അൽ­പത്തത്തി­ന്റെ­ പരകോ­ടി­യി­ൽ!


ജെ. ബിന്ദുരാജ്

ർദ്ധരാത്രിയിലെ സ്വാതന്ത്ര്യത്തിന് അക്ഷരാർത്ഥത്തിൽ വെളിച്ചം കുറവായിരുന്നു. വിഭജനത്തിന്റെ മുറിവുകളുടെ ശോഭ കെടുത്തലിനപ്പുറം വാച്യാർത്ഥത്തിൽ തന്നെ ഇരുട്ടിന്റെ ഒരു ലോകമായിരുന്നു പിന്നീട് കാലങ്ങളോളം ഇന്ത്യ. ഗ്രാമങ്ങളിൽ നിന്നാകണം ഇന്ത്യയുടെ വികസനസങ്കൽപങ്ങൾക്ക് ചിറകുകൾ നൽകേണ്ടതെന്ന ഗാന്ധി വചനം അധികാരത്തിലെത്തിയവർ പാടെ അവഗണിച്ചു. എന്തിന് ഗ്രാമങ്ങളിലേയ്ക്ക് വൈദ്യുതിയെത്തിക്കുന്നതുപോലും ലാഭകരമല്ലാത്ത പ്രവൃത്തിയായി കണ്ട് കാലങ്ങളോളം അതിനു മടിച്ചു നിന്നു. അതുകൊണ്ടു തന്നെ, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ മൊത്തം 5,97,464 ഗ്രാമങ്ങളിൽ 18,452 ഗ്രാമങ്ങളിലേയ്ക്ക് ഇരുട്ടിനെ ഭേദിച്ച് പ്രകാശത്തിന്റെ കിരണങ്ങളെത്താൻ 70 വർഷങ്ങളോളമെടുത്തു. പക്ഷേ 1991 മുതൽ സർക്കാരിന്റെ ചിന്താഗതികളിൽ മാറ്റമുണ്ടായിത്തുടങ്ങിയിരുന്നു. പക്ഷേ ചെയ്യുന്ന പ്രവൃത്തികൾക്ക് വീരവാദത്തിന്റെ അകന്പടി വേണമെന്ന് ധരിച്ചിരുന്നവരായിരുന്നില്ല അന്നത്തെ ഭരണാധികാരികൾ. അതുകൊണ്ട് നിശ്ശബ്ദമായെങ്കിലും വെളിച്ചത്തിലേയ്ക്ക് ഇന്ത്യൻ ഗ്രാമങ്ങൾ കണ്ണുതുറന്നു തുടങ്ങിയിരുന്നു. എന്നാൽ വൈദ്യുതിയെ വോട്ടാക്കി മാറ്റാൻ വികസനത്തിന്റെ മുഖംമൂടിയിട്ട വർഗീയതയുടെ വക്താക്കൾ വിദഗ്ദ്ധമായ ആസൂത്രണം തന്നെ അധികാരത്തിലെത്തിയ സമയം മുതൽ തുടങ്ങിയിരുന്നു. 2015ലെ സ്വാതന്ത്ര്യദിനച്ചടങ്ങ് അതിന്റെ തെളിവായിരുന്നു. അന്നത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വൈദ്യുതിയെത്തപ്പെടാത്ത ഈ ഗ്രാമങ്ങളിലേയ്ക്ക് 1000 ദിവസങ്ങൾക്കുള്ളിൽ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം വൈദ്യുതിയെത്തിക്കുമെന്ന് പ്രസ്താവിച്ചത്. 

ആ പ്രസ്താവന വരുന്പോൾ ഇന്ത്യയിലെ കേവലം മൂന്നു ശതമാനം ഗ്രാമങ്ങൾ മാത്രമേ വൈദ്യുതീകരിക്കപ്പെടാൻ ബാക്കിനിൽക്കുന്നുള്ളുവെന്ന് സർക്കാരിന് അറിയാമായിരുന്നു. ആയിരം ദിവസത്തിനുള്ളിൽ അത് പൂർത്തീകരിച്ചാൽ ഇന്ത്യയെ മുഴുവൻ വൈദ്യുതീകരിച്ചത് തങ്ങളാണെന്ന പ്രചാരണം നടത്തി 2019−ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാമെന്ന് അന്നേ പ്രധാനമന്ത്രി കണക്കുകൂട്ടി. എടുത്തുപറയത്തക്ക യാതൊരു നേട്ടങ്ങളുമില്ലാത്ത ഭരണകാലത്ത് ഉയർത്തിക്കാണിക്കാൻ പറ്റിയ ഏക തുറുപ്പുശീട്ടാണല്ലോ അത്. നോട്ട് അസാധുവാക്കലിന്റേയും ബാങ്ക് കൊള്ളകളുടേയുമൊക്കെ ഭീകരത നടമാടുന്ന ഇന്ത്യയെ കബളിപ്പിക്കാൻ കണ്ടെത്തിയ മികച്ച ഉപാധി തന്നെയാണ് അത്. അതുകൊണ്ടു തന്നെ, 2018 ഏപ്രിൽ 28 ഇന്ത്യയുടെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടേണ്ട ഒരു ദിനമാണെന്ന് മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വൈദ്യുതീകരിക്കാത്ത, ജനവാസമുള്ള അവസാനത്തെ ഗ്രാമമായ മണിപ്പൂരിലെ ലേ സാങ് ഗ്രാമം ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടത് വാർത്താമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെട്ടു. ആയിരം ദിവസങ്ങളാകാൻ കേവലം പതിമൂന്നു ദിവസങ്ങൾ ബാക്കിനിൽക്കുന്പോഴേ മോഡി വാഗ്ദാനം പാലിച്ചുവെന്ന് വന്പൻ പ്രചാരണങ്ങളിറക്കി. എന്തിനധികം പറയണം തങ്ങളാണ് ഇന്ത്യയെ വൈദ്യുതീകരിച്ചതെന്നു വരുത്തിത്തീർക്കാൻ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് ചെയ്യുകവരെ ചെയ്തു. ‘’രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പവർ (വൈദ്യുതി) എത്തിയത് രാജ്യം ഒന്നടങ്കം ആഘോഷിച്ചുകൊണ്ടിരിക്കുന്പോൾ കോൺഗ്രസ് ഒരു കുടുംബത്തിന്റെ പവർ (അധികാരം) നഷ്ടപ്പെട്ടതിനെപ്പറ്റിയോർത്ത് വിലപിച്ചുകൊണ്ടിരിക്കുകയാണ്.’’ −എന്നായിരുന്നു ട്വീറ്റ്! ഗാന്ധി കുടുംബത്തിന്റെ അധികാരനഷ്ടത്തെ ഇത്രമേൽ പരിഹസിച്ചുകൊണ്ടുള്ള മറ്റൊരു അധിക്ഷേപം കോൺഗ്രസ് സമീപകാലത്തൊന്നും കേട്ടിട്ടുണ്ടാകാനിടയില്ല. പക്ഷേ ബിജെപിയുടെ വാചകമടി മുഴുവനും കോൺഗ്രസ് ഭരണകാലത്തിന്റെ നേട്ടങ്ങളുടെ നേർക്ക് കണ്ണടച്ചുപിടിച്ചുകൊണ്ടായിരുന്നുവെന്നതാണ് വാസ്തവം. കോൺഗ്രസ് ഭരണകാലത്ത് വൈദ്യുതീകരിക്കപ്പെട്ട ഗ്രാമങ്ങളിൽ വൈദ്യുതീകരിക്കപ്പെടാൻ ബാക്കി നിന്ന കേവലം മൂന്നു ശതമാനം ഗ്രാമങ്ങൾ മാത്രം വൈദ്യുതീകരിച്ചുകൊണ്ടാണ് തങ്ങളാണ് ഇന്ത്യ മുഴുവൻ വൈദ്യുതീകരിച്ചുവെന്ന വീരവാദം പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായുമെല്ലാം തട്ടിവിട്ടത്! കണ്ണടച്ച് ഇരുട്ടാക്കുകയും മറ്റുള്ളവരുടെ നല്ല പ്രവൃത്തികളുടെ ഫലം കൂടി തങ്ങളുടെ ക്രെഡിറ്റിലേക്കാൻ എന്തു വ്യാജവാദവും ഉന്നയിക്കുകയും ചെയ്യുന്നത് അല്ലെങ്കിലും ബിജെപിയുടെ പ്രഖ്യാപിത നയമാണല്ലോ. 

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് ഏതൊരു സർക്കാരിന്റേയും അടിസ്ഥാനപരമായ കർത്തവ്യങ്ങളിലൊന്നു തന്നെയാണ്. വൈദ്യുതിയുടെ കാര്യം തന്നെയാണ് അതിൽ പരമപ്രധാനമായതും. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വികസനത്തിന് ഏറ്റവും അടിയന്തരമായി ആവശ്യമായത് വൈദ്യുതിയാണെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മനസ്സിലാക്കിയതിനാലാണല്ലോ അദ്ദേഹം അണക്കെട്ടുകളുടെ നിർമ്മാണത്തിന് പരമപ്രധാനമായ സ്ഥാനം തന്നെ നൽകിയത്. ഫാക്ടറികൾക്കാവശ്യമായ വൈദ്യുതിയായിരുന്നു നെഹ്രുവിന്റെ മനസ്സിൽ. ഗ്രാമങ്ങൾ ആ ചിത്രത്തിലേ അന്നുണ്ടായിരുന്നില്ല. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്പോൾ ഇന്ത്യയിലെ ആറു ലക്ഷത്തിനടുത്തുള്ള ഗ്രാമങ്ങളിൽ കേവലം 1500 ഗ്രാമങ്ങൾ മാത്രമേ വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളു. ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് അന്നത്തെ ഭരണാധിപന്മാരൊക്കെ തന്നെയും തിരിച്ചറിഞ്ഞിരുന്നുവെങ്കിലും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ ജനങ്ങൾ പലയിടങ്ങളിലായി താമസിക്കുന്നതും ജനസാന്ദ്രത കുറവായതും വൈദ്യുതീകരണത്തിനുള്ള ചെലവ് നഗരങ്ങളെ അപേക്ഷിച്ച് വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയതോടെ സർക്കാരുകളിൽ അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള ചെലവ് കൂടുതലായതിനാൽ 1991 വരെ ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന്റെ കാര്യത്തിൽ മിക്ക സർക്കാരുകളും മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. 1991 മുതൽ പക്ഷേ ഗ്രാമീണ വൈദ്യുതീകരണത്തിന് സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകാൻ തുടങ്ങി. 1991ൽ 4,81,124 ഗ്രാമങ്ങളാണ് വൈദ്യുതീകരിക്കപ്പെട്ടതെങ്കിലും 2004 ആയപ്പോൾ ഈ ഗ്രാമങ്ങളിൽ പലതിലും വൈദ്യുതി കട്ട് ചെയ്യേണ്ടതായി വന്നു. ജനവാസം കുറഞ്ഞ പല ഗ്രാമങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നത് വൈദ്യുതി ബോർഡുകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വൈദ്യുതി ഇവയിൽ പലതിലും വിച്ഛേദിക്കപ്പെട്ടത്. അങ്ങനെ 2004ൽ വൈദ്യുതീകരിക്കപ്പെട്ട മൊത്തം ഇന്ത്യൻ ഗ്രാമങ്ങളുടെ എണ്ണം 4,74,982 ആയി ചുരുങ്ങി. 

2005 മുതൽക്കാണ് ഗ്രാമീണ വൈദ്യുതീകരണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്. 2001ലെ സെൻസസ് പ്രകാരം ഗ്രാമീണ ഇന്ത്യയിലെ 13.8 കോടി വീടുകളിൽ 7.8 കോടി വീടുകൾ വൈദ്യുതീകരിക്കപ്പെട്ടതല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വൈദ്യുതീകരണം പരമപ്രധാനമായ ലക്ഷ്യമായി സർക്കാർ ഏറ്റെടുത്തത്. 7.8 കോടി ഗ്രാമീണ വീടുകളിലെ 2.34 കോടി ദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് (30 ശതമാനം) സൗജന്യമായി നൽകാൻ രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജനയുടെ (ആർജിജിവിവൈ) കീഴിൽ തീരുമാനിക്കുന്നത്. 2005 ഏപ്രിലിലായിരുന്നു ഈ പദ്ധതിയുടെ തുടക്കം. പദ്ധതിയ്ക്കാവശ്യമായ 90 ശതമാനം മൂലധന സബ്‌സിഡിയും കേന്ദ്ര സർക്കാരാണ് വഹിച്ചിരുന്നത്. പത്താം പഞ്ചവത്സരപദ്ധതിയിലെ അവസാനത്തെ രണ്ടു വർഷക്കാലത്തേയ്ക്ക് 5000 കോടി രൂപ മൂലധന സബ്‌സിഡിയായി നൽകപ്പെട്ട ഈ സ്‌കീം പതിനൊന്നാം പദ്ധതിയിൽ 28,000 കോടി രൂപ സബ്‌സിഡിയായും 12 പദ്ധതിയിലും 13ാം പദ്ധതിയിലും തുടരാൻ തീരുമാനിക്കുകയും ചെയ്തു. 2012 മാർച്ച് 31 ആയപ്പോഴേയ്ക്കും വൈദ്യുതീകരിക്കപ്പെടാത്ത 1,04,496 ഗ്രാമങ്ങളിലും ഭാഗികമായി വൈദ്യുതീകരിക്കപ്പെട്ട 2,48,553 ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിരുന്നു. 2014 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ആർജിജിവിവൈ പദ്ധതിയെ ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (ഡിഡിയുജിജെവൈ) എന്നു പുനർനാമകരണം ചെയ്യുകയും 2013ൽ ആർജിജിവിവൈക്ക് അനുവദിക്കപ്പെട്ട ബജറ്റ് അലോക്കേഷൻ തുകയായ 35,447 കോടി രൂപ അതിൽ ലയിപ്പിക്കുകയും ചെയ്തതോടെയാണ് 43,033 കോടി രൂപയുടെ ഡിഡിയുജിജെവൈക്ക് തുടക്കമായത്. പിന്നീട് ഈ പദ്ധതിയുടെ തുക 76,000 കോടി രൂപയായി ഉയർന്നു. 2015 മാർച്ച് 31ന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 5,97,464 ഗ്രാമങ്ങളിലെ 5,79,012 ഗ്രാമങ്ങളും (97 ശതമാനം) വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോഴാണ് ബാക്കിയുള്ള 18,452 ഗ്രാമങ്ങളിലേയ്ക്ക് അടുത്ത ആയിരം ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്ര്യദിന സന്ദേശം വരുന്നത്. 2015 16 വർഷത്തിൽ 5686 ഗ്രാമങ്ങളും 2016-17 വർഷങ്ങളിൽ 8360 ഗ്രാമങ്ങളും 2017−18 വർഷത്തിൽ 4406 ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയായിരുന്നു ലക്ഷ്യം. കേവലം മൂന്നു ശതമാനത്തോളം വരുന്ന വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിലേയ്ക്ക് വൈദ്യുതി എത്തിച്ചുവെന്നതാണ് മോഡി സർക്കാർ ഇപ്പോൾ തങ്ങളെന്തോ മഹത്തായ കാര്യം നിർവഹിച്ചുവെന്ന മട്ടിൽ കൊട്ടിഘോഷിക്കുന്നത്. അതും രാജ്യത്തെ 60 ശതമാനത്തിലധികം ഗ്രാമങ്ങളും പ്രതികൂലമായ പരിതസ്ഥിതികളെ അതിജീവിച്ചുകൊണ്ട് വൈദ്യുതിവൽക്കരിച്ച മുൻകാല സർക്കാരുകളെ അപഹസിച്ചുകൊണ്ട്! ഒരു ഗ്രാമത്തിലെ 10 വീടുകൾ വൈദ്യുതീകരിച്ചാൽ ആ ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടുവെന്നാണ് സർക്കാർ കണക്കുകൾ. മോഡിയുടേയും അമിത്ഷായുടേയും അൽപത്തം നിറഞ്ഞ ഇത്തരം ട്വീറ്റുകൾക്ക് കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല മറുപടി നൽകിയതും ശ്രദ്ധേയമാണ്: ‘കോൺഗ്രസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്ത്യയിലെ 97 ശതമാനം ഗ്രാമങ്ങളും വൈദ്യുതീകരിച്ചത്. 60 വർഷക്കാലയളവിൽ കോൺഗ്രസ് സർക്കാർ ശരാശരി പതിനായിരം ഗ്രാമങ്ങൾ വൈദ്യുതീകരിക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് പവർഫുൾ ഇന്ത്യയെ സൃഷ്ടിച്ചെങ്കിലും വീരവാദം മുഴക്കിയിരുന്നില്ല.’ ചുട്ട മറുപടി തന്നെയായിരുന്നു അത്.

ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ എല്ലാ ഗ്രാമീണരുടെ വീടുകളിലും വൈദ്യുതി എത്തിച്ചുവെന്ന് അർത്ഥമില്ല. 2017 ഒക്ടോബർ വരെ ഈ ഗ്രാമങ്ങളിൽ വസിക്കുന്ന 18 കോടി ഗ്രാമീണരിൽ 14.8 കോടി പേരുടെ ഭവനങ്ങൾ വൈദ്യുതീകരിക്കപ്പെട്ടുള്ളതായാണ് കണക്കുകൾ. അതായത് 82 ശതമാനം പേർ. പക്ഷേ വിവിധ സംസ്ഥാനങ്ങളിൽ വലിയ ഏറ്റക്കുറച്ചിലുകൾ കാണിക്കുന്നുണ്ട് ഈ പദ്ധതി. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വൈദ്യുതീകരണം നൂറു ശതമാനമായിരുന്നുവെങ്കിൽ ഉത്തർപ്രദേശിലെ വീടുകളിൽ 55 ശതമാനവും ഝാർക്കണ്ടിലെ വീടുകളിൽ 48 ശതമാനവും മാത്രമേ വൈദ്യുതീകരിക്കപ്പെട്ടിട്ടുള്ളു. ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത് ബിജെപി സർക്കാരുകളാണെന്നതും നൂറു ശതമാനം വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയേതര കക്ഷികളാണെന്നും കൂടി തിരിച്ചറിയുക.

വൈദ്യുതി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. ചൈനയും അമേരിക്കയുമാണ് വൈദ്യുതി ഉൽപ്പാദന കാര്യത്തിൽ ലോകത്ത് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്. ചൈന പ്രതിവർഷം 6015 ബില്യൺ യൂണിറ്റ് വൈദ്യുതിയും അമേരിക്ക് പ്രതിവർഷം 4327 ബില്യൺ യൂണിറ്റ് വൈദ്യുതിയുമാണ് ഉൽപാദിപ്പിക്കുന്നത്. ജപ്പാനും റഷ്യയും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 2016ലെ കണക്കുകൾ പ്രകാരം ഇന്ത്യ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്നത് 1107 ബില്യൺ യൂണിറ്റ് വൈദ്യുതിയാണ്. ഒരു കോടി വീടുകൾക്ക് വൈദ്യുതി നൽകാൻ കേവലം ഒരു ബില്യൺ യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളുവെന്നിരിക്കേയാണിത്. പ്രതിദിനം ശരാശരി മൂന്നു യൂണിറ്റ് വൈദ്യുതി ഒരു ഭവനം ഉപയോഗിക്കുന്നുവെന്ന കണക്കുകൾ പ്രകാരമാണിത്. ഇന്ത്യയിൽ വൈദ്യുതി നിർമ്മാണത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് കൽക്കരിയാണ്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ നാലിൽ മൂന്നു ശതമാനവും കൽക്കരിയടക്കമുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ഉൽപാദിക്കപ്പെടുന്നതെന്നും 2027 വരെ ഇന്ത്യയ്ക്ക് പുതിയ പാരന്പര്യ ഊർജ സ്രോതസ്സുകൾ നിർമ്മിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു. 57.9 ശതമാനം വൈദ്യുതി കൽക്കരിയിൽ നിന്നും 13 ശതമാനം വൈദ്യുതി വലിയ അണക്കെട്ടുകളിൽ നിന്നും 1.3 ശതമാനം വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും 9.7 ശതമാനം കാറ്റിൽ നിന്നും 5.8 ശതമാനം സൗരോർജത്തിൽ നിന്നും മാലിന്യങ്ങളിൽ നിന്നും 2.5 ശതമാനവും ആണവോർജത്തിൽ നിന്ന് 2 ശതമാനവും പ്രകൃതിവാതകത്തിൽ നിന്നും 7.3 ശതമാനവും ഡീസലിൽ നിന്നും 0.2 ശതമാനവുമാണ് നിലവിൽ ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ പാരന്പര്യഊർജ സ്രോതസ്സായ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുമെന്നതിനാൽ പാരന്പര്യതേര ഊർജ സ്രോതസ്സുകളായ സൗരോർജത്തേയും കാറ്റിനേയും മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തേയുമാണ് ഇന്ത്യ ഇനി വൻതോതിൽ പ്രോത്സാഹിപ്പിക്കേണ്ടത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി സൗരോർജപദ്ധതികൾ നടപ്പാക്കപ്പെടുകയും 17,052 മെഗാവാട്ട് അതിൽ നിന്നും ഉൽപാദിപ്പിക്കുകയും ചെയ്യുന്പോഴും കേരളം അതിൽ ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ജവഹർലാൽ നെഹ്രു സോളാർ മിഷൻ പദ്ധതി സ്വാർത്ഥലാഭത്തിനായി ഇവിടത്തെ ഭരണാധികാരികൾ ടീം സോളാർ എന്ന സരിത ബിജു രാധാകൃഷ്ണൻ കൂട്ടുകെട്ടിന് നേട്ടമുണ്ടാക്കാനും അതിലൂടെ കമ്മീഷൻ നേടിയെടുക്കാനും ശ്രമിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങൾ അവയുടെ ഗുണഫലങ്ങൾ കൊയ്യുന്ന തിരക്കിലായിരുന്നു. ഒരു മെഗാവാട്ട് സൗരോർജം ഉൽപ്പാദിപ്പിക്കാൻ 2.4 ഹെക്ടർ പ്രദേശത്ത് സോളാർ പാനലുകൾ ആവശ്യമാണെന്നിരിക്കേ, കേരളം പോലൊരു ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അതിനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടേറിയ ദൗത്യം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഗുജറാത്തിലെന്നപോലെ കനാൽ സോളാർ പവർ പദ്ധതി ഇവിടെ ഡാം സോളാർ പദ്ധതിയുടെ രൂപത്തിൽ നടപ്പാക്കുന്നതിൽ അപാകതകൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഗുജറാത്തിൽ സംസ്ഥാനത്തെ 19,000 കിലോമീറ്റർ ദൂരത്തിൽ നർമ്മദാ കനാലിനു മുകളിലൂടെ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ഗുജറാത്ത്. ഇതിനു പുറമേ, വീടുകൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച്, അധിക വൈദ്യുതി ഗ്രിഡിലേയ്ക്ക് നൽകി വൈദ്യുതി നിരക്ക് കുറയ്ക്കുന്ന സംവിധാനവും കേരളത്തിൽ സാധ്യമാണ്. പക്ഷേ ഇത്തരം പദ്ധതികൾക്കു പകരം കേരളത്തിലെ എല്ലാം ശരിയാക്കാൻ രംഗപ്രവേശം ചെയ്ത സർക്കാരിനു താൽപര്യം അണക്കെട്ടു നിർമ്മാണത്തിലൂടെ കോടികൾ കമ്മീഷൻ കൈപ്പറ്റാനുള്ള പദ്ധതി മാത്രമാണ്. അതുകൊണ്ടു തന്നെ ജൈവവൈവിധ്യം നിറഞ്ഞ അതിരപ്പിള്ളിയെപ്പോലും നാശോന്മുഖമാക്കിക്കൊണ്ട്, ആയിരം കോടിയിലധികം രൂപ മുടക്കി പിൽക്കാലത്ത് യാതൊരു ഗുണമുണ്ടാകാൻ പോകുന്നില്ലാത്ത പദ്ധതിയാണ് വൈദ്യുതി മന്ത്രി എംഎം മണിയും പിണറായി സർക്കാരും മുന്നോട്ടുെവയ്ക്കുന്നത്. സ്വാർത്ഥ താൽപ്പര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ വൈദ്യുതമേഖലയെ തുരങ്കം വെയ്ക്കുന്നതെന്നറിയാൻ ഇവരുടെ നിലപാടുകൾ പരിശോധിച്ചാൽ മാത്രം മതിയാകും.

ഡിഡിയുജിജെവൈ പദ്ധതി പ്രകാരം കേരളത്തിലെ ജനവാസമുള്ള 1017 ഗ്രാമങ്ങളും വൈദ്യുതീകരിച്ചു കഴിഞ്ഞുവെന്നാണ് 2017 സെപ്തംബർ 30ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജനവാസം കുറഞ്ഞ മേഖലയിലും വനപ്രദേശത്തുമുള്ള ആയിരത്തോളം വീടുകൾ മാത്രമേ ഇനി വൈദ്യുതീകരിക്കാനുമുള്ളു. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നേട്ടം തന്നെയാണ്. പക്ഷേ വൈദ്യുതിയുടെ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്നും കേരളം ഇരുട്ടിൽതപ്പുക തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ഇപ്പോൾ കേരളത്തിന് ലഭ്യമാവുന്നതുകൊണ്ടു തന്നെ, വൈദ്യുതി പ്രതിസന്ധി കേരളത്തിലില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതുകൊണ്ട് കാര്യമില്ല. പ്രസരണ നഷ്ടം കുറയ്ക്കാനും വീടുകളിൽ വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറച്ചുകൊണ്ടു വരാനും സർക്കാർ കർശനമായ നടപടികളൊന്നും തന്നെ കേരളത്തിൽ സ്വീകരിക്കുന്നില്ല. ഇൻേവർട്ടറുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചുവരുന്നതും വൈദ്യുതി ആവശ്യമില്ലാതെ അതുവഴി ഉപയോഗശൂന്യമാകുന്നതും സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. വൈദ്യുതി മോഷണത്തിന് തടയിടാൻ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നില്ലെന്നതിനു പുറമേ, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കാൻ മടിച്ചുനിൽക്കുന്നു. ഇവയ്‌ക്കെല്ലാം അടിയന്തരമായ പരിഹാരം കണ്ടെത്താൻ കേരള സർക്കാർ ശ്രമിക്കുകയും സൗരോർജപദ്ധതികളെ കൂടുതലായി പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിലുള്ള നടപടികൾ ശക്തമാക്കുകയുമാണ് വേണ്ടത്. കുത്തഴിഞ്ഞ നിലയിൽ കിടക്കുന്ന അനേർട്ടിനെ അടക്കം അഴിച്ചുപണിത് പരിഷ്‌കരിക്കാനുള്ള ഇച്ഛാശക്തിയും കേരളം കാണിക്കണം.

നരേന്ദ്ര മോഡിയെപ്പോലെ, മറ്റുള്ളവരുടെ പ്രവൃത്തികളുടെ ക്രെഡിറ്റ് തന്റേതാക്കാൻ ശ്രമിക്കുന്ന നേതാക്കളെയല്ല, മറിച്ച് രാജ്യത്തിന്റെ വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്ന നേതാക്കൾക്കു മാത്രമേ, യഥാർത്ഥ വികസനം ഇന്ത്യയിലെത്തിക്കാനാകൂ. വോട്ടിനായുള്ള കാട്ടിക്കൂട്ടലുകളല്ല, രാജ്യത്തെ മാറ്റിമറിക്കുന്ന വികസനമന്ത്രങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടേണ്ടത്. അതിന് കക്ഷിരാഷ്ട്രീയഭേദമേന്യ എല്ലാവരുടേയും പിന്തുണ ലഭിക്കുകയും ചെയ്യും.

You might also like

Most Viewed