കർണാടക ആർക്കൊപ്പം...
കർണാടകത്തിൽ ഇന്നലെ ജനം വിധിയെഴുതുകയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരികയും ചെയ്തതോടെ കൂട്ടിക്കിഴിക്കലുകളുടെ സമയമാണ് ഇനി പാർട്ടികൾക്ക്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലെത്തുമെന്നും കർണാടകയിൽ മെയ് 17ന് ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചപ്പോൾ അത് മാനസിക പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചത്. കിംഗ് മേക്കർ അല്ല കിംഗ് തന്നെ ആകുമെന്നാണ് ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എച്ച്.ഡി കുമാരസ്വാമിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ 70.91 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 15നാണു വോട്ടെണ്ണൽ. 225 സീറ്റുകളുള്ള കർണാടക നിയമസഭയിലെ 222 മണ്ധലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടക്കുന്നത്. രാജേശ്വരി നഗർ മണ്ധലത്തിൽ പതിനായിരത്തിലധികം വ്യാജ ഐ.ഡി കാർഡുകൾ പിടിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. സ്ഥാനാർത്ഥി മരിച്ച ജയനഗറാണ്് തിരഞ്ഞെടുപ്പ് മാറ്റിവെച്ച മറ്റൊരു മണ്ധലം. കർണാടകയിൽ 1978ലും 2013ലും മാത്രമാണ് 70 ശതമാനത്തിലേറെ പോളിംഗ് മുൻപ് നടന്നത്. രണ്ട് തവണയും കോൺഗ്രസ് ആണ് വിജയിച്ചത്. പോളിംഗ് ശതമാനം വർദ്ധിക്കുന്നത് കോൺഗ്രസിന് അനുകൂലമാകുന്നതാണ് പതിവ്. 2013, 1999, 1989 തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയവും പോളിംഗ് കുറഞ്ഞ 2008, 2004 വർഷങ്ങളിലെ ബി.ജെ.പി മുന്നേറ്റവും ഇതിന് അടിവരയിടുന്നു.
അതേ സമയം ബി.ജെ.പിക്ക് നേരിയ മുൻതൂക്കം കിട്ടുമെന്നാണ് ഇന്നലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പ്രധാന ഒന്പത് എക്സിറ്റ്പോൾ ഫലങ്ങളിൽ ആറിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പറയുന്നു. മൂന്ന് ഫലങ്ങളിൽ മാത്രമാണ് കോൺഗ്രസ് വലിയ കക്ഷിയാകുമെന്ന് പറയുന്നത്. അതേസമയം, എല്ലാ ഫലങ്ങളിലും ജനതാദൾ (എസ്) സർക്കാർ രൂപീകരണത്തിൽ നിർണ്ണായക ശക്തിയാകുമെന്ന് പ്രവചിക്കുന്നു. 25 മുതൽ 43 വരെ സീറ്റുകളാണ് ജനതാദളിന് പ്രവചിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ: ഇന്ത്യ ടുഡേ: കോൺഗ്രസ് 106-118, ബി.ജെ.പി. 79-92, ജനതാദൾ 22-30, മറ്റുള്ളവർ 1-4.
ടൈംസ് നൗ: കോൺഗ്രസ് 90-103, ബി.ജെ.പി 80-93, ജനതാദൾ 31-39, മറ്റുള്ളവർ 2-4.
ഇന്ത്യ ന്യൂസ് ടുഡേയ്സ് ചാണക്യ: കോൺഗ്രസ് -73, ബി.ജെ.പി -120, ജനതാദൾ -26, മറ്റുള്ളവർ -3.
റിപ്പബ്ലിക് ടി.വി: കോൺഗ്രസ് 73-82, ബി.ജെ.പി 95-114, ജനതാദൾ 32-43, മറ്റുള്ളവർ 2-3.
ന്യൂസ് എക്സ് സി.എൻ.എക്സ്: കോൺഗ്രസ് 72-78, ബി.ജെ.പി 102-110, ജനതാദൾ 35-39, മറ്റുള്ളവർ 3-5.
എ.ബി.പി ന്യൂസ് സി വോട്ടർ: കോൺഗ്രസ് 87-99, ബി.ജെ.പി 97-109, ജനതാദൾ 21-30, മറ്റുള്ളവർ 1-8.
ന്യൂസ് നേഷൻ: കോൺഗ്രസ് 71-75, ബി.ജെ.പി 105-109, ജനതാദൾ 36-40, മറ്റുള്ളവർ 3-5.
ദിഗ് വിജയ്: കോൺഗ്രസ് -97, ബി.ജെ.പി -94, ജനതാദൾ 31-35, മറ്റുള്ളവർ 4-8.
ഇന്ത്യ ടി.വി: കോൺഗ്രസ് 76-80, ബി.ജെ.പി. 103-107 ജനതാദൾ -28, മറ്റുള്ളവർ -3.
എക്സിറ്റ് പോളുകൾ ബി.ജെ.പിയെ തുണക്കുന്പോഴും കോൺഗ്രസിന് സാധ്യത ബാക്കികിടക്കുന്നു. ഭരണവിരുദ്ധ വികാരം കാര്യമായി ഏശില്ലെന്ന് ആശ്വാസം കൊളളുകയാണ് കോൺഗ്രസ്. ക്ഷേമപദ്ധതികളും സിദ്ധരാമയ്യയുടെ ജാതി സമവാക്യങ്ങളും പരീക്ഷിക്കപ്പെട്ടു. അഹിന്ദു മാത്രമല്ല ലിംഗായത്ത് പിന്തുണയും ഉറപ്പായെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേ സമയം എക്സിറ്റ് പോളുകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അടുത്ത രണ്ട് ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരെ ആഹ്വാനം ചെയ്തു. കോൺഗ്രസ് അധികാരം നിലനിർത്തിയാൽ ദേവരാജ് അരശിന് ശേഷം ആദ്യമായി അധികാരത്തിൽ തുടരുന്ന കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ഖ്യാതി സിദ്ധരാമയ്യക്കായിരിക്കും. ഇത് സിദ്ധരാമയ്യയെ കർണാടക കോൺഗ്രസിൽ ആർക്കും ചോദ്യംചെയ്യാനാവാത്ത നേതാവായി ഉയർത്തും.
കർണാടക തിരഞ്ഞെടുപ്പുഫലം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിർണായകമാണ്. ജനതാദൾ -എസിനാകട്ടെ നിലനിൽപ്പിന്റെ പോരാട്ടമാണിത്. ജനതാദൾ എസിന് 30ൽ കൂടുതൽ സീറ്റ് ലഭിച്ചാൽ ഭരണം പിടിക്കണമെങ്കിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും ഇവരുടെ പിന്തുണ വേണ്ടിവരും. സിദ്ധരാമയ്യയ്ക്ക് പിന്തുണ നൽകാൻ കുമാരസ്വാമി തയ്യാറാകില്ലെന്നാണ് സൂചന. പാർട്ടി ദേശീയപ്രസിഡണ്ട് എച്ച്.ഡി ദേവഗൗഡയുടെ ചുമലിലായിരിക്കും തീരുമാനമെടുക്കേണ്ട ബാധ്യത. ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയാൽ കുമാരസ്വാമിയെ കുടുംബത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.