കേരളവും സ്വാശ്രയ കച്ചവടവും...


ഇ.പി അനിൽ

epanil@gmail.com

 

സ്വാശ്രയം എന്ന പദവും ഇക്കാലത്ത് അനർത്ഥങ്ങൾ‍ മെനയുകയാണ്. സമൂഹത്തിലെ ചുരുക്കം ചില സ്ഥാപനങ്ങൾ‍ എങ്കിലും ലാഭനഷ്ട കണക്കുകൾ‍ക്കപ്പുറം പ്രവർ‍ത്തിക്കണം എന്ന പൊതു ധാരണയ്ക്ക് ഇന്നു മാറ്റങ്ങൾ‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ മുതൽ‍ മെഡിക്കൽ ‍കോളേജ്, വിമാനത്താവളങ്ങൾ‍, റോഡുകൾ‍ വരെയുള്ള പൊതു ഇടങ്ങൾ‍ എല്ലാം സ്വകാര്യ സ്ഥാപനങ്ങൾ‍ ആക്കി മാറ്റുന്ന ഒരവസ്ഥ നമ്മുടെ നാടിനും പരിചിതമായിക്കഴിഞ്ഞു. അതിൽ‍ ഏറ്റവും കുപ്രസിദ്ധി നേടിയവയാണ് കേരളത്തിലെ സ്വാശ്രയ വിദ്യാലയങ്ങൾ‍. അതിൽ‍ തന്നെ ഇപ്പോൾ‍ വാർ‍ത്തയിൽ‍ ഇടം നേടിയ കരുണ-അഞ്ചരക്കണ്ടി മെഡിക്കൽ ‍കോളേജുകളെ പറ്റി കേൾ‍ക്കുന്ന വാർ‍ത്തകൾ‍ ആശാവഹമല്ല.ഇത്തരം സ്ഥാപനങ്ങൾ‍ തുടങ്ങുവാൻ‍ മുന്നിട്ടിറങ്ങിയവരും അതിനെ എതിരിട്ട് സമരങ്ങൾ‍ നടത്തിയവരും സ്വാശ്രയ സ്ഥാപനങ്ങളെപ്പറ്റി ഒരേ ഭാഷയിൽ‍ സംസാരിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ‍ എത്തിയത് സ്ഥാപനങ്ങളുടെ നന്മ കൊണ്ടല്ല പകരം നമ്മുടെ രാഷ്ട്രീയ ലോകത്ത് ഉണ്ടാകുന്ന മൂല്യച്യുതികളുടെ വേലിയേറ്റം കൊണ്ടാണ് എന്ന്‍ തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെ മെഡിക്കൽ ‍വിദ്യാഭ്യാസരംഗത്ത്‌ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു മാർ‍ക്ക് തിരുത്തൽ‍. അതിന്‍റെ പേരിൽ‍ പഠിച്ചു കൊണ്ടിരുന്നവരുടേയും പാസ്സായി പുറത്തു പോയവരുടെയും പരീക്ഷകളും സർ‍ട്ടിഫിക്കറ്റുകളും റദ്ദാക്കിയ സംഭവം ഉണ്ടായി. അതിൽ‍ മിക്ക വിദ്യർ‍ത്ഥികളും പ്രവേശനം നേടിയത് 18 വയസ്സിനു മുന്‍പ് ആയിരുന്നു. പ്രായപൂർ‍ത്തി ആകാത്ത കുട്ടികൾ‍ക്ക് മാർ‍ക്ക് തിരുത്തലിൽ‍ പങ്കില്ല എന്ന് കണ്ട് അവരെ പുറത്താക്കുന്നത് ശരിയല്ല എന്ന വാദം കേരളത്തിൽ‍ ഒരു രാഷ്ട്രീയക്കാരനും ഉന്നയിച്ചില്ല. നിയമപരമായി തെറ്റായ മാർ‍ഗ്ഗങ്ങളിൽ‍ പ്രവേശനം ലഭിച്ച കുട്ടികൾ‍ പുറത്തു പോയ ചരിത്രം നമ്മുടെ മുന്നിൽ‍ ഉണ്ട് അവിടെ ആരും തന്നെ കുട്ടികളുടെ ആത്മഹത്യാ ഭീക്ഷണി ഭയന്ന് അവരെ രക്ഷിക്കുവാൻ‍ കൈപൊക്കിയിരുന്നില്ല.

കേരളത്തിലെ വിദ്യാഭ്യാസരംഗം 1991 വരെ താരതമ്യേന മെറിറ്റ് അടിസ്ഥാനത്തിൽ‍ പ്രവർ‍ത്തിച്ചു വന്നു.പ്രൊഫഷണൽ‍ രംഗത്തും അത് തന്നെയായിരുന്നു അവസ്ഥ. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിനായി ആവശ്യം ഉന്നയിച്ച എൻഎസ്എസ്സിന് അതനുവദിക്കുവാൻ‍ തയ്യാറാകാത്ത ഇഎംഎസ് മന്ത്രിസഭയുടെ തീരുമാനം ഇവിടെ ഓർ‍ക്കേണ്ടതാണ്. മുണ്ടശ്ശേരി മാഷ്‌ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് ആദ്യ മന്ത്രിസഭയുടെ പതനത്തിനു തന്നെ കാരണമായി. അവിടെയൊക്കെ ഉയർ‍ന്നു കേട്ട വിദ്യാഭ്യാസ കച്ചവട വിരുദ്ധ നിലപാടുകൾ‍ കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ പടിപടിയായി കൈയൊഴിഞ്ഞു വരുന്നു എന്ന് കാണാം. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മറ്റും ഇടതു പാർ‍ട്ടികൾ‍ ആഗോളവൽ‍ക്കരണ അജണ്ടകൾ‍ നടപ്പിലാക്കുന്നതിൽ‍ മടികാണിക്കാത്തവരായി കഴിഞ്ഞു. ഇതുവഴി കേരളത്തിലെ ഉന്നത ബിരുദങ്ങൾ‍ നൽ‍ക്കുന്ന സ്ഥാപനങ്ങൾ‍ (മെഡിക്കൽ‍ −എഞ്ചിനീയറിംഗ് കോളേജ്) കൾ‍ ഇവ രാജ്യത്തെ ഏറ്റവും മോശം നിലവാരം ഉള്ളവയുടെ പട്ടികയിൽ‍ ഇടം പിടിച്ചു. പഠിക്കുവാൻ‍ എത്തുന്ന കുട്ടികളിൽ‍ ബഹുഭൂരിപക്ഷവും പഠനം പൂർ‍ത്തിയാക്കുവാൻ‍ കഴിവില്ലാത്തവരായി. പഠനം ഉപേക്ഷിക്കുവാനും പഠിച്ചിറങ്ങുന്നവർ‍ക്ക് പോലും തൊഴിൽ‍ ലഭിക്കുവാൻ‍ കഴിവില്ലാത്തവരുമായി മാറികഴിഞ്ഞു.

രാജ്യത്ത് നടക്കുന്ന വ്യാപകമായ പ്രൊഫഷണൽ‍ വിദ്യാഭ്യാസ രംഗത്തെ പണാധിപത്യം കണ്ടു പൊറുതി മുട്ടിയ സുപ്രീംകോടതി ദേശീയമായി പ്രവേശന പരീക്ഷ എന്ന തീരുമാനം കൈകൊണ്ടത് അംഗീകരിക്കുവാൻ‍ കേന്ദ്രവും സംസ്ഥാനങ്ങളും പരമാവധി വിസമ്മതിച്ചു. കോടതിയുടെ കർ‍ക്കശ നിലപാടുകൾ‍ സർ‍ക്കാരിനംഗീകരിക്കേണ്ടിവന്നു. ഭാവിയിൽ‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്തും ദേശീയ പരീക്ഷ എന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ‍ എത്തേണ്ടതുണ്ട് എന്ന് കോടതി ഓർ‍മ്മിപ്പിച്ചു. ഇന്ത്യൻ‍ കോടതികൾ‍ പലപ്പോഴും എടുക്കുന്ന സമീപനങ്ങൾ‍ വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ‍ ആയിരുന്നു. പ്രൊഫഷണൽ‍ രംഗത്ത്‌ ആദ്യമായി ഉണ്ടായ സെൻ‍ സ്റ്റീഫൻ‍സ് കോളേജ് വിധി പ്രൊഫഷണൽ‍ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ‍ 50 സീറ്റുകൾ‍ മെറിറ്റ് അടിസ്ഥാനത്തിൽ‍ ആകണം എന്ന് പറഞ്ഞു. ബാക്കി വരുന്ന സീറ്റുകൾ‍ പണം വാങ്ങി വിൽ‍ക്കാം എന്ന് കോടതി അംഗീകരിച്ചു. എന്നാൽ‍ ആഗോളവത്കരണം ശക്തമായ സാഹചര്യത്തിൽ‍ അതേ കോടതി ക്രോസ്സ്‌ സബ്സിഡി പാടില്ല എന്ന് വിധിച്ചു. ചുരുക്കത്തിൽ‍ വിദ്യാഭ്യാസ കച്ചവടത്തിന് പൂർ‍ണ്ണമായും സംരക്ഷണം നൽ‍കുന്ന അവസരങ്ങൾ‍ ഒരുങ്ങി എന്ന് കാണാം. മിക്കപ്പോഴും കോടതികൾ‍ ന്യൂന പക്ഷ അവകാശം എന്ന നിലയ്ക്ക് പ്രൊഫഷണൽ‍ വിദ്യാഭ്യാസരംഗത്ത്‌ കച്ചവട സ്ഥാപനങ്ങളെ സഹായിക്കുന്ന തീരുമാനങ്ങൾ‍ എടുത്തു. കേരളത്തിൽ‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ കാലത്തെ മന്ത്രിസഭ കൊണ്ടുവന്ന നിയമം സുപ്രീംകോടതി അസാധുവാക്കിയാതിലൂടെ കേരളത്തിൽ‍ പ്രൊഫഷണൽ‍ വിദ്യാഭ്യാസ കച്ചവട കേന്ദ്രങ്ങൾ‍ കൂടുതൽ‍ കരുത്തുകാട്ടി.ഇടതുപക്ഷ മുന്നണി എടുത്ത സ്വാശ്രയ വിരുദ്ധ നിലപാടുകൾ‍ തിരുത്തി, ഇത്തരം കച്ചവട സ്ഥാപനങ്ങൾ‍ യാഥാർ‍ത്ഥ്യമാണ് എന്ന രൂപത്തിൽ‍ ചുവടുകൾ‍ മാറ്റിയതായി കാണാം. സ്വാശ്രയ വിരുദ്ധ സമരത്തിൽ‍ പങ്കാളികൾ‍ ആയ രക്തസാക്ഷികളുടെ പാർ‍ട്ടി പിന്നീട് പരിയാരം മെഡിക്കൽ‍കോളേജ് തന്നെ സ്വാശ്രയ സ്ഥാപനമായി നിയന്ത്രിക്കുവാൻ‍ മടികാണിച്ചില്ല. (നേതാക്കളുടെ മക്കൾ‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാഗമായി തീരുന്നതിൽ‍ പരിഭവം ഇല്ലായിരുന്നു.)

കേരളം ഒഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ കച്ചവടം എന്നും ശക്തമായിരുന്നു. ആന്ധ്ര പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ‍ മാത്രമേ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് നിയന്ത്രണങ്ങൾ‍ ഉണ്ടായിരുന്നുള്ളു. ഇത്തരം കച്ചവടം വ്യാപകമായി ഇല്ലാതിരുന്ന കേരളത്തിലെ പ്രൊഫഷണൽ‍ രംഗത്ത്‌ നിന്നും മെച്ചപ്പെട്ട ബിരുദ്ധധാരികൾ‍ പുറത്തുവന്നു. അവർ‍ക്ക് കേരളത്തിലും പുറത്തും തൊഴിൽ‍ മേഖലയിൽ‍ മെച്ചപ്പെട്ട അവസരങ്ങൾ‍ ലഭിച്ചു. അവസരം കിട്ടിയവർ‍ അവരുടെ കഴിവുകൾ‍ തെളിയിക്കുവാൻ വിജയിച്ചു. എന്നാൽ‍ ഇന്നത്തെ പ്രൊഫഷണൽ‍ സ്ഥാപനങ്ങളിൽ‍ നിന്നും പുറത്തു വരുന്ന കുട്ടികളുടെ കാര്യക്ഷമതയെ പറ്റിയുള്ള കണ്ടെത്തലുകൾ‍ നിരാശാജനകമാണ്. എഞ്ചീനിയറിംഗ് രംഗത്ത് ഇന്ത്യയിലെ കുട്ടികളുടെ കാര്യക്ഷമത ഏറെ പിന്നിലാണ്. കേരളത്തിൽ‍ പഠനത്തിനു ചേരുന്ന കുട്ടികളിൽ‍ 20% ആളുകൾ‍ മാത്രമേ കോഴ്സുകൾ‍ പൂർ‍ത്തിയാക്കുന്നുള്ളൂ എന്ന വാർ‍ത്തകൾ‍ അനാരോഗ്യകരമായ പ്രവണതയായി കാണണം. പഠനത്തിന് ആവശ്യമായി വരുന്ന ചെലവുകൾ‍ സാധാരണക്കാരെ കടക്കെണിയിൽ‍ പെടുത്തി കഴിഞ്ഞു. നമ്മുടെ നാട്ടിൽ‍ 10000 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പകൾ‍ പഠന സന്പന്ധിയായിട്ടുണ്ട്. 10 ലക്ഷം കുടുംബങ്ങളെ സാന്പത്തിക ബാധ്യതയിൽ‍ എത്തിച്ച വിദ്യാഭ്യാസ കച്ചവടം ഒരേ സമയം കുട്ടികൾ‍ക്കും രക്ഷിതാക്കൾ‍ക്കും പ്രതിസന്ധികൾ‍ വരുത്തി കൊണ്ടിരിക്കുന്നു. എന്നാൽ‍ നമ്മുടെ രാഷ്ട്രീയ പാർ‍ട്ടികളും നേതാക്കളും (വ്യക്തിപരമായി) ഇത്തരം പ്രതിസന്ധികളിൽ‍ ഉൽ‍ക്കണ്ഠാകുലരല്ല. അവർ‍ ഈ രോഗത്തെ ഒരു യാഥാർ‍ഥ്യമായി പരിഗണിച്ച് കൂടുതൽ‍ കെണികൾ‍ ഒരുക്കുന്നതിൽ‍ ഭാഗഭാക്കാവുന്നു. അങ്ങനെ എല്ലാ പാർ‍ട്ടികളും സ്വാശ്രയ വിഷയത്തിൽ‍ കച്ചവടക്കാരെ സഹായിക്കുവാൻ‍ ഒരിമിക്കുകയാണ്.

NEET എന്ന ദേശിയ പരീക്ഷ രാജ്യത്ത് നടപ്പിൽ‍ കൊണ്ടുവരുവാൻ‍ സുപ്രീംകോടതി പ്രത്യേകം താൽ‍പര്യം കാട്ടി. NEET ലൂടെ മാത്രമേ കുട്ടികൾ‍ക്ക് മെഡിസിൻ‍ രംഗത്ത്‌ പ്രവേശനം അനുവദിക്കാവൂ എന്ന് കോടതി തീരുമാനിക്കുകയും കോഴപ്പണം വാങ്ങൽ‍ കുറ്റകൃത്യമായി പരിഗണിച്ചു. NEET പരീക്ഷയുടെ മഹത്വം രസാവഹമാണ്.ഒരു പരീക്ഷ പാസ്സാകുവാൻ‍ ഏറ്റവും കുറഞ്ഞ മാർ‍ക്ക് 35% മാത്രമാണ് എന്ന് നമ്മൾ‍ക്കറിയാം. മറ്റു ചില പരീക്ഷയിൽ‍ എത്ര അവസരങ്ങൾ‍ ഉണ്ടോ അത്ര മാത്രം കുട്ടികളെ പരീക്ഷ പാസ്സാക്കുന്ന രീതിയും നിലവിലുണ്ട്.(chartered Account യോഗ്യത നേടുന്നതിനായി നടത്തുന്ന പരീക്ഷയിൽ‍ മിക്കപ്പോഴും വിജയ ശതമാനം 10ൽ‍ താഴെ മാത്രം.) എന്നാൽ‍ NEET ൽ‍ 18% മാർക്കു കിട്ടിയാൽ യോഗ്യതയായി. മൊത്തമുള്ള 720 മാർക്കിൽ‍ 130 കിട്ടിയാൽ‍ മെറിറ്റ് യോഗ്യത നേടി എന്നാണ് ദേശീയ നിലപാട്.സംവരണക്കാർ‍ക്കാകട്ടെ 103 മാർ‍ക്ക് ധാരാളം മതിയാകും. (14%) രാജ്യത്തെ മെഡിക്കൽ‍ സീറ്റുകൾ‍ 59000 ഉണ്ട്.അങ്ങനെയെങ്കിൽ‍ പ്രസ്തുത പരീക്ഷാ വിജയികളുടെ എണ്ണം 59000 ഓ വേണമെങ്കിൽ‍ 10% കൂടിയോ ആകാം. എന്നാൽ‍ കഴിഞ്ഞ വർ‍ഷം NEET പരീക്ഷയിലൂടെ യോഗ്യത നേടിയവരുടെ എണ്ണം രാജ്യത്ത് 5.9 ലക്ഷം വരും. യഥാർ‍ത്ഥ സീറ്റുകളുടെ 10 ഇരട്ടി. ഇവിടെപരീക്ഷയുടെ ലക്ഷ്യം മറ്റൊരു രീതിയിലെ സീറ്റു കച്ചവടമാണ് എന്ന് മനസ്സിലാക്കുവാൻ വലിയ ബുദ്ധിമുട്ടില്ല. കേരളത്തിലെ കുട്ടികൾ‍ പ്രസ്തുത പരീക്ഷയിൽ‍ 80% വിജയം നേടി എന്ന വാർ‍ത്തകളും മുകളിൽ‍ പറഞ്ഞ വസ്തുതയെ കൂടുതൽ‍ ബലപ്പെടുത്തുന്നു. 2900 MBBS സീറ്റും 1660 Dentalസീറ്റും ഉള്ള കേരളത്തിൽ കഴിഞ്ഞ വർ‍ഷം പരീക്ഷ എഴുതിയ 1.05 ലക്ഷം വിദ്യർ‍ത്ഥികളിൽ‍ 80000ത്തിലധികം ആളുകൾ‍ യോഗ്യത നേടിയിരുന്നു. രാജ്യത്തെ മെഡിക്കൽ‍ പഠനരംഗത്തെ കച്ചവടങ്ങൾ‍ ഒഴിവാക്കുവാൻ കൊണ്ടുവന്ന പരീക്ഷ ഇത്തരത്തിൽ‍ ആയി പ്രവർ‍ത്തിക്കുന്പോൾ‍ കോഴകച്ചവടങ്ങൾ‍ അവസാനിപ്പിക്കുവാൻ‍ കഴിയില്ല എന്ന് വ്യക്തമാണ്‌.

NEET പരീക്ഷയെ മുന്നിൽ‍ നിർ‍ത്തി സുപ്രീകോടതി കോഴപ്പണം (സീറ്റ് വിലക്ക് വാങ്ങൽ‍) അവസാനിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ‍ അവിടെ അഴിമതിക്ക് മറ്റു ചില പേരുകൾ‍ നൽ‍കി കച്ചവടം നടത്തുവാൻ‍ അവസരം ഒരുക്കി. ഇന്ത്യയിൽ‍ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ പരിവർ‍ത്തനങ്ങൾ‍ നടപ്പിൽ‍ വരുത്തിയ കേരളത്തിൽ‍ വളരെ വൈകി മാത്രം എത്തിയ സ്വാശ്രയ പരീക്ഷണം രാജ്യത്തെ ഏറ്റവും മോശപ്പെട്ട രൂപത്തിൽ‍ കഴിഞ്ഞ 20 വർ‍ഷങ്ങൾ‍കൊണ്ട് മാറി കഴിഞ്ഞു. അതിന് നേതൃത്വം കൊടുത്ത ശ്രീ. എ.കെആന്‍റണി എന്ന (അഴിമതി വിരുദ്ധ ഖ്യാതി നേടുവാൻ‍ പ്രത്യേകം കരുക്കൾ‍ ഒരുക്കുന്ന) രാഷ്ട്രീയക്കാരൻ‍ കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ കുളംതോണ്ടുന്ന നടപടികൾ‍ക്ക് കാരണക്കാരനായി പ്രവർ‍ത്തിച്ചു എന്ന സത്യത്തെ അംഗീകരിച്ച് കേരള ജനതയോട് മാപ്പെങ്കിലും പറയുവാൻ‍ തയ്യാറായിട്ടില്ല. സ്വാശ്രയ സ്ഥാപനങ്ങളിൽ‍ നടന്ന നിരവധി കൊലപാതകങ്ങൾ‍ക്കും ആത്മഹത്യക്കും ഉത്തരവാദിത്തം പറയുവാൻ‍ ശ്രീ ആന്‍റ്ണിക്ക് പ്രത്യേകം ബാധ്യതയുണ്ട്. സ്വാശ്രയ കച്ചവട ലോകത്തിന്‍റെ അപകടത്തെ തുറന്നു കാട്ടുവാൻ ഏറെ സമരങ്ങളും രക്തസാക്ഷിത്വവും വരിച്ച ഇടതു പാർ‍ട്ടികളും വിദ്യർ‍ത്ഥി-യുവജന സംഘടനകളും പിൽ‍ക്കാലത്ത് വേഗത്തിൽ കീഴടങ്ങുന്നതായി കാണാം. ശ്രീ ബേബിയുടെ നേതൃത്വത്തിൽ‍ കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കുവാൻ‍ കൊണ്ടുവന്ന ബില്ല് സുപ്രീം കോടതി തടഞ്ഞതോടെ ഇടതു പാർ‍ട്ടികളുടെ പ്രതിഷേധങ്ങൾ‍ അവസാനിപ്പിച്ചു.

പ്രവേശന മാനദണ്ധം മെറിറ്റ് ആയിരിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ‍ പഴയ മൂന്നു തരം ഫീസ്‌ ഘടനയെ കൈ ഒഴിയുവാൻ ഇടതു സർക്കാരിന് അവസരം കിട്ടിയിരുന്നു. സുപ്രീം കോടതി പറഞ്ഞ നിലയ്ക്ക് NEET പരീക്ഷയുടെ മാർ‍ക്കിന്‍റെ അടിസ്ഥാനത്തിൽ‍ സംവരണവും പരിഗണിച്ച്, മുകളിൽ‍ സൂചിപ്പിച്ച സീറ്റുകളിലേയ്ക്ക് കുട്ടികളെ എടുത്ത്, ഒരേ ഫീസ്സിൽ‍ (നിലവിലെ മെറിറ്റ്‌ ഫീസ്സിൽ‍) പഠിപ്പിക്കുവാൻ‍ തീരുമാനിക്കാമായിരുന്നു. വിദ്യാഭ്യാസം സാമൂഹിക ധർ‍മ്മമാണ് എന്ന് മുതലാളിത്തം തന്നെ പറഞ്ഞു വരുന്ന ലോകത്ത്, സോഷ്യലിസ്റ്റുകൾ‍ എന്താണ് കേരളത്തിൽ‍ ചെയ്യേണ്ടത്?. (1990 വരെ സർ‍ക്കാർ‍ മെഡിക്കൽ‍ കോേളജുകളിൽ‍ വാർ‍ഷിക ഫീസ്സ് 1000 രൂപയ്ക്ക് താഴെയായിരുന്നത് സ്വാശ്രയ കാലത്ത് 25000 ത്തിൽ‍ എത്തി. 2004ലെ സ്വാശ്രയ MBBS ഫീസ്സ്‌ 1.13ലക്ഷം ആയിരുന്നത്, 2010ൽ‍ 1.38 ലക്ഷവും 2012ൽ‍ 1.5 ലക്ഷവുമായി. 2014 ൽ‍ 1.75 ലക്ഷം. ശ്രീ ഉമ്മൻ‍ ചാണ്ടി (എന്ന സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്‍റെ രാഷ്ടീയ സ്പോൺ‍സറിൽ‍ പ്രമുഖൻ‍) യുടെ കാലത്ത് ഫീസ്സുകൾ‍ പ്രതിവർ‍ഷം 10% കണ്ട് വർ‍ദ്ധിപ്പിക്കുവാൻ‍ ശ്രമിച്ചു. അങ്ങനെ 2015ൽ‍ 1.85 ലക്ഷം രൂപയിലേയ്ക്ക് ഫീസ്സ്‌ വർദ്‍ധിച്ചു. 2016 ൽ‍ സഖാവ് പിണറായി 2.5 ലക്ഷം രൂപയാക്കി. (വർദ്‍ധന 65000 രൂപ, ) ഇപ്പോൾ‍ ഫീസ്സ് 11 ലക്ഷം, വർ‍ദ്ധന 8.5 ലക്ഷം. എന്താണ് ഇതിൽ‍ നിന്നും അർ‍ത്ഥമാക്കേണ്ടത് ?)

കഴിഞ്ഞ കാലത്ത് സ്വാശ്രയ മെഡിക്കൽ‍ സീറ്റുകളിൽ‍ 50%ത്തിൽ‍ 20% കുട്ടികൾ‍ക്ക് 25000 രൂപയ്ക്കും 30%കുട്ടികൾ‍ക്ക് 2.5 ലക്ഷവും കൊടുത്തു പഠിക്കുവാൻ‍ ഉണ്ടായിരുന്ന സാഹചര്യത്തിൽ‍ നിന്നും പ്രവേശനം ദേശീയ പരീക്ഷയുടെ അടിസ്ഥാനത്തിലും തലവരി പണം ഒഴിവാക്കി, മിടുക്കിന്‍റെ അടിസ്ഥാനത്തിൽ‍ മാത്രം പ്രവേശനം നൽ‍കണം എന്ന് സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തെ കേരളത്തിലെ ഇടതുപക്ഷ സർ‍ക്കാർ‍ എങ്ങനെയാണ് അട്ടിമറിച്ചത് എന്നുശ്രദ്ധിക്കുക. അവർ‍ എല്ലാ സീറ്റിലും ഫീസ് ഏകീകരിച്ചു. എങ്ങനെ? 25000 രൂപ ഫീസ്സ് നൽ‍കി പഠിക്കുന്നവരുടെ ഉൾ‍പ്പെടെ ഫീസ്സ്‌ 5.5 ലക്ഷമാക്കി. (പിന്നീട് കോടതി അത് 11 ലക്ഷമാക്കി ഉയർ‍ത്തി) സർ‍ക്കാരിന് ഒരുധാർ‍മ്മിക രോഷവും തോന്നിയില്ല. ജനകീയ വിദ്യാഭ്യാസം, ജനകീയ ആരോഗ്യം തുടങ്ങിയ പദ്ധതികളെ പറ്റി നിരന്തരം പറഞ്ഞു വന്നവർ‍ ആർ‍ക്കുവേണ്ടിയാണ് കഴിഞ്ഞ നാളിൽ‍ കാൽ‍ ലക്ഷം രൂപ ഫീസ്സിൽ‍ പഠിച്ച ഒരു കുട്ടിയുടെ പിന്തുടർ‍ച്ചക്കാർ‍ക്ക് ഈ വർ‍ഷം അതിന്‍റെ 44 ഇരട്ടി കൊടുത്തു പഠിക്കണം എന്ന് നിഷ്ക്കർ‍ശിച്ചത്? പഠിക്കുവാൻ‍ വരുന്ന കുട്ടികൾ‍ക്ക് ലോൺ‍ നൽ‍കി സഹായിക്കുവാൻ‍ ഞങ്ങൾ‍ ഉണ്ട് എന്ന് സർ‍ക്കാർ‍ പറയുന്പോൾ‍ കച്ചവടക്കാർ‍ക്ക് വ്യവസായം കൊഴിപ്പിക്കുവാന്‍ വഴിയുണ്ടാക്കുകായാണ് സർ‍ക്കാർ‍ ചെയ്യുന്നത്. പ്രൊഫഷണൽ‍ വിദ്യാഭ്യാസം എന്നാൽ‍ MBBS പഠനം മാത്രമല്ല.മറ്റു തരം കോഴ്സുകളിലും കാട്ടുനീതി തുടരുന്നു. അതിന്‍റെ ഇരകളാണ് നെഹ്‌റു കോളേജിൽ‍ മരിച്ചുവീണ വിദ്യർ‍ത്ഥിയും ബിലിവേർ‍സ്സ് കോളേജിൽ‍ (kp യോഹന്നാൻ‍ എന്ന ആത്മീയ വ്യാപാരിയുടെ സ്ഥാപനം) പഠിച്ചു കൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത ദളിത്‌ ചെറുപ്പക്കാരനും ഇടതു പാർ‍ട്ടികളെ അവരുടെ യുവജന വിദ്യർ‍ത്ഥി പ്രസ്ഥാനത്തെ ആലോസര പെടുതുന്നില്ല. ലോ അക്കാദമി സമരത്തിൽ‍ സർ‍ക്കാർ‍ പാർ‍ട്ടി നേതാവിന്‍റെ കുടുംബത്തോട് അടുത്തുനിന്നെടുത്ത നിലപാടുകൾ എത്ര ലജ്ജാകരമായിരുന്നു.!

കരുണ മെഡിക്കൽ‍ കോളേജ് കാന്പസ്സിലെ 74 കെട്ടിടങ്ങളിലെ 48 എണ്ണവും നിയമ വിരുദ്ധമായിരിക്കെ അതിൽ‍ ഒരു നടപടിയും എടുക്കുവാൻ സർ‍ക്കാർ‍ ശ്രമിച്ചില്ല. കണ്ണൂർ മെഡിക്കൽ കോേളജ് സ്ഥിതി ചെയ്യുന്ന 200 ഏക്കർ തോട്ടം സംസ്ഥാന ഭൂ നിയമത്തിനെതിരായി നിലനിൽക്കുന്നു.

സ്വാശ്രയ സംവിധാനത്തിലെ കൊള്ളയെ നിയന്ത്രിക്കുവാൻ‍ കൊണ്ടുവന്ന ഫീസ്‌ നിയന്ത്രണ അതോറിറ്റിയെ മാനിക്കാതെ പ്രവർ‍ത്തിച്ച കരുണ-കണ്ണൂർ‍ മെഡിക്കൽ‍കോളേജ് ഉടമകൾ വിദ്യർ‍ത്ഥികളെ മുന്നിൽ‍ നിർ‍ത്തി നടത്തിയ എല്ലാ കളികളും അറിയാവുന്ന സർ‍ക്കാർ‍ സ്ഥാപനത്തിന്‍റെ പ്രവർ‍ത്തനത്തെ അസാധുവക്കുവാൻ‍ മടിച്ചു നിന്നത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുവാൻ‍ മാത്രമായിരുന്നു എന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യപ്പെട്ടു.

അപ്പോഴും കോഴപ്പണി കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥാപനത്തിനെതിരെ ഒരു നിയമ നടപടിയും കൈകൊള്ളാതെ കുട്ടികളുടെ പേരു പറഞ്ഞ്, വിദ്യാഭ്യാസ രംഗത്തെ കച്ചവടക്കാർക്ക് തീറെഴുതുവാൻ തീരുമാനിച്ച കോൺഗ്രസ്സ് എംഎൽഎമാർക്കൊപ്പം ചേർന്ന്, കോർപ്പറേറ്റ് വർഗ്ഗീയ മാഫിയകൾക്ക് യൂണിവേഴ്സിറ്റി മുതൽ അംഗൻവാടി വരെ കൈമാറുന്ന ബിജെപിയുടെ പിന്തുണയോടെ എല്ലാ യുക്തിബോധത്തെയും സംശുദ്ധതയെയും വെല്ലുവിളിച്ചവതരിപ്പിച്ച നിയമസഭാ ബിൽ സിപിഐഎമ്മിന്റെ സന്പൂർണ്ണ തകർച്ചയുടെ മറ്റൊരു തെളിവുകൂടിയാണ്.

1957 ഏപ്രിൽ 5ന് ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ എത്തി വിദ്യാഭ്യാസ കച്ചവടക്കാരെ വെല്ലുവിളിച്ചു. എങ്കിൽ 61 വർഷത്തിനുശേഷമുള്ള മറ്റൊരു ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി പോലും കേരളത്തിലെ കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ, വിദ്യാഭ്യാസ മാഫിയകളെ സഹായിക്കുവാൻ കാട്ടുന്ന താൽപര്യത്തെ ഓർത്ത് ലജ്ജിക്കുകയായിരുന്നു.

You might also like

Most Viewed