വിഷു - ഭാരതീയ സാംസ്കാരിക ദർശനം
വിഭീഷ് തിക്കോടി
മലയാളക്കരയാകെ മനതാരിൽ സന്തോഷത്തോടെ ഐശ്വര്യ സമൃദമായ ഒരു പുതുവർഷത്തെക്കൂടി വരവേൽക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ പ്രസക്തിയറിയിച്ചുകൊണ്ട് കണിക്കൊന്നകൾ മഞ്ഞപ്പട്ട് ചാർ ത്തി അണിഞ്ഞൊരുങ്ങി ചുറ്റും സൗരഭ്യം പരത്തുന്ന വേളയിൽ, സംക്രമപ്പുലരിയിൽ വിഷുപ്പക്ഷികൾ പ്രകൃതിയുടെ സംഗീതവുമായി നമ്മെ ഉണർത്തുകയാണ്. മനസിന്‍റെ വർണ്ണച്ചെപ്പിൽ ഒരായിരം മായിക വർണങ്ങളാൽ അറിവിന്‍റെ പൂത്തിരികൾ പ്രകാശം പരത്തുന്ന സുവർണ്ണനിമിഷങ്ങളിൽ, ഈ വിഷുവേളയിൽ നാം പാടിേപ്പാകുന്നത് ഈ വരികളാണ്.
“കണികാണുംനേരം കമലാനേത്രന്‍റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിര
−മണിഞ്ഞുകാണേണം ഭഗവാനെ”
വിഷുദിനത്തിൽ ഈ വരികൾ പാടാത്ത മലയാളി മനസ്സുകളില്ല. പിച്ചവെച്ച നാളുമുതൽ നമ്മുടെയൊക്കെയുള്ളിൽ വിഷുക്കണിയും കണികാണലുമുണ്ട്. പൂജാമുറിയിലെ ഉണ്ണിക്കണ്ണന്‍റെ തിരുമുന്നിൽ ഭക്തിഭാവനയോടെ ഒരുക്കിയ കണി വിഷുദിനത്തിൽ അമ്മയുടെ സഹായത്തോടെ കണികണ്ടുണരുന്നത് മനസിൽ എന്നും ഭക്തി നിറയ്ക്കുന്ന ഒന്നാണ്. അതോടൊപ്പം മഹത്തായ സാംസ്കാരിക പൈതൃകത്തിന്‍റെ സന്ദേശവുമാണ് വിഷു നൽകുന്നത്.
ആചാരാനുഷ്ഠാനങ്ങളിലൂടെ പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച സാംസ്കാരിക ജീവിതരീതിയിൽ ഏതൊരു കാര്യവും ശുഭകരമായ രീതിയിൽ ആരംഭിക്കുകയെന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ജനനം, വിദ്യാഭ്യാസം, വിവാഹം, ഗൃഹപ്രവേശം, കൃഷി, പൂതുവർഷം എന്നുവേണ്ട ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും ശുഭമുഹുർത്തത്തിൽ മംഗളകരമായ കർമങ്ങളോടെ ദൈവനാമത്തിൽ ആരംഭിച്ച് ഈശ്വരാനുഗ്രഹം നേടുകയെന്നത് തലമുറകളായി നാം അനുവർത്തിച്ചു പോരുന്ന ഒരു ജീവിത സാംസ്കാരിക സന്പ്രദായമാണ്. നല്ല തുടക്കമായാൽ ഒടുക്കംവരെ എല്ലാം മംഗളകരമായിരിക്കുമെന്ന വിശ്വാസത്തിലധിഷ്ഠിതമാണ് ഈ ആചാരസന്പ്രദായങ്ങൾ.
ഭാരതീയ ജോതിശാസ്ത്രപ്രകാരം നവഗ്രഹങ്ങളുടെ സ്ഥാനവും ചലനവും ആസ്പദമാക്കിയാണ് ശുഭ−അശുഭ മുഹൂർത്തങ്ങൾ നിർണയിക്കുന്നത്. സൂര്യനെ കേന്ദ്രീകരിച്ച് മറ്റ് ഗ്രഹങ്ങൾ പ്രദക്ഷിണം വെക്കുന്പോൾ, അവയുടെ സ്ഥാനചലനങ്ങൾക്ക് അനുസരിച്ച് പ്രകൃതിയിൽ മാറ്റങ്ങൾ സംഭവിക്കും. അതിന്‍റെ ഗുണ−ദോഷങ്ങൾ മനുഷ്യർ അനുഭവിച്ചേ മതിയാകു. നവഗ്രഹങ്ങളെയും ദേവന്മാരായി പൂജിക്കുന്ന പതിവ് ഭാരതത്തിലുണ്ട്. സൂര്യനെ ആസ്പദമാക്കിയുള്ള വേദഗണിതശാസ്ത്രപ്രകാരമാണ് ഭാരതിയർ കാലഗണനാ സന്പ്രദായവും മറ്റ് ജോതിഷ സിദ്ധാന്തങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്. സമയത്തിന്‍റെ ദേവനായ കാലപുരുഷന്‍റെ യജമാനനാണ് പരിപാലനമൂർത്തിയായ പരമാത്മാവ് എന്നാണ് വിശ്വാസം അതുകൊണ്ടാണ് വിഷുവേളയിൽ പരമാത്മാവിന്‍റെ ചൈതന്യത്തിനായി കണിയൊരുക്കുന്നത്.
സൂര്യ-കാലഗണന സന്പ്രദായ പ്രകാരം, സൂര്യൻ അശ്വതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്ന (പ്രവേശിക്കുന്ന) പുണ്യ ദിനത്തെയാണ് വിഷുവെന്ന് വിളിക്കുന്നത്. മലയാളം കലണ്ടറിലെ മേടമാസത്തിലെ ഒന്നാം തിയ്യതിയാണ് ഈ പുണ്യമുഹൂർ ത്തം. സൗരയുധത്തിന്‍റെ അധിപനാണ് സൂര്യൻ. സൂര്യന്‍റെ പ്രത്യക്ഷമായ അനുഗ്രാഹാശിസുകളുടെ പ്രകാശകിരങ്ങളാണ് ജീവജാലങ്ങൾക്ക് കർമ്മശേഷിയും ശക്തിയും ചൈതന്യവും നൽകുന്നത്. കേരളീയന്‍റെ പുതുവർഷമാണ് വിഷു. ഭാരതത്തിലുടനീളം ഈ പുതുവർഷ ആഘോഷം വ്യത്യസ്തമായ നാമധേയങ്ങളാൽ വൈവിദ്ധ്യമാർന്ന ആചാര പദ്ധതികളോടെ ആഘോഷിച്ച് വരുന്നുണ്ട്്. കാശ്മീരിൽ ‘നവേര’ എന്ന പേരിലും കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ‘യൂഗാദി’ എന്ന നാമധേയത്തിലും മഹാരാഷ്ട്രക്കാർ ‘ഗുഡിപഡ്്വ’ എന്നും പഞ്ചാബികൾ ‘ബൈഷാകി’ എന്ന പേരിലുമായി ആഘോഷിക്കുന്പോൾ തമിഴ്നാട്ടിൽ ‘പുത്താണ്ട് വാഴ്ത്തുക്കൽ’, ബംഗാളിൽ ‘പൊയല ബൈഷാകി’ ആസാമിൽ ‘ബൊഹാഗ്്വിഹു’ എന്നീ പേരിലാണ് നവവത്സരം ആഘോഷിക്കുന്നത്. സമാനമായ ദർശനങ്ങളോടെ വ്യത്യസ്തമായ ആചാരങ്ങളിലൂടെ ഭാരതീയർ പുതുവർഷം ആഘോഷിക്കുന്പോൾ നമ്മുടെ വൈവിദ്ധ്യമാർന്ന മഹത്തായ സാംസ്കാരിക പാരന്പര്യത്തിന്‍റെയും തിളക്കമാണ് ദൃശ്യമാകുന്നത്.
മലയാളി അവരുടെ പുതുവർഷം ആഘോഷിക്കുന്നത് വിഷു എന്ന പേരിലാണ്. സമൃദ്ധമായ വിളവെടുപ്പിന് ശേഷം കാർഷിക വിഭവങ്ങളും മറ്റ് മംഗളവസ്തുക്കളും ആദരസൂചകമായി കൃതജ്ഞതാപൂർവ്വം ഈശ്വരസമർപ്പണം നടത്തുന്ന ഭക്തി നിർഭരമായ ചടങ്ങാണ് വിഷു. വിഷുവെന്നാൽ നമ്മുടെ മുന്പിൽ ആദ്യം ഓർമവരിക കണി എന്നതാണ്. കണി എന്നാൽ ആദ്യം കാണുന്ന കാഴ്ചയെന്നർത്ഥം. വിഷുക്കണിയെന്നാൽ വിഷുദിനത്തിൽ ആദ്യം കാണുന്ന ശുഭകരമായ ദൈവികകാഴ്ചയെന്നർത്ഥം.
ആയുർ--ആരോഗ്യ-സന്പദ് സമൃദിക്കും, സർവ്വചരാചരങ്ങളുടെ സുഖക്ഷേമത്തിനും വേണ്ടിയാണ് വിശ്വാസികൾ കണിയൊരുക്കുന്നത്. വിഷുദിനത്തിന്‍റെ തലേദിവസം രാത്രി, കുടുംബത്തിലെ മുത്തശ്ശിയോ, അമ്മയോ ആണ് ഗൃഹത്തിലെ പൂജാമുറിയിൽ കണിയൊരുക്കുന്നത്. കണിദ്രവ്യങ്ങളെല്ലാം ഭയ−ഭക്തി − ബഹുമാന സമർപ്പണ മനോഭാവത്തോടെയാണ് ക്രമീകരിക്കേത്. പുഷ്പങ്ങൾ, പ്രത്യേകിച്ച് കണിക്കൊന്ന, വ്യത്യസ്ത പഴ −പലവർഗങ്ങൾ, പച്ചക്കറികൾ, കോടിവസ്ത്രം, സ്വർണം, നവധാന്യം, നാളീകേരം, നിവേദ്യം എന്നിങ്ങനെയുള്ള എല്ലാ മംഗളവസ്തുക്കളും ശേഖരിച്ച് പ്രതീകാത്മമായി ഈശ്വരന്, അല്ലെങ്കിൽ പ്രകൃതിക്ക് സമർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണ് വിഷുക്കണി. പുതുവർഷത്തിൽ പരമാത്മാവിനെ വണങ്ങി മുന്നോട്ടുള്ള യാത്ര സുഖകരമാക്കാനുള്ള പ്രാർത്ഥനയാണ് വിഷുദിനത്തിൽ വിഷുക്കണിയുലുടെ മലയാളികൾ ചെയ്യുന്നത്.
വിഷുക്കണിയിലെ ഓരോ ദ്രവ്യങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാധാന്യവും അർത്ഥതലങ്ങളുമുണ്ട്. വിഷുക്കണി സാധാരണ പഞ്ചലോഹനിർമിതമായ ഉരുളിയിലാണ് ഒരുക്കേണ്ടത്. മഞ്ഞൾപൊടി, അരി, നെല്ല് എന്നിവ ചേർത്ത മിശ്രിതം (അക്ഷതം) ഉരുളിയിൽ നിക്ഷേപിച്ച് അതിലാണ്. കണിദ്രവ്യങ്ങൾ വെക്കേണ്ടത്. പഞ്ചലോഹം പ്രതിനിധാനം ചെയ്യുന്നത് ഭുമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂത സേമ്മേളിതമായ പ്രപഞ്ചത്തെയാണ.് വാൽക്കിണ്ടിയിൽ തീർത്ഥ ജലം ശേഖരിച്ച്, കോടിവസ്ത്രങ്ങളാൽ അലങ്കരിച്ച് ചന്ദനം, കുങ്കുമം എന്നിവ ചാർത്തി സ്വർണാലംകൃതമായ വാൽക്കണ്ണാടി സഹിതം ഉരുളിയിൽ വെക്കണം. പിന്നീട് ഇരുവശത്തുമായി നാളീകേരമുറിയിൽ തിരിയിട്ട് തിരികൊളുത്തുന്പോൾ അവിടെ തെളിയുന്ന പ്രകാശം ആദ്ധ്യാത്മീകമായ അറിവിന്‍റെ പ്രതീകമാണ്. ആദ്ധ്യാത്മീകമായ ജ്ഞാനമുണ്ടെങ്കിൽ മാത്രമെ പഞ്ചഭൂതനിർമിതമായ ശരീരത്തിന് ദൈവത്തെ അറിയാൻ സാധിക്കുകയുള്ളു. ദൈവത്തെ അറിഞ്ഞെങ്കിൽ മാത്രമെ ഈശ്വര സാക്ഷാത്കാരം നേടാനാവൂ. ദീപം പരത്തുന്ന പ്രകാശം നമ്മുടെ ജീവിത്തിലെ അന്ധകാരമാകുന്ന അജഞതയെ നീക്കും ജ്ഞാനമാകുന്ന പ്രകാശം വിതറുവാനുള്ള കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള പ്രതീകാത്മമായ സന്ദേശമാണ് നൽകുന്നത്.
വിഷുക്കണിയുടെ പ്രധാന ആകർഷണമെന്ന് പറയാനുള്ളത് കണിക്കൊന്നയാണ്. സ്വർണവർണ്ണത്തോടെ പരിലസിക്കുന്ന ഈ പുണ്യപുഷ്പം വിഷുദിനത്തിൽ പുജാമുറിയുടെ മുഖ്യ ആകർഷവും അലങ്കാരവുമാണ്. കണികൊന്നകൾ പുഷ്പിക്കാറുള്ളത് വിഷു സംക്രമസീസണിലാണ്. സ്വർണം ഭൗതീകമായ സാന്പത്തികാഭിവൃദ്ധിയും, ആധ്യാത്മികമായ സന്പത്തിനെയുമാണ് പ്രതീകവൽകരിക്കുന്നത്. ഈ സന്പത്ത് കുടുംബത്തിലെ തലമുതിർന്ന അംഗങ്ങൾ ഇളം തലമുറക്ക് പകർന്നു നൽകുന്ന ത്യഗ-സേവന-കർ ത്തവ്യ മനോഭാവത്തിന്‍റെ ദൃശ്യമാണ് വിഷുകൈനീട്ടത്തിലുടെ അനാവരണം ചെയ്യപ്പെടുന്നത്. കുടുംബാഗങ്ങൾക്ക് മാത്രമല്ല അയൽവാസികൾക്കും, ഭൃത്യജനങ്ങൾക്കും, ബന്ധുമിത്രാദികൾക്കും, അശരണർക്കുമൊക്കെ വിഷുകൈനീട്ടം നൽകുന്ന കാഴ്ച ഇന്ന് കേരളത്തിലുണ്ട്.
വിഷുവിന് ഒരുക്കുന്ന ഫല− പഴവർഗങ്ങളിൽ മിക്കവയും സ്വർണ നിറത്തിലാണ് കണ്ടുവരുന്നത്. വിശേഷാൽ കണിവെള്ളരി, മാന്പഴം, വാഴപ്പഴം, എന്നിവ സൂര്യസാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്. വിഷുക്കണിയിലെ നവധാന്യങ്ങൾ നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്പോൾ സിന്ദൂരം ശക്തിയെ സൂചിപ്പിക്കുന്നു. ഇങ്ങനെ പ്രകൃതിയും മനുഷ്യും തമ്മിലുള്ള അനശ്വരമായ, അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ദൃശ്യാനുഭവമാണ് വിഷുക്കണി. ജീവിതമാർഗദർശിയായ അറിവിനെ വിഷുക്കണിയിൽ പ്രതിനിധാനം ചെയ്യുന്നത് ആദ്ധ്യാത്മിക ഗ്രന്ഥമാണ്.
ബ്രാഹ്്മമൂഹുർത്തിൽ (പുലർെച്ച നാല് മണി മുതൽ ആറ് വരെ) ദീപം തെളിയിച്ച്, കുടുബാംഗങ്ങളെ വിളിച്ചുണർത്തി കണ്ണുപൊത്തി പൂജാമുറിയിലേക്ക് ആനയിച്ച് ഭഗവദ് ദർശനവും വിഷുക്കണിയും സാദ്ധ്യമാക്കിത്തരുന്ന മാതാവ്, മഹത്തായ പൈതൃകത്തിലെ ഗുരുവാണ്. കണികാണുന്ന വേളയിൽ മംഗളവസ്തുക്കളോടൊപ്പം വാൽകണ്ണാടിയിൽ നമ്മുടെ മുഖവും നമുക്ക് ദർശിക്കാം. ദൈവമിരിക്കുന്നത് സ്വർഗത്തിലല്ല മറിച്ച് നമ്മുടെ മനസ്സിലാണ് എന്ന് ഓർമിപ്പിക്കുകയാണ് വാൽകണ്ണാടിയുലെ ദൃശ്യം. കുടുബാംഗങ്ങൾ വിഷുക്കണി കണ്ടതിന് ശേഷം ആഹ്ലാദചിത്തരായി പ്രാർത്ഥനയിൽ മുഴുകിയും അതിനുശേഷം പൂത്തിരികളും, പടക്കങ്ങളും പൊട്ടിച്ച് സന്തോഷവും സമാധാനവും ഗ്രാമമാകെ പരത്തുകയുമാണ് ചെയ്യുന്നത്. വിഷുക്കണി കുടുംബാഗങ്ങൾ ദർശിച്ചതിന് ശേഷം പക്ഷി− മൃഗാദികൾക്കും, വൃക്ഷലതാദികൾക്കും കാണിക്കുന്ന പതിവുണ്ട്. പ്രകൃതിയും മനുഷ്യനും രണ്ടല്ല ഒന്നാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. വിഷുക്കണിയെ ആശ്രയിച്ചാണ് ഒരു വർഷത്തെ ഫലങ്ങൾ നിർണയിക്കുന്നത്.
ജീവിതത്തിലെ ഭൗതീകവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിക്കാണ് കണിയൊരുക്കുന്നത്. വെളിച്ചം, ഭക്ഷണം, സന്പത്ത് അിറവ് ഇവയാൽ സന്പന്നമാകണം ജീവിതം. സമൃദ്ധിക്കായി സദാ കർമ്മനിരതനാവാൻ പ്രചോദനം നൽകുന്നസന്ദേശമാണ് വിഷു നൽകുന്നത്. പുതുവർഷ പുലരിയിൽ വിഷുക്കണി കണ്ടുണർന്ന് പ്രവർത്തനങ്ങൾക്ക് ശുഭകരമായ തുടക്കം കുറിച്ച് സ്നേഹം, സമാധാനം, സന്തോഷം എന്നിവ സ്വയമേവ ആർജിച്ച് അത് സമൂഹത്തിലേക്ക് പകരുവാൻ വിഷുദിനം ആഹ്വാനം ചെയ്യുന്നു.. വിഷുക്കണി കഴിഞ്ഞാൽ കോടിവസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തി ഗംഭീരമായ വിഭവങ്ങളോടെ വിഷുസദ്യയുണ്ട്, എല്ലാവരുമൊത്ത് ചേർന്ന് വിഷുവേലകളിൽ (വിനോദം) ഏർെപ്പട്ട് നേടുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ സാധിക്കുന്ന ഒന്നല്ല.
സ്വബോധമെന്ന ആത്മജ്ഞാനത്തിനായി നമുക്കേവർക്കും മനസ്സിൽ വിഷുക്കണിയൊരുക്കാം. സ്രഷ്ടാവിന്‍റെ കൃപാകടാക്ഷങ്ങൾ ഉണ്ടെങ്കിൽ ജീവിതയാത്രയിൽ സർവ്വവിധ ഐശ്വര്യങ്ങളും സ്വയമേവ വന്നുകൊള്ളും. ഒരു നല്ല നാളെക്കായി പ്രതീക്ഷയോടെ നമുക്ക് ഈ സംക്രമപുലരിയിൽ മാനസക്കണിയൊരുക്കികൊണ്ട് വിഷുവിനെ വരവേൽക്കാം.