ഹോംനേഴ്സുമാരും ഞാനും
കൂക്കാനം റഹ്്മാൻ
ഹോംനേഴ്‌സ് സേവനത്തെക്കുറിച്ച് കാര്യമായി അറിയാത്തവരായിരുന്നു 1980 വരെ കാസർകോട് ജില്ലക്കാർ. 1984ലാണ് ജില്ല ഔദ്യോഗികമായി നിലവിൽ വന്നതെങ്കിലും 1978 മുതൽ കാൻഫെഡ് പ്രവർത്തകർ അവിഭക്ത കണ്ണൂർ ജില്ലയെ വടക്കൻ മേഖല എന്ന് പേരിട്ട് കൊണ്ട് ഇന്നത്തെ കാസർകോട് ജില്ലയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. കാൻഫെഡിന്റെ ആഭിമുഖ്യത്തിലാണ് ഹോംനേഴ്‌സ് പ്രവർത്തനം ജില്ലയിൽ 1980 മുതൽ ആരംഭിച്ചത്. കാൻഫെഡിന് സ്വന്തമായി ഒരോഫീസുമില്ലാത്ത കാലം. കുറച്ചുനാൾ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ വായനശാലാമുറി കാൻഫെഡ് പ്രവർത്തനത്തിന് അനുവദിച്ചു തന്നു. അതിന് ശേഷം അലാമിപ്പളളി ബസ്സ്റ്റാന്റിനടുത്തുളള ഒരു പഴയ കെട്ടിടത്തിന്റെ മുകൾനില കാൻഫെഡ് ജില്ലാക്കമ്മറ്റി ഓഫീസായി പ്രവർത്തിച്ചു. അന്ന് അവിടുത്തെ ഓഫീസ് സെക്രട്ടറിയായി സേവനം ചെയ്തത് അന്തരിച്ച വിനോദിനി നാലാപ്പാടമായിരുന്നു. പ്രസ്തുത കെട്ടിടം പൊളിയാറായപ്പോൾ പുല്ലൂരിലെ ഒരു മഹൽ വ്യക്തി അദ്ദേഹം ഉപയോഗിക്കാതെ വെച്ച പുതിയ കെട്ടിടം കാൻഫെഡ് പ്രവർത്തനത്തിന് സൗജന്യമായി നൽകിയതിനാൽ ഓഫീസ് പ്രവർത്തനം പുല്ലൂരിലേയ്ക്ക് മാറ്റി.
അങ്ങനെ സ്ഥിരമായൊരു ഓഫീസ് കിട്ടിയപ്പോഴാണ് ഹോംനേഴ്‌സിംഗ് സർവ്വീസിനെക്കുറിച്ച് ആലോചിക്കുന്നത്. പ്രസ്തുത പരിപാടിയെക്കുറിച്ച് ആർക്കും ഒരു ധാരണയില്ല. ആയിടക്കാണ് കാൻഫെഡ് പ്രവർത്തകയായ ശോഭന മണ്ധപം ഹോംനഴ്‌സായി കോട്ടയം റെഡ്‌ക്രോസിൽ ജോലിചെയ്യുന്ന സ്വന്തം സഹോദരിയെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. അവരിൽ നിന്ന് ഹോംനേഴ്‌സിംഗ് ചിട്ടകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ചെറുപുസ്തകം ലഭ്യമായി. ആ പുസ്തകം വായിച്ചപ്പോൾ നമുക്കും ഇത് പറ്റുമല്ലോ എന്ന തോന്നലുണ്ടായി. ഉടനെ കാൻഫെഡിന്റെ പ്രധാന പ്രവർത്തകരുടെ യോഗം ചേർന്നു. ഹോംനേഴ്‌സ് ട്രെയിനിംഗ് സർവ്വീസ് തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിന്റെ ചുമതല എന്നെ ഏൽപ്പിക്കുകയും ചെയ്തു. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞാൽ അതെങ്ങനെയും നടപ്പാക്കണമെന്ന ആഗ്രഹക്കാരനാണ് ഞാൻ. ‘ഹോംനഴ്‌സിംഗ് പ്രവർത്തനം ആരംഭിക്കുന്നു’ എന്ന തലക്കെട്ടോടെ താൽപര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എന്തിനു പറയുന്നു നൂറോളം അപേക്ഷയാണ് ഒരാഴ്ചക്കുള്ളിൽ ലഭ്യമായത്. അപേക്ഷക്കാരുടെ ആവേശം കണ്ടപ്പോൾ എങ്ങനെയും നടത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായി.
ആദ്യ ബാച്ചിൽ 20 പേർക്കെ അഡ്മിഷൻ കൊടുക്കാൻ പറ്റൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടിക്കാഴ്ച നടത്തി. ഏറ്റവും അർഹതയുളള ഇരുപത് സ്ത്രീകളെ കണ്ടെത്തി. അവർക്ക് ഒരു മാസത്തെ പരിശീലനം കൊടുക്കണമെന്ന് തീരുമാനിച്ചു. പരിശീലകനായി എന്റെ സുഹൃത്തും ഇപ്പോഴത്തെ റെഡ്‌ക്രോസ് സൊസൈറ്റി ഹോംനഴ്‌സിംഗ് വിഭാഗത്തിന്റെ ചുമതലക്കാരനും റിട്ട:അസി:മാസ് മീഡിയ ഓഫീസറുമായ പി. കണ്ണൻ സാറിനെ കണ്ടെത്തി. സേവനം എന്ന നിലയിൽത്തന്നെ അദ്ദേഹം പരിശീലനം നൽകി. പരിശീലനത്തിന് ശേഷം ജോലിക്ക് നിശ്ചയിക്കുന്പോൾ ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കി. വെളള യൂണിഫോം വേണം. അതിന് കാഞ്ഞങ്ങാട്ടെ തുണിഷോപ്പുകളിൽ കയറിയിറങ്ങി ഇരുപത് ജോഡി വെള്ള സാരിയും ബ്ലൗസ് തുണിയും സംഭാവനയായി സംഘടിപ്പിച്ചു. മാസം 750 രൂപ ശന്പളമായി ലഭിക്കും, രജിസ്‌ട്രേഷനായി 100 രൂപ കാൻഫെഡിന് നേഴ്‌സിനെ കൊണ്ടുപോകുന്ന ഗുണഭോക്താക്കളിൽ നിന്ന് വാങ്ങും. പരിശീലനത്തിന് ശേഷം എല്ലാവർക്കും ജോലിയായി. ഇതിന്റെ ഓഫീസ് സെക്രട്ടറിയായി പുല്ലൂരിലെ പി. മിനിമോളെ നിശ്ചയിച്ചു. അടുത്ത ബാച്ച് പരിശീലനത്തിന് വേണ്ടുന്ന സാന്പത്തിക സഹായം വനിതാ വികസന കോർപ്പറേഷൻ അനുവദിച്ചുതന്നു. വീണ്ടും 30 പേർക്ക് കൂടി പരിശീലനം നൽകി. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിലെ സാമൂഹ്യ സേവന വിഭാഗം മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം പോളിടെക്‌നിക്കിൽ വെച്ചുതന്നെ നടത്തി. 30 പെൺകുട്ടികൾക്കുളള പരിശീലനത്തിന്റെ സാന്പത്തിക സഹായവും പോളിടെക്‌നിക്ക് നൽകി. 38 വർഷം മുന്പ് നടന്ന പരിശീലനത്തിൽ പങ്കെടുത്തവരും ഈ ജോലി അവസാനിപ്പിച്ചവരും ഇക്കാര്യങ്ങൾ ഓർക്കുന്നുണ്ടാവാം.
ജീവിതത്തിന് ഒരത്താണിയായിത്തീർന്ന പ്രസ്തുത സേവന മേഖല ജില്ലയിൽ കൊണ്ടുവന്ന് പച്ചപിടിപ്പിച്ച എന്നെയും ഓർക്കുന്നുണ്ടാവാം. അതിൽ ഒന്ന് രണ്ട് മറക്കാത്ത അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. പോളിടെക്‌നിക്കിൽ നടന്ന പരിശീലനം നേടിയ ചെറുപുഴയ്ക്കടുത്തുളള ഒരു പെൺകുട്ടി സുശീലാ ഗോപാലനെ പരിചരിക്കാൻ നിയോഗിച്ചതും; ആ പെൺകുട്ടിയുടെ ആത്മാർത്ഥ പ്രവർത്തനം തിരിച്ചറിഞ്ഞതിനാൽ തുടർന്നും ഒരു ജീവിതവഴി കണ്ടെത്തുന്നതിന് പലരും അവളെ സഹായിച്ചു. ഇപ്പോൾ തിരുവനന്തപുരം ദേശാഭിമാനിയിൽ അവൾ ജോലി ചെയ്യുകയാണ്. അവൾ പലപ്പോഴും വിളിക്കും. വന്നവഴി മറന്നുപോകാത്ത നന്മ നിറഞ്ഞ മനസ്സിനുടമയാണവൾ. വിവാഹിതയായി കുടുംബമായി തിരുവനന്തപുരത്ത് ജീവിച്ചുവരികയാണവൾ. ഹോംനേഴ്‌സായി പരിശീലനം നേടിയ വേറൊരു ക്രിസ്ത്യൻ പെൺകുട്ടി നല്ല സ്‌പോർട്‌സ്‌കാരിയും കൂടിയായിരുന്നു. അവൾ പഠിക്കുന്ന സമയത്ത് സ്‌പോർട്‌സ് മീറ്റിന് പങ്കെടുത്തപ്പോൾ ഒരു മുസ്ലീം ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനെ പരിചയപ്പെട്ടു. ഹോംനഴ്‌സായി ജോലി ചെയ്യുന്പോഴും ആ പ്രണയം തുടർന്നുകൊണ്ടേയിരുന്നു. ഞാനുമായി ഇടപെട്ട് ഇരു കുടുംബത്തിന്റെയും സഹകരണത്തോടെ മംഗളകരമായി വിവാഹം നടത്തിക്കൊടുത്തു. മൂന്നാലുകൊല്ലം അവരുടെ ജീവിതം സസുഖം മുന്നോട്ടുപോയി. പെട്ടെന്നാണ് അവൾക്ക് ബ്ലഡ് കാൻസർ പിടിപെട്ടത്. നല്ല ആരോഗ്യവതിയും സുന്ദരിയുമായ ആ പെൺകുട്ടിയെ കാണാൻ ആശുപത്രിയിൽ ഞാൻ ചെന്നു. അവൾ മരണത്തോട് മല്ലിടുന്ന കാഴ്ച കാണാൻ എനിക്കായില്ല... കാൻഫെഡിലൂടെ ജില്ലയിലേയ്ക്ക് കടന്നുവന്ന ഹോംനഴ്‌സിന്റെ ചുമതല എന്നിൽ നിന്ന് ചിലർ തട്ടിയെടുത്തു. അതിന്റെ പേര് മാറ്റി ‘സൗഹൃദ ഹോംനഴ്‌സിംഗ് സർവ്വീസാ’ക്കി.
അതിനിടയിൽ റെഡ്‌ക്രോസ് സൊസൈറ്റി കാസർകോട് തുടങ്ങി. പ്രസ്തുത സംഘടനയുടെ തുടക്കക്കാരിലൊരാൾ ഞാനായിരുന്നു. റെഡ്‌ക്രോസും ഹോംനഴ്‌സിംഗ് സർവ്വീസ് തുടങ്ങി. മാവുങ്കാലിൽ സ്വന്തം കെട്ടിടത്തിൽ അതിന്റെ പ്രവർത്തനം നടന്നുവരുന്നു. എന്റെ നേതൃത്വത്തിൽ പാൻടെക്ക് ആരംഭിച്ചപ്പോൾ പാൻടെക്കും നീലേശ്വരം ആസ്ഥാനമായി ഹോംനഴ്‌സിംഗ് സർവ്വീസ് നടത്തി വരുന്നുണ്ട്. ജില്ലയിൽ രജിേസ്റ്റർഡ് സംഘടനകൾ ഇവ മൂന്നും മാത്രമേ ഹോംനഴ്‌സിംഗ് സർവ്വീസ് നടത്തുന്നുളളൂ. ഇന്ന് മുക്കിന് മുക്കിന് സ്വകാര്യ വ്യക്തികൾ ഹോംനഴ്‌സിംഗ് സർവ്വീസ് നടത്തുന്നുണ്ട്. രോഗീ പരിചരണാവശ്യാർത്ഥം നിരവധി ഹോംനഴ്‌സുമാരുടെ സേവനം തേടിവരുന്നുണ്ട്. പക്ഷേ ആ രംഗത്തേയ്ക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവരും, സേവന സന്നദ്ധയുള്ളവരും കടന്നുവരുന്നില്ല. മാന്യമായ വേതനവും, പരിരക്ഷയും രോഗികളുടെ വീടുകളിൽ നിന്നായാലും ആശുപത്രിയിൽ നിന്നായാലും ലഭിക്കുന്നുണ്ട്. എന്നിട്ടും എന്തേ ഈ ജോലിയോട് വേണ്ടത്ര മമത യുവതലമുറ കാണിക്കുന്നില്ല എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഹോംനഴ്‌സ് എന്ന് കേൾക്കുന്പോൾത്തന്നെ അതിനോട് പുച്ഛഭാവം കാണിക്കുന്നവരുണ്ട്. എന്തോ ഒരു മ്ലേഛമായ ജോലിയാണിത് എന്ന് കരുതുന്നവരുണ്ട്. അതൊക്കെ മാറ്റിയെടുക്കേണ്ടകാലം കഴിഞ്ഞു. മറ്റെല്ലാ മേഖലയിലെ ജോലിപോലെത്തന്നെ മാന്യതയും അംഗീകാരവും സമൂഹത്തിൽ നിന്ന് കിട്ടുന്നുണ്ട്. രോഗശയ്യയിലായ രോഗി എത്രയോ നന്മയോടെയും സ്‌നേഹത്തോടെയുമാണ് നഴ്‌സുമാരെ കാണുന്നത്. മാന്യമായ ശന്പളത്തിന് പുറമേ അവരുടെ സേവനമേന്മ കണ്ടറിഞ്ഞ് കൈനിറയെ സമ്മാനങ്ങൾ കൊടുത്തുവിടുന്ന ആൾക്കാരുമുണ്ട്.
കഴിഞ്ഞ 37 വർഷങ്ങളായി ഞാൻ ഈ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. ഇന്നേവരെ ഹോംനേഴ്‌സ്മാരെ കൊണ്ടുപോയവരിൽനിന്ന് ഒരു തരത്തിലുമുളള അപവാദങ്ങളും ഉണ്ടായതായി പറഞ്ഞുകേട്ടിട്ടില്ല. നൂറ് കണക്കിന് സഹോദരിമാർ നിറഞ്ഞ മനസ്സോടെ സ്‌നേഹാദരങ്ങളോടെ കഷ്ടപ്പാടുകളിൽ നിന്നും അവരെ കര കയറ്റാൻ സഹായിച്ച എന്നോട് നന്ദിയും കടപ്പാടും പറയുന്നത് കേൾക്കുന്പോൾ മനസ്സിൽ സന്തുഷ്ടി നിറയുന്നു. ഒന്നുമില്ലാതെ ഈ മേഖലയിലേയ്ക്ക് കടന്നുവന്ന ചില സഹോദരിമാർ സ്വന്തമായി സ്ഥലവും വീടും ഉണ്ടാക്കിയിട്ടുണ്ട്. മക്കളെ വിവാഹം കഴിച്ചുവിടാൻ സാധിച്ചതിലുളള സന്തോഷം പങ്കിട്ടവരുമുണ്ട്.