ഇൻ­്റർ­നെ­റ്റ് ഇടങ്ങളിൽ നടക്കു­ന്നതെ­ന്ത്...


രഞ്ജിത്ത് പി. ശാരദ 

 

മനുഷ്യജീവിതത്തിൽ ജീവവായു പോലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇന്ന് ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യയുടെ ഉപയോഗം. ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള പ്രായങ്ങളിൽ സഞ്ചരിക്കുന്ന മിക്കവരും ഈ വിദ്യ അവരുടെ നിത്യജീവിതത്തിൽ ഏറെ ഉപയോഗപ്പെടുത്തുന്നു. വിവരസാങ്കേതിക വിദ്യയുടെ ലോകത്ത് അവിസ്മരണീയമായ വിപ്ലവം സൃഷ്ടിച്ച ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഈ ലോകത്തെ തന്നെ ഒരു കുടക്കീഴിൽ എത്തിച്ചിരിക്കുന്നു. വിരൽതുന്പിൽ ലോകമെത്തുന്ന ഈ സ്ഥിതിവിശേഷം നിലനിൽക്കുന്പോഴും ഇന്റർനെറ്റ് ഉണ്ടാക്കുന്ന വിപത്തുകളെ പറ്റിയും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 

ഗൾഫ് രാജ്യങ്ങളിൽ തന്നെ ഇന്റർനെറ്റിന്റെ ആവിർഭാവം മുതൽ അതിനെ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. 2010ന് ശേഷം ബഹ്റൈനിലെ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, 2015ൽ നടത്തിയ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ട് ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. ബഹ്റൈൻ ടി.ആർ.എയും ബ്രിട്ടനിലെ സ്വതന്ത്ര ഗവേഷകരായ പ്രൊഫ. ജൂലിയ ഡേവിഡ്സൺ, പ്രൊഫ. എലീന മാർട്ടേലോസ്സായും സംയുക്തമായി നടത്തിയ സർവ്വേയിൽ പങ്കെടുത്ത 2433 പേരിൽ, 98 കുട്ടികളും (7− −മുതൽ 11 വരെ പ്രായമുള്ളവ‍ർ), 1,637 യുവാക്കളും (12 മുതൽ −18 വരെ പ്രായമുള്ളവർ), 698 മുതിർന്നവരുമായിരുന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളി‍ൽ നിന്നുള്ള സ്ത്രീ പുരുഷ അനുപാതം 50/50 ഉറപ്പു വരുത്തിയ സർവ്വേയിൽ ബഹ്റൈനിലെ അൽ വിസാം ഇന്റർനാഷണൽ സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, ഇന്ത്യൻ സ്കൂൾ, മേഡേൺ നോളഡ്ജ് സ്കൂൾ, ബഹ്റൈൻ ബയാൻ സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളും അദ്ധ്യാപകരുമാണ് പങ്കെടുത്തത്. മേൽപ്പറഞ്ഞ പഠനത്തിന്റെ സംക്ഷിപ്ത രൂപമാണ് ഈ ലേഖനത്തിലൂടെ വെളിവാക്കുന്നത്.

ആശയവിനിമയം എന്നത് ഒരു കേവല ആവശ്യത്തെക്കാളുപരി അത്യാവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റിനെയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന സൈബർ സാധ്യതകളും നമ്മുടെയൊക്കെ ജീവിതത്തെയും ജീവിതരീതിയെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സ്വാധീനത്തോടൊപ്പം ചേർത്തു വായിക്കേണ്ടതായിട്ടുള്ള ചില കരുതലുകളാണ് ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ടിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതെന്ന് പറയാതെ വയ്യ.

ആഗോള തലത്തിൽ തന്നെ സൈബർലോകത്തെ സംബന്ധിച്ച ആശങ്കകൾക്ക് വളരെ ഉയർന്ന പ്രാധാന്യമുണ്ടെന്ന സത്യംനിലനിൽക്കെ, അത്തരം ആശങ്കകളെ എങ്ങനെ അഭിമുഖീകരിച്ച് ഒരു പരിധി വരെ ദൂരീകരിക്കാമെന്നുള്ള ഉത്തരങ്ങളാണ് ടി.ആർ.എയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠനത്തിലൂടെ ലഭിച്ചിരിക്കുന്നത്. 2010ൽ േസ്റ്ററ്റ് ഓഫ് നേഷൻ റിവ്യൂ എന്ന പേരിൽ ഒരു പഠനത്തിന് ആരംഭം കുറിച്ചപ്പോൾ ടി.ആർ.എ ആശ്രയിച്ചത് ഈ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ പ്രശസ്തരായ ക്രിമിനോളജി, ചൈൽഡ് ഓൺലൈൻ സേഫ്റ്റി ഗവേഷകരെയായിരുന്നു. ആ പഠനം തുറന്നു കാണിച്ച യാഥാർത്ഥ്യവും, ആശങ്കകളും, അപകട സൂചനകളും അത് തരണം ചെയ്യാൻ മുന്നോട്ട് വെച്ച ശുപാർശകളും ടി.ആർ.എ ഏറ്റെടുക്കുകയും അതിന്റെ ഒരു തുടർവിശകലനം എന്നനിലക്കാണ് 2015ൽ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠനറിപ്പോർട്ട് എന്ന പേരിൽ ഒരു പഠനം നടത്തി ആ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചത്. 

ഏറെ തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ അക്കാദമിക സൂക്ഷ്മതയിൽ രൂപപ്പെടുത്തിയ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ഇടങ്ങളിൽ അബ്യൂസ് കേസുകളുടെ എണ്ണം ഏറുന്നു എന്നതാണ് പുറത്ത് വന്നിരിക്കുന്ന വിവരം. അതുകൊണ്ട് തന്നെ ഈ ഒരു പ്രശ്നത്തെ കരുതലോടെ നോക്കിക്കാണാൻ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇതിന് ഏറ്റവും ആവശ്യമുള്ളത് ഇവിടെയുള്ള ടെലികമ്മ്യൂണിക്കേഷൻ കന്പനികളുടെ സഹകരണമാണെന്നും അവരുടെ സിഎസ്ആർ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കാൻ സാധിക്കുമെന്ന് ടി.ആർ.എ വിശ്വസിക്കുന്നു.

ഈ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്ന വസ്തുതകൾ തെളിവാർന്നതാണ്. മുന്നോട്ടുള്ള പാതയും അതു പോലെ തന്നെ. നമ്മുടെ സമൂഹത്തിന് നേരെ (പ്രത്യേകിച്ച് യുവാക്കൾക്ക്) ഉയർന്നു വന്നിരിക്കുന്ന സൈബർ ഭീഷണികളെ നേരിട്ട് തോൽപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി കരുതേണ്ടതുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു. 

പഠനത്തിന്റെ ഉദ്ദേശ്യം

1) 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ ഓൺലൈൻ പെരുമാറ്റ രീതിയെ കുറിച്ച് പഠിച്ച് അതിന്റെ ഒരു നേർക്കാഴ്ച നൽകുക, അതിനായി 7 മുതൽ− 11, 12 മുതൽ− 18 എന്നീ പ്രായമുള്ളവരെ ഉൾപ്പെടുത്തി ഫോക്കസ് ഗ്രൂപ്പുകൾ രൂപപ്പെടുത്തി പഠനം നടത്തുക, അദ്ധ്യാപകരും രക്ഷിതാക്കളുമായി ചർച്ച ചെയ്ത് പഠനം പൂർത്തിയാക്കുക.

2) ഇന്റർനെറ്റ്, സുരക്ഷാ ഭീഷണികളെക്കുറിച്ചും ഓൺലൈൻ ബോധവൽക്കരണത്തെ കുറിച്ചും മുതിർന്നവരായ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ഇടയിൽ നിന്ന് തെളിവുകൾ ശേഖരിക്കുക.

3) കുട്ടികളുടെ മൊബൈൽ ഉപയോഗത്തെക്കുറിച്ച് പഠിക്കുക. 

4) പഠനത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കണ്ടെത്തലുകളെ മനസ്സിലാക്കി അദ്ധ്യാപകരുമായി ചർച്ച ചെയ്ത് അപ്രകാരം ലഭിക്കുന്ന ശുപാർശകൾ കൂടി ഉൾപ്പെടുത്തി അവരവരുടെ സ്കൂളുകളിൽ പ്രാധാന്യത്തോടെ നടപ്പാക്കുക.

5) 2015ൽ ലഭിച്ച കണ്ടെത്തലുകളെ 2010ലെ റിപ്പോർട്ടുമായി താരതമ്യം ചെയ്ത് വേണ്ട നടപടികൾ ശുപാർശ ചെയ്യുക.

ഓൺലൈൻ അവകാശങ്ങൾ

ഉയർന്നുവരുന്ന ഇന്റർനെറ്റ് ഉപയോഗത്തോടൊപ്പം നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ടതാണ് ഓൺലൈനിലെ സുരക്ഷ. ഇത് കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ദിനംപ്രതി ഏറുകയാണ്. വിവര ആശയ വിനിമയ സാങ്കേതിക വിദ്യ (ICT) ചെറുപ്രായത്തിലുള്ളവർക്ക് പോലും തുറന്നു കൊടുക്കുന്ന വാതായനങ്ങൾക്കും, അതിലൂടെയുള്ള സാധ്യതകൾക്കും പരിമിതികൾ ഇല്ലെന്ന് നമ്മൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു. പ്രത്യേകിച്ച്, യഥേഷ്ടം ചെന്നെത്താൻ കഴിയാത്ത രാജ്യങ്ങളിലും മേഖലകളിലും ഇന്ന് ICT മുഖേനയുള്ള സേവനങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാണ്. ഇതിൽ പ്രധാനമായും വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങൾ എടുത്ത് പറയേണ്ടവയാണ്. ICT യിലൂടെ ലഭ്യമായ സേവനങ്ങളെക്കുറിച്ചും അവ ലഭിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങളെക്കുറിച്ചും ഇന്ന് ആഗോളതലത്തിൽ ചർച്ചകൾ നടന്നു വരികയാണ്. ഈ ചർച്ചകളുടെ തുടർച്ചയായിട്ടാണ് 2015 മാർച്ച് മാസം ജനീവയിൽ വെച്ച് നടന്ന യുഎൻ സമ്മേളനത്തിൽ യുഎൻ സെക്രട്ടറി ജനറലിന്റെ സ്പെഷ്യൽ റാപ്പോർട്ടർ (Rapporteur) “വിവര ആശയ വിനിമയ സാങ്കേതിക വിദ്യ (ICT) കുട്ടികൾക്ക് പഠിക്കാനും മറ്റു രാജ്യങ്ങളുമായി സാംസ്കാരിക തലത്തിൽ ബന്ധപ്പെടാനും നേട്ടങ്ങൾ കൊയ്യാനും ഉതകുന്ന ഒരു മൗലിക അവകാശമാണെന്ന്്” പ്രസ്താവിച്ചത്. അതോടൊപ്പം ഈവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതായും ലൈംഗിക പീഢനങ്ങൾ ഉൾപ്പടെയുള്ള ആക്രമണങ്ങൾക്ക് കുട്ടികൾ വിധേയരാവുകയും ചെയ്യുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങൾ

2015ൽ നടത്തിയ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ട് പ്രകാരം ബഹ്റൈനിൽ ഏകദേശം 90% പേർക്കും ഇന്റർനെറ്റ് അക്കൗണ്ടുകൾ നിലവിലുണ്ട്. ഈ ഉയർന്ന നിരക്ക് കാരണം കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പുവരുത്താൻ ടി.ആർ.എ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ബോധവൽക്കരിക്കുന്ന ഒട്ടനവധി അറിവുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

ബഹ്റൈനിലെ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്. 

1) 2010നെ അപേക്ഷിച്ച് സ‍ർവ്വേയിൽ പങ്കെടുത്ത മുതിർന്ന കുട്ടികളിൽ (12 മുതൽ −18 വയസ് വരെ പ്രായമുള്ളവർ) 47% പേർ ദിവസേന മൂന്നു മണിക്കൂറോ അതിലധികമോ ആയ സമയം ഓൺലൈനിൽ ചെലവഴിക്കുന്നു.

2) മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മുതിർന്ന കുട്ടികൾ ഫിക്സഡ് ഇന്റർെനറ്റും, ഡസ്ക് ടോപ്പ് കംന്പ്യൂട്ടറും, ഓൺലൈനിൽ ഉപയോഗിക്കുന്നത് 2010നെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞിട്ടുണ്ട്.

3) 2010നെ അപേക്ഷിച്ച് 2015ൽ ഏകദേശം നാല് ഇരട്ടിയോളം മുതിർന്ന കുട്ടികൾ ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു.

4) 2010നെ വെച്ച് താരതമ്യം ചെയ്യുന്പോൾ സന്ദേശ കൈമാറ്റം, ഹോംവർക്കുകൾ, ഗവേഷണ പഠനങ്ങൾ എന്നിവക്കായി മുതിർന്ന യുവാക്കൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെങ്കിലും ആശയവിനിമയം നടത്തുന്നതിനായി ഇമെയിൽ ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവ് കാണുന്നു.

5) അപരിചിതരുമായി ഓൺലൈനിലൂടെ മുതിർന്ന കുട്ടികൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കുന്നത് നിലവിലുണ്ടെങ്കിലും 2010ലെ കണക്കായ 16.6% നിന്നും 2015ൽ 9.9% ആയി കുറവ് കാണുന്നു.

6) ഓൺലൈനിൽ പരിചയപ്പെടുന്ന അപരിചിതരെ നേരിട്ട് കണ്ടുമുട്ടുന്നവരുടെ എണ്ണം 2010ലെ 45% നിന്നും 2015ൽ 16.4% ആയി കുറഞ്ഞിരിക്കുന്നു. 

7) കണക്കുകളിൽ പകുതിയോളമായി കുറഞ്ഞിട്ടുണ്ടെങ്കിലും വ്യഖ്യാനം ചെയ്യാൻ ബുദ്ധിമുട്ടുളവാക്കുന്ന തരത്തിൽ സൈബർ ബുള്ളിയിംഗ് 2015ലും അപകടകാരിയായി നിലകൊള്ളുന്നു. 2015ൽ സർവ്വേയിൽ പങ്കെടുത്തവരിൽ 37.9% പേർക്കും സൈബർ ബുള്ളിയിംഗ് അനുഭവപ്പെട്ടത് മുഖ്യമായും വാട്ട്സ് ആപ്പ്, ടെക്സ്റ്റ് മെസേജ്, മറ്റ് സോഷ്യൽ നെറ്റ്്വർക്കിംഗ് സൈറ്റുകളിൽ നിന്നാണ്. അതേസമയം സൈബർ ബുള്ളിയിങ്ങ് കാരണമുണ്ടായ ദുരനുഭവങ്ങളും അതിന്റെ നെഗറ്റീവ് വശങ്ങളെ പറ്റിയുള്ള ധാരണകളും മുതിർന്ന കുട്ടികളിൽ ഒരു പരിധി വരെ വ്യക്തമാണെന്നും പഠനം തെളിയിക്കുന്നു. 

8) 72% ഓളം മുതിർന്ന കുട്ടികൾ ഓൺലൈൻ ഇടപാടുകളിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു കണ്ടുവന്നു.

9) 7 മുതൽ 11 വരെ പ്രായമുള്ളവരിൽ നിന്ന് മനസ്സിലാക്കിയത് പ്രത്യേകിച്ച് ആൺകുട്ടികൾ തങ്ങളുടെ രക്ഷാകർത്താക്കളുടെ സമ്മതത്തോടെയോ അല്ലാതെയോ തങ്ങളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെടാറുണ്ട് എന്നാണ്.

ഓൺലൈനിലെ പതിയിരിക്കാവുന്ന അപകടങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് റിപ്പോർട്ടിലെ വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇവയിൽ പ്രധാനമായും പ്രായത്തിന് അനുയോജ്യമല്ലാത്ത തരത്തിലുള്ള കണ്ടന്റ് ശ്രദ്ധയിൽപെടുകയും അതിലൂടെ അപരിചിതരെ പരിചയപ്പെടുകയും ചെയ്യുന്നത് വഴി കുട്ടികൾ നേരിട്ടേക്കാവുന്ന ലൈംഗിക ചൂഷണങ്ങളും ഭീഷണികളും അതു കൂടാതെ തങ്ങളുടെ സ്വഭാവത്തെ വരെ സ്വാധീനിച്ചേക്കാവുന്ന തരത്തിലുള്ള പീഡനങ്ങളും സെക്സ്റ്റിംഗും ആണ്. (ലൈഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഫോൺ വഴി കൈമാറുന്നതിനെയാണ് സെക്സ്റ്റിംഗ് എന്ന് പറയുന്നത്). ഈ അടുത്ത കാലത്ത് ബ്രിട്ടണിൽ നടന്ന ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, കുട്ടികൾ അപകടകമാം വിധത്തിൽ അഡൽട്ട് കണ്ടന്റിനോട് എക്സ്പോസ്ഡ് ആകുന്നുവെന്നാണ്. 

ഈ പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട സർവ്വേയിൽ പങ്കെടുത്ത കുട്ടികളിൽ ചിലരെങ്കിലും അബദ്ധവശാൽ വളരെ ചെറുപ്രായത്തിൽ മുതിർന്നവർക്ക് മാത്രം കാണാവുന്ന ചില ദൃശ്യങ്ങൾ കാണുകയും അറിയുകയും ചെയ്തിട്ടുള്ളതായി സമ്മതിക്കുന്നുണ്ട്. കുട്ടികളുടെ വൈകാരിക രൂപീകരണത്തെ സ്വാധീനിക്കുന്നതിനോടൊപ്പം വളർച്ചയ്ക്കൊപ്പം അവരുടെ ബന്ധങ്ങളെ പല രീതിയിലും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ അവബോധം നൽകാൻ സ്കൂൾ തലത്തിൽ തന്നെ ശ്രമം തുടങ്ങണമെന്ന് പഠനങ്ങൾ നിർദേശിക്കുന്നു. അപരിചിതരുമായി ഇന്റർനെറ്റ് വഴി പരിചയപ്പെടുന്നത് ഒരു ചെറിയ ശതമാനമാണെങ്കിൽ കൂടി ദുർബല മനസ്കരായ കുട്ടികളെ സാമൂഹ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ കുറ്റങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും തുടർന്ന് ബ്ലാക് മെയിലിങ്ങ് പോലെയുള്ള രീതികിളിൽ അവരെ പെടുത്തുന്നതായും ഗവേഷണങ്ങളിലൂടെ തെളിയുന്നുണ്ട്്.

ഇപ്രകാരമുള്ള ഓൺലൈൻ വഴിയുള്ള അപകടങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ അതിനെ നേരിടണമെന്നും അവയിൽ നിന്ന് എങ്ങനെ സുരക്ഷിതമായി നിലകൊള്ളണമെന്നും പാഠ്യപദ്ധതികളിൽ കൂടിയും മാതാപിതാക്കൾ വഴിയും കുട്ടികളെ ബോധവാന്മാരാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുപോലെ തന്നെ കുട്ടികളെ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പൗരന്മാരാക്കാനും, ഇന്റർനെറ്റ് എങ്ങനെ ധാർമ്മികബോധത്തോടെ ഉപയോഗിക്കാമെന്നും മനസ്സിലാക്കി കൊടുക്കേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്. 

2011ലെ ഒരു പഠനത്തിൽ യൂണിസെഫിന്റെ (UNISEF) കണക്കുകൾ പ്രകാരം ഏകദേശം 40 ലക്ഷത്തോളം വെബ്സൈറ്റുകളിൽ കുട്ടികളെ വളരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങൾ ലഭ്യമാണ്. ഈയടുത്ത കാലങ്ങളിൽ (2014) എടുത്ത കണക്കുകൾ അനുസരിച്ച് കുറഞ്ഞത് പത്ത് ലക്ഷം ഇപ്രകാരമുള്ള വെബ്സൈറ്റുകൾ നിലവിലുള്ളതായി സ്ഥിരീകരിക്കുന്നു. ഇത് ഓരോ രാജ്യങ്ങളിലെയും ലോ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിരീക്ഷിക്കാൻ കഴിയുന്ന വെബ്സൈറ്റുകളുടെ കണക്കുകൾ പ്രകാരം മാത്രമാണ്. ഇതിലും അപകടമായതാണ് ‘സിൽക് റോഡ്’ പോലെയുള്ള നെറ്റ് ശൃംഖലയിലെ വെബ്സൈറ്റുകൾ. മറ്റാർക്കും നിരീക്ഷിക്കാൻ കഴിയാത്ത അനോനമിറ്റി ഉറപ്പുവരുത്തുന്ന ‘ഇരുണ്ട’ നെറ്റ്്വർക്കിനെയാണ് സിൽക്ക് റോഡ് വെബ്സൈറ്റുകൾ എന്ന് വിളിക്കുന്നത്. ഈ നെറ്റ്്വർക്കിലൂടെ കടന്നുപോകുന്ന ട്രാഫിക് നിരീക്ഷിക്കാൻ അത്ര എളുപ്പമല്ലെന്ന് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടണിലെ പോർട്ട് സ്മൗത്ത് യൂണിവേഴ്സിറ്റി 2014ൽ നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞത് കുട്ടികളെ ഇരകളാക്കിയുള്ള ലൈംഗികത പ്രദർശിപ്പിക്കുന്ന 80% വെബ്സൈറ്റുകളും സിൽക്ക് റോ‍ഡ് പോലെയുള്ള നെറ്റ്്വർക്ക് ശൃംഖലയിലൂടെയാണെന്നാണ്. ഇത് വളരെ ആശങ്കാജനകമാണ്.

ബഹ്റൈനിലെ കുട്ടികളുടെ മൊബൈൽ ഉപയോഗവും
ഓൺലൈനിലെ പെരുമാറ്റ രീതികളും

2014ൽ ജിഎസ്എം അസോസിയേഷൻ ബഹ്റൈനിൽ നടത്തിയ പഠനങ്ങളിലൂടെ കുട്ടികളിലെ മൊബൈൽ ഉപയോഗവും അവരുടെ ഓൺലൈനിലെ പെരുമാറ്റ രീതികളും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഏകദേശം 1000 ബഹ്റൈനികളായ കുട്ടികളെയും മുതിർന്ന കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഫോണിലൂടെയും മുഖാമുഖമായും ഓൺലൈൻ സർവ്വേയിലൂടെയുമാണ് പഠനം നടത്തിയത്. ആ പഠനത്തിൽ നിന്ന് മനസ്സിലാക്കിയ വസ്തുതകൾ ഇപ്രകാരമാണ്.

1) ബഹ്റൈനിൽ അന്പത് ശതമാനത്തിൽ അധികം കുട്ടികൾ 8− മുതൽ 14 വയസ് പ്രായത്തിനിടയിൽ തന്നെ ആദ്യമായി മൊബൈൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അവരിൽ അറുപത് ശതമാനത്തിലധികം പേരും പുതിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.

2) 25%ത്തിൽ താഴെ കുട്ടികൾ മാത്രമേ ടാബ്്ലെറ്റ് രൂപത്തിലുള്ള ഉപകരണം ഉപയോഗിക്കാതെയുള്ളൂ. 

3) 80%ത്തിൽ അധികം കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുകയും അവ ഇന്റർനെറ്റിനായും ഉപയോഗിക്കുകയും ചെയ്യുന്നു. 

4) 50%ത്തിൽ അധികം കുട്ടികൾ ദിവസേന ചുരുങ്ങിയത് 11 പ്രാവശ്യമെങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതായും കുറഞ്ഞത് ഓരോ ദിവസവും രണ്ട് മണിക്കൂറെങ്കിലും ഓൺലൈനിൽ വരുന്നതായും തെളിഞ്ഞിട്ടുണ്ട്. 

5) ഏകദേശം 90%ത്തിലധികം കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട സൈറ്റുകൾ ഉപയോഗിക്കുന്നതായും അവയിൽ അന്പത് ശതമാനത്തിലധികം പേർ ദിവസേന 11 പ്രാവശ്യത്തിൽ അധികം സോഷ്യൽ നെറ്റ്്വർക്ക് സർവ്വീസ് സൈറ്റുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇതുമായി ചേർത്തു വായിക്കേണ്ട വസ്തുതകളിൽ ചിലത്.

എ) 80% കുട്ടികളും സോഷ്യൽ നെറ്റ്്വർക്ക് സർവ്വീസ് വഴി പുതിയ കൂട്ടാളികളെയും/കൂട്ടുകാരെയും കണ്ടെത്തുന്നു.

ബി) 36% കുട്ടികൾ തങ്ങൾക്ക് സോഷ്യൽ നെറ്റ്്വർക്ക് സർവ്വീസിൽ 300ലധികം കൂട്ടുകാരുള്ളതായി അഭിപ്രായപ്പെട്ടു.

സി) 80% കുട്ടികൾ സോഷ്യൽ നെറ്റ്്വർക്ക് സർവ്വീസ് വഴി പരിചയപ്പെട്ട പുതിയ കൂട്ടുകാരെ പറ്റി ആശങ്കയുള്ളതായി തുറന്നു പറഞ്ഞു.

6) സർവ്വേയിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും പൊതുവെ ഉപയോഗിച്ചു വരുന്ന നെറ്റ്്വർക്ക് സർവ്വീസ് ഇൻസ്റ്റഗ്രാം ആണ്.

7) 51% കുട്ടികളും സോഷ്യൽ നെറ്റ്്വർക്ക് സർവ്വീസിൽ തങ്ങളുടെ പ്രൊഫൈൽ പ്രൈവറ്റായി െസറ്റ് ചെയ്തിരുന്നു.  

8) മൊബൈൽ ഉപയോഗം തങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചോദിച്ചപ്പോൾ 76% കുട്ടികളും “അവ ഞങ്ങളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കുന്നു.” എന്ന് അഭിപ്രായപ്പെട്ടു. 

9) 61% പേർ മൊബൈൽ ഉപയോഗം കാരണം കുടുംബവുമായി ചെലവ
ഴിക്കാൻ സമയം കുറയുന്നു എന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. 

10)  78% കുട്ടികൾ മൊബൈൽ ലഭിക്കാത്ത പക്ഷം അസ്വസ്ഥരാകുന്നുണ്ട്.
 11) 42% കുട്ടികളും ഇന്റർനെറ്റു വഴി പ്രശ്നങ്ങൾ നേരിടുന്പോൾ തങ്ങളുടെ കൂട്ടുകാരുടെ സഹായമാണ് തേടാറുള്ളത്. 5% കുട്ടികൾ മാത്രമാണ് രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ഉപദേശം തേടുന്നുത്. എന്നാൽ 56 ശതമാനം മാതാപിതാക്കൾ പറയുന്നത് അവരാണ് കുട്ടികളെ ഇത്തരം കാര്യങ്ങളെ പറ്റി ശാസിക്കാൻ പറ്റിയവരെന്നാണ്.

2015ലെ ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന റിപ്പോർട്ടും മുകളിൽ ചൂണ്ടിക്കാണിച്ച കണക്കുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് തെളിയുന്നുണ്ട്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയിലെ രക്ഷിതാക്കളുടെ അനിവാര്യമായ പങ്ക് കണക്കിലെടുത്ത് നാഷണൽ ഇന്റർനെറ്റ് സർവ്വേ റിപ്പോർട്ട് 2015ൽ നടത്തിയ പഠനത്തിൽ രക്ഷിതാക്കളുടെ ഓൺലൈൻ /ഇന്റർനെറ്റ് കാഴ്ചപ്പാടിനെയും പരാമർശിച്ചാണ് സർവ്വേ രൂപപ്പെടുത്തിയിരുന്നത്. അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന വസ്തുതകൾ ഇപ്രകാരമാണ്.

1) ഒട്ടുമിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അതിലേറെ, കുട്ടികളുടെ മൊബൈൽ ഉപയോഗവും ഓൺലൈൻ ചങ്ങാത്തവും വേണ്ടവിധത്തിൽ നിരീക്ഷിക്കാൻ കഴിയാത്തതിൽ ആശങ്കയുള്ളതായും അഭിപ്രായപ്പെട്ടു.

2) കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ബഹ്റൈനികളായ രക്ഷിതാക്കൾ പല രീതികളിലൂള്ള നിയന്ത്രണം വെച്ചിട്ടുള്ളതായി അഭിപ്രായപ്പെട്ടു.
3) 46%ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ അനുയോജ്യമല്ലാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആവലാതി പ്രകടിപ്പിക്കുകയുണ്ടായി.

4) ഏകദേശം 59% രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റിലൂടെയുള്ള സ്വകാര്യതയിൽ ആശങ്ക പ്രകടിപ്പിച്ചു.

ദേശീയ ഇന്റർനെറ്റ് സുരക്ഷാ പഠന സ‍ർവ്വേയിൽ ഒരു സ്വകാര്യസ്കൂളിലെ പത്ത് അദ്ധ്യാപകരുമായി നടത്തിയ ചർച്ചകളിൽ നിന്ന് താഴെ പറയുന്ന പ്രശ്നങ്ങൾ ഓൺലൈനുമായി ബന്ധപ്പെട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

1)അദ്ധ്യാപകരും ബന്ധപ്പെട്ട കൗൺസിലർമാരും കുട്ടികളിലെ ഓൺലൈൻ സുരക്ഷ വളരെ ശാസ്ത്രീയമായി തന്നെ ഉറപ്പുവരുത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ബോധവൽക്കരണം മെച്ചപ്പെടുത്താൻ വേണ്ടുന്ന തനതായതും നിലവാരമുള്ളതുമായ സ്റ്റാൻഡൈസ്ഡ് സമീപനത്തിന്റെ ലഭ്യത കുറവ് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ തന്നെ ഓൺലൈൻ വഴി ഉണ്ടായേക്കാവുന്ന അപകട സാധ്യതകളും ആശങ്കകളും കുട്ടികളിലേയ്ക്ക് വേണ്ട രീതിയിൽ എത്തിക്കാൻ ആവശ്യമുള്ള പരിശീലനം ലഭിക്കുന്നത് നന്നായിരിക്കുമെന്നും അഭിപ്രായം ഉണ്ടായി. 

2) സ്കൂളിൽ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതും ഉയർന്ന ആശങ്ക ഉളവാക്കുന്നതുമാണ് സൈബർ ബുള്ളിയിംഗ്. ഇതിനെകുറിച്ചുള്ള ബോധവൽക്കരിക്കാനുള്ള പരിപാടികളും ആരംഭിക്കുകയും ചെയ്തിട്ടുള്ളതായി സർവ്വേയിൽ നിന്ന് മനസിലാക്കുന്നു.

3) സോഷ്യൽ െനറ്റ്്വർക്കുകളിൽ കുട്ടികൾ ചെലവഴിക്കുന്ന സമയത്തെകുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഇത് കുട്ടികളുടെ പൊതുവെയുള്ള പഠനത്തെ നെഗറ്റീവായി ബാധിക്കുകയും വായനാശീലം ഗണ്യമായ രീതിയിൽ കുറഞ്ഞു വരുന്നതായും അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.

4) സ്കൂളിനുള്ളിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം പ്രശ്നകരമാണ്. ചില സ്കൂളുകൾ മൊബൈൽ ഫോൺ സ്കൂളിനുള്ളിൽ പ്രവേശിപ്പിക്കാറില്ലെങ്കിലും മറ്റ് ചില സ്കൂളുകൾ, ക്ലാസിന്റെ ഇടവേളകളിൽ അവ ഉപയോഗിക്കാൻ അനുവദിക്കുന്നു. മൊബൈൽ ഫോൺ നിയന്ത്രിക്കുക എന്നത് അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമാണെന്നും അഥവാ ഒരു ശിക്ഷാ നടപടിയെന്നോണം മൊബൈൽ ഫോൺ കുട്ടികളിൽ നിന്ന് വാങ്ങി സ്കൂളിൽ സൂക്ഷിച്ചാൽ അതിന്റെ പ്രായോഗികമായ സദുദ്ദേശ്യം മനസിലാക്കാൻ പല രക്ഷിതാക്കളും തുനിയുന്നില്ലെന്നത് ഒരു ആശങ്കയായി അദ്ധ്യാപകർ ചൂണ്ടിക്കാട്ടി. 

സൈ­ബർ ബു­ള്ളളി­യി­ഗ്, നി­യമ പരി­രക്ഷകൾ, നടപ്പി­ലാ­ക്കാൻ ശു­പാ­ർ­ശ നൽ­കു­ന്ന കാ­ര്യങ്ങൾ എന്നി­വയെ­പറ്റി­ നാ­ളെ­ തു­ടരു­ന്ന ലേ­ഖനത്തിൽ പരമാ­ർ­ശി­ക്കും. (ബഹ്റൈ­നി­ലെ­ ടെ­ലി­കമ്മ്യൂ­ണി­ക്കേ­ഷൻ രംഗത്ത് ഏറെ­ പരി­ചയ സന്പത്തുള്ള ആളാണ് ലേ­ഖകൻ­)

You might also like

Most Viewed