വി­കട സരസ്വതി­യും വി­കട കു­മാ­രന്‍മാ­രും...


ശരശയ്യ - നിതിൻ നാങ്ങോത്ത്

താ-പിതാ-ഗുരൂ ശത്രൂ... എന്നാണല്ലോ നവലിബറൽ‍ കാലത്ത്.പുള്ളേർ‍ക്ക് ഇത്രയധികം ലിബർ‍ട്ടി കിട്ടിയ കാലം വരാനില്ല. വിക്ടോറിയയിലും മഹാരാജാസിലും അങ്ങ് വടക്ക് കാഞ്ഞങ്ങാട് നെഹ്റുവിലും പുഷ്പ്പിച്ചത് ഗുരു‘പ്രേമ’ത്തിന്‍റെ ശാർ‍ദ്ദൂലവിക്രീഡിതമാണ്.പ്രേമം സിനിമയൊക്കെ ഒണ്ടാക്കുന്ന ഒരെഫക്റ്റേ!!.. നമിച്ചു മക്കളേ നമിച്ചു. ഉമിത്തീയിൽ‍ ദഹിച്ചാലും തീരാത്ത പാപകർ‍മ്മമായിരുന്നു പണ്ട് ഗുരുനിന്ദ. ഇപ്പോളത് “എക്സ്ട്രാ കരിക്കുലർ‍ ആക്ടിവിറ്റീസിന്‍റെ” പരിധിയിൽ‍ വരും. കൊച്ചുങ്ങളൊക്കെ ആക്ടിവിസ്റ്റുകളാവുന്പോൾ‍ പാവം ചോക്കുപൊടിക്കാരുടെ വിരിമാറിൽ‍ പുഷ്പചക്രം പരിലസിക്കും. ആസനപീഠത്തിൽ‍ ചണ്ധികാ ഹോമം നടക്കും. ദുരന്തനിവാരണ പോസ്റ്ററുകൾ‍ മതിലേറും. ഹൃദയത്തിൽ‍ ചരമഗീതം കുറിക്കപ്പെടും.ആസന്നമൃതിയിൽ‍ ആത്മശാന്തി കൊറിയർ‍ ചെയ്യപ്പെടും. നാലക്ഷരം പറഞ്ഞുതന്ന കൈകളിൽ‍ തന്നെ നായ്ക്കൊരുണ നിവേദിച്ചത് കിടുക്കി, തിമിർ‍ത്തു, പൊളിച്ചു. വിദ്യാഭ്യാസം കുട്ടിഓറിയന്‍റഡ് ആണല്ലോ ഇപ്പം. അപ്പം കുട്ടി തന്നെയാണ് കിങ്. സർ‍വ്വരാജ്യ അധരവ്യായാമ തൊഴിലാളികളേ... മാഷന്‍മാരേ മാഷത്തിമാരേ നിങ്ങൾ‍ സംഘടിച്ച് സംഘടിച്ച് പാരവെക്കുവിൻ‍... പിളളാരെ പിരികേറ്റി ഈഗോ തീർ‍ക്കുന്ന ‘കൊലീഗ്സ്’ ഒന്നോർക്കുക ‘മധുരച്ചൂരൽ‍’ പിറകേയുണ്ട്...

വിദ്യാഭ്യാസത്തിന്‍റെ ആണിക്കല്ലും മൂലക്കല്ലും ഇളകിയിട്ട് നാളേറെയായി. കുട്ടി പട്ടിക്കൂട്ടിൽ‍ കേറേണ്ടി വരുന്നതും, ഇടിക്കട്ടസാറന്‍മാരുടെ ഇടിമുറിഅഡ്മിഷൻ നേടേണ്ടി വരുന്നതും അതുകൊണ്ടാണ്. തോൽ‍പ്പിച്ചു കളഞ്ഞേക്കും എന്ന ഭീതിയിൽ‍ ലൈഫ് സ്കൂട്ടുചെയ്യുന്നതൊക്കെ കോർ‍പ്പറേറ്റ് പഠിപ്പേറുകാർ‍ക്കുളള താക്കീതാണ്. കൊടുത്തുവാങ്ങിക്കേണ്ട ബഹുമാനം എന്ന ഉപോൽ‍പ്പന്നത്തെ വിരട്ടിവാങ്ങിക്കാം എന്നാണ് ചില ട്യൂട്ടേഴ്സ് വിചാരിച്ചു വെച്ചിരിക്കുന്നത്. അതോറിട്ടി ഓരോ സരസ്വതീ ക്ഷേത്രങ്ങളിലെയും അദ്ധ്യാപകരുടെ റേറ്റിങ് കം ഗ്രേഡിങ് ഓരോ മാസവും കുട്ടികളിൽ‍ നിന്ന് എഴുതിവാങ്ങിച്ചാൽ‍ എത്രപേരുടെ തല തൽ‍സ്ഥാനത്തുണ്ടാവുമെന്ന് ഊഹിച്ചു നോക്കുക? ലക്ഷങ്ങൾ‍ തുപ്പലും തൊട്ടുവാങ്ങി ഇവരൊക്കെ അവിടെ എന്ത് കോപ്പാണ് കാട്ടിക്കൂട്ടുന്നതെന്ന് സർ‍വ്വ പി.ടി.എയിലും മുഴങ്ങിക്കേൾ‍ക്കുന്ന വനരോദനമാണ്. ആത്മാർ‍ത്ഥതയുടെയും ആത്മസമർ‍പ്പണത്തിന്‍റെയും ഏനക്കേടുളള ചിലരെ മറന്നു കൊണ്ടല്ല ഇങ്ങനെ പറയുന്നത്.പാഠഭാഗങ്ങൾ‍ പാതിപോലും തീർ‍ക്കപ്പെടുന്നില്ല. യൂണിയൻ‍ മെന്പർ‍ഷിപ്പിനോടുളള മമത പോലും വിദ്യാ അഭയാർ‍ത്ഥികളോടില്ല. തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ‍ അടിച്ചേൽ‍പ്പിക്കാനുളള ചട്ടുകമായി വിദ്യാർ‍ത്ഥികളെ ഉപയോഗിക്കുന്നത് അവനി(ൾ‍)ട്ടൊരു പണികൊടുക്കണം എന്ന് സ്റ്റാഫ്റൂമിൽ‍ പദ്ധതിയിടുന്ന അഭിവന്ദ്യരെ എത്രയോ കണ്ടിട്ടുണ്ട്.നോക്കണേ ശിഷ്യർ‍ക്ക് പാരപണിയുന്ന ഗുരുഭൂതർ‍!! ഇതിന്‍റെയൊക്കെ സൈഡ് ഇഫക്ട് ആയിട്ടാവണം കലാലയങ്ങളിൽ‍ ധാർ‍മ്മികത കുന്നു പോലെ ഇടിയുന്നത്. കടമകളിൽ‍ നിന്ന് ഒളിച്ചോടാത്ത മെന്‍റേർ‍സിന് അർ‍ഹിക്കുന്ന പരിഗണന കിട്ടുന്നുമുണ്ട്. ഇന്‍റേണൽ‍ ഭീഷണിയൊന്നും തലയിൽ‍ അനക്കമുളള വിദ്യാർ‍ത്ഥികളോട് വിലപ്പോവില്ല. അവിടെ വെട്ടൊന്ന് മുറി രണ്ട്!!

മുഴുത്ത കോഴയിലും ശിപാർ‍ശയിലും ഇരിപ്പിടം കരസ്ഥമാക്കിയ ചാരുകസേര ടീച്ചർ‍മാർ‍ക്ക് പുതിയ പുള്ളേരുടെ ദണ്ണം മനസ്സിലാക്കാൻ‍ പറ്റിയെന്നു വരില്ല. അദ്ധ്യാപകരേക്കാൾ‍ വായനയും ഉള്ളടക്കവുമുള്ള ശിഷ്യഗണങ്ങൾ‍ മുന്നിലിരിക്കേയുണ്ടാവുന്ന ജനറേഷന്‍ അസംതൃപ്തിയാണ് മുഖ്യ വില്ലൻ‍. കുട്ട്യോളെ അംഗീകരിക്കാൻ‍ ഹെഡ്ലൈറ്റിൽ‍ യുജീസീ തഴന്പുളള താപ്പാനകൾ‍ക്ക് ഒരിക്കലും പറ്റില്ല. ന്യൂജന്നിന്‍റെ ചോദ്യങ്ങൾ‍ അവരെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.സെമസ്റ്റർ‍ പരിരക്ഷ കൂടി ആയതോടെ അദ്ധ്യാപകർ‍ കളിച്ച കളിയാണ്. പരീക്ഷയൊഴിഞ്ഞ നേരമില്ല. അസൈന്‍മെന്‍റ്, സെമിനാർ‍, പ്രൊജക്റ്റ് വർ‍ക്ക്, ഇന്‍റേണൽ‍ കണ്ണുരുട്ടൽ‍ ഒക്കെയായി കുലപഴുക്കാൻ‍ ചാക്കിൽ‍ കേറിയ “ഫ്രീഡംപ്രതീതി”. ഈ അനർ‍ഗ്ഗള നിർ‍ഗ്ഗളപ്രവാഹമാണ് ആറ്റംഗുണ്ടായി പുകയുന്നത്. വിഷുപ്പടക്കങ്ങൾ‍ വിഷുവിന് മുന്നേ പുകയുന്നത് സമൂഹം ഗൗരവത്തിലെടുക്കണം. അച്ചടക്കത്തിന്‍റെ വാളിനെയൊന്നും പുതിയ ഫ്രീഡംഫൈറ്റേർ‍സ് ഗൗനിക്കുന്നേയില്ല. അവർ‍ക്ക് തങ്ങളെ വധിച്ച്, തങ്ങളുടെ ചെലവിൽ‍ ആനപ്പുറമേറുന്ന വെറും തിടന്പുകളാണ് സൂചിതഗുരുക്കൾ‍. പഴയ മഞ്ഞക്കണ്ണടയും വെച്ച് യുവതക്കിടയിൽ‍ സിസിടിവി നോട്ടം പായിക്കുന്ന എത്രയോ സദാചാര ഇൻ‍സ്പെക്ടേഴ്സ്ഉണ്ട് ഇന്നും ക്യാംപസിൽ‍. ചാറ്റിങ്ങും ഡേറ്റിങ്ങുമൊക്കെ ലാവിഷായി നടത്തുന്ന ലിപ് ലോക്ക് ജനറേഷന്‍ ഇത് സഹിക്കുവതെങ്ങനെ. രജത് കുമാരന്‍റെ ടോക്കിൽ‍ വിജൃംഭിച്ച പെങ്കുട്ടിയുടെ കൂവൽ‍വിപ്ലവം ഇനിയോരോ ക്ലാസിലും സംഭവിക്കും. ലോകക്രമത്തെക്കുറിച്ച് നല്ല ധാരണയുളള ടെക്കികളായ പിള്ളേർ‍ക്കൊന്നും ഓട്ടിസം ബാധിച്ചിട്ടില്ല എന്ന് ബഹുകൗൺ‍സിലേഴ്സ് മനസ്സിലാക്കിയാൽ‍ നന്ന്. ചോറ് വിളന്പുന്നവനല്ല. ചോറു ഉണ്ടവന് തന്നെയാണ് രുചിയെപ്പറ്റി കമന്‍ററി പറയാൻ‍ പൂർ‍ണ്ണ അധികാരം.

വികടകുമാരന്‍മാരും വികടസരസ്വതിമാരും കൂടി നമ്മുടെ റിപ്പബ്ലിക്കിനെ വികലമാക്കാതിരുന്നാൽ‍ മതിയായിരുന്നു. മേധാവിയുടെ സ്വാതന്ത്ര്യത്തിൽ‍ കേറിമേയാനുളള തോന്ന്യാസം കുട്ടികളും അവസാനിപ്പിക്കണം. സ്റ്റാഫ്റൂമും ക്ലാസുറൂമും രാഷ്ട്രീയവയൽ‍പ്രദേശങ്ങളാവരുത്. പഠിപ്പിക്കപ്പെടുന്നതിൽ‍ എല്ലാവരും എതിരാണ്. ഭരിക്കപ്പെടുന്നതിൽ‍ അതിലേറെയും. പർ‍വ്വത ശിരസ്സുകൾ‍ ആവശ്യപ്പെടുന്ന പവിത്ര കർ‍മ്മമാണ് ടീച്ചിംഗ്. അതിന്‍റെ പരിപാവനത കാത്തുസൂക്ഷിക്കുക. കുട്ടികൾ‍ മുന്നിലിരിക്കാൻ‍ ഉള്ളതുകൊണ്ടുമാത്രമാണ് അധ്യാപകരുണ്ടാവുന്നത്. അല്ലാതെ തിരിച്ചല്ല. അവരുടെ ഹൃദയത്തിൽ‍ ഒരു പുനരുജ്ജീവനം എല്ലാ ഗുരുഭൂതർ‍ക്കും ഉണ്ടാവട്ടെ. ഭൂതദയയും.ദിവസം ആറുമണിക്കൂറിൽ‍ കൂടുതൽ‍ ഇന്‍റർ‍നെറ്റിൽ‍ വിരാജിക്കുന്ന ഫിംഗർ‍റവല്യൂഷൻ‍കാർ‍ക്ക് പഠിക്കാൻ‍, ഫുൾ‍ എ പ്ലസിൽ‍ പാസാവാൻ‍ ഒരു അദ്ധ്യാപകന്‍റെയും ഹെൽ‍പ്പ് ആവശ്യമില്ലെന്ന കാര്യം എല്ലാവർ‍ക്കും അറിവുള്ളതാണല്ലോ...! പിന്നെ അനുഭവങ്ങൾ‍... തിരിച്ചറിവുകൾ‍... അതിന് ഗുരുശ്രേഷ്ഠർ‍ കൂടിയേ തീരൂ. അതിന്‍റെ കുറവ് കാണാനുമുണ്ട്. കസേരകളാണ് ആളുകളെ ഭയങ്കരരാക്കുന്നത്. അത് ഇല്ലാതായാൽ‍ ഹെഡ്കോൺ‍സ്റ്റബിൾ‍ പുലിക്കോടൻ‍ നാരായണൻ‍ വെറും പി.നാണുവേട്ടൻ‍. വിരമിക്കൽ‍ വലിയൊരു തിരിച്ചറിവാണ്.ചെയ്ത പാപകർ‍മ്മത്തിന്‍റെ പ്രതിക്രിയയ്ക്കായി വിദ്യാർ‍ത്ഥിസമൂഹം സഡൻ‍ ഒരു ഗുരുവന്ദനഫെസ്റ്റ് നടത്തിയാൽ‍ ധാരാളം. എല്ലാം അങ്ങനെ എളുപ്പത്തിൽ‍ കോംപ്ലിമെന്‍റാവട്ടെ...

You might also like

Most Viewed