ചികിത്സ വേണ്ടത് ഡോക്ടർമാർക്ക് !
ജെ. ബിന്ദുരാജ്
അസുഖം മൂർച്ഛിച്ച് ഒരു നിവൃത്തിയുമില്ലെന്നു വരുന്പോഴാണ് സാധാരണയായി ഒരാൾ ആശുപത്രിയിൽ അഭയം പ്രാപിക്കുക. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർക്കാർ ആശുപത്രികളാണ് അവന് ഏക ആശ്വാസം. സ്വകാര്യ ആശുപത്രികളിൽ രജിസ്‌ട്രേഷനു പോലും നൂറും ഇരുനൂറും മൂന്നുറുമൊക്കെ രൂപ നൽകുന്നത് അവന് താങ്ങാനാകുന്ന ഒന്നല്ല. അതിനു പുറമേയാണ് ചെലവേറിയ പരിശോധനകളും വില കൂടിയ മരുന്നുകളും വലിയ മുറി വാടകയോടു കൂടിയ കിടത്തിചികിത്സയും അവനു സ്വകാര്യ ആശുപത്രികളിൽ വഹിക്കേണ്ടി വരുന്നത്. ഒരു ദരിദ്ര വിഭാഗത്തിൽപ്പെട്ട, മെഡിക്ലൈയിമുകളൊന്നുമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്വകാര്യ ആശുപത്രിയിലെ ചികിത്സ അവന്റെ നടുവൊടിക്കും. പാവപ്പെട്ടവന്റെ ഈ വേദനകളെപ്പറ്റി മറ്റു പലരേക്കാളും നന്നായി അറിയാവുന്നവരാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും. കാരണം ദരിദ്ര വിഭാഗങ്ങളിൽപ്പെട്ടവർ രോഗബാധിതരായി സർക്കാർ ആശുപത്രികളിലെത്തുന്പോൾ അനുഭവിക്കുന്ന ദയനീയമായ സാഹചര്യങ്ങൾ നേരിട്ടുകാണുന്നവരാണ് അവർ. സർക്കാർ ആശുപത്രികളിലെ അവസ്ഥ നേരിട്ടു കണ്ടറിയാൻ പലപ്പോഴും ഈ ആശുപത്രികളിലെത്തുന്നയാളാണ് ഈ ലേഖകൻ. ഡോക്ടർമാർ പാവപ്പെട്ട രോഗികളോട് പുലർത്തുന്ന സമീപനവും അവർക്ക് ലഭ്യമാക്കുന്ന സൗകര്യവും ചികിത്സയും കണ്ടറിയാൻ തന്നെയാണ് ഈ യാത്രകൾ. പല സർക്കാർ ആശുപത്രികളിലും നിർദ്ധനരായ രോഗികൾക്ക് ഭക്ഷണം വാങ്ങാൻ പോലുമുള്ള സഹായം നൽകുന്ന സുമനസ്സുകളായ ഡോക്ടർമാരെ ആ യാത്രകളിൽ കണ്ടിട്ടുണ്ട്. പ്രവൃത്തിസമയം കഴിഞ്ഞും മണിക്കൂറുകളോളം തന്നെ കാണാനെത്തിയ രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരും ധാരാളമുണ്ട്. ഇതിന് അപവാദങ്ങളായി പലരുമുണ്ടാകാം. പ്രസവത്തിനും ശസ്ത്രക്രിയ്ക്കും മുന്പായി വീട്ടിലെത്തി കൈക്കൂലി കൈമാറണമെന്ന് ആവശ്യപ്പെടുന്നവർ, ദരിദ്രരായ രോഗികളെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്നവർ, പരിശോധനയ്‌ക്കെത്തിയ രോഗികളെ അവഗണിച്ച് ദീർഘസമയം ഫോണിൽ കിന്നാരം പറഞ്ഞിരിക്കുന്നവർ, രോഗികളെ കാണുന്നതുപോലും ഇഷ്ടമല്ലാത്ത, മുഖം കറുപ്പിക്കുന്ന ഡോക്ടർമാർ. പക്ഷേ നന്മ നിറഞ്ഞവരാണ് ഭൂരിപക്ഷം എന്നതാണ് സർക്കാർ ആശുപത്രികൾ പാവപ്പെട്ടവരുടെ നരകങ്ങളാകാതിരിക്കാനുള്ള പ്രധാന കാരണം. പക്ഷേ കഴിഞ്ഞയാഴ്ച ഈ സാമാന്യരീതിക്ക് വിരുദ്ധമായ കാര്യങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്. ആയിരക്കണക്കിന് പാവപ്പെട്ട രോഗികളെ വലച്ചുകൊണ്ട് സർക്കാർ ഡോക്ടർമാർ ഔട്ട് പേഷ്യന്റ് പരിശോധന ബഹിഷ്‌കരിച്ചുകൊണ്ട് സമരം നടത്തി. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ)യുടെ നിർദ്ദേശ പ്രകാരമാണ് അവർ ഒപി ബഹിഷ്‌കരിച്ചത്. ഇനി ആ പണിമുടക്കിന്റെ കാരണം കൂടി അറിയുക: ജോലിക്ക് ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ അന്വേഷണവിധേയമായി സർക്കാർ സസ്‌പെൻഡ് ചെയ്തതിനാണ് ഡോക്ടർമാരുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തത്. തെറ്റു ചെയ്ത തങ്ങളിലൊരുവനെ സംരക്ഷിക്കാൻ സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് നടത്തിയ സമരാഭാസം! എന്തായാലും ആരോഗ്യമന്ത്രി ഈ അനാവശ്യസമരത്തിനെതിരെ ഉറച്ച നിലപാട് തന്നെയെടുത്തതു കൊണ്ട് നാലു ദിവസത്തിനുള്ളിൽ സമരം പൊളിഞ്ഞു. ഈവനിങ് ഒപി ചെയ്യാൻ ഡോക്ടർമാർ സന്നദ്ധമായി. എന്നാൽ ഈ നാലു ദിവസക്കാലം ദരിദ്രരായ എത്രയോ രോഗികളെ ഈ സമരം കൊല ചെയ്യുകയോ കൊല്ലാക്കൊല ചെയ്യുകയോ ചെയ്തിട്ടുണ്ടാകും. ചികിത്സാ പരിശോധന സാധ്യമാകാതെ എത്രയോ രോഗികളുടെ രോഗം മൂർച്ഛിച്ചിട്ടുണ്ടാകും?
സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിഞ്ഞ്, പരമാവധി പണമുണ്ടാക്കാൻ കടുത്ത മത്സരം നടത്തുന്ന വേളയിലാണ് സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നവിധം സർക്കാർ ഡോക്ടർമാരുടെ സംഘടന സമരാഹ്വാനം നൽകിയതെന്നത് ഒട്ടും നീതീകരിക്കാനാകുന്ന സംഗതിയല്ല. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയും കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരേയും അവിടെ നിയമിക്കുകയും കൂടുതൽ മെച്ചപ്പെട്ട പരിശോധനാ സംവിധാനങ്ങൾ അവിടെ ഉണ്ടാക്കുകയും ചെയ്യാനുള്ള സ്തുത്യർഹമായ ഒരു ശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായാണ് നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന ഒരു ഡോക്ടർക്കു പുറമേ രണ്ടു ഡോക്ടർമാരെ കൂടി കൊടുത്തുകൊണ്ട് മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യകേന്ദ്രമായി അവയെ സർക്കാർ വികസിപ്പിച്ചത്. ശ്വാസ് ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്ക്, രോഗം അതിവേഗം കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇവയെല്ലാം ഇവയിലുണ്ട്. ഇതോടൊപ്പം തന്നെ ജോലിക്കുപോകുന്ന രക്ഷിതാക്കൾക്ക് ഉച്ചയ്ക്കുശേഷം അസുഖബാധിതരായവരേയും കൊണ്ട് ആശുപത്രിയിലെത്താനാണ് കൂടുതൽ സൗകര്യമെന്നു കണ്ട് രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ഒപിക്കു പുറമേ, ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് ആറു വരെ ഒപി പ്രവർത്തിക്കണമെന്നും ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പ്രഥമപടിയായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടത്. ഇതിൽ എഴുപതോളം ആശുപത്രികളിൽ ഇപ്പോൾ തന്നെ മൂന്നു ഡോക്ടർമാരുടെ സേവനം സർക്കാർ ലഭ്യമാക്കിക്കഴിയുകയും ചെയ്തു. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഒരു ഡോക്ടറും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു മണി വരെ മറ്റൊരു ഡോക്ടറുമാണ് ഒപിയിൽ രോഗികളെ നോക്കാൻ നിയുക്തമായത്. ഉദ്ഘാടനം ചെയ്ത സ്ഥലങ്ങളിലെല്ലാം ഈ പദ്ധതി പാവപ്പെട്ട രോഗികൾക്ക് സഹായകമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാലക്കാട് കുമരംപുത്തൂരിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും പ്രശ്‌നത്തിന്റെ തുടക്കമുണ്ടായത്. പതിവിൽ നിന്നും വ്യത്യസ്തമായി നാലു ഡോക്ടർമാരും നാല് സ്റ്റാഫ് േനഴ്‌സുമാരും ഒരു ലാബ് ടെക്‌നീഷ്യനും ഫാർമസിസ്റ്റുമുള്ള ആശുപത്രിയാണ് അത്. ഈ ആശുപത്രിയിലെ ഒരു ഡോക്ടറാണ് ഉച്ചയ്ക്കുശേഷം ഒപിയിലെത്തില്ലെന്ന് വ്യക്തമാക്കുകയും ജോലിയിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തത്. ഉച്ചയ്ക്കുശേഷമുള്ള ഒപി പ്രവർത്തിച്ചാൽ തങ്ങളുടെ സ്വകാര്യ പ്രാക്ടീസ് ഇല്ലാതാകുമെന്നും അധികവരുമാനം നഷ്ടപ്പെടുമെന്നും കണ്ടാണ് ഡോക്ടറുടെ ഈ പിന്മാറ്റം. ഡോക്ടറുടെ തൊഴിൽ അവശ്യ സർവ്വീസാണെന്നും സർക്കാർ ഡോക്ടർ സർക്കാർ നിർദ്ദേശിച്ച ജോലി ചെയ്യണമെന്നുമിരിക്കേയാണ് ഒപി ഈ ഡോക്ടർ ബഹിഷ്‌കരിച്ചത്. ആരോഗ്യവകുപ്പ് ഈ ഡോക്ടറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതിനെതിരെയാണ് ഡോക്ടർമാരുടെ സംഘടന നോട്ടീസ് നൽകാതെ, തൊട്ടടുത്ത ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തത്. അധിക ഡോക്ടർമാരെ നിയമിക്കാതെ ഉച്ചയ്ക്കുള്ള ഒപി സംവിധാനം നടപ്പാക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ അത് അധികജോലിഭാരം തങ്ങൾക്കുണ്ടാക്കുമെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ ഡോക്ടർമാരെ നിയമിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മാത്രമായിരുന്നു ഈ സംവിധാനം സർക്കാർ നടപ്പിലാക്കിയതെന്ന വാസ്തവം അവർ മറച്ചുെവച്ചു. ഏപ്രിൽ 13 മുതൽ 16 രാത്രി വൈകുംവരെ നടന്ന ഈ പണിമുടക്ക് രോഗികളെ നന്നായി വലച്ചു. പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ, ദിവസം രണ്ടായിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ 75 ഡോക്ടർമാരിൽ ഏപ്രിൽ 13ാം തീയതി ഹാജരായത് കേവലം 18 പേർ മാത്രമായിരുന്നുവെന്ന് അറിയുക. മറ്റിടങ്ങളിലും ഒപി നാലു ദിവസം ബഹിഷ്‌കരിച്ചുകൊണ്ട് കുമരംപൂത്തൂരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോക്ടർക്കായി അവർ സമരം നടത്തി.
കേരളത്തിൽ ഇതുവരെ 67 ശതമാനത്തോളം രോഗികളും സ്വകാര്യമേഖലയെയാണ് ചികിത്സയ്ക്ക് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങിയതോടെ പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി മാറുകയായിരുന്നു സർക്കാർ ആശുപത്രികൾ. ആർദ്രം മിഷൻ പ്രകാരം സംസ്ഥാനത്തെ 836 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിലേക്കായി മാത്രം 830 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു കഴിഞ്ഞു. നിലവിൽ ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിലെല്ലാം തന്നെ മൂന്നു ഡോക്ടർമാരേയും ഒരു ലാബ് ടെക്‌നീഷ്യനേയും 4 സ്റ്റാഫ് നേഴ്‌സുകളേയും ഒരു ഫാർമസിസ്റ്റിനേയും ക്ലീനിങ് സ്റ്റാഫുകളേയും നിയമിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ കേന്ദ്രങ്ങൾ മികച്ച മട്ടിൽ പ്രവർത്തിച്ചുവരുന്നത്. ആ സമയത്താണ് സ്വാർത്ഥത മാത്രം കൈമുതലാക്കിയ ചില ഡോക്ടർമാർ സംഘടനാശക്തി ഉപയോഗിച്ച് പൊതുജനാരോഗ്യ സംവിധാനത്തെ അട്ടിമറിക്കാൻ അനാവശ്യസമരവുമായി രംഗത്തെത്തിയത്.
പൊതുജനങ്ങൾക്കുനേരെ കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് സർക്കാർ ഡോക്ടർമാർ നടത്തിയ ഈ സമരത്തെ ചെറുക്കാൻ തന്നെയാണ് സർക്കാർ ഉറച്ച നിലപാട് എടുത്തത്. മുൻകൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്‌സൻസ് ആയി കണക്കാക്കുന്നതാണെന്നും ഇങ്ങനെ വിട്ടു നിൽക്കുന്ന ദിവസം ശന്പളത്തിന് അർഹത ഉണ്ടാവില്ലെന്നും അത് ബ്രേക്ക് ഇൻ സർവീസായി കണക്കാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. ശന്പളമില്ലാത്ത ഈ അവധിയും ബ്രേക്ക് ഇൻ സർവീസും ആരോഗ്യ വകുപ്പ് ഡയറക്ടർ സ്പാർക്കിൽ രേഖപ്പെടുത്തേണ്ടതും ശന്പളം, പ്രൊമോഷൻ, ട്രാൻസ്ഫർ എന്നിവയ്ക്ക് പരിഗണിക്കേണ്ടതുമാണെന്നും കൂടി കർക്കശമായ ആ ഉത്തരവിൽ പറഞ്ഞു. സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം/അക്കോമെഡേഷൻ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ മുൻകൂട്ടി അനുമതിയില്ലാതെ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകൾ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്‌ക്കേണ്ടതുമാണെന്നുമായിരുന്നു രണ്ടാമത്തെ നിർദ്ദേശം. പ്രൊബേഷണൽ ആയ അസിസ്റ്റന്റ് സർജൻ മുൻകൂട്ടി അവധിയെടുക്കാതെ സർവ്വീസിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ പ്രസതുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതും 24 മണിക്കൂറിനകം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണെന്നുമായിരുന്നു മൂന്നാമത്തെ നിർദ്ദേശം. എന്നാൽ തങ്ങൾക്കെതിരെ നടപടി സ്വീകരിച്ചാൽ തങ്ങൾ കൂട്ടരാജി സമർപ്പിക്കുമെന്ന് കെജിഎംഒഎ സർക്കാരിനെ ഭീഷണിപ്പെടുത്തിയെങ്കിലും സർക്കാർ ഉറച്ചു തന്നെ നിലകൊണ്ടു. ഡോക്ടർമാരുടെ ധാർഷ്ഠ്യത്തെ നേരിടണമെന്ന കാര്യത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷവും പൊതുജനവും ഒറ്റക്കെട്ടായിരുന്നുവെന്നത് സമരത്തിൽ നിന്നും ഉപാധികളില്ലാതെ തന്നെ പിന്മാറാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുമായി ചർച്ച നടത്തണമെങ്കിൽ അവർ ആദ്യം സമരത്തിൽ നിന്നും പിന്മാറണമെന്ന ഉറച്ച നിലപാട് ആരോഗ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു.
രോഗികളെ കാര്യക്ഷമമായി പരിശോധിക്കാൻ സമയം ലഭ്യമാകാത്തതിനാലും തസ്തികകൾ സൃഷ്ടിക്കാതെ ഡോക്ടർമാർക്ക് അധികഭാരം നൽകുന്നതിനാലുമാണ് സമരമെന്നാണ് കെജിഎംഒ എ തത്ത പറയുംപോലെ പറഞ്ഞുകൊണ്ടിരുന്നത്. അധികജോലി ഭാരം എന്ന് ഈ ഡോക്ടർമാർ പരിതപിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് ഇവരുടെ സ്വകാര്യ പ്രാക്ടീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ജോലിക്കു മുന്പും ശേഷവും മിക്കവാറും എല്ലാ സർക്കാർ ഡോക്ടർമാരും തങ്ങളുടെ വീടുകളിൽ സ്വകാര്യപ്രാക്ടീസ് നടത്തുന്നുണ്ടെന്ന് വീടുകളുടെ മുന്നിലുള്ള അവരുടെ ചികിത്സാസമയ ബോർഡുകൾ തന്നെ തെളിയിക്കുന്നു. സർക്കാർ ശന്പളം വാങ്ങുകയും ശന്പളത്തിനു പുറത്ത് സ്വകാര്യപ്രാക്ടീസിലൂടെ കൂടുതൽ പണം സമാഹരിക്കുകയും ചെയ്യാൻ മാത്രമാണ് സർക്കാർ ആശുപത്രിയിൽ നാലുമണിക്കൂർ പോലും തൊഴിലെടുക്കാൻ തയ്യാറല്ലെന്ന തോന്ന്യാസത്തിലേയ്ക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. സർക്കാർ ജോലി ചെയ്യുന്ന ഒരാൾ ജനത്തിന്റെ സേവകനാണെന്ന കാര്യം അവർ മറന്നുപോകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. നൂറു രൂപ കിട്ടിയാൽ ആയിരം രൂപയുടെ സേവനം നാട്ടുകാർക്ക് നൽകാൻ ബാധ്യതപ്പെട്ടവർ തന്നെയാണ് അവർ. സംസ്ഥാനത്തെ 4300 ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർ ലീവെടുക്കുന്ന അവസരങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നൽകുന്ന റിസർവ് ടീം ഉണ്ടാക്കുമെന്നും രോഗികൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ ഘട്ടം ഘട്ടമായി ആവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്ന കാര്യം ആലോചിക്കുമെന്നും മാത്രമാണ് സമരം പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാട്.
12 ശതമാനത്തോളം വരുന്ന ദരിദ്രരായ ജനതയുള്ള നാടാണ് കേരളം. മത്സ്യത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരും കൈത്തൊഴിൽകാരും മൺപാത്ര നിർമ്മാണക്കാർക്കിടയിലും ചില പ്രത്യേക സമുദായങ്ങൾക്കിടയിലും സാമൂഹ്യവിഭാഗങ്ങൾക്കിടയിലും പട്ടിണിഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് കേരള സർക്കാർ തുറന്നു സമ്മതിക്കുന്ന കാര്യമാണ്. അത്തരക്കാർക്കിടയിൽ ജീവിതസാഹചര്യങ്ങൾ മൂലം രോഗപീഡകളും മറ്റു വിഭാഗക്കാരേക്കൾ കൂടുതലാണെന്നതാണ് സത്യം. സർക്കാർ ആശുപത്രികളിലെത്തുന്ന ഭൂരിപക്ഷം രോഗികളും ദരിദ്രവിഭാഗത്തിൽപ്പെട്ടവരാണെന്ന കാര്യം ഡോക്ടർമാർക്കു തന്നെ നന്നായി അറിയാവുന്നതുമാണ്. നമ്മുടെ സർക്കാർ ആശുപത്രികളിലാകട്ടെ 50 പേരെ ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് അഞ്ഞൂറിലധികം പേർ കിടത്തിചികിത്സിക്കേണ്ടവിധം രോഗം മൂർച്ഛിച്ച് എത്തുന്നുവരുമാണെന്നതാണ് ദയനീയമായ കാര്യം. രോഗികൾ ആശുപത്രി വരാന്തയിലും മറ്റു രോഗികളുടെ കട്ടിലിലുമൊക്കെയായി കിടക്കുന്ന കാഴ്ച സാധാരണവുമാണ്. ഗ്രാമീണ സേവനത്തിന് മടി കാട്ടുന്നവരുമാണ് മിക്കവാറും സർക്കാർ ഡോക്ടർമാരും. മെഡിക്കൽ കോളെജുകളിൽ സർക്കാരിന്റെ സബ്‌സിഡിയോടെ കുറഞ്ഞ ചെലവിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ ഡോക്ടർമാർക്കും നിർബന്ധിതമായി ഗ്രാമങ്ങളിൽ പ്രാക്ടീസ് ഏർപ്പെടുത്തുവാൻ മുന്പ് ശുപാർശ ഉണ്ടായിട്ടും ഇന്നും അത് നടപ്പായിട്ടില്ല താനും. പല ഡോക്ടർമാരും സർക്കാർ സർവീസിൽ പ്രവേശിച്ചാലുടനെ അവധിയെടുത്ത് വിദേശത്ത് ജോലിക്കു പോകുന്ന അവസ്ഥയും കേരളത്തിലുമുണ്ട്. ചട്ടങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി, ഇത്തരക്കാരെ പിരിച്ചുവിട്ട്, മറ്റ് യുവാക്കൾക്ക് തൊഴിൽ നൽകാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകേണ്ടതുമുണ്ട്.
സ്വകാര്യമേഖലയ്ക്ക് ആരോഗ്യരംഗത്ത് പിടിമുറുക്കാൻ അവസരം നൽകുന്ന പന്ത്രണ്ടാം പഞ്ചവൽസരപദ്ധതിയും സർക്കാർ ആശുപത്രിയുടെ കെട്ടിടങ്ങൾ സ്വകാര്യ ആശുപത്രികളുടെ ഉപയോഗത്തിനായി നൽകാനുള്ള തീരുമാനവുമൊക്കെ ഭാവിയിൽ ആരോഗ്യരംഗം പൂർണമായും സ്വകാര്യ ആശുപത്രി മാഫിയകളുടെ കൈകളിലെത്തിച്ച്, പൊതുജനാരോഗ്യരംഗത്തെ അപ്പാടെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമാണ്. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് പൊതുജനാരോഗ്യരംഗത്തെ നിലനിർത്താനായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സംവിധാനങ്ങൾ ഇന്ത്യയിൽ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി 2015-16ലെ സാന്പത്തിക സർവേ വ്യക്തമായി പറയുന്നുണ്ട്. നാഷണൽ സാന്പിൾ സർവേ ഓർഗൈനസേഷന്റെ കണക്കുകൾ നിലവിൽ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് (പ്രസവം ഒഴിച്ച്) സർക്കാർ ആശുപത്രികളിലേതിനേക്കാൾ നാലിരട്ടിയാണെന്നാണ് സാന്പത്തിക സർവേ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഒരാൾ ശരാശരി 25,850 രൂപ ചെലവിടുന്പോൾ സർക്കാർ ആശുപത്രിയിൽ ശരാശരി നിരക്ക് 6120 രൂപയേ ആകുന്നുള്ളു. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങളും കെട്ടിടങ്ങളും വലിയ ശന്പളം വാങ്ങുന്ന ഡോക്ടർമാരുമൊക്കെ ഉള്ളതിനാലും ലാഭേച്ഛയോടു കൂടി മാത്രം പ്രവർത്തിക്കുന്നതു കൊണ്ടുമാണ് അവർക്ക് വലിയ ഫീസ് ചികിത്സയ്ക്ക് ഈടാക്കേണ്ടി വരുന്നതെന്നാണ് അവരുടെ ന്യായീകരണം. പക്ഷേ അത് ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതകളാണ് വിളിച്ചോതുന്നതെന്നതാണ് വാസ്തവം. ഗ്രാമീണ മേഖലയിലാണ് ഇതിന്റെ ഏറ്റവും കടുത്ത വെല്ലുവിളികൾ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്നത്. ഒരു അസുഖം വരുന്നതോടെ ജീവിതകാലത്ത് താനുണ്ടാക്കിയ മുഴുവൻ സന്പാദ്യവും ജീവൻ നിലനിർത്താനായി ചെലവഴിക്കേണ്ടി വരികയും പിന്നീട് കുത്തുപാളയെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്തിനധികം പറയുന്നു, പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും പണമില്ലാത്തതിനാൽ അവരെ മരണത്തിനു വിട്ടുകൊടുക്കുന്നത് ഒരു തരത്തിലും അനുവദിക്കാനാകുന്ന കാര്യമാണെന്നും ഹൈക്കോടതി ഒരുവിധിന്യായത്തിൽ പ്രസ്താവിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിൽ ആധുനിക വൈദ്യശാസ്ത്രത്തിനായി മൊത്തം 1281 സ്ഥാപനങ്ങളാണ് ആകെയുള്ളത്. ഇവയിലാകെ കൂടി 38,241 ബെഡ്ഡുകളാണ് ആകെയുള്ളത്. മൂന്നു കോടിയിലധികം വരുന്ന ജനതയ്ക്ക് സർക്കാർ സംവിധാനം ഒരുക്കുന്നത് എത്ര നിസ്സാരമായ എണ്ണം കിടത്തി ചികിത്സാ സംവിധാനമാണെന്ന് നാം തിരിച്ചറിയുന്നത് ഈ കണക്കുകൾ പരിശോധിക്കുന്പോഴാണ്. സംസ്ഥാനത്ത് 38,241 രോഗികളെ ചികിത്സിക്കാൻ ആകെയുള്ള സർക്കാർ ഡോക്ടർമാരാകട്ടെ കേവലം 5061 പേരും. അതായത് 7.56 രോഗികൾക്ക് ഒരു ഡോക്ടർ. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയും സർക്കാർ ആശുപത്രികളിലെ കിടത്തി ചികിത്സാ സംവിധാനവും തമ്മിലുള്ള അനുപാതമാകട്ടെ 873ഉം. നിലവിൽ ഒരു കിടക്കയിൽ 873 പേർ! ഈ അവസ്ഥയിൽ നിന്നുള്ള മാറ്റമാണ് ഇടതുമുന്നണി സർക്കാരിന്റെ ആരോഗ്യവകുപ്പ് ഇപ്പോൾ വിഭാവനം ചെയ്യുന്നത്. പുതിയ ധാരാളം തസ്തികകൾ ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആരോഗ്യവകുപ്പ് ഇതിനകം സൃഷ്ടിക്കുകയും ആശുപത്രികളിലെ ജോലിഭാരം കുറയ്ക്കുകയും ചെയ്തു കഴിഞ്ഞു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങങ്ങളും കമ്യൂണിറ്റിഹെൽത്ത് സെന്ററുകളും മെച്ചപ്പെടുത്തുന്നതു വഴിതന്നെ പൊതുജനാരോഗ്യരംഗം കൂടുതൽ കാര്യക്ഷമമാക്കാൻ നമുക്കു സാധിക്കുമെന്ന കാലങ്ങളായി വിദഗ്ധർ ആവശ്യപ്പെടുന്ന കാര്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റണമെന്നും ആരോഗ്യവിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആരോഗ്യവകുപ്പ് ഈ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുത്ത്, 836 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത് കേരളത്തിൽ പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാനുതകുന്ന ഒരു തീരുമാനമായിരുന്നു. കക്ഷിരാഷ്ട്രീയം നോക്കാതെ കേരളത്തിലെ എല്ലാവരും ആ പദ്ധതിയെ പിന്തുണച്ചതും അതുകൊണ്ടു തന്നെയാണ്. പല വികസിത രാജ്യങ്ങളിലും വിജയകരമായി പ്രാവർത്തികമാക്കപ്പെട്ടിട്ടുള്ള ഇത്തരമൊരു ആരോഗ്യശൃംഖല കേരളത്തിൽ നടപ്പാക്കുന്നതിനെപ്പറ്റി പല ചർച്ചകൾ, പലവട്ടം നടന്നുവെങ്കിലും ഇച്ഛാശേഷിക്കുറവു മൂലം മുൻ സർക്കാരുകൾ അതിനു പച്ചക്കൊടി കാട്ടാതിരിക്കുകയായിരുന്നു. അത് നടപ്പാക്കാനുള്ള ആത്മാർത്ഥതയും ആത്മാർപ്പണവും കാണിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു.
അതേപോലെ തന്നെ, താലൂക്ക്, ജില്ലാ ആശുപത്രികളിൽ വിദഗ്ധ ചികിത്സയും സ്‌പെഷ്യാലിറ്റി സേവനവും വാഗ്ദാനം ചെയ്യപ്പെടും രീതിയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ജൻ ഔഷധി മരുന്നു കേന്ദ്രങ്ങൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും സ്ഥാപിക്കുക വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇത്തരം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുക വഴിയും പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കേരളത്തിനാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനൊപ്പം സർക്കാർ ആശുപത്രികളിൽ ജീവിതശൈലി രോഗ ക്ലിനിക്കുകളും മലപ്പുറത്ത് സർക്കാർ താലൂക്ക് ആശുപത്രിയിൽ 2016ൽ ആരംഭിച്ച കോസ്‌മെറ്റിക് ക്ലിനിക്കുകൾ പോലുള്ളവ സ്ഥാപിച്ചാൽ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ കൂടുതൽ ആകർഷകമാക്കാനും സാധിക്കും. പക്ഷേ ഈ നീക്കങ്ങളെല്ലാം വിജയിപ്പിക്കുന്നതിന് ഡോക്ടർമാരുടെ സഹായവും സഹകരണവും പിന്തുണയും വലിയ തോതിൽ ആവശ്യമാണ്. കേരളത്തിലെ ഏറ്റവും സാധാരണക്കാരനും ദരിദ്രനുമായ ഏതൊരാൾക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ സേവനരംഗത്തുള്ള ഏതൊരു ഡോക്ടർക്കും ഉത്തരവാദിത്തമുണ്ട്. സ്വകാര്യ പ്രാക്ടീസിന് സമയം കണ്ടെത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സേവനങ്ങൾ ചെയ്യാൻ വിമുഖത കാട്ടുന്ന ഒരു ഡോക്ടറും ആരോഗ്യവകുപ്പിൽ പ്രവർത്തിക്കാൻ അർഹരല്ല. മാപ്പർഹിക്കാത്ത ക്രൂരതയാണ് സമരത്തിന്റെ പേരിൽ അവർ സാധാരണക്കാരായ രോഗികളോട് കാട്ടിയത്.
ഡോക്ടർമാരിൽ ഭൂരിഭാഗവും സമരത്തിനിറങ്ങിയ നാളുകളിൽ, അഞ്ചു ഡോക്ടർമാരുള്ള പെരുന്പാവൂർ കോടനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ മൂന്നു ഡോക്ടർമാരും സമരത്തിലായപ്പോൾ, മെഡിക്കൽ ഓഫീസറായ ഡോക്ടർ വിക്ടർ ജെ ഫെർണാണ്ടസ് അവിടെയത്തിയ പാവപ്പെട്ട രോഗികളെ ഒറ്റയ്ക്ക് പരിശോധിക്കാൻ തയ്യാറായത് വാർത്തയായിരുന്നു. അതുപോലുള്ള മനുഷ്യത്വമുള്ള ഒരുപാട് ഡോക്ടർമാർ സർക്കാർ സർവ്വീസിലുണ്ട്. പക്ഷേ കെജി എംഒഎയെ പോലുള്ള അവരുടെ സംഘടനയിലെ നേതാക്കൾക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാൽ മറ്റുള്ളവരും സംഘടനയെ ഭയന്ന് ക്രൂരന്മാരാകാൻ വിധിക്കപ്പെടുന്നുവെന്നു മാത്രം! ഇനിയും ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഘടനയിൽ ഈ ഡോക്ടർമാരാണ് സമ്മർദ്ദം ചെലുത്തേണ്ടത്!