നവതി ആഘോഷ നിറവിൽ മലയാള ചലച്ചിത്രം


സുമ സതീഷ്

മലയാള സിനിമ എല്ലായ്പ്പോഴും പ്രസക്തമായ സാമൂഹിക പ്രശ്നങ്ങളിൽ നിന്നുമാണ് വിഷയങ്ങൾ സ്വീകരിക്കാറുള്ളത്. കലാമൂല്യങ്ങളെ ഉയർത്തികാട്ടി ഗാനങ്ങൾക്ക് ഏറെ സ്ഥാനം നൽക്കുന്നതോടൊപ്പം യാഥാർത്ഥ്യങ്ങളെ ഉൾകൊണ്ട് കഥ തന്മയത്വത്തോടെ അവതരിപ്പിക്കുന്നിടത്താണ് സിനിമകൾ ജനകീയമാവുന്നത്. മലയാള സിനിമയുടെ പ്രത്യേകതയും അത് തന്നെയാണ്. രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളെ സാധാരണക്കാരനിലേക്ക് എത്തിച്ചുള്ള ഇത്തരം ജനായത്ത ശൈലിയാണ് മലയാള സിനിമയ്ക്ക് എന്നും വേറിട്ട് നിൽക്കാനും ആരെയും മോഹിപ്പിക്കുന്ന ഒരു വേദി ആകാനും സാധിക്കുന്നത്. ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള അനേകം മലയാള ചലച്ചിത്രങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. ഇന്ത്യൻ വ്യവസായ മേഖലയിൽ മലയാള സിനിമ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ലോകോത്തര സാഹിത്യങ്ങൾക്കൊപ്പം നിൽക്കുന്ന അനേകം സൃഷ്ടികൾ പിറക്കുന്ന നമ്മുടെ സാഹിത്യത്തിന്റെ കൂടി ചലച്ചിത്ര ആവിഷ്കാരമാകാം ഒരു പക്ഷെ നമ്മുടെ സിനിമയുടെ വൻ വിജയത്തിനാധാരം. 

ചാർളി ചാപ്ലിനോപ്പം ലോക മികച്ച നടന്മാരുടെ ലിസ്റ്റിൽ ആദ്യ ഇരുപത്തൊന്നു പേരിൽ തന്നെ നമ്മുടെ പ്രിയ നടൻമാർ നാല് പേരാണ് വന്നിട്ടുള്ളത്. അതിൽ ഹോളിവുഡിൽ അഭിനയിച്ചിരുന്നു എങ്കിൽ മോഹൻലാൽ മൂന്നാം സ്ഥാനത്തിരിക്കേണ്ട ആളാണെന്നു പ്രഗത്ഭർ പറയുന്പോൾ നമ്മുടെ മലയാള സിനിമയുടെ പ്രസക്തി ഊഹിക്കാമല്ലോ. കമലാഹാസന്റെയും ഓസ്കർ വിന്നർ എ.ആർ റഹ്മാന്റേയും സാന്നിധ്യം മലയാള സിനിമയെ സന്പുഷ്ടമാക്കിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര സൗണ്ട്−ഡിസൈനറും, എഡിറ്ററും, മിക്സറുമായ റസൂൽ പൂക്കുട്ടി എന്ന മലയാളി മികച്ച ശബ്ദമിശ്രണത്തിനുള്ള (സ്ലംഡോഗ് മില്യണേർ) ഓസ്കാർ പുരസ്കാരവും, ബാഫ്റ്റ പുരസ്കാരവും നേടിയിട്ടുണ്ട്. അക്കാദമി ‘ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള’ അവാർഡ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ എന്ന വലിയ നേട്ടവും അഭിമാനത്തോടെ ഓർക്കാൻ നമുക്കുണ്ട്. ചലിക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ എന്നാണ് ചലച്ചിത്രം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സിനിമയും സിനിമ ആസ്വാദനവും എന്നും സദുദ്ദേശങ്ങളുടേയും മലയാളിയുടെ സന്പന്നതയും കേരളത്തിന്റെ സംസ്കാരവും നിറഞ്ഞതാവണം. അങ്ങനെ ഉള്ള സംവിധായകരെ ജനം തുറന്ന മനസ്സോടെ സ്വീകരിച്ചതിനു ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മലയാള സിനിമക്കുണ്ട്.

1928 ചിത്രീകരണം തുടങ്ങി 1930 നവംബർ 7−നു പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന ആദ്യ നിശബ്ദ ചിത്രത്തിന്റെ ഉപജ്ഞാതാവാണ്‌ ജെ.സി. ദാനിയേൽ. അദ്ദേഹം തന്നെ സംവിധാനം, നിർമ്മാണം, രചന, ഛായാഗ്രഹണം, ചിത്രസംയോജനം ഒക്കെ നിർവഹിച്ച് ഒരു കഥാപാത്രമായി അഭിനയിക്കകൂടി ചെയ്തിരുന്നു. സിനിമയുടെ അമരക്കാരനായ അദ്ദേഹം മലയാള സിനിമയുടെ പിതാവായി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പേരിൽ തന്നെ ആണ് ഈ രംഗത്തെ പരമോന്നത ബഹുമതിയും. മലയാളി മനസ്സിനെ സ്പർശിച്ച 1936−ലിറങ്ങിയ ‘ബാലൻ’ എന്ന ശബ്ദചിത്രത്തോടെ സിനിമ വേരുറച്ചു. അമ്മ നഷ്ടപെട്ട ബാലന്റേയും സരസയുടേയും തീവ്രബന്ധവും രണ്ടാനമ്മയുടെ ക്രൂരതയും വിഷയമാക്കി എടുത്ത ആദ്യത്തെ ശബ്ദ ചിത്രമായ ബാലനിൽ 23 ഗാനങ്ങളുണ്ടായിരുന്നു. സിനിമാലോകം സജീവമാകുന്നത്, 1950−കളോടെയാണ്. ഇക്കാലത്തിറങ്ങിയ, ‘നല്ലതങ്കയും’, ‘സ്ത്രീ’ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സുകുമാരൻ നായരും ശ്രദ്ധിക്കപ്പെട്ടു . തുടർന്നാണ് ലോകത്തിലാദ്യമായി കഥാരചനയും, സംവിധാനവും, ഗാനരചനയും, നിർമാണവും തനിച്ചു നടത്തി ‘ശരിയോ തെറ്റോ’ എന്ന സിനിമയിലൂടെ തിക്കുറിശ്ശി നായകനായി പ്രശസ്തനായത്. അദ്ദേഹത്തിന്റെ, ഹരിശ്ചന്ദ്രയിലെ, ‘ആത്മവിദ്യാലയമേ.....’ എന്ന ഗാനരംഗം മലയാളികളുടെ ആത്മാവിനെ സ്പർശിച്ചിട്ടുണ്ട്. എത്ര കേട്ടാലും ആലപിച്ചാലും മതിവരാത്ത വരികളും രാഗവും പശ്ചാത്തലവും. 1952−കാലഘട്ടത്തിലാണ് നിത്യ നായകൻ പ്രേംനസീറും പ്രശസ്തനായ സത്യനും അഭിനയ രംഗത്തേക്കിറങ്ങിയത്. നായകന്മാരെക്കാളും കുറഞ്ഞ പ്രായമായിട്ടു പോലും തിക്കുറുശ്ശിയും കവിയൂർ പൊന്നമ്മയും അച്ഛന്റെയും അമ്മയുടേയും വേഷമിട്ടു തങ്ങളുടെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. 1951−ലെ ‘ജീവിതനൗക’ ഒരു സംഗീത നാടക ചലച്ചത്രാവിഷ്കാരമായിരുന്നു. അക്കാലത്തെ സിനിമകൾ അതിനാടകീയത സ്വഭാവം പുലർത്തിയിരുന്നെങ്കിലും, സാഹിത്യ−രാഷ്ട്രീയം−സാംസ്‌കാരിക തലങ്ങളിലെ സംയുക്ത കുടുംബ പ്രശ്നങ്ങളവതരിപ്പിച്ചതിനാലാണ് ‘ജീവിത നൗക’ ചരിത്രസൃഷ്ടിയായത്. തിക്കുറിശ്ശി സൂപ്പർ ഹീറോ പദവിയിലേക്കെത്തി ഒപ്പം സരോജ എന്ന നടി ശ്രദ്ധേയയായി. പി. ഭാസ്കരൻ, രാമു കാര്യാട്ട് എന്നിവരുടെ സംവിധാനത്തിൽ പ്രശസ്ത മലയാള നോവലിസ്റ്റ് ഉറൂബ് തിരക്കഥയൊരുക്കി, 1954−ൽ ഇറങ്ങിയ ‘നീലക്കുയിൽ’ മലയാളസിനിമയുടെ നാഴികക്കല്ലാണ്. പുരാണ കഥകളെ ആസ്പതമാക്കിയും സാഹിത്യകാരന്മാരുടെ പല കൃതികളും ഈ കാലയളവിൽ ചലച്ചിത്രങ്ങളായതോടെ ആണ് സിനിമ എന്ന ശക്തമായ മാധ്യമം ജനങ്ങളെ സ്വാധീനിക്കാൻ ആരംഭിച്ചത്. ന്യൂസ്പേപ്പർ ബോയ് (1955) ഇറ്റലിയിലെ ഒരു മാധ്യമപ്രവർത്തകന്റെയും അദ്ദേഹത്തിന്റെ കുടുംബം നേരിട്ട യാതനകളുടേയും കഥ ആയിരുന്നു. അതോടെ സിനിമ എന്നത് ഗൗരവതരമായ തലങ്ങളിലേക്ക് പ്രവേശിച്ചു. 

1965−ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം, ‘ചെമ്മീൻ’ സിനിമയ്ക്ക് ലഭിച്ചു. കാൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഷിക്കാഗോ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റും നേടിയ ‘ചെമ്മീൻ’, 1965−ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം കരസ്ഥമാക്കി. തകഴി ശിവശങ്കരൻ പിള്ളയുടെ കഥയും വയലാറിന്റെ ഗാനങ്ങളും നിറഞ്ഞ വന്പൻ ഹിറ്റ് പടം ചെമ്മീന്റെ അണിയറ പ്രവർത്തനങ്ങളിൽ കൂടുതലും മലയാളികളല്ലാത്തവർ ആയിരുന്നു എന്നുള്ളത് ശ്രദ്ധേയം. 60−കളിൽ കെ.എസ്. സേതുമാധവൻ, രാമു കാര്യാട്ട്, കുഞ്ചാക്കോ, പി. സുബ്രഹ്മണ്യം എന്നിവരുടെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ട സിനിമകളുണ്ടായി. നോവലുകൾ സിനിമകളാക്കപ്പെട്ടു. ഇരുട്ടിന്റെ ആത്മാവിലൂടെ എം.ടിയും പി. ഭാസ്കരനും നസീറുമൊക്കെ പ്രശസ്തരായി. കേശവദേവിന്റെ ഓടയിൽ നിന്ന് പച്ചയായ ഒരു മനുഷ്യന്റെ ജീവിതം കോറിയിട്ടപ്പോൾ, കുറേ ജീവിതത്തിനു ഒരു പാട് മാനങ്ങൾ കൈവന്നു. ജീവിതഗന്ധിയായ അനേകം സിനിമകളിൽ വയലാർ−ദേവരാജ് കൂട്ടുകെട്ടിന്റെ മനോഹരഗാനങ്ങൾ ഉടലെടുത്തു.

നായരു പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഉമ്മാച്ചു, ചതുരംഗം, ഓടയിൽ നിന്ന്, മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967) എന്നീ ചിത്രങ്ങൾ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ കളർ ചിത്രമായ ‘കണ്ടം ബെച്ച കോട്ട്’ 1961−ൽ പുറത്തിറങ്ങി. 1976−ഓടു കൂടിയാണ് ബ്ലാക്ക് −ആൻഡ് −വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. സിനിമയും സിനിമ ആസ്വാദനവും എന്നും സദുദ്ദേശങ്ങളുടേയും മലയാളിയുടെ സന്പന്നതയും കേരളത്തിന്റെ സംസ്കാരവും നിറഞ്ഞതാവണം. അങ്ങനെ ഉള്ള സംവിധായകരെ ജനം തുറന്ന മനസ്സോടെ സ്വീകരിച്ചതിനു ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മലയാള സിനിമക്കുണ്ട്. കെ.പി.എ.സിയുടെ തുലാഭാരം എന്ന പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് തോപ്പിൽ ഭാസി രചിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം (1968), ജീവിതം മുട്ടി നിൽക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പ്രതീകമായി മാറിയ അതിലെ കഥാപാത്രങ്ങൾ അന്പതു വർഷങ്ങൾ പിന്നിട്ടിട്ടും ജ്വലിച്ചു നിൽക്കുന്നു. ദേശീയ പുരസ്കാരങ്ങളടക്കം ധാരാളം അവാർഡുകൾക്കു തുലാഭാരം അർഹമായി. അഞ്ചോളം അന്യഭാഷകളിൽ തുലാഭാരം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഭാർഗ്ഗവീനിലയം (1964), അശ്വമേധം (1967), നഗരമേ നന്ദി (1967), നദി (1969), തുടങ്ങി അനേകം ചലച്ചിത്രങ്ങളുടെ സംവിധായകനായ വിൻസെന്റ്, ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ നീലക്കുയിൽ (1954), മൂടുപടം (1963), തച്ചോളി ഒതേനൻ (1964), കുഞ്ഞാലി മരയ്ക്കാർ (1966), ദൗത്യം (1988), അങ്കിൾബൺ (1991) എന്നിവയായിരുന്നു. അദ്ദേഹം സിനിമക്ക് വലിയൊരു മുതൽക്കൂട്ടാണ്, കാരണം കഥാപാത്രങ്ങളുടെ കരുത്ത്, ത്യാഗം, ചിന്തിപ്പിക്കുന്ന മൂർച്ചയുള്ള സംഭാഷണങ്ങൾ, കുടുംബാന്തരീക്ഷം, പരസ്പര സ്നേഹം ഇതിനൊക്കെ ഉപരിയായി സമൂഹത്തോടുള്ള കടമ അതാണ് വിൻസെന്റ് ചിത്രത്തിന്റെ ആത്മാവ്. ലോകം അകറ്റി നിർത്തിയവരെ അറിയാനും ഓരോന്നിനോടും വ്യക്തികൾ എങ്ങനെ കടപ്പെട്ടിരിക്കുന്നു എന്നുമുള്ള ആശയങ്ങളെ പ്രചരിക്കാൻ സിനിമ നല്ലൊരു മാധ്യമമായി തിരിച്ചറിഞ്ഞത് ഇങ്ങനെ ഉള്ള പല കരുത്തുറ്റ സംവിധായകരിൽ നിന്നുമാണ്. സമൂഹത്തിലെ ദുരാചാരങ്ങളേയും തിന്മകളേയും അകറ്റാനും നല്ല ചിന്ത ഉണ്ടാക്കാനും ചലച്ചിത്രം എന്നും ശക്തമായി നിലകൊണ്ടു. എന്നിരുന്നാലും ആംഗലേയ ഭാഷയുടെ കടന്നു കയറ്റം നമ്മുടെ ആയുരാരോഗ്യ സന്പത്തിനെയും സംസ്കാരത്തേയും ദോഷമായി തന്നെ ബാധിച്ചിട്ടുണ്ട്. പരന്പരാഗതമായ പലതും തെറ്റിദ്ധരിക്കപ്പെട്ടോ തിരിച്ചുപിടിക്കാനാവാതെയോ നശിക്കപ്പെട്ടിട്ടുണ്ട്. 

1952 −മുതൽ നിത്യ നായകൻ പ്രേംനസീർ, സത്യൻ, മധു, ശാരദ, ഷീല, ജയഭാരതി ആണ് സിനിമയുടെ നായികാ− നായകരെങ്കിൽ പിന്നീട് ജയനും സീമയും തുടർന്ന് പലരും കേരളീയരുടെ മനം കവർന്നു. കഥ, തിരക്കഥ, സംവിധാനം, അഭിനയം എല്ലാം ചെയ്യുന്ന ഡാനിയൽ, തിക്കുറിശ്ശി വിൻസെന്റ് മാത്രക ശ്രീനിവാസനും ബാലചന്ദ്ര മേനോനും കാഴചവെച്ചു. പുതിയ തലമുറയിലെ വിനീത് ശ്രീനിവാസനും ഒരു പരിധിവരെ അത് തുടരുന്നു. എന്തൊക്കെ പറഞ്ഞാലും പുതു നായികാ നായകരെ പഴയ കാലത്തെ കാന്പുള്ള കഥാപാത്രങ്ങൾ തേടി എത്തിയത് വളരെ വിരളം. ജഗതി ശ്രീകുമാർ, സുകുമാരി അമ്മ, കൽപ്പന, നെടുമുടി വേണു, തിലകൻ എന്നിങ്ങനെ ഉള്ള അഭിനയ സാമ്രാട്ടുകളെ ഉൾക്കൊള്ളാൻ ഉജ്വല വേഷങ്ങൾ പകരാനുള്ള ഭാഗ്യം മലയാള സിനിമക്കുണ്ടായിട്ടില്ല. നർത്തകനും വിശിഷ്യാ ഒട്ടേറെ ഗുണങ്ങളുള്ള വിനീത് എന്ന കലാകാരനെ സിനിമ വളരെ കുറച്ചേ പരീക്ഷിച്ചിട്ടുള്ളൂ. അങ്ങിനെ എത്രയോ നടീനടന്മാർ വേദിയിൽ നിന്നും അകലുന്നു.

1970−ൽ, എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പി.എൻ. മേനോന്റെ ‘ഓളവും തീരവും’ സമാന്തരസിനിമ ശ്രേണിയുടെ തുടക്കമിട്ടു. ജേസി, ഹരിഹരൻ, ഐ.വി. ശശി, മോഹൻ, ജോഷി, സി. രാധാകൃഷ്ണൻ, കെ.ആർ. മോഹനൻ, ലെനിൻ രാജേന്ദ്രൻ, പവിത്രൻ എന്നിവർ അക്കാലത്തെ മുഖ്യധാരാസിനിമക്കാരായിരുന്നു. സംവിധാനത്തിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ അനേകം ചിലരുണ്ട്. രാമു കാര്യാട്, ജി അരവിന്ദൻ, ഭരതൻ, പദ്മരാജൻ, കെ.ജി ജോർജ്, പ്രിയദർശൻ, ലോഹിതദാസ്, സിബി മലയിൽ, ഹരിഹരൻ, ടി.വി ചന്ദ്രൻ, ലെനിൻ രാജേന്ദ്രൻ, ശ്യാമ പ്രസാദ്, വേണു നാഗവള്ളി, ബാലചന്ദ്ര മേനോൻ, ഷാജി എൻ. കരുൺ, ജോൺ എബ്രഹാം, ഐ.വി.ശശി, കമൽ, ഫാസിൽ, ബ്ലെസ്സി, സത്യൻ അന്തിക്കാട്, രഞ്ജിത്ത്, ശ്രീനിവാസൻ, എം.ടി വാസുദേവൻ നായർ, ലാൽ ജോസ്, പി.എൻ മേനോൻ. സിദ്ധിഖ്−ലാൽ തുടങ്ങി അനേകം സംവിധായക സന്പത്തും മലയാള സിനിമക്ക് ഭൂഷണമായുണ്ട്. പലരുടെയും സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അതിൽ ലോക പ്രശസ്ത സംവിധായകരിൽ ശ്രദ്ധേയനായ അടൂർ ഗോപാലകൃഷ്ണൻ കഥയും തിരക്കഥയും രചിച്ചു സംവിധാനവും ചെയ്ത്, ഉദാത്തമായ കഥകളിലൂടെ വാണിജ്യവൽകൃത സിനിമാലോകത്തെ മാറ്റി മറിച്ച്, ചലച്ചിത്രത്തെ ജനഹൃദയങ്ങളിൽ എത്തിച്ച സമാന്തര സിനിമയുടെ പിതാവും മലയാള സിനിമയുടെ വരദാനവുമാകുന്നു. അദ്ദേഹത്തിന് ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005), പത്മശ്രീ, കൂടാതെ ദേശീയ അവാർഡുകൾ ഏഴ് തവണയും ഒട്ടനവധി സംസ്ഥാന സിനിമാ അവാർഡുകളും ലഭിക്കുകയുണ്ടായി. 1982−ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു, അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ച് തവണ തുടർച്ചയായി ലഭിച്ചു, (1972) സ്വയംവരം, കൊടിയേറ്റം, 1977−ൽ കാഞ്ചനസീത എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കൂത്ത്, മുഖാമുഖം, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, ഒരു പെണ്ണും രണ്ടാണും തുടങ്ങി മിക്ക അടൂർ സിനിമകളും ശ്രദ്ധേയം. 1974−ൽ ഉത്തരായനത്തിലൂടെ അരവിന്ദനും സിനിമാലോകം കീഴടക്കി. എം.ടിയുടെ നിർമ്മാല്യം 1973−ലും കെ.ജി ജോർജിന്റെ സ്വപ്നാടനം 1975−ലും ഇറങ്ങി. ഭരതനും പത്മരാജനും രംഗത്തെത്തിയതും 1975−ലാണ്. 1975−ൽ തന്നെ പുറത്തിറങ്ങിയ ‘പുനർജന്മം’ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ആയിരുന്നു. വിഖ്യാത ചിത്രത്തിലൂടെ ഇന്ത്യൻ സമാന്തരചലച്ചിത്രരംഗത്ത് ഏറ്റവുമധികം സംഭാവനകൾ നൽകിയ സംവിധായകരായിരുന്നു ഇവരിൽ പലരും. 1977−ൽ അരവിന്ദന്റെ ‘കാഞ്ചനസീത’ പുറത്തുവന്നു. പുരാണകഥയുടെ അതിനൂതനമായ ഈ ആവിഷ്കാരം ദേശീയതലത്തിൽ തന്നെ സംസാരവിഷയമായി. ഭരതൻ−പത്മരാജൻ ടീമിന്റെ ‘രതിനിർവ്വേദം’ (1977) ദക്ഷിണേന്ത്യൻ ചലച്ചിത്രസങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച ചിത്രമാണ്. 1978−ൽ മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ ‘തച്ചോളി അന്പു’ പുറത്തിറങ്ങി. ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുന്പികൾ, അപരൻ, മൂന്നാം പക്കം; കെ.ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ബാലു മഹേന്ദ്രയുടെ യാത്ര എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളായത്, സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. പടയോട്ടം 1982−ലും മൈ ഡിയർ കുട്ടിച്ചാത്തൻ 1984−ലും 1988−ൽ ഷാജി എൻ കരുണിന്റെ പിറവി, 1989−ൽ മതിലുകൾ (ബഷീർ), 1990−ൽ പെരുന്തച്ചൻ തുടങ്ങിയവ പുറത്തിറങ്ങിയതോടെ മലയാള സിനിമ ലോക നെറുകയിയിലെത്തി. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ രംഗപ്രവേശനവും 80−കളുടെ ആദ്യം തന്നെ ആയിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ആറാം തന്പുരാന് തുടങ്ങി അനേകം ചിത്രങ്ങളിൽ യേശുദാസും രവീന്ദ്രനും ചേർന്നുള്ള സംഗീതത്തിന്റെ അപൂർവ്വമായ മാസ്മരികത ഉണ്ടാക്കിയിരുന്നു. മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും, സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകി. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ച് തവണ കേരള സംസ്ഥാന പുരസ്കാരവും ലഭിച്ച് ജോൺസൺ മാഷും അജയ്യനായി. 

പ്രസിദ്ധ നടൻമാർ ഭാസി, ബഹദൂർ, തിക്കുറിശ്ശി, വിൻസെന്റ്, നസീർ, സത്യൻ, മധു, ഗോപി, മുരളി, തിലകൻ, മമ്മൂട്ടി, മോഹൻലാൽ അങ്ങനെ അങ്ങനെ നീളും. ചലച്ചിത്ര നടിമാരെടുത്താൽ കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, ഷീല, ശാരദ, ലളിത, ശോഭന, ഉർവ്വശി, മാധവി തുടങ്ങി മഞ്ജു വാര്യർ അടക്കം ശക്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒട്ടനേകം നായികമാരും സുകുമാരി, കൽപ്പന, ബിന്ദു പണിക്കർ പോലെ ഹാസ്യ നടിമാരും ഹൃദയ സ്പർശികളായ അമ്മമാരും ഒക്കെ ആയി മലയാള സിനിമ സന്പുഷ്ടം. ശക്തരായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിക്കുറിശ്ശി, സത്യൻ, നസീർ, ശാരദ, ഷീല, മോഹൻലാൽ, മമ്മൂട്ടി ശോഭന തുടങ്ങി ചിലർക്ക് കിട്ടിയ ഭാഗ്യം തുടർന്ന് പലർക്കും കിട്ടാതെ പോയതാവാം ഇന്നും നമ്മുടെ മനസ്സിൽ മറ്റൊന്നും പ്രതിഷ്ഠിക്കപ്പെടാത്തത്. ധാരാളം ജനപ്രിയ സിനിമകൾ എടുത്തു പറയാനുണ്ട്. സർവ്വകലാശാല, ചെമ്മീൻ, യവനിക, സന്ദേശം, വാനപ്രസ്ഥം, വൈശാലി, സദയം, പവിത്രം, മിന്നാരം, ഹിസ് ഹൈനസ് അബ്ദുള്ള, കാഴ്ച, ഭ്രമരം, മൃഗയ, പാലേരി മാണിക്കം, കഥാവശേഷൻ, ഇന്ത്യൻറുപ്പീ, വീണ്ടും ചില വീട്ടു കാര്യങ്ങൾ, തിരക്കഥ, കൊടിയേറ്റം, അനുഭവങ്ങൾ പാളിച്ചകൾ, പിറവി, ആവനാഴി, ചന്ദ്രലേഖ, അമൃതം ഗമയ, കമ്മട്ടിപ്പാടം, നിർമ്മാല്യം, പാദമുദ്ര, ആദാമിന്റെ വാരിയെല്ല്, അപ്പുണ്ണി, നന്ദനം, ഉയരങ്ങളിൽ, കാതോട് കാതോരം, പപ്പയുടെ സ്വന്തം അപ്പൂസ്, ലാൽസലാം, അമരം, താളവട്ടം, മൂന്നാം പക്കം, തനിയാവർത്തനം, താഴ്്വാരം, വരവേൽപ്പ്, ക്ലാസ്‌മേറ്റ്സ്, വാത്സല്യം, കാലാപാനി, പെരുന്തച്ചൻ, ദശരഥം, സന്മനസ്സുള്ളവർക്ക് സമാധാനം, ഗുരു, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കമലദളം, കുടുംബ സമേതം, പഞ്ചാഗ്നി, നാടോടിക്കാറ്റ്, കിരീടം, ഗോഡ് ഫാദർ, തൂവാന തുന്പികൾ, ചിത്രം, കിലുക്കം, ദേവാസുരം, ഭൂതക്കണ്ണാടി, ജോസൂട്ടി, ആറാം തന്പുരാൻ, യാത്ര, അഴകിയ രാവണൻ, ഇന്നലെ, റാംജി റാവു സ്പീകിംഗ്, ആകാശദൂത്, കളിയാട്ടം, മുന്നറിയിപ്പ്, നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ, മേഘമൽഹാർ, തന്മാത്ര, 1983, ചോക്ലേറ്റ്സ്, മഹേഷിന്റെ പ്രതികാരം, കാണ്ധഹാർ, നഖക്ഷതങ്ങൾ, ചിന്താവിഷ്ടയായ ശ്യാമള, ഇമ്മാനുവൽ, ഉദയനാണ് തരാം, അനന്തഭദ്രം, ദേശാടന കിളി കരയാറില്ല, അരയന്നങ്ങളുടെ വീട്, എന്ന് സ്വന്തം ജാനകി കുട്ടി, ഒന്ന് മുതൽ പൂജ്യം വരെ, കാതോട് കാതോരം, ഋതു, ഞാൻ ഗന്ധർവ്വൻ, ആരണ്യകം, ഉസ്താദ് ഹോട്ടൽ, പ്രാഞ്ചിയേട്ടൻ, ട്രാഫിക്, തിരക്കഥ, തലപ്പാവ്, നേരം, കല്യാണ രാമൻ, പ്രണയം, അറബിക്കഥ, നമ്മൾ, മനസ്സിനക്കരെ, പഴശ്ശിരാജ, ഉറുമി, മെമ്മറീസ്, ബാംഗ്ലൂർ ഡേയ്സ്, നരസിംഹം, ഹൗ ഓൾഡ് ആർ യു, റാണി പദ്മിനി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒറ്റാൽ, മിന്നാമിനുങ്ങ്, ടേക്ക് ഓഫ്, മുംബൈ പോലീസ്, ദൃശ്യം, പുലി മുരുകൻ, വില്ലൻ, ഉദാഹരണം സുജാത അങ്ങനെ അനേകം...

മനസ്സിൽ തങ്ങി നിൽക്കുന്ന ചില സ്ത്രീ കഥാപാത്രങ്ങളും സിനിമയുടെ പേരും, കാളി പിള്ളൈ (ഒഴിമുറി), മാളുഅമ്മ (അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ), മാഗി മദാമ്മ (ദൈവത്തിന്റെ വികൃതികൾ), രാജി (അവളുടെ രാവുകൾ), ഭദ്ര (കണ്ണെഴുതി പൊട്ടും തൊട്ട്), ആനപ്പാറയിലെ അച്ചാമ്മ (ഗോഡ്‌ഫാദർ), നന്ദിനി (കിലുക്കം), ഉണ്ണിയാർച്ച (ഒരു വടക്കൻ വീരഗാഥ), മായാവിനോദിനി (എന്റെ സൂര്യപുത്രിക്ക്), സുഭദ്ര (വാനപ്രസ്ഥം), അമ്മിണി (ആരണ്യകം), ഗംഗ (മണിച്ചിത്രത്താഴ്), ക്ലാര (തൂവാനത്തുന്പികൾ), കാഞ്ചന (തലയണമന്ത്രം), സുജാത (ഉദാഹരണം സുജാത), കുഞ്ഞിപ്പെണ്ണ് (വെങ്കലം, കെപിഎസി ലളിത), വിജയ (തുലാഭാരം, ശാരദ), അശ്വമേധം (സരോജം, ഷീല), ഇന്ദിര (പഞ്ചാഗ്നി, ഗീത), കണ്ണകി (കണ്ണകി, നന്ദിതദാസ്), ഗൗരി (നഖക്ഷതങ്ങൾ, മോനിഷ), ഭാനുമതി (ദേവാസുരം, രേവതി), കാർത്തുന്പി (തേന്മാവിൻ കൊന്പത്ത്, ശോഭന), ഭാനു (കന്മദം, മഞ്ജു വാര്യർ), ശ്യാമള (ചിന്താവിഷ്ടയായ ശ്യാമള, സംഗീത), സുമംഗല (കമലദളം, പാർവതി), ദീപ്തി (ഒരേ കടൽ, മീരജാസ്‌മിൻ) ചിത്തിര (കുഞ്ഞനന്തന്റെ കട, ഉഷ), സാലി (ദേശാടനക്കിളി കരയാറില്ല ശാരി), ചെല്ലമ്മ (കള്ളിച്ചെല്ലമ്മ, ഷീല), ചീരു (പാലേരി മാണിക്യം, ശ്വേത മേനോൻ) സുലോചന (മിഥുനം, ഉർവ്വശി). കൂടാതെ മങ്കമ്മ 1997, തിരക്കഥ 2008, നോക്കത്താദൂരത്തു കണ്ണും നട്ട് 1984, കാണാമറയത്ത് 1984, ഓം ശാന്തി ഓശാന 2014, എന്ന് സ്വന്തം ജാനകികുട്ടി 1998, കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ 1988, എഴുതാപ്പുറങ്ങൾ 1987, കഴകം 1996, ചട്ടക്കാരി 1974, ഗദ്ദാമ 2011, പ്രണാമം 1986, എന്റെ ഉപാസന 1984, അച്ചുവിന്റെ അമ്മ 2005, 22 ഫിമൈൽ കോട്ടയം 2012, ഹൗ ഓൾഡ് ആർ യു 2014. ഇങ്ങനെ അനേകം സ്ത്രീ കഥാപാത്രങ്ങളുടെ മികച്ച ഭാവങ്ങളുള്ള സിനിമയും മലയാളത്തിനുണ്ട്.

ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ: നീലക്കുയിൽ 1954, ചാരുലത 1964, ചെമ്മീൻ 1965, നിർമ്മാല്യം 1973, സ്വയംവരം 1975, കാഞ്ചന സീത 1977, തന്പ് 1978, ചിദംബരം 1985, മുഖാമുഖം 1985 അനന്തരം 1987, മതിലുകൾ 1990, പൊന്തന്മാട 1994, കളിയാട്ടം 1997, വാനപ്രസ്ഥം 1999, നാലു പെണ്ണുങ്ങൾ 2007, കുട്ടിസ്രാങ്ക് 2009, ആദാമിന്റെ മകൻ 2011, എന്നിവ. കലാമൂല്യമുള്ളതും ഗാനസൗകുമാര്യമുള്ളതും അതിലേറെ ജനങ്ങളിലേയ്ക്ക് പകരുന്ന സന്പുഷ്ടമായ സന്ദേശങ്ങളുള്ളതുമായ ഒട്ടനവധി സിനിമകൾ മലയാളത്തിനുണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും അക്കാലത്തുണ്ടായിട്ടുണ്ട്. ഇന്ന് വിരളമായി കിട്ടുന്ന ചില മികച്ച പടങ്ങൾ ഒഴിച്ചാൽ പഴയ കാലത്തെ വെല്ലുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ലോക സിനിമകൾ മുഴുവനെടുത്തു നോക്കിയാൽ തന്നെയും സ്ത്രീകളുടെ സാന്നിധ്യം അല്ലെങ്കിൽ പ്രധാന സ്ത്രീ കഥാപാത്രം കടന്നു പോകുന്നത് വളരെ വിരളമായിട്ടാണ്. അതിനു അൽപ്പമെങ്കിലും മാതൃക ആകുന്നത് നമ്മുടെ മലയാള സിനിമകൾ തന്നെയാണ്. അതിനു കാരണഭൂതർ എന്നും ബുദ്ധിജീവികളായ വിമർശകർ ആകുന്നു. ലോകം കണ്ട പുരുഷ മേധാവിത്ത സിനിമകളെ ചോദ്യം ചെയ്യാൻ അനേകം പ്രഗത്ഭർ നമുക്കുണ്ടായിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലും ശക്തമായ സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നു, അതൊരു പക്ഷെ നിത്യ ദുഃഖ കഥാപാത്രമോ, സർവ്വം സഹയായ ഭാര്യയോ, ഭ്രാന്തിയോ, പ്രേമം തലയ്ക്കു പിടിച്ച പെണ്ണോ, സുന്ദരിയായ അഭിസാരികയോ മാത്രമായിരുന്നില്ല. പിന്നീട് സ്ത്രീകളെ വിൽപ്പന ചരക്കാക്കുന്ന അവസ്ഥയുമുണ്ടായി. സ്ത്രീത്വത്തെ അടിച്ചമർത്തുന്ന സിനിമ ശൈലികൾ മാറേണ്ടുന്നതിന്റെ അനിവാര്യതകളെ കുറിച്ച് നല്ല പഠനങ്ങളും കൂട്ടായ്മയും ഉണ്ടാകുന്നത് ആരോഗ്യകരമായ സിനിമകളെ സൃഷ്ടിക്കുന്നതിൽ കാരണമാകട്ടെ എന്ന പ്രാർത്ഥനയും ഒപ്പം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ഓർമ്മിക്കുകയും അവർക്കു ജീവൻ നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റുകളെ കൂടി അഭിനന്ദിക്കുകയും ചെയ്തേ മതിയാകൂ.

മലയാള സിനിമയുടെ ജീവൻ എന്നും അതിന്റെ മനോഹര ഗാനങ്ങളിൽ ആണ്. ശോക ഗാനങ്ങളായും, പ്രേമ ഗാനങ്ങളായും ക്ലാസ്സിക്കലും സെമി−ക്ലാസിക്കലുമായ അനേകം ഇന്പമുള്ള ഗാനങ്ങളുടെ കലവറ തന്നെ നമുക്കുണ്ട്. ദേശീയ അവാർഡ് ലഭിച്ച മലയാളസിനിമയിലെ പ്രസിദ്ധ സംഗീത സംവിധായകർ ദക്ഷിണ മൂർത്തി, എ.ടി ഉമ്മർ, ജെറി അമൽദേവ്, ബേണി ഇഗ്നേഷ്യസ്, ബോംബെ രവി, ഗോപി സുന്ദർ, ഇളയരാജ, ജെറി അമൽദേവ്, ജോൺസൻ, കൈതപ്രം, എം.ജിരാധാകൃഷ്ണൻ, എം.എസ് ബാബുരാജ്, മോഹൻ സിത്താര, ഔസേപ്പച്ചൻ, പെരുന്പാവൂർ രവീന്ദ്രനാഥ്, രാജാമണി, രവീന്ദ്രൻ, സലീൽ ചൗദരി, ശരത്, വിദ്യാസാഗർ, ജി. ദേവരാജൻ, കെ. രാഘവൻ, എം. ജയചന്ദ്രൻ, ശ്യാം, ദീപക് ദേവ്.  പ്രമുഖ ഗാനരചയിതാക്കളുടെ നിര നോക്കിയാൽ, വയലാർ രാമവർമ്മ, പി.ഭാസ്കരൻ, ശ്രീ കുമാരൻ തന്പി, പൂവച്ചൽ ഖാദർ, യൂസഫലി കേച്ചേരി, എസ്. രമേശൻ നായർ, ശരത്, ഷിബു ചക്രവർത്തി, ഗിരീഷ് പുത്തഞ്ചേരി, ഒ.എൻ.വി കുറുപ്പ്, രാജീവ് ആലുങ്കൽ, മാങ്കൊന്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല, കാവാലം നാരായണ പണിക്കർ, കൈതപ്രം, എഴാച്ചേരി രാമചന്ദ്രൻ, ചുനക്കര രാമൻ കുട്ടി, അനിൽ പനച്ചൂരാൻ, അഭയദേവ് തുടങ്ങി പുതിയ തലമുറയും അനേകരുണ്ട്.

പ്രധാന ചലച്ചിത്ര ഗായകരായി, കമുകറ പുരുഷോത്തമൻ, കെ.പി.ഉദയഭാനു, എ.എം രാജ, പി.ലീല, ശാന്ത പി.നായർ, പി.സുശീല, പി.മാധുരി, എസ്.ജാനകി, 1961−ൽ അരങ്ങേറ്റം ചെയ്ത കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ മലയാള സിനിമയിലെ സംഗീതരംഗത്തെ വിപ്ലവകരമായി മാറ്റി. വയലാർ, ജി.ദേവരാജൻ, യേശുദാസ് കൂട്ടുകെട്ട് വാനോളം ഉയർന്നു. ക്ലാസിക്കൽ സംഗീതത്തിലൂടെയും യേശുദാസ് കേരളീയരുടെ മനംകവർന്നു. 1979−ൽ പാടി തുടങ്ങിയ ചിത്ര മികച്ച തെന്നിന്ത്യൻ ഗായികയായി. എം.ജി ശ്രീകുമാർ, പാടിയ ഗാനങ്ങളെല്ലാം ഹിറ്റ് ആക്കിയ ജി.വേണുഗോപാൽ, ഉണ്ണീമനോൻ, സുജാത മോഹൻ, വിനീത് ശ്രീനിവാസൻ, വിജയ് യേശുദാസ്, ശ്വേത, മഞ്ജരി, ജ്യോത്സ്ന, റിമി ടോമി തുടങ്ങി അനേകം ഗായക വൃന്ദങ്ങൾ മലയാള സിനിമക്കുണ്ട്. കെ.ജെ.യേശുദാസ് (1973, 1974, 1988, 1992, 1994), ഇങ്ങനെ അഞ്ചു മലയാള ഗാനങ്ങൾക്കും 1977−ൽ ഹിന്ദി ഗാനത്തിനും 1983−ൽ തെലുഗ് ഗാനത്തിനും കൂടി ഏഴു ദേശീയ അവാർഡുകൾ നേടി പ്രശസ്തിയുടെ കൊടുമുടി കയറിയിരിക്കുന്നു. പി.ജയചന്ദ്രൻ (1986), എം.ജി ശ്രീകുമാർ (1991, 2000) എന്നിവരാണ് ദേശീയ പുരസ്കാരം നേടിയ മറ്റു ഗായകർ. എസ്.ജാനകി (1981), കെ.എസ്.ചിത്ര (1987, 1989) മലയാളം ഗാനങ്ങൾ കൂടാതെ തമിഴ് ഗാനത്തിനും (1986, 1997, 2005), ഹിന്ദി ഗാനത്തിനും (1998) ദേശീയ അവാർഡ് കരസ്ഥമാക്കി. അങ്ങിനെ ഏറ്റവും കൂടുതൽ (6) ദേശീയ അവാർഡ് നേടിയ ഗായിക എന്ന ബഹുമതിയും മലയാളത്തിന്റെ വാനന്പാടി ചിത്രക്ക് സ്വന്തം. മലയാളികൾക്ക് അഭിമാനിക്കാൻ ഇനിയെന്തു വേണം. ശക്തമായ ഫാൻസ് അസോസിയേഷൻ ഉള്ള ജി.വേണുഗോപാൽ എന്ന വേറിട്ട ശബ്ദത്തിനു ഉടമയായ പ്രണയ−ഭാവ ഗായകനു ദേശീയ അവാർഡ് കിട്ടാതെ പോയെങ്കിലും മറ്റുള്ള അനേകം അവാർഡുകളും ഒപ്പം ഫാൻസ് അസോസിയേഷന്റെ അഭൂതപൂർവമായ പിന്തുണയും കിട്ടിക്കൊണ്ടിരിക്കുന്നു. വലിയ ജനപിന്തുണയോടെ സാമൂഹ്യ സാംസ്കാരിക നിലകളിലെല്ലാം ഇന്നും മലയാളിയുടെയിടയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഇന്പമുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല. ശബ്ദ സൗന്ദര്യവും ഭാവ സൗന്ദര്യവും ഒത്തു ചേർ‍ന്ന മറ്റൊരു ഗായകൻ മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം. ഒട്ടനേകം അർത്ഥ സന്പുഷ്ടമായ, അതി മനോഹരമായ വരികളോടുകൂടിയ നിത്യ ഹരിതഗാനങ്ങൾ മലയാള സിനിമയുടെ സൗഭാഗ്യമാണ്. 

പുരുഷ മേധാവിത്വമുള്ള വ്യവസായമാണ് ഫിലിം എങ്കിലും അപൂർവ്വം ചില കരുത്തുറ്റ വനിതാ സംവിധായകരുടെ ശ്രമം നാം കാണാതെ പോകരുത്. അഞ്ജലി മേനോൻ, തിരക്കഥാകൃത്തും സംവിധായികയും ഹിറ്റ് മേക്കർ കൂടി ആണ്. (കേരളാ കഫേ, മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ). ജനപ്രിയ നടി ഗീതു മോഹൻദാസും നല്ലൊരു സംവിധായക കൂടി ആണ്. ഗീതുവിന്റെ ബോളിവുഡ് ചിത്രമായ ‘Liar’s Dice’, 2015 ഓസ്കാർ അവാർഡിനുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയിലെ ഔദ്യോഗിക എൻട്രിയായിരുന്നു. പ്രശസ്ത നടി രേവതി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംവിധാനം ചെയ്തിട്ടുണ്ട്. ‘Mitr, My Friend’,എന്ന ഫിലിം, ഇംഗ്ലീഷിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. ഒരേ ജോഡിയായി (ഷീല-നസീർ) ഏറ്റവും കൂടുതൽ സിനിമ ചെയ്തെന്ന ഗിന്നസ് റെക്കോർഡ് നേടികൊടുത്ത ഷീല എന്ന പ്രമുഖ നടിയും സ്ത്രീ സമൂഹത്തിന്റെ അഭിമാനമായി ഇന്നും സിനിമ ലോകത്തു നിലകൊള്ളുന്നു. 

നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980−കളിലെ കറുത്ത സംഭവങ്ങളായി. പതിറ്റാണ്ടുകൾ മലയാള സിനിമയിലെ ഒന്നാം നിരക്കാരനായിരുന്ന പ്രേം നസീറിന്റെ മരണത്തിനുശേഷമാണ് 90−കൾ കടന്നുവന്നത്. കാലത്തിനു മുന്നേ സഞ്ചരിച്ച സംവിധായകൻ പത്മരാജൻ, അരവിന്ദൻ, പി.എ. ബക്കർ, അടൂർ ഭാസി എന്നിവരെയും 90−കളുടെ തുടക്കത്തിൽ മലയാളസിനിമയ്ക്ക് നഷ്ടമായി. ഇയ്യിടെ മലയാള സിനിമക്ക് നഷ്ടമായ കൽപ്പന, കലാഭവൻ മണി, ഷാൻ ജോൺസൺ, ഓ.എൻ.വി.കുറുപ്പ്, രാജാമണി, ആനന്ദകുട്ടൻ, കഴിഞ്ഞ ദിവസം മരിച്ച അജിത് കൊല്ലം തുടങ്ങി സിനിമയെ വിട്ടുപോയ എല്ലാ വ്യക്തിത്വങ്ങൾക്കും ആദരം അർപ്പിച്ചുകൊള്ളുന്നു.

സിനിമാമേഖലയുമായി ബന്ധപ്പെട്ടു ഇനിയും എത്രയോ കലാകാരൻമാർ ഉണ്ട്. ഒരു കൂട്ടം ആളുകളുടെ പരിശ്രമഫലമായിട്ടാണ് സിനിമ ഉടലെടുക്കുന്നത്. അന്യഭാഷക്കാരുപോലും വളരെ താൽപ്പര്യത്തോടെ മലയാള ചലച്ചിത്രത്തെ നോക്കി കാണുന്നതും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും നമുക്ക് ഒരുപാട് അഭിമാനിക്കാൻ വക തരുന്നതാണ്. തൊണ്ണൂറാം ആണ്ടു പിന്നിട്ട മലയാള സിനിമയ്ക്ക് ഇനിയും അത്യുന്നതങ്ങളിൽ എത്താനാവട്ടെ എന്ന പ്രാർത്ഥനയോടെ, പ്രഗത്ഭരായ പല കലാപ്രതിഭകളെ ഉൾക്കൊള്ളാനുള്ള കഥാപാത്രങ്ങളുടെ അഭാവം നേരിടുന്ന നമ്മുടെ സിനിമക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം തിരിച്ചു കിട്ടാനും കാലങ്ങളോളം ആരാധിക്കപ്പെടുന്ന നായികാനായകരേയും കാലാന്തരങ്ങളോളം പാടിനടക്കാനുള്ള ഇന്പമുള്ള ഗാനങ്ങളും ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

You might also like

Most Viewed