മേയ് ദിന സ്മരണകൾ...
ഇ.പി അനിൽ
epanil@gmail.com
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മുദ്രാവാക്യം ഉയർത്തിയ കമ്യുണിസ്റ്റ് പ്രത്യശാസ്ത്രം ഏറെ കുറെ ഒറ്റപ്പെട്ട അവസ്ഥയിലും ലോക തൊഴിലാളി ദിനം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്നലെ കൊണ്ടാടി. ഇന്ത്യയിൽ മെയ് ദിനം ആഘോഷിക്കുവാൻ തുടങ്ങിയത് 1923ൽ തമിഴ്‍നാട്ടിലെ കമ്യുണിസ്റ്റ് നേതാവ് ശിങ്കാര വേലുചെട്ടിയാരുടെ നേതൃത്വത്തിൽ ആയിരുന്നു. അന്നാണ് ആദ്യമായി രാജ്യത്ത് ചെങ്കൊടി ഉയർത്തി ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഏഷ്യിയിലെ വന്പൻ മുതലാളിത്ത രാജ്യമായ ജപ്പാനും മറ്റു ചില രാജ്യങ്ങളും മെയ് ദിനത്തെ അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?.
1886ലെ മേയ് 4ലെ ഹേയ് മാർക്കറ്റിൽ തൊഴിലാളികൾ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പണിമുടക്ക് പോലീസ് വെടിവെപ്പിലും അതിന്‍റെ ഭാഗമായ മരണത്തിലും കലാശിച്ചു. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നും സമരം മറ്റു നഗരങ്ങളിലും വ്യാപിച്ചു. 1894ൽ ഉണ്ടായ ഓഹിയോ സംസ്ഥാനത്തെ ക്ലെവലാണ്ട് കലാപം അന്നത്തെ തോഴിലില്ലായ്മയുടെ പ്രതിഫലനം ആയിരുന്നു. യൂറോപ്പിലും റഷ്യയിലും തൊഴിലാളി സമരങ്ങൾ ശക്തി പ്രാപിച്ചു. ലോക മുതലാളിത്തത്തിനു ഭീഷണിയായി തീരുന്ന തൊഴിലാളി സമരങ്ങൾ അമേരിക്കൻ മുതലാളിത്തം ഭീതിയോടെ കാണുവാൻ ശ്രമിച്ചു. 1894 തൊഴിലാളി കലാപം അവരെ മെയ്‌ദിന ആഘോഷവും തൊഴിലാളി ദിനവുമായി ബന്ധപ്പെട്ടു കാണുവാൻ വിമുഖരാക്കി.അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഗ്രോവസ് ക്ലവൻലാന്റ് മെയ്‌ദിന ആഘോഷത്തെ അമേരിക്കനസേഷൻ ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത് തൊഴിലാളികളുടെ വളർന്നു വരുന്ന സമരത്തോടുള്ള നിലപാടിന്‍റെ തെളിവാണ്. 1917ലെ റഷ്യൻ വിപ്ലവം ലോകത്തെ മിക്ക രാജ്യങ്ങളിലുമുള്ള തൊഴിലാളി വിരുദ്ധരെ ഒന്നിപ്പിച്ചു. അതേസമയം മുതലാളിത്തം കൂടുതൽ മാനവികമാകുവാനും നിർബന്ധിതമായി.
അമേരിക്കൻ രാഷ്ട്രീയം എക്കാലത്തും ലോക കോർപ്പറേറ്റു താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിച്ചു വരുന്നതായി കാണാം. ഏഷ്യൻ മുതലാളിത്തത്തിന്‍റെയും പഴയ കാല കോളനികളുടെ കൈവശക്കാരും ആയ ജപ്പാൻ ഇതേ നിലപാടുകൾ തുടരുന്നു. അവരുടെ രാജ്യം ലോക തൊഴിലാളി ദിനത്തെ അംഗീകരിക്കുവാൻ തയ്യാറായിട്ടില്ല. ഇസ്രയേൽ മെയ് ദിനത്തെ അംഗീകരിക്കാത്തതും വത്തിക്കാൻ മെയ് ദിനത്തെ സെൻ ജോസഫ് ദിനമായി അതേ ദിനം ആദരിക്കുന്നതും കമ്യുണിസ്റ്റ് പാർട്ടികളോടുള്ള വിദ്വേഷത്തെ സൂചിപ്പിക്കുന്നു. പോപ്പ് പയസ്സ് പന്ത്രണ്ടാമൻ എടുത്ത കമ്മ്യുണിസ്റ്റ് വിരുദ്ധ യുദ്ധം അദ്ദേഹത്തെ മുസോളിനിയുടെ പ്രിയപ്പെട്ടവനാക്കി. മുതലാളിത്തത്തിന്‍റെ നേതാക്കളും മത സംബന്ധിയായ നേതൃത്വം വഹിക്കുന്ന രാജ്യങ്ങളും ഒരുപോലെ തൊഴിലാളി സമരങ്ങളെ തള്ളിപറയുവാൻ തയ്യാറാണ്.
ഇന്ത്യയിൽ രാഷ്ട്രീയത്തിൽ തൊഴിലാളി സംഘടനകളോടുള്ള ആർ.എസ്.എസ് സമീപനം കുപ്രസിദ്ധമാണ്. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന ലോക പ്രസിദ്ധ വാദത്തെ തള്ളിപറഞ്ഞ ആർ.എസ്.എസ്സും അവരുടെ 1951 മുതൽ പ്രവർത്തിക്കുന്ന ജനസംഘവും പിൽക്കാലത്തെ രാഷ്ട്രീയ രൂപമായ ബിജെപിയും അവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുണ്ട്. സർവ്വദേശീയമായ സംഘടനാ ബോധത്തെ തള്ളിപ്പറയുവാൻ ഇഷ്ടപ്പെടുന്ന ആർ.എസ്.എസ് അതിനു പകരം തൊഴിലാളികളെ നമ്മൾ ലോകത്തെ ഒന്നിപ്പിക്കാം എന്ന് പറയുന്നു. ഇവിടെ ലോക തൊഴിലാളി വർഗ്ഗത്തിന്‍റെ സമരങ്ങൾ, അവർ ഒറ്റകെട്ടായി ദേശാതീതമായി പ്രവർത്തിക്കുന്ന മുതലാളിത്തിനെതിരെ ഒന്നിക്കേണ്ട ആവകശ്യകതയെ അംഗീകരിക്കുന്നില്ല. തൊഴിലാളികൾ ഏതു ദേശക്കാർ ആണെങ്കിലും അവർ ഒന്നാണെന്നും അവരുടെ അടിസ്ഥാന പ്രശനങ്ങൾക്ക് സമാനതകൾ ഉണ്ട് എന്നുമുള്ള മാർക്സിസ്റ്റ് നിലപാടിനെ ഉൾക്കൊള്ളുവാൻ മടിക്കുന്ന ആർ.എസ്.എസ്സമീപനത്തിൽ എല്ലാവരും അതാതു ദേശത്തെ മുഖ്യമായി കണ്ട് ദേശീയതയ്ക്ക് കീഴിൽ പ്രവർത്തിക്കണം എന്ന് വാദിക്കുന്നു. ലോക തൊഴിലാളികളെ സംഘടിപ്പിക്കുവാൻ ഉതകുന്ന മെയ് ദിനത്തെ അംഗീകരിക്കാത്ത ബി.ജെ.പി വിശ്വകർമ്മ ദിനത്തെയാണ് തൊഴിലാളി ദിനമായി കരുതി വരുന്നത്.വേദത്തിൽ പരാമർശിക്കുന്ന, ചരിത്രത്തിൽ സ്ഥാനമില്ലാത്ത, ഒരു ബിംബത്തെ മുന്നിൽ നിർത്തി തൊഴിലാളി ദിനാചരണത്തെ പോലും വിശ്വാസമായി ബന്ധിപ്പിച്ച് തൊഴിലാളികളെ മതത്തിന്‍റെ പേരിൽ വിഭജിക്കുവാൻ ലക്ഷ്യം വെച്ചുള്ള ശ്രമങ്ങൾ ഇവിടെ വ്യക്തമാണ്. ഇന്ത്യൻ ദേശീയതയെ പറ്റിയുള്ള എല്ലാ ചർച്ചകളിലും അവസരങ്ങളിലും ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന പ്രസ്ഥാനം ലക്ഷ്യം വെക്കുന്നത് മുതലാളിത്തത്തെ ചെറുക്കുവാൻ വളർന്നുവരുന്ന സമരങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്.
ഏതൊരു ശാസ്ത്ര പുരോഗതിയുടെയും ലക്ഷ്യം മനുഷ്യാദ്ധ്വാനം ലഘൂകരിച്ച് ഏറ്റവും കുറഞ്ഞ അദ്ധ്വാനത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഉത്പാദനം സാധ്യമാക്കണം എന്നതാണ്. ചരിത്രത്തിൽ എന്നും ബൗദ്ധികമായ മുന്നേറ്റം ഉണ്ടായ ഗ്രീസും റോമും (ഇന്ത്യയും)അതിനുതകുന്ന അവസരങ്ങൾ ഉണ്ടായത് ആ സമൂഹത്തിൽ അടിമവേല ശക്തമായിരുന്നതിനാൽ ആയിരുന്നു എന്ന് കാണാം. എന്നാൽ ആധുനിക ലോകത്ത് പണിയെടുക്കുന്നവരുടെ കാര്യ ശേഷി കൂടുന്നതിലൂടെ ജനങ്ങൾക്ക് (പണിയാളർക്ക്) കൂടുതൽ സമയം വിനോദത്തിനും വിശ്രമത്തിനും മാറ്റിവെയ്ക്കുവാൻ കഴിയും അതിലൂടെ ഏറെ മെച്ചപ്പെട്ട ജിവിതം തൊഴിലാളികൾക്ക് സാധ്യമാകും. എന്നാൽ ആധുനിക ലോകത്തെ കണ്ടു പിടുത്തങ്ങൾ ബഹുരാഷ്ട്ര കുത്തകകളുടെ സ്വന്തമായിതീരുകയും അവരുടെ ലാഭം വർദ്ധിപ്പിക്കുവാൻ മാത്രം ഉപകരിക്കുകയും ചെയ്യുന്പോൾ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നു എന്ന് കാണാം. അങ്ങനെ അദ്ധ്വാനത്തെ തൊഴിലാളികളുടെ വിമോചനത്തിനു പകരം കോർപ്പറേറ്റുകളുടെ താൽപ്പര്യത്തിനായി മാത്രം എന്ന അവസ്ഥ വളരെ വ്യാപകമായി മാറി. ഇന്ത്യയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി തൊഴിലാളികൾക്ക് എതിരായി ഉണ്ടാകുന്ന നിയമ ഭേദഗതികൾ ലക്ഷ്യം വെക്കുന്നത് മുതലാളിമാരുടെ താൽപര്യങ്ങൾ മാത്രമാണ് എന്ന വസ്തുത വളരെ ഗൗരവതാരമാണ്.
ലോകത്തെ തൊഴിലാളി സംഘടനകൾ മൊത്തത്തിൽ തിരിച്ചടികളെ നേരിടുന്നു. USSR പിരിച്ചുവിട്ടതും അനുബന്ധ രാജ്യങ്ങൾ മുതലാളിത്തത്തെ മടക്കി വിളിച്ചതും ചൈന ആഗോള കുത്തകകളുമായി വലിയ ചെങ്ങാത്തത്തിൽ കൂടിയതും തൊഴിലാളികൾ വളരെ സുരക്ഷിതരായി മാറിയതുകൊണ്ടല്ല എന്ന് നമുക്കറിയാം. ആഗോളവൽക്കരണ കാലത്ത് ലോകത്തിലെ തൊഴിലാളികൾ ഇതു വരെയില്ലാത്ത ചൂഷണത്തെയാണ് നേരിടുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം തൊഴിലാളികൾക്ക് അവരുടെ ജോലി ഭാരം കുറച്ച്, കൂടുതൽ വിനോദത്തിനും വിശ്രമത്തിനും വരുമാനത്തിലും വർദ്ധന ഉണ്ടാക്കുവാനല്ല അവസരം ഉണ്ടാക്കിയിരിക്കുന്നത്. തൊഴിൽ രംഗത്തെ ആധുനിക വൽക്കരണം തൊഴിൽ രാഹിത്യം സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ അദ്ധ്വാനം കൂടുതൽ ചെലവഴിക്കേണ്ടി വരുന്നു. അവരുടെ കഴിവുകളെ അംഗീകരിക്കുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു. തൊഴിലാളികളുടെ സ്വകാര്യ നിമിഷങ്ങളിൽ തന്നെ കടന്നു കയറി അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നു. സ്ഥിരം തൊഴിലാളികൾ, അവരുടെ അവകാശങ്ങൾ എന്ന സ്ഥാനത്ത് hire and fire (ആവശ്യമുള്ള സമയത്ത് തൊഴിൽ), golden shake hand മുതലായ സംവിധാനങ്ങളിലൂടെ തൊഴിൽ അവകാശങ്ങൾ ഹനിക്കുകയാണ്. SEZതുടങ്ങിയ തൊഴിൽ ഇടങ്ങൾ എല്ലാ അവകാശങ്ങളെയും അസാധുവാക്കുന്നു. മറുവശത്ത് കുത്തകളുടെ കൊള്ള കഴിഞ്ഞ കാലത്തിലും കൂടുതൽ നടത്തി പ്രകൃതി വിഭവങ്ങൾ കൂടുതൽ കൈക്കലാക്കി വരുന്നു. ലോക ബാങ്ക്, IMF, WTO തുടങ്ങിയ സ്ഥാപനങ്ങളുടെ അജണ്ടകൾ നടപ്പിൽ വരുത്തുവാൻ ജനങ്ങളുടെ നിയന്ത്രണത്തിലുള്ളതെന്നു പറയപ്പെടുന്ന സർക്കാരുകൾ കൂടി കഴിഞ്ഞ നാളുകളിൽ നേടിയ തൊഴിൽ അവകാശങ്ങൾ ജനങ്ങൾക്ക് നഷ്ടപ്പെടുത്തുകയാണ്.
ശാസ്ത്ര സാങ്കേതികതയുടെ ലക്ഷ്യം ഉപകരണങ്ങളുടെ വിപ്ലവകരമായ പരിവർത്തനം ആണെന്നിരിക്കെ (ഉൽപ്പാദനക്ഷമതയാണെന്നിരിക്കെ) ഉൽപ്പാദനക്ഷമതയിൽ ഉണ്ടായ വൻ കുതിപ്പ് തൊഴിൽ സമയം കുറയ്ക്കലിന് പ്രധമ പരിഗണന നൽകേണ്ടതുണ്ട്. കാർഷിക രംഗത്തുണ്ടായ വിവിധ തരത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഉൽപ്പാദനത്തിൽ, 100 മടങ്ങ് കാര്യക്ഷമതാ വർദ്ധന കാണിക്കുന്നു. 2000 മണിക്കൂർ (ആധുനികവൽക്കരിച്ച) കാർഷിക അദ്ധ്വാനം കൊണ്ട് (8hrsx250 days) 1000 പേർക്കാവശ്യമായ ഒരു വർഷത്തെക്കിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാം.നമ്മുടെ രാജ്യത്തെ 133 കോടിയാളുകൾക്കായി (2400 കലോറി=250 കിലോ/year) വെച്ച്, 33 കോടി ടൺ ഭക്ഷ്യധാന്യം. (250kg X 133 കോടി) ഉൽപ്പാദിപ്പിക്കണം. (നിലവിലെ ഉൽപ്പാദനം 26 കോടി ടൺ) മുകളിൽ പറഞ്ഞ പ്രകാരം, 13.3 ലക്ഷം കർഷകർ 2000 മണിക്കൂർ പണി എടുത്താൽ 133 കോടി ജനങ്ങൾക്കുള്ള ഭക്ഷണം സാധ്യമാണ്. ഇന്ന് ഇന്ത്യയിൽ 50 കോടിക്കു മുകളിൽ ആളുകൾ കാർഷിക രംഗത്ത് പണി ചെയ്യുന്നു. യഥാർത്ഥ ഭക്ഷ്യ ഉൽപ്പാദനം 100 കോടിയാളുകൾക്കായി മാത്രമാണ് നാട്ടിൽ. (250 Kgx 100 കോടി) വിളയായി ലഭിക്കുന്നത്. 10 ലക്ഷം ആളുകൾ പണി എടുത്താൽ തന്നെ 100 കോടിയാളുകളുടെ ഭക്ഷണ ഉൽപ്പാദനം സാധ്യമാണ്. എന്നിരിക്കെ, (10 ലക്ഷത്തിന്റെ 500 ഇരട്ടിയാളുകൾ കാർഷിക രംഗത്ത് പണി എടുക്കുന്നു എന്നു പറഞ്ഞാൽ എന്തായിരിക്കണം അർത്ഥം?
ഇന്ത്യയുടെ വ്യവസായ രംഗത്ത് സാങ്കേതിക വിദ്യ വളരുവാൻ വൈകിയതിൽ വില കുറഞ്ഞ കൽക്കരി ഇന്ധനത്തിന്റെ ലഭ്യത പ്രധാന പങ്കുവഹിച്ചു. എന്നാൽ 80കൾക്കു ശേഷം ശാസ്ത്ര സാങ്കേതികതയിൽ കാര്യമായ പുരോഗതി ഉണ്ടായി. ഉൽപ്പാദനക്ഷമത കൂടി, ഉൽപ്പാദനത്തിന്റെ അളവിലും വർദ്ധന നടന്നു. എന്നാൽ അത് തൊഴിൽ സാധ്യത കുറച്ചു. ലോകത്ത് സാന്പത്തിക വളർച്ചാ തോതിൽ ഏറ്റവും കുറവ് തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്ന നാടായി ഇന്ത്യ അറിയപ്പെടുന്നു. വിയറ്റ്നാം ചൈന തുടങ്ങിയവർക്ക് മെച്ചപ്പെട്ട ട്രാക്ക് റിക്കാർഡ് ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്. അസംഘടിത രംഗത്തും സംഘടിത രംഗത്തും അനുഭവങ്ങൾ സമാനമായിക്കഴിഞ്ഞു. തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങളെ മാനിയ്ക്കാത്ത നിരവധി പിന്തിരിപ്പൻ നിയമങ്ങൾ ദേശീയമായി സർക്കാർ ഉണ്ടാക്കി എടുത്തു. തൊഴിൽ നിയമങ്ങൾ നടപ്പിലാകേണ്ടതില്ലാത്ത സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ സർക്കാർ മടിച്ചില്ല. ബാലവേല നിയന്ത്രണത്തിൽ ഇളവുകൾ നൽകി. അവസാനത്തെ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സ്ഥിരം തൊഴിൽ വേണ്ടതില്ല എന്നതാണ് സർക്കാർ നിലപാട്. വ്യവസായികൾക്കും മറ്റും ലാഭം വർദ്ധിപ്പിക്കുവാനായി വിട്ടുവീഴ്ചകൾ വരുത്തുന്ന തീരുമാനങ്ങൾ ചുരുക്കം ചിലരുടെ രക്ഷക്കായി മാത്രം നിലനിൽക്കുന്നു.
വൻകിട വ്യവസായ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുടെ വേതനത്തിലും ആനുകൂല്യത്തിലും വൻ വർദ്ധന ഉണ്ടായി. എന്നാൽ പ്രസ്തുത സ്ഥാപനത്തിലെ സാധാരണ തൊഴിലാളികളുടെ വേതനം ആനുപാതികമായി കുറയുകയാണ് ഉണ്ടായത്. ലോകത്തെ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഏറ്റവും കൂടുതൽ അന്തരമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആ വിടവ് വർദ്ധിച്ചു വരികയാണ് (ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്). കാർഷിക രംഗത്തെ തിരിച്ചടികൾ, കുത്തകകളുടെ കടന്നുകയറ്റം, വിദേശ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച ഇറക്കുമതി, നോട്ടു പിൻവലിക്കൽ, GST രംഗത്തെ തിരിച്ചടികൾ എല്ലാം തൊഴിൽ രാഹിത്യം വർദ്ധിപ്പിച്ചു. ഈ സ്ഥിതി ഏറിയും കുറഞ്ഞും മറ്റു പ്രമുഖ രാജ്യങ്ങളിൽ സംഭവിച്ചു വരുന്നു. ലോകത്ത് ഏറ്റവും കുറച്ച് തൊഴിൽ സമയം ലഭ്യമായ ഫ്രാൻസിലും മറ്റൊരു വൻകിട രാജ്യമായ ജർമ്മനിയിലും തൊഴിലാളികൾ വിവിധ പ്രതിസന്ധികളിലാണ്. ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ മുതലായ പ്രതിസന്ധികളിൽ കുടുങ്ങിയ രാജ്യങ്ങളിൽ തൊഴിൽ പ്രതിസന്ധികൾ തൊഴിലാളി ജീവിതത്തെ തകർത്തു കൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ ജോലി സമയത്തെ വർദ്ധന, ചികിത്സാരംഗത്തെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്ന പ്രശ്നങ്ങളിൽ എല്ലാം തൊഴിലാളികൾ പൊരുതി നേടിയ നേട്ടങ്ങൾ അടിയറ വെയ്ക്കേണ്ടി വരുന്നു. ഊഹ വിപണിയുടെ വളർച്ച തൊഴിലാളികളുടെ മൂല്യങ്ങളിൽ ഇടിവു വരുത്തി. മുൻകാലത്ത് അവകാശങ്ങൾക്കായി സമരം ചെയ്ത തൊഴിലാളികൾ ഇന്ന് പഴയ ആനുകൂല്യങ്ങൾ സംരക്ഷിക്കുവാൻ സമരം ചെയ്യേണ്ടി വരുന്നു.
ലോകത്ത് ഇന്നു സജീവമായി തുടരുന്ന സ്വകാര്യവൽക്കരണം −ആഗോളവൽക്കരണം യൂറോപ്പിനെ പലപ്പോഴും പ്രക്ഷുബ്ദമാക്കി. അമേരിക്കൻ തൊഴിലില്ലായ്മയും സാന്പത്തിക തിരിച്ചടികളും ട്രംപിന് രാഷ്ട്രീയ വിജയം നേടികൊടുുത്തു. ട്രംപ് പ്രതിസന്ധികൾ മറികടക്കുവാൻ അമേരിക്കനിസത്തെ തന്ത്രമായി പ്രചരണത്തിൽ ഉപയോഗിച്ചു. യുറോപ്പിൽ ഇസ്ലാമോഫോബിയയെ മുന്നിൽ നിർത്തി വലതുപക്ഷ തീവ്രവാദികളുടെ സഹായത്തിൽ വലതുപക്ഷ സാന്പത്തിക അജണ്ടകൾ പിൻ തുടരുവാൻ ലോക കുത്തകൾ ചരടുവലി നടത്തുന്നു.
ലോക സോഷ്യലിസ്റ്റു ചേരിക്കുണ്ടായ തിരിച്ചടി തൊഴിലാളി വർഗ്ഗത്തിന്റെ വിലപേശൽ ശേഷി കുറച്ചു. ആനുകൂല്യങ്ങൾ നിഷേധിക്കുവാൻ അവസരം ഒരുക്കി. എങ്കിലും ലോക ജനതയുടെ വിമോചനത്തിൽ മെയ് ഒന്നിന്റെ ഓർമ്മകൾക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന വസ്തുത പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യൻ പ്രാധാന മന്ത്രിയും ആർഎസ്എസ്സും സർവ്വ ദേശീയ തൊഴിലാളി ദിനത്തെ വിശ്വാസം കൊണ്ടു പകരം വെയ്ക്കുന്നതിനു ശ്രമിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് കുത്തകകളോടുള്ള മമതയും തൊഴിലാളികളെ വർഗ്ഗീയമായി ചേരിതിരിക്കലുമാണ്. അത്തരം പരിശ്രമങ്ങളെ തള്ളിക്കളയുവാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് കഴിയും എന്നു പ്രതീക്ഷിക്കാം.