എന്തിനു നാരദരേ...?
ശരശയ്യ - നിതിൻ നാങ്ങോത്ത്
എന്തിനു ഭാരതരേ എന്ന് ക്രിട്ടിക്കലായത് സുകുമാർ അഴീക്കോട് മാഷാണ്. ആയുസ്സുമുഴുവനും നാടുംനാട്ടാരെയും നന്നാക്കാൻ മാഷ് തൊണ്ടകീറിയിട്ടും നല്ല തേപ്പിന്റെപണി കൊടുത്തവരാണ് പ്രബുദ്ധഭാരതപ്പൈലിമാർ. വീണാൽ വീണു പൂവേ! ആരോർക്കുന്നു നല്ല ചൊല്ലലും ചെയ്തിയും? ഏഷണിയും ഭീഷണിയും കൊണ്ട് പുതിയ കാലത്തെ പ്രകാശപൂരിതമാക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് ധ്വജപ്രണാമം!! വഴി വെളിച്ചങ്ങളെ എറിഞ്ഞുടയ്ക്കുന്ന പുതിയ കൾച്ചർ കൊളളാം. പ്രതികരിക്കേണ്ടവരുടെ വായിൽ ചിക്കൻ റോളാണ്. പ്രതിരോധിക്കേണ്ടവരുടെ കൈകൾക്ക് ആമവാതമാണ്... ഈ നാടിങ്ങനെ കെട്ടുപോകത്തേയുളളൂ...
കാത്തിരുന്നു കാത്തിരുന്നു തേജോവധിക്കുകയാണ് പകവീട്ടലുകാർ. ഒരു പകയുമില്ലാത്തവരും ഒരുഭംഗിക്ക് നാരദവേഷം കെട്ടിയാടുന്നുണ്ട്. ഉയരത്തിൽ പറക്കുന്ന പക്ഷിയെ വെടിവെച്ചിട്ട് താഴെ അതിന്റെ പിടച്ചിൽ കാണുന്പോഴുളള ഒരു ഹൃദയദുന്ദുഭിയില്ലേ... ഹൊ! അതനുഭവിക്കുക തന്നെ വേണം!! യാരെടാ ഈ യേസുദാസ്? ലയാൾ യൂദാസല്ലേ? ഒരുമണിക്കൂർ നീർന്നുനിക്കാൻ പാങ്ങില്ലാത്ത ആളെയാണോ പ്രഥമസിറ്റിസൻ ആക്കേണ്ടത്? “അയാളെ” എന്തിനു കൊളളാം? ആ വെടിവെപ്പുകാരനും നാലാം കിട സീരിയൽ നടിയും ഷൈൻ ചെയ്യുകയായിരുന്നു അവിടെ. ഭഗവാനേ, എന്തൊരഹങ്കാരമാണ് നമ്മുടെ ഞാനികളായ “ജഡ്ജി”മാർകൾക്കും ഒളിപ്പോരുകാരായ ബൊളീവിയൻ പച്ചത്തെറിക്കാർക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കലാകാരന്മാർ... എല്ലാവരോടും വാടാ പോടാ ബന്ധമാണ് ഈയിടെയായി നമ്മൾക്ക്! വിഗ്രഹങ്ങളെ തച്ചുടയ്ക്കുന്നു. പ്രതിഷ്ഠ ഇളക്കിമാറ്റുന്നു. വന്മരങ്ങളെ വെട്ടിവീഴ്ത്തുന്നു. ഈശ്വരനിന്ദ, ഗുരുനിന്ദ, പരനിന്ദ, പരപുച്ഛം, ഗോസിപ്പ്, തേപ്പ്... ഹൊ!! ഈ നാട് ജീവിക്കാൻ കൊളളാത്ത ഇരുണ്ട ഭൂഖണ്ധമായിട്ടുണ്ട്. അതിനിടയിൽ ക്ലാസിക്കൽ വാർ എന്ന അപരനാമത്തിലറിയപ്പെടുന്ന കണ്ണൂർമോഡൽ അനുഷ്ഠാനകലയും.
പുണ്യപുരാതന സെർച്ച് എൻജിനീയറായ നാരദരുടെയും ശകുനി -മന്ഥര സ്വഭാവമഹിമയുളളവരുടെയും ഒരവിശുദ്ധ കൂടോത്ര കൂട്ടുകെട്ടാണ് പുതിയ കാലത്തിന്റെ സൗഭാഗ്യങ്ങളിലൊന്ന്. “പാര”ലോയ്ഡ് ജീവിതം നയിച്ചിരുന്ന മൂവരും ഉണ്ടാക്കിയ കൊസ്രാക്കൊളളികൾ ചരിത്രത്തിൽ സലൈവയും കൂട്ടി ഗൂഗിൾ ചെയ്താൽ വ്യക്തമാവും. ഗുജറാത്ത് കിംഗ് രൂപാണിക്ക് ഭീമാബദ്ധം പറ്റിയോ? കൈവെളളയിലെ നെല്ലിക്ക നോക്കി റണ്ണിംഗ് കമന്ററി നടത്തിയ സഞ്ജയനല്ലേ ശരിക്കും ഗൂഗിൾ!! ഏഷണിയുടെ ബ്രാന്റ് അംബാസിഡറായ നാരദർഷികളെ ഉലകംചുറ്റും വാലിബനെന്ന നിലയിൽ ഗൂഗിൾ മാപ്പായി കംപാരിസണിക്കാം. പുരാണിസ്റ്റുകൾ മാപ്പാക്കണേ. യഥാർത്ഥ നാരദർ ആരാണെന്ന് നമിക്കാതെയല്ല ഈ സറ്റയർ. സ്റ്റാർവാല്യുവിനായ് മസാല വിളന്പുന്നതിലെ കെടുന്പ് മൂക്കിലേക്കിരച്ച് ഓക്കാനിച്ചുപോയതാണേ. ത്രിപുര രാജാ ബി പ്ലസ് കുമാർ ജിയുടെ പൗരാണികവ്യാഖ്യാനമാമാങ്കങ്ങൾ അൺസഹിക്കബിളായിട്ടുണ്ട്. ഇമ്മാതിരി “പശു”പതാസ്ത്രങ്ങൾ ആവനാഴിയിൽ തോന കാണുമായിരിക്കും. ല്ലേ? പ്രാണനുറക്കെ കേണീടുന്നു... പ്രഭോ പരാജിത നിലയിൽ (രബീന്ദ്രസംഗീതമാണ്).
ലെഫ്റ്റ് റൈറ്റ് സഹോദരന്മാരേ... നാക്കിലൂടെയുളള ബിപ്ലവം ആദായകരമായ ബിസിനസ്സാണ്!! ഡ്രോണുകളുടെ പേറ്റന്റ് കുബേരബോസിന്റെ ബീമാനത്തിന്റെ ഡിക്കിയിലുണ്ടായിരുന്നെന്ന് കേപ്പിക്കല്ലേ ബിശ്വാമിത്രാ. ന്യൂട്രിനോ ഒബ്സർവേറ്ററി അങ്ങ് മരുത്വാമലയിലാണ് “പൊട്ടിപ്പുറ”പ്പെട്ടതെന്ന് പറഞ്ഞു കളയല്ലേ ചങ്ക്സ്. കാസർഗോഡ് കാച്ചിയപോലെ കാന്താരീപ്രസംഗങ്ങളാണ് ഇക്കാലത്ത് കൂടുതൽ മൈലേജ് തരിക. എരിവും പുളിയും മസാലയിലെ അവിഭാജ്യഘടമാണെന്ന് അറിയാത്തതല്ലല്ലോ? ശശികല ടീച്ചർക്ക് പ്രായമേറി വരികയാണല്ലോ! മദനിക്ക് പകരമാവാൻ ഇപ്പോഴുളള താടിക്കാർക്കാർക്കും ശിക്ഷണം പോര. സ്ത്രീവിരുദ്ധത അങ്ങേയറ്റം. പഠിപ്പുളള പെന്പിള്ളേരയടുത്തൊന്നും ഈപ്പരിപ്പ് വേവൂല. വിമൺ എംപവർമെന്റിന്റെ താക്കത്ത് സ്മൃതിമാഡം കാട്ടിത്തന്നത് പാക്കിയില്ലേ... പൊന്നുവെക്കേണ്ടിടത്ത് റഫ്ലീഷിയാഫ്ളവറെടുത്തു വെക്കും. അതാണ് മഹിളാജനുസ്സ്!!
എന്തൊക്കെയായാലും ഒരു സെൽപ്പീ ഇഷ്യൂവിൽ ഗാനഗന്ധർവ്വനെ കെന്ത്രോന്പാട്ടുകാരനാക്കിയത് ശരിയായില്ല. ബഹിഷ്കരണജാഥയിൽ ചേരാത്തതിന് ഇങ്ങനെ വളഞ്ഞിട്ട് തേക്കണോ? തേജോവധമെന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുണ്ടോ? എന്തൊക്കെയായിരുന്നു? യേശുദാസ് തെറ്റിച്ച ഈണങ്ങൾ, ഒതുക്കിയ പാട്ടുകാർ, നന്ദികേടുകാട്ടിയ ഗുരുനാഥന്മാർ... അവതാളരാഗത്തിൽ എല്ലാ സൂര്യകിരീടവും വീണുടഞ്ഞുപോയിക്കാണണം. ലഗിൻസ്പക നാട്ടുകാർ വീട്ടിയത് നെഞ്ചത്ത്കയറി താടിക്ക് തീകൊടുത്ത്. പാവം മാനവഹൃദയം!!
ഇതൊന്നും കാണാനും കേൾക്കാനും കെൽപ്പില്ലാതെ ജീവിതംകൊണ്ട് മുറിവേറ്റ ഒരു കവി മടപ്പളളിയിൽ ഒരു കയറിന്റെ അറ്റത്ത് വിലാപമായ് തൂങ്ങിയാടി. പോയ ആ നല്ല മനുഷ്യനോടുളള സൗഹൃദം ആളുകൾ കരഞ്ഞു തീർത്തത് അരോചകമായി. മരണത്തെ ആഘോഷമാക്കി കവിത മെനയാൻ എങ്ങനെ പറ്റണെന്റെ കീറ്റ്സീശ്വരാ. ആത്മഹത്യ ദിവ്യവും ഉദാത്തവുമായെന്നായിരുന്നു ഭൂരിപക്ഷബുജിപ്രജകളുടെയും ഒപ്പീനിയൻ. നീയാണ് യഥാർത്ഥ കവി.. വാക്കുപാലിച്ചവൻ...എഴുതിയത് അതേപടി പ്രാവർത്തികമാക്കിയവൻ... കവേ നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. സഹോദരൻ ഒരിക്കലേ മരിച്ചിട്ടുളളൂ. നമ്മളെല്ലാം കൂടി ആ പാവത്തെ ആയിരത്തിയൊന്നു വട്ടം. പറ്റുമെങ്കിൽ ഈ കവിത തന്നെ ഒരു ഓർഡറിലൂടെ നിരോധിക്കണം. വിഷാദത്തെ പ്രസവിക്കുന്ന ഡെയ്ഞ്ചറസ് ഏർപ്പാട്. ചുളളിക്കാടൊക്കെ അത് നേരത്തേ തിരിച്ചറിഞ്ഞ് എസ്കേപ്പായതാ. മരിച്ച കവിയുടെ വിഷാദത്തെപ്പറ്റിയായി പിന്നീട് നെടുങ്കൻ ലേഖനപരന്പരകൾ. ഈ ഇടപ്പളളിച്ചങ്ങായിമാരെ പെരുത്തലമട്ടൽ കൊണ്ട് തല്ലണം. ദൈവത്തിന്റെ വരദാനമായ ജീവിതത്തെ സ്പൊണ്ടേനിയസ് ഓവർഫ്ലോവാക്കാൻ അക്ഷരത്തെ പ്രകോപിപ്പിക്കുന്ന മീമാംസക്കാർ. മുഖ്യപ്രസാധകരുടെ അവഗണനാപർവത്തിലാണ് കവി ജീവത്യാഗം ചെയ്തതെന്ന നവീകരണവുമായി ഒരുവണ്ടി യാത്രക്കാർ പിന്നെയും പിന്നെയും... പാവം അമ്മയുടെയും മകന്റെയും അടുത്തടുത്ത വിയോഗം രക്തബന്ധുക്കളെങ്കിലും താങ്ങുവതെങ്ങനെ? എന്തിന് നാരദരേ, ശവഘോഷയാത്രയിലും വീണമീട്ടലുകൾ!!
ഈ അംഗീകാരത്തിലൊന്നും ബല്യ കാര്യമില്ല ഭായ്!! സാക്ഷാൽ നോബൽപ്രൈസു വരെ പോസ്റ്റുപോണ്ടാക്കിയിരിക്കയാണ്. സാഹിത്യത്തിന്റെ അടുക്കളവാതിലിലൂടെ അശ്ലീലത്തിന്റെ അപവാദം നൂണ്ടുകയറി പോലും. മറ്റുളളവരുടെ ക്ലാപ്പുവാങ്ങിക്കാനുളള നമ്മൾ മനുഷ്യരുടെ ഈ പടയോട്ടമുണ്ടല്ലോ... അതിന് വീഴണം ആദ്യം കടിഞ്ഞാണ്!! സിദ്ധിയിലും സാധനയിലും ബേജാർപ്രൂഫാവാൻ പരിശീലിച്ചില്ലേൽ നാട് സ്വയംമരണക്കാരുടെ സെമിത്തേരിയാവും.