ഉണ്ണിക്കുട്ടന്റെ വിഷുക്കാഴ്ച...
സുരേഷ് പുത്തൻവിളയിൽ
ഉണ്ണീ നേരത്തെ കിടന്നോളൂ... രാവിലെ കണികാണാൻ എഴുന്നേൽക്കെണം കേട്ടോ.....? അമ്മക്ക് ഇത്തിരി അടുക്കളപ്പണികൂടി ഉണ്ട് വേഗം തീർത്തേച്ചും വരാം. അമ്മക്കെന്നും ജോലിതന്നെ ഒരിക്കലും തീരാത്ത ജോലി. അവൻ പിറുപിറുത്തോണ്ട് പോയി കിടന്നു. എത്രനാളായി അമ്മ തനിക്കൊരു കഥ പറഞ്ഞു തന്നിട്ട്. തന്നെ ചേർത്തു കിടത്തി ഒന്നുറക്കീട്ട്. താൻ നല്ല ഉറക്കമാവുന്പോഴേയ്ക്കും അമ്മവരും. രാവിലെ താൻ ഉണരുന്പോൾ അമ്മ അടുക്കളത്തിരക്കിലാവും..! ഈ വലിയ വീട്ടിൽ എല്ലാവർക്കും വെച്ചു വിളന്പി ഇങ്ങനെ.... ഉച്ചക്ക് ജോലി തീർന്നാലോ..? പിന്നെ പൂവാലി പശൂനെയും അവളുടെ കുട്ടീടെയും പിന്നാലെ. അമ്മ പൂവാലിയെ കുളിപ്പിക്കുന്പോൾ അവളുടെ കുട്ടി തുള്ളിക്കളിച്ച് ഓടി നടക്കും. പിന്നെ അതിന്റെ പുറകെ ഓട്ടമാണ്. അവയ്ക്ക് വൈക്കോലായി വെള്ളമായി അങ്ങനെ. തൊഴുത്തിലെ പണി തീരുന്പോഴേക്കും പറന്പിലെ പണിക്കാർക്ക് കാപ്പിക്ക് നേരമായിട്ടുണ്ടാവും പിന്നെയും അമ്മ അടുക്കപ്പണിയുടെ തരക്കിലേക്ക് അത് രാത്രി എപ്പോൾ തീരുമെന്ന് അറിയില്ല. താൻ അപ്പോഴേക്കും ഉക്കം പിടിച്ചിട്ടുണ്ടാവും. ഒരിക്കലും തീരാത്ത ജോലി.
നാളെ വിഷുക്കണി കാണാന്‍ രാവിലെ എഴുന്നേൽക്കണം.! സുഭദ്രകുഞ്ഞമ്മ ഉണ്ണിക്കണ്ണന് മുന്പിൽ കണി ഒരുക്കി വെച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടാ രാവിലെ കണ്ണ് അടച്ചുപിടിച്ചെ എഴുന്നേൽക്കാവു കേട്ടോ എന്നിട്ട് അമ്മയുടെ കൂടെ ഇവിടെ കണ്ണനുമുന്പിൽ നിന്ന് കണ്ണു തുറക്കണം കുഞ്ഞമ്മ പറഞ്ഞു തന്നിട്ടുണ്ട്. അവൻ കിടന്നപാടെ ഉറങ്ങി. ഉണ്ണിക്കുട്ടാ കണ്ണ് അടച്ചുപിടിച്ച് എഴുന്നേറ്റോളൂ അമ്മ അവനെ ഉണർത്തി. അവനെ കൂട്ടിക്കൊണ്ടുവന്ന് കണി കാണിച്ചു. ഉണ്ണിക്കണ്ണന്റെ ചിത്രത്തിനു മുന്പിൽ നിലവിളക്ക് കൊളുത്തിയിരിക്കുന്നു. വാ...കുളിക്കാം എന്നിട്ട് പുത്തനുടുപ്പുവുമിട്ട് മുത്തശ്ശന്റെയും,അമ്മാവന്റെയും അടുക്കൽ നിന്നും കൈനീട്ടം വാങ്ങാം. പിന്നെ അന്പലത്തിൽ പോകാം. അവന് സന്തോഷമായി. അടുത്ത വീട്ടിലെ കുട്ടികൾ അവരുടെ അച്ഛനോടൊപ്പം പടക്കം പൊട്ടിക്കുന്നു. തന്റെ അച്ഛനും ഉണ്ടായിരുന്നെങ്കിന്‍ ഇപ്പോൾ തന്നോടൊപ്പം കൂടിയേനെ. അച്ഛനെ കണ്ട ഓർമ്മ അവനില്ല. അച്ഛൻ എന്നാൽ ചുവരിൽ മാലയിട്ടു വെച്ചിരിക്കുന്ന ഒരു ചിത്രം അത്ര മാത്രമെ അവനറിയു. അന്പലത്തിൽ പോകാനായി മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ഒരുങ്ങി നിൽക്കുന്നു. കുഞ്ഞമ്മമാത്രം എന്തെ വരുന്നില്ല അവൻ അവളുടെ നേരെ നോക്കി. ഇവനെ എവിടെ കൊണ്ടുപോകുന്നു...? അമ്മാവന്റെ ചോദ്യം. സുഭദ്ര (കുഞ്ഞമ്മ) ഇവിടുണ്ടല്ലോ അവൾ നോക്കിക്കോളും. പിന്നെ കെട്ടു കഴിഞ്ഞ് ഇങ്ങോട്ടല്ലെ വരുന്നത്..!! എല്ലാവരും അന്പലത്തിലേക്ക് യാത്രയായി. അവനോട് ഒന്നും പറയാതെ അവന്റെ അമ്മയും. എന്നെ കൂട്ടാതെ അവർ എവിടെ പോയതാ കുഞ്ഞമ്മെ...? അതേ കുറച്ചു ദിവസങ്ങൾക്ക് മുന്പ് ഇവിടെ കുറച്ചു പേർ വന്നില്ലായിരുന്നോ അവർ ഇന്നും വരുന്നുണ്ട്. ഇവിടേയ്ക്കോ....? അല്ല... അന്പലത്തിൽ അവിടേയ്ക്കാ അവർ പോയത്. അതെ.... കുറച്ചു ദിവസം മുന്പ് കുറച്ചു പേർ ഇവിടെ വന്നിരുന്നു. അതിൽ തടിച്ച് പൊക്കമുളള ഒരാൾ തന്നെ പിടിച്ച് മടിയിലിരുത്തി. പിന്നെ പേരു ചോദിച്ചു...? എത് സ്കൂളിലാ പഠിക്കുന്നതും എത്രയിലാ പഠിക്കുന്നതും എന്നൊക്കെ ചോദിച്ചു...? അവൻ ഓർത്തെടുത്തു. താൻ അതിന് ഉത്തരം പറഞ്ഞപ്പോഴേക്കും അമ്മ ചായയുമായി അയ്യാൾക്കുമുന്നിൽ വന്നു. അന്ന് അമ്മ പതിവിലും സുന്ദരിയായിരുന്നു. പുതിയ സാരിയൊക്കെ ചുറ്റി പൂവൊക്കെ ചൂടി. പക്ഷെ അമ്മയുടെ മുഖം എന്തേ.... വാടിയിരുന്നു.? തനിക്കൊന്നും മനസ്സിലായില്ല. കുഞ്ഞമ്മ തന്നെ അയ്യാളുടെ അടുക്കൽ നിന്നും വിളിച്ചുകൊണ്ടുപോയി. അയ്യാൾ എന്തൊക്കെയോ അമ്മയോട് ചോദിച്ചു കൊണ്ടിരുന്നു. ഇടക്കിടെ തൻ്റെ പേരും പറയുന്നത് കേൾക്കാമായിരുന്നു. വന്നവരിൽ കുറച്ചുപേർ മുത്തശ്ശന്റെ മുറിയിൽ എന്തോ തിരക്കിട്ട സംസാരത്തിലായിരുന്നു. വന്നവരൊക്കെ ഇനി വിഷുവിന് കാണാം എന്നു പറഞ്ഞ് യാത്രയായി. വീട്ടിലുളള എല്ലാവർക്കും സന്തോഷം. തന്റെ അമ്മമാത്രം അടച്ചിട്ട മുറിക്കുള്ളിൽ കരയുന്നു. താൻ കതകിൽ തട്ടി അമ്മേന്ന് നിലവിളിച്ചു കരഞ്ഞു. അമ്മ കതക് തുറന്ന് തന്നെ എടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് കരഞ്ഞു. എനിക്ക് കല്യാണം വേണ്ട അമ്മ മുത്തശ്ശനോട് പറഞ്ഞു. പിന്നെ നീ എന്തു ചെയ്യും. ഞങ്ങളൊക്കെ എന്നും ജീവിച്ചിരിക്ക്യോ. മുത്തശ്ശന്റെ ശബ്ദം ഉച്ചത്തിലായി. മുത്തശ്ശിയും അമ്മാവനും അതുതന്നെ ആവർത്തിച്ചു. എനിക്ക് എന്റെമോനെ വിട്ട് എങ്ങട്ടും പോവണ്ട. അവൻ കൊച്ചു കുട്ടിയല്ലെ അവനെ ഞങ്ങളു നോക്കിക്കോളാം. സുഭദ്ര അവന്റെ കുഞ്ഞമ്മയല്ലെ അവൾ അവനെ പൊന്നു പോലെ നോക്കിക്കോളും. അവൾക്കും ഒരു ജീവിതം വേണ്ടെ മുത്തശ്ശാ. എന്റെ കുട്ടി പിന്നെ എല്ലാവർക്കും ഒരു ബാദ്ധ്യതയാവും. ഇല്ല അങ്ങനാച്ചാൽ ഞാൻ അവനെ കൊണ്ടുപൊക്കോളാം എന്റെ പുരയിലും ഉണ്ടല്ലോ മൂന്ന് കുട്ട്യോൾ. അമ്മാവൻ പറഞ്ഞു. ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഈ സ്വത്തുക്കെളെല്ലാം ഉണ്ണിക്കുട്ടനുളളതാ മുത്തശ്ശൻ പറഞ്ഞതൊക്കെ കേട്ടെങ്കിലും അവന് ഒന്നും മനസ്സിലായില്ല..! ചേച്ചി.. അറിഞ്ഞടത്തോളം നല്ല ബന്ധമാ പിന്നെ രണ്ടാം കെട്ടാണെന്നേയുള്ളു നമ്മളും അങ്ങനെ...... അവർ ഒറ്റകാര്യമെ ആവശ്യപ്പെട്ടുളളൂ കുട്ടിയെ കൂടെ കൂട്ടരുത്.
അമ്മാവൻ പറഞ്ഞു. തന്റെ അമ്മ അപ്പോഴും കരഞ്ഞുകൊണ്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. അടുത്ത വീട്ടിലെ വിഷ്ണു കളിക്കാൻ വിളിച്ചു ഉണ്ണിക്കുട്ടൻ അവനോടൊപ്പം മുറ്റത്തെ തൊടിയിലേയ്ക്കിറങ്ങി. അപ്പോഴും അവന്റെ ചിന്ത എന്തിനാണ് എന്റെ അമ്മ കരയുന്നതെന്നായിരുന്നു...? വീട്ടു പടിക്കൽ മുത്തശ്ശന്റെയും അമ്മാവന്റെയും സംസാരം കേട്ട് ഉണ്ണിക്കുട്ടൻ അവിടേയ്ക്ക് നോക്കി. അവരോടൊപ്പം തന്റെ അമ്മയും കുറച്ചു ദിവസം മുന്പ് ഇവിടെ വന്ന ആളും. രണ്ട് പേരുടെയും കൈത്തണ്ടയിൽ പൂമാലകൾ തൂങ്ങുന്നു. പടികയറി വന്നവർ വീടിനുള്ളിലേക്ക് കയറി. അമ്മേന്ന് വിളിച്ച് ഉണ്ണിക്കുട്ടനും എന്തെ...? അമ്മയുടെ നെറ്റിക്കു മുകളിൽ ഒരു സിന്ദൂരപ്പൊട്ട്. കഴുത്തിൽ ഒരു മഞ്ഞ ചരടും താനിതുവരെ കണ്ടിട്ടില്ലല്ലോ..? അവൻ അമ്മക്കരികിലേക്ക് ചേർന്നു. അവൾ അവനെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ വെച്ചു. തന്റെ അമ്മ വിതുന്പുന്നത് അവനറിഞ്ഞു. ഉം.... മതി... മതി.... ഇറങ്ങാൻ സമയമായി മുത്തശ്ശന്‍ ശബ്ദമുയർത്തി. അവൾ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.
ഇടക്കെന്തോ സുഭദ്രകുഞ്ഞമ്മയോട് തന്നെ നോക്കി പറയുന്നത് ഉണ്ണിക്കുട്ടൻ കണ്ടു. കരഞ്ഞുകൊണ്ട് കുഞ്ഞമ്മ തലയാട്ടി. അവളും കൂട്ടരും പടിയിറങ്ങി. സുഭദ്ര അവനെ ചേർത്തു പിടിച്ചു. തൻ്റെ അമ്മ എവിടെ പോകുന്നു..? തന്നെ കൂട്ടാതെ അമ്മ എവിടേയ്ക്കും പോകാറില്ലല്ലോ..? അമ്മേ... അവൻ നീട്ടി വിളിച്ച് അവൾക്കരികിലേക്ക് ഒാടാൻ ശ്രമിച്ചു. കുഞ്ഞമ്മ അവനെ തടഞ്ഞു. ആ വിളി അവൾ കേട്ടിട്ടുണ്ടാവും എന്നാലും തിരിഞ്ഞു നോക്കാൻ കഴിയാത്ത വിധം അയാൾ അവളെ ചേർത്തു പിടിച്ചിരുന്നു. പാടവരന്പിലൂടെ അവർ നടന്നു നീങ്ങുന്നതും നോക്കി എല്ലാവരും കൈവീശി... ഒന്നും മനസ്സിലാവാതെ കൈവീശി ഉണ്ണിക്കുട്ടനും.