ബലാത്സംഗം ഒരു രാഷ്ടീയ പ്രവർത്തനമായി മാറുന്പോൾ!
ഇ.പി അനിൽ
epanil@gmail.com
1980കൾക്കു ശേഷം ജമ്മുകശ്മീരിലെ തീവ്രവാദികളും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വാർത്തകളാണ് എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്തുവന്ന സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചു എന്നു കാണാം. മതവെറിയിൽ എല്ലാ തിന്മകളുടെയും ബീഭത്സരൂപമായി മാറിയ ക്ഷേത്ര പൂജാരിയും മുൻ പോലീസ് ഉദ്യോഗസ്ഥനും മറ്റുള്ളവരും ഇന്ത്യക്കാരാണ് എന്നു പറയേണ്ടി വരുന്നതിലൂടെ ഇന്ത്യൻ ജനതക്കുണ്ടായ നാണക്കേടു മാറ്റുവാൻ എത്രകാലം നാം കാത്തിരിക്കേണ്ടി വരും?
ഏതൊരു രാജ്യത്തിന്റെയും എക്കാലത്തെയും മഹത്തായ സ്വത്തുക്കൾ അവിടെയുള്ള സ്ത്രീകളും കുട്ടികളുമാണെന്ന് അംഗീകരിക്കാത്തവരായി ആരും തന്നെ ഉണ്ടാകാതിരിക്കില്ല. പുരാണങ്ങളിലും ആധുനിക യുദ്ധമുഖത്തും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ മാനിക്കുന്നതിൽ അന്തർദേശീയമായ നിലപാടുകൾ പണ്ടു നാട്ടുരാജ്യങ്ങളും ഇന്ന് ദേശീയ ഐക്യരാഷ്ട്ര സഭകളും പുലർത്തി വരുന്നു. ഇന്ത്യയുടെ പാരന്പര്യത്തെ പരിചയപ്പെടുത്തുന്നവർ പുരാതന കാലത്തെ യുദ്ധങ്ങൾ തന്നെ ഉണ്ടായത് സ്ത്രീകളുടെ മാനം കാക്കുവാനാണെന്നു സമർത്ഥിക്കാറുണ്ട്.
ബാല്യത്തിൽ അച്ഛന്റെയും ശേഷം ഭർത്താവിന്റെയും (ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ എന്നർത്ഥം) വാർദ്ധക്യത്തിൽ മകന്റെയും സംരക്ഷണയിൽ ആയിരിക്കണമെന്ന പഴയ കാല ഇന്ത്യൻ ധാരണ യൂറോപ്പിലും അമേരിക്കയിലും മറ്റും നിലനിന്നു. മാനഭംഗത്തിനിരയായ സ്ത്രീയുടെ അച്ഛന് നഷ്ടപരിഹാരം നൽകിയോ പകരം പീഢനം നടത്തിയ വ്യക്തിയുടെ ഭാര്യയെയോ മകളെയോ പീഢനം ഏറ്റുവാങ്ങിയ സ്ത്രീയുടെ അച്ഛനോ ഭർത്താവിനോ കൈമാറണമായിരുന്നു. സ്ത്രീകളെ പുരുഷന്റെ സ്വകാര്യ സ്വത്തായി സൂക്ഷിക്കുക സാധാരണ നാട്ടുനടപ്പായിരുന്നു. ഫ്യൂഡൽ കാലത്ത് സ്ത്രീകളെ പ്രമാണികളുടെ (ജന്മിയുടെ) ഭോഗ വസ്തുവായി കണ്ടിരുന്നു. അവിടെ വിപണി തന്നെ ശക്തമായിരുന്നില്ല എന്നതിനാൽ സന്പന്നരുടെ വ്യക്തിപരമായ ലൈംഗിക ഉപകരണമായി സ്ത്രീകളെ നിലനിർത്തുവാൻ രാജാവും മന്ത്രിമാരും പ്രമാണിമാരും കാട്ടിയ താൽപര്യങ്ങൾക്ക് പിന്നിൽ ആഢ്യത്തം തെളിയിക്കുവാൻ കൂടിയുള്ള അവസരമായി കണ്ടുവന്നു.
പ്രാചീന കാലത്തെ ബുദ്ധി ജീവികൾക്കും സ്ത്രീകളോടുള്ള മനോഭാവം മോശമുള്ളതായിരുന്നു. സ്ത്രീകളുടെ മുകളിൽ വെറുപ്പ് കാണിക്കുന്ന രീതിയെ misogyny എന്ന് പറയും. സ്ത്രീകളെ ഭയക്കുന്ന മാനസിക രോഗത്തെ gynophobia എന്ന് പറയും. ലോകത്തിലെ ആദ്യ ചിന്തകരിൽ അരിസ്റ്റോട്ടിൽ മുതൽ സാഹിത്യ പ്രതിഭകളിൽ അഗ്രഗണ്യരായ ടോൾസ്റ്റോയും മറ്റും സ്ത്രീകളെ രണ്ടാം തരക്കാരായി കാണുവാൻ മടിച്ചില്ല.മതങ്ങളും ഒരു പരിധിവരെ അത്തരം നിലപാടുകൾ എടുത്തു വന്നു. പ്രാചീന കാലം മുതൽ നമ്മുടെ വ്യവസ്ഥിതി സ്ത്രീകളോടായി വെച്ചുപുലർത്തുന്ന സമീപനങ്ങളെ വളർത്തി എടുത്തതിൽ മതങ്ങൾ നൽകിയ സംഭാവനകളെ മറക്കരുത്.
സമൂഹത്തിന്‍റെ രൂപീകരണ ഘട്ടങ്ങളിൽ സ്‌ത്രീ പുരുഷന്‍റെ സഹായി എന്ന പങ്കായിരുന്നില്ല വഹിച്ചിരുന്നത്. ഗോത്ര കാലഘട്ടത്തിനു മുന്‍പുള്ള കുടുംബ ഘടനയിലും മരുമക്കത്തായ സംവിധാനത്തിലും സ്‌ത്രീകൾ പൊതുവെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു. മനുഷ്യൻ കൃഷി ആരംഭിച്ച ശേഷവും സ്‌ത്രീകൾ തന്നെയായിരുന്നു കുലത്തിന്റെ ഉടമകൾ. ആയുധങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തു തുടങ്ങിയ ശേഷം പുരുഷ കേന്ദ്രീകൃതമായ സമൂഹം രൂപം കൊള്ളുവാൻ ആരംഭിച്ചു. പൊതു ദാന്പത്യം സാധാരണമായിരുന്നു. മാതൃത്വത്തിനു മാത്രമാണ് തെളിവ് എന്നതിനാൽ ബന്ധങ്ങൾ സ്‌ത്രീ കേന്ദ്രീകൃതമായിരുന്നു. സ്വകാര്യ സ്വത്ത് ഒരു സാമൂഹിക യാഥാർത്ഥ്യമായതിനു ശേഷമാണ് പുരുഷ കേന്ദ്രീകൃതമായ കുടുംബബന്ധങ്ങൾ ഉരുത്തിരിയുവാൻ തുടങ്ങിയത്. സ്വകാര്യസ്വത്ത് ഒരു മുഖ്യ വിഷയമായപ്പോൾ സ്‌ത്രീകൾ ഒരു വ്യക്തിക്കൊപ്പം ജീവിച്ച് അവരുടെ കുട്ടികൾക്കൊപ്പം എന്ന ആശയത്തിലേയ്ക്ക് കാര്യങ്ങൾ മാറി. അപ്പോഴും ഒരു പുരുഷന് നിരവധി സ്‌ത്രീകളെ നിലനിർത്തുവാൻ അവകാശമുണ്ടായിരുന്നു. പുരാണങ്ങളിൽ ഒരു സ്‌ത്രീ പല പുരുഷന്മാരുടെയും കൂട്ടായ ലൈംഗീക പങ്കാളിയായി തീർന്നത് ഒരു പുരുഷന് പല സ്‌ത്രീകൾ എന്ന കാലത്തിനു മുന്പുള്ള സാമൂഹിക അവസ്ഥയാണ് ഓർമ്മിപ്പിക്കുന്നത്. ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ സഹോദരങ്ങൾ ജീവിത പങ്കാളികളായി വർത്തിക്കുന്നു എന്ന രീതി കഴിഞ്ഞ കുറെ നാളുകൾക്ക് മുന്‍പ് വരെ നമ്മുടെ നാട്ടിലും നിലനിന്നു. സ്വത്ത് വീതം വെക്കാതിരിക്കാൻ ഒരു പൊതുകുടുംബിനി എന്ന രീതി തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും ഉണ്ടായിരുന്നു. ഒരു പുരുഷൻ ഒരു സ്‌ത്രീ എന്ന സങ്കൽപം യൂറോപ്പിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ സജീവമായി.
ഇന്ത്യയിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിൽ സ്‌ത്രീകൾക്ക് നൽകിയ മുന്തിയ പരിഗണന വിധവാ വിവാഹം, സ്വത്ത് സന്പാദിക്കാനുള്ള അവകാശം തുടങ്ങിയ അവസരങ്ങൾ അവർക്ക് നൽകി. കേരളത്തിൽ ബുദ്ധമതം സജീവമായ കാലത്ത് സ്‌ത്രീകൾക്ക് സമൂഹത്തിൽ മുഖ്യ പങ്കാളിത്തമുണ്ടായിരുന്നു. പ്രാചീന കേരള ചരിത്രത്തിൽ നാടുവാഴികളായ സ്‌ത്രീകൾ ഉണ്ടായത് അതിനാലാണ്. എന്നാൽ ഹിന്ദുമതം അതിന്‍റെ എല്ലാ കാലഘട്ടത്തിലും പുരുഷ കേന്ദ്രീകൃതമായിരുന്നു. 1.27 ലക്ഷം പ്രവാചകന്മാരെ പറ്റി പറയുന്ന സെമറ്റിക് മതങ്ങളിൽ സ്ത്രീ പ്രവാചകന്മാർ ഒന്നുപോലുമില്ല. ഹിന്ദു മതത്തിന്‍റെ മുഖ്യഗ്രന്ഥമായി കരുതിവരുന്ന ഭഗവത് ഗീതയിൽ രണ്ടു പാപ യോനികളെ പരാമർശിക്കുന്നതിൽ ഒന്ന് സ്ത്രീയുടെയും മറ്റൊന്ന് ശൂദ്രന്‍റെയും ആണ്. ഒപ്പം മഹാഭാരത യുദ്ധത്തിനു നിദാനം ഒരു സ്‌ത്രീയുടെ ശാപമാണെന്നും കൃഷ്ണൻ മരിക്കുന്നത് സ്ത്രീയുടെ ശാപത്തിലൂടെ യാണെന്നതും സ്‌ത്രീയെ ഒരു അപശകുനമായി വിലയിരുത്തുന്നതിനു തെളിവാണ്. വേദങ്ങൾ പഠിക്കുവാൻ സ്‌ത്രീക്ക് അനുവാദമില്ലാത്തത്, ഗായത്രി മന്ത്രം ചൊല്ലരുത് എന്ന അഭിപ്രായമൊക്കെ സ്‌ത്രീ വിരുദ്ധ നിലപാടുകൾ ആയി മാത്രമേ കാണുവാൻ കഴിയൂ. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ സ്‌ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്പോൾ തന്നെ സ്‌ത്രീനഗ്നപൂജ നടന്ന ക്ഷേത്രങ്ങൾ കഴിഞ്ഞ നാളുകളിൽ കർണ്ണാടകയിലുണ്ടായിരുന്നു. പെരുമാൾ മുരുകൻ തന്‍റെ നോവലിൽ സ്വതന്ത്രമായ ലൈംഗിക വേഴ്ച ചടങ്ങായി ഉള്ള ക്ഷേത്രത്തെ പറ്റി നടത്തിയ ആവിഷ്കാരമാണ് അദ്ദേഹത്തിനെതിരെ വർഗ്ഗീയ ഫാസിസ്റ്റുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ കാരണം. സ്‌ത്രീയെ ആരാധിക്കുന്നുണ്ട് എന്നവകാശപ്പെടുന്ന മതമാണല്ലോ ഹിന്ദുമതം. സ്‌ത്രീയെ നാടിന്‍റെ സുരക്ഷിതത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരായി പരാമർശിച്ച് ആദരവ് നൽകുന്ന ‘ദേശീയത’, സ്‌ത്രീ സ്വതന്ത്രയാണ് തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്നു. നിങ്ങൾ നാടിനു കുഞ്ഞുങ്ങളെ പ്രസവിച്ചു തന്നാൽ മതി എന്ന ഹിറ്റ്‌ലർ വചനങ്ങൾ സ്‌ത്രീകളെ ആരാധനാ പാത്രങ്ങളാക്കുന്നവരാണ് ഹിറ്റ്ലറും കൂട്ടരും (fascism). ഇന്ത്യയിലെ ഹൈന്ദവ ചടങ്ങുകളിൽ അമ്മമാർക്ക് ലഭിക്കുന്ന സ്ഥാനം ഒന്നുകിൽ ദൈവീക പരിവേഷം ഇല്ലെങ്കിൽ അടിമകളാണവർ എന്ന ബോധം ജനിപ്പിക്കുന്നുണ്ട്.
മുതലാളിത്ത ലോകത്ത് സ്ത്രീകൾക്ക് പഴയതിലും സ്വത്രന്ത്ര്യം ആസ്വദിക്കുവാൻ അവസരം ഉണ്ട് എന്ന് പറയുവാനുതകുന്ന നിരവധി ഉദാഹരണങ്ങൾ നിരത്തുവാൻ കഴിയും. എന്നാൽ ഈ വ്യവസ്ഥിതിയിൽ അവരെ വ്യക്തികളുടെ ലൈഗിക സുഖങ്ങൾക്കപ്പുറം കുലത്തിന്‍റെ മഹിമ പേറുവാനുള്ള ചുമതലയിൽ നിന്നും വ്യാപാര ലോകത്തെ ഏറ്റവും ആകർഷകമായ പൊതു ചരക്കായി അവതരിപ്പിക്കുവാൻ ശ്രമിച്ചു. സ്വയം ഉപഭോഗ വസ്തു ആകുന്നതിനൊപ്പം മറ്റുള്ള ഉപഭോഗ വസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന ഉപകരണമായി മാറി. വിനോദ രംഗം വ്യവസായമായി മാറിയ ലോകത്ത് സ്ത്രീകളുടെ ബുദ്ധി−, വ്യക്തിത്വം എന്നിവക്ക് പകരം അവരെ വർണ്ണ നിറമുള്ള ആകർഷക വസ്തുവായി പരിചയപെടുത്തുവാൻ ലോക കന്പോളം ശ്രമിക്കുന്നു.
യുദ്ധ മുഖത്തും വംശീയ −വർഗ്ഗീയ കലാപങ്ങളിലും സ്ത്രീകളെയും കുട്ടികളെയും മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തുന്നു. ഒരു സമൂഹത്തിന്‍റെ ആത്മവിശ്വാസം തർക്കുവാൻ എളുപ്പം കഴിയണമെങ്കിൽ അവരുടെ കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ആക്രമിച്ചാൽ മതി എന്ന Rape culture വളരെ നാളുകളായി ഉപയോഗപ്പെടുത്തുവാൻ അധികാരി വർഗ്ഗം ( അധീശ വർഗ്ഗം) മടിക്കുന്നില്ല. ഹിറ്റ്ലർ പട്ടാളത്തിനെ ഉപയോഗിച്ച് ജൂത സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുവാൻ ശ്രമിച്ചത് യഹൂദരുടെ ഭാവിയെ പറ്റിയുള്ള എല്ലാ പ്രതീക്ഷകളെയും തർക്കുവാൻ വേണ്ടിയായിരുന്നു. സ്ത്രീകളുടെ ഗർഭപത്രം പൊട്ടിച്ച്, കുഞ്ഞുങ്ങളുടെ ശരീരത്തിൽ മാരക വിഷം കുത്തിവെച്ച് നടത്തിയ പീഡനങ്ങൾ ലോക മനസാക്ഷിക്ക് ഇന്നും മറക്കുവാൻ കഴിയുന്നതല്ല.
അമേരിക്കയെ country of Rape എന്നു വിളിച്ചത് കറുത്ത വർഗ്ഗത്തിലെ സ്ത്രീയോടുള്ള സമീപനത്തെ മുൻനിർത്തിയായിരുന്നു.(Rape culture is not mere rape. It is a system of oppression against women where they are targeted on a continuum of violence.) കറുത്തവരെ വെള്ളക്കാർക്ക് ബലാത്സംഗം ചെയ്യുവാൻ അവകാശമുണ്ട് എന്ന് വെള്ളക്കാരുടെ ഭരണകൂടം ഇതിലൂടെ വ്യക്തമാക്കി. മറിച്ചായാൽ തൂക്കു കയറും. (കേരള നാട്ടിലെ ജന്മി കട്ടിൽ ഇതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല). ബോസ്നിയൻ മുസ്ലിംങ്ങളിൽ ഒരാൾ പേലും സമുദായത്തിന്റെ കുട്ടിയെ പ്രസവിക്കരുത്, അവരെ നമ്മുടെ ചെറുപ്പക്കാർ ബലാത്സംഗത്തിന് വിയേയമാക്കി കൊണ്ട് ഗർഭഛിദ്രത്തിന് അനുവദിക്കരുത് എന്നു നിർദേശിച്ചത് സെർബിയൻ ഭരണകൂടമാണ്. 1971ലെ പാക് ബംഗാൾ യുദ്ധത്തിൽ ബംഗാളി സ്ത്രീകളെ പാക് പട്ടാളവും മതമൗലിക വാദികളും കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയത് ലൈംഗിക ആസ്വാദനം എന്ന നൈമിഷിക സുഖത്തിനായിരുന്നില്ല. ഈജിപ്റ്റിൽ നടന്ന മുബാറക്ക് വിരുദ്ധ കലാപവും താഹിർ സ്ക്വയർ സമരവും ബലാത്സംഗ അവസരമായി പട്ടാളക്കാർ ഉപയോഗപ്പെടുത്തി.
ഇന്ത്യൻ ഹൈന്ദവ മതമൗലിക ഗ്രൂപ്പുകളും ഇതിന് സമാനമായി മറ്റ് വംശീയ ശക്തികൾ ചെയ്തുവന്ന രീതികൾ തുടരുവാനാണ് ശ്രമിച്ചു വരുന്നത്. അന്യ സമുദായത്തിൽ പെട്ട സ്ത്രീകളെ മോശക്കാരായി അവതരിപ്പിക്കുന്നതിലൂടെ ആ വിഭാഗം തന്നെ ലോകത്തിനപമാനമാണ് എന്ന് സ്ഥാപിക്കുക ഒരു തരത്തിലുള്ള മാനസികമായ ആക്രമണമാണ്. കൂട്ട ബലാത്സംഗം, ഗർഭിണികളെ കൊലപ്പെടുത്തലുകൾ, ലൈംഗിക ആക്രമണങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ എല്ലാം തന്നെ ഒരു സമൂഹത്തെ ആശയപരമായി തകർക്കുക എന്ന സമീപനത്തിന്‍റെ ഭാഗമാണ്. കാന്‍പൂർ, നെല്ലി, ബോംബെ, ഗുജറാത്ത് കലാപങ്ങളിൽ ഇത്തരം ശ്രമങ്ങൾ നടന്നത് ഇവിടെ ഓർക്കേണ്ടതാണ്. കാണ്ടമാനിൽ കന്യാസ്ത്രീമാരെ ബലാത്സംഗം ചെയ്തു വലിച്ചെറിഞ്ഞതിനു പിന്നിൽ പ്രവർത്തിച്ച മനോനില ക്രിസ്തുമത മെഷിനറിമാരോടുള്ള വിദ്വേഷം ആയിരുന്നു. കുഷ്ഠ രോഗികൾക്കായി ശുശ്രൂഷകൾ നടത്തിയ ഓസ്ട്രേലിയക്കാരെ കൊലപ്പെടുത്തിയവരുടെ മനോനിലയും അന്യമത വിദ്വേഷം അല്ലാതെ മറ്റൊന്നും ആല്ല.
ജമ്മു കാശ്മീരിന്റെ ചരിത്രം ഇന്ത്യൻ സെക്യുലരിസത്തെ ഏറെ പ്രചോദിപ്പിച്ച ചരിത്രം കൂടിയാണ്. ഇന്ത്യൻ യൂണിയനിൽ ചേരുവാൻ മടിച്ചു നിന്ന ദോഗ്ര രാജാവിനെ പുറത്താക്കുവാൻ ഒറ്റകെട്ടായിരുന്ന കാശ്മീർ സിംഹവും അദ്ദേഹത്തിന്റെ നാട്ടുകാരായ പണ്ധിറ്റുകളും കാട്ടിയ സമരവീര്യവും മറക്കുവാൻ കഴിയുന്നതല്ല. ലഡാക്കിലെ ബുദ്ധമത വിശ്വാസികളുടെ സാഹോദര്യവും ജമ്മുവിലെ ഭൂരിപക്ഷമതമായ ഹിന്ദുക്കളുടെ സ്നേഹവും നിറഞ്ഞ ഏറ്റവും മനോഹര ഭൂപ്രദേശം പക്ഷെ ഇന്നു കലുഷിതമാണ്.
പൊതുവെ സാന്പത്തികമായ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന വ്യത്യസ്ത ഗ്രൂപ്പിൽ പെട്ട ഇസ്ലാം സമുദായത്തെ മൊത്തത്തിൽ തീവ്രവാദികളുടെ ഏജന്റുമാരായി കണ്ട് അവരെ ഇന്ത്യ വിരുദ്ധരായി ചിത്രീകരിക്കുക എന്ന ആർ.എസ്.എസ് തന്ത്രത്തിന് നൂറ്റാണ്ട് പഴക്കമുണ്ട്. നെതന്യാഹുവും മുൻഗാമികളും യഹൂദരെ ഗാസയിലും മറ്റും ബോധപൂർവ്വം താമസിപ്പിക്കുവാൻ തീരുമാനിക്കുന്ന രീതിയിൽ തന്നെ, കശ്മീരിൽ പട്ടാളത്തിൽ നിന്നും പിരിഞ്ഞു വരുന്നവരെ അവിടെ കടത്തുവാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾക്ക് പിന്നിൽ കാശ്മീരിന്റെ പ്രത്യേക പദവിയും മറ്റും തിരുത്തി എഴുതുക എന്ന ലക്ഷ്യം പ്രവർത്തിക്കുന്നു.
കാശ്മീർ താഴ്്വരയിലെ സുന്നികളായ മുസ്ലീങ്ങൾ വിനോദ സഞ്ചാരരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അമർനാഥ് ഗുഹ കണ്ടെത്തിയത് ആട്ടിടയനായ ബുട്ടാ മാലിക് ആയിരുന്നു. അമർനാഥ് യാത്രക്കായി വഴി ഒരുക്കുന്നതും കുതിര സവാരിക്കാരെ സഹായിക്കുന്നതും മുസ്ലിം സഹോദരങ്ങൾ തന്നെ. കാശ്മീരിൽ മുസ്ലീം സമൂഹം എണ്ണത്തിൽ ഭൂരിപക്ഷമാണെങ്കിലും അവർ സാന്പത്തികമായി പിന്നോക്കമായി തുടരുന്നു.
ബക്കർവാല (ബക്കരി വാല) /ഗുജ്ജാർ / സമുദായം രാജ്യത്തെ എസ്.ടി വിഭാഗത്തിൽ പെടുന്നു. ഹൈന്ദവ മുസ്ലീം സിക്ക് സമുദായങ്ങളോട് ബന്ധമുള്ള ബക്കർ വാലകൾ വൈശാഖി, ലോറി പോലെയുള്ള ഹൈന്ദവ ആഘോങ്ങൾ നടത്തുന്നവരാണ്. സ്വന്തം ഭൂമി എന്ന സങ്കൽപ്പം ഇല്ലാതിരുന്ന ഇവരുടെ ആസ്തി ആടുകളും മറ്റു നാൽകാലികളും മാത്രമായിരുന്നു. പാകിസ്ഥാൻ പസ്തൂനികളുടെ 47ലെ കടന്നുകയറ്റത്തെ പ്രതിരോധിച്ച ബക്കർവാലകൾ, 1965 യുദ്ധത്തിൽ സവാജിയാൻ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തിയതിനെ മാനിച്ച് അശോക്‌ചക്ര നൽകിയാണ് രാജ്യം ആദരിച്ചത്.(മൗലവി ഗുലാം ദിൻ എന്ന ബകർവാലക്ക് അശോക്‌ചക്ര നൽകി.) 1971ലെ യുദ്ധത്തിൽ മാലിബി എന്ന ഗുജ്ജാർ− ബകർവാല വനിതയെയും സൈന്യം ആദരിച്ചു. 1999ൽ നടന്ന കാർഗിൽ നുഴഞ്ഞുകയറ്റം ആദ്യമായി ഇന്ത്യൻ പോസ്റ്റുകളിൽ അറിയിച്ചത് ബകർവാല ആട്ടിടയന്മാർ ആയിരുന്നു.
കേന്ദ്ര സർക്കാർ PCA Act ലൂടെ ബക്കർവാലകൾക്ക് തങ്ങളുടെ കന്നുകാലി സന്പത്ത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകണം എങ്കിൽ ജില്ലാ മജിസ്ട്രേറ്റ് നൽകുന്ന ഉത്തരവ് കൈയിൽ വയ്ക്കണം എന്നു നിഷ്കർഷിച്ചു. ഉദ്യോഗസ്ഥരും, കൗ വിജിലന്റ്് ഗ്രൂപ്പുകളും (RSS )ഇതിന്‍റെ പേരിൽ ഇവരെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായി.
രാജ്യത്ത് ഉണ്ടായിട്ടുള്ള നിരവധി വർഗീയ കലാപങ്ങൾക്കും പിന്നിൽ ഒരു സാന്പത്തിക ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ പോലും ചാല വർഗീയ കലാപത്തിൽ അത് നമ്മൾ കണ്ടതാണ്. ശത്രുക്കളുടെ സ്ഥാപനങ്ങൾ കൊള്ളയടിച്ചു തീ കത്തിക്കുവാൻ ഇരു ചേരികളും കാട്ടുന്ന താൽപര്യത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് സാന്പത്തിക ലക്ഷ്യം അല്ലാതെ മറ്റൊന്നുമല്ല. ദരിദ്രരായി ജീവിക്കുന്ന ബക്കർ വാലകളെ ആക്രമിക്കുവാൻ അവിടെയുള്ളവർ തീരുമാനിച്ചതും ഭൂമിയുമായി ബന്ധപെട്ട താൽപര്യങ്ങൾ ആണ്. ബോംബെ കലാപങ്ങൾക്ക് ശേഷം കത്തിയമർന്ന ചേരികളിൽ പിന്നീട് ഉയർന്നത് വൻകിട കച്ചവട സമുച്ചയങ്ങൾ ആയിരുന്നു.
ഒരു പിഞ്ചു പെൺകുട്ടിയെ (അതും വ്യക്തിപരമായോ കുടുംബപരമായോ ശത്രുത ഇല്ലാത്ത) ആളുകൾ ക്ഷേത്രത്തിൽ ബലമായി എത്തിച്ച് ഒരഴ്ചയോളം ലൈംഗിക പീഡനങ്ങൾ നടത്തിയ ശേഷം പൈശാചികമായി കൊലപ്പെടുത്തുക! ആർക്കാണ് ഇതിനു കഴിയുക? ഒരാൾക്കും കഴിയുകയില്ല. പക്ഷേ മതം ഭ്രാന്തായി തീരുന്പോൾ ശത്രുക്കളെ അതിഭീകരമായി പിച്ചി ചീന്തുവാൻ അതിലെ അണികളെ മത ഗുണ്ടാസംഘങ്ങൾ പഠിപ്പിക്കുന്നു. ബോക്കൊഹറാമും ISI യും തങ്ങളുടെ വിശ്വാസത്തിനു പുറത്തു നിൽക്കുന്നവരെ പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടുന്നത് ലോകത്തെ എല്ലാ ഫാസിസ്റ്റ് സംഘടനകളും അവലംബിക്കുന്ന രീതിയാണ്. ആതാണ് എട്ട് വയസുകാരിയായ കൊച്ചു മിടുക്കിയിൽ ഇന്ത്യൻ ഫാസ്സിസ്റ്റുകൾ ചെയ്തത്. ഇത്തരം ശ്രമങ്ങൾ നടത്തിയവരെ ശിക്ഷിക്കുവാൻ ശ്രമിക്കുന്നവരെ ഭീക്ഷണി പെടുത്തുവാൻ ഇന്ത്യയിലെ ഭരണ കക്ഷിയും മന്ത്രിമാരും ഉണ്ടാകുന്പോൾ നമ്മുടെ രാജ്യം അതിദാരുണമായ ദുരന്തത്തിന്‍റെ വക്കിൽ എത്തിയിരിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.
എട്ടു വയസുകാരി അതിപൈശാചികമായി കൊലചെയ്യപ്പെട്ടിട്ടും, ദേവാലയത്തെ കൊലപാതകത്തിനായി ഉപയോഗിച്ചിട്ടും, കുറ്റവാളികളെ രക്ഷിക്കുവാനായി ബി.ജെ.പി മന്ത്രിമാർ ത്രിവർണ്ണ പതാകയുമായി രംഗത്തിറങ്ങിയിട്ടും കൊലപാതകികളെ ന്യായീകരിക്കുന്നവരായി ചിലരെങ്കിലും കേരളത്തിലുണ്ട് എന്നത് ഭയം ജനിപ്പിക്കുന്നുണ്ട്.
ഫാഷിസം കേവല രാഷ്ട്രിയ ക്രിമിനലിസമല്ല. അത് ഭീതി ജനിപ്പിക്കുന്ന മനോവൈകൃത −രാഷ്ട്രീയ മുഖവുമാണ്.