ഇനി ഒാർമ്മകളിൽ...
മലയാള സിനിമയ്ക്ക് ഒരു അതുല്യ പ്രതിഭയെകൂടി നഷ്ടമായിരിക്കുന്നു. വില്ലനായും കർക്കശക്കാരനായ കാരണവനായും മലയാള സിനിമയിൽ തന്റേതായ ഒരിടം സ്വന്തമാക്കിയ കലാശാല ബാബു വിടപറയുന്പോൾ നീകത്താനാവാത്ത ഒരു നഷ്ടമായി അത് അവശേഷിക്കുന്നു.
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ധലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായാണ് കലാശാല ബാബുവിന്റെ ജനനം. ലളിതയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക), വിശ്വനാഥൻ (അയർലണ്ട്) എന്നിവർ മക്കളാണ്.
കോളേജ് വിദ്യാഭ്യാസത്തിനിടെ റേഡിയോ നാടകങ്ങളിലൂടെയാണ് ബാബു കലാരംഗത്ത് സജീവമാകുന്നത്. പിന്നീട് രണ്ട് വർഷം കാളിദാസ കലാകേന്ദ്രത്തിൽ നാടക നടനായി. ഒ. മാധവൻ, കെ.ടി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭരുടെ സഹപ്രവർത്തകനായി.
തേവര കോളേജിൽ നിന്ന് ബി.എസ്.സി പാസായി നിൽക്കുന്പോഴാണ് എങ്ങനെയും സിനിമയിലഭിനയിക്കുക എന്ന ചിന്തയുമായി ബാബു നാടകത്തിലേയ്ക്ക് വരുന്നത്. അഭിനയത്തിന് അടിത്തറ കിട്ടാൻ നാടകം എന്തുകൊണ്ടും നല്ലതാണല്ലോ. പ്ര്രശസ്തരുടെ ശ്രദ്ധയിൽപ്പെട്ട പല തിരക്കഥയ്ക്കും വേഷം ചെയ്തു. അച്ഛന് ബാബു അഭിനയിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ അമ്മയ്ക്ക് സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നു. കലൂർ ഡെന്നീസുമായുള്ള പരിചയമാണ് സിനിമയിലേയ്ക്ക് വഴി തുറന്നത്. ഒരിക്കൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം നടക്കുന്നു. അതു കാണാൻ കലൂർ ഡെന്നീസും ജോൺപോളും ഉണ്ടായിരുന്നു. നാടകം കഴിഞ്ഞ് അവർ ഗ്രീൻ റൂമിലേയ്ക്ക് വന്നു. ഇണയേത്തേടിയെന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചു.
1977ലാണ് ഇദ്ദേഹത്തിന്റെ സിനിമ അഭിനയജീവിതം തുടങ്ങുന്നത്. ആന്റണി ഈസ്റ്റ്മാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ഇണയത്തേടി എന്ന ചിത്രത്തിലൂടെ. തെന്നിന്ത്യൻ മാദക റാണി സിൽക്ക് സ്മിതയുടെ ആദ്യചിത്രം കൂടിയായിരുന്നു അത്. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാൽ നാടകത്തിലേയ്ക്ക് തന്നെ മടങ്ങി. തുടർന്ന് തൃപ്പൂണിത്തുറയിൽ സ്വന്തം നിലയിൽ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നൽകി. ഈ നാടക സംഘത്തിന്റെ പേരാണ് പിന്നീട് പേരിനൊപ്പം ചേർത്തത്. എന്നാൽ, ട്രൂപ്പ് തുടങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അതു പരിപാലിച്ചു കൊണ്ടു പോവുന്നതെന്ന് മനസ്സിലായതുകൊണ്ട് പ്രവർത്തനം നിറുത്തി. എങ്കിലും നാടകം മനസിൽ നിന്നിറങ്ങിപ്പോയില്ല. വീണ്ടും ഒ. മാധവന്റെ കൂടെ. സീരിയലുകൾ വേരോടിത്തുടങ്ങുന്ന കാലമായിരുന്നു അത്. ഒന്നിന് പുറകേ ഒന്നായി 22 സീരിയലുകൾ. ഇതിനിടയിൽ നാടകത്തെ പതുക്കെ മറക്കേണ്ടി വന്നു. എങ്കിലും കലാശാലയെന്ന പേര് മാഞ്ഞു പോയില്ല. ഏഴ് മണി മുതൽ പത്ത് മണി വരെയുള്ള എല്ലാ സീരിയലുകളിലും ബാബു കലാശാല ഉണ്ടായിരുന്നു.
അതിനിടെ ലോഹിതദാസിന്റെ കസ്തൂരിമാനിലൂടെ സിനിമയിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്തി. എന്റെ വീട് അപ്പൂന്റേം, വിശ്വവിഖ്യാതമായ മൂക്ക്, രാസലീല, തൊമ്മനും മക്കളും, ടു കൺട്രീസ്, റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ്, പോക്കിരിരാജ, മല്ലുസിംഗ് തുടങ്ങി അന്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 28 ഓളം സീരിയലുകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കലിപ്പ് എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
1958ൽ ബാബുവിന്റെ അച്ഛനും അമ്മയും തുടക്കമിട്ട കേരള കലാലയം ഇന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങൾ നടത്തിക്കൊണ്ട് പോകുന്നു. 400ലധികം കുട്ടികളാണ് അവിടെ ഭാരതീയ കലകൾ അഭ്യസിക്കാൻ എത്തുന്നത്.