മെയ് ദിനം: ഇന്നലെ ഇന്ന് നാളെ
കൈതവനത്തറ ശങ്കരൻകുട്ടി
ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം തുടങ്ങിയത് നൂൽനൂൽക്കാൻ യന്ത്രം കണ്ടുപിടിച്ചതോടെയാണല്ലോ. അന്നാണ് ഫാക്ടറി സിസ്റ്റം തുടങ്ങുന്നതും. തൊഴിലാളികൾ ഒരു ഷെഡ്ഡിൽ ഒരുമിച്ചായിരുന്നു ജോലി ചെയ്യുന്നതും. തൊഴിലാളിയും മുതലാളിയും ഒന്നായിരുന്ന ചെറുകിട വ്യവസായ രംഗത്തിൽ നിന്നും മുതലാളി തൊഴിലാളി എന്ന രണ്ട് വർഗ്ഗങ്ങൾ ഉണ്ടായി. ആദ്യ കാലത്ത് 12 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യണം. വളരെ മോശമായ സാഹചര്യങ്ങൾ. കാറൽ മാക്സിന്റെ ഗുരുവായിരുന്ന ഹെഗൽ പറഞ്ഞ പോലെ തലച്ചോറല്ല മനുഷ്യന്റെ പ്രധാന അവയവം വയറാണ്. അതുകൊണ്ടാണ് ഈ നരകയാതനകൾ തൊഴിലാളികൾ അനുഭവിച്ചത്. 1860 മുതൽ തൊഴിലാളികൾ കൂലികുറയ്ക്കാതെ ജോലി സമയം കുറക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു തുടങ്ങിയിരുന്നു. 1880 ആയപ്പോഴേക്കും തൊഴിലാളികൾക്ക് ശക്തമായ തൊഴിലാളി പ്രസ്ഥാനം ഉണ്ടായി. അവകാശങ്ങൾ ചോദിക്കാനുള്ള ആത്മധൈര്യവും. ഈ കാലഘട്ടത്തിലാണ് സോഷ്യലിസ്റ്റ് ആശയം പ്രചരിച്ചു തുടങ്ങിയത്. വ്യവസായ ലാഭം മുതലാളിയുടെ മൂലധനത്തിന്റെ പലിശ അല്ല തൊഴിലാളിയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതാണെന്ന ഒരു പുതിയ തത്വം ഉടലെടുത്തു. സോഷ്യലിസ്റ്റുകൾ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ചു.
1886 മെയ് ഒന്നാം തീയതി എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എട്ടു മണിക്കൂർ ആനന്ദം എന്ന അവകാശം നേടാൻ വേണ്ടി പണിമുടക്കു തുടങ്ങി. സമരത്തിന്റെ ചുവരെഴുത്തുകൾ “തൊഴിലാളികളെ ആയുധം അണിയുക” “കൊട്ടാരത്തിൽ വിപ്ലവം കുടിലിൽ സമാധാനം” “വേതനനയമാണ് ലോകത്തിലെ മുഴുവൻ ദുരന്തത്തിനും കാരണം” “ പോലീസിനും ക്രൂരനായ മുതലാളിക്കും എതിരെ ആയുധം എടുത്ത് എട്ടുമണിക്കൂർ തൊഴിൽ എന്ന അവകാശം നേടുക”. എന്നിങ്ങനെയായിരുന്നു.
മൂന്ന് ലക്ഷം തൊഴിലാളികൾ പണിമുടക്കി ചിക്കാഗോവിലെ തെരുവീഥികളിൽ പ്രകടനം നടത്തി. സർക്കാർ ഉരുക്കു മുഷ്ടി ഉപയോഗിച്ച് സമരത്തിനെ നേരിട്ടു. വെടിവെപ്പിൽ അനേകം പേർ മരിച്ചു. തൊഴിലാളി ചരിത്രത്തിലെ ആ രക്തസാക്ഷികളുടെ അവസാന വാക്കുകൾ “ഞങ്ങളുടെ ഇന്നത്തെ നിശബ്ദത ഇന്ന് നിങ്ങൾ നിശബ്ദമാക്കിയ ശബ്ദത്തേക്കാൾ ആയിരം ഇരട്ടി ശക്തിയുള്ളതാണ്”. ഇന്നു തൊഴിലാളി നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളും ആ ശബ്ദത്തിന്റെ ശക്തിയുടെ പ്രത്യക്ഷ തെളിവാണ്.
ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനം തുടങ്ങിയത് ഒരുതുണിമിൽ തൊഴിലാളിയുടെ മകൾ അനസൂയ ഭായ് ആണ്. പിന്നീട് ഗാന്ധിജി ഇന്ത്യയിൽ വന്നപ്പോൾ അതിന്റെ നേതൃത്വം ഏറ്റെടുത്തു. കൂലികൂടുതലിനുവേണ്ടി അഹമ്മദാബാദിലെ തൊഴിലാളികളും ചന്പാരത്തിലെ കർഷകരും നടത്തിയ സമരം ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. സമരം വിജയം കണ്ടു. ഗാന്ധിജി ആഫ്രിക്കയിൽ വെച്ചു കണ്ടുപിടിച്ച അഹിംസാധിഷ്ഠിതമായ സത്യാഗ്രഹം, നിസ്സഹകരണം എന്ന രണ്ടായുധങ്ങൾ വിജയകരമായി പരീക്ഷിച്ചത് ഇവിടെയായിരുന്നു. അതാണ് ആ ആയുധങ്ങൾ ഉപയോഗിച്ച് സ്വാതന്ത്ര്യം നേടാൻ ഗാന്ധിജിക്ക് ആത്മവിശ്വാസം നൽകിയത്.
ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് (എഐടിയുസി) രൂപീകരിച്ചത് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന ലാലാ ലജ്പത് റോയി പ്രസിഡണ്ടായിട്ടായിരുന്നപ്പോഴാണ്. നെഹ്്റു നേതാജി, വി.വി ഗിരി തുടങ്ങിയവർ അതിന്റെ പ്രസിഡണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ കോൺഗ്രസ് നേതാക്കൻമാർ ജയിലിലായപ്പോൾ പി.സി ജോഷി കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി സംഘടന പിടിച്ചെടുത്തു. 1946 മെയ് മൂന്നാം തിയതി സർദാർ വല്ലഭായി പട്ടേലിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ കൂടിയ യോഗം ഇന്ത്യൻ നാഷ്ണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സും(ഐഎൻടിയുസി) അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ജെ.പി കൃപാലിനി ഉദ്ഘാടനം ചെയ്തു. 1952ൽ നെഹ്്റു മറ്റു തൊഴിലാളി യൂണിയനുകളെ കൂടി സംഘടിപ്പിച്ച് പൊതു ആവശ്യത്തിനുവേണ്ടി സമരം ചെയ്യാൻ ഉപദേശിച്ചു. അതിന്റെ ചുവടുപിടിച്ചാണ് ഐഎടിയുസി പ്രസിഡണ്ട് ഡോ: സഞ്ജീവ റെഡ്ഡി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി രൂപീകരിച്ചത്.
പുതിയ സാന്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി തൊഴിലാളികൾ നേടിയെടുത്ത സാമൂഹിക സുരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു. മുന്പും ഉൽപ്പാദന മേഖലയിലുണ്ടായിരുന്ന വികസനങ്ങൾ കൂലിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇന്നത് ലാഭത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല. മാർക്സ് പറഞ്ഞ പോലെ തണൽ വിൽക്കാൻ സാധിച്ചില്ലെങ്കിൽ മുതലാളി മരം വെട്ടി വിൽക്കും.
കേരളത്തിൽ തൊഴിലാളി പ്രസ്ഥാനം തുടങ്ങിയത് ആലപ്പുഴ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിലൂടെ വടപ്പുറം ബാവയാണ്. കേരളത്തിന്റെ സാമൂഹിക രംഗത്ത് നവോത്ഥാനത്തിന് നാന്ദി കുറിച്ച നാരായണഗുരുസ്വാമിയെ കണ്ട് ഈ വിവരം ധരിപ്പിച്ചു. വടപ്പുറം ബാവക്ക് തന്റെ പിന്തുണയും ഒരു തുക സംഭാവനയായും ഗുരുദേവൻ നൽകി അനുഗ്രഹിച്ചു. തിരുവിതാംകൂറിലെ രണ്ടാമത്തെ ട്രേഡ്്യൂണിയൻ പുളിമാനം ചെല്ലപ്പൻപിള്ള പ്രസിഡണ്ടായിട്ടുള്ള മിനറൽ വർക്കേഴ്സ് യൂണിയനാണ്. തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരങ്ങൾ മുഖാന്തിരം അവകാശങ്ങൾ നേടിയെടുക്കുകയും സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. തൊഴിലാളികൾ അന്ന് അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്തതെങ്കിൽ ഇന്ന് ഉള്ള തൊഴിൽ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സമരം ചെയ്യേണ്ടത്. ആഗോളവൽക്കരണം തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും പുതിയ തൊഴിലവസരങ്ങൾക്ക് ഭീഷണിയായും മാറിയിരിക്കുന്നു. അതായത് മുതലാളിത്വത്തിൽ നിന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനം നിലച്ചു എന്നു മാത്രമല്ല ക്യാപ്പറ്റിലിസം ക്രോണി ക്യാപ്പറ്റിലസത്തിന് വഴിമാറുന്നു. യന്ത്രങ്ങൾ മനുഷ്യ ശക്തിയെ കുറക്കുന്നു. ഫാക്ടറിയിൽ വികസനം വരുന്പോൾ ഉള്ള തൊഴിലാളിക്ക് തന്നെ ആനുകൂല്യം നൽകി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. തൊഴിലവസരം ഇല്ലാതാകുന്നു. 2025 ആകുന്പോഴേക്കും അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിൽ തൊഴിലില്ലായ്മ വലിയ ഒരു പ്രശ്നമാകും. ഇന്ത്യയിൽ തന്നെ ഒരു ദിവസം തൊഴിൽ മാർക്കറ്റിൽ ഇറങ്ങുന്നത് 50000 തൊഴിൽ അന്വേഷകരാണ്. ഉണ്ടാകുന്ന തൊഴിൽ 400 മാത്രം. എന്താണ് പരിഹാരം. തൊഴിൽ വേണ്ടവർ, തൊഴിലാളി യൂണിയനുകൾ സ്വയം തൊഴിലവസരങ്ങൾ കണ്ടുപിടിക്കണം. കേരളത്തിൽ ശ്രീ ചന്ദ്രശേഖരൻ പ്രസിഡണ്ടായതിന് ശേഷം ഓരോ പഞ്ചായത്തിലും സേവന പരിശീലന ഉൽപ്പാദന മേഖലകളിൽ ഓരോ ചെറിയ തൊഴിൽ യൂണിറ്റുകൾ ഉണ്ടാകാൻ വേണ്ടി ഗ്രിൽക്കോസ് എന്ന ഒരു സഹകരണസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. മറ്റുള്ളവർക്കും ഈ വഴി പിന്തുടരാവുന്നതാണ്. രാഷ്ട്രീയ അഭിപ്രായങ്ങൾ മറന്ന് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ തങ്ങളുടെ ജീവൻ നൽകി അവകാശം നേടിയതുപോലെ നേടിയെടുക്കണമെന്നും നമുക്ക് പ്രതിഞ്ജ ചെയ്യാം. ക്രോണി ക്യാപ്പറ്റലിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ ശക്തമായി പ്രതിരോധിക്കാനും തൊഴിലാകളുടെ അവകാശം നിലനിർത്താനുള്ള സമരത്തിൽ ധർമ്മ സന്ദേശവും ധീര രക്തസാക്ഷികളുടെ സ്മരണയും നമുക്ക് വഴിവിളക്കാകട്ടെ. തൊഴിലാളികളെ മുന്നോട്ട്, ലാൽസലാം...
(ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടാണ് ലേഖകൻ)