ഇൻ­്റർ­നെ­റ്റ് ഇടങ്ങളിൽ നടക്കു­ന്നതെ­ന്ത്... (2)


രഞ്ജിത്ത് പി. ശാരദ 

(ഇന്നലെ പ്രസിദ്ധീകരിച്ചതിന്റെ തുടർഭാഗം)

സ്കൂളിലെ സൈബർ ബുള്ളിയിംഗ് 

ന്റർനെറ്റ്/ഓൺലൈൻ, ഇൻഫർമേഷൻ ടെക്നോളജി മുഖേന ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനെയാണ് പൊതുവെ സൈബർ ബുള്ളിയിംഗ് എന്ന് പറയുന്നത്. മൊബൈൽ ഫോൺ വഴിയോ കന്പ്യൂട്ടർ വഴിയോ ടാബ്്ലെറ്റ് പോലെയുള്ള സ്മാർട്ട് ഡിവൈസ് വഴിയോ ഒക്കെ സൈബർ ബുള്ളിയിംഗ് നടന്നുവരുന്നു. ഇതിൽ പ്രധാനമായും മോശമായതും അസന്മാർഗികവുമായി സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുകയും മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ അനുവാദമില്ലാതെ ഷെയർ ചെയ്യുന്നതുമെല്ലാം ഉൾപ്പെടുന്നു. ഇതിന് ഇരയാകുന്ന വ്യക്തികളിൽ പിരിമുറുക്കവും അതുവഴി ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളും ഏറുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. 

ഓൺലൈനിൽ സുരക്ഷിതരായി തുടരാനും സൈബർ ബുള്ളിയിംഗ് പോലെയുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 

1) സ്വകാര്യമായ വസ്തുതകൾ, ഫോട്ടോകൾ, വീഡിയോകൾ, അഭിപ്രായങ്ങൾ മുതലായവ ഇന്റർനെറ്റ് വഴി ഷെയർ അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്നതിന് മുന്പ് ഒന്നോ രണ്ടോ തവണ ആലോചിച്ച് മാത്രം ചെയ്യുക. ഇതിലൂടെ പോസ്്റ്റ് ചെയ്യുന്ന കാര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്. 

2) കുട്ടികളുടെയും, മുതിർന്ന കുട്ടികളുടെയും ഓൺലൈൻ ഇടപ്പാടുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തുക. 

3) തങ്ങളുടെ അക്കൗണ്ടുകളുടെ പാസ് വേർഡ്, സ്വയമായും രക്ഷിതാക്കളുമായും അല്ലാതെ മറ്റ് ആരുമായും പങ്ക് വെയ്ക്കാൻ പാടില്ല. 

4) സൈബർ ബുള്ളിയിംഗിൽ പെട്ടുവെന്ന് മനസിലാക്കിയാൽ ഉടൻ തന്നെ അത് തുറന്ന് പറയുകയും രക്ഷിതാതക്കളുടെയോ മുതിർന്നവരുടെയോ വിശ്വസ്തരായവരുടെയോ സഹായം തേടുകയോ വേണം. തങ്ങളെ സഹായിക്കുമെന്ന് ഉറപ്പ് തരുന്നവരോട് മാത്രം തങ്ങളുടെ അനുഭവം വ്യക്തമായി പങ്ക് വെയ്ക്കുക. 

5) സൈബർ ബുള്ളിയിംഗ് വഴി ശല്യപ്പെടുത്തുന്നവരെ ഒഴിവാക്കാനുള്ള മാർഗം വളരെ ലളിതമാണ്. അവരെ ബ്ലോക്ക് ചെയ്യുകയോ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ തന്നെ ഇതിൽ നിന്ന് രക്ഷപ്പെടാം. അതുപോലെ സൈബർ ബുള്ളിയിംഗ് ആക്രമണങ്ങൾ ഇന്ന് ബന്ധപ്പെട്ട അധികാരികളിലേയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ മിക്ക വെബ്സൈറ്റിലുമുണ്ട്. 

6) സൈബർ ബുള്ളിയിംഗ് അനുഭവപ്പെടുന്ന വെബ്സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ അവയുടെ ഉപയോഗത്തിൽ നിന്നോ ഒഴിഞ്ഞുനിൽക്കുക.

ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ബഹ്റൈനിലെ കുട്ടികളെയും സൈബർ ബുള്ളിയിംഗ് ബാധിക്കുന്നുവെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഉരുത്തിഞ്ഞു വന്ന വസ്തുതകൾ ഏറെ ഉൽക്കണ്ഠക്ക് വഴിയൊരുക്കുന്നതാണ്. 

1) 18.2% കുട്ടികളും സൈബർ ബുള്ളിയിംഗിന് ഇരയായിട്ടുണ്ടെന്നും അതിന്റെ തിക്ത അനുഭവം കാരണം ഡിപ്രഷൻ ഉണ്ടായെന്നും തെളി‍‍ഞ്ഞു. ഇവരിൽ പലർക്കും ഏകാന്തത അനുഭവപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2) 27.3% കുട്ടികൾക്ക് ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവ കുറഞ്ഞതായി കണക്കാക്കുന്നു.

3) 54.2% കുട്ടികളിൽ സൈബർ ബുള്ളിയിംഗ് കാരണം ഉയർന്ന മാനസികസമ്മർദ്ദവും, ഉത്കണ്ഠയും ഉണ്ടാക്കിയിട്ടുണ്ട്. 

4) രക്ഷിതാക്കളിലും അദ്ധ്യാപകരിലും സൈബർ ബുള്ളിയിംഗ് ഒരുപോലെ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നുവെന്നും വളരെ ഉയർന്ന ശതമാനം (81.4%) രക്ഷിതാക്കളും അദ്ധ്യാപകരും ഇതിനെ നിയമപരമായി നേരിടാനും അത് റിപ്പോർട്ട് ചെയ്യാനുമുള്ള സന്പ്രദായങ്ങൾ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം സർവ്വേയിൽ പങ്കെടുത്ത ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന ബഹ്റൈനിലെ 71% മുതിർന്ന കുട്ടികളിൽ ഇന്റർെനറ്റ് സുരക്ഷയെക്കുറിച്ചും എങ്ങനെ ഓൺലൈനിൽ സുരക്ഷിതരായി നിലകൊള്ളാമെന്ന് മനസിലാക്കുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്.

ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന 

റിപ്പോർട്ടിന്റെ ശുപാ‍‍ർശകൾ

ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ബഹ്റൈനിൽ കുട്ടികളുടെയും മുതിർന്ന കുട്ടികളുടെയും ഓൺൈലനിലെ അനുഭവം വളരെ അധികം ഹാനികരമായതോ മോശകരമായതോ അല്ല എന്നതാണ്. മാത്രവുമല്ല, മിക്ക കുട്ടികളും ഇൻ്റർനെറ്റിന്റെ ഉപയോഗവും അതിന്റെ സാങ്കേതികതയെയും തങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസവും സൃഷ്ടിപരമായതുമായ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട് താനും. 2010നെ അപേക്ഷിച്ച് 2015ലെ പഠനത്തിൽ ഗണ്യമായ പുരോഗതി കാണപ്പെടുന്നുണ്ടെങ്കിലും ചില പ്രധാന പ്രശ്നങ്ങളെയും ആശങ്കകളെയും വേണ്ട രീതിയിൽ പരിഹരിക്കേണ്ടതായിട്ടുണ്ട്. അതിൽ ചിലത് താഴെ നൽകുന്നു. 

1) സമഗ്രവും മാതൃകാപരവുമായ രീതിയിൽ കുട്ടികളെയും മുതിർന്ന കുട്ടികളെയും ഓൺലൈനിലെ സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചും എങ്ങനെ മികച്ച ഡിജിറ്റൽ പൗരന്മാരായി പെരുമാറണമെന്നുള്ളതിന്റെയും നിർദേശങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാഠ്യപദ്ധതിയിൽ‍ അത്തരം വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

2) കുട്ടികൾ ഓൺലൈനിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയെ വേണ്ട രീതിയിൽ പരിഹരിക്കാനും അവർക്ക് മാതൃകാപരമായി കരുത്തു പകർന്നു നൽകാനും എല്ലാ സ്കൂളുകളിലും പരിശീലനം നേടിയ ഒരു വ്യക്തിയെയോ വ്യക്തികളെയോ നോമിനേറ്റ് ചെയ്യേണ്ടതാണ്.

3) ഇന്റർനെറ്റ് സുരക്ഷ സ്കൂളുകളിൽ ഉറപ്പു വരുത്തുക. 

4) ഏഴു വയസ്സും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷ ഉപദേശങ്ങൾ എല്ലാ സ്കൂളുകളിലും സമയാസമയങ്ങളിൽ നൽകുക.

5) ഓൺലൈൻ സുരക്ഷയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ബോധവൽക്കരണവും ഓൺലൈനിലൂടെ എല്ലാ രക്ഷിതാക്കൾക്കും ലഭിക്കത്തക്ക രീതിയിൽ സൗകര്യം ഉണ്ടാക്കുക.

6) ബഹ്റൈനിലെ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരും ഇന്റർനെറ്റ്/ഓൺലൈൻ സുരക്ഷ സംബന്ധിച്ച സർവ്വീസുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി വികസിപ്പിച്ചെടുക്കുക.

 

പഠനത്തിൽ ടി.ആർ.എയെ കേന്ദ്രീകരിച്ചുള്ള
ശുപാർശകൾ

1) ബഹ്റൈനിലെ വിവിധ സ്കൂളുകളുമായി ചേർന്ന് ഓൺലൈൻ വഴിയുള്ള ഭീഷണികൾ തടയുന്നതിനും നേരിടുന്നതിനും വേണ്ടിയുള്ള നയങ്ങളും തന്ത്രപരമായ നീക്കങ്ങളും വികസിപ്പിക്കുകയും അവരെ എങ്ങനെ ചെറുത്തു നിൽക്കാമെന്നുള്ള ഉപദേശങ്ങളും രൂപപ്പെടുത്തണം.

2) ബഹ്റൈനിലെ സ്കൂളുകളിൽ ഡിജിറ്റൽ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള നയങ്ങൾ രൂപപ്പെടുത്തണം.

3) ടി.ആർ.എ വെബ്സൈറ്റിലൂടെ എല്ലാവരെയും ഓൺലൈനിൽ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ബോധവാന്മാരാക്കുക.

4) ബഹ്റൈനിലെ ചില മന്ത്രാലയങ്ങളെയും, ടെലിഫോൺ കന്പനികളുടെ പങ്കാളികളെയും ഉൾപ്പെടുത്തി ഒരു വർക്കിംഗ് ഗ്രൂപ്പോ കമ്മിറ്റിയോ രൂപപ്പെടുത്തി മുതിർന്നവരുടെ ഇടയിൽ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുക. ഈ പുതുതായി രൂപപ്പെടുത്തുന്ന കമ്മിറ്റി ബഹ്റൈനിലെ മുതിർന്നവർക്കായുള്ള ഓൺലൈൻ സുരക്ഷാനയം തയ്യാറാക്കുക.

5) ബഹ്റൈനിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷയെ ലക്ഷ്യമാക്കി ബഹ്റൈൻ കമ്മിറ്റി ഫോർ ചൈൽഡ് ഇന്റർനെറ്റ് സേഫ്റ്റി എന്ന പേരിൽ ഒരു സമിതി രൂപപ്പെടുത്തുകയും അതിൽ ഗവൺമെന്റിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും നിയമ ഉപദേശകരുടെയും ബന്ധപ്പെട്ട എൻ.ജി.ഒകളുടെയും അക്കാദമിക്, ഐ.എസ്.പി, ടി.ആർ.എ എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുകയും ചെയ്യുക.

6) പൊതു മാധ്യമങ്ങളുമായി ചേർന്ന് കുട്ടികളെയും രക്ഷിതാക്കളെയും ഓൺലൈൻ സുരക്ഷയെക്കുറിച്ചും സൈബർ ബുള്ളിയിംഗിനെക്കുറിച്ചും ബോധവാന്മാരാക്കുന്ന തരത്തിലുള്ള ക്യാന്പയിൻ സംഘടിപ്പിക്കുക.

7) സൈബർ ബുള്ളിയിംഗിൽ ബാധിതരാകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ട സഹായങ്ങളും സഹകരണങ്ങളും സ്കൂളുകളും എൻ.ജി.ഒകളും ചേർന്ന് നടപ്പാക്കുക.

നിയമ പരിരക്ഷകൾ

മറ്റു രാജ്യങ്ങളിലേതു പോലെ കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങൾ, വിശിഷ്യ, ഇന്റർനെറ്റ് കുറ്റകൃത്യങ്ങളിൽ നിന്നുള്ള നിയമപരിരക്ഷ ബഹ്റൈൻ ഗവൺമെന്റും പ്രതിപാദിക്കുന്നുണ്ട്. അതിൽ ചുവടെ കൊടുത്തിരിക്കുന്ന നിയമങ്ങൾ ബാധകമാണ്.

നി-യമം 37/2012 ചി-ൽ-ഡ്രൻ-സ് ആക്ട്

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും ഉറപ്പു വരുത്തുന്ന 69 അനുച്ഛേദങ്ങൾ ഈ നിമയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷണൽ കമ്മീഷൻ ഫോർ ചിൽഡ്രൻ രൂപപ്പെടുത്തുന്നതും ഈ നിയമം അനുശാസിക്കുന്നുണ്ട്.

അനുച്ഛേദം 11

ബഹ്റൈനിലെ ചില മന്ത്രാലയങ്ങളും അതുമായി ബന്ധപ്പെട്ട ചില വിഭാഗങ്ങളും ഉൾപ്പെടുത്തി നാഷണൽ കമ്മീഷൻ ഫോ‍ർ ചിൽഡ്രൻ രൂപീകരിക്കാനുള്ള നിർദേശം.

അനുച്ഛേദം 12

പതിനൊന്നാം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള നാഷണൽ കമ്മീഷൻ ഫോർ ചിൽഡ്രന്റെ (NCC) ചുമതലകൾ ആണ് ഇതിൽ പ്രതിപാദിക്കുന്നത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള മാർഗനിർദേശങ്ങളും മറ്റു ഗവൺമെന്റ് സാമൂഹ്യ പ്രവർത്തന ഏജൻസികൾ എന്നിവയെ ഉൾപ്പെടുത്തിയുള്ള ദേശീയവും അന്തർദേശീയവുമായ ഏകോപന പരിപാടികൾ, ബഹ്റൈനിലെ കുട്ടികളുടെ ബാല്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് വേണ്ടിയുള്ള ബഹ്റൈൻ ഗവൺമെന്റിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കൽ ഇതെല്ലാം അനുച്ഛേദം 12ൽ എൻ.സി.സിയുടെ ചുമതലകളായി അനുശാസിക്കുന്നു.

അനുച്ഛേദം 43

ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ (CPC) രൂപപ്പെടുത്തുന്നതിനായി ഹ്യൂമൺ റൈറ്റ്സ് ആന്റ് സോഷ്യൽ ഡിപ്പാർട്ട്മെന്റിനെ ചുമലപ്പെടുത്തണമെന്ന് നിർദേശിക്കുന്നു. അഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവിടങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിന്റെ ശാഖകൾ പ്രവർത്തിക്കണം. 

അനുച്ഛേദം 39

ലൈംഗിക ചുവയുള്ളതോ ധാർമ്മികതയിൽ വ്യതിചലിക്കുന്നതോ ആയ തരത്തിലുള്ള വായിക്കാവുന്നതോ, ദൃശ്യകരമായതോ, ശ്രവിക്കാവുന്നതോ ആയ വസ്തുക്കളുടെ പ്രകാശനവും പ്രദർശനവും പ്രചരണവും തടയുന്നു. 

അനുച്ഛേദം 57

ഇന്റർനെറ്റും അതുപോലെയുള്ള ആധുനികമായ ആശയവിനിമയ മാധ്യമങ്ങൾ മുഖേനെയും കുട്ടികളെ സന്മാർഗിക പെരുമാറ്റ രീതികളിൽ, പ്രായത്തിന് അനുയോജ്യമല്ലാത്തത് തുടങ്ങിയവ പ്രചരിപ്പിക്കുന്നത് ഒരു കുറ്റമായി പ്രതിപാദിക്കുന്നു. 

അനുച്ഛേദം 320

ഏഴു വയസ്സിന് താഴെയുള്ള കുട്ടികളെയോ, ആരോഗ്യ മാനസിക കാരണങ്ങളാൽ സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്തവരെയോ, അപകടത്തിൽ പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാകുന്നു. 

അനുച്ഛേദം 324

പുരുഷനെയോ സ്ത്രീയെയോ വ്യഭിചരിക്കുന്നതിനോ വഞ്ചനയ്ക്കോ പ്രേരിപ്പിക്കുകയോ അത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടു നില്ക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. 

അനുച്ഛേദം 335

ഏതൊരാളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. 

 

(ബഹ്റൈനിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഏറെ പരിചയ സന്പത്തുള്ള ആളാണ് ലേഖകൻ)

You might also like

  • Lulu Exchange
  • Straight Forward

Most Viewed