ഗാസയുടെ കണ്ണീർ...
വി.ആർ സത്യദേവ്
ദശാബ്ദങ്ങളായി ഗാസ സംഘർഷങ്ങളുടെ ഭൂമിയാണ്. അറബ് വംശജരും ജൂതരും തമ്മിൽ തലമുറകളായി അടരാടുന്ന ഭൂമി. എവിടെ കൊയ്തെറിയപ്പെട്ട തലകൾക്ക് കണക്കില്ല. ഈ മണ്ണിൽ ചൊരിഞ്ഞ ചോരയ്ക്ക് അളവില്ല. മണ്ണിനും അധീശത്വത്തിനും വേണ്ടിയുള്ള പോരാട്ടം. നിലനിൽപ്പിനു വേണ്ടിയുള്ള നിരന്തര യുദ്ധം. വിശ്വാസങ്ങളിലൂന്നിയുള്ള വിട്ടുകൊടുക്കാത്ത യുദ്ധത്തിലാണ് ഇവിടെ അറബ് വംശജരും ജൂത കുലവും. ഇരുപക്ഷത്തിനും ഇത് വിശുദ്ധഭൂമിയാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു മണ്ണുകിട്ടിയാലും ജറുസലേമിനായുള്ള പോരിൽ നിന്നും പിൻമാറാൻ ഈ ജനതകൾ ഒരുക്കമല്ല.
ജറുസ്സലേം വീണ്ടും കത്തിയെരിയുകയാണ്. അവിടെ മരണം താണ്ധവമാടുകയാണ്. ഇന്നലെ ഒറ്റദിവസം കൊണ്ടുമാത്രം ആമണ്ണിൽ ആയുസ്സെത്താതെ ജീവനൊടുങ്ങിയത് 52 പേർക്കാണ്. അതിൽ ചിലർ ഒന്നുമറിയാത്ത കുരുന്നു കുഞ്ഞുങ്ങളാണ്. ഇസ്രായേൽ സേനയുടെ ആക്രമണത്തിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോപിക്കുന്നു. ജറുസലേമിൽ അമേരിക്കയുടെ താൽക്കാലിക എംബസി ഉദ്ഘാടനം ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ അക്രമങ്ങൾ വ്യാപകമായത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ ദിനമായ മെയ് 14 നായിരുന്നു താൽക്കാലിക എംബസിയുടെ ഉദ്ഘാടനം. അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് താൽക്കാലിക എംബസി പ്രവർത്തനമാരംഭിച്ചത്. ജറുസലേമിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിലാണ് എംബസി തൽക്കാലം പ്രവർത്തിക്കുന്നത്. കൂടുതൽ സൗകര്യമുള്ള കെട്ടിടങ്ങളും സംവിധാനങ്ങളും ഒരുക്കിയ ശേഷം ടെൽ അവീവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എംബസി പൂർണ്ണമായും ജറുസലേമിലേക്കു മാറ്റും.
കേൾവിയിൽ ഇത് കേവലമൊരു സ്ഥലമാറ്റമെന്നു കരുതാം. എന്നാൽ ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച് ഇത് ഏറെ നിർണ്ണായകമാണ്. ഇതിനെ അനധികൃത പ്രവൃത്തിയായാണ് പലസ്തീൻ കരുതുന്നത്. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ അധിനിവേശം നടത്തിയത് 1967 ലാണ്. അന്നുതൊട്ട് അത് പലസ്തീൻ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അതിനെതിരേ ആവുംവിധമെല്ലാം അവർ ചെറുത്തുനിൽപ്പ് നടത്തുന്നുമുണ്ട്. അതിനിടെ ഇതുവരെയായി കിഴക്കൻ ജറുസലേമിൽ ഒരു ഡസനോളം ഇടങ്ങളിൽ ഇസ്രായേൽ അധിനിവേശം നടത്തി അധിവാസകേന്ദ്രങ്ങൾ പടുത്തുയർത്തിയിട്ടുമുണ്ട്. അവിടങ്ങളിലായി ലക്ഷക്കണക്കിന് ജൂതന്മാരെ കുടിയിരുത്തിയിട്ടുമുണ്ട് അവർ. ഇതിനെതിരേ അന്നുതൊട്ടിങ്ങോട്ട് പലസ്തീനികളുടെ പ്രക്ഷോഭങ്ങളും തുടരുകയാണ്. ഇസ്രായേൽ രൂപീകരണത്തെ തുടർന്ന് അറബ് വംശജർ പ്രദേശത്തേയ്ക്ക് നടത്തിയ ആദ്യ പ്രതിഷേധ മാർച്ചിന്റെ വാർഷികാചരണം എല്ലാക്കൊല്ലവും സംഘർഷങ്ങൾക്ക് വഴിവയ്ക്കാറുള്ളതാണ്. ഇക്കൊല്ലം അതേ സമയത്ത് അമേരിക്കൻ എംബസി തുറക്കൽ കൂടിയായപ്പോൾ പ്രതിഷേധത്തിന്റെ രൂക്ഷത കടുക്കുകയായിരുന്നു.
തങ്ങളുടെ 52 കൂടപ്പിറപ്പുകൾക്ക് അന്ത്യോപചാരമർപ്പിച്ചെത്തിയ പലസ്തീനികൾ ഇസ്രായേൽ സേനാവിഭാഗങ്ങളുമായി ഏറ്റുമുട്ടിയത് വെടിവയ്പ്പിനും കൂട്ടക്കുരുതിക്കും വഴിവെച്ചു. എന്നാൽ മരണസംഖ്യ 3 മാത്രമാണ് എന്നതാണ് ഇസ്രായേൽ സേന പറയുന്നത്. ആയിരക്കണക്കിന് തീവ്രവാദികൾ തങ്ങളുടെ അതിർത്തി സംഘിച്ച് ഇസ്രായേലിനെ ഇല്ലായ്മചെയ്യാൻ നടത്തിയ അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് ആയുധം പ്രയോഗിച്ചതെന്നും ഇസ്രായേൽ പക്ഷം അവകാശപ്പെട്ടു.
ആറാമത്തെ ആഴ്ചയാണ് ഇവിടെ സംഘർഷം തുടരുന്നത്. പ്രകടനങ്ങളും വെടിവയ്പ്പും നിലവിളികളുമെല്ലാം അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. ഒപ്പം മേഖലയിലെ പ്രതിഷേധങ്ങളുടെ മുഖമുദ്രയായ ടയറുകത്തിച്ചുള്ള കറുത്ത വിഷമയമായ പുകയും. സംഘർഷങ്ങൾക്കപ്പുറത്ത് ഈ പുകയും കണ്ണീർവാതക പ്രയോഗം മൂലമുള്ള രാസവസ്തുക്കളുമൊക്കെ കൊണ്ട് സാധാരണക്കാരടക്കമുള്ളവർ ഗുരുതരമായ ആരോഗ്യ ഭീഷണിയിലുമാണ്.
റഫയിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിച്ച മൂന്ന് അക്രമകാരികളെ കൊലപ്പെടുത്തിയത് മാത്രമാണ് എന്നാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. എന്നാൽ പതിനായിരക്കണക്കിന് പലസ്തീനികൾ തങ്ങളുടെ അതിർത്തിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും അതിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു സ്വതന്ത്ര രാജ്യത്തെയും പോലെ ഇസ്രായേലിനും സ്വന്തം അതിർത്തി സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് അമേരിക്കൻ ഭരണകൂടം ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഐക്യരാഷ്ട്ര സംഘടനയടക്കം പല ലോക രാഷ്ട്രങ്ങളും മേഖലയിലെ കൂട്ടക്കുരുതിയെ അതിശക്തമായി അപലപിച്ചിട്ടുണ്ട്. പ്രശ്നവുമായിബന്ധപ്പെട്ട് അനാവശ്യ മരണങ്ങളൊഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന യൂറോപ്യൻ യൂണിയൻ വിദേശനയ വകുപ്പു മേധാവി ഫ്രഡറീക്ക മൊഖേറിനി ആവശ്യപ്പെട്ടു. അതിർത്തി കാക്കാനുള്ള അവകാശം ഇസ്രായേൽ വിനിയോഗിക്കുന്നത് സൂക്ഷിച്ചാവണമെന്ന് ജർമ്മനി ഓർമ്മിപ്പിച്ചു. അതേസമയം മനുഷ്യാവകാശത്തിനായുള്ള ഐക്യരാഷ്ട്ര സഭാ ഹൈക്കമ്മീഷണർ സെയ്ഡ് റാഡ് കടുത്ത ഭാഷയിലാണ് സംഭവത്തെ അപലപിച്ചത്. കൂട്ടക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അത് അവസാനിപ്പിക്കണമെന്നും റാഡ് ആവശ്യപ്പെട്ടു.
ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണെന്ന പലസ്തീൻ നായകൻ മഹ്മൂദ് അബ്ബാസ് പറഞ്ഞു. സംഭവത്തിൽ രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ എംബസിക്കെതിരേ ആരംഭിച്ച പ്രക്ഷോഭം അത് അടച്ചു പൂട്ടാതെ അവസാനിക്കില്ലെന്നാണ് പലസ്തീന്റെ നിലപാട്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത്രയധികം എതിർപ്പുകളുണ്ടായിട്ടും ആഘോഷമായി തുറന്ന എംബസി അടച്ചു പൂട്ടാൻ അമേരിക്ക തയ്യാറാവില്ലെന്ന് ഉറപ്പാണ്.
പറഞ്ഞ വാക്ക് പാലിക്കാനുള്ള പ്രസിഡണ്ട് ട്രംപിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ് എംബസി തുറക്കലെന്ന് കെട്ടിടത്തിലെ അമേരിക്കൻ മുദ്ര അനാച്ഛാദനം ചെയ്തുകൊണ്ട് ട്രംപ് ഭരണകൂടത്തിലെ പ്രമുഖയും അദ്ദേഹത്തിന്റെ മകളുമായ ഇവാൻക ട്രംപ് പറഞ്ഞു. അമേരിക്ക എന്നും സുഹൃത്തുക്കളുടെയും പങ്കാളികളുടെയും ഒപ്പമുണ്ടെന്ന ഇവാൻകയുടെ വാക്കുകൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള സദസ്സ് വൻ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഇവാൻകയ്ക്കൊപ്പം അമേരിക്കയിൽ നിന്നുള്ള ഉന്നതാധികാര സംഘവും ചടങ്ങിൽ പങ്കെടുത്തു. ഇവാൻകയുടെ ഭർത്താവും ട്രംപിന്റെ ഉപദേശകരിലൊരാളുമായ ജയേഡ് കുഷ്നർ, ട്രഷറി സെക്രട്ടറി സ്റ്റീവൻ നൂചിൻ, ഡപ്യൂട്ടി േസ്റ്ററ്റ് സെക്രട്ടറി ജോൺ സളിവൻ എന്നിവരുടെയെല്ലാം സാന്നിദ്ധ്യത്തിലായിരുന്നു എംബസി തുറക്കൽ. അമേരിക്കയും ട്രംപ് ഭരണകൂടവും ചടങ്ങിനു നൽകിയ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇതിനെ ഇസ്രായേലിന്റെ ചരിത്രത്തിലെ അതിമഹത്തായ ദിനമാണെന്ന് പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചത്. പ്രസിഡണ്ട് ചരിത്രം സൃഷ്ടിച്ചന്നും രാജ്യം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ കൂടുതൽ വ്യക്തമാകുന്നത് ഇസ്രായേൽ അമേരിക്ക ബന്ധത്തിലെ തീവ്രത തന്നെയാണ്. പലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ മദ്ധ്യസ്ഥന്റെ റോളിലാണ് അമേരിക്ക സ്വയം അവരോധിച്ചിരിക്കുന്നത്. എന്നാൽ വ്യക്തമായും പക്ഷപാതിത്വമുള്ള രാജ്യമാണ് തങ്ങളെന്ന് വീണ്ടുമൊരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ എംബസി തുറക്കലിലൂടെ അമേരിക്ക ചെയ്തിരിക്കുന്നത്. കടുത്ത പക്ഷപാതിക്ക് ഒരിക്കലും നല്ല മദ്ധ്യസ്ഥനാവാൻ കഴിയില്ല. ഫലത്തിൽ അമേരിക്ക പലസ്തീന്റെ മണ്ണിൽ നടത്തിയിരിക്കുന്നതും അധിനിവേശം തന്നെയാണെന്ന പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് പറഞ്ഞതും അതുകൊണ്ടാണ്. ഇനി അമേരിക്കയെ മദ്ധ്യസ്ഥനായിക്കാണാനാവില്ലെന്നും പലസ്തീൻ വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഗാസയിലെ ചോരപ്പുഴ ഉടനെങ്ങും ഒഴുക്കു നിർത്താനിടയില്ല. മണ്ണിന്റെയും അധീശത്വത്തിന്റെയും പേരിൽ ഒന്നുമറിയാത്ത കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള നിരപരാധികൾ കശാപ്പുചെയ്യപ്പെടുന്നത് പരിഷ്കൃത സമൂഹങ്ങൾക്കു ഭൂഷണമല്ല. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെട്ടേ മതിയാവൂ.