വഴിമാറുന്ന കാസ്ട്രോ
വി.ആർ സത്യദേവ്
ലോക രാഷ്ട്രീയം തുടർച്ചയായ മാറ്റങ്ങളിലാണ്. മാറ്റങ്ങളില്ലാത്തത് മാറ്റത്തിനു മാത്രവുമാണ്. എന്നാൽ ഏകാധപത്യ രാഷ്ട്രങ്ങൾ ഇതിന് അപവാദങ്ങളാണ്. ഏകാധിപത്യം പോലെ തന്നെയാണ് പാർട്ട്യാധിപത്യം. പാർട്ട്യാധിപത്യമുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. ആ ക്യൂബയിൽ അരനൂറ്റാണ്ടിലേറെ കാലമായി ഭരണ നായകത്വത്തിലുണ്ടായിരുന്നത് കാസ്ട്രോമാരാണ്. ക്യൂബയുടെ ഇതിഹാസനായകൻ സാക്ഷാൽ ഫിദൽ കാസ്ട്രോയായിരുന്നു ആദ്യം. തുടർന്ന് വിപ്ലവത്തിലും ഭരണത്തിലുമെല്ലാം ഒപ്പമുണ്ടായിരുന്ന അനുജൻ റൗൾ കാസ്ട്രോയും. ആകെ ആറു പതിറ്റാണ്ടിനടുത്തുകാലമാണ് കാസ്ട്രോ കുടുംബം ക്യൂബയെ നയിച്ചത്.
മറ്റുപല രാഷ്ട്രങ്ങളുടെയും കാര്യത്തിൽ പുതിയൊരു രാജവംശ സമാനമായ ഭരണവംശത്തിന്റെ പിറവിക്ക് ഇത് ധാരാളമാണ്. അല്ലെങ്കിൽ അത്തരം കുടുംബക്കാരെ ജനങ്ങൾ ആട്ടിയോടിക്കുന്പോഴാണ് അത്തരം കുടുംബാധിപത്യങ്ങൾക്ക് അവസാനമാകുന്നത്. എന്നാൽ ഭരണമാറ്റത്തിന് വഴിയൊരുക്കി ക്യൂബയ്ക്ക് പുതിയൊരു ദിശാബോധം നൽകിയ കാസ്റ്റ്രോമാർ രാഷ്ട്രപരമാധികാര സ്ഥാനത്തു നിന്നും സ്വമേധയാ ഒഴിഞ്ഞു നിൽക്കുകയാണ്. അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമമായ ദുഷിപ്പിക്കലിനു വഴിവെയ്ക്കും എന്ന ചൊല്ല് കാസ്ട്രോമാരുടെ കാര്യത്തിലെങ്കിലും വ്യത്യസ്ഥമാവുകയാണ്. ജനസമ്മിതിയുടെനിറവിലും പരമാധികാരം സ്വന്തം കൈകളിൽ ഒതുങ്ങിനിൽക്കണമെന്ന അത്യാഗ്രഹത്തിന് അടിമപ്പെടാത്ത വ്യക്തിയാണ് താനെന്നാണ് റൗൾ കാസ്ട്രോ തെളിയിക്കുന്നത്. ജനസമ്മിതിയുടെ നിറവിലും എന്നുമൊപ്പമുണ്ടായിരുന്ന അനുജന് അധികാരം കൈമാറിയ ഫിദേലിന്റെ ശൈലി തന്നെയാണ് റൗളും ഇപ്പോൾ പിന്തുടരുന്നത്.
ഫുൾഗെൻസ്യോ ബത്തീസ്തയിൽ നിന്നും ഫിദേലിന്റെ നായകത്വത്തിൽ പിടിച്ചെടുത്ത അധികാരം റൗൾ ഇപ്പോൾ കൈമാറുന്നത് മിഗ്വേൽ ഡയസ് കാനെലിനാണ്. കാസ്ട്രോയിൽ നിന്നും കാനെലിലേയ്ക്ക്. കാസ്ട്രോ കുടുംബത്തിൽ നിന്നും അധികാരശ്രേണിയിൽ ഒരുപാടു പോരുള്ളപ്പോഴാണ് ഈ കൈമാറ്റമെന്നത് കാസ്ട്രോമാരുടെ മഹത്വമേറ്റുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ആ ഭരണസംവിധാനത്തെയും പാർട്ടിയെയും ഒക്കെ ഇക്കാര്യത്തിൽ അഭിനന്ദിച്ചേ മതിയാവൂ. ആ മണ്ണിന്റെ മഹത്വം കൂടിയായി നമുക്കതിനെ വാഴ്ത്താം. സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള മണ്ണാണ് ക്യൂബ. ബിസി നാലാം സഹസ്രാബ്ദം മുതലേ തന്നേ ജനവാസമുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഇന്നത്തെ ക്യൂബ. സഹസ്രമെന്നാൽ ആയിരം. നാലാം സഹസ്രാബ്ദമെന്നാൽ ഇന്നേക്ക് ആറായിരം വർഷം മുന്പന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചയിൽ നമ്മുടെ കേരളം പോലെ തന്നേ ഹരിതാഭവും കേര സമൃദ്ധവുമാണ് ക്യൂബയും. തെങ്ങിനെക്കാൾ ഏറെയുള്ളത് കരിന്പാണ് എന്ന വാസ്തവം മറക്കുന്നില്ല. ആകെ പരിശോധിക്കുന്പോൾ മലയാളവുമായി ഇനിയും ചില ഗുണങ്ങളും പങ്കുെവയ്ക്കുന്നുമുണ്ട്. പാരന്പര്യത്തോടുള്ള പ്രതിപത്തിയാണ് അതിലൊന്ന്.
ചരിത്ര ബോധമില്ലാത്ത ജനതയെന്നാണ് സാക്ഷാൽ വില്യം ലോഗൻ മലയാളിയെ വിളിച്ചത്. എന്നാൽ പാരന്പര്യത്തോട് കടുത്ത പ്രതിപത്തിയുള്ള ജന സമൂഹമാണ് മലയാളക്കരയിലുള്ളതെന്ന് നമുക്കറിയാം. തലമുറയ്ക്കു മുന്പേ തീപ്പെട്ടു പോയ കാവുകളും തറവാടുകളും പുനരുദ്ധരിക്കാനുള്ള മലയാളി മനസ്സിന്റെ താത്പര്യം ഇതിനു സാക്ഷ്യം പറയുന്നു. ഇതിനു സമം തന്നെയാണ് ക്യൂബക്കാരന് സ്വന്തം ചരിത്രത്തോടും പാരന്പര്യത്തോടുമുള്ള ഇഷ്ടം.
അമേരിക്കയ്ക്ക് കിഴക്ക് മൂന്നു സമുദ്രങ്ങളുടെ ഇടയിലാണ് ക്യൂബൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കരീബിയൻ കടലും മെക്സിക്കോ ഉൾക്കടലും അറ്റ്ലാൻ്റിക് സമുദ്രവും ഒന്നു ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. മേഖലയിൽ മനുഷ്യാധിവാസ കാര്യത്തിൽ രണ്ടാമതാണ് ക്യൂബ. എന്നാൽ കരീബിയൻ ദ്വീപുകളിൽ വലുപ്പം കൊണ്ട് ഒന്നാമനും. സഹസ്രാബ്ദങ്ങൾക്കു മുന്പേ ക്യുബാവോ എന്നു വിളിപ്പേരുള്ള ആദിവാസി സമൂഹമായിരുന്നു ക്യൂബൻ മണ്ണിൽ അധിവാസമുറപ്പിച്ചിരുന്നത്. ക്യുബാവോകളിൽ നിന്നായിരുന്നു ഈ മണ്ണിനു ക്യൂബയെന്ന പേരു കിട്ടിയതെന്നും വിശ്വസിക്കപ്പെടുന്നു. സിബോണികളെന്ന മറ്റൊരു പുരാതന വർഗ്ഗക്കാരിൽ നിന്നാണ് ക്യൂബൻ നാമമുണ്ടായതെന്നും പാഠഭേദമുണ്ട്.
അധിനിവേശങ്ങളുടെയും അന്ത്യമില്ലാത്ത ചൂഷണങ്ങളുടെയും കഥപറയുവാനുണ്ട് ഈ മണ്ണിന്. അധിനിവേശ ശക്തികളിലൊന്നായ സ്പെയിന്റെ ആധിപത്യത്തിലായിരുന്നു 1898 വരെ ക്യൂബ. 1898 ലെ സ്പാനീഷ്− അമേരിക്കൻ പോരിൽ അമേരിക്ക വിജയിച്ചതോടേ സ്പാനീഷ് ആധിപത്യത്തിന് അറുതിയായി. 1902 മുതലിങ്ങോട്ട് അമേരിക്കൻ സംരക്ഷിത പ്രദേശമായിരുന്നു ക്യൂബ. സംരക്ഷിത പ്രദേശമെന്നാൽ അമേരിക്കൻ താത്പര്യങ്ങൾ അനിയന്ത്രിതമായി നടപ്പാക്കപ്പെടുന്ന ഇടമെന്നർത്ഥം. ക്യൂബൻ മണ്ണിൽ വിളയുന്ന ധാന്യങ്ങളത്രയും അമേരിക്കക്കാരൻ്റെ ഗുണത്തിനായി എന്നതായിരുന്നു ആ പ്രൊട്ടക്ടറേറ്റ് പ്രയോഗത്തിന്റെ ആന്തരാർത്ഥം. ആയതിന് അരു നിൽക്കുന്നയാളായിരുന്നു അധികാരപ്രമത്തൻ കൂടിയായിരുന്നു ഫുൾഗെൻസ്യോ ബത്തീസ്ത.
ഏകാധിപത്യങ്ങളൊന്നും ലോകമുള്ള കാലത്തോളം നിലനിൽക്കില്ല. ബത്തീസ്തയുടെ ചരിത്രവും മറ്റൊന്നായില്ല. ഇതിഹാസ തുല്യമായ പോരാട്ടത്തിലൂടെ ഫിദേൽ കാസ്ട്രോയെന്ന കരുത്തന്റെ നായകത്വത്തിൽ ക്യൂബ ബത്തീസ്തയുടെ ഏകാധിപത്യത്തിൽ നിന്നും മുക്തമായത് 1950കളിലായിരുന്നു. ഇന്നു കേട്ടാൽ വിശ്വാസം വരാത്ത പോരാട്ടത്തിലൂടെയായിരുന്നു ബത്തീസ്തയുടെ കരാള ഹസ്തങ്ങളിൽ നിന്നും ക്യൂബയെ മോചിപ്പിക്കാൻ കാസ്ട്രോയും സഹവിപ്ലവകാരികളും നടത്തിയത്.
മെക്സിക്കോയിൽ നിന്നും ഒരു ചെറു ബോട്ടിലായിരുന്നു ചൂടും ചൂരുമുള്ള യുവരക്തത്തിനു പ്രാമുഖ്യമുള്ള വിപ്ലവകാരികൾ ക്യൂബയിലെത്തിയത്.സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയില്ലാത്ത പോരാട്ടത്തിലെ ഏറ്റവും സാഹസികമായ ഏടായിരുന്നു ആ സമരയാത്രാരംഭം. മെക്സിക്കോയിൽ നിന്നും ക്യൂബൻ തീരത്തേയ്ക്കുള്ള യാത്രയിലുപയോഗിച്ച ഗ്രാൻമ കേവലം 12 പേർക്ക് യാത്ര ചെയ്യാൻ നിർമ്മിച്ച യാനമായിരുന്നു. ഫിദേലും റൗളും ഇതിഹാസനായകൻ ചെ ഗുവേരയുമടക്കം ക്യൂബയിലേക്കുള്ള യാത്രയിൽ അന്ന് ഗ്രാൻമയിലുണ്ടായിരുന്നത് 82 പേരും. പ്രതിസന്ധികളുടെ സുനാമിത്തിരകളിലൂടെ പതറാതെയുള്ള പ്രയാണം. ഒടുവിൽ പട്ടിണിയടക്കമുള്ള പരിതോവസ്ഥകളുടെ നടുവിൽ അവർ ഓറിയൻ്റ് പ്രവശ്യയുടെ തീരത്ത് ഒരു വിധത്തിൽ എത്തിപ്പെട്ടു.
ലക്ഷ്യസ്ഥാനമായി ഓറിയൻ്റ് പ്രവശ്യയെ തെരഞ്ഞെടുക്കാനും ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സ്പാനീഷ് ആധിപത്യത്തിൽ നിന്നുള്ള ക്യൂബൻ മോചനത്തിന്റെ കുന്തമുനയും പ്രത്യാശാ ഗോപുരവുമായി വിശേഷിപ്പിക്കപ്പെടുന്ന ഹോസേ മാർടി (Jose Marti) യുമായി ബന്ധപ്പെട്ടതായിരുന്നു അക്കാര്യം. കവിയും എഴുത്തുകാരനും സ്വാതന്ത്ര്യ സമര പോരാളിയുമൊക്കെയായിരുന്നു ഹോസേ മാർടി. എഴുത്തുകാരന് വിരാജിക്കാവുന്ന ചില്ലുമേടയിലിരിക്കാതെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ച അപൂർവ്വ വ്യക്തിത്വം. ഇന്നും ജനപ്രിയമാണ് അദ്ദേഹത്തിന്റെ വരികൾ. സ്പെയിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ക്യൂബയെ രക്ഷിക്കാനുറച്ച മാർടി സ്വാതന്ത്ര്യ പോരാട്ടത്തിനായി കപ്പലിറങ്ങിയത് ഓറിയൻ്റ് പ്രവശ്യയിലായിരുന്നു. ജോസ് മാർഷിയുടെ ഓർമ്മപുതുക്കാനായാണ് ഗ്രാൻമയും മെക്സിക്കോയിൽ നിന്നും ആ തീരം ലക്ഷ്യം വെച്ചത്. വിപ്ലവ വിജയത്തോടേ ഈ തുറമുഖത്തിനും പ്രവശ്യയ്ക്കും ഗ്രാൻമയെന്ന പേരും കൈവന്നു എന്നത് പിൽക്കാല ചരിത്രം.
ഈ ചരിത്രമെല്ലാം ഇന്നും നെഞ്ചേറ്റുന്ന ക്യൂബൻ സംസ്കാരം പിൻപറ്റുന്ന നിലപാടുകളാണ് പുതിയ പ്രസിഡണ്ട് മിഗ്വേൽ ഡിയ കാനേലും പുലർത്തുന്നത്. ചെറുപ്പ കാലത്ത് താൻ അംഗരക്ഷകനായിരുന്നു. മുൻ പ്രസിഡണ്ട് റൗൾ കാസ്ട്രോയുടെ നയ പിൻ തുടർച്ചയായിരിക്കും തന്റെ ഭരണത്തിലും ഉണ്ടാവുകയെന്ന് പുതിയ പ്രസിഡണ്ട് പറയുന്നു. കാസ്ട്രോ നാമം പ്രസിഡണ്ട് പദവിയൊഴിഞ്ഞാലും ക്യൂബയിലെ കാസ്ട്രോക്കാലംതീർന്നേക്കില്ല എന്ന വ്യക്തമായ സൂചനയാണ് ഇതു നൽകുന്നത്. ശരാശരി ക്യൂബക്കാരന്റെ ആഗ്രഹവും അതുതന്നെയാവും.
റൗൾ പ്രസിഡണ്ടു പദവിയൊഴിഞ്ഞു എന്നതിന് അദ്ദേഹം പൂർണ്ണമായും അധികാരമൊഴിയുന്നു എന്ന് അർത്ഥമില്ല. പാർട്ടി സർവ്വാധിപത്യം നിലവിലുള്ള രാജ്യത്തെ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമാധികാരസ്ഥാനമായ ഒന്നാം സെക്രട്ടറിസ്ഥാനം ഇപ്പോഴും വഹിക്കുന്നത് റൗൾ തന്നെയാണ്. പട്ടാളത്തിന് രാഷ്ട്ര നിയന്ത്രണത്തിലുള്ള പങ്കും നിർണ്ണായകമാണ് 86ാം വയസ്സിലും സായുധ സേനാ നായകസ്ഥാനത്തും റൗൾ തന്നെയാണ്. ഈ സേനയുടെ സ്ഥാപകനും അദ്ദേഹം തന്നെയാണ്. സാധാരണ ഗതിയിൽ അധികാര നിരയിൽ കടന്നുവരാൻ സാദ്ധ്യതയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിദേൽ കാസ്ട്രോയുടെ പുത്രൻ ഫിദേൽ കാസ്ട്രോ ഡയസ് ബലാർട്. അടുത്തിടെ ജീവനൊടുക്കിയിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കാൾ ഭൗതിക ശാസ്ത്രത്താടായിരുന്നു പ്രതിപത്തി.
എന്നാൽ റൗളിന്റെ മക്കൾ രണ്ടും രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ അലെജാൻഡ്രോ കാസ്ട്രോ എസ്പിൻ രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ മേധാവിയാണ്. മകൾ മരിയേലാ ക്സ്റ്റ്രോയും പൊതുരംഗത്തു തന്നെയുണ്ട്. മകൾ ഡെബോറയുടെ മുൻഭർത്താവ് ജനറൽ ലൂയീസ് ആൽബേർട്ടോ റോഡ്രിഗ്വസാണ് മറ്റൊരാൾ. ക്യൂബയിൽ വ്യവസായം തുടങ്ങണമെങ്കിൽ ജനറൽ റോഡ്രിഗ്വസിന്റെ മമതയും സമ്മതവും ലഭിച്ചിരിക്കണം എന്നാണ് പറച്ചിൽ.
നിരീക്ഷകർ ശ്രദ്ധയോടെ ഉറ്റു നോക്കുന്ന മറ്റൊരാൾ റൗളിന്റെ കൊച്ചുമകൻ റൗളിറ്റോയാണ്. ജനറൽ റോഡ്രിഗ്വസിന്റെയും ഡെബോറയുടെടെയും പുത്രനായ റൗളിറ്റോയാണ് നിലവിൽ മുത്തശ്ശന്റെ അംഗരക്ഷകൻ. മുത്തശ്ശനുമായി പേരിലും സമാനതകളുണ്ട് റൗൾ റോഡ്രിഗ്വസ് കാസ്ട്രോയെന്ന റൗളിറ്റോയ്ക്ക്. റൗൾ കാസ്ട്രോയുടെ മുൻ അംഗരക്ഷകൻ രാഷ്ട്രനായക സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ട ചരിത്രം വിലയിരുത്തുന്പോൾ പൗത്രൻ കൂടിയായ കരുത്തന്റെ സാദ്ധ്യതകൾ ഒട്ടും കുറച്ചു കാണാനാവില്ല. ചരിത്രം എന്നും തിരുത്തലുകളുടെയും ഗതിമാറ്റങ്ങളുടേതുമാണ്. ക്യൂബൻ അധികാര സംവിധാനങ്ങളിലെ കാസ്ട്രോകുടുംബ സ്വാധീനം കുറഞ്ഞാലും ഇല്ലെങ്കിലും പ്രസിഡണ്ടായി മറ്റൊരു കുടുംബക്കാരനല്ലാത്തൊരാൾ അവരോധിക്കപ്പെട്ടത് പുതിയ ചരിത്രം തന്നെയാണ്. അത് ഏറെ പ്രതീക്ഷാർഹവുമാണ്.