ലിംഗ സമത്വമല്ല ലിംഗ നീ­തി­യാണ് വേ­ണ്ടത്


അബൂബക്കർ ഇരിങ്ങണ്ണൂർ

 

അതീവ ആശങ്കാജനകമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ സ്ത്രീത്വം കടന്നുപോകുന്നത്. പുറത്തിറങ്ങിയാൽ അവളെ പിച്ചിച്ചീന്താൻ വേട്ടക്കാർ തക്കം പാർത്തിരിക്കുകയാണ്. വാഹനങ്ങളിൽ, കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ, സ്വന്തം വീട്ടിൽ പോലും അവൾ വേട്ടയാടപ്പെടുകയാണ്.

സ്ത്രീപീഡനങ്ങളുടെ നിരക്ക് രാജ്യത്ത് ക്രമാതീതമായി പെരുകുകയാണെന്നാണ് ദേശീയ കുറ്റാന്വേഷണ ഏജൻസികൾ നൽകുന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്. രാജ്യത്ത് ഓരോ പതിനഞ്ച് മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നാണ് അനൗദ്യോഗിക ഏജൻസികളുടെ വിലയിരുത്തൽ. പുറംലോകമറിഞ്ഞാലുള്ള മാനഹാനി ഭയന്നും ഭാവി ജീവിതം അവതാളത്തിലാകുമെന്ന ഭീതി മൂലവും ഇരയും വീട്ടുകാരും സംഭവങ്ങൾ മൂടി വെയ്ക്കപ്പെടുകയാണ്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് കാവലിരിക്കാൻ രൂപം കൊടുത്ത മഹിളാപടയ്ക്കു പോലും നിർഭയം സഞ്ചരിക്കാനോ ഇടപെടാനോ സാധിക്കാത്ത അവസ്ഥയിലാണ്.

സ്ത്രീത്വം രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സുരക്ഷിതത്വത്തിനു വേണ്ടി കേഴുന്പോഴും അത് കണ്ടില്ലെന്ന് നടിച്ച് ഇപ്പോൾ ലിംഗ സമത്വത്തിന് വേണ്ടി വാദിക്കുന്ന ഇന്ത്യയെ കുറിച്ചും സ്ത്രീകളുടെ മാനവും ശരീരവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ ലിംഗസമത്വം നടപ്പാക്കിയാൽ സ്ത്രീകൾ സുരക്ഷിതരാവുമോ? അഞ്ച് വർഷം മുന്പ് പാർലമെന്റ് പാസാക്കിയ ക്രിമിനൽ നിയമപ്രകാരം ലൈംഗികാക്രമണത്തിന് 20 വർഷത്തിൽ കുറയാത്ത കഠിന തടവ് മുതൽ ജീവപര്യന്തം തടവിനോ വധശിക്ഷയ്ക്കോ വരെ വകുപ്പുണ്ടായിരുന്നു. ഈ നിയമത്തിന്റെ പേരിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്?

രാഷ്ട്രീയ സാന്പത്തിക സ്വാധീനത്തിന്റെ പിൻബലത്തിൽ കുറ്റവാളികൾ രക്ഷപ്പെടുകയാണ്. കുറ്റവാളികൾ സ്വന്തം പാർട്ടിക്കാരോ വേണ്ടപ്പെട്ടവരോ ആണെങ്കിൽ ഇരകളേക്കാൾ അവരോടാണ് രാഷ്ട്രീയ നേതൃത്വത്തിന് സ്നേഹവും താൽപ്പര്യവും. ഈ മനോഭാവം ഉപേക്ഷിച്ചു കുറ്റവാളികൾ ആരാണെങ്കിലും മതിയായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം സർക്കാരിന് ഉണ്ടാവണം. ഒപ്പം ലൈംഗികാതി പീഡനങ്ങൾക്ക് പ്രേരണ നൽകുന്ന സാമൂഹ്യ സാഹചര്യങ്ങളും പരസ്യ ബോർഡുകളിൽ അ‍ർദ്ധ നഗ്നയായ് തുങ്ങി കിടക്കുന്ന സ്ത്രീയുടെ ശാരീരിക പ്രദർശനങ്ങളെയും സ്ത്രീ സമൂഹവും ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഇന്ത്യ സന്ദർശിക്കുന്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഒറ്റയ്ക്ക് പോകരുതെന്നും അമേരിക്കൻ വിനോദ സഞ്ചാര വകുപ്പ് ഈയിടെ അവരുടെ സ്ത്രീകൾക്ക് നിർദേശം നൽകിയിരുന്നു. ഇതര രാഷ്ട്രങ്ങൾ പോലും ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. നമ്മുടെ രാജ്യത്തെ നിലവിലെ നിയമസംവിധാനത്തെ മറ്റു രാജ്യങ്ങൾ വളരെ ചെറുതായ രീതിയിലാണ് വിലയിരുത്തപ്പെടുന്നത്.

ലിംഗ സമത്വവാദമെന്ന പേരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളും മറ്റും സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്ന് ധരിക്കരുത്. മറിച്ച് അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒന്നുകൂടി നശീകരണത്തിലേക്കുള്ള പാതകൾ വെട്ടുകയാണെന്ന തിരിച്ചറിവ് ബുദ്ധിജീവികൾ എന്നൊക്കെ അവകാശപ്പെടുന്നവർക്ക് മനസ്സിലാകാതെയും പോകുകയാണെന്നാണ് ചില അനുഭവങ്ങൾ നമുക്ക് നൽകുന്ന സൂചനകൾ. സ്ത്രീകൾ കന്പോളവൽക്കരിക്കപ്പെട്ടാലെ പലരുടെയും നിലനിൽപ്പ് സാധ്യമാകുകയുള്ളൂ.

ലിംഗ നീതി കേന്ദ്ര മുദ്രാവാക്യമായി കൊണ്ടുനടക്കുന്ന സ്ത്രീവാദി പ്രസ്ഥാനങ്ങൾ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. നേരും നെറിയുമില്ലാതെ പണം വാരുന്ന ബിസിനസുകാരായി അവർ മാറിയിരിക്കുകയാണ്. പെണ്ണുടലിന്റെ കച്ചവടമൂല്യം തിരിച്ചറിഞ്ഞവരാണ് അവർ. അത് ഉപയോഗിച്ചാൽ ഏത് അധികാര കേന്ദ്രത്തിൽ നിന്നും അവിഹിത സഹായങ്ങൾ നേടിയെടുക്കാമെന്ന് അവർ പഠിച്ചിരിക്കുകയാണ്. പണവും പദവിയും അതുവഴി ഒഴുകിയെത്തുമെന്നവർ കണ്ടെത്തിയിരിക്കുന്നു. എല്ലാവിധ എതിർപ്പുകളെയും മറികടക്കാമെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. അതിനു വേണ്ടിയുള്ള കോലാഹലങ്ങളാണ് ലിംഗ സമത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.

മസാലക്കഥകളുടെ അങ്ങാടി വിലയിൽ വ്യാമോഹമിട്ടു അതിന്റെ വിപണനത്തിനു മാത്രം മുഴുകിയിരിക്കുകയാണ് മലയാള ചാനലുകൾ. കാലം മലയാളിയിൽ നിന്ന് ചിലത് തേടുന്നുണ്ട്. നീതിക്ക് വേണ്ടി പൊരുതാനും ധർമ്മത്തിന് വേണ്ടി ത്യാഗം ചെയ്യാനും സന്നദ്ധതയുള്ള ഒരു മാധ്യമ സംഘത്തെ, ഒരു മാധ്യമ സംസ്കാരത്തെ ഇതൊന്നുമല്ലെങ്കിൽ ഇക്കാലമത്രയും വിദ്യാഭ്യാസത്തിനായി നാം മുതൽമുടക്കിയ നമ്മുടെ വിദ്യാഭ്യാസത്തിന് കാതലായ എന്തോ ചില കുഴപ്പങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കുക. ധാർമ്മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിയാനുള്ള എളിയ ശ്രമങ്ങളെങ്കിലും നടത്തുക...

You might also like

Most Viewed