കൊറിയൻ പ്രതീക്ഷകളും യാഥാർത്ഥ്യവും
വി.ആർ സത്യദേവ്
“After a furious year of missile launches and Nuclear testing, a historic meeting between North and South Korea is now taking place. Good things are happening, but only time will tell!” (മിസൈൽ വിക്ഷേപണങ്ങളുടെയും ആണവപരീക്ഷണങ്ങളുടെയും കോപാകുലമായ ഒരു വർഷത്തിനൊടുവിൽ ഇരുകൊറിയകളും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ച സാദ്ധ്യമായിരിക്കുന്നു. നല്ലകാര്യങ്ങൾ, അതു നടപ്പാകുമോയെന്ന് കാത്തിരുന്നു തന്നെ കാണണം...). ലോക സമാധാനത്തിന് ഏറെ ശക്തിപകർന്ന കൊറിയൻ സമാധാന നടപടികളെക്കുറിച്ചുള്ള അമേരിക്കൻ പ്രസിണ്ട് ഡോണൾഡ് ട്രംപിൻ്റെ ട്വീറ്റാണ് ഇത്. മികച്ച രാഷ്ട്രീയക്കാരനോ ഭരണാധികാരിയോ ആണ് ട്രംപ് എന്നകാര്യത്തിൽ സംശയമുള്ളവർ ഏറെയാണ്. എന്നാൽ കൊറിയൻ വിഷയത്തിൽ ട്രംപിൻ്റെ ആശങ്ക ശരിയായിത്തീരുകയാണോ എന്ന സംശയം ശക്തമാവുകയാണ്. നടക്കുന്നത് നല്ലകാര്യമെന്ന് അംഗീകരിക്കുന്പോൾ തന്നെ അതു നടപ്പാകാനുള്ള സാദ്ധ്യത തള്ളിക്കളയുന്ന തരത്തിലുള്ളതാണ് ഈ ട്വീറ്റ്.
ഇരു കൊറിയകളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് സാദ്ധ്യതകളുയരുന്നത് ഇത് ആദ്യമായല്ല. എന്നാൽ അപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞ് ആ നീക്കങ്ങളിൽ നിന്നും പിന്മാറുന്ന പതിവാണ് ഉത്തരകൊറിയയുടെ നേതൃത്വങ്ങൾക്ക് കാലാകാലങ്ങളായി ഉണ്ടായിരുന്നത്. ആ അനുഭവങ്ങളുടെ വെളിച്ചത്തിിലാണ് ട്രംപ് തൻ്റെ കുറിപ്പിൽ ചെറുതായെങ്കിലും അതു നടപ്പാക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന സൂചന നൽകിയത്.
ട്രംപ് മാത്രമല്ല കൊറിയൻ പ്രേമികളല്ലാത്ത സ്വതന്ത്ര നിരീക്ഷകരും തുടക്കം മുതൽ ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നിൻ്റെ പെട്ടെന്നുള്ള സമാധാന നീക്കങ്ങളെ സംശയത്തോടെ തന്നെയാണ് കണ്ടത്. സമീപ ഭൂതകാലം വരെ ദക്ഷിണ കൊറിയയ്ക്കും അമേരിക്കക്കുമെതിരേ കടുത്ത ഭാഷയിൽ മാത്രം പ്രതികരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് കിം മൂന്നാമൻ. പെട്ടെന്നൊരു ദിനം കിം സമാധാന ദൂതനും ഐക്യദാഹിയുമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതുകൊണ്ടു തന്നെയാണ് സമാധാന പ്രഖ്യാപനങ്ങൾ നടപ്പാക്കപ്പെടാനുള്ള സാദ്ധ്യതകുറവാണെന്ന് ട്രംപും നിരീക്ഷകരും വിലയിരുത്തിയത്. ഈ ആശങ്ക ശരിവയ്ക്കുന്ന സൂചനകളാണ് ഈ വാരം കൊറിയൻ ഉപഭൂഖണ്ധത്തിൽ നിന്നുമെത്തുന്നത്.
അമേരിക്ക മിസൈലിട്ടു തകർക്കുമെന്ന കിമ്മിൻ്റെ അവകാശവാദവും കിമ്മിനേ മൂക്കിൽ കയറ്റുമെന്ന ട്രംപിൻ്റെ തിരിച്ചടിയും കേട്ടുകൊണ്ടായിരുന്നു സമീപകാല ദിനങ്ങളൊക്കെ പിറന്നതും അസ്തമിച്ചതും. എന്നാൽ സമാധാന നീക്കങ്ങളുടെ ഭാഗമായി അടുത്തിടെയായി വാക്ശരങ്ങൾകൊണ്ടുള്ള ആക്രമണം ഏറക്കുറേ അവസാനിപ്പിച്ച നിലയിലായിരുന്നു കിം ജോംഗ് ഉൻ. ഇതോടേ മറുഭാഗത്ത് ട്രംപിൻ്റെ പ്രസ്താവനാ വെടിക്കെട്ടും ശമിച്ചു. ഇത് സമാധാന നീക്കങ്ങളെയും ലോകസമാധാനത്തെ തന്നെയും ഏറെ ശക്തിപ്പെടുത്തി എന്നുറപ്പാണ്. എന്നാൽ കൊറിയ വീണ്ടും ഇടയുകയാണ്. കൊറിയ-കൊറിയ : ഭായീ-ഭായീ എന്നും കൊറിയ--യാങ്കീ : ഭായീ -ഭായീ എന്നൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു പിരിഞ്ഞതാണ് ഇരു കൊറിയൻ നായകന്മാരും. ഉത്തര കൊറിയയിൽ തിരിച്ചത്തി ദിവസങ്ങൾ കഴിയും മുന്പേ കിം ജോംഗ് ഉൻ പറയുന്നത് കൊറിയൻ സമാധാന നീക്കങ്ങൾക്ക് അമേരിക്കൻ നടപടികൾ കനത്ത ഭീഷണിയാകുന്നു എന്നാണ്.
കിമ്മിൻ്റെ നീക്കത്തോടുള്ള അമേരിക്കൻ പ്രതികരണം എന്തുതന്നെയായാലും സമാധാന നീക്കങ്ങളുടെ ഭാവി വീണ്ടും കരിനിഴലിലാവുകയാണ്. അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങളാണ് സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയാകുന്നതെന്ന് കിം ആരോപിക്കുന്നു. ആണവ നിർവ്യാപനം പൂർണ്ണമായാലേ ഉത്തരകൊറിയയ്ക്കതിരായ ഉപരോധങ്ങളും വിലക്കുകളും നീക്കം ചെയ്യൂവെന്ന് നിലപാട് അമേരിക്ക ആവർത്തിച്ചതാണ് ഇപ്പോൾ ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആ നിലപാടിൽ വാസ്തവത്തിൽ പുതുമയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ കൊറിയ ആണവപദ്ധതികളിൽ നിന്നു പിന്മാറാതെ അമേരിക്ക നിലപാടു മാറ്റുമെന്നു കരുതാനാവില്ല. അങ്ങനെ വരുന്പോൾ ഈ ആരോപണം കൊറിയയുടെ ഉടക്കുന്യായമായി വിലയിരുത്തേണ്ടി വരും. കൊറിയയിലെ അമേരിക്കൻ സേനാ വിന്യാസം കൂടുതൽ ശക്തമാകുന്നു എന്നതാണ് കിമ്മിൻ്റെ മറ്റൊരു പരാതി. തെക്കൻ കൊറിയയിലെ അമേരിക്കൻ സേനാ വിന്യാസം നിലനിൽക്കെ തന്നെയാണ് സമാധാന നീക്കങ്ങളുമായി ഇരു കൊറിയകളും മുന്നോട്ടു പോയത്. അതുകൊണ്ടു തന്നെ ഈ വാദത്തിലും കാര്യമായ കഴന്പില്ല.
അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ കൂടിക്കാഴ്ചകളുടെ കൂടി ഫലമാണ് കിം സമാധാന വഴിയിലേക്ക് ഗതിമാറിയത്. ഉത്തരകൊറിയയിലെത്തി ഏപ്രിൽ മാസത്തിലായിരുന്നു പോംപിയോ കിമ്മിനെ കണ്ടത്. ഇത് കൊറിയൻ പ്രശ്നപരിഹാരത്തിനുള്ള പ്രസിഡണ്ട് ട്രംപിൻ്റെ ശ്രമങ്ങളെ സഹായിക്കാനായിരുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അവകാശപ്പെട്ടിരുന്നു. ആ ശ്രമങ്ങളെല്ലാം പാഴാകാനുള്ള സാദ്ധ്യതയാണ് ഉത്തരകൊറിയയുടെ പുതിയ പ്രസ്താവനയോടേ തെളിയുന്നത്.
കൊറിയൻ സമാധാന സ്ഥാപന നീക്കങ്ങളുടെ ഭാഗമായി ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി അടുത്ത ഏതാനും ആഴ്ചകൾക്കിടെ അതീവ നിർണ്ണായകമായ കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. ഇതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുന്നു. ഇതിനിടെയാണ് കിമ്മിന്റെ ഭാഗത്തു നിന്നുള്ള പുതിയ ആരോപണമെത്തുന്നത്. ഇത് നിരുത്തരവാദപരമാണെന്ന് വിലയിരുത്തപ്പെട്ടേക്കാം.
കൊറിയൻ മണ്ണിനെ ആണവമുക്തമാക്കാനും ഇരുകൊറിയകളും തമ്മിൽ 1953ൽ അവസാനിച്ച യുദ്ധം ഔപചാരികമായി അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ച സഹകരണവും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇരു കൊറിയൻ നായകരും ചേർന്നുള്ള പാൻമുൻജോം കൂടിക്കാഴ്ചയിൽ തീരുമാനമായത്.
ഇരുകൊറിയകളും സഹോദരങ്ങളാണെന്നും ഒന്നിച്ചു മുന്നേറണ്ടവരാണെന്നും കൂടിക്കാഴ്ചയ്ക്കിടെ കിം വ്യക്തമാക്കിയത് മറ്റൊരു രാഷ്ട്ര സംയോജനത്തിലേക്കു പോലും നയിച്ചേക്കുമെന്ന പ്രതീക്ഷയുണർത്തി. അതിരിനപ്പുറവും ഇപ്പുറവുമുള്ള സ്നേഹ സൗഹാർദ്ദങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉത്തരകൊറിയയിലെ സമയ രേഖ പുനർനിർണ്ണയിക്കുമെന്നു പോലും കിം പറഞ്ഞുവച്ചു.
ഉത്തരകൊറിയയുടെ ആണവപദ്ധതികൾ ഉപേക്ഷിക്കും എന്നതിനപ്പുറം ആണവപരീക്ഷണങ്ങളെല്ലാം നടന്ന പുംഗ്യേ റീ താവളം അടച്ചു പൂട്ടുമെന്ന പ്രഖ്യാവനവും ഇരു കൊറിയകളുടെയും അതിർത്തിയിലുള്ള പാൻമുൻജോം ഗ്രാമത്തിൽ കഴിഞ്ഞ മാസം 27ന് നടന്ന പ്രസിഡണ്ടുമാരുടെ കൂടിക്കാഴ്ചക്കിടെ കിം വ്യക്തമാക്കി. 2006 മുതൽ 2017 വരെ ലോകത്തെ ഞെട്ടിച്ച ആറ് ആണവ പരീക്ഷണങ്ങളാണ് മാൻടാപ്പ് മലനിരകളിലെ പുംഗ്യേ റീ താവളത്തിൽ നടന്നത്. മാൻ ടാപ്പിലെ തുരങ്കങ്ങളിലായിരുന്നു പരീക്ഷണങ്ങളെല്ലാം അരങ്ങേറിയത്. കഴിഞ്ഞ വർഷം സപ്തംബറിൽ നടത്തിയ പരീക്ഷണത്തോടെ പുംഗ്യേ റീ തകർന്നെന്ന് വാർത്തകൾ പരന്നിരുന്നു. ഉത്തര കൊറിയയുടെ ഏക ചങ്ങാതി രാഷ്ട്രമായ ചൈന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പുംഗ്യേ റീ പ്രവർത്തന ക്ഷമമാണെന്നും അത് അടച്ചു പൂട്ടുന്പോൾ അവിടേയ്ക്ക് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും വിദഗ്ദ്ധന്മാരെയും ക്ഷണിക്കുമെന്നും കിം വ്യക്തമാക്കി.
പുംഗ്യേ റീയുടെ തകർച്ച ചൈനയടക്കമുള്ള രാഷ്ട്രങ്ങൾ വിലയിരുത്തിയത് ഉപഗ്രഹചിത്രങ്ങളുടെയും ഭൂകന്പമാപിനികളുടെയും സഹായത്തോടെയായിരുന്നു. ആവസാന പരീക്ഷണം നടന്നതിനടുത്ത ദിവസം അവിടം കേന്ദ്രീകരിച്ച് വലിയ ഭൂചലനവും തുടർ ചലനങ്ങളും രേഖപ്പെടുത്തിയിരുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ അടച്ചു പൂട്ടൽ വേളയിൽ വിദേശ നിരീക്ഷക സാന്നിദ്ധ്യം അനുവദിക്കുക അസാദ്ധ്യമാണ്. അമേരിക്കൻ നീക്കങ്ങളുടെ പേരുപറഞ്ഞ് സമാധാന നീക്കങ്ങളിൽ നിന്നു പിന്മാറിയാൽ തൽക്കാലത്തേക്കെങ്കിലും പുംഗ്യേ റീ തകർന്നിട്ടില്ലെന്ന കിമ്മിന്റെ അവകാശവാദം തകരാതെയുമിരിക്കും.
പ്രത്യേകിച്ച് ഏടുത്തു പറയാനൊരു കാര്യവുമില്ലാതെയാണ് കിം സമാധാനത്തിൻ്റെ ആഗോള അംബാസിഡറായത്. അതിനുപിന്നിൽ അമേരിക്കയുടെ സമ്മർദ്ദമില്ലെന്ന് അദ്ദേശം അവകാശപ്പെടുകയും ചെയ്യുന്നു. അമേരിക്കൻ സമ്മർദ്ദത്തിനുമപ്പുറം സ്വന്തം ആണവസംവിധാനങ്ങൾ പൂർണ്ണമായേ ഭാഗീകമോ തകർന്നതാവാം കിമ്മിൻ്റെ പെട്ടെന്നുള്ള സ്വഭാവമാറ്റത്തിന് കാരണമെന്ന വിലയിരുത്തലുകൾ ശക്തമാണ്. പ്രകോപനങ്ങളില്ലാതെ കഴിവതും സമാധാനാന്തരീക്ഷം നിലനിർത്തി സ്വന്തം ആയുധങ്ങൾക്ക് വീണ്ടും മൂർച്ച കൂട്ടാൻ കൂടുതൽ സമയം കണ്ടെത്തുകയെന്ന തന്ത്രമായിരിക്കും കിം ഇപ്പോൾ പയറ്റുന്നത്. അതെന്താണെന്ന് തിരിച്ചറിയാൻ അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞതുപോലെ കാത്തിരിക്കുകയേ തരമുള്ളൂ.