പ്രതിഷേധങ്ങൾ തീരുന്പോൾ
സോന പി.എസ്
പഴയകാലത്തെ കുറിച്ച് ഓർക്കുന്പോൾ പലപ്പോഴും ഓർമ്മ വരിക പണ്ട് സ്ഥിരമായി പവർ കട്ട് ഉണ്ടാകുന്ന കാലത്ത് സ്വന്തം വീട്ടിൽ പെട്ടന്ന് കറണ്ട് പോകുന്പോൾ ഒരു ചിമ്മിണി വിളക്ക് പോലും കത്തിക്കാൻ മെനക്കെടാതെ വാതിൽ തുറന്ന് അപ്പുറത്തെ വീട്ടിലേക്ക് നോക്കിയോ, അല്ലങ്കിൽ ഒന്നു വിളിച്ച് ചോദിച്ചോ, അവിടെയും പോയൊന്ന് ഉറപ്പ് വരുത്തിയാൽ പവർകട്ട് തന്ന്യാ എന്നാണ്. നിസാര കാര്യത്തിൽ പോലും ഇവിടെ മാത്രമല്ല അവിടെയും ഉണ്ടെന്ന് അറിയുന്പോൾ കിട്ടുന്ന ഒരുറപ്പ്. കൂടെ അവരുമുണ്ടെന്ന ആശ്വസം. അതുപോലെ ഇവിടെ ഇല്ലാതിരിക്കുകയും അവിടെ ഉണ്ടാവുകയും ചെയ്യുന്പോൾ തോന്നുന്ന ആവലാതിയെല്ലാം നാട്ടിൻപുറത്തെ നിഷ്കളങ്കമായ കാഴ്ചകളായിരുന്നു. അല്ലെങ്കിൽ ഇതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങളുമാണ്. മനുഷ്യൻ പരസ്പരം ഇടപഴകി ജീവിക്കുകയും, ചുറ്റുമുള്ളവയെല്ലാം പരിഗണിച്ചും, സ്നേഹിച്ചും കഴിയുക എന്നതൊക്കെ മനുഷ്യ സഹജമായിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. എന്നാൽ സ്വന്തം വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്ന കുഞ്ഞിനെ പോലെ തന്നെ അപ്പുറത്തെ വീട്ടിലെ ഓരോ കുഞ്ഞും സുരക്ഷിതയാണോ എന്ന് ചിന്തിക്കാനോ, സുരക്ഷ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വത്തിൽ നിന്നെല്ലാം എന്നു മുതൽക്കാണ് മനുഷ്യനായി പിറന്നവർ മാറി തുടങ്ങിയത് എന്ന് ഓരോ പ്രതിഷേധങ്ങൾ തീരുന്പോളും ചിന്തിക്കേണ്ടിയിരിക്കുന്നു.
കഠ്്വ സംഭവത്തിൽ നാട്ടിലെന്ന പോലെ പ്രവാസത്തിലും നിരവധി സംഘടനകൾ പ്രതിഷേധ കൂട്ടായ്കകൾ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴും പ്രതിഷേധാഗ്നി കെട്ടടിങ്ങിയിട്ടില്ല. കാരണം എല്ലാവരുടെയും ഉള്ള് നീറ്റിയ സംഭവം തന്നെയായിരുന്നു ഇതും. ഓരോ ആഴ്ചയിലേയ്ക്കും ഒരു പ്രതിഷേധ പ്രകടനമെങ്കിലും കരുതി വെയ്ക്കേണ്ട സ്ഥിതിവിശേഷം വന്നിട്ട് നാളു കുറച്ചായെങ്കിലും, പ്രതിഷേധ പ്രകടനങ്ങൾ കൊണ്ട് പ്രകടമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല എന്നത് അതിലും ഖേദകരമായി കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ അതിൽ വർഗ്ഗീയത ദർശിച്ചവരും, രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്കും അപ്പുറം ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്ത പല കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും മാനവികമായ മൂല്യങ്ങളുടെ വീഴ്ചയാണ് എന്ന കാര്യത്തെ കുറിച്ച്. കോട്ടങ്ങൾ സംഭവിക്കുന്പോൾ നേട്ടങ്ങൾ കൊയ്തെടുത്തവരെ കുറിച്ച് ഓർക്കുക സാധാരണമാണല്ലോ. അതുകൊണ്ട് തന്നെ ഈക്കാലയളവിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ ആഴത്തിലും പരപ്പിലും വെറുതേ ഒന്ന് ഓർത്തെടുത്തു. അദ്ദേഹമാണ് പറഞ്ഞത് ‘മുതിർന്നവരുടെ മനസ്സിലെ അടിയുറച്ച പകയുടെ വാൾമുന പൊളിച്ചുകളയണമെങ്കിൽ ഒരു കുഞ്ഞുമായി നിഷ്കളങ്കതയോടെ ഇടപെട്ടാൽ മതിയെന്ന്’. മാത്രമല്ല അദേഹം എവിടെ പ്രസംഗിക്കുന്പോഴും ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വളർച്ചയും ഉയർച്ചയുമാണ് രാഷ്ട്രത്തിന്റെ വളർച്ചയും ഉയർച്ചയും എന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് പരസ്പര വൈരികൾക്ക് പാത്രമാകുന്നത് ഈ നിഷ്കളങ്ക ബാല്യങ്ങളാണ്. പലനേതാക്കന്മാരും കുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിൽ അനുശോചനം രേഖപ്പെടുത്താനല്ലാതെ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കുരുന്നുകളെ സംരംക്ഷിക്കാനുള്ള നടപടികൾക്ക് എത്രമാത്രം പ്രാധന്യം കൊടുക്കുന്നുണ്ട്. മനുഷ്യനെയാണ് പരിഗണിക്കേണ്ടത് എന്ന് ചിന്തിക്കുന്ന ഭരണാധികാരികളുടെ കുറവാണ് മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങൾ ഒരു തുടർക്കഥ പോലെ അരങ്ങേറുന്നത്. ചുറ്റുമുള്ളത് മനുഷ്യരാണ് എന്ന് മാത്രം എല്ലാവരും ചിന്തിക്കുക. എല്ലാവരുടെയും നഷ്ടങ്ങൾക്ക് ഒരേ വിലയാണെന്നും മനസ്സിലാക്കിയാൽ മാത്രം മതി പല ക്രൂരകൃത്യങ്ങൾളും ഇല്ലാതാകാൻ. 12 വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുമെന്ന പുതിയ ഓർഡിനൻസ് കേന്ദ്രസർക്കാർ പാസാക്കിയെങ്കിലും മാറി മാറി വരുന്ന നിയമങ്ങൾ മനുഷ്യരെയും, സമൂഹത്തെയും മാറ്റുന്നുണ്ടോ എന്ന ചോദ്യം തന്നെയാണ് പലരിലും ബാക്കിയാകുന്നത്.