പക്കോഡക്കാരുടെ ഇന്ത്യ?
ജെ. ബിന്ദുരാജ്
തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി മറ്റ് തൊഴിലാളികൾ തമ്മിൽ പരസ്പരം പറയുന്ന ഒരു തമാശയുണ്ട്. കൊച്ചുവർത്തമാനം പറഞ്ഞിരിക്കാനും വഴിയരികിലെ പുല്ല് കുറച്ചൊന്ന് ചെത്തി പിന്നെ ബാക്കി സമയം ഉറങ്ങാനുമുള്ള പദ്ധതിയാണത്രേ അത്. കേരളത്തിൽ പലയിടത്തും അതുകൊണ്ടു തന്നെ തൊഴിലുറക്കം എന്നാണ് എംജിഎൻആർഇജിഎ അറിയപ്പെടുന്നത്. അതെന്തു തന്നെയായാലും ഗ്രാമീണർക്ക് കൂടുതൽ മെച്ചപ്പെട്ട സാന്പത്തിക സ്ഥിതി ഉണ്ടാക്കുന്നതിനും പട്ടിണി പരമാവധി ഒഴിവാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഗ്രാമീണജനതയ്ക്ക്, മുഖ്യമായി സ്ത്രീകൾക്ക് സാന്പത്തികഭദ്രത ഉണ്ടാക്കാനും കുടുംബങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനും തൊഴിലുറപ്പ് പദ്ധതി ചെലുത്തിയ സ്വാധീനം ചെറുതല്ല. 2015−-16ൽ മാത്രം കേരളത്തിൽ ദരിദ്രരായ 34,956 കുടുംബങ്ങൾക്ക് പേർക്ക് വീട് നിർമ്മിച്ചു നൽകാനും കോഴി വളർത്തലിലൂടെ അധിക വരുമാനമുണ്ടാക്കാൻ 28,776 കുടുംബങ്ങൾക്കുമായി. മൊത്തം 1610 കോടി രൂപയാണ് പദ്ധതിക്ക് ചെലവാക്കുന്നതിനായി ആ വർഷം ലഭിച്ചത്. ഇതിൽ 1526 കോടി രൂപ കേന്ദ്രവിഹിതവും 25 കോടി രൂപ സംസ്ഥാന വിഹിതവും 54 കോടി രൂപ കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പുമായിരുന്നു. 1483 കോടി രൂപയാണ് മൊത്തം ചെലവായ തുക. 16.65 ലക്ഷം കുടുംബങ്ങളാണ് ഈ പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ടത്. അതിൽ 15.06 ലക്ഷം കൂടുംബങ്ങൾക്ക് തൊഴിൽ നൽകാൻ സർക്കാരിനായി. ഒരു കുടുംബത്തിന് ശരാശരി 49 ദിവസത്തെ തൊഴിൽ നൽകാൻ കഴിഞ്ഞുവെന്നതിനു പുറമേ സ്ത്രീകളുടെ പങ്കാളിത്തം 91 ശതമാനവും പട്ടികജാതിക്കാരുടെ പങ്കാളിത്തം 17 ശതമാനവും പട്ടിക വർഗക്കാരുടെ പങ്കാളിത്തം 4 ശതമാനവുമായിരുന്നു. 1,65,962 കുടുംബങ്ങൾക്ക് നൂറു ദിവസവും പദ്ധതി പ്രകാരം തൊഴിൽ നൽകാൻ സാധിച്ചു. മൊത്തം 2,13,927 ജോലികൾ ആരംഭിച്ചതിൽ 1,59,384 ജോലികൾ പൂർത്തിയാക്കാനും സംസ്ഥാനത്തിനായി. പ്രകൃതി വിഭവ മാനേജ്‌മെന്റ് രംഗത്ത് ജലസംരക്ഷണരംഗത്ത് 31,843 ജോലികൾ ഏറ്റെടുത്തെങ്കിൽ ജലസേചന രംഗത്ത് 13,308 പദ്ധതികളും വനവൽക്കരണരംഗത്ത് 2355 ജോലികളും ഭൂവികസന രംഗത്ത് 3660 ജോലികളും പരന്പരാഗത ജലസ്രോതസ്സുകളുടെ കാര്യത്തിൽ 22,984 ജോലികളുമാണ് ഏറ്റെടുത്തത്. അതുകൊണ്ട് തൊഴിലുറക്കമെന്ന് ഇനി ആ പദ്ധതിയെ പരിഹസിക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന മഹത്തായ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു.
ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പ്രതിവർഷം നൂറു ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിൽ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് 2005ൽ മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ടിന് കേന്ദ്ര സർക്കാർ രൂപം നൽകിയത്. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചിട്ട് പത്തുവർഷം പിന്നിട്ടിരിക്കുന്നു ഇന്ന്. ലോകത്തെ ഏറ്റവും വലിയ തൊഴിൽ പദ്ധതിയാണ് അത്. യുഎൻഡിപിയുടെ 20150ലെ ആഗോള റിപ്പോർട്ടിൽ ലോകത്തെ സാമൂഹ്യസുരക്ഷാ പദ്ധതികളിൽ ഒരു നാഴികക്കല്ലായാണ് തൊഴിലുറപ്പ് പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ വർഷവും ശരാശരി അഞ്ചു കോടി കുടുംബങ്ങളിൽപ്പെട്ടവർ പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇവരിൽ ഏറ്റവുമധികം പേർ സ്ത്രീകളും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ്. ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് 94 ശതമാനം വേതനവും തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 140 തൊഴിലുകളാണ് ആകെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ 60 ശതമാനവും കൃഷിയോ അനുബന്ധ തൊഴിലുകളോ ആണു താനും. പദ്ധതിയുടെ വെബ്‌സൈറ്റിൽ ആറു ലക്ഷത്തോളം ഗ്രാമങ്ങളും 13 കോടി കുടുംബങ്ങളുടെ തൊഴിൽ വേതന വിവരങ്ങളും 28 കോടി തൊഴിലാളി വിവരങ്ങളും ഒരു കോടിയോളം തൊഴിൽ വിവരങ്ങളും ഉണ്ട്. എന്തുകൊണ്ടും ലോകത്തിനു തന്നെ സാമൂഹ്യ സുരക്ഷാരംഗത്ത് മാതൃകയാക്കാവുന്ന ഒരു പദ്ധതി തന്നെയാണതെന്ന കാര്യത്തിൽ സംശയമില്ല.
പക്ഷേ നിലവിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൽകിക്കൊണ്ടിരിക്കുന്ന വേതന നിരക്ക് വളരെ പരിമിതമാണെന്നും ആ നിരക്ക് പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള കാര്യത്തിൽ സംശയമില്ല. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ തൊഴിലുറപ്പിന്റെ പ്രതിഫലം പുതുക്കി നിശ്ചയിച്ചപ്പോഴും അതൊന്നും തന്നെ സംസ്ഥാനങ്ങളിൽ നിലവിലുള്ള മിനിമം കൂലിക്കൊപ്പമായില്ലെന്നതാണ് വാസ്തവം. നിലവിൽ ഏറ്റവുമധികം വേതനം ലഭിക്കുന്നത് ഹരിയാനയിലാണ്. 259 രൂപ. തൊട്ടു പിന്നിൽ ചണ്ധീഗഢും (248 രൂപ) ആൻഡമാൻ നിക്കോബാർ ദ്വീപുകളും (243 രൂപ) കേരളവും (240 രൂപ) ആണ്. ഏറ്റവും കുറഞ്ഞ കൂലിയായ 167 രൂപ നൽകപ്പെടുന്നത് ബീഹാറിലും ജാർക്കണ്ധിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലുമാണ്.
പദ്ധതി ആരംഭിച്ചശേഷം ആദ്യ രണ്ട് വർഷക്കാലത്തോളം ഓരോ സംസ്ഥാനത്തേയും മിനിമം കാർഷിക കൂലി നിരക്കിനൊപ്പമായിരുന്നു തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗഭാക്കാകുന്നവരുടേയും കൂലി. എന്നാൽ 2008ൽ കേന്ദ്ര സർക്കാർ ഈ പദ്ധതിയിൽ പങ്കാളികളാകുന്നവരുടെ വേതന നിരക്ക് സംസ്ഥാനത്തെ മിനിമം വേതനത്തിൽ നിന്നും വേർപെടുത്തുകയും സംസ്ഥാനത്തെ കർഷക തൊഴിലാളിയുടെ ഉപഭോക്തൃ വില സൂചികയുമായി (സിപിഐഎ എൽ) ചേർക്കുകയുമായിരുന്നു. സംസ്ഥാനത്തെ കർഷകത്തൊഴിലാളികൾ ഉപയോഗിക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും ചില്ല വിലനിലവാരത്തിലെ പ്രതിവർഷ നാണയപ്പെരുപ്പത്തിനനുസരിച്ചാണ് ഈ സൂചിക തയാറാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നൽകപ്പെടുന്ന വേതനം വളരെ കുറവാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് 2013ൽ അന്നത്തെ യുപിഎ സർക്കാർ വേതന നിരക്ക് പരിഷ്‌കരണത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ സാന്പത്തികശാസ്ത്രജ്ഞനായ മഹേന്ദ്ര ദേവിനു കീഴിൽ ഒരു സമിതി ഉണ്ടാക്കുന്നത്. ഈ സമിതി 2014ൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ മിനിമം കൂലിയോ നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി കൂലിയോ ഏതാണ് വലുത്, അത് കൂലിയായി നൽകണമെന്നാണ് സമിതി നിർദ്ദേശിച്ചതെങ്കിലും ഇപ്പോഴും അത് പ്രാവർത്തികമായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നത്.
ജോലിക്ക് ന്യായമായ കൂലി എന്നത് ഒരു അവകാശമാണ്. തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലാളിക്ക് ന്യായമായ വേതനം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അതുകൊണ്ടു തന്നെ സർക്കാരുകൾക്കുണ്ട്. കേരളത്തിൽ പരിശീലനം സിദ്ധിക്കാത്ത ഒരു ശരാശരി തൊഴിലാളിക്ക് ഇന്ന് ലഭിക്കുന്ന പ്രതിദിന കൂലി 500 രൂപ മുതൽ 550 രൂപ വരെയാണ്. കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിൽ ശേഷിയുള്ള ഒരു തൊഴിലാളിക്ക് പ്രതിദിനം 850 രൂപയാണെങ്കിൽ ആശാരിപ്പണിക്കാർക്ക് പ്രതിദിനം 750 രൂപ മുതൽ 800 രൂപ വരെ ലഭിക്കുന്നു. ആ നിലയ്ക്ക് ഗ്രാമീണരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ 2014ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് കേന്ദ്ര സർക്കാർ കാണിക്കേണ്ടത്.
ഗ്രാമീണ മേഖലയിലെ തൊഴിൽ സൃഷ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യമെങ്കിൽ വിദ്യാഭ്യാസം സിദ്ധിച്ച, നഗര ഇന്ത്യക്കാരന്റെ അവസ്ഥയും ശോഭനമൊന്നുമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ പോസ്റ്റിന് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമൊക്കെ അപേക്ഷിക്കാൻ തുടങ്ങിയതോടെയാണ് അധിക യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ നയം മാറ്റിയെഴുതിയത്. സമീപകാലത്ത് കാൺപൂർ മുൻസിപ്പാലിറ്റിയിൽ മൂവായിരത്തോളം നഗരം ശുചിയാക്കൽ ജീവനക്കാരുടെ ഒഴിവ് പ്രസിദ്ധപ്പെടുത്തിയപ്പോൾ ഏഴു ലക്ഷം പേരാണ് ആ പോസ്റ്റിനായി അപേക്ഷിച്ചത്. അതിൽ അഞ്ചു ലക്ഷത്തോളം പേർ ബിരുദധാരികളും ബിരുദാനന്തര ബിരുദക്കാരുമൊക്കെയായിരുന്നു. മകിൻസേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ തൊഴിൽ വിപണി ഇന്ത്യയുടെ ജിഡിപിക്ക് അനുപാതമായി വളരുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2013-2015 കാലയളവിൽ ഇന്ത്യയുടെ ജിഡിപി ഏഴു ശതമാനത്തിനുമേൽ വളർന്നപ്പോൾ തൊഴിലുകളുടെ വളർച്ച കേവലം 1.7 ശതമാനം മാത്രമായിരുന്നു. ഇന്റർനെറ്റിന്റേയും ഓൺലൈൻ വിപണിയുടേയും വരവോടെ, താഴേയ്ക്കിടയിലെ തൊഴിലുകളിൽ വലിയൊരളവു വരെ ഇടിവുണ്ടായെന്നതാണ് ശരി.
തൊഴിൽ സുരക്ഷിതത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്ന ഒരു കാലമാണിത്. കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 21−ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി മുതൽ എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിക്കഴിഞ്ഞു. സ്ഥിരം തൊഴിൽ എങ്ങനെ ഇല്ലാതാക്കണമെന്നാലോചിച്ചുകൊണ്ടിരുന്ന തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം ഇതിനേക്കാൾ സന്തോഷകരമായ മറ്റൊരു ഉത്തരവ് വേറെ ഉണ്ടാകാനില്ല. നിലവിലുള്ള സ്ഥിരം ജീവനക്കാരെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലാവധി ജീവനക്കാരാക്കി മാറ്റാൻ അനുവാദമില്ലെങ്കിലും അതിൽ പഴുതുകളുണ്ടാക്കുക സ്ഥാപന ഉടമകളെ സംബന്ധിച്ചിടത്തോളം എളുപ്പമാണു താനും. മാധ്യമസ്ഥാപനങ്ങളിൽ സ്ഥിര നിയമനം ലഭിച്ച പലരേയും നിർബന്ധിത രാജിയ്ക്ക് വിധേയമാക്കിയശേഷം പിന്നീട് കരാർ തൊഴിലിൽ നിയമിച്ച പാരന്പര്യമാണല്ലോ ഇവിടെയുള്ളത്. 1946−ലെ വ്യവസായ തൊഴിൽ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ ഉത്തരവ് സർക്കാർ ഇറക്കിയിട്ടുള്ളത്. ഒരു നിശ്ചിത കാലത്തേക്ക് ജീവനക്കാരനും തൊഴിലുടമയും തമ്മിൽ കരാർ ഉണ്ടാക്കുകയും ആ കാലാവധിക്കുശേഷം ജീവനക്കാരനെ തുടരാൻ അനുവദിക്കണമോ വേണ്ടയോ എന്ന് തൊഴിലുടമ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യമാണത്. താൽക്കാലിക ജീവനക്കാരെ രണ്ടാഴ്ചത്തെ നോട്ടീസ് നൽകി പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് എപ്പോഴും അധികാരമുണ്ടായിരിക്കുമെന്നതാണ് മറ്റൊരു കടുത്ത വ്യവസ്ഥ. നിലവിൽ നൂറു തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ കരാർ തൊഴിലാളികളെ നിയമിക്കാനാകില്ലെന്നായിരുന്നു വ്യവസ്ഥ. സ്ഥാപനത്തെ പല യൂണിറ്റുകളായി വിഭജിച്ച് ഈ ചട്ടത്തെ നേരത്തെ തന്നെ തൊഴിലുടമകൾ അട്ടിമറിക്കുകയും ചെയ്തിരുന്നതാണ്. പുതിയ ഉത്തരവ് വന്നതോടെ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം നൂറു കടന്നാലും ഇനി മുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല. കടുത്ത പ്രതിഷേധത്തിനു വഴിവയ്ക്കുമെന്നതിനാൽ പാർലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടു വരാതെയാണ് സർക്കാർ ഈ ഉത്തരവ് ഇറക്കിയത്. വ്യവസായ ലോബികളിൽ നിന്നും തെരഞ്ഞെടുപ്പു കാലത്ത് വന്പൻ തുക സംഭാവനയായി പിരിച്ചെടുത്ത ഭരണകക്ഷി പാർട്ടി ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ടു പോകുന്നതിൽ അത്ഭുതമില്ല. തൊഴിൽ സുരക്ഷിതത്വം അന്യമായി മാറുന്ന ജീവനക്കാർ പണം ചെലവഴിക്കാൻ മടിക്കുമെന്നത് സ്വാഭാവികമായ കാര്യം മാത്രം. അത് കൺസ്യൂമർ വിപണിയെ സാരമായി ബാധിക്കുമെന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) 2018 ജനുവരിയിൽ പുറത്തിറക്കിയ വേൾഡ് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് പറയുന്നത് 2019−ൽ ഇന്ത്യയിലെ 77 ശതമാനം തൊഴിലാളികളുടേയും ജോലിയിൽ പ്രതിസന്ധികളുണ്ടാകുമെന്നും തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ്. വേതനക്കുറവും കുറഞ്ഞ ഉൽപാദനവും ജോലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്രതിവർഷം 1.2 കോടി പേർക്ക് പുതുതായി തൊഴിൽ ലഭിക്കുന്നുണ്ടെങ്കിലും നമുക്കാവശ്യമായത്രയും തൊഴിലുകൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. രാജ്യം സാന്പത്തിക വളർച്ച നേടുന്പോഴും ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും സംഘടന പറയുന്നു. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. 2014−ൽ 15−-24 വയസ്സിനിടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ 10 ശതമാനമായിരുന്നെങ്കിൽ 2017−ൽ അത് 10.5 ശതമാനമായി മാറി. 2019−ൽ ഇത് 10.7 ശതമാനമാകുമെന്നാണ് ഐഎൽഒ പറയുന്നത്. ഇന്ത്യയിലെ തൊഴിലാളികളിൽ പ്രതിദിനം 198 രൂപയിൽ താഴെ മാത്രം വരുമാനമുള്ളവരുടെ എണ്ണം വർധിച്ചുവരികയാണെന്നും ഐഎൽഒയുടെ റിപ്പോർട്ട് പറയുന്നുണ്ട്. 2017−ൽ ഇന്ത്യയിൽ തൊഴിലെടുക്കുന്നവരുടെ കൂട്ടത്തിൽ 23.4 ശതമാനം പേർ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും ഐഎൽഒ പറയുന്നു. 2019 ആകുന്പോഴേയ്ക്ക് ഇന്ത്യയിൽ 1.89 കോടി പേർ തൊഴിൽരഹിതരാകുമെന്നും ലോകത്തെ മൊത്തം തൊഴിൽരഹിതരുടെ 9.76 ശതമാനമായിരിക്കും അതെന്നും കൂടി അറിയുക.
കുറഞ്ഞ വേതനത്തിന്, ഉൽപാദനക്ഷമതയില്ലാത്ത വ്യവസായങ്ങളിലും മേഖലകളിലുമാണ് ഇന്ന് ഇന്ത്യക്കാർ തൊഴിലെടുക്കുന്നത്. ഇന്ത്യക്കാർ തൊഴിൽ അന്വേഷകരാകുകയല്ല മറിച്ച് തൊഴിൽ സൃഷ്ടാക്കളായി മാറണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഖ്യാത മൊഴി. പക്കോഡ ഉണ്ടാക്കി വിൽക്കുന്നതാണ് മഹാത്തായ തൊഴിൽ എന്നു വിശ്വസിക്കുന്ന ചായക്കടക്കാരൻ തന്നെയാണ് പ്രധാനമന്ത്രിയുടെ മനസ്സിൽ ഇപ്പോഴുമെന്ന് വെളിപ്പെടുത്തുന്നു ദാവോസിൽ ലോക സാന്പത്തിക ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം. തൊഴിൽ ഏതായാലും പ്രതിദിനം 200 രൂപ ലഭിക്കുന്നുണ്ടെങ്കിൽ അതൊക്കെ തൊഴിലാകുമെന്ന് ഘോഷിക്കുന്ന വിവരദോഷിയാണ് മോദി. പ്രധാനമന്ത്രി കൊട്ടിഘോഷിച്ച മുദ്ര പദ്ധതിയുടെ കീഴിൽ 10 കോടി ഇന്ത്യക്കാർക്ക് തൊഴിൽ ദാതാക്കളാകാൻ മൂന്നു വർഷത്തിനിടയിൽ വായ്പകൾ നൽകിയെന്നാണ് പറയുന്നത്. പക്ഷേ 90 ശതമാനം ഗുണഭോക്താക്കളും 50,000 രൂപയിൽ താഴെ വായ്പ ലഭിച്ച ശിശു വിഭാഗത്തിൽപ്പെട്ടതാണെന്നിരിക്കേ, അവർ സൃഷ്ടിച്ച തൊഴിലുകൾ ഏതു മട്ടിലുള്ളതാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
ആഗോള തലത്തിൽ തന്നെ യുവാക്കൾക്കിടയിൽ തൊഴിൽ ലഭ്യത കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. ആഗോളതലത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമാണെങ്കിൽ മുതിർന്നവരുടെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനം മാത്രമാണ്. ഏറ്റവും ആരോഗ്യവും ഊർജസ്വലതയും തൊഴിൽശേഷിയുമുള്ള കാലയളവിൽ യുവാക്കൾ തൊഴിൽരഹിതരായി കഴിയേണ്ടി വരുന്നത് കടുത്ത ദുരവസ്ഥയല്ലാതെ മറ്റൊന്നുമല്ല. ബിരുദാനന്തര ബിരുദമുള്ള ഒരാൾ തൊഴിൽ ലഭിക്കാതെ, പക്കോഡ കച്ചവടക്കാരനാകുന്പോൾ അയാൾക്ക് തൊഴിൽ ലഭിച്ചുവെന്നും അയാൾ സംതൃപ്തനാകുമെന്നുമാണ് മോദിയുടെ മതം. ഒന്നും പഠിക്കാത്ത വ്യക്തിയ്ക്കും പക്കോഡ കച്ചവടക്കാരനാകാം. അഭ്യസ്തവിദ്യനായ ഒരാളുടെ തൊഴിൽ കാര്യശേഷിയ്ക്ക് അനുസരിച്ചുള്ള തൊഴിലിൽ അയാൾ വിരാജിക്കുന്പോഴേ, ആ മേഖലയിൽ അയാൾക്ക് സംഭാവന നൽകാനും രാഷ്ട്രത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയൂ. അയാൾ ആർജ്ജിച്ച വിജ്ഞാനം രാഷ്ട്ര നിർമ്മാണത്തിനായാണ് അയാൾ ഉപയോഗിക്കുന്നതെന്നു ചുരുക്കം. വിദ്യാഭ്യാസം സിദ്ധിക്കാത്ത ഒരാൾ പക്കോഡയുണ്ടാക്കി വിറ്റ് ജീവിക്കുന്നതുപോലെയല്ല വിദ്യാഭ്യാസം സിദ്ധിച്ച ഒരാൾ പക്കോഡ വിൽപനക്കാരനായി ജീവിക്കാൻ വിധിക്കപ്പെടുന്നതെന്ന് തിരിച്ചറിയാൻ പോലുമുള്ള വിവേകം പ്രധാനമന്ത്രിക്കില്ലാതെ പോയതാണ് ഏറ്റവും ദയനീയമായ കാര്യം. കുറഞ്ഞ വേതനം ലഭിക്കുന്ന അത്തരമൊരാൾക്ക് സാമൂഹ്യസുരക്ഷിതത്വമോ വാർദ്ധക്യത്തിലേക്കുള്ള കരുതിവയ്‌പ്പോ ഒന്നുമുണ്ടാകുകയുമില്ല.
ഒരു വശത്ത് ഗ്രാമീണ ജീവിതത്തിന് ആശ്വാസം പകരാൻ ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഭാഗഭാക്കാവുന്നവർക്ക് ന്യായമായ വേതനം നൽകാൻ ഇനിയും മടിച്ചു നിൽക്കുന്പോൾ മറുവശത്ത് നഗര ഇന്ത്യക്കാരന്റെ തൊഴിലുകളിൽ മാന്ദ്യത്തിന്റെ കരിനിഴൽ വീണിരിക്കുകയാണിപ്പോൾ. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താൻ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്ന സർക്കാർ അടിസ്ഥാനപരമായി പൗരന്റെ സാമൂഹ്യസുരക്ഷിതത്വത്തിന്റെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത്. ഇത് അതീവ ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലവാകും ഇന്ത്യയെ കൊണ്ടെത്തിക്കാൻ പോകുന്നത്. നാം നേടിയ വികസനത്തിന്റേയും പുരോഗതിയുടേയും സ്ത്രീശാക്തീകരണത്തിന്റേയും ഗുണഫലങ്ങൾ ഇല്ലാതാക്കാൻ പോന്നതാണ് വരാനിരിക്കുന്ന തൊഴിലില്ലായ്മയും അനുബന്ധ പ്രശ്‌നങ്ങളും. എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാൻ പറയുകയല്ല ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വർത്തമാനം. രാജ്യത്തെ പൗരന് സാന്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന തൊഴിലുകളിലേക്ക് അവനെ എത്തിക്കാൻ അത്തരത്തിലുള്ള, മികച്ച തൊഴിലുകൾ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ഭരണകർത്താക്കൾ ചെയ്യേണ്ടത്. ചായക്കടക്കാരന്റെ പക്കോഡ സ്വപ്‌നങ്ങളിലല്ല ഇന്ത്യ വികസിക്കേണ്ടതെന്ന് ചുരുക്കം.