അഴുക്കുചാലുകളിലെ ഇന്ത്യ!
ജെ. ബിന്ദുരാജ്
ഗ്രാമത്തിന്റെ പേരിൽ ഒരു നഗരം അറിയപ്പെടുന്ന കാഴ്ച എത്ര വിചിത്രമായിരിക്കും. കഴിഞ്ഞയാഴ്ച ഹരിയാനയിലെ ഗുഡ്ഗാവിലൂടെ യാത്ര ചെയ്യുന്പോൾ ഗുരുഗ്രാം എന്ന ആ പഴയ ഗ്രാമത്തിന്റെ മുഖം എങ്ങനെയായിരുന്നുവെന്ന് വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. 2016ൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ഖട്ടർ പഴയ പൈതൃകത്തെ ഊന്നിപ്പറയുന്നതിനായി ഗുഡ്ഗാവിനെ ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്യുകയും കേന്ദ്ര സർക്കാർ ആ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തെങ്കിലും ഗുഡ്ഗാവിലെ ചില കെട്ടിടങ്ങളിൽ മാത്രമേ നമുക്ക് ഗുരുഗ്രാം എന്ന പേര് കാണാനാകൂ. പേരിലെ ഗുരു ആരാണെന്നല്ലേ? ഇതിഹാസത്തിലെ ദ്രോണാചാര്യർ തന്നെ. പക്ഷേ ഇന്നിപ്പോൾ ദ്രോണരോ മഹാഭാരതകഥയുമായുള്ള ബന്ധമോ ഒന്നും ഗുരുഗ്രാമിലെത്തുന്നവരെ ആവേശിപ്പിക്കുന്നില്ല. പകരം മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന്റേയും ബിഎം ഡബ്ല്യുവിന്റേയും കൊക്കോ കോളയുടേയും പെപ്സിയുടേയും മറ്റ് മൂന്നുറോളം ഫോർച്യൂൺ 500 കന്പനികളുടേയും ഇന്ത്യയിലെ ഓഫീസുകൾ നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലാണ് ഗുരുഗ്രാം അറിയപ്പെടുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള സൈബർ സിറ്റിയും ഡിഎൽഎഫ് പോലുള്ള വന്പൻ റിയൽ എേസ്റ്ററ്റ് കന്പനികളുടെ വന്പൻ റസിഡൻഷ്യൻ അപ്പാർട്ട്മെന്റുകളും അംബരചുംബികളായ ഓഫീസ് കെട്ടിടങ്ങളും മുപ്പതോളം മാളുകളും നിലനിൽക്കുന്ന നാഷണൽ ക്യാപിറ്റൽ റീജിയണിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് ഗുഡ്ഗാവ്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കേവലം അരമണിക്കൂറിലെത്താവുന്ന ഈ പ്രദേശം ഒരുകാലത്ത് കുറുക്കന്മാരുടെ സമ്മേളനയിടമായിരുന്നുവെന്നാണ് മാരുതിയുടെ ഫാക്ടറിയിൽ തൊഴിൽ ചെയ്യാനെത്തിയ പഴയ ചിലരൊക്കെ ഓർമ്മിക്കുന്നത്. ഇന്ന് ആറ് ലെയ്ൻ ഹൈവേയും ദൽഹിയിൽ നിന്നും മുംബയിലേക്കുള്ള എൻഎച്ച് 8ഉം ദൽഹി മെട്രോയുടെ അഞ്ച് േസ്റ്റഷനുകളും റാപ്പിഡ് മെട്രോയും ഇന്റർസിറ്റി റെയിലുമൊക്കെയായി ഗതാഗതസൗകര്യത്തിനും ഇന്ത്യയിൽ തന്നെ മുൻനിരയിലുണ്ട് ഗുരുഗ്രാം. പുഴ പോലെ വീതിയുള്ള നിരത്തുകളും സിഗ്നലുകളിൽ തട്ടിത്തിരിയാതെ വാഹനത്തിൽ പറന്നു സഞ്ചരിക്കാനുതകുന്ന അണ്ടർ പാസ്സുകളുമൊക്കെയായി ഈ നഗരം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തും.
ഗുരുഗ്രാമിന്റെ ഈ വർണ്ണക്കാഴ്ചകളും സൗകര്യങ്ങളും നഗരാസൂത്രണത്തിന്റെ മികവ് വ്യക്തമാക്കുന്നതാണെന്ന് നമുക്ക് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ ഈ വന്പൻ കെട്ടിടസമുച്ചയങ്ങൾക്കും രാക്ഷസപാതകൾക്കും പിന്നിൽ നഗരത്തിന്റെ മറ്റൊരു മുഖം പതിയെ ഉയർന്നുവരുന്നുണ്ട്. ഏക്കറുകണക്കിനു ഭൂമിയിൽ ഓരോ സെക്ടറുകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ചേരിപ്രദേശങ്ങളാണവ. ഗുഡ്ഗാവിലെ ഹോട്ടലുകളിലും വീടുകളിലും പൂന്തോട്ടങ്ങളിലും തൊഴിലെടുക്കുന്നവരും നഗരം ശുചിയാക്കൽകാരും പൂന്തോട്ട നിർമ്മാണക്കാരും റിക്ഷാക്കാരും ഡ്രൈവർമാരുമൊക്കെ കഴിയുന്ന ഇടങ്ങളാണവ. പ്രതിമാസം രണ്ടു മുതൽ ആറു ലക്ഷം രൂപ വരെ വാടക ഈടാക്കി ഏക്കറു കണക്കിനു ഭൂമി ചേരിപ്രദേശങ്ങൾക്കായി വിട്ടുകൊടുത്തവർ ധാരാളമുണ്ട് ഗുഡ്ഗാവിൽ. ഗുഡ്ഗാവിലെ സെക്ടർ 57 ചേരികളുടെ വളർച്ച മൂലം ഇതിനകം തന്നെ വാർത്തകളിൽ ഇടംതേടിയ സ്ഥലവുമാണ്. പ്രദേശത്തെ ആളൊഴിഞ്ഞു കിടന്നിരുന്ന ഒരേക്കറോളം വരുന്ന ഭൂമിയിൽ ഇരുനൂറിലധികം കുടിലുകളാണ് കേവലം ഒരു വർഷത്തിനുള്ളിൽ മാത്രം ഉയർന്നത്. ഹരിയാന അർബൻ ഡവലപ്മെന്റ് അതോറിട്ടിയും (ഹുഡ) ഒരു ബിൽഡറും പ്രദേശത്തെ നാട്ടുകാരിൽ നിന്നും ഏറ്റെടുത്ത ഒരു ഭൂമിയാണിതെന്നാണ് പ്രദേശവാസികളുടെ മൊഴി. പക്ഷേ സത്യം മറ്റൊന്നാണ്. ഭൂമി ഏറ്റെടുത്തെങ്കിലും ഭൂമിയ്ക്ക് നൽകിയ തുച്ഛമായ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് അവിടം വിടാൻ നാട്ടുകാർ തയ്യാറായില്ലെന്നതാണ് വാസ്തവം. ഗ്രാമങ്ങളെ നഗരങ്ങൾ വിഴുങ്ങുന്പോൾ ജീവനോപാധികളെല്ലാം നഷ്ടപ്പെടുത്തി, പുനരധിവാസം പോലുമില്ലാതെ തെരുവിലേയ്ക്ക് നീക്കപ്പെടുന്ന ഒരു വിഭാഗമാണ് അവിടെ താമസിക്കുന്നത്. സന്പന്നരായ സെക്ടർ 57ലെ നഗരവാസികൾക്ക് കുടിലുകളിൽ കഴിയുന്ന ഈ സാധാരണക്കാർ പകർച്ചവ്യാധിയും രോഗങ്ങളും പരത്തുന്ന മൃഗസമാനരായ മനുഷ്യർ മാത്രമാണ്. മാലിന്യക്കൂന്പാരങ്ങൾക്കിടയിൽ ജീവിക്കുന്ന ഈ മനുഷ്യരും വൻകിട ഫ്ളാറ്റുകളിൽ ജീവിക്കുന്ന നഗരവാസികളും തമ്മിൽ ഒരു വലിയ വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ചേരികൾ ഒഴിപ്പിക്കുന്നതിനായി സന്പന്നരായ പ്രദേശവാസികൾ ഗുഡ്ഗാവ് മുൻസിപ്പൽ കോർപ്പറേഷനും ടൗൺ പ്ലാനർക്കുമൊക്കെ സമർപ്പിച്ചിരിക്കുന്ന പരാതികൾ. കഴിഞ്ഞ ഏപ്രിൽ 21ന് ഗുഡ്ഗാവിലെ തന്നെ സെക്ടർ 49ലെ ഒരു ചേരിപ്രദേശത്തെ അഗ്നി വിഴുങ്ങിയതും നമ്മൾ കണ്ടു. ചേരിപ്രദേശത്തെ ഒരു പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നി പടർന്നതെന്നാണ് പറയപ്പെടുന്നത്. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അഗ്നിശമനസേനക്കാർ കിണഞ്ഞു പരിശ്രമിച്ചിട്ടാണ് തീ അണയ്ക്കപ്പെട്ടത്. പക്ഷേ അപ്പോഴേയ്ക്കും ചേരിനിവാസികളുടെ സകലതും നഷ്ടപ്പെട്ടിരുന്നു. ആസൂത്രിതമായ ഒരു അഗ്നിബാധയാണോ അതെന്ന സംശയം ഇപ്പോൾ ഉയർന്നിട്ടുണ്ട്.
പറഞ്ഞുവരുന്നത് സുന്ദരമായ നഗരങ്ങൾക്കപ്പുറത്ത്, ഒട്ടും സുന്ദരമല്ലാത്ത ജീവിതം നയിക്കുന്ന, സാധാരണക്കാരുടെ ചേരികളെപ്പറ്റി തന്നെയാണ്. വൻനഗരങ്ങൾ രൂപപ്പെടുന്പോൾ അതിനൊപ്പം തന്നെ വന്പൻ ചേരികളും അവിടങ്ങളിൽ രൂപപ്പെടാറുണ്ട്. രണ്ടു തരത്തിലാണ് ഈ ചേരികൾ രൂപപ്പെടുന്നത്. ഒന്ന്, തുച്ഛമായ നഷ്ടപരിഹാരത്തുക വാങ്ങി, എങ്ങോട്ടും പോകാനില്ലാതെ തെരുവിലേയ്ക്ക് എടുത്തെറിയപ്പെടുന്ന ചെറുകിട ഭൂവുടമകൾ കയറിക്കിടക്കാനുള്ള ഇടമായി നിർമ്മിക്കുന്ന കുടിലുകൾ. രണ്ട്, വളർന്നുവരുന്ന നഗരകേന്ദ്രത്തിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തപ്പെടുന്ന തൊഴിലാളികൾക്കായി നിർമ്മിക്കപ്പെടുന്ന കുടിലുകൾ. തകരഷീറ്റു കൊണ്ടോ ടാർപോളിൻ കൊണ്ടോ ഒക്കെ താൽക്കാലികമായി നിർമ്മിക്കപ്പെടുന്ന ഈ കുടിലുകളിൽ കഴിഞ്ഞുകൊണ്ടാണ് അവർ ജീവിതം മുന്നോട്ടു നീക്കുന്നത്. അവരുടെ കുഞ്ഞുങ്ങൾ സ്‌കൂളുകളിൽ പോകാതെ, വിദ്യാഭ്യാസം ലഭിക്കാതെ ഈ ചേരികളിൽ തന്നെ കഴിയേണ്ടി വരുന്നു. ബാല്യത്തിന്റെ സന്തോഷങ്ങൾ ഒന്നും അനുഭവിക്കാതെ, ബാലവേലയിൽ വ്യാപരിച്ച്, ലഹരികൾക്കടിപ്പെട്ട്, ഗുണ്ടാ സംഘങ്ങളിലും ലഹരിമരുന്നുവിൽപനയിലുമൊക്കെയായി ജീവിതം പാഴാക്കി ഒടുങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു അവർ.
കേരളത്തിലുമുണ്ട് ഇത്തരം ചേരികൾ. ഭരണകൂടങ്ങൾക്ക് വികസനഭ്രാന്ത് പിടിക്കുന്പോൾ തകർക്കപ്പെടുന്ന ജീവിതങ്ങളാണ് ഇത്തരം ചേരികളായി മാറുന്നത്. വലിയ വ്യവസായ പദ്ധതികളും സംരംഭങ്ങളും വരുന്പോൾ മാത്രമല്ല വലിയ പാതകൾ വരുന്പോഴും വലിയൊരു വിഭാഗം ജനത ദുരിതക്കയങ്ങളിലേക്ക് വീണുപോയ കഥകളാണ് കേരളം ഇതിനു മുന്പ് കേട്ടിട്ടുള്ളത്. കൊച്ചിൻ റിഫൈനറിക്കായും തുറമുഖത്തിനായും എഫ്എസി ടിക്കായും നാവികസേനാ ആസ്ഥാനത്തിനായുമൊക്കെ ഭൂമി ഏറ്റെടുക്കപ്പെട്ടപ്പോൾ അവിടെ നിന്നും കുടിയിറക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചുവോ എന്നാരും തന്നെ തിരക്കിയില്ല. അവരിൽ ഭൂരിപക്ഷം പേരുടേയും ജീവിതം കീഴ്ന്മേൽ മറിഞ്ഞു. ചേരിപ്രദേശങ്ങളിലെ ചെറിയ കുടിലുകളിലേക്ക് തൂത്തെറിയപ്പെട്ട അവരുടെ മക്കൾ സ്‌കൂളുകളിൽ പഠിച്ചില്ല, അന്നന്നത്തേക്കുള്ള അന്നം കണ്ടെത്താൻ അവരുടെ കുഞ്ഞുങ്ങൾ അവർക്കൊപ്പം തൊഴിലിറങ്ങാൻ നിർബന്ധിതരായി. ആരും അവരെപ്പറ്റിയൊന്നും വേവലാതിപ്പെടുന്നത് നാം കണ്ടിട്ടില്ല. കൊച്ചി നഗരപ്രാന്തത്തിനടുത്ത പല ചേരികളും കോളനികളും രൂപപ്പെട്ടത് അങ്ങനെയാണ്. ഒരുകാലത്ത് എന്നേയും നിങ്ങളേയും പോലെ ജീവനയോഗ്യമായ വീടുകളിൽ കഴിഞ്ഞിരുന്നവരാണ് അവരുടെ പൂർവ്വീകർ. ഇന്നവരുടെ പുതുതലമുറ ചേരിപ്രദേശങ്ങൾക്കടുത്തു രൂപപ്പെട്ട കോളനികളിൽ നിയമാനുസൃതമല്ലാത്തതടക്കമുള്ള പല പ്രവൃത്തികളിൽ ഏർപ്പെട്ട് കഴിയേണ്ടിവന്നിരിക്കുന്നു.
പുനരധിവാസം നൽകാതെ, വികസനത്തിന്റെ പേരിൽ ഈ ജനതയെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്നും കുടിയൊഴിപ്പിച്ച സർക്കാരുകൾ തന്നെയാണ് ആ ജീവിതങ്ങൾ തകർത്തതിന്റെ പഴി കേൾക്കേണ്ടത്. മൂലന്പിള്ളിയിൽ ദീർഘകാലം നീണ്ട സമരത്തിനുശേഷം പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്നു കണ്ടെത്തിയപ്പോൾ വഞ്ചിക്കപ്പെട്ട ആ മനുഷ്യരെപ്പറ്റി, വികസനത്തെപ്പറ്റി വാതോരാതെ പറയുന്ന എത്ര പേർ ചിന്തിച്ചു? മൂലന്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ ദുരന്തം മുന്നിൽക്കാണുന്ന ഏതെങ്കിലുമൊരു വ്യക്തി ഇനി വികസനത്തിനായി സർക്കാർ പുനരധിവാസ പാക്കേജ് നൽകുമെന്ന വാഗ്ദാനം നൽകിയാൽപോലും തന്റെ ഒരു തുണ്ട് ഭൂമി നൽകാൻ തയ്യാറാകുമോ? മൂലന്പിള്ളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മൊത്തം 316 കുടുംബങ്ങളിൽ കേവലം 38 കുടുംബങ്ങൾക്കു മാത്രമേ ഇപ്പോഴും അനുവദിക്കപ്പെട്ട ആറ് സ്ഥലങ്ങളിൽ തങ്ങൾക്ക് അനുവദിക്കപ്പെട്ട ഭൂമികളിൽ വീട് വെയ്ക്കാനായിട്ടുള്ളു. ബാക്കിയുള്ളവർ ഇപ്പോഴും തകരഷെഡ്ഡുകളിലോ വാടകയ്ക്കോ ലീസിനോ എടുത്ത വീടുകളിലാണ് കഴിയുന്നത്. എന്നാൽ പ്ലോട്ടുകൾ വാസയോഗ്യമാകുന്നതുവരെ കുടുംബങ്ങൾക്ക് സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച വാടക കഴിഞ്ഞ രണ്ടു വർഷക്കാലത്തിലധികമായി നൽകുന്നുമില്ല. വികസനപദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്കു വീതം വല്ലാർപാടം പദ്ധതി പ്രദേശത്ത് തൊഴിൽ നൽകിയിട്ടുമില്ല. ഇതിനെല്ലാം പുറമേ ഈ പ്ലോട്ടുകൾ ആർക്കെങ്കിലും വിറ്റ് എവിടെയെങ്കിലും ദൂരെപ്പോയി താമസയിടം കണ്ടെത്താമെന്നു വിചാരിച്ചാൽ അതും സാധ്യമല്ല. പുനരധിവാസ പ്ലോട്ടിന്റെ പട്ടയഭൂമി 25 വർഷത്തേയ്ക്ക് മറ്റാർക്കും കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് ഒരു വ്യവസ്ഥ വേറെയുമുണ്ട്. ഈ വ്യവസ്ഥ ഉള്ളതുകൊണ്ടു തന്നെ ഭൂമി ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും അവർക്ക് സാധ്യമല്ല. ഈ പരാതികളൊക്കെ കേൾക്കാൻ ബാധ്യസ്ഥരായവരായിരുന്നു പുനരധിവാസ പാക്കേജിന്റെ പുരോഗതി ദിവസേനെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട ജില്ലാകളക്ടർ അദ്ധ്യക്ഷനായ മോണിട്ടറിങ് കമ്മിറ്റി. ഈ കമ്മിറ്റി നിഷ്‌ക്രിയമാകുക കൂടി ചെയ്തതോടെ പുനരധിവാസ പ്രക്രിയ അപ്പാടെ സ്തംഭിക്കുകയും ചെയ്തു. ഇവരുടെ ജീവിതമൊക്കെ നാളെ ഇതുപോലുള്ള ചേരികളിലേയ്ക്ക് എത്തപ്പെടില്ലെന്ന് ആർക്കാണ് ഉറപ്പു നൽകാനാകുക? ഏതു ഭരണകൂടമാണ് വികസനത്തിന്റെ ബലിയാടാകുന്ന സാധാരണക്കാരന് നീതി ഉറപ്പാക്കാനായി നിലകൊണ്ടിട്ടുള്ളത്?
ഇന്ത്യ ചേരികളുടെ നാടായതിനു പ്രധാന കാരണം വികസനത്തിന് ഇരയാകുന്നവരെ സംരക്ഷിക്കാൻ ഇവിടെ നിയമങ്ങളില്ലാത്തതിനാൽ തന്നെയാണ്. പുനരധിവാസം മിക്കയിടങ്ങളിലും കടലാസുകളിൽ തന്നെയൊതുങ്ങുന്നു. ശുദ്ധജലമോ വൈദ്യുതിയോ ശുചിത്വമോ ഇല്ലാത്ത നഗരചേരികളിലേക്ക് അവരുടെ ജീവിതം ഒതുക്കപ്പെടുന്നു. വൃത്തിഹീനമായ ആ അന്തരീക്ഷത്തിലേയ്ക്ക് ഒരു ദിവസത്തെ തൊഴിലിനുശേഷം അവശനായി കടന്നു വരേണ്ടി വരുന്ന താമസക്കാരന്റെ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. രൂക്ഷമായ കൊതുകു ശല്യത്തിൽ നിന്നും ദുർഗന്ധത്തിൽ നിന്നുമൊക്കെ മോചനം ലഭിക്കാൻ അവൻ മദ്യത്തിലാണ് അഭയം തേടുന്നത്. അവനെ സംബന്ധിച്ചിടത്തോളം സ്വബോധം മായുന്ന നിമിഷം മാത്രമാണ് അൽപ്പമെങ്കിലും അവന് ആശ്വാസം പകരുന്നത്. ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനമായ മുംബൈയിലേയ്ക്ക് വിമാനമിറങ്ങുന്പോൾ കാണുന്ന ആദ്യ കാഴ്ച തന്നെ ചേരികളുടേതാണ്. മധ്യമുംബയിൽ മാഹിം നദിക്കരയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതി ചെയ്യുന്നതെന്നറിയുക. 175 കിലോമീറ്ററോളം വരുന്ന പ്രദേശത്താണ് ഈ ചേരി. ദൽഹിയിലാണെങ്കിൽ അവിടത്തെ ജനസംഖ്യയുടെ 20 ശതമാനവുംചേരിപ്രദേശങ്ങളിൽ കഴിയുന്നവരാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബാലവേലക്കാരുള്ളത് ദൽഹിയിലെ ഈ ചേരിപ്രദേശങ്ങളിലാണെന്നത് രാജ്യതലസ്ഥാനത്തിനു തന്നെ അപമാനകരമായ കാര്യവുമാണ്. മൂന്നു ദശാബ്ദക്കാലത്തോളം സിപി എമ്മിന്റെ ഭരണത്തിലിരുന്ന കൊൽക്കത്തയുടെ കാര്യം പറയുകയേ വേണ്ട. കൊൽക്കത്തയുടെ ജനസംഖ്യയുടെ മൂന്നിലൊരു ശതമാനവും ജീവിക്കുന്നത് 5000−ത്തിലധികം വരുന്ന ചേരിപ്രദേശങ്ങളിലാണ്. ഇതിൽ 3500 ചേരികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവയല്ലെന്നതും പ്രധാനം. ബംഗലുരുവിലെ അവസ്ഥയും ഭിന്നമല്ല. കർണാടകത്തിലെ 2000−ത്തോളം വരുന്ന ചേരികളിൽ 570 എണ്ണവും പൂന്തോട്ട നഗരത്തിലാണെന്നും അറിയുക. സൈബർ സിറ്റിയായ ഹൈദരാബാദിൽ 128 ചേരി പ്രദേശങ്ങളിലായി ആറു ലക്ഷത്തിലധികം പേരാണ് കഴിയുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെനാടായ ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിൽ അഞ്ചു ലക്ഷത്തോളം പേർ ചേരികളിലാണ് കഴിയുന്നതെന്നാണ് കണക്കുകൾ. നദിക്കരയിലുള്ള അഹമ്മദാബാദിലെ ചേരികൾക്ക് നാൽപ്പതിലധികം വർഷം പഴക്കമുണ്ടെന്നും സർക്കാർ കണക്കുകൾ പറയുന്നു. കേന്ദ്ര സർക്കാരിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ 132 കോടി ജനതയിൽ 36 കോടി പേരും കഴിയുന്നത് ചേരിപ്രദേശങ്ങളിലാണെന്നാണ് കാണുന്നത്.
ഒരുവശത്ത് വികസനത്തിന്റെ ഇരകൾ ചേരികളിലേയ്ക്ക് തള്ളപ്പെടുന്പോൾ മറുവശത്ത് ഇപ്പോൾ ചേരി നിർമ്മാർജ്ജന പ്രവർത്തനവും വിവിധ സർക്കാരുകൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് അഭ്യാൻ ആരംഭിച്ചിട്ട് ഇപ്പോൾ മൂന്നു വർഷമായെങ്കിലും ചേരിനിർമ്മാർജന കാര്യത്തിൽ ഇനിയും ഒരു ശതമാനം പോലും മുന്നോട്ടുപോകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വികസനപ്രവർത്തനങ്ങൾക്കായും നഗരവൽക്കരണത്തിനായും വയലുകൾ സർക്കാരുകൾ ഏറ്റെടുക്കുന്പോൾ തൊഴിൽരഹിതരാകുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും നഗരങ്ങളിലെ തൊഴിലുകളിലേയ്ക്ക് ചേക്കാറാതെ നിവൃത്തിയില്ലാത്തതിനാൽ ചേരികളിലെത്തുന്നവരുടെ എണ്ണവും പുതിയകാലത്തിൽകൂടിക്കൂടി വരികയാണ്. എന്താണ് ഇതിനൊരു പരിഹാരം? നഗരാസൂത്രണത്തിലെ പിഴവുകളാണ് ചേരികളുടെ വളർച്ചയ്ക്കിടയാക്കുന്നതെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല. സാധാരണക്കാർക്ക് കുറഞ്ഞ വാടകയിൽ താമസിക്കാനാകുന്ന കുറഞ്ഞ ചെലവിലുള്ള ഭവനപദ്ധതികൾ നഗരങ്ങളിൽ വികസിപ്പിച്ചെടുക്കുക മാത്രമാണ് ചേരികളുടെ വികാസം തടയാനുള്ള ഏക മാർഗ്ഗം.
കേരളത്തിൽ ഭവനരഹിതരായ സാധാരണക്കാർക്കായി ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതി ചേരിനിർമ്മാർജനവും താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന നിർമ്മാണവുമാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. അടുത്ത 5 വർഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവർക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയിൽ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. സ്ഥലമുള്ള എല്ലാവർക്കും സാന്പത്തിക സഹായംനൽകി ഗുണഭോക്താവ് നേരിട്ടോ, ഏജൻസി മുഖേനയോ നിർമ്മാണം നടത്തുകയും ഭൂരഹിതർക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകൾ നിർമ്മിച്ചു നൽകുകയും ചെയ്യുകയാണ് പ്രഖ്യാപിത ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതരും ഭവനനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവരും വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവരും പുറന്പോക്കിലോ തീരപ്രദേശമേഖലയിലോ തോട്ടം മേഖലയിലോ താൽക്കാലിക ഭവനമുള്ളവരും ഭൂരഹിതരും ഭവനരഹിതരുമെല്ലാം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികൾ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാർപ്പിടമിഷൻ രൂപീകരിച്ചിട്ടുമുണ്ട്. ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന കെട്ടിടസമുച്ചയങ്ങളിൽ ഒന്നിൽ മാത്രം നൂറു കുടുംബങ്ങളെ ഉൾക്കൊള്ളാനാകുമെന്നാണ് സർക്കാർ പറയുന്നത്. ലൈഫ് മിഷൻ പ്രകാരം നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ഉടമസ്ഥാവകാശം കോർപ്പറേഷൻ സെക്രട്ടറിക്കാകും. ചെറിയ തവണ വ്യവസ്ഥയിൽ ഈ ഫ്‌ളാറ്റുകൾ സ്വന്തമാക്കാൻ ആവശ്യക്കാർക്ക് അവസരവും നൽകുമെന്നാണ് സർക്കാർ പറയുന്നത്. കേന്ദ്ര സർക്കരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയാണ് മറ്റൊരു പദ്ധതി.
ചേരികളില്ലാത്ത ഇന്ത്യ യാഥാർത്ഥ്യമാക്കാനുള്ള ഏതൊരു പ്രവർത്തനവും സ്വാഗതാർഹം തന്നെ. പക്ഷേ പ്രഖ്യാപനങ്ങൾക്കപ്പുറത്ത് അത് യാഥാർത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി സർക്കാരുകൾ കാണിക്കുമോ എന്നതാണ് ചിന്തിക്കേണ്ടുന്ന കാര്യം. ഗുഡ്ഗാവിലൂടെ ആറു ലെയ്ൻ പാതയിലൂടെ യാത്ര ചെയ്തപ്പോൾ തോന്നിയ ആവേശമൊന്നുംഇപ്പോൾ ആ ആറുവരി പാതകൾക്കപ്പുറത്ത്, നഗരചേരികളിലേയ്ക്ക് ഒതുക്കപ്പെട്ട മനുഷ്യരെ കണ്ടപ്പോൾ തോന്നുന്നില്ല. ലോകത്തെ ഏറ്റവും കോർപ്പറേറ്റ് കന്പനികളുടെ ഓഫീസുകളുടെ എണ്ണം കൊണ്ടോ വന്പൻ കെട്ടിടസമുച്ചയങ്ങൾ കൊണ്ടോ ഒന്നും വികസനം സാധ്യമാകുന്നില്ല. ആ വികസനം വളരുന്ന ഒരു വികസന വിടവാണെന്നതാണ് സത്യം. സന്പന്നരും ദരിദ്രരും തമ്മിലുള്ള വളരുന്ന വിടവിന്റെ അടയാളമാണ് ഗുഡ്ഗാവ് പോലെ ഇന്ത്യയിലെ ഓരോ നഗരവും. സന്തുലിതമായ വികസനം സാധ്യമാകുന്നത് പുനരധിവാസത്തിനും പുനരുജ്ജീവനത്തിനും സർക്കാരുകൾ പിന്തുണ നൽകുന്പോൾ മാത്രമാണെന്ന് എന്നാണ് നമ്മുടെ ഭരണാധിപന്മാർ തിരിച്ചറിയാൻ പോകുന്നത്?