ഒാർമ്മയിലെ വിഷുക്കാലം
ലിജി ശ്യാം
ഓർമ്മകൾ കൂടു കുട്ടിയ മനസ്സിന്റെ ചെപ്പിൽ ഒരായിരം വർണങ്ങളായി വീണ്ടും ഒരു വിഷു. വിഷു എന്ന് കേൾക്കുന്പോൾ എല്ലാർക്കും ഓർമ്മ വരുന്നത് കണി കൊന്നകൾ വിരിയുന്ന മേടമാസവും, കണിയും, കൈനീട്ടവും സദ്യയും ആണ്. പക്ഷെ ഞങ്ങൾ കൊല്ലത്തുകാർക്ക് വിഷു ഒരു ഉത്സവ ലഹരി ആണ്. ഓരോ വർഷവും കലണ്ടർ കിട്ടുന്പോൾ ഞങ്ങൾ ആശ്രാമത്തുകാർ ആദ്യം നോക്കുന്നത് വിഷു ഏതു ദിവസമാണ് വരുന്നതെന്നാണ്. മുഹൂർത്തം നോക്കിയുള്ള കണികാണലൊന്നും ഞങ്ങൾക്കില്ല. പിന്നെ എന്താണ് കൊല്ലത്തെ വിഷുവിന്റെ പ്രത്യേത എന്നല്ലേ. വരൂ കൂട്ടുകാരെ എന്റെ കൊല്ലം പട്ടണത്തിലെ ആശ്രാമം ഗ്രാമത്തിലേയ്ക്ക്. കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത് നിന്ന് രണ്ട് കിലോ മീറ്റർ അകലെ ആണ് ആശ്രാമം. പേരുപോലെ തന്നെ ഒരു ആശ്രമ പശ്ചാത്തലമാണ് എന്റെ കൊച്ചു പിക്നിക്ക് വില്ലേജിന്. അഷ്ടമുടി കായലിന്റെ ഓളങ്ങളിൽ തത്തിക്കളിച്ചു കൊണ്ട് പോയി വരാം.
ദേ ആ കാണുന്നതാണ് ഞങ്ങൾടെ ആശ്രാമം. അവിടെ ഒരു പുണ്ണ്യ പുരാതന ക്ഷേത്രമുണ്ട്. നവനീത് കണ്ണനാണ് പ്രീതിഷ്ഠ. തൃകൈകളിൽ വെണ്ണയുമായി നിൽക്കുന്ന കൊച്ചു കൃഷ്ണൻ. നെറുകയിൽ മയിൽപീലിച്ചൂടി ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക ചിരിയോടു കുടി നിൽക്കുന്ന അ സുന്ദരരൂപം കണ്ണിൽത്തന്നെയുണ്ട്. കൊച്ചു കണ്ണന് കൂട്ടായി ഞങ്ങൾടെ ഗോപാലകൃഷ്ണ്ണൻ എന്ന ആന കുട്ടി. അവനിപ്പോൾ ഞങ്ങൾടെ കൂടെ ഇല്ല, ചരിഞ്ഞിട്ട് ഒന്പത് വർഷം കഴിഞ്ഞു. രാവിലെ സ്കൂളിൽ പോകുന്ന കൊച്ചു കുഞ്ഞിനെ പോലെ കുളിച്ച് സുന്ദരകുട്ടനായി കുറിയൊക്കെ തൊട്ടു അവൻ വരുന്നത് തന്നെ കാണാൻ നല്ല ചന്ദമായിരുന്നു. ഒരു പിണക്കവും ഇല്ലാതെ കുസൃതിയുടെ നിറകുടം ആയിരുന്നു ഞങ്ങൾടെ കളി തോഴൻ. അന്പലത്തിൽ വരുന്നവർ അവനെ കാണാതെ പോകുന്നത് വിരളമാണ്. അവൻ പോയതോടു കുടി ഞങ്ങൾടെ ആശ്രാമം ഉറങ്ങിയതുപോലെ ആയി. ഏപ്രിൽ മാസമാണ് ഞങ്ങൾ കാത്തിരിയ്ക്കുന്നത് പഴയ ആ ഊർജസ്വലത എല്ലാർക്കും വരുന്നതും.
അതെ ആ തിരുഉത്സവം... നാടൊരുക്കി നാട്ടാരും. ഏപ്രിൽ ഏഴിന് തൃക്കൊടികയറ്റം. കൊടികയറ്റം കണ്ടാൽ കൊടി ഇറങ്ങുന്നത് കാണണം എന്ന് അച്ഛമ്മ പറഞ്ഞു കേട്ടിട്ടുള്ളത്. കൊടികയറുന്ന സമയം കൃഷ്ണ പരുന്തുകൾ വട്ടമിട്ടു കറങ്ങുന്ന കാഴ്ച കണ്ണിന് ഇന്പമുള്ളതാണ്. 10 ദിവസം ഉത്സവം. സന്താന ഗോപാലമാണ് അവിടുത്തെ കഥകളി നേർച്ച. വിഷുവിന്റെ തലേ നാൾ തിരുവാഭരണം, ബാലിക ബാലൻമാരുടെ താലപ്പൊലിയും വർണാഭമായ ഘോഷയാത്രയും... ആനന്ദവല്ലിശ്വര ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ആശ്രാമത്ത് എത്തുന്പോൾ നേരം പാതിരാ കഴിയും.
തിരുവാഭരണം ക്ഷേത്രത്തിൽ കയറി ഭഗവാനെ കൺകുളിർക്കെ കണ്ടിട്ട് വന്നാണ് ഉറക്കം. നേരം പുലരുന്നത് ഞങ്ങൾ അറിയാറേയില്ല. ഉറക്കം ഉണരുന്പോൾ കണികാണിയ്ക്കാൻ കണ്ണുകൾ പൊത്തി അമ്മ നിറദീപത്തിന്റെ മുന്നിൽ ശോഭയിൽ തിളങ്ങുന്ന വെള്ളരിയും കണിക്കൊന്നയും കാണിയ്ക്കും. അച്ഛന്റെ കൈയിൽ നിന്ന് കൈനീട്ടവും വാങ്ങി ഇരിയ്ക്കുന്പോൾ, പോയി കുളിച്ച് ക്ഷേത്രത്തിൽ പോയി വരാൻ പറഞ്ഞ് അമ്മ ബഹളം തുടങ്ങും. കുളിയ്ക്കാതെ കണ്ണുകൾ തിരുമ്മി റോഡിലേയ്ക്ക് കണ്ണോടിയ്ക്കുന്പോൾ പുതുകുപ്പായം അണിഞ്ഞ് നീണ്ട നിരയായി നിൽക്കുന്ന ഭക്തരെ കാണാം. കുളിച്ചെന്ന് വരുത്തി പുതുകുപ്പായവും അണിഞ്ഞു ക്യൂവിൽ ഒന്നും നിൽകാതെ നമ്മുടെ സ്വന്തം അന്പലം എന്ന രീതിയിൽ ബാക്‌സൈഡിൽ പോയി നിൽക്കുന്ന നമ്മളെ മനസ്സലിവ് തോന്നി കയറ്റിവിടുന്ന അണ്ണന്മാരെയും ഓർക്കുന്നു. വിഷു സദ്യ അന്പലത്തിൽ ഉണ്ടെങ്കിലും നീണ്ട ക്യു കണ്ട് മോരുംവെള്ളവും അച്ചാറും ചായയും കടിയും സർബത്തും പഴവുമൊക്കെ വാങ്ങിക്കഴിച്ചാണ് വീട്ടിൽ എത്തുക.
എല്ലാ വിഷുവിനും അമ്മ ഉണ്ടാക്കി തരുന്ന പാലപ്പവും മുട്ടക്കറിയും കഴിച്ചങ്ങനെ ലാല പാടി നടക്കും. വൈകുന്നേരം പള്ളിവേട്ട, ഭഗവാൻ വന്നു നായാട്ടു നടത്തുമെന്ന സങ്കൽപം. ഉള്ളതു പറയട്ടെ അവിടെ രാവിലെ നോക്കിയാൽ ഒരു പല്ലിയെങ്കിലും ചത്തുകിടക്കും. പള്ളിവേട്ടയ്ക്ക് ഭഗവാൻ എഴുന്നള്ളുന്നത് ആന പുറത്താണ്. പാതിരാത്രി ആകുന്നതുകൊണ്ട് ഞാൻ രണ്ട് ഉറക്കമൊക്കെ കഴിയും. എത്താറാകുന്പോൾ അമ്മ വിളിച്ചുണർത്തും. കണ്ണൊക്കെ തിരുമ്മി നല്ല കുട്ടിയായി ഞാൻ പള്ളിവേട്ട കണ്ടു നിർവൃതികൊള്ളും. പിന്നെ എന്റെ കുംഭകർണ സേവയാണ്.
രാവിലെ എഴുന്നേൽക്കുന്പോൾ ഒരു നേരമാകും അപ്പോഴേയ്ക്കും ചെറു പൂരങ്ങളായി പോകുന്ന ഗജവീരന്മാരെയാണ് കാണുക. ആനകൾ എല്ലാം നിരനിരയായി ഷവറിന്റെ അടിയിൽ ആർത്തുല്ലസിയ്ക്കുന്നതും കളിച്ചും കുളിച്ചും നിൽക്കുന്നത് കാണുന്നത് കണ്ണിന് ആനന്ദം നൽകുന്ന കാഴ്ച്ചയാണ്. പിന്നെ ആനയൂട്ട് ഒരിയ്ക്കലെങ്കിലും കാണേണ്ട കാഴ്ച്ചയാണ്. കെട്ടുകാഴ്ച തിരുമുന്നിൽ പൂരം കൊടിയിറക്കം. ദാ എല്ലാരും എങ്ങോട്ടാ പോകുന്നത്... ഓ ആശ്രമം മൈതാനത്തൊലോട്ടുള്ള ജനപ്രവാഹമാണ് നമ്മൾ കാണുന്നത്. ആശ്രമം മൈതാനത്തിന് ഒരു ചരിത്ര പ്രാധാന്യം കൂടെയുണ്ട് കേരളത്തിൽ ആദ്യമായി വിമാനം പറന്നിറക്കിയത് ഇവിടെയാണ്. എങ്കിൽ പിന്നെ ഇവിടെ വരെ വന്നതല്ലേ കൊല്ലം പൂരം കണ്ടുമടങ്ങാം....