ദളിത് സമരവും ഇന്ത്യൻ ഭരണകൂടവും
ഇ.പി അനിൽ
epanil@gmail.com
ഇന്ത്യയുടെ ശാപം ജാതീയതയും ദുരന്തം അന്ധവിശ്വാസവുമാണെന്ന വസ്തുത ഇന്നും പ്രസക്തമാണ്. ഗാന്ധിജി ആഗ്രഹിച്ചപോലെ പരമോന്നത നീതിപീഠങ്ങളിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിത്വങ്ങൾ എത്തിയെങ്കിലും ദളിതരുടെ ജീവിത നിലവാരത്തിൽ വേണ്ട വിധം പുരോഗതി ഉണ്ടാകുന്നില്ല. സൂപ്രീം കോടതി വിധിയും അതിൽ പ്രതിഷേധിച്ച പ്രക്ഷോപകർക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും ഇന്ത്യൻ ഭരണകൂട സംവിധാനം വെച്ചുപുലർത്തുന്ന ദളിത് വിരുദ്ധ സമീപനങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിൽ ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേകം പരിഗണന നൽകുന്ന വകുപ്പുകൾ ഉൾച്ചേർത്തിരിക്കുന്നത് അവരോട് സമൂഹം വെച്ചുപുലർത്തിയ അവഗണനകൾ തുടച്ചു നീക്കുവാൻ വേണ്ടിയാണ്. ജാതി ശ്രേണിയിൽ താഴെത്തട്ടിൽ പെട്ടവർ എന്ന്‍ ഹിന്ദുമതം അനുശാസിക്കുന്ന ദളിത്-പിന്നോക്ക ജനതയുടെ ജീവിതം അവരെ അടിമകളെക്കാൾ പീഡിതരാക്കി.
ഇന്ത്യൻ സ്വാത്രന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്തവർ ആധുനിക വിദ്യാഭ്യാസം നേടിയവരും ഉത്പതിഷ്ണുക്കളും ആയിരുന്നു. പുരോഗമന ആശയങ്ങളോട് ആകൃഷ്ടരായി സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്നവർ ജന്മികുടുംബത്തിൽ നിന്നും വരേണ്യ ജാതിയിലും പെട്ടു. അവരുടെ പുരോഗമന സമീപനങ്ങളിൽ ജാതി വിരുദ്ധ സമരങ്ങൾ വേണ്ടത്ര പ്രതിഫലിച്ചില്ല. ഇതിനാൽ വിദ്യാഭ്യാസ−സാംസ്‌കാരിക രംഗങ്ങളിലും അധികാരത്തിന്‍റെ പങ്കാളിത്തത്തിലും അർഹിക്കും വിധം സ്ഥാനങ്ങൾ നേടുവാൻ കഴിയാത്തവരായി പിന്നോക്ക വിഭാഗക്കാർ തുടർന്നു.
ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ തുടർന്നു വന്ന കച്ചവട താൽപ്പര്യങ്ങൾക്കായുള്ള ഭരണത്തിൽ ഫ്യൂഡൽ മൂല്യങ്ങൾക്ക് വേണ്ടത്ര വിലയുണ്ടായിരുന്നില്ല. അവർക്ക് കാപ്പിരി വർഗ്ഗത്തോടുള്ള (ആഫ്രിക്കൻ) ഉടമ മനോഭാവം കറുപ്പ് നിറവുമായി ബന്ധപ്പെട്ടു നിന്നു. ഇന്ത്യയിലെ ജാതി വിവേചനത്തെ കുറച്ചു കൊണ്ടുവരുവാൻ യുറോപ്യൻ വർഗ്ഗം കൈകൊണ്ട സമീപനങ്ങളുടെ ഗുണഭോക്താക്കളാകുവാൻ അംബേദ്ക്കറിനെ പോലെയുള്ളവർക്ക് കഴിഞ്ഞത് ബ്രിട്ടീഷ് അധികാരവുമായി ബന്ധപ്പെട്ടാണ്.
പൂന കേന്ദ്രമായി ഭരണം നടത്തിയ പേഷവാർ അധികാരികളെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ യുദ്ധത്തിൽ, നാട്ടിലെ മഹർ സമുദായവും മറ്റു പിന്നോക്ക സമുദായവും വിദേശിയർക്കൊപ്പം ചേർന്ന് സവർണ്ണ ജാതി ഭരണത്തെ യുദ്ധത്തിലൂടെ അവസാനിപ്പിച്ചത് പ്രദേശത്തെ പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസവും മറ്റുമായ പുരോഗതി നേടി കൊടുത്തു. ഇന്ത്യയുടെ രാഷ്ട്ര ശിൽപ്പിയായി വളർന്ന അംബേദ്‌കർക്ക് ഉന്നത വിദ്യാഭ്യാസം നേടുവാൻ അവസരം കിട്ടിയത് 200 വർഷങ്ങൾക്ക് മുന്‍പ് നടന്ന യുദ്ധത്തിൽ ബ്രാഹ്മണ അധികാരം തകർന്നതിലൂടെയാണ്. ഈ അവസ്ഥ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടായിരുന്നതായി കാണാം. കേരളത്തിൽ പിന്നോക്ക സമുദായ അംഗവും നവോത്ഥാന നായകനിൽ ഒന്നാം നിരയിൽ ഉണ്ടായിരുന്ന നാരായണ ഗുരു തനിക്ക് സന്യാസി പട്ടം ലഭിക്കുവാനുള്ള അവസരം വിദേശിയരുടെ ഭരണം നൽകി എന്നു പറയോന്പോൾ പിന്നോക്ക ദളിത് വിഭാഗം അനുഭവിച്ചു വന്ന അവഗണനകളുടെ ആഴം നമുക്ക് ബോധ്യപ്പെടും. 1903ൽ രൂപീകൃതമായ എസ്എൻഡിപിയുടെ മുൻനിര പ്രവർത്തകരിൽ പലരും ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കാളിയാകുവാൻ മടികാണിച്ചു. (മൂർക്കോത്ത് കുമാരനും മറ്റും ബ്രിട്ടീഷ് അനുകൂല പ്രകടനങ്ങൾ കോഴിക്കോട് നടത്തിയതായി ചരിത്രത്തിൽ നിന്നും വായിക്കാം.)
രാജ്യത്തെ പിന്നോക്ക സമുദായ അംഗങ്ങൾക്കും അധികാരത്തിൽ വേണ്ടത്ര പ്രാധിനിത്യം ഉണ്ടായിരുന്നില്ല. സർക്കാർ രംഗത്ത് അർഹതപ്പെട്ട തൊഴിൽ പങ്കാളിത്തം ലഭിക്കുവാൻ മണ്ധൽ കമ്മീഷന്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സവർണ്ണ ജാതി രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിനു മുന്‍പ്, കോൺഗ്രസ് എന്ന മതേതര പാർട്ടിയുടെ ഭരണകാലത്തും അധികാര കേന്ദ്രങ്ങളിൽ എല്ലാം സവർണ്ണ മേൽകോയ്മ തുടർന്നു. ഹൈകോടതി/സുപ്രീംകോടതികൾ, പ്രതിരോധം, ബഹിരാകാശം മുതലായ സംവരണം ഇല്ലാത്ത രംഗങ്ങളിൽ ദളിത്-ആദിവാസികളുടെ സ്ഥാനം തുലോം കുറവാണ്.രാജ്യത്തെ പട്ടിണി, ആയുർദൈർഘ്യം, ശിശുമരണം, തൊഴിൽ രാഹിത്യം, ഭൂഉടമസ്ഥാവകാശം, അധികാര സ്ഥാനങ്ങൾ, വരുമാനം, ഉന്നത പഠനം, വിദേശ രാജ്യങ്ങളിലെ തൊഴിൽ, ശാസ്ത്രലോകം, കണ്ടുപിടുത്തങ്ങൾ തുടങ്ങിയ രംഗങ്ങളിൽ ദളിത്-മറ്റു പിന്നോക്കക്കാരുടെ അവസ്ഥകൾ മോശമാണ്. രാജ്യത്തെ ആഗോളവൽക്കരണം ഒരു വശത്ത് ജിഡിപി വളർച്ചയെ മെച്ചപ്പെടുത്തുന്പോൾ, സ്വത്തുക്കൾ വരേണ്യ വർഗ്ഗത്തിൽ കേന്ദ്രീകരിക്കുന്നു. ഈ കഴിഞ്ഞ വർഷം രാജ്യത്തെ വാർഷിക സ്വത്തിൽ 73%വും ഒരു ശതമാനം ആളുകളിൽ കേന്ദ്രീകരിച്ചു. അതിന്‍റെ ബഹു ഭൂരിപക്ഷവും സവർണ്ണ സമുദായത്തിന്‍റെ കൈകളിൽ എത്തിയതായി മനസ്സിലാക്കാം. രാജ്യത്തെ സ്വത്തുക്കൾ കുറച്ചാളുകളിൽ മാത്രം കേന്ദ്രീകരിക്കുന്പോൾ സാമൂഹിക അസമത്വം ശക്തമാകുകയാണ്.
തുല്യപൗരത്വം, രാഷ്ട്രീയ പങ്കാളിത്തം, സംവരണം, മർദ്ദിത വിഭാഗങ്ങളിൽ നിന്നും മന്ത്രിസഭയിൽ പ്രാധിനിത്യം തുടങ്ങിയ അവകാശങ്ങൾ വലിയ തരത്തിൽ സമൂഹവും രാഷ്ട്രീയ സംഘടനകളും ചർച്ച ചെയ്യുകയും ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു.ഭരണഘടനയുടെ അനുശ്ചേദം (section)14 മുതൽ 18 വരെ സമത്വത്തിനുള്ള അവകാശം ഉറപ്പു തരുന്നു. ഇവയിൽ ഒട്ടനവധി നിയമങ്ങൾ ജാതി വിവേചനത്തിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. 19 അനുശ്ചേദം ജനസമിതിയിലെ അവകാശങ്ങൾ ഉറപ്പിക്കുന്നു. ഇത്തരം നിയമങ്ങൾ നിലവിൽ ഉണ്ടായിട്ടും ദളിത് ജീവിതം സുരക്ഷിതമല്ലത്തതിനാൽ 1989ൽ പട്ടികജാതി-−പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുവാൻ ഒരു നിയമം കൂടി കൊണ്ടുവന്നു. ദളിതരെ രണ്ടാം തരം പൗരന്മാരായി കാണുന്ന നമ്മുടെ സാമൂഹിക ശീലങ്ങൾ തുടരുന്നു. അതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ബിജെപി −മറ്റു സമാന സ്വഭാവമുള്ള സംഘടനകൾക്ക് മുന്തൂക്കമുള്ള സർക്കാർ നിലവിൽ തുടരുന്പോൾ സംഭവിച്ചു വരുന്നത്.
ഇന്ത്യൻ ജനസംഖ്യയിൽ ദളിതുകളും ആദിവാസികളും കൂടി ജനസംഖ്യയിൽ 25% വരും. (ദളിത് 16.6ഉം ആദിമാവാസികൾ 8.6 കളും). ഇന്ത്യയിൽ ഭൂരഹിതരിൽ 80% അടുത്ത് ആളുകളും ദളിത്-ആദിവാസികളിൽ നിന്നുള്ളവരാണ്. വികസനത്തിനായി കുടിയിറക്കപ്പെട്ടവരായ 3 കോടിയിൽ നല്ലൊരു പങ്കും ആദിവാസി-ദളിത് വിഭാഗത്തിൽപ്പെട്ടവർ. എന്നാൽ ഇന്ത്യൻ റെയിൽവെയിലെ തോട്ടിപണിക്കാരിൽ നല്ലൊരുപങ്കും ദളിതരും ശുചീകരണതൊഴിൽ രംഗത്തെ വലിയ പങ്കും വാൽമീകി സമുദായക്കാരുമാണ്. തൊഴിൽ രംഗത്തെ ഇത്തരം അനാരോഗ്യ സ്വഭാവങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചാതുർവർണ്യ സംവിധാനത്തിന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു.
ഹിന്ദുധർമ്മത്തിന്‍റെ അടിത്തറ ബ്രാഹ്മണ സേവയായി അംഗീകരിക്കുന്ന മതം, ഇന്ത്യൻ ജനസംഖ്യയിലെ ബഹുഭൂരിപക്ഷം ആളുകളും ബ്രാഹ്മണന്‍റെ ദാസനായി ജീവിക്കുവാൻ ചുമതലപ്പെട്ടിരിക്കുന്നു എന്നാണ് പഠിപ്പിക്കുന്നത്. ഈ നിലപാടുകൾ സ്വാതന്ത്ര്യ കാലത്ത് തന്നെ ഹൈന്ദവ ധർമ്മ ഭരണം പുനഃസ്ഥാപിക്കുക ലക്ഷ്യം വെച്ച് പ്രവർത്തിച്ചു തുടങ്ങിയ ഹിന്ദു മഹാസഭയും പിന്നീട് ആർഎസ്എസ്സും മറച്ചുവെച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ജനുവരി 26 ആയി ആഘോഷിക്കുവാൻ ലാഹോർ കോൺഗ്രസ് സമ്മേളനം തീരുമാനിച്ചശേഷം 1929 ൽ ആർഎസ്എസ് ആദ്യവും അവസാനവുമായി പങ്കെടുത്ത സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഉയർത്തിയ ദേശിയ പതാക കാവികൊടി ആയിരുന്നു. ഭരണഘടന ചർച്ചകൾ നടന്ന 40കളുടെ അവസാനം ഹിന്ദുമഹാസഭയും ബന്ധപ്പെട്ടവരും മനുസ്മൃതിയെ പരിഗണിക്കാത്ത ഭരണഘടന ഹൈന്ദവവിരുദ്ധമാണെന്ന് പറയുവാൻ മടിച്ചില്ല. ഹിന്ദു സമുദായ ബിൽ ഹൈന്ദവതയെ ഒന്നിപ്പിക്കുവാനും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവിൽകോഡിനും എതിരായിരുന്നു. ബില്ലിലൂടെ സിക്കുകാരും ബുദ്ധമതവിശ്വാസിയും ജൈനനും ഒരു നിയമത്തിനു പിന്നിൽ വന്നത് ഹൈന്ദവമത മേൽകോയ്മയെ അംഗീകരിപ്പിക്കലിന്‍റെ ഭാഗമായിരുന്നു. എന്നിട്ടും ആ ബിൽ കൊണ്ടുവന്ന അംബേദ്കർ മന്ത്രിസഭയിൽ നിന്നും പുറത്തു പോകുവാനും രാഷ്ട്രീയമായി ഒറ്റപ്പെടുവാനും കാരണമായി. യുക്തിവാദിയായിരുന്ന പ്രധാനമന്ത്രിയുടെ തണലിൽ പോലും അംബേദ്കർ ഒറ്റപ്പെട്ടു.
സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ ദളിത് വിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തി നേടി. ഇടതുപക്ഷ രാഷ്ട്രീയം മുൻകൈ നേടിയ ഇടങ്ങളിൽ മാത്രമാണ് ജാതിസ്പർദ്ധ പ്രകടമായി കുറഞ്ഞത്. ദ്രാവിഡ രാഷ്ട്രീയത്തിൽ മുന്നേറിയ തമിഴ്നാട്ടിൽ പോലും ദളിതുകൾ വലിയ തോതിൽ പൊതുഇടങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഗാന്ധിജിയുടെ കോൺഗ്രസ് എല്ലാകാലത്തും ദളിതുകളെ തുല്യപദവി നൽകി അംഗീകരിക്കുവാൻ തയ്യാറായില്ല. ഹൈന്ദവ രാഷ്ട്രീയത്തിൽ നിന്നും അത്തരം ഒരു നിലപാട് പ്രതീക്ഷിക്കുവാൻ ആർക്കും കഴിയുകയുമില്ല. സോഷ്യലിസ്റ്റുകൾ ചില അവസരങ്ങളിൽ എങ്കിലും അതിനു മുതിർന്നു. അപ്പോഴും നമ്മുടെ രാജ്യത്തെ അംഗൻവാടികൾ മുതൽ ശവപ്പറന്പുകൾ വരെ ദളിത് വിരുദ്ധതയിൽ അടിയുറച്ചു നിൽക്കുന്നു. അതുവഴി ദളിതുകളും ആദിവാസികളും വലിയ തോതിൽ കായികമായും സാംസ്കാരികമായും നിരന്തരം ആക്രമണങ്ങൾക്ക് വിധേയമാണ്.
ഇന്ത്യയിൽ ബ്രാഹ്മണ ജാതിയിൽ പെട്ടവർ 5% (5.6 കോടി) മാത്രമാണെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യസ്ഥാനം മുതൽ എല്ലാ മേഖലയിലും അവരുടെ സാന്നിദ്ധ്യം ശക്തമാണ്. (അതില്ല എങ്കിൽ ബ്രാഹ്മണ്യത്തെ ആദരിക്കുന്നവർ നിർണ്ണായക സ്ഥാനങ്ങളിൽ ഉണ്ട്).സർക്കാർ ഉദ്യോഗങ്ങളിൽ ഇക്കൂട്ടരുടെ സാന്നിദ്ധ്യം സ്വാഭാവിക അനുപാതത്തിന്‍റെ 10 ഇരട്ടിക്കു മുകളിലാണ്. ചീഫ് സെക്രട്ടറിമാരിൽ 26ൽ, 19ഉം ബ്രാഹ്മണർ, 27 ലെഫ്റ്റ്. −ഗവർണർമാരിൽ 13 പേരും ബ്രാഹ്മണർ സുപ്രീംകോടതി ജഡ്ജിമാരിൽ 47%ഉം ഇതേ സമുദായക്കാർ. പാർലമെന്‍ററിൽ 20% കസേരകളും അവർക്കായിരുന്നു. അതിൽ ഇന്ന് ചെറിയ മാറ്റമുണ്ടെങ്കിലും (10%) ക്യാബിനറ്റ്കളിൽ മുന്നോക്കക്കാർ 50%. അവിടെ 16.6% വരുന്ന ദളിത് പ്രാധിനിത്യം 3 മാത്രം.നമ്മുടെ മാധ്യമ ലോകമാണ് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കുന്നത്. മാധ്യമങ്ങളിലെ പ്രധാനപ്പെട്ട 315 സ്ഥാനങ്ങളിൽ ഒരാൾ പോലും ദളിത്-ആദിവാസി വിഭാങ്ങളിൽ നിന്നും ഇല്ല. പത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ 4ൽ ഉടമസ്ഥരുടെ കൂട്ടത്തിലെ 3 ആളുകൾ ബനിയ സമുദായക്കാരും ഒരാൾ ബ്രാഹ്മണ സമുദായക്കാരുമാണ്. വാർത്താ ചാനലുകളുടെ അവസ്ഥയും ഇതേ പടിയിൽ തന്നെ.
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ തുടർന്നുവരുന്ന വിവിധ തരം സ്കൂൾ സംവിധാനങ്ങൾ പുതു തലമുറയെയും ജാതി വിവേചനം പഠിപ്പിക്കുന്നു. മേട്രുക്കുലേഷൻ എത്തുന്പോഴേക്കും 72% ദളിത് കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു. ഡിഗ്രീ തലത്തിൽ ദളിതരുടെ പങ്കാളിത്തം 2.5%മാത്രം. ഇന്ത്യൻ സർവ്വകലാശാലയിലെ പ്രസിദ്ധമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ദളിത് അദ്ധ്യാപക പങ്കാളിത്തം 3.3%. ആദിവാസി ഉദ്യോഗസ്ഥർ 1.5%. ഇരു വിഭാഗവും കൂടി 22.5% പ്രാധിനിത്യം ഉണ്ടാകണമെന്നിരെക്കെയാണ് ഇക്കൂട്ടരുടെ സാന്നിദ്ധ്യം ഇത്ര കുറവായിരിക്കന്നത്.
ഇന്ത്യൻ ജനങ്ങളിൽ ഭൂരഹിതരിൽ 80% ഉം ദളിതുകളാണ്. ഇന്ത്യൻ കാർഷികരംഗത്തെ പണിയാളുകളിൽ 75% ആളുകളും ഇത്തരത്തിൽ അവഗണിക്കപ്പെടുന്നു. ഇന്ത്യയിൽ ആഗോളവൽക്കരണം നടപ്പിൽ വരുത്തിതുടങ്ങിയ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വന്നവർ ദളിത് ആദിവാസികളാണ്. മധ്യ−ഇന്ത്യയുടെ പ്രകൃതി സ്വത്തുക്കൾ അന്തർദേശിയ-ദേശിയ ഖനന മാഫിയകൾ തട്ടിയെടുക്കുന്നതിനെതിരെ ആദിവാസി-−ദളിത് വിഭാഗങ്ങൾ നടത്തുന്ന ചെറുത്തു നിൽപ്പുകളെ അടിച്ചും വെടിവെച്ചും തകർക്കുവാൻ ആർഎസ്എസ് മുതലായ ഹൈന്ദവ സംഘടനകളുടെ ആശിർവാദത്തോടെയും മറ്റും പ്രവർത്തിക്കുന്ന രൺ വീർസേന, ഭൂമി സേന, ബ്രഹ്മർഷി സേന, സവർണ്ണ ലിബറേഷൻ ഫ്രണ്ട്, ഗംഗാ സേന തുടങ്ങിയ സവർണ്ണ ഗുണ്ടാസംഘങ്ങൾ ദളിത് ആദിവസികൾക്കെതിരെ നിരവധി കൂട്ടകൊലകൾ നടത്തിക്കഴിഞ്ഞു. തങ്ങളുടെ ഭൂമിയിൽ നിന്നും പുറത്താക്കപെടുന്ന തിനെതിരായി നടത്തുന്ന സമരങ്ങളെ സർക്കാർ നൽകുന്ന ആയുധവും പണവും വാങ്ങി സവർണ്ണ ഗുണ്ടാപട ആക്രമിക്കുന്നു. ഇത്തരം ആക്രമങ്ങൾക്ക് പിന്തുണ നൽകുവാൻ വിവിധ സംസ്ഥാന സർക്കാരുകൾ തയ്യാറാണ്. അതിൽ മുന്തിയ താൽപര്യം ബിജെപിയുടെ സർക്കാരുകൾ കാട്ടിവരുന്നു. രാജ്യത്തെ കാർഷിക രംഗത്തെ അനിശ്ചിതത്വം, സർക്കാർ തൊഴിൽ അവസരങ്ങൾ കുറയുന്നത്, സ്വകാര്യ സ്ഥാപനങ്ങൾ വെച്ചു പുലർത്തുന്ന ദളിത് വിരുദ്ധ സമീപനങ്ങൾ, വിദ്യാഭ്യാസ −ആരോഗ്യരംഗം സ്വകര്യവൽക്കരിക്കുന്ന നിലപാട്, ഭക്ഷ്യ രംഗത്തെ വിലക്കയറ്റം ഒക്കെ വലിയ തരത്തിൽ പ്രതികൂലമായി ആദ്യം ബാധിക്കുക ദളിത് തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയാണ്. ഒപ്പം നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മനുവാദികൾക്കുണ്ടായ മുന്തിയ സ്വാധീനം പ്രശ്നങ്ങൾ കൂടുതൽ കലുഷിതമാക്കി.
രാജ്യത്തെ ദളിത് വിരുദ്ധ കലാപങ്ങൾ വളരുകയാണ്. ജനാധിപത്യത്തിന്‍റെ പുതിയ സാധ്യതകളെ പറ്റി നമ്മൾ വാചാലമാകുന്പോൾ തന്നെ ദളിത് പീഡനങ്ങളുടെ ഗ്രാഫ് ഉയരത്തിൽ എത്തികൊണ്ടിരിക്കുന്നു. ഓരോ 18 മിനിറ്റിലും ഒരു ദളിത് അംഗം ആക്രമണത്തിനു വിധേയമാകുന്പോൾ ആക്രമികൾക്ക് എതിരെയുള്ള പരാതിയിൽ 6%ത്തിൽ താഴെമാത്രം ആളുകളെ ശിക്ഷിക്കുന്ന അവസ്ഥ നീതിന്യായ വ്യവസ്ഥയിയുടെ പരിമിതിയെ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ കോടതികൾ പലപ്പോഴും പുറപ്പെടുവിക്കുന്ന വിധികൾ ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങളുമായി ഒത്തു പോകുന്നതല്ല. പ്രാചീനകാലത്ത് മത−ജാതിബന്ധിതമായി തുടർന്നു വന്ന പല ധാരണയെയും ന്യായീകരിച്ച അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ജീവിത പങ്കാളിയുമായി അവരുടെ അനുവാദം ഇല്ലാത്ത ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്തുവാൻ വിദേശ രാജ്യങ്ങൾ തയ്യാറാകുന്പോൾ നമ്മുടെ കോടതി അതിനു മുതിരാഞ്ഞത് നാട്ടിൽ നിലനിൽക്കുന്ന പുരുഷ കേന്ദ്രീകൃത സാമൂഹിക ക്രമത്തിനോടുള്ള അധികാരി വർഗ്ഗത്തിന്‍റെ മമതകൊണ്ടാണ് എന്ന് വിലയിരുത്തണം. ട്രാൻസ്ജെന്റർ വിഷയത്തിൽ സുപ്രീംകോടതി എടുത്ത നിലപാട് അവർതന്നെ പിൽകാലത്ത് തിരുത്തുവാൻ നിർബന്ധിതരായി. ബ്രിട്ടീഷ് ഭരണ വ്യവസ്ഥയിൽ വിക്റ്റോറിയൻ സദാചാരത്തിന്‍റെ സ്വാധീനത്തിൽ ഉണ്ടാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സ്വവർഗ്ഗ−വദന−മറ്റു രതികളെ(sodomy) ജീവപര്യന്തം ശിക്ഷ നൽകുവാൻ അനുശാസിച്ചു. ബ്രിട്ടനും മറ്റു രാജ്യങ്ങളും ഇത്തരം മത ബന്ധിതമായ സദാചാരത്തെ തള്ളിപറഞ്ഞിട്ടും നമ്മുടെ കോടതിക്ക് അത്തരം ഒരു നിലപാടിലേയ്ക്ക് എത്തുവാൻ 2016 വരെ കാത്തിരികേണ്ടിവന്നു.
ചാതുർവർണ്യത്തെ രാഷ്ട്രീയ രൂപമായി കണ്ടുവരുന്ന ആർഎസ്എസ്സുംഅവർ നിയന്ത്രിക്കുന്ന പാർട്ടികളും ദളിത് വിരുദ്ധത പല രൂപത്തിൽ വളർത്തുവാൻ ശ്രമിക്കുന്പോൾ ദളിത് വിരുദ്ധ കലാപങ്ങൾ വ്യാപിക്കുന്നു. ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളും പശുവിന്‍റെ തോൽ ഉരിക്കൽ പോലയുള്ള അപരിഷ്കൃത തൊഴിലിനെതിരെയുള്ള സമരങ്ങളും ദളിത് രാഷ്ട്രീയ മുന്നേറ്റമായി തീരുന്പോൾ മാത്രമേ ഇന്ത്യൻ ദളിത് സമൂഹം അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയുള്ളൂ. കോടതികളും നിയമനിർമ്മാണ സഭകളും ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന സംവിധാനങ്ങൾ ഇന്ത്യയുടെ അടിസ്ഥാന വർഗ്ഗത്തെ ഒന്നാം തരക്കാർ ആക്കിയെടുക്കുവാൻ ആവശ്യമായ ഭരണ ഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കണം. ഇന്ത്യൻ പൊതു സമൂഹത്തിൽ നാലിൽ ഒന്നു വരുന്ന ദളിത് ആദിവാസി വർഗ്ഗങ്ങൾക്ക് മറ്റാരെയും പോലെ ജീവിച്ചു മുന്നേറണമെങ്കിൽ നമ്മുടെ ഭരണ കൂടത്തിന്‍റെ ഇന്നു തുടരുന്ന തെറ്റായ നിലപാടുകൾ തിരുത്താതെ തരമില്ല. സുപ്രീകോടതിയുടെ വിധി ദളിത് വിരുദ്ധവും അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിനെ നിരായുധമാക്കുന്നതുമാണ്. അത് തിരിച്ചറിഞ്ഞ് നമ്മുടെ ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കുവാൻ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവസരം ഉണ്ടാകുന്ന രീതിയിൽ കോടതിയും നിയമ നിർമ്മാണ സഭയും പ്രവർത്തിച്ചാൽ മാത്രമേ ഇന്ത്യൻ ജനാധിപത്യം ലക്ഷ്യത്തിൽ എത്തുകയുള്ളൂ.
തൊഴിലാളികളുടെ നഷ്ടപ്പെടുന്ന അവകാശങ്ങൾക്കായി നടത്തിയ ഏപ്രിൽ രണ്ടിലെ പണിമുടക്കും ദളിത് അവകാശ പ്രക്ഷോഭവും ഒരേ ലക്ഷ്യങ്ങളെ മുന്നിൽ നിർത്തി ചൂഷിത വർഗ്ഗം നടത്തിയ സമരങ്ങൾ ആണ്. നാളത്തെ ഇന്ത്യയുടെ ഭാവി ഇത്തരം പ്രക്ഷോഭങ്ങൾ തീരുമാനിക്കട്ടെ എന്ന് ആശിക്കാം...