ജീ­വി­ക്കാൻ‍ ജീ­വനെ­ തേ­ടു­ന്നവർ


വൽസ ജേക്കബ്

ചുറ്റുപാടും കേൾ‍ക്കുന്ന വാർ‍ത്തകൾ‍ നമുക്കൊട്ടും സുഖമുള്ളതല്ല. സുരക്ഷിതത്വം നൽ‍കാത്ത സാഹചര്യങ്ങൾ‍. യുദ്ധമുഖത്ത് ജിവിതം എന്ന് പറയാൻ‍ പോലുമാകാതെ മരണത്തിനും ജിവിതത്തിനുമിടയിൽ‍ കഴിയുന്നവർ‍. ലോകം പലയിടത്തും കത്തുന്പോൾ‍ കരയുവാൻ‍ പോലുമാകാതെ വിറങ്ങലിച്ചു നിന്നുപോകുന്നു നമ്മുടെ മനസ്സുകൾ‍. സമാധാനവും സന്തോഷവും അനുഭവിക്കാനാവാതെ, ഭവനവും ഭക്ഷണവും ഇല്ലാതെ അടുത്തനിമിഷം എന്തുണ്ടാകും എന്നറിയാതെ നിമിഷങ്ങൾ‍ തള്ളിനീക്കുന്ന മനുഷ്യർ‍. മനുഷ്യൻ‍ മനുഷ്യനോടു ചെയ്യുന്ന ക്രൂരത സഹിക്കാവുന്നതിനും അപ്പുറമാകുന്നു. 

ഒരു ചെറിയ ജിവിതം ഉള്ളത് അൽപ്പമേറെ ആസ്വദിച്ച് ജീവിക്കാൻ‍ കൊതിക്കാത്തവരായി ആരുണ്ട്. ലോകം ഉണ്ടായ കാലം മുതൽ‍ മനുഷ്യൻ‍ വെട്ടിപ്പിടിക്കുകയാണ്. വ്യക്തികൾ‍ അവരാൽ‍ കഴിയും വിധം, രാജ്യങ്ങൾ‍ തങ്ങളാൽ‍ ആവും വിധം സ്വരൂപിക്കുകയാണ് പണവും സ്വാധീനവും ദേശ വിസ്തൃതിയും. ഓരോ രാജ്യവും പ്രതിരോധത്തിനായും രാജ്യ സുരക്ഷയ്ക്കായും ആയുധ ശേഖരണത്തിനായും കോടികൾ‍ മാറ്റിെവയ്ക്കുന്നു. അയൽ‍പക്ക രാജ്യത്തെ, സാന്പത്തിക സ്രോതസും, വിഭവ സമൃദ്ധിയും കൈയിട്ടു വാരുക മാത്രമല്ല അവരെ നമ്മളെക്കാൾ‍ ഉയരാൻ‍ അനുവദിക്കാതെ പിടിച്ചുനിർ‍ത്തും അതിലുപരി ഭീകര സംഘടനകളെ തുരത്തുവാൻ, ആ പേരും പറഞ്ഞു, രാജ്യത്തെ നാശത്തിന്റെ പടിവാതിലിൽ‍ എത്തിക്കുകയും ചെയ്യുന്നു. 

ഭികര സംഘടനകൾ‍ ലോകത്തിന്‍റെ എല്ലാ കോണും നക്കി തുടയ്ക്കാൻ‍ പദ്ധതി ഇട്ടു പ്രവർ‍ത്തിക്കുന്നു. ജാതിയും മതവും ആദർ‍ശങ്ങളും ആശയ വ്യത്യസ്ഥതയും നശീകരണ സ്വഭാവവും മനുഷ്യന്‍റെ ബോധമനസ്സിനെ താളം തെറ്റിക്കുന്പോൾ‍ ചുറ്റുമുള്ളവരൊക്കെ ശത്രുക്കൾ‍ എന്ന് മാത്രമല്ല ചിന്തിക്കുന്നത്, അവരെ ജീവിക്കാൻ‍ അനുവദിക്കരുത് എന്ന ചിന്തയും ഭരിക്കുന്നു, അതിനനുസരിച്ച് പ്രവർ‍ത്തിക്കുന്നു. ലോകം മുഴുവൻ‍ എരിഞ്ഞു തീരട്ടെ എന്ന ചിന്തയിൽ‍ സകലതും ചുട്ടെരിക്കുന്പോൾ‍ എന്ത് സംതൃപ്തി, എന്ത് നേട്ടം അവർ‍ക്ക് കിട്ടുന്നു. അതിലുപരി ജീവിക്കാൻ‍ കൊതിക്കുന്ന മനുഷ്യരെ, അവരുടെ ആഗ്രഹങ്ങളെ നുള്ളിക്കളയുന്നു. 

ഏറ്റവും സങ്കടകരമായ കാര്യം ലോക നശീകരണത്തിനിടയിൽ‍ പിടഞ്ഞു വിഴുന്ന കുഞ്ഞുങ്ങൾ‍, മുറിവേറ്റു കരയുന്ന നിഷ്കളങ്ക ബാല്യങ്ങൾ‍, അനാഥമാകുന്ന ജീവിതങ്ങൾ‍. കയറിക്കിടക്കാൻ‍ ഇടവും, വിശപ്പടക്കാൻ‍ ആഹാരവും, മുറിവുണങ്ങാൻ‍ മരുന്നുകളും, ഇല്ലാതെ വേദനയും ദുഃഖവും ദുരിതവും മാത്രമാണ് ജിവിതമെന്നു രുചിച്ചറിയുന്ന കുഞ്ഞുങ്ങൾ‍. ഒരുതെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കാൻ‍ വിധിക്കപ്പെട്ടവർ‍. നിസ്സഹായതയോടെ കരയുന്ന ആ കുഞ്ഞു കണ്ണുകളിൽ‍ നിരാശ പടരുന്നത്‌ കാണാതെ പോകാൻ‍ നമുക്കാവുമോ? ഇതിനോരറുതി ഇല്ലേ? ലോക നേതാക്കൾ‍, ഭീകര പ്രവർ‍ത്തകർ‍ മാറിമാറി യുദ്ധക്കോപ്പുകൾ‍ വാരിവിതറുന്പോൾ‍ ജീവനായി ജീവിതത്തിനായി ദാഹിക്കുന്നവരെ മറക്കരുതേ !!!

You might also like

Most Viewed