നി­ഴൽ­യു­ദ്ധം കനക്കു­ന്പോ­ൾ


വി.ആർ സത്യദേവ്

പേര് സിറിയൻ ആഭ്യന്തര യുദ്ധമെന്നാണ്. നടക്കുന്നത് ചരിത്രമുറങ്ങുന്ന സിറിയൻ മണ്ണിലുമാണ്.  യുദ്ധക്കെടുതിയിൽ നട്ടം തിരിയുന്നത് സിറിയയിൽ പിറന്ന സിറിയക്കാരാണ്. അവർ പക്ഷേ വ്യത്യസ്ഥ പക്ഷങ്ങളിലാണ്. അവരുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും തികച്ചും വ്യത്യസ്ഥമാണ്. അവർക്കും നമ്മളെപ്പോലെ ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അറബ് വസന്തത്തിൻ്റെ ചൂടും ചൂരുമുൾക്കൊണ്ടാരംഭിച്ച ആഭ്യന്തര യുദ്ധം ഒരു ജനതയുടെ ആശാഭിലാഷങ്ങളെ തച്ചു തകർത്തിരിക്കുന്നു. അവരുടെ ഭാവിയും സ്വപ്നങ്ങളും തല്ലിക്കെടുത്തിയിരിക്കുന്നു. ആരുവിജയിച്ചാലും ആരെക്കെ പരാജയപ്പെട്ടാലും ഈ പോരാട്ടം എന്നെങ്കിലും അവസാനിച്ചാൽ അന്ന് അതിന്റെ ഫലങ്ങളനുഭവിക്കാൻ ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യനും സംസ്കാരവും വളർന്നുല്ലസിച്ച ആ മണ്ണിൽ ആരെങ്കിലുമൊക്കെ ബാക്കിയുണ്ടാകുമോ എന്ന കാര്യം സംശയകരമാണ്.

യുദ്ധങ്ങൾ പണ്ടൊക്കെ വിജയിയെ നിശ്ചയിക്കാനുള്ളവയായിരുന്നു. ഇന്നുപക്ഷേ യുദ്ധം സർവ്വ നാശത്തിന് വഴിവയ്ക്കുന്നതായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പോരിൽ ഇരുപക്ഷത്തും നിലയുറപ്പിക്കുന്നവരുടെ ലക്ഷ്യങ്ങൾ പ്രത്യക്ഷത്തിൽ നമ്മളൊക്കെ കാണുന്നത് ആവണമെന്നില്ല എന്ന സ്ഥിതി സംജാതമാകുന്പോൾ. സിറിയയിൽ ഒരു ആഭ്യന്തര യുദ്ധം നടക്കുന്പോൾ സാധാരണ ഗതിയിൽ അത് സിറിയക്കാർ തമ്മിലാവണം. അത് സിറിയയുമായി ബന്ധപ്പെട്ട് ഗുണ ദോഷങ്ങളെച്ചൊല്ലിയുള്ളതുമാവണം. സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലിയും പ്രസിഡണ്ട് ബഷർ അൽ അസദ് തുടരണമോ എന്നതിനെച്ചൊല്ലിയുമൊക്കെയാണ് ആഭ്യന്തര യുദ്ധമെന്നതാണ് പറച്ചിൽ. എന്നാൽ യാഥാർത്ഥ്യങ്ങൾ ഇതിനും അപ്പുറത്താണ്. 

ആഭ്യന്തര യുദ്ധമെന്ന വിളിപ്പേരുണ്ടെങ്കിലും നിലവിൽ സിറിയൻ മണ്ണിൽ നടക്കുന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് സിറിയൻ സർക്കാർ സേനയോ വിമതസേനയോ അല്ല എന്നത് വ്യക്തം. അത് രണ്ടു ലോക ശക്തികൾ തമ്മിലുള്ള പോരാണ് എന്നത് പകൽപോലെ വ്യക്തമായിക്കഴിഞ്ഞു. ഇതുവരെ ഒരുപക്ഷത്തിന് റഷ്യയും മറുപക്ഷത്തിന് അമേരിക്കയും പിന്തുണയും മുൻതുണയുമൊക്കെ നൽകുകയായിരുന്നു. ഇപ്പോഴാവട്ടെ ആക്രമണങ്ങൾ നടത്തുന്നത് ഈ രണ്ട് രാജ്യങ്ങൾ തന്നെയാണ്. ആക്രമണം നടക്കുന്ന മണ്ണ് സിറിയയാണ്. തത്വത്തിൽ അത് സിറിയൻ പക്ഷങ്ങൾക്ക് വേണ്ടി സിറിയക്കാർ നടത്തുന്ന പോരാണ്. പക്ഷേ ഇപ്പോൾ പ്രത്യക്ഷത്തിൽ തന്നെ ആ പോര് അമേരിക്കയും റഷ്യയും തമ്മിൽ തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു ലക്ഷ്യത്തിലേക്കുള്ള ആക്രമണം. അതിനുള്ള തിരിച്ചടി എന്ന തലത്തിലാണ് നിലവിൽ പോരാട്ടം മുറുകുന്നത്. ഇത് തൽസമയമായിട്ടില്ല എന്നതു മാത്രമാണ് അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്ന കാര്യം. 

ആയുധപ്പോരാട്ടം മാത്രമല്ല വർത്തമാനകാലത്ത് യുദ്ധമുഖം. നയതന്ത്ര തലത്തിലുള്ള യുദ്ധത്തിന് ഇക്കാലത്ത് സായുധ പോരാട്ടത്തിനൊപ്പമോ അതിനെക്കാൾ കൂടുതലോ ശക്തിയുണ്ട്. സിറിയൻ പ്രശ്നത്തിൽ റഷ്യയും അമേരിക്കയുമായുള്ള നയതന്ത്ര പോരാട്ടം ഇപ്പോൾ തുടങ്ങിയതല്ല. സിറിയക്കെതിരെയുള്ള ഏകപക്ഷീയ സൈനിക നടപടിക്കുള്ള അമേരിക്കൻ നീക്കം റഷ്യ വീറ്റോ ചെയ്തിടത്ത് ആ ഏറ്റുമുട്ടൽ ഏറ്റവും ശക്തമായതുമാണ്.

കഴിഞ്ഞ ദിവസം നടന്ന രാസായുധാക്രമണത്തോടേയാണ് അത് കൂടുതൽ ശക്തമായത്. സിറിയൻ തലസ്ഥാനമായ ദമാസ്കസിന് അടുത്തുള്ള വിമത ശക്തികേന്ദ്രമായ ഗൗട്ടയിൽ നടന്ന രാസായുധാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 70 പേർ കൊല്ലപ്പെട്ടിരുന്നു. നടന്നത് രാസായുധാക്രമണമാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച ബിബിസിയടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ആക്രമണത്തെ അമേരിക്ക അപലപിക്കുകകയും ടുടർന്ന് പ്രത്യാക്രമണം നടത്തുകയും ചെയ്തു. എന്നാൽ രാസായുധാക്രമണം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഭാവനാ സൃഷ്ടി മാത്രമാണെന്നതായിരുന്നു സിറിയൻ സർക്കാരിന്റെ നിലപാട്. ഈ നിലപാടു തള്ളിക്കൊണ്ടാണ് ആക്രമണം റഷ്യ നടത്തിയതാണെന്ന് അമേരിക്ക ആരോപിച്ചത്. ഇതിനെച്ചൊല്ലി ഐക്യരാഷ്ട്ര സഭയിൽ റഷ്യക്കെതിരായ അതിശക്തമായ നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. സംഗതി ഇപ്പോൾ സിറിയയെക്കാളേറെ റഷ്യയുടെ അഭിമാനപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പോരിൽ സിറിയയ്ക്ക് നിലവിൽ കാര്യമായ റോളുണ്ടോ എന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളഉടെ പോക്ക്.  

പോര് റഷ്യയും അമേരിക്കയും തമ്മിലായിരിക്കുന്നു. അതിന് സിറിയയുടെ പേരു പറയുന്നു എന്നു മാത്രം. ഇങ്ങനെ നേരിലല്ലാതെ ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ കാര്യങ്ങളുടെ പേരിൽ അമേരിക്കയും റഷ്യയും പരസ്പരം കൊന്പു കോർക്കുന്നത് ഇത് ആദ്യമായല്ല. 1947 മുതൽ 1989 വരെ നീണ്ടു നിന്നതായിരുന്നു ആ പോര്. പരസ്പരം ആയുധങ്ങൾ പ്രയോഗിക്കാതെ, ശത്രുതയ്ക്ക് ഒട്ടും കുറവു വരാതെ, വീര്യം ഒട്ടും ചോരാതെ രണ്ടു വൻശക്തികൾ കണ്ണിമ പൂട്ടാതെ പരസ്പരം കൊന്പു കോർക്കാതെ കോർത്ത ആ പോരാട്ടത്തിനു പേര് ശീതയുദ്ധമെന്നായിരുന്നു. ആഴിയുടെ ആഴങ്ങൾ തൊട്ട് കരയിലും ആകാശത്തിലും അനന്ത ബഹിരാകാശത്തോളവും വളർന്ന ദശാബ്ദങ്ങൾ നീണ്ട പോര്. ലോകസമാധാനത്തിനു മുകളിൽ നിഴൽ പരത്തിയ കറുത്ത, കനത്ത യുദ്ധം. കോടികളും സഹസ്രകോടികളും വാരിയെറിഞ്ഞു നടത്തിയ മേധാവിത്വത്തിനായുള്ള പോരാട്ടം. അതേ ശീത യുദ്ധത്തിന്റെ പുനരാവർത്തനമാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇപ്പോൾ വ്യക്തമാവുന്നത്. ഓർമ്മയിൽ നിറയുന്നത് അതേ ശീത യുദ്ധത്തിന്റെ ചരിത്രവും. ചരിത്രം പലപ്പോഴും പുനരാവർത്തനങ്ങളാണ്. അവിടെ അന്തിമ വിജയം സമാധാനത്തിനാവട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. 

You might also like

Most Viewed