കർണാടക തിരഞ്ഞെടുപ്പ് ഫലവും തുടർ നാടകവും
ഇ.പി അനിൽ
epanil@gmail.com
സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുക സ്വാഭാവികമാണ്. അവക്കൊപ്പം ദേശീയ വിഷയങ്ങൾക്കും മോശമല്ലാത്ത പങ്കാണുള്ളത്. കർണ്ണാടക തെരഞ്ഞെടുപ്പിലും സംസ്ഥാന ദേശീയ പ്രശ്നങ്ങൾ ചർച്ചയായിട്ടുണ്ട്. രാജ്യത്തെ മോശമല്ലാത്ത വലിപ്പമുള്ള കന്നഡ നാട്ടിലെ തിരഞ്ഞെടുപ്പു ഫലവും ഏകദേശം ഒരു മാസം നീണ്ടു നിന്ന പ്രചരണവും അതിന്റെ പര്യവസാനമായി ഉണ്ടായി വരുന്ന കൂട്ടുകെട്ടുകളും പക്വമായ ജനാധിപത്യ പരീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നുവോ എന്ന ചോദ്യം പ്രസക്തമാണ്.
രാജ്യത്തെ പെട്രോൾ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസത്തെ വിലക്കയറ്റ തോത് ഏകദേശം 5% ആണ്. (പ്രതിവർഷം60%) തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നും നഷ്ടപ്പെടുത്തുന്ന തിരുമാനങ്ങളുമായി കേന്ദ്ര സർക്കാർ നീങ്ങുന്നു. സംസ്ഥാന സർക്കാർ ഭരണത്തോടും ജനത്തിന് മെച്ചപ്പെട്ട അഭിപ്രായം ഉണ്ടായിരുന്നതായി ഒരു തെളിവും നിലവിലില്ല. എന്നിട്ടും നല്ല നിലയിൽ വോട്ടുകൾ രേഖപ്പെടുത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും പ്രധാന കോൺഗ്രസ് പാർട്ടിയുടെ തട്ടകത്തിൽ വിള്ളലുകൾ വീണു തുടങ്ങിയത് 1983ലാണ്. (ശ്രീമതി ഇന്ദിരയെ എതിർത്തു കൊണ്ട് രൂപീകൃതമായ കോൺഗ്രസ്സ് ഓർഗനൈസേഷൻ 1969 മുതൽ കർണ്ണാടക ഭരിച്ചു). 1983 മുതൽ ഭരണം നിയന്ത്രിച്ച രാമകൃഷ്ണ ഹെഗ്ഡെ രാജ്യത്തെ മെച്ചപ്പെട്ട പഞ്ചായത്തീരാജ് സംവിധാനം സംസ്ഥാനത്തു നടപ്പിലാക്കി. അദ്ദേഹത്തിന്റെ പിൻഗാമി ശ്രീ. ദേവഗൗഢ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നു. പിൽക്കാലത്തെ കന്നഡ രാഷ്ട്രീയം പഴയ കാലത്തു നിന്നും വ്യത്യസ്തമായി ജാതി ഫോർമുലകൾക്കും അഴിമതിക്കും നിർണ്ണായക സ്വാധീനം ചെലുത്താവുന്ന അന്തരീക്ഷം സൃഷ്ടിച്ചതായി മനസ്സിലാക്കാം. കോൺഗ്രസ്സിന് എക്കാലത്തെയും മികച്ച വിജയം നേടികൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വീരേന്ദ്ര പട്ടീൽ മദ്യത്തിന്റെനികുതി പത്തിരട്ടി വർദ്ധിപ്പിച്ച നടപടി ഗാന്ധിയൻ സമീപനത്തെ ഓർമ്മിപ്പിച്ചു. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടിവന്നു. അദ്ദേഹത്തിന്റെ സമുദായം (ലിംഗായത്തുകൾ) അതിനു ശേഷം കോൺഗ്രസ്സിനെ കൈവെടിഞ്ഞതായി മനസ്സിലാക്കാം.
കർണ്ണാടക രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റു പാർട്ടി 1951മുതൽ സാന്നിദ്ധ്യം അറിയിച്ചു. കോളാർ ഖനന മേഖലയിൽ അവർക്ക് 51ൽ തന്നെ എംഎൽഎ (വാസവൻ) ഉണ്ടായിരുന്നു. പാർട്ടിയുടെ പിളർപ്പേടെ ഉഡുപ്പി, ഗുൽബർഗ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ ക്ഷയിക്കുവാൻ തുടങ്ങി. 7 എംഎൽഎമാർ വരെ ഉണ്ടായിരുന്നസംസ്ഥാനത്ത് ഇന്നത്തെ വോട്ടു ശതമാനം നാമമാത്രമാണ്. (0.22%). കർഷക ആത്മഹത്യകളും ചെറുകിട തൊഴിൽ രംഗത്തെ പ്രശ്നങ്ങളും തൊഴിലാളി യൂണിയനുകളുടെ സമരവീര്യത്തെ ഒട്ടും കൂട്ടിയില്ല. മത്സരിച്ച ഒരു സ്ഥലത്തൊഴിച്ച് (ബാഗേപ്പള്ളി) വോട്ടു പങ്കാളിത്തം നോട്ടയ്ക്കും താഴെയായി കുറഞ്ഞു.
നവോത്ഥാന മുന്നേറ്റം കൊണ്ട് പണ്ടേ ശ്രദ്ധേയമായ (ബസവണ്ണ) ലിംഗായത്തുകൾക്ക് ഭേദപ്പെട്ട സാന്നിദ്ധ്യമുള്ള കന്നഡ ദേശം പിൽക്കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരുന്നതായി കാണാം. കലാപങ്ങൾ സർവ്വസാധാരണമായി. ഓരോ ജാതിയും ഒരു പ്രത്യേക രാഷ്ട്രീയ ഗ്രൂപ്പിൽ അണിചേർന്നു വിലപേശൽ നടത്തുക, വിവിധ മതങ്ങളെ പ്രീതിപ്പെടുത്തുവാൻ മത്സരിക്കുന്ന പാർട്ടികൾ, ഹൈന്ദവ മതമൗലികതയുടെ വക്താക്കളായി നിരവധി സംഘടനകൾ തെരിവിലിറങ്ങി സദാചാര പോലീസ് പരിപാടികളിലൂടെ ശ്രദ്ധ നേടുക മുതലായ പ്രവർത്തനങ്ങൾ IT രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനം തന്നെ സാക്ഷിയായികൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ബംഗ്ലൂർ രാജ്യത്തെ ഏറ്റവും വലിയ ജലക്ഷാമം അനുഭവിക്കുന്ന ഇടമായി. അവരുടെ ജല ലഭ്യത പ്രതിദിനം 100 ലിറ്ററിനും താഴെയാണ്. കെട്ടിടങ്ങളുടെ പെരുക്കവും വാഹനങ്ങളുടെ വർദ്ധനവും നഗരത്തിന്റെ ഘടനയെ തന്നെ മാറ്റിമറിച്ചു. ഇന്ത്യയിലെ എറ്റവും വേഗത്തിൽ മരിക്കുന്ന നഗരത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ബംഗ്ലൂർ എത്തിക്കഴിഞ്ഞു. കർണ്ണാടകയിലെ മഴ കുറവുള്ളതും ദാരിദ്യം ഏറെയുള്ളതുമായ പ്രദേശമാണ് ബല്ലാരി, റെയ്ച്ചൂർ, ഗുൽബർഗ മുതലായ ഇടങ്ങൾ. ഇവിടങ്ങളിൽ പരുത്തി, സൂര്യകാന്തി, കപ്പലണ്ടി മുതലായ കൃഷികൾ നടത്തി വരുന്നു. ജനസാന്ദ്രത കുറവുള്ള ബെല്ലാരി (രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ല) കർണ്ണാടക രാഷ്ട്രീയത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതി. ബെല്ലാരിയിൽ മെച്ചപ്പെട്ട ഇരുന്പയിര് പഴയ കാലത്തു തന്നെ ഉണ്ടായിരുന്നു. അതിന്റെ നിലവാരം ഗോവ മലനിരകളിൽ ഉള്ളതിലും മെച്ചപ്പെട്ടതാണ്. ഇന്ത്യയിലെ ധാതു സന്പത്തുകൾ പൊതുമേഖലയുടെ നിയന്ത്രണത്തിലായിരുന്ന സമീപനത്തിനു പകരം പ്രസ്തുത രംഗത്ത് ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായി സ്വകാര്യ സംരംഭകർക്ക് പരിഗണന നൽകുവാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്ക് അവസരം നൽകിയ ദേശീയ തീരുമാനം പൊതു ഖജനാവിന് ഉണ്ടാക്കി കൊണ്ടിരിക്കുന്ന നഷ്ടം നിരവധി ലക്ഷം കോടികളുടേതാണ്. ധാതു മണലുകൾക്ക് മുകളിൽ താമസിച്ചു വന്ന ദരിദ്ര വിഭാഗങ്ങൾ പുറത്താകുകയും ഖനനം കോർപ്പറേറ്റുകൾ സ്ഥലം കൈയടക്കുകയും ചെയ്തു. പ്രകൃതിയെ സന്പൂർണ്ണമായി തകർത്തെറിയുന്നതും ജനങ്ങൾക്ക് അവരുടെ നാട് നഷ്ടപ്പെടുകയും അഴിമതികൾ വ്യാപകമാകുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ബെല്ലാരി.
ബെല്ലാരിയിലെ ഖനന പ്രവർത്തനം സ്വകാര്യ കന്പനികളെ ഏൽപ്പിച്ച സാഹചര്യത്തിലും ഖനനം മുന്നേറിയുരുന്നില്ല. ചൈന കൂടുതൽ ഇരുന്പൈരുകൾ വാങ്ങുവാൻ തുടങ്ങിയ കാലത്താണ് ഖനനം ലാഭകരമായ കച്ചവടമാകുന്നത്. അതിന്റെ ഭാഗമായി ജിന്റാൽ, വേദാന്ത, എസ്ആർ, റിലയൻസ്, അദാന മുതലായ കന്പനികൾ ഗോവയിലും ഛത്തീസ്ഗഡിലും നടത്തി വരുന്ന കൊള്ള ഒട്ടും കുറയാതെ ബെല്ലാരിയിലും സജീവമായി തുടരുന്നു. ഖനി അഴിമതിയിൽ തട്ടി മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി മധു കോഡ ശിക്ഷ ഏറ്റുവാങ്ങിയ സംഭവം വൻ അഴിമതികളിൽ ഒന്നു മാത്രം. ഗോവയിൽ ഖനനത്തിലൂടെ ഓരോ പൗരനും കഴിഞ്ഞ നാളുകളിൽ 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പഠനങ്ങൾ പറയുന്നു. സർക്കാരിന് ലഭിക്കേണ്ട 53000 കോടിക്കു പകരം 2300 കോടി മാത്രമേ ലഭിച്ചുള്ളു എന്ന് സുപ്രീകോടതി കണ്ടെത്തി. പാരിസ്ഥിതിക ആഘാതം പരിഗണിച്ച് സുപ്രീം കോടതി ഖനനം നിർത്തിവെയ്ക്കുവാൻ നിർദ്ദേശിച്ചു. മേഘാലയയിൽ നടന്നുവരുന്ന ഖനനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ലോകത്ത് ഏറ്റവും അധികം മഴ ലഭിച്ചു വരുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്ന മേഘാലയ വലിയ തോതിലുള്ള ജലദൗർലഭ്യം അനുഭവിക്കുന്നു. അനധികൃത ഖനനം നിർത്തിവെയ്ക്കുവാനുള്ള ഹരിത ട്രൈബൂണൽ വിധി മാറ്റി കുറിച്ച് ഖനനം തുടങ്ങും എന്ന വാഗ്ദാനമായിരുന്നു രാഷ്ട്രീയ പാർട്ടികളിൽ മിക്കവരും അവിടെ ഉയർത്തിയത്.
ബെല്ലാരി രാഷട്രീയമായി ദേശീയ ശ്രദ്ധ ആകർഷിച്ചത് 1999ലെ ലോകസഭ തിരഞ്ഞെടുപ്പിലായിരുന്നു. അവിടെ ശ്രീമതി സോണിയയെ എതിർക്കുവാൻ ബിജെപി രംഗത്തിറക്കിയത് ശ്രീമതി സുഷമ സ്വരാജിനെയും. ആ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു എങ്കിലും അവരെ സഹായിക്കാനെത്തിയ ചിലർ ശത കോടീശ്വരന്മാരായി. അവർ കർണ്ണാടക രാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചു. ഇത്തരം സ്വാധീനം മറ്റു പാർട്ടികളെയും ബാധിച്ചു. മുൻ പ്രധാനമന്ത്രിയുടെ മകനും മുൻ കർണ്ണാടക മുഖ്യമന്ത്രിയും ഖനി മാഫിയകളുടെ തോഴന്മാരാണ്. കോൺഗ്രസ്സ് നേതാവ് അനിൽ ലാദ് നിയന്ത്രിക്കുന്ന കന്പനിയും നിയമലംഘനങ്ങളിൽ റിക്കാർഡു നേട്ടം ഉണ്ടാക്കിയിരുന്നു. ഖനി വ്യാപാരത്തിൽ പതുക്കെ പതുക്കെ കടന്നു വന്ന റെഡി സഹോദരന്മാർ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ജനാർദ്ധന റെഡിയും കരുണാകര റെഡിയും കൂട്ടരും ചുരുങ്ങിയ കാലത്തിനുള്ളിൽ 13000 കോടിയിലധികം രൂപയുടെ സ്വത്തു സന്പാദിച്ചു എന്ന വാർത്ത പുറത്തു വന്നു. മാത്രവുമല്ല രണ്ടു റെഡി സഹോദരങ്ങൾ മന്ത്രിമാരായി നിന്നു കൊണ്ട് കർണ്ണാടകയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയെ തന്നെ കൂട്ടുപിടിച്ച് അഴിമതികൾ വ്യാപകമാക്കി. പണം അടയ്ക്കാതെ കുഴിച്ചെടുക്കുന്ന ഇരുന്പ് ഗോവയിലും മറ്റും എത്തിച്ചു നടത്തിയ തട്ടിപ്പുകൾ, ഭൂമി കച്ചവടം മുതലായവ ബിജെപി കോൺഗ്രസ്സിനേക്കാൾ ഏറെ അഴിമതി സൗഹൃദ പാർട്ടിയാണ് എന്നു തെളിയിച്ചു കഴിഞ്ഞിരുന്നു. ശ്രീ യദ്യൂരപ്പ മന്ത്രിസഭയിലെ റെഡി മന്ത്രിമാർക്കൊപ്പം വാൽമീകി സമുദായ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തിയ ശ്രീരാമലു (ആരോഗ്യ മന്ത്രി) സിവിൽ സപ്ലൈ വകുപ്പു മന്ത്രിയായിരുന്ന സോമണ്ണ തുടങ്ങിയവർ ഖനി മാഫിയകൾക്കായി നടത്തിയ നിയമ ലംഘനങ്ങൾ മുഖ്യമന്ത്രി ശ്രീ. യദ്യൂരപ്പയുടെ സ്ഥാനം തെറിപ്പിച്ചു. അവർ ക്രിമിനൽ കേസ്സുകളിൽ പെട്ടുള്ള വ്യവഹാരങ്ങളിൽ കുരുങ്ങി നിൽക്കുകയാണ്.
ബെല്ലാരി ജില്ലയിൽ പ്രവർത്തിച്ചു വന്ന 400 ലധികം ഖനികളിൽ മിക്കതും നിയമവിരുദ്ധമാണ്. സംസ്ഥാനത്ത് 25 കോടി ടൺ ഇരുന്പ് ഐര് ഭൂഗർഭത്തിലുണ്ട്. അതിൽ 90% വും ബെല്ലാരിയിലാണ്. ബെല്ലാരിയിൽ മൊത്തമായി 100 കോടി ടൺ ധാതു ശേഖരം ഉണ്ട് എന്നു സർക്കാർ പഠനം പറയുന്നു. രാജ്യത്തെ ഇരുന്പു ശേഖരത്തിന്റെ 25% ഉം കർണ്ണാടകത്തിൽ സ്ഥിതി ചെയ്യുന്നു. കുഴിച്ചെടുക്കുന്ന ഐരിൽ നിന്നും സർക്കാരിനു ലഭിക്കുന്ന വിഹിതം ഒരു ടണ്ണിന് 17 മുതൽ 24 രൂപ മാത്രം. മാർക്കറ്റിൽ ടൺ ഒന്നിന് 3000 രൂപ ഇരുന്പൈരിനു നിലവിൽ വിലയുണ്ട്. കർഷകരുടെ നഷ്ടപ്പെടുന്ന കൃഷിസ്ഥലത്തിൽ ഹെക്ടർ ഒന്നിന് 8000 രൂപ മാത്രം ഇവിടെ നൽകിയാൽ മതി. ജനങ്ങളിൽ നിന്നു പ്രതിഷേധം ഉയരാതിരിക്കുവാൻ അവർക്ക് പട്ടുസാരികളും ചെറുപ്പക്കാർക്ക് ഇരുചക്രവാഹനങ്ങൾ നൽകി വരുന്നു. ത്രിതല പഞ്ചായത്തംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാസ കിന്പളം നൽകുവാൻ ഖനി മുതലാളിമാർ മറക്കാറില്ല. ഖനി അഴിമതി ദേശീയ വാർത്തയായ പശ്ചാത്തലത്തിൽ കർണ്ണാടക ലോകായുക്ത വിഷയത്തിൽ ഇടപെടുവാൻ തയ്യാറായി. അവരുടെ കണ്ടെെത്തലുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബെല്ലാരി മലനിരകളിലെ 50% വനഭൂമികൾ കിളച്ചു മറിച്ചു. കൃഷികൾ അസാധ്യമായി, നാട്ടുകാരുടെ ഇടയിൽ രോഗങ്ങൾ പെരുകി. സർക്കാർ ഖജനാവിന് നാമമാത്ര വരുമാനവും ഖനി മാഫിയകൾക്കും സഹായികൾക്കും കോടികൾ ലഭിച്ചു വരുന്നതായി ലോകയുക്ത ജഡ്ജി സംരേഷ് ഹെഗഡെ കണ്ടെത്തി. അതിന്റെ തുടർച്ചയായി നിരവധി അന്വേഷണങ്ങൾ അറസ്റ്റുകൾ നടന്നു. നിരവധി കന്പനികൾ അടച്ചുപൂട്ടുവാൻ നിർബന്ധിതരായി.
കർണ്ണാടക ഒരിക്കൽ കൂടി തിരഞ്ഞെടുപ്പിനെ നേരിട്ടു. സംസ്ഥാനത്തെ 15ാമത് നിയമസഭ നിലവിൽ വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മൂന്നു പാർട്ടികൾ പരസ്പരം മത്സരിച്ചു. അവരാരും തന്നെ കർണ്ണാടക ഖനി മാഫിയകളുടെ സ്വാധീനത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തിയില്ല. 3 വർഷം ജയിൽവാസമനുഭവിച്ച ജനാർദ്ധനറെഡ്ഡി ഗ്രൂപ്പിനായി രണ്ടു സഹോരങ്ങൾ മത്സരിച്ചു വിജയിച്ചു. കുമാരസ്വാമി അയാളുടെ ഖനി ബന്ധങ്ങൾ കൈവെടിയുന്നതിൽ ഒരു സാധ്യതയും കാണുന്നില്ല. കോൺഗ്രസ്സും ഖനന വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നില്ല. കർണ്ണാടകയിലെ കർഷകർ മറ്റു സംസ്ഥാനങ്ങളിൽ എന്നപോലെ പ്രതിസന്ധിയിലാണ്. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിൽ ചർച്ചയായി ഉയർന്നു വന്നിരുന്നില്ല എന്നതാണ് നമ്മെ അത്ഭുഭുതപെടുത്തേണ്ടത്.
സംസ്ഥാന കോൺഗ്രസ്സ് ഭരണം ഭരണവിരുദ്ധ വികാരം മറക്കുവാൻ സംവരണത്തെ വിഷയമാക്കിയിരുന്നു. ജനതാ ദൾ കന്നഡ പ്രാദേശിക രാഷ്ട്രീയത്തെ ഉയർത്തി കാട്ടുകയും വൊക്കലിങ്ക ജാതി കാർഡ് ഉപയാേേഗപ്പെടുത്തിയുമാണ് പ്രചരണം നടത്തിയത്. ബിജെപിയാകട്ടെ ചരിത്രം ആവർത്തിച്ചു. അവരുടെ സ്റ്റാർ നേതാവ് ശ്രീ മോദി ചരിത്രത്തെ വളച്ചൊടിച്ച് ആർഎസ്എസ് ചരിത്ര വ്യാഖാനങ്ങൾ ആവർത്തിച്ചു. വടക്കേ ഇന്ത്യയിൽ എന്നപോലെ ന്യൂനപക്ഷ വിരുദ്ധത നഷ്ടം വരുത്തും എന്നു പേടിച്ച് സഖാവ് ഭഗത് സിംഗിനെ പരാമർശിച്ചു. കന്നഡക്കാരായ മുൻ പട്ടാള മേധാവിമാരെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സ് കന്നഡ വിരുദ്ധമാണ് എന്നു പ്രചരണം നടത്തി. എല്ലാ പാർട്ടികളും പണം വാരി വിതറി. അവിടെയും ബിജെപി മുന്നിലായിരുന്നു.
കന്നഡ തിരഞ്ഞെടുപ്പു ഫലം കോൺഗ്രസ്സ് ഭരണത്തിനെതിരായിരുന്നു. അവരുടെ വോട്ടിംഗ് ശതമാനം നേരിയ വർദ്ധനവ് കാട്ടി എന്നു മറന്നു കൊണ്ടല്ല ഇതു പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പാർട്ടി ഉണ്ടാക്കി രംഗത്തു വന്ന ശ്രീ. യദ്യുരപ്പ മടങ്ങി വന്നതോടെ അവരുടെ വോട്ടിംഗ് ശതമാനവും അതിലും അധികം സീറ്റുകളും വർദ്ധിച്ചു. പക്ഷേ ഭൂരിപക്ഷം നേടുന്നതിൽ അവർ പരാജയപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ സ്ഥാനം വ്യത്യസ്തമാകുന്നത് അവർ കോൺഗ്രസ്സിലും മെച്ചപ്പെട്ട പാർട്ടി എന്ന പേരിലല്ല. സ്വകാര്യവൽക്കരണത്തെ പൂർണ്ണമായും പിന്തുണക്കുന്നതിനൊപ്പം വർഗ്ഗീയതയെ മുന്നിൽ നിർത്തി ഇന്ത്യൻ ഭരണഘടന തന്നെ തിരുത്താം എന്ന് വാദിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തുവാൻ ആവശ്യമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ തിരഞ്ഞെടുപ്പിന് മുന്പ് കർണ്ണാടകത്തിലും ഉണ്ടായില്ല. 37% മാത്രം വോട്ടു നേടിയ ബിജെപി 104 സീറ്റുകൾ നേടുകയും 55% വോട്ടുകൾ നേടിയകോൺഗ്രസ്സ്+ജെഡിയു 115 സീറ്റുകൾ സ്വന്തമാക്കി. ആയറാം ഗയറാം രാഷ്ട്രീയം 2008ൽ തന്നെ പരീക്ഷിച്ചു വിജയിച്ച കർണ്ണാടകയിൽ (operation Lotus) ബിജെപിയുടെ കുതിരകച്ചവടം കൂടുതൽ ശക്തമാകുന്നതിന് അവസരം ഒരുക്കിയത് മുൻ കോൺഗ്രസ്സുകാരും (ജനതാദൾ) കോൺഗ്രസ്സ് പാർട്ടിയും ഒറ്റകെട്ടായി മത്സരിക്കുവാൻ മടിച്ചതിനാലാണ്. തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുകയും തിരഞ്ഞെടുപ്പിനു ശേഷം കൈ കോർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പരീക്ഷണങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയില്ല.
കർണ്ണാടക സംസ്ഥാനത്തിന്റെ കാർഷിക പ്രതിസന്ധികൾ, ഖനന മാഫിയ, വർഗ്ഗീയ കലാപങ്ങൾ, വരൾച്ച, ബാംഗ്ലൂർ നഗരത്തിന്റെ പ്രതിസന്ധി, വിലക്കയറ്റം, ചെറുകിട രംഗത്തെ തകർച്ച ഇവ ഒന്നും ചർച്ച ചെയ്യുവാൻ കഴിയാതിരുന്ന കർണ്ണാടക തിരഞ്ഞെടുപ്പു ഫലങ്ങൾ നാളത്തെ കന്നഡ സംസ്ഥാനത്തിന് എന്തു നന്മയാകും നൽകുവാൻ കഴിയുക ?