പോ­ലീസ് സേ­നയിൽ ക്രി­മി­നലു­കൾ അരങ്ങു­ വാ­ഴു­ന്പോൾ


ബ്രിജിലാൽ കൊടുങ്ങല്ലൂർ

 

കേരളം രൂപീകൃതമായതിനു ശേഷം കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന ഇടതു−വലതു ഭരണകൂടങ്ങൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ പഴികേൾക്കേണ്ടി വന്നത് ആഭ്യന്തര വകുപ്പിനെ കുറിച്ചാണ്. ഇതിനാധാരമായത് പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളും, അഴിഞ്ഞാട്ടവും മർദ്ധിക്കാനുള്ള അമിതാവേശവുമാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനപരമായ സമൂഹിക ജീവിതം ഉറപ്പുവരുത്തലാണ് പോലീസ് സേനയുടെ ധർമ്മം എന്നിരിക്കേ പോലീസ് സേനയുടെ അതിക്രമത്തിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും ഭൂതകാല കഥകളാണ് നാം കേട്ടു വളർന്നത്. 

1970 ഫെബ്രുവരി 18ന് നക്സൽ നേതാവ് വർഗ്ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല ചെയ്തു കൊണ്ടാണ് ഐക്യകേരളത്തിൽ ആദ്യമായി പോലീസ് സേന മർദ്ധിച്ചു കൊല്ലുന്ന രീതിക്ക് തുടക്കം കുറിച്ചത്. പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം ക്യാന്പിൽ രാജനെന്ന ചെറുപ്പക്കാരനെ ഒരു കൂട്ടം പോലീസുകാർ അതിക്രൂരമായി ഉരുട്ടി കൊന്നു. നിരപരാധിയായ മകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ ശിക്ഷിക്കാൻ മരണം വരെ ചരിത്രപരമായ നിയമ പോരാട്ടം നടത്തിയ ഈച്ചരവാര്യർ എന്ന അച്ചനെ കേരള പൊതു സമൂഹം ഒരിക്കലും മറക്കില്ല.

സംസ്ഥാന പോലീസിൽ ക്രിമിനലുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 40000ത്തോളം വരുന്ന സേനാഗംങ്ങളിൽ 1500 ഓളം പോലീസുകാർ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരാണ്. ഇതിൽ 716 പേർ ഗരുതരമായ ക്രിമിനൽ കേസ് നേരിടുന്നവരാണെന്നുള്ളത് നമ്മേ ഞെട്ടിക്കുന്നതാണ്. ഇത്തരം കേസുകൾ നേരിടുന്നവരാണ് ഭരണകൂടങ്ങളുടെ ഇഷ്ടക്കാരായി താക്കോൽ സ്ഥാനങ്ങളിൽ വരുന്നത് എന്നതാണ് മനുഷാവകാശ ലംഘനങ്ങളുടെ എണ്ണം കൂടാൻ കാരണമാകുന്നത്. ക്രിമനൽ പശ്ചാത്തലവും മാഫിയാ ബന്ധമുള്ള പോലീസുകാർക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ ഉള്ളപ്പോൾ അവർ താക്കോൽ സ്ഥാനങ്ങളിൽ തുടർന്നു കൊണ്ടേയിരിക്കുന്നു. പോലീസുകാർ കേസിൽ പെട്ടാൽ സസ്പെൻഷൻ ഉണ്ടാകുമെങ്കിലും എസ്പി മുതൽ മുകളിലോട്ടുള്ളവർ രക്ഷപ്പെടുകയാണ് പതിവ്.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 1316 സിവിൽ പോലീസുകാർ സസ്പെൻഷനിൽ ആയതിൽ 616 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പരാതികൾ ഉണ്ടായിരുന്നിട്ടും കേവലം 12 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് നടപടി ഉണ്ടായത്. ക്രിമിനൽ കേസുകൾ നേരിടുന്നവരിൽ പോലീസ് സേനയിലെ ഉയർന്ന പദവികളിൽ ഉള്ളവർ നിരവധി പേരുണ്ട്. ഇവർക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാർ നയത്തിനും പോലീസ് ആക്റ്റിനും എതിരായി പ്രവർത്തിക്കുന്ന പോലീസുകാർ ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കുന്നതിന് പരന്പരാഗതമായ സ്ഥലം മാറ്റൽ എന്ന പ്രക്രിയ മതിയോ? ഇതു കൊണ്ട് പരിഹരിക്കാൻ കഴിയുന്നതാണോ? ഇവർ ചെയ്ത കുറ്റങ്ങൾ.പോലീസുകാർ സാധാരണ ജനത്തിനുമേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പോലീസ് അക്കാദമിയിലെ പരിശീലന കളരിയിലെ പോരായ്മ കൊണ്ടാണെന്നും അതിന് കാലാനുസൃത മാറ്റങ്ങൾ വേണമെന്നും വാദിക്കുന്നവരോടായി ചോദിക്കട്ടെ ഇതേ പരിശീലന കളരിയിൽ നിന്നു തന്നെയല്ലേ സത്യസന്ധരും, സമർത്ഥൻമാരുമായ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകുന്നത്. അപ്പോൾ അതല്ല കാര്യം പോലീസ് എന്ത് തെറ്റു ചെയ്താലും പോലീസിന്റെ മനോവീര്യം നഷ്ടമാകുമെന്ന് പറഞ്ഞ് പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്ന അധികാരികളാണ് യഥാർത്ഥ പ്രതികൾ. ഏതൊരു ഏറ്റുമുട്ടൽക്കൊലയിലും പോലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. പോസ്റ്റുമാർട്ടം നടത്തുന്പോൾ വീഡിയോ ചിത്രീകരിക്കണം എന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശമുണ്ട്. ഇത്തരം നിർദ്ദേശങ്ങൾ ഇപ്പോഴും കൃത്യമായി പാലിക്കുന്നുണ്ടോ? കഴിഞ്ഞ കാലത്തിലെ പോലീസിന്റെ പിത്തലാട്ടങ്ങളും, ഇപ്പോൾ ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷമുള്ള പോലീസിന്റെ അതിക്രമങ്ങളും മുഖ്യാവകാശ ധ്വംസനങ്ങളുടേയും വർത്തമാനകാല വാർത്തകൾ പോലീസ് സേനയെ കുറിച്ച് പൊതുസമൂഹവും മനുഷ്യാവകാശ പ്രവർത്തകരും, നവ മാധ്യമങ്ങളിലും വ്യാപകമായ ചർച്ചക്കും സംവാദങ്ങൾക്കും വഴിയൊരുങ്ങിയത് ആശാവഹമാണ്. ഇത്തരം ഇടപെടലിലൂടെ പോലീസ് സേനയിലെ ക്രിമിനലുകളെ തുറന്നു കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദിവാസികളെ − ദളിതുകളെ  ട്രാൻസ്ജെൻഡറുകളെ എഴുത്തുകാരെ മാവോയിസ്റ്റ് ആക്കാലും, യുഎപിഎചുമത്തലും, മാധ്യമ പ്രവർത്തകർക്കു നേരമുള്ള ആക്രോശവും, വൈപ്പിനിലേയും, വടയന്പാടിയിലേയും, ഗയിൽ സമരങ്ങളേയും തല്ലിച്ചതച്ചതും ഒടുവിൽ വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഉരുട്ടിക്കൊല വരെ എത്തി നിൽക്കുന്ന ഒരിക്കലും നീതികരിക്കാനും ന്യായീകരിക്കാനും കഴിയാതെ നീണ്ടുപോകുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് നമ്മുടെ ജനമൈത്രീ പോലീസിന്റെ വർത്തമാനകാല വാർത്തകൾ.

പോലീസ് എന്ന അധികാര സംവിധാനത്തെ മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കാൻ സാധിക്കുന്ന ഒരു വർഗ്ഗമായി മാറ്റേണ്ടതിന്റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പോലീസ് അതിന്റെ മർദ്ദതക രൂപത്തെ സാമൂഹ്യ അധികാരം തീർത്തും ഇല്ലാത്ത സാധാരണ ജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്പോൾ അതിനെ ചോദ്യം ചെയ്യാൻ ആരും വരില്ല എന്ന സാമാന്യ ബോധമാണ് അവരെ കുറ്റം ചെയ്യലിലേയ്ക്ക് നയിക്കുന്നത്. ഈ രീതി മാറേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിലെ അധികാര ഘടനയിൽ നീതി നടപ്പാക്കാൻ നിർണ്ണായക പദവിയുള്ള പോലീസ് ഭരണകൂടങ്ങളുടെ ചട്ടുകങ്ങളായി പ്രവർത്തികാതെ പൊതുബോധ സമവാക്യങ്ങൾക്കൊപ്പം നിൽക്കേണ്ടതുണ്ട്. സംരക്ഷിക്കേണ്ടവർ മർദ്ദകരാകുന്പോൾ പൊതുജനങ്ങളിൽ അരക്ഷിതബോധം ഉടലെടുക്കും. അതിന് ജനപക്ഷത്ത് നിന്ന് നീതിയുടേയും ന്യായത്തിന്റേയും കാവലാളായി പോലീസുകാരെ മാറ്റേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന പോലീസുകാരെ വേണ്ടി വന്നാൽ സർവ്വീസിൽ നിന്നുതന്നെ നീക്കം ചെയ്ത് ജനാധികാരത്തിന്റെ ആർജവത്വം പോലീസുകാർക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ട സമയം കഴിഞ്ഞു എന്നു തന്നെ പറയാം.

പോലീസ്്സേനയെ കുറിച്ച് വിമർശനങ്ങൾ മുന്പും ഒരുപാട് ഉണ്ടായിട്ടുണ്ട്. എങ്കിലും ഇടതുപക്ഷ ഭരണകാലത്തെ പോലീസ് അഴിഞ്ഞാട്ടവും മനുഷ്യാവകാശ ലംഘനങ്ങളും കൂടുതൽ ചോദ്യം ചെയ്യപ്പെടും. കാരണം മുതലാളിത്വ ഭരണകൂടങ്ങളുടെ മർദ്ദതക ഉപകരണമായാണ് പോലീസിനെ പോലെയുള്ള സായുധ സേനകളെ ഇടതുപക്ഷങ്ങൾ താത്വീകമായി കാണുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷ ഭരണത്തിൽ പോലീസ് സേനയെ പൊതുജനങ്ങൾ കാര്യമായി വിമർശിക്കുന്നുണ്ട് എങ്കിൽ ഇടതുപക്ഷം പാലിക്കേണ്ട പ്രഖ്യാപിത പോലീസ് നയത്തിൽ കാര്യമായ വീഴ്ച സംഭവിച്ചതായി വേണം കരുതാൻ. ഈ വീഴ്ച സമയബന്ധിതമായി തിരുത്താതെ ന്യായീകരണങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ നോക്കിയാൽ ഭരണകൂടം ജനകീയ വിചാരണ നേരിടേണ്ടി വരും തീർച്ച. 

You might also like

Most Viewed