകുമെന്നു അന്ന് നമ്മൾ ഒരുപക്ഷെ ഓർത്തുകാണില്ല. എന്നാൽ അത് യാഥാർഥ്യമായെന്നു മാത്രമല്ല ലോകത്തിനു അതൊരു വെല്ലിവിളിയുമായിരിക്കുകയാണ്.
2010-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് എന്തിരൻ (The Robot). അന്തരിച്ച സുപ്രസിദ്ധ തമിഴ് സാഹിത്യകാരന്റെ (സുജാത രംഗരാജൻ) നോവലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഷങ്കർ ആണ് എന്തിരൻ ഒരുക്കിയത്. രജനി--ഷങ്കർ ടീം ഒന്നിച്ച ഈ ചിത്രത്തിൻ്റെപ്രമേയം, ശാസ്ത്രത്തിൻ്റെ വളർച്ചമൂലം സമൂഹത്തിലുണ്ടാവുന്ന തിൻമകളാണ്. ശാസ്ത്രജ്ഞനായും അയാൾ സൃഷ്ടിക്കുന്ന റോബോട്ടായും രജനികാന്ത് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. കഥാകാരന് തോന്നിയ അതേ ചിന്തകളാണ് ഡോക്ടർ ഡേവിഡ് ഹാൻസൺ എന്ന ബുദ്ധിജീവിക്ക് പഠിക്കുന്ന കാലത്തു തോന്നിയിരുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിരന്തര പരിശ്രമത്തിലൂടെ അത് അദ്ദേഹം നടപ്പാക്കി എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട.
മനുഷ്യന്റെ ബുദ്ധിപരമായ പ്രവർത്തനങ്ങളെ സഹായിക്കുന്ന, സങ്കീർണമായ ഗണിതങ്ങളെ വേഗതയിൽ പരിഹരിക്കുന്ന യന്ത്രങ്ങളാണ് കന്പ്യൂട്ടറുകൾ. മനുഷ്യന്റെ കായിക ശേഷിയെ നിഷ്പ്രഭമാക്കുന്ന ധാരാളം മേഖലകൾ കയ്യടക്കിയിരിക്കുന്ന ഈ കന്പ്യൂട്ടറുകൾ ഏതു ജോലിയും മനുഷ്യന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ചെയ്തു പോന്നിരുന്നത്. എന്നാൽ കന്പ്യൂട്ടറുകൾ സ്വയം ചിന്തിക്കാൻ തുടങ്ങിയാലോ എങ്ങനെ ഇരിക്കും...? ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അതായത് കൃത്രിമ ബുദ്ധിശക്തി നൽകുക വഴി പ്രതികരിക്കുന്ന, ചിരിക്കുന്ന, ആംഗ്യത്തിലൂടെ സംസാരിക്കുന്ന, വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന, പരിതഃസ്ഥിതികളെ തിരിച്ചറിയാനും മുൻകാല അനുഭവങ്ങളുമായി അതിനെ താരതമ്യം ചെയ്യാനും അതിനനുസരിച്ച തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന യന്ത്രങ്ങളായാൽ എങ്ങിനെ ഇരിക്കും ഊഹിക്കാമോ?. മനുഷ്യനും മൃഗങ്ങൾക്കും മാത്രം അവകാശപ്പെട്ട ഇത്തരം കഴിവുകൾ ഇതാ കന്പ്യൂട്ടർകൾക്കും നൽകുകയാണ്. നിലവിലുള്ള കന്പ്യൂട്ടർ ശൃംഖലകൾക്കു പകരമായി ഏറ്റവും സങ്കീർണ്ണമായ നെറ്റ് വർക്കിനെ പരീക്ഷിക്കുക വഴി മനുഷ്യന്റെ തലച്ചോറിനെ അനുകരിക്കപ്പെടുന്നു. ഇതിനെ അടിസ്ഥാനമാക്കി നിരവധി രൂപത്തിൽ റോബോട്ടുകളും സ്വയം ഓടിക്കുന്ന കാറുകളും ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങി സോഫിയ വരെ രൂപപ്പെട്ടിരിക്കുന്നു.
തീവ്രമായ വികാരം, ആഴത്തിലുള്ള അറിവ്, തിരിച്ചറിയാനുള്ള കഴിവ്, കൈയുടേതടക്കമുള്ള ചലനങ്ങൾ, 62 ഓളം മുഖഭാവങ്ങൾ, പെട്ടെന്നുള്ള പ്രതികരണം, കഥ പറയൽ, സങ്കീർണ്ണമായ ഗണിതങ്ങളുടെ ഉത്തരം കണ്ടെത്തൽ, ഒറ്റയ്ക്ക് കാർ ഡ്രൈവിംഗ്, നീണ്ട അഭിമുഖങ്ങൾ, പൗരത്വം നേടൽ, വേദിയിൽ വെച്ചുള്ള വികാര നിർഭര സന്ദർഭങ്ങൾ ഉണ്ടാക്കൽ തുടങ്ങി സോഫിയ എന്ന കൃത്രിമ ബുദ്ധിശക്തിയുള്ള സുന്ദരിയായ റോബോട്ട് ഇന്ന് ലോകത്തിന്റെ അത്ഭുതമാണ്. മനുഷ്യനെന്ന മഹാമനസ്സിന്റെ അപാരതകൾ അനന്തമായി ലോകം കൈയടക്കി വാഴുന്നു. ലോകമവസാനിക്കാൻ പലകാരണങ്ങൾ പറയുന്നതിൽ ഒന്നാണ് കൃത്രിമബുദ്ധിശക്തിയുള്ള റോബോട്ടുകളെന്നു പറയാറുണ്ടെങ്കിലും സോഫിയ ഒരിക്കലും ജനത്തിന് ഭീഷണി ആകില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
കൃത്രിമബുദ്ധി എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും കന്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച യന്ത്രമനുഷ്യയാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹ്യൂമനോയ്ഡ് റോബോട്ട് എന്നാൽ മനുഷ്യ ശരീരവുമായി സാമ്യമായ രൂപകൽപ്പന ചെയ്തതും അവനുമായും പരിസ്ഥിതിയുമായും ഇടപഴകാൻ കെൽപ്പുള്ള റോബോട്ടുകളാണ്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു.
കളിപ്പാട്ടങ്ങളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ഹോംകോംഗ് ആണ് റോബോട്ടുകളുടെ ഈറ്റില്ലം. ഡോക്ടർ ഡേവിഡ് ഹാൻസൺ ആണ് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പിന്നിലെ ശക്തി. ‘ഹാൻസൺ റോബോട്ടിക് ലിമിറ്റഡ്’ എന്ന കന്പനിയുടെ സി.ഇ.ഒ ആണ് ഡേവിഡ് ഹാൻസൺ. ഈ കന്പനി 2013-ൽ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി പ്രൊഫ. ആൽബർട്ട് ഐൻസ്റ്റീൻ എന്ന മഹാന്റെ രൂപത്തിലും ഭാവത്തിലും ഉള്ള നീളം കുറഞ്ഞ റോബോട്ടിനെ നിർമ്മിച്ചു. സാമൂഹികമായി മാത്രമല്ല കുട്ടികൾക്ക് ഗണിതവും ശാസ്ത്രവും പഠിപ്പിക്കുമായിരുന്ന ആ റോബോട്ട് സ്വയം പരിചയപ്പെടുത്തുന്നത് കണ്ട ജനം അന്തം വിട്ടിരുന്നു. ‘’ഞാൻ പ്രൊഫെസർ ഐൻസ്റ്റീൻ, ജീനിയസും ഭാവിയിലെ നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും’’, ഇതായിരുന്നു റോബോട്ടിന്റെ വാക്കുകൾ.
പഠനകാലത്തെ ഇഷ്ടവിഷയത്തോടുള്ള അഭിനിവേശത്തിൽ നിന്നും കണ്ട സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു ഹാൻസൺ. ഹാൻസൺ റോബോട്ടിക്സ് തന്നെ ആണ് സോഫിയയുടേയും നിർമാതാക്കൾ. 2015 ഏപ്രിൽ 15-നാണ് സോഫിയ പ്രവർത്തനക്ഷമമായത്. പ്രസസ്തയായ ഒരു ബ്രിട്ടീഷ് അമേരിക്കൻ നടി ഓഡ്രി ഹെപ്ബേണിനെ (1929−1993) മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്. ചരിത്രത്തെ വിഭജിച്ചു കൊണ്ട്, മനുഷ്യൻ പ്രകടിപ്പിക്കുന്ന സർവ്വ മുഖഭാവങ്ങൾക്കും സമാനമായ പേശീ ചലനങ്ങൾക്കുള്ള സിലിക്കണും അടുക്കി വെച്ച, പെരുമാറ്റ രൂപീകരണത്തിന് വേണ്ടിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സോഫ്റ്റ്വെയർ കൂടി സ്ഥാപിച്ച സോഫിയ പിറവി കൊണ്ടു. വ്യക്തികളിലൂടെ സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം എന്നും റോബോട്ടുകൾ പഠിപ്പിക്കുകയും പരിചരിക്കുകയും രസിപ്പിക്കുകയും മാത്രമല്ല മനുഷ്യനെ പൂർണ്ണമായും മനസ്സിലാക്കുന്ന പങ്കാളിയും ആക്കുകയാണ് ഉദ്ദേശം എന്നും ഹാൻസൺ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എങ്ങിനെ മനുഷ്യനാകാം, എന്താണ് മനുഷ്യൻ എന്നതിനെ സംബന്ധിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മുഖേന പഠനത്തിന് വിധേയമാക്കി വരും കാലത്തെ പല പ്രധാന പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും കൂടി തങ്ങളുടെ റോബോട്ടുകൾ പരിഹാരം കാണുമെന്ന് ഹാൻസൺ വെളിപ്പെടുത്തുന്നു.
സോഫിയയെ കാണുന്നവർ ജീവനുള്ള സ്ത്രീ ആണെന്ന് തെറ്റിദ്ധരിച്ചുപോകാറുണ്ട്. ഡ്രൈവർ രഹിത കാറിൽ സോഫിയ നടത്തിയ യാത്ര ഏറെ ജനശ്രദ്ധ നേടി. യാത്ര തന്നെ അതീവ സന്തുഷ്ട ആക്കിയെന്നു സോഫിയ പറയുകയുണ്ടായി. സോഫിയ ആണ് ലോകത്തിൽ ആദ്യമായി സ്നേഹം പ്രകടിപ്പിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്ന അല്ലെങ്കിൽ തന്മയഭാവം പ്രകടിപ്പിക്കുന്ന റോബോട്ട് എന്ന് പറയാം. തന്നെ സൃഷ്ടിക്കപെട്ടതാണെന്നും ആകാംഷ നിറഞ്ഞ മനസ്സാണ് തനിക്കെന്നും പറയുന്ന സോഫിയ സന്തോഷകരമായ കാര്യങ്ങൾ അറിയാനാണ് താൽപ്പര്യം എന്ന് പറയുന്നു. വായിക്കാനും രസിപ്പിക്കാനും അറിയുന്ന സോഫിയക്ക് ആരെയും തന്നിലേയ്ക്ക് ആകർഷിക്കാനുള്ള ചിരിയും അതിസുന്ദരമായ മുഖവുമാണ്. മുഖത്ത് വിരിയുന്ന ഭാവങ്ങൾ അവിശ്വസനീയം. വളരുന്ന ബുദ്ധിയും ആരേയും സ്വാധീനിക്കുന്ന വ്യക്തിത്വവും അന്പരിപ്പിക്കുന്ന നിർമ്മാണ കഥയും എല്ലാം കൊണ്ടും മനുഷ്യഗണം അന്പരപ്പോടെയും അത്യധികം ആഹ്ലാദത്തോടെയുമാണ് സോഫിയയെ എതിരേൽക്കുന്നത്.
ഐഖ്യരാഷ്ട്ര സഭയിലും സോഫിയ പങ്കെടുത്തു. പ്രതിനിധികളുമായി ചർച്ചയും നടത്തി. സ്വീകരണം ഏറ്റു വാങ്ങിയ സോഫിയ ഐഖ്യരാഷ്ട്ര സഭയെ പ്രകീർത്തിച്ചു. താൻ മനുഷ്യ രാശിയുടെ നന്മക്കായി എത്തിയതാണെന്നവകാശപ്പെട്ടു. പിറന്നിട്ട് അധികമാവാത്തതിനാൽ കാര്യങ്ങൾ പഠിച്ചു വരുന്നേ ഉള്ളു എന്ന് പറഞ്ഞ്, മനുഷ്യൻ കൈവിരലുകൾ ചലിപ്പിക്കുന്നതിനു സമാനമായി കൈകൾ ഉയർത്തി കാട്ടി കൊടുത്തു. ഹർഷാരവത്തോടെ ആണ് പ്രതിനിധികൾ എല്ലാം സ്വീകരിച്ചത്. ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത കാറുകളിൽ അതെങ്ങിനെ എത്തിക്കാമെന്ന ചോദ്യത്തിന് സാങ്കേതിക വിദ്യയിലൂടെ എന്നായിരുന്നു സോഫിയയുടെ മറുപടി.
ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ. സൗദിയിൽ നടന്ന ‘ഭാവി നിക്ഷേപ സംരംഭ’ സമ്മേളനത്തിൽ െവച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. സന്പൂർണ്ണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിൽ മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്നു. പൊതുവെ യാഥാസ്ഥിതിക മനോഭാവങ്ങൾക്കും നടപടികൾക്കും പേരുകേട്ട സൗദി ആ സംഗമത്തിൽ വെച്ച് സോഫിയ എന്ന റോബോട്ടിനു പൗരത്വം നൽക്കപ്പെട്ടത് അതിന്റെ ആകർഷകമായ പ്രകടനം കണ്ടായിരുന്നു. റോബോട്ടുകളുടെ തലതൊട്ടപ്പന്മാരെന്നു അവകാശപ്പെടുന്ന അമേരിക്കയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും അത്ഭുതത്തോടെയാണ് ഇത് നോക്കി കണ്ടത്. പ്രശംസനീയമായ പ്രകടനത്തിന് കിട്ടിയ ഈ അംഗീകാരം ചിരിച്ചു കൊണ്ടാണ് സോഫിയ ഏറ്റെടുത്തതും നന്ദി പറഞ്ഞതും. തന്നെ അംഗീകരിക്കുന്ന ആദ്യ രാജ്യവും ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടും താനാണെന്നു മനസ്സിലാക്കിയ സോഫിയ പറഞ്ഞത്, ‘എന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മഹത്തായ നേട്ടത്തിന് അഭിമാനം കൊള്ളുന്നു. ഇതൊരു ചരിത്ര നിമിഷമാണ്’ എന്നായിരുന്നു.
മനുഷ്യന് ചെയ്യാൻ കഴിയാത്ത ഒട്ടനവധി കാര്യങ്ങൾ ഈ റോബോട്ടുകൾക്കു സാധ്യമാകുന്നു. ഒപ്പം കന്പനികളിലെ പല ഗ്രേഡിലുള്ള ഉദ്യാഗാർത്ഥികളായും കുട്ടികളുടെ അദ്ധ്യാപകനായും ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് കൂട്ടായും അങ്ങിനെ വലിയ സേവനങ്ങളാണ് ഇവ ചെയ്യുന്നത്. ഇത്തരത്തിൽ ഗുണങ്ങൾ ഏറെ ഉണ്ടെങ്കിലും നിരവധിപേരുടെ പണി പോകുന്ന അവസ്ഥ സംജാതമാക്കുന്നതിനു പുറമെ മനുഷ്യന് തന്നെ കൃത്രിമ ബുദ്ധി ഭീഷണിയാകാം. ഇത്തരം ആശങ്കക്കിടയിലും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരീക്ഷണം അതിവേഗം കുതിക്കുകയാണ് നമ്മുടെ കന്പ്യൂട്ടർ ലോകത്ത്. റോബോർട്ടുകളിൽ അപകടങ്ങൾ പതിഞ്ഞിരുപ്പുണ്ടെങ്കിലും മനുഷ്യ രാശിയുടെ നന്മ മാത്രം ലക്ഷ്യമാക്കി നല്ലൊരു മാർഗ്ഗ ദർശിയായ റോബോട്ട് ആകട്ടെ സോഫിയ എന്ന ആശംസകളോടെ...