ചി­ല ആരോ­ഗ്യകരമാ­യ ചി­ന്തകൾ


ജെ. ബിന്ദുരാജ്

ലോകാരോഗ്യദിനം ഘോഷിക്കപ്പെടുന്ന ഒന്നു തന്നെ. ഏപ്രിൽ ഏഴിന് എല്ലാ വർഷവും അത് ആഘോഷിക്കുന്നുമുണ്ട്. ലോകത്തെ എല്ലാ കുഞ്ഞുങ്ങളും മുതിർന്നവരും ആരോഗ്യത്തോടു കൂടിയിരിക്കണമെന്നും പോഷകാഹാരം കഴിക്കണമെന്നും നല്ല ജലവും നല്ല അന്തരീക്ഷത്തിലും ജീവിക്കണമെന്നുമൊക്കെ നമ്മൾ സ്വപ്നം കാണുന്ന ദിവസം. സാന്പത്തികമായി ബുദ്ധിമുട്ടുകളിൽപ്പെടാതെ, എല്ലാവർക്കും ആശുപത്രികളിൽ ചികിത്സ ലഭിക്കണമെന്നും പട്ടിണിയില്ലാത്ത ലോകം ഉണ്ടാകണമെന്നും പട്ടിണി മരണങ്ങൾ ലോകത്തൈാരിടത്തും ഉണ്ടാകരുതെന്നും നമ്മൾ പ്രത്യാശിക്കുന്ന ദിനം. ഒരു കുഞ്ഞിന്റെ അച്ഛനും വൃദ്ധരായ അച്ഛനമ്മമാരുടെ മകനുമായ ഞാനും മറ്റുള്ളവരെപ്പോലെ എന്റെ കുഞ്ഞ് ആരോഗ്യത്തോടെ ജീവിക്കണമെന്നും വിഷരഹിതമായ നല്ല ഭക്ഷണം കഴിക്കണമെന്നും ശുചിയായ വെള്ളം കുടിക്കണമെന്നും രോഗം വരുന്പോൾ നല്ല ചികിത്സ ലഭിക്കണമെന്നും വൃദ്ധരായ മാതാപിതാക്കൾക്ക് ദീർഘകാലം ജീവിക്കാനുള്ള ആരോഗ്യമുണ്ടാകണമെന്നും അവർക്ക് മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങൾ ലഭിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ്. 

പക്ഷേ ആരോഗ്യത്തെപ്പറ്റി പറയുന്പോൾ എന്റെ മനസ്സിൽ അന്നുമിന്നും തെളിയുന്ന കുറെ ചിത്രങ്ങളുണ്ട്. അതിലൊന്ന് എൻഎസ് മാധവന്റെ ചൂളൈമേടിലെ ശവങ്ങൾ എന്ന കഥയിലെ ചില ദൃശ്യങ്ങളാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്ന ചെന്നൈയിലെ ചൂളൈമേടിലെ കുഞ്ഞുങ്ങളും മുതിർന്നവരുമൊക്കെ അതിസാരവും ഛർദ്ദിയും ബാധിച്ച് മരണത്തിലേയ്ക്ക് വീഴുന്നതാണ് കഥാതന്തു. ജീവിതത്തെപ്പറ്റി വലിയ സ്വപ്നങ്ങളൊന്നും തന്നെയില്ലാത്ത ആ മനുഷ്യർ തെരുവിൽ പുഴുക്കളെപ്പോലെ മരണപ്പെടുന്പോഴും ആരും അവരുടെ സഹായത്തിനെത്തുന്നില്ല. മരണത്തിലേക്കുള്ള വഴി മാത്രമാണ് അവർക്കുമുന്നിൽ തുറന്നുകിടക്കുന്നത്. രണ്ടാമത്തെ ദൃശ്യം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ ഒന്നാണ്. തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തിനടുത്തായിരുന്നു അത്. നായകൾക്കൊപ്പം മാലിന്യക്കൂന്പാരത്തിൽ നിന്നും ഭക്ഷണം തേടുന്ന അംഗവൈകല്യങ്ങളുള്ള ഒരു വൃദ്ധൻ. കോട്ടയം മെഡിക്കൽ കോളേജിൽ ഭക്ഷ്യവിഷബാധ മൂലം മരണമടഞ്ഞ ആറു വയസ്സുകാരന്റെ നൂലുപോലുള്ള ജഡമാണ് മറ്റൊരു നടുക്കിയ ദൃശ്യം. 

ആ കാഴ്ചകളെ മറച്ചുകൊണ്ട് ആരോഗ്യത്തെപ്പറ്റി സംസാരിക്കുക അനുചിതമായിരിക്കുമെന്നാണ് എന്റെ തോന്നൽ. ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച് .ഒ) കണക്കുകൾ തന്നെ അത് വെളിവാക്കുന്നതാണ്. ലോകത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർക്ക് ആരോഗ്യ സംവിധാനങ്ങൾ ലഭ്യമല്ലെന്ന് സംഘടന തന്നെ തുറന്നുസമ്മതിക്കുന്നു. ചികിത്സയ്ക്ക് പണം ചെലവാക്കേണ്ടി വരുന്നതു മൂലം ലോകത്തെ 10 കോടി ജനത ഇന്നും കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുവെന്നും 80 കോടി ജനത (ലോകത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം) തങ്ങളുടെ മൊത്തം വരുമാനത്തിന്റെ 10 ശതമാനം ചികിത്സകൾക്കായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അവർ പറയുന്നു. ഭക്ഷണത്തിൽ കീടനാശിനി വിഷവും ഹോർമോണുകളും ഉള്ളതു മൂലം രോഗപീഡകൾക്ക് വിധേയരാകുന്നവരും പോഷകാഹാരക്കുറവു മൂലം ശാരീരിക അവശതകൾ നേരിടുന്നവരും വിഷലിപ്തമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കേണ്ടി വരുന്നതു മൂലം കാൻസർ പോലുള്ള മാരകവ്യാധികൾക്ക് അടിപ്പെടുന്നവരും പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവരുമൊക്കെ ചികിത്സ നിഷേധിക്കപ്പെട്ട്, ജീവച്ഛവങ്ങളായി കഴിയുന്ന നാടാണ് നമ്മുടേത്. കേരളത്തിന്റെ ജനസംഖ്യയുടെ 12.6 ശതമാനം പേരും 60 വയസ്സിനു മേലെയുള്ളവരാണെന്നും വൃദ്ധരുടെ ശതമാനം 2.3 ശതമാനം കണ്ട് വളർന്നുകൊണ്ടിരിക്കുകയാണെന്നും കൂടി മനസ്സിലാക്കുന്പോഴാണ് ഭാവിയിൽ കേരളം നേരിടാനിരിക്കുന്ന വലിയ ചികിത്സാപ്രതിസന്ധികൾ നാം മനസ്സിലാക്കുക. അണു കുടുംബങ്ങളുടെ വരവോടെ വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സ പോലും താളം തെറ്റിയ അവസ്ഥയാണ് കേരളത്തിലുള്ളത്. വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുകയോ മരണാസന്നമായ നാളുകളിൽ ചികിത്സ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന എത്രയോ വൃദ്ധന്മാരുണ്ട്. പല വൃദ്ധന്മാരുടേയും മരണങ്ങൾ ഒരർത്ഥത്തിൽ ചികിത്സ നിഷേധിച്ചുകൊണ്ടുള്ള കൊലപാതകങ്ങൾ തന്നെയാണ്. മരണത്തിലേക്ക് ഇനി അധിക മാസങ്ങളില്ലെന്ന് തിരിച്ചറിയുന്ന രോഗികളെ പരിചരിക്കാനും അവർക്ക് മാന്യമായ മരണം ഉറപ്പാക്കുന്നതിനും വിദേശ രാജ്യങ്ങളിലെന്ന പോലെയുള്ള ഹോസ്പിസ് സൗകര്യം (മരണാസന്നനായ രോഗിക്ക് മരണം വരെ പരിചരണം നൽകുന്ന രീതി) അവലംബിക്കാൻ സർക്കാർ മുൻകൈയെടുക്കാത്തപക്ഷം ഇത്തരം കൊലപാതകങ്ങൾ നമ്മുടെ നാട്ടിൽ തുടർന്നുകൊണ്ടേയിരിക്കും. 

സാന്പത്തികശേഷിയില്ലാത്തവർക്ക് ചികിത്സ നിഷേധിക്കപ്പെടാതിരിക്കുന്നതിനായുള്ള സംവിധാനങ്ങൾ തങ്ങളുടെ അംഗരാജ്യങ്ങളായ 194 രാജ്യങ്ങളിലും ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2015−ൽ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) എന്ന പദ്ധതിയുടെ കരടുരേഖ ലോകാരോഗ്യ സംഘടന തയ്യാറാക്കിയത്. 2030 ആകുന്പോഴേയ്ക്കും ലോകത്തെ രാജ്യങ്ങളുടെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് പ്രധാനമായും അതിലുള്ളത്. എല്ലാവരേയും ഉൾക്കൊണ്ടുള്ള ആരോഗ്യനയ രൂപീകരണവും ദാരിദ്ര്യനിർമ്മാർജ്ജനവും പരിസ്ഥിതി സംരക്ഷണവുമൊക്കെയാണ് അതിന്റെ കാതൽ. ഒരു രാഷ്ട്രത്തിലെ ഒരു വ്യക്തിയുടെ ആരോഗ്യം അവിടത്തെ കൃഷിയേയും വിദ്യാഭ്യാസത്തേയും തൊഴിലിനേയും വൈദ്യുതിയേയും പരിസ്ഥിതിയേയും സന്പദ് വ്യവസ്ഥയേയും ആശ്രയിച്ചാണ് നിലകൊള്ളതെന്ന് തിരിച്ചറിയുകയും ഓരോ വ്യക്തിയുടേയും കുടുംബങ്ങളുടേയും ആരോഗ്യനില മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാരുകൾ നടത്തേണ്ടതുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുക, പോഷകാഹാരക്രമം മെച്ചപ്പെടുത്തുക, സുസ്ഥിരമായ കൃഷിരീതി അവലംബിക്കുക, സുസ്ഥിരമായ സാന്പത്തിക വളർച്ച ഉറപ്പാക്കുക, മെച്ചപ്പെട്ട താമസസൗകര്യം എല്ലാവർക്കും നൽകുക എന്നു തുടങ്ങി ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന് സമൂഹത്തിന്റെ മറ്റെല്ലാ മേഖലകളുടേയും സർവതോന്മുഖമായ വികസനം ആവശ്യമാണെന്നതാണ് യാഥാർത്ഥ്യം. 

ഒരു തരത്തിലും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പുതിയകാലത്തിന്റെ ഒരു ആവശ്യമായിരുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. മരണം ജീവിതത്തിന്റെ അവിഭാജ്യമായ യാഥാർത്ഥ്യമാണെന്നിരിക്കേ, ജീവച്ഛവമായി വെന്റിലേറ്ററിൽ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് വാസ്തവത്തിൽ നരകം. എന്നാൽ അതിനേക്കാൾ വലിയ നരകം കടുത്ത രോഗപീഡകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് അവരുടെ വേദന അകറ്റാനുള്ള മരുന്നുകളോ പരിചരണമോ ലഭിക്കുന്നില്ലെന്നതാണ്. പാലിയേറ്റീവ് കെയർ രംഗത്ത് ഇന്ത്യയും കേരളവും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് ഈ ലോകാരോഗ്യദിനം അടിവരയിട്ടുറപ്പിക്കുന്നത്. ഓരോ വർഷവും 4 കോടി പേരാണ് സാന്ത്വന പരിചരണം ആവശ്യപ്പെടുന്നതെങ്കിലും അതിൽ കേവലം 14 ശതമാനം പേർക്ക് മാത്രമേ അത് ലഭിക്കുന്നുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ 56 ലക്ഷം പേർക്ക് പാലിയേറ്റീവ് പരിചരണം ആവശ്യമാണെങ്കിലും മൂന്നു ലക്ഷം പേരിൽ താഴെ പേർക്ക് മാത്രമേ അത് ലഭിക്കുന്നുള്ളുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിയേറ്റീവ് പരിചരണരംഗത്ത് കേരളത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതാണെന്ന് ഇവിടത്തെ പാലിയേറ്റീവ് കെയർ സെന്ററുകളുടെ എണ്ണം തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മൊത്തം 1600 പാലിയേറ്റീവ് കെയർ സെന്ററുകളിൽ 1450 എണ്ണവും കേരളത്തിലാണുള്ളത്. അതുകൊണ്ടു തന്നെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ഒന്നേകാൽ ലക്ഷത്തോളം മലയാളികളിൽ 80 മുതൽ 85 ശതമാനം പേർക്ക് അത് ലഭിക്കുന്നുണ്ട്. പക്ഷേ കേരളത്തിലെ പാലിയേറ്റീവ് പരിചരണത്തിന്റെ ഗുണമേന്മ ഇനിയും പഠനവിധേയമായിട്ടില്ലെന്ന് ഓർക്കണം. 40 ശതമാനത്തോളം ഹൃദയരോഗങ്ങളുള്ളവർക്കും 34 ശതമാനം കാൻസർ രോഗികൾക്കും 10 ശതമാനം കടുത്ത ശ്വാസകോശരോഗികൾക്കും പ്രമേഹരോഗികൾക്കും എയിഡ്സ് രോഗികൾക്കും പ്രമേഹരോഗികൾക്കുമെല്ലാം പാലിയേറ്റീവ് കെയറിന്റെ ആവശ്യമുണ്ട്. പാലിയേറ്റീവ് പരിചരണരംഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യകത മുൻനിർത്തി കേരള ആരോഗ്യ സർവകലാശാല എംബിബിഎസ് കോഴ്സിന്റെ ഭാഗമായി പാലിയേറ്റീവ് ചെയറും കൊണ്ടുവരാനുള്ള ആലോചനയിലാണിപ്പോൾ. കുറഞ്ഞ വേതന നിരക്കു മൂലം പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കാൻ ഡോക്ടർമാർ സന്നദ്ധരല്ലെന്നത് ഈ രംഗത്തിന്റെ മികവിന് കോട്ടമുണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ. ആരോഗ്യവകുപ്പ് സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് സാന്ത്വന പരിചരണ യൂണിറ്റുകൾ ആരംഭിച്ചാൽ വലിയൊരു ശതമാനം രോഗികൾക്കും അവരുടെ നരകജീവിതത്തിന് തെല്ലൊരു പരിഹാരമാകും. സാന്ത്വന ചികിത്സയ്ക്ക് ആവശ്യമായ വേദനസംഹാരികളും ശരിയാംവിധം രോഗികൾക്ക് ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. നിലവിൽ മോർഫിൻ ഗുളികകൾ പോലും രോഗികളുടെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

ശിശുമരണ നിരക്കുകളാണ് ഇന്ത്യയെ അലോസരപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം. കേരളത്തിലെ ശിശുമരണ നിരക്ക് ആയിരം ജനനങ്ങൾക്ക് 12 ആണെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ ദയനീയമാണ്. പോഷകാഹാരക്കുറവും അപര്യാപ്തമായ ശിശുപരിചരണവും വൃത്തിഹീനമായ അന്തരീക്ഷവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാനമായും ശിശുമരണങ്ങൾക്കിടയാക്കുന്നത്. മൂന്നു വയസ്സിൽ താഴെയുള്ള ഇന്ത്യയിലെ 60 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു വയസ്സാകുന്നതിനു മുന്പു തന്നെ ഇന്ത്യയിൽ 17 ലക്ഷത്തോളം കുഞ്ഞുങ്ങൾ മരണപ്പെടുന്നു. പ്രതിരോധ കുത്തിവയ്പുകളുടെ പ്രാധാന്യം ജനതയിലേക്ക് എത്തിക്കുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് വലിയരീതിയിൽ കുറയ്ക്കാൻ ഇന്ത്യയ്ക്കാകും. എന്നിരുന്നാലും ഇന്നും ഇന്ത്യയിലെ പകുതി കുഞ്ഞുങ്ങളെപ്പോലും വാക്സിനേഷന് വിധേയമാക്കാൻ നമുക്കായിട്ടില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. വാക്സിനേഷനെതിരെ മലബാർ പ്രദേശങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കേരളത്തിൽ നടന്ന മീസിൽസ്-റുബെല്ല വാക്സിനേഷനെപ്പോലും നൂറു ശതമാനം വാക്സിനേഷൻ സാധ്യമാക്കുന്നതിൽ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടത്. മികച്ച രീതിയിൽ സർക്കാർ വാക്സിനേഷന് പ്രചാരണം കൊടുക്കുകയും വാക്സിനേഷൻ എടുക്കേണ്ട അവസാന തീയതി മൂന്നു തവണ മുന്നോട്ടു നീക്കിയെങ്കിലും 15 വയസ്സിൽ താഴെയുള്ള 88.8 ശതമാനം കുട്ടികൾ മാത്രമേ വാക്സിനേഷൻ എടുത്തുള്ളുവെന്നതാണ് ദയനീയം. ഡിഫ്തീരിയ പോലുള്ള വാക്സിനേഷൻ മൂലം ഇല്ലാതാക്കിയെന്ന് കരുതിയിരുന്ന രോഗങ്ങൾ കേരളത്തിലേക്കു കഴിഞ്ഞ വർഷം തിരിച്ചുവരവ് നടത്തിയത് ഈ വാക്സിനേഷൻ വിരുദ്ധ പ്രചാരണങ്ങൾ മൂലമായിരുന്നു. എന്തിന്, ഒരു സംഘം രക്ഷിതാക്കാൾ മലപ്പുറത്ത് വാക്സിനേഷൻ നൽകിയിരുന്ന നഴ്സിനെ ആക്രമിക്കുന്ന അവസ്ഥ പോലുമുണ്ടായി. വാക്സിനേഷനെതിരെയുള്ള ഈ അറിവില്ലായ്മ പരിഹരിക്കാൻ ബോധവൽക്കരണയത്നങ്ങൾ ഊർജിതമായി സർക്കാർ ഇനിയും നടത്തേണ്ടിയിരിക്കുന്നു. ഈ വർഷം ജൂൺ മുതൽ സ്‌കൂൾ പ്രവേശനത്തിന് വാക്സിനേഷൻ കാർഡ് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിട്ടത് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണെന്ന വാദം ശക്തമാണെങ്കിലും അത് ക്രിയാത്മകമായ ഒരു ചർച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാൽ കൂടുതൽ പേർ വാക്സിനേഷന്റെ നേട്ടങ്ങളെപ്പറ്റി അറിയാൻ ഇടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സമൂഹത്തിൽ ചർച്ചയാകാത്തപക്ഷം വാക്സിനേഷൻ വിരുദ്ധരുടെ കള്ളപ്രചാരണങ്ങളിൽ പല രക്ഷിതാക്കളും വീണു പോകുമെന്നത് ഒരു യാഥാർത്ഥ്യമാണ്.

പൊതുജനാരോഗ്യരംഗത്തെ പങ്കാളിത്തത്തിൽ സർക്കാരുകൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെങ്കിലും പുതിയ സർക്കാരുകളുടെ നിലപാടുകൾ പലതും സ്വകാര്യ ആശുപത്രികൾക്ക് ജനങ്ങളെ ചൂഷണം ചെയ്യാൻ കൂടുതൽ അവസരമൊരുക്കുന്ന രീതിയിലാണ്. 12−ാം പഞ്ചവൽസരപദ്ധതിയിൽ പ്രകടമായി കണ്ടതും അതു തന്നെയാണ്. ഇൻഷുറൻസുകൾ വഴി ജനങ്ങളുടെ പണം സ്വകാര്യ ആശുപത്രികളിലേക്ക് എത്തിച്ചുകൊടുക്കാനുള്ള ഒരു തന്ത്രമാണ് അതിലുള്ളതെന്ന് പരക്കേ വിമർശനമുണ്ടായിരുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള മാർഗങ്ങളോ റേഷൻ സബ്സിഡി നിലനിർത്തേണ്ടതിന്റെ പ്രാധാന്യമോ ഒന്നും അത് ഉൾക്കൊള്ളുന്നതായി കണ്ടില്ല. നിലവിലുള്ള സർക്കാർ ആശുപത്രികളിലേക്കു പോലും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കുന്നുവെന്ന ന്യായം പറഞ്ഞ് സ്വകാര്യമേഖലയ്ക്ക് അവയുടെ ഭൂമിയും കെട്ടിടങ്ങളും തീറെഴുതാനുള്ള നീക്കങ്ങളാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാല തീരുമാനങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. അടിയന്തരമായി നാം അഭിമുഖീകരിക്കേണ്ട പല ജീവിതശൈലി രോഗങ്ങളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ രംഗത്തേക്ക് സ്വകാര്യമേഖലയെ കൈപിടിച്ചാനയിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് പറയാതെ വയ്യ.

വരുംനൂറ്റാണ്ടിന്റെ ഏറ്റവും വലിയ വ്യാധിയായി മാറാൻ പോകുന്നത് പ്രമേഹമായിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ജീവിതശൈലിയിലും ഫാസ്റ്റ്ഫുഡ് സംസ്‌കാരവും സൃഷ്ടിച്ച ഏറ്റവും വലിയ കെടുതിയായിരിക്കും അത്. നിലവിൽ ലോകത്തെ 22 കോടി ജനങ്ങൾ പ്രമേഹത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒഴിവാക്കാനാകുന്ന ടൈപ്പ് 2 ഡയബെറ്റിസ് ഇന്ന് പൊതുജനാരോഗ്യത്തെ തകിടം മറിക്കുന്ന തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രമാസികയായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വ്യായാമത്തിന്റെ അഭാവം മൂലമുള്ള പൊണ്ണത്തടിയും അനുബന്ധമായി ശരീരത്തെ ആക്രമിക്കുന്ന പ്രമേഹവും ഇന്ത്യയിലെ കുട്ടികളിലധികം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. 2030 ആകുന്പോഴേയ്ക്ക് പ്രമേഹം മൂലം മറ്റ് അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരിക്കുന്നവരുടെ എണ്ണം ഇന്നത്തേതിന്റെ രണ്ടിരട്ടിയാകുമെന്നും അവരുടെ കണ്ടെത്തൽ പറയുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ പിടിയിലമർന്നിരിക്കുന്ന കേരളം അതീവ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു മേഖലയാണിത്. പ്രമേഹരോഗ ചികിത്സയ്ക്ക് സർക്കാർ നേതൃത്വത്തിൽ ക്ലിനിക്കുകൾ ആരംഭിച്ചില്ലെങ്കിൽ സ്വകാര്യ ആശുപത്രി മാഫിയകളും സ്പെഷ്യലിസ്റ്റ് ലേബലുള്ള കേന്ദ്രങ്ങളും ജനതയെ കൊള്ളയടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

2018−ലെ സംസ്ഥാന ബജറ്റിൽ പൊതുജനാരോഗ്യത്തിനായി 1685 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്. എന്നാൽ കേരളത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ പരിഗണിക്കുന്പോൾ ഈ തുക തുലോം തുച്ഛമാണെന്നതാണ് വാസ്തവം. 69 കോടി രൂപ കാത്ത് ലാബുകളും ഐസിയുകളും ഡയാലിസസ് യൂണിറ്റുകളും ബ്ലഡ് ബാങ്കുകളും എമർജൻസി കെയർ സെന്ററുകളും സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും പ്രസവചികിത്സാ സൗകര്യങ്ങൾക്കുമായി മാറ്റി വച്ചിട്ടുണ്ടെന്നും 23 കോടി രൂപ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഫാമിലി കെയർ ആശുപത്രികളാക്കാനും 15 കോടി രൂപ ആശുപത്രികളെ രോഗീ സൗഹാർദ്ദ ആശുപത്രികളാക്കാനും നീക്കി വച്ചിട്ടുണ്ടെന്നാണ് സർക്കാർ ബജറ്റിൽ പറഞ്ഞത്. അത്യാധുനിക ഉപകരണങ്ങളുടെ വലിയ വിലയെപ്പറ്റി ഒരു ധാരണയുമില്ലാത്തവർക്ക് ധനമന്ത്രി എന്തൊക്കെയോ ചെയ്തെന്ന് തോന്നലുളവാക്കിയെങ്കിലും കടലിൽ കായം കലക്കിയതുപോലെയാണ് ഈ തുകയനുവദിക്കൽ എന്നു പറയാതെ വയ്യ. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതുപോലുള്ള നടപടികൾ സ്വാഗതാർഹമാണെങ്കിലും രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായുള്ള കൂടുതൽ കേന്ദ്രങ്ങളും ആരംഭിക്കേണ്ടതുണ്ട്.

ഇതിനൊപ്പം തന്നെ പ്രധാനമാണ് യോഗ്യതയുള്ള, സമർത്ഥരായ ഡോക്ടർമാരെ വാർത്തെടുക്കുന്നതിനുള്ള ഉത്തരവാദിത്തവും. സുപ്രീം കോടതി റദ്ദു ചെയ്ത സ്വാശ്രയ കോളേജിലെ അനർഹരുടെ പട്ടികയ്ക്ക് ഓർഡിനൻസിലൂടെ അംഗീകാരം നൽകാൻ ശ്രമിക്കുന്ന സർക്കാർ ആ മികവിനാണ് തടയിടുന്നത്. പ്രതിപക്ഷമാകട്ടെ അതിന് ഒത്താശ ചെയ്തു നൽകുന്നു. നല്ല ആരോഗ്യമുള്ള ജനതയ്ക്ക് സമർത്ഥരായ ഡോക്ടർമാരല്ലേ വേണ്ടത്? പ്രതിബദ്ധതയില്ലാതെ, പണം വാരാൻ മാത്രം ഡോക്ടറാകാൻ ശ്രമിക്കുന്ന മോശപ്പെട്ടവരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നത്?

ആരോഗ്യമുള്ള പൗരന്മാരിലും സമൂഹത്തിലുമാണ് ഒരു രാഷ്ട്രത്തിന്റെ ആരോഗ്യവും വികസനവും കുടികൊള്ളുന്ന സത്യം പൊതുജനാരോഗ്യരംഗത്ത് കൂടുതൽ മുതൽമുടക്കേണ്ടതിന്റെ ആവശ്യകതയാണ് നമ്മെ പഠിപ്പിക്കുന്നത്. അത് പ്രാവർത്തികമാക്കാനുള്ള നീക്കങ്ങളാകട്ടെ സർക്കാരിന്റെ പ്രഥമ അജണ്ട. അതിനായി ചെലവിടുന്ന ഓരോ തുകയും രാഷ്ട്രത്തിന്റെ ആരോഗ്യമാകും സംരക്ഷിക്കുകയെന്ന് സർക്കാരുകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

You might also like

Most Viewed