പലരും മറക്കാൻ ശ്രമിക്കുന്ന മാർക്സ്
ഡി.പത്മ
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശിൽപ്പിയായ കാൾ മാർക്സ്. അദ്ദേഹത്തിന്റെ ജൻമദിനമാണിന്ന്. തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാന്പത്തിക വിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹംശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. നൂറ്റാണ്ടുകൾ പിന്നിട്ട് ‘ന്യൂജനറേഷൻ കാലഘട്ടത്തിൽ’ എത്തി നിൽക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെപ്രവർത്തനവും അവയുടെ ചിന്താശകലങ്ങളും മാർക്സ് എന്ന മഹാമനുഷിയെ വിസ്മരിച്ചുകൊണ്ടാണ് എന്നത് കാഴ്ചകളിലെ സത്യം മനസ്സിലാക്കി തരുന്നുണ്ട്?. കാലത്തിന്റെ മാറ്റമായിരിക്കാം അത്, അതുവഴി കമ്യൂണിസത്തിന്റേയും.
കാൾ ഹെൻറിച്ച് മാർക്സ് എന്നാണ് മാർക്സിന്റെ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാന്പത്തിക വിദഗ്ദ്ധനായി കാൾ മാർക്സ് അറിയപ്പെടുന്നതും അതുകൊണ്ടാണ്. അദ്ദേഹ രചിച്ച പുസ്തകങ്ങൾ ഇന്നും ലോകത്ത് ഏറെ പ്രശസ്തിയോടെ ഏവരും വായിക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.
സാന്പത്തികമായി മികച്ച നിലയിലുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്. കാൾ മാർക്സിന്റെ സാമൂഹ്യ, സാന്പത്തിക ആശയങ്ങളെ പൊതുവേ മാർക്സിസം എന്നു വിളിക്കപ്പെടുന്നു. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാൾ മാർക്സ് പറയുന്നു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ രീതിയെ മുതലാളിത്തം എന്ന് കാൾ മാർക്സ് വിശേഷിപ്പിച്ചു. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലെ സ്വേച്ഛാധിപതികളും സ്വന്തം ലാഭത്തിനായി മാത്രം ജീവിച്ചുവരുന്നവരുമായ ബൂർഷ്വാസികൾ അഥവാ മുതലാളിവർഗ്ഗവും, അവരാൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും തമ്മിൽ നിരന്തര സംഘർഷത്തിൽ അഥവാ വർഗ്ഗസമരത്തിൽ ആയിരിക്കും. ആ സംഘർഷത്തിനൊടുവിൽ മുതലാളിത്തം തകർക്കപ്പെടുകയും പകരം സോഷ്യലിസം എന്ന പുതിയ രീതി നടപ്പിൽ വരുകയും ചെയ്യുമെന്ന് കാൾ മാർക്സ് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു
സമൂഹത്തിൽ തൊഴിലാളി വർഗ്ഗം ആയിരിക്കും സമൂഹത്തെ ഭരിക്കുക സോഷ്യലിസത്തിന്റെ അടുത്ത ഘട്ടമായി വർഗ്ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസം എന്ന ഒരു സാമൂഹ്യസംവിധാനം നിലവിൽ വരും. സോഷ്യലിസവും, കമ്മ്യൂണിസവും സാമൂഹ്യവികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളാണെന്ന് മാർക്സ് വിശ്വസിച്ചിരുന്നു. എന്നാൽ സോഷ്യലിസം ആദ്യം നടപ്പിലാക്കാനാണ് കാൾ മാർക്സ് പരിശ്രമിച്ചിരുന്നത്.
മാർക്സിന്റെ ആശയങ്ങളെ സ്വീകരിച്ച സോഷ്യലിസ്റ്റ് പാർട്ടികൾ പിന്നീട് പല രാജ്യങ്ങളിലും അധികാരത്തിലെത്തുകയുണ്ടായി. 1917ൽ സോവിയറ്റ് യൂണിയനും, 1949ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയും ഇതിനുദാഹരണങ്ങളാണ്. ലോകത്തെന്പാടും പല തൊഴിലാളി യൂണിയനുകളും, തൊഴിലാളി വർഗ്ഗ പാർട്ടികളും മാർക്സിന്റെ ആശയങ്ങളെ പിന്തുടരുന്നവയാണ്. ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, എന്നിവയെല്ലാം പിന്നീട് മാർക്സിന്റെ ആശയങ്ങളിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ ശിൽപ്പികളായ, എമിലി ദുർക്കെയിമും, മാക്സ് വെബറും തങ്ങൾ പിന്നീട് രൂപപ്പെടുത്തിയെടുത്ത ആശയങ്ങൾക്ക് ആധികാരികമായി കടപ്പെട്ടിരിക്കുന്നത് കാൾ മാർക്സിനോടാണത്രെ. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പുസ്തകത്തിലെ നൂറുപേരുടെ പട്ടികയിൽ ഇരുപത്തിയേഴാം സ്ഥാനം കാൾ മാർക്സിനാണ്.
കാൾ മാർക്സിന്റെ ബാല്യത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ലഭ്യമായുള്ളു. 1830 വരെ കാൾ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്. എന്നാൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി അദ്ദേഹം ട്രയർ ഹൈസ്ക്കൂളിൽ ചേർന്നു. സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ, കാളിന്റ പിതാവിന്റെ ഒരു സുഹൃത്തായിരുന്നു. 1835ൽ കാൾ തത്വശാസ്ത്രവും, സാഹിത്യവും പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ ചേർന്നു. 1843ൽ പ്രസിദ്ധീകരിച്ച ഓൺ ദജൂയിഷ് ക്വസ്റ്റ്യൻ എന്ന പുസ്തകത്തിൽ, രാഷ്ട്രീയത്തേയും മനുഷ്യന്റെ വിമോചനത്തെക്കുറിച്ചും വളരെ വ്യക്തമായി താരതമ്യ പഠനം നടത്തിയിട്ടുണ്ട് കാൾ. കൂടാതെ കൊളോൺ വിട്ടു പോരുന്നതിനു മുന്പ് ഏതാനും ചില പുസ്തകങ്ങൾ കൂടി മാർക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. 28 ഓഗസ്റ്റ് 1844ൽ പാരീസിൽ വെച്ചാണ് കാൾ ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്. ഏംഗൽസ് അപ്പോഴേക്കും മാർക്സിന്റെ രചനകളിൽ ആകൃഷ്ടനായിരുന്നു. 1842ൽ മാർക്സ് ആദ്യം ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഓഫീസിൽ വെച്ച് അവർ ഒരിക്കൽ ഹ്രസ്വമായി പരിചയപ്പെട്ടിരുന്നെങ്കിലും പാരീസിൽ വെച്ചാണ് ഇരുവരുടേയും ജീവിതകാലം നീണ്ടു നിൽക്കുന്ന സൗഹൃദത്തിന് ആഴം വെച്ചത്. അക്കാലത്ത് ഏംഗൽസ് താൻ എഴുതിയ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻലണ്ടൻ ഇൻ 1844 എന്ന പുസ്തകം മാർക്സിനെ കാണിക്കുകയുണ്ടായി. താൻ വിഭാവനം ചെയ്ത വിപ്ലവത്തിലെ അവസാന ഉപകരണം തൊഴിലാളി വർഗ്ഗമാണെന്ന മാർക്സിന്റെ വിശ്വാസത്തിന് ആക്കം കൂടി. പിന്നീട് ഇരുവരും ചേർന്ന് ഹെഗലിന്റെ ആശയങ്ങളെ വിമർശിച്ച് ഒരു പുസ്തകം തയ്യാറാക്കാനായി തുടങ്ങി. ദ ഹോളി ഫാമിലി എന്നതായിരുന്നു ആ പുസ്തകത്തിന്റെ പേര്. മാർക്സിന്റെ അഭിപ്രായത്തിൽ ഇതുവരെ ദാർശനികർ ലോകത്തെ വ്യാഖാനിച്ചിട്ടേയുള്ളു, എന്നാൽ ലോകത്തിൽ മാറ്റമുണ്ടാക്കേണ്ടതെങ്ങിനെയെന്ന് പറഞ്ഞിട്ടില്ല. ആശയങ്ങൾകൊണ്ട് ലോകത്തെ മാറ്റാൻ കഴിയില്ല, മറിച്ച് പ്രവൃത്തികൾ തന്നെ വേണം അതിന്.
ഫ്രാൻസിലോ, ജർമ്മനിയിലോ ജീവിക്കാൻ കഴിയാതെ വന്ന മാർക്സ് അവസാനം ബെൽജിയത്തിലുള്ള ബ്രസ്സൽസ്സിലേയ്ക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയപരമായി എന്തെങ്കിലും എഴുതുന്നതിൽ നിന്നും മാർക്സിനെ വിലക്കിക്കൊണ്ടുള്ള ഒരു സമ്മതപത്രത്തിൽ ഒപ്പുവെച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന് ബ്രസ്സൽസിലേക്കു പ്രവേശനം നൽകപ്പെട്ടുള്ളു. ബ്രസ്സൽസിൽ വെച്ച് സമാനചിന്താഗതിക്കാരായ ധാരാളം പേരുമായി മാർക്സ് കൂടുതൽ ബന്ധപ്പെട്ടു. മോസസ് ഹെസ്, കാൾ ഹെൻസൺ, ജോസഫ് വെയ്ദെമെയർ എന്നിവർ അതിൽ ചിലരായിരുന്നു. ഉടൻ തന്നെ ഏംഗൽസും ഈ സംഘത്തിൽ വന്നു ചേർന്നു. 1845ൽ ബ്രിട്ടനിലുള്ള ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ സന്ദർശിക്കാനായി മാർക്സും ഏംഗൽസും ബ്രിട്ടനിലേക്കു പോയി. ലണ്ടനിലും, മാഞ്ചെസ്റ്ററിലും ഉള്ള ഗ്രന്ഥശാലകൾ സന്ദർശിക്കാനാണ് ഈ അവസരം ഇരുവരും വിനിയോഗിച്ചത്. ഇക്കാലത്ത് ഏംഗൽസുമായി ചേർന്ന് ചരിത്രപരമായ ഭൗതികവാദം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പുസ്തകം രചിക്കുകയുണ്ടായി. മറ്റു പല പുസ്തകങ്ങളേയും പോലെ ഇതും മാർക്സിന്റെ ജീവിതകാലത്ത് വെളിച്ചം കണ്ടില്ല, മറിച്ച് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് 1932 ലാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന തങ്ങളുടെ കൃതിയുടെ അടിസ്ഥാന ആശയങ്ങൾ രൂപീകരിക്കാൻ ഇത്തരം കൃതികളിലൂടെ ഇരുവർക്കും കഴിഞ്ഞു. 1848ഫെബ്രുവരി 21നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റ് ലീഗ് എന്ന അവരുടെ സ്വപ്നത്തിന് നിറം നൽകാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കു സാധിച്ചു.മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ, പൊതുജനങ്ങളിൽ നിന്നും ഈ സംഘടനയുടെ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും ഒളിച്ചു പിടിക്കേണ്ടതില്ല എന്ന് ഇവർ തീരുമാനിച്ചു. മറിച്ച് എല്ലാം തന്നെ പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ വ്യാഖ്യാനിച്ചു കൊടുക്കുകയാണ് വേണ്ടത് എന്ന് ഇരുവരും വിശ്വസിച്ചു. ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രം എന്നത് തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രമാണ് എന്ന് ആദ്യപതിപ്പിന്റെ ആമുഖത്തിൽ ഇരുവരും ചേർന്നെഴുതി. ബൂർഷ്വാസി എന്നു വിളിക്കപ്പെടുന്ന സന്പന്ന വർഗ്ഗവും, പ്രോലിറ്റേറിയറ്റ് എന്നു വിളിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരം എന്നു വിളിക്കപ്പെടുന്ന വിപ്ലവം ആണ് ഭാവിയിൽ ഉണ്ടാവാൻ പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നു. കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രസക്തി എന്താണെന്നും ഇതിൽ ഇരുവരും ചേർന്നു പറയുന്നു. ഇതുവരെയുള്ള സോഷ്യലിസ്റ്റ് നീക്കങ്ങൾ എന്നതെല്ലാം തന്നെ ചരിത്രത്തേയും സാമൂഹ്യസ്ഥിതിയെയും വ്യാഖ്യാനിക്കൽ മാത്രമായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ലീഗ് നടപടികളിൽ ആണ് വിശ്വസിക്കുന്നത്, മാത്രമല്ല നിലവിലുള്ള മുതലാളിത്ത സംസ്കാരം തച്ചുടച്ച്, ഒരു തൊഴിലാളി വർഗ്ഗ സംസ്കാരം നിലവിൽ വരും എന്നും മാർക്സും, ഏംഗൽസും ഉറച്ചു വിശ്വസിച്ചു.
താൽക്കാലികമായി താമസം പാരീസിലേക്ക് മാറിയതോടുകൂടി, കാൾ കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനവും അങ്ങോട്ടേക്ക് മാറ്റി. അതോടൊപ്പം തന്നെ ജർമ്മൻ വർക്കേഴ്സ് ക്ലബ് എന്ന തൊഴിലാളി സംഘടന സ്ഥാപിക്കുകയും ചെയ്തു. ജർമ്മനിയിൽ ഒരു പരിവർത്തനം നടപ്പിലാക്കാനായി 1848ൽ കാൾ കൊളോണിലേക്കു പോയി. ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യങ്ങൾ എന്നപേരിലുള്ള ഒരു ലഘുലേഖ അദ്ദേഹം സർക്കാരിന്റെ മുന്നിൽ സമർപ്പിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പത്തു നിർദ്ദേശങ്ങളിൽ നാലാമത്തേത് മാത്രമാണ് ഈ ലഘുലേഖയിൽ ഉണ്ടായിരുന്നത്. ജർമ്മനിയിൽ തൊഴിലാളി വർഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ്, മുതലാളിത്തം അഥവാ ബൂർഷ്വാസിയെ നീക്കം ചെയ്യുന്നതിനു മുന്പ് തന്നെ ബൂർഷ്വാസി ജന്മിത്വത്തെ ഉന്മൂലനം ചെയ്യണമെന്ന് മാർക്സ് ആഗ്രഹിച്ചിരുന്നു. ജൂൺ ഒന്നാം തീയതി മുതൽ നേരത്തേ പ്രസാധനം നിന്നുപോയ നോയെ റൈനിഷെ സൈറ്റുങ് എന്ന പേരിലുള്ള പത്രം മാർക്സ് പുനരാരംഭിച്ചു. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും യൂറോപിലാകമാനം പ്രചരിപ്പിക്കുന്നതിനുവേണ്ടി പത്രത്തിന്റെ ഒരു പ്രധാന എഴുത്തുകാരനായി കാൾ സ്വയം മാറി. മാർക്സിന്റെ ലഘുവായസ്വേച്ഛാധിപത്യം എന്നാണ് ഫ്രെഡറിക്ക് ഏംഗൽസ് ഇതിനെപ്പറ്റി തമാശരൂപേണ പറഞ്ഞിരുന്നത്.
1850−1860 കാലമായപ്പോഴേയ്ക്കും മാർക്സിലെ എഴുത്തുകാരന് പക്വത വന്നിരുന്നുവെന്ന് പണ്ധിതന്മാർ വിലയിരുത്തുന്നു. സാമൂഹിക വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ തുടങ്ങിയത് ഈ കാലത്താണത്രെ. എന്നാൽ എല്ലാ പണ്ധിതരും ഈ വാദത്തെ അംഗീകരിക്കുന്നില്ല. 1864ൽ മാർക്സ് ഇന്റർനാഷണൽ വർക്കിംഗ് മെൻ അസോസിയേഷനിൽ കൂടുതൽ ആഴത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഈ സംഘടനയിൽ പ്രവർത്തിക്കുന്പോൾ മാർക്സ് മിഖായേൽ ബാക്കുനിന്റെ ചുറ്റും പ്രവർത്തിച്ചിരുന്ന അരാജകവാദികളുടെ സ്വാധീനത്തിനെതിരേ സമരം ചെയ്യുകയായിരുന്നു. ഇത്തരം സമരങ്ങളുടെ ശ്രമഫലമായി, ഈ സംഘടനയുടെ നേതൃത്വം ലണ്ടനിൽ നിന്നും പാരീസിലേക്ക് മാറ്റാൻ മാർക്സിനു കഴിഞ്ഞു. ഈ മാറ്റം കൊണ്ടുണ്ടായ ഒരു നേട്ടം 1871ലെ പാരീസ് കമ്മ്യൂൺ ആയിരുന്നു. തങ്ങളുടെ സർക്കാരിന്റെ മോശം നയങ്ങൾക്കെതിരേ പാരീസിലെ വിമതന്മാരായ ജനങ്ങൾ സംഘടിക്കുകയും നഗരം രണ്ടുമാസത്തേക്ക് കീഴ്പ്പെടുത്തിവെയ്ക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഈ നീക്കത്തെ അടിച്ചമർത്തി. ഈ അടിച്ചമർത്തൽ നീക്കത്തിൽ നിരാശനായിരുന്ന മാർക്സ് പുറത്തിറക്കിയ ലഘുലേഖയാണ് ദ സിവിൽ വാർ ഇൻ ഫ്രാൻസ്.
1857 ആയപ്പോഴേക്കും മാർക്സ് ഏതാണ്ട് 800 പേജുകളോളം വരുന്ന കുറിപ്പുകളും, ലഘു ഉപന്യാസങ്ങളും വിവിധ വിഷയങ്ങളിൽ എഴുതിക്കഴിഞ്ഞിരുന്നു. മുതലാളിത്തം, ജോലി, വേതനം, ഉടമസ്ഥാവകാശം, േസ്റ്ററ്റ്, വിദേശവ്യാപാരം, ലോകവിപണി എന്നിവയെക്കുറിച്ചായിരുന്നു ഈ ലേഖനങ്ങളെല്ലാം. 1941 വരെ ഇവയൊന്നും തന്നെ പ്രസി
ദ്ധീകരിക്കപ്പെട്ടില്ല. 1859ൽ അദ്ദേഹം തന്റെ സാന്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ സമാഹാരം പ്രസിദ്ധീകരിച്ചു. കോൺട്രിബ്യൂഷൻ ടു ദ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ എക്കോണമി എന്നതായിരുന്നു സമാഹാരത്തിന്റെ പേര്. 1860ൽ രാഷ്ട്രീയ സന്പദ്്വ്യവസ്ഥിതിയുടെ ഉപഞ്ജാതാക്കളായ ആഡം സ്മിത്തിനേയും, ഡേവിഡ് റികാർഡോയുംഎല്ലാം ഉദ്ധരിച്ചുകൊണ്ട് തിയറീസ് ഓഫ് സർപ്ലസ് വാല്യൂ എന്ന മൂന്നു ഖണ്ധങ്ങൾ ഉള്ള ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. സാന്പത്തിക ചരിത്രത്തിന്റെ ഒരു സമഗ്രമായ, മനോഹരമായ രചനയായിരുന്നു ഈ പുസ്തകം. 1867ൽ മൂലധനത്തിന്റെ ആദ്യ ഖണ്ധം പുറത്തിറങ്ങി. രണ്ടാമത്തേയും, മൂന്നാമത്തേയും ഖണ്ധങ്ങൾ മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ് പ്രസിദ്ധീകരിച്ചത്.
റഷ്യയിൽ മുതലാളിത്ത രീതിയെ മാറ്റിനിർറുത്തിക്കൊണ്ട് കമ്മ്യൂണിസം നടപ്പിൽ വരുത്തുവാനുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയ മാർക്സ് പൊതു ഉടമസ്ഥതയിലുള്ള ഭൂമി എന്നതായിരുന്നു മുന്നോട്ടുവെച്ച് പ്രധാന ആവശ്യം. ഗ്രാമീണസമൂഹമാണ് റഷ്യയുടെ പുനരുജ്ജീവനത്തിന്റെ ശക്തിസ്രോതസ്സ് എന്ന് മാർക്സ് മനസ്സിലാക്കിയിരുന്നു. എന്നാൽ മുതലാളിത്ത വ്യവസ്ഥിതിയിലൂടെ അല്ലാതെ സോഷ്യലിസത്തിലേയ്ക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. ഉടനടിയുള്ള ഒരു മാറ്റത്തിനു മുന്പ്, സമൂഹത്തിലുള്ള എല്ലാത്തരം മോശപ്പെട്ട സ്വാധീനങ്ങളും തുടച്ചു നീക്കണം എന്ന് മാർക്സ് അഭിപ്രായപ്പെട്ടിരുന്നു. മാറ്റത്തിനു തടസ്സം നിന്നേക്കാവുന്ന ഇത്തരം സ്വാധീനങ്ങളെ നീക്കം ചെയ്തതോടെ, ത്വരിതഗതിയിലുള്ള ഒരു മാറ്റത്തിന് ഗ്രാമീണ സമുദായങ്ങൾക്ക് മാർക്സ് അനുവാദം നൽകി. ഉൽപ്പാദനത്തിൽ നിന്നും ഉൽപ്പാദകൻ പൂർണ്ണമായും വേറിട്ടു നിൽക്കേണ്ടിവരുന്നതാണ് മുതലാളിത്തത്തിന്റെ അന്തഃസത്ത എന്നു മാർക്സ് കണ്ടെത്തി. മാർക്സിന്റെ ചില എഴുത്തുകളിൽ നിന്നും, നരവംശശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള അടങ്ങാത്ത അഭിനിവേശം വ്യക്തമായിരുന്നു. ചരിത്രാതീക കാലത്തുണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് രീതി ആയിരിക്കല്ല ഭാവിയിലുണ്ടാവാൻ പോവുന്നത് എന്ന് മാർക്സ് ഇത്തരം നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി. അമേരിക്കയിലും, യൂറോപ്പിലും നിലവിലിരിക്കുന്ന മുതലാളിത്തത്തിൽ അധിഷ്ഠിതമായ ഒരു ഉൽപാദനരീതി അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു എന്നും, അത് ഒരു തകർച്ചയെ നേരിടാൻ പോവുകയാണെന്നും അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു.
ഇന്നത് വ്യക്തമായികൊണ്ടിരിക്കുകയാണ്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം വർദ്ധിച്ചു. തൊഴിലുകൾക്ക് സ്ഥിരതയില്ലാതായി. തൊഴിലാളികൾ ചൂഷിതരുടെ പട്ടികയിൽ നിന്ന് ഇറങ്ങിപോകാതെ എണ്ണംകൂടികൊണ്ടിരിക്കുന്നു. പുതിയൊരു മാർക്സ് പിറന്നാൽ കൂടി വരും കാലവും ഇതിനൊരു മാറ്റം വന്നേക്കില്ല. മാർക്സിന്റെമരണത്തെക്കുറിച്ച് സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഏംഗൽസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, “ലോകം കണ്ട എക്കാലത്തേയും മഹാനായ ചിന്തകൻ നമ്മോടു വിട പറഞ്ഞുപോയിരിക്കുന്നു. ഏതാനും മിനിട്ടുകൾക്കു മുന്പ് അദ്ദേഹം ഇങ്ങിനി ഉണരാത്തവണ്ണം സമാധാനപൂർണ്ണമായ നിദ്രയിലേയ്ക്കു പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു.”
സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻഎന്നുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാന വരികൾ മാർക്സിന്റെ ശവകുടീരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദാർശനികർ ലോകത്തെ പല വിധത്തിൽ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട് എന്നാൽ പ്രധാനം ലോകത്തെ എങ്ങനെ മാറ്റാം എന്നുള്ളതാണ്,ഈ വരികളും ആ സ്മാരകത്തിൽ കാണാം...