ഏറ്റു­മു­ട്ടൽ കൊ­ലയു­ടെ­ രാ­ഷ്ട്രീ­യം!


ജെ. ബിന്ദുരാജ്

മരാജ്യം സൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴിയെന്താണ്? ഉത്തരപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറയുന്നത് ക്രിമിനലുകളെയെല്ലാം എൻകൗണ്ടറിലൂടെ കൊന്നെടുക്കുക അതിന്റെ ആദ്യ പടിയാണെന്നാണ്. രാജ്യത്തെ നിയമ നീതി സംവിധാനത്തിന് പുല്ലുവില കൽപിച്ചുകൊണ്ടാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേശവ് മൗര്യയുമൊക്കെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉത്തരപ്രദേശിൽ ഒരു ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ബി ജെ പി സർക്കാർ അധികാരത്തിലേറിയശേഷം ഇതുവരെ ഉത്തരപ്രദേശിൽ 1240 എൻകൗണ്ടറുകളാണ് നടന്നിരിക്കുന്നത്. അതിൽ നാൽപതിലധികം പേർ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ട് വധിക്കപ്പെടുകയും 305 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്തിൽ അമിത് ഷാ നേതൃത്വത്തിൽ നടപ്പാക്കിയതുപോലുള്ള കാട്ടുനീതി നടപ്പാക്കൽ തന്നെയാണ് ഉത്തരപ്രദേശിൽ ബി ജെ പി സർക്കാർ പിന്തുടരുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണത്. ഇവയിൽ ഒട്ടുമിക്കവയും വ്യാജ ഏറ്റുമുട്ടലുകളാണെന്നാണ് റിപ്പോർട്ടുകൾ. ഏകാധിപത്യത്തിന്റെ മുഖമുദ്രയാണല്ലോ അല്ലെങ്കിലും എൻകൗണ്ടർ കൊലകൾ. നീതിന്യായ സംവിധാനം തകർത്ത്, ശത്രു നിഗ്രഹണത്തിലൂടെ തങ്ങളുടെ നീതി നടപ്പാക്കി രാജ്യത്തെ ശുദ്ധീകരിക്കാൻ ജനിച്ചവരാണ് തങ്ങളെന്ന് ജനത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള വ്യഗ്രതയാണ് അതിനു പിന്നിലുള്ളതെന്ന് വ്യക്തം. ഏകാധിപത്യം അരക്കിട്ടുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അതുകൊണ്ടു തന്നെ എൻകൗണ്ടർ ഏറ്റവും പ്രിയപ്പെട്ട ഒരു ഉപകരണമാണ്. ജയലളിത തമിഴ്‌നാട് ഭരിക്കുന്പോഴും നരേന്ദ്രമോഡി ഗുജറാത്ത് ഭരിക്കുന്പോഴും ഇപ്പോൾ യോഗി ആദിത്യനാഥ് ഉത്തരപ്രദേശ് ഭരിക്കുന്പോഴും എൻകൗണ്ടറുകൾ വർധിച്ചുവരാനുള്ള കാരണം മറ്റൊന്നല്ല തന്നെ. എന്നാൽ സമാധാനം രക്ഷിക്കാനാണെന്ന ലേബലിൽ വിപണനം ചെയ്യപ്പെടുന്ന ഈ ഏറ്റുമുട്ടലുകൾ രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദരാക്കാനോ ഉന്മൂലം ചെയ്യാനോ ഉള്ളതാണെന്നതാണ് മറുവശം. വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പോലും വ്യാജ ഏറ്റുമുട്ടലിൽ താൻ വധിക്കപ്പെടുമെന്ന് കരുതി ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ട്, നിറകണ്ണുകളുമായി പത്രസമ്മേളനം നടത്തുന്ന അത്ഭുതകാഴ്ച നാം കണ്ടിട്ട് അധികകാലമായില്ല.

ക്രിമിനലുകൾ പൊലീസിനു നേരെയോ സായുധ സേനയ്ക്കു നേരെയോ ആക്രമണം അഴിച്ചുവിടുന്പോൾ സ്വരക്ഷയ്ക്കായി അവർക്കെതിരെ വെടിയുതിർത്ത് അവരെ കൊല്ലുന്നതിനാണ് എൻകൗണ്ടർ കൊലപാതകമെന്ന് പറയുന്നത്. ഇന്ത്യയിൽ ഈ പദം ശ്രദ്ധിക്കപ്പെട്ടത് തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ മധ്യത്തിലുമെല്ലാം മഹാരാഷ്ട്രയിലെ അധോലോകസംഘങ്ങളെ അമർച്ച ചെയ്യാൻ വ്യാപകമായി മുംബയ് പൊലീസ് എൻകൗണ്ടറുകൾ നടത്തിയതിൽപ്പിന്നെയാണ്. പക്ഷേ പിന്നീട് ഈ നിരായുധരായവരേയും കുറ്റവാളികളേയും ഉന്മൂലനം ചെയ്യാൻ രാജ്യത്തെ വിവിധ പൊലീസ് സംവിധാനങ്ങൾ പച്ചയായ കൊലപാതകങ്ങളെ എൻകൗണ്ടർ കൊലപാതകങ്ങളാക്കി മാറ്റുകയാണുണ്ടായത്. പലപ്പോഴും ഭരണകൂടത്തിന്റെ അനുമതിയോടെയാണ് അത്തരം എൻകൗണ്ടർ വധങ്ങൾ പദ്ധതിയിടപ്പെട്ടത്. ഉത്തരപ്രദേശും രാജസ്ഥാനും മഹാരാഷ്ട്രയും ഡൽഹിയും ആന്ധ്രാപ്രദേശും ഉത്തരാഖണ്ധുമെല്ലാം രാഷ്ട്രീയ ആവശ്യങ്ങൾക്കായിപ്പോലും പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകൾ നടത്തി പലരേയും കൊലപ്പെടുത്തി. 2002നും 2008നുമിടയിൽ മാത്രം 440 എൻകൗണ്ടർ കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2009 മുതൽ 2013 ഫെബ്രുവരി വരെയുള്ള കണക്കുകളെടുത്താലും ഉത്തരപ്രദേശും മണിപ്പൂരും അസമും പശ്ചിമബംഗാളും ജാർക്കണ്ധും തന്നെയാണ് എൻകൗണ്ടറുകളിൽ മുന്നിട്ടു നിന്നത്. മഹാരാഷ്ട്രയിൽ 1982ൽ അധോലോകക്കാരനായ മന്യ സുർവേയെ പൊലീസ് ഏറ്റുമുട്ടലിൽ കൊന്നതാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുള്ള ആദ്യ എൻകൗണ്ടർ വധം. പിന്നെ ഇത്തരം എൻകൗണ്ടറുകൾ അവിടെ മാധ്യമങ്ങൾ തന്നെ വാഴ്ത്തിപ്പാടാൻ തുടങ്ങി. അങ്ങനെയാണ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുകളായ മുംബയ് പൊലീസ് സബ് ഇൻസ്‌പെക്ടർ ദയാ നായിക്കും ഇൻസ്‌പെക്ടറായ പ്രദീപ് ശർമ്മയും അസിസ്റ്റന്റ് ഇൻസ്‌പെക്ടറായ സച്ചിൻ വാസും വിജയ് സലസ്‌കറും രവീന്ദ്രനാഥ് അംഗരെയും  പ്രഫുൽ ഭോസ്്ലയുമൊക്കെ വാരാന്തപ്പതിപ്പുകളുടെ ഫീച്ചറുകളായി തിളങ്ങാൻ തുടങ്ങിയത്. എത്ര പേരെ കൊന്നുവെന്നതിന്റെ മികവിലാണ് ഈ വാഴ്ത്തിപ്പാടലുകൾ നടന്നത്. നിരവധി സിനിമകൾ പല ഭാഷകളിലുമായി ഇവരുടെ ജീവിതത്തെ വാഴ്ത്തിപ്പാടി നിർമ്മിക്കപ്പെടുകയും ചെയ്തു. ഇവരാകട്ടെ അധോലോകക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ തുടങ്ങിയെന്നും മാഫിയ നേതാക്കളുടെ പിണിയാളുകളായി പ്രവർത്തിച്ചുവെന്നുമൊക്കെ ആരോപണമുയർന്നെങ്കിലും സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങൾ മൂലം ഇവരൊക്കെ ജനതയുടെ ഹീറോകളായി നിലകൊള്ളുകയും ചെയ്തു.

ഗുജറാത്തിൽ നരേന്ദ്രമോഡി ഭരണകാലത്താണ് വ്യാജ ഏറ്റുമുട്ടൽ കൊന്നുതള്ളൽ ഒരു ഭരണകൂട ഭീകരതയായി വികസിച്ചത്. 2002നും 2006നുമിടയിൽ ഗുജറാത്തിൽ നടന്ന 22 മരണങ്ങൾ വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. 2004ലെ ഇസ്രത്ത് ജഹാൻ കേസ്സും 2005ലെ സെറാബുദ്ദീൻ ഷേയ്ക്ക് കേസ്സും 2006ലെ തുളസീറാം പ്രജാപതി കേസ്സും തന്നെ നോക്കുക. 19കാരിയായ ഇസ്രത്ത് ജഹാനും കൂട്ടാളികളായ മലയാളിയായ ജാവേദ് ഗുലാം ഷേയ്ക്ക് എന്ന പ്രാണേഷ് പിള്ളയും അംജദ് അലി റാണയും സീഷൻ ജോഹറും നരേന്ദ്ര മോഡിയെ ഭീകരവാദി ആക്രമണത്തിലൂടെ കൊല്ലാൻ നിയോഗിക്കപ്പെട്ട ലഷ്കറെ തോയിബക്കാരാണെന്നാരോപിച്ചായിരുന്നു ഈ വ്യാജ ഏറ്റുമുട്ടൽ. ഇതേ കാരണം ഉന്നയിച്ചുകൊണ്ടു തന്നെയാണ് സൊറാബ്ദീൻ ഷേയ്ക്കും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഈ വ്യാജ ഏറ്റുമുട്ടലുകൾ നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. ഈ കൊലപാതകത്തിന് സാക്ഷിയായിരുന്ന, ഷേയ്ക്കിന്റെ സഹായി തുളസിറാം പ്രജാപതിയും മറ്റൊരു ഏറ്റുമുട്ടലിൽ പൊലീസ് കൊന്നത് സംശയം ശക്തമാക്കുകയും ചെയ്തു. എന്തിന്, സംസ്ഥാന സർക്കാർ അഭിഭാഷകനായ കെ ടി എസ് തുളസി പിന്നീട് സുപ്രീം കോടതിയിൽ പ്രാഥമിക അന്വേഷണത്തിൽ അതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയെന്ന് വ്യക്തമാക്കുകയും ചെയ്തു.  സൊറാബ്ദീൻ കേസ്സിൽ അമതി ഷാ പ്രതിചേർക്കപ്പെട്ടെങ്കിലും 2014−ൽ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. ഈ കേസ്സിൽ വിധി പറയാനിരിക്കെയാണ് ജസ്റ്റിസ് ലോയ മരണപ്പെടുന്നത്. പിന്നീടു വന്ന ന്യായാധിപനാണ് ഷായെ കുറ്റവിമുക്തനാക്കിയത്. അമിത് ഷായെ കുറ്റവിമുക്തനാക്കാൻ ജസ്റ്റിസ് ലോയക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പിന്നീട് ലോയയുടെ സഹോദരി കാരവൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം ഭരണകൂട അപ്രമാദിത്തം തന്നെയാണ് വ്യാജ ഏറ്റുമുട്ടലുകൾക്ക് വഴിമരുന്നിട്ടുകൊടുത്തതെന്ന് അറിയാത്തവരില്ല. തമിഴ്‌നാട്ടിൽ ജയലളിതയുടെ ഭരണകാലത്ത് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തന്നെ അതിന് സാക്ഷ്യം പറയുന്നുണ്ട്. 2004 ഒക്ടോബറിൽ നടന്ന ചന്ദനമാഫിയത്തലവൻ വീരപ്പന്റെ കൊലപാതകത്തിൽ തുടങ്ങുന്നു അത്. ഓപ്പറേഷൻ കൊക്കൂൺ നയിച്ച കെ വിജയകുമാർ വീരപ്പനെ പിടികൂടി വധിക്കുകയാണുണ്ടായതെന്ന് പിൽക്കാലത്ത് ആരോപിക്കപ്പെട്ടെങ്കിലും അന്വേഷണം ആ വഴിക്ക് നീണ്ടില്ല. തമിഴ്‌നാട്ടിൽ 1980 മുതൽ 2012 വരെ 77 പേരാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ ആധിപത്യമുറപ്പിക്കാൻ എൻകൗണ്ടറുകളെ ആശ്രയിക്കുന്നത് സാധാരണ കാര്യമാണെന്ന് മാർക്‌സിസ്റ്റ് സൈദ്ധാന്തികനായ ജയ്‌റസ് ബാനാജി വ്യക്തമാക്കിയിട്ടുള്ളതാണ്. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രയിലുമെല്ലാം ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നത് ഇത്തരം വ്യാജ ഏറ്റുമുട്ടലുകളിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ, തന്റെ ജീവനു ഭീഷണിയുണ്ടെന്ന വാദം ഉയർത്തിയത് ഒരു നേതാവെന്ന നിലയിൽ തന്റെ പ്രതിഛായ ഉയർത്തുന്നതിനായിട്ടാണെന്നും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആ ധാരണ ജനമനസ്സുകളിലുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ജയ്‌റസ് ബാനാജി പറയുന്നു. മുസ്ലിംകളാണ് തന്നെ വധിക്കാൻ ശ്രമിക്കുന്നതെന്ന് ഓരോ ഏറ്റുമുട്ടൽ വധങ്ങളിൽ നിന്നും അദ്ദേഹം പറയാൻ ശ്രമിക്കുകയും ഗുജറാത്തിൽ മുസ്ലിം വിരുദ്ധ വികാരം എല്ലാത്തരത്തിലും ശക്തിപ്പെടുത്തുകയുമായിരുന്നു മോഡി. ഒരു വശത്ത് വധഭീഷണി നേരിടുന്ന നേതാവെന്ന നിലയിൽ ദേശീയപ്രാമുഖ്യം നേടി ഉയരാനാകുമെന്നതും മറുവശത്ത് വർഗീയമായ ചേരിതിരിവ് ജനങ്ങൾക്കിടയിൽ സാധ്യമാകുമെന്നുമുള്ള ദ്വിമുഖ തന്ത്രമാണ് മോഡി അമിത് ഷാ കൂട്ടുകെട്ട് ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ലക്ഷ്യമിട്ടത്.

കേരളത്തിൽ വയനാട്ടിൽ നക്‌സൽ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായ അരീക്കൽ വർഗീസ് 1970 ഫെബ്രുവരി പതിനെട്ടിന് കൊല്ലപ്പെട്ടപ്പോൾ പൊലീസ് ആദ്യം ഒരു  ഏറ്റുമുട്ടൽ കഥ ചമയ്ക്കുകയും അത് മാധ്യമങ്ങൾ പുറത്തറിയിക്കുകയുമാണുണ്ടായത്. 28 വർഷങ്ങൾക്കുശേഷം 1998ൽ വർഗീസിനെ പൊലീസ് വയനാട്ടിലെ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്നും പിടികൂടുകയും മേലുദ്ദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം താൻ വെടിവച്ചുകൊല്ലുകയാണുണ്ടായതെന്നും രാമച്രന്ദൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ വെളിപ്പെടുത്തുകയായിരുന്നു. നാൽപതു വർഷങ്ങൾക്കുശേഷം പ്രസ്തുത കേസ്സിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. കടുത്ത മാനസിക സംഘർഷത്തിലായിരുന്ന പൊലീസുകാരൻ ആ കഥ വെളിപ്പെടുത്തിയിരുന്നില്ലെങ്കിൽ ഒരിക്കലും വർഗീസ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറംലോകം അറിയുകയില്ലായിരുന്നു.

ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ മുഖലക്ഷണമാണ് എൻകൗണ്ടർ കൊലപാതകങ്ങളെങ്കിൽ അതുപോലെ തന്നെയാണ് ഫാസിസ്റ്റ് മനോഭാവം വച്ചുപുലർത്തുന്ന പ്രസ്ഥാനങ്ങൾ അസഹിഷ്ണുത മൂലം നടത്തുന്ന ചോരക്കളികൾ. എതിർപ്രസ്ഥാനത്തിൽ ശക്തനായ ഒരു നേതാവ് ഉയർന്നുവരുന്നുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ അയാളെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പ്രസ്ഥാനങ്ങൾ ആരംഭിച്ചു തുടങ്ങും. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സി പി എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത് അസഹിഷ്ണുതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. അധികാരത്തിലിരിക്കുന്പോൾ കൊല നടത്തിയാൽ കൊല നടത്താൻ നിർദ്ദേശിച്ചവരോ കൊല നടത്തിയവരോ കണ്ടെത്തപ്പെടുകയില്ലെന്നും സുരക്ഷിതരായി ജീവിക്കാമെന്നും പാർട്ടിയിലെ ചില ഭാരവാഹികൾ നൽകിയ ഉറപ്പാണ് കൊലപാതകത്തിനിറങ്ങിത്തിരിക്കാൻ കാരണമെന്ന് കൊലപാതകത്തിലുൾപ്പെട്ട ഒരു പ്രതി തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. തങ്ങളേക്കാൾ വലുതായി മറ്റൊരു പ്രസ്ഥാനമോ നേതാവോ വളരാൻ അനുവദിക്കില്ലെന്നത് ഫാസിസത്തിന്റെ പ്രാഥമിക ലക്ഷണമായതിനാൽ ഷുഹൈബിനു നേരെ നടന്ന ആക്രമണം സി പി എമ്മിന്റെ ഫാസിസ്റ്റ് മുഖം തന്നെയാണ് കൂടുതൽ വെളിവാക്കിയിരിക്കുന്നത്.

ഷുഹൈബിന്റെ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കളടക്കം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയെന്ന് മുഖ്യമന്ത്രി വിജയൻ നിലപാടെടുത്തതാകട്ടെ സംശയങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതുമാക്കി മാറ്റി. ഇതേ സംശയങ്ങൾ കൊണ്ടു തന്നെയാണ് അന്വേഷണം സി ബി ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനിച്ചതും. കണ്ണൂരിൽ സി ബി ഐ അന്വേഷിക്കാൻ പോകുന്ന നാലാമത്തെ കൊലപാതകക്കേസ്സാണിതെന്നത് പ്രധാനം. ഇതിൽ നാലെണ്ണത്തിലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് സി പി എമ്മുകാരും. 2006 ഒക്ടോബർ 22ന് തലശ്ശേരിയിൽ കൊല്ലപ്പെട്ട എൻ ഡി എഫ് പ്രവർത്തകൻ മുഹമ്മദ് ഫൈസലിന്റെ കൊലപാതകമായിരുന്നു ആദ്യത്തേത്. സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് ഇതിൽ അറസ്റ്റിലായത്. 2012 ഫെബ്രുവരി 20ന് നടന്ന അരിയിൽ ഷുക്കൂർ കൊലപാതകത്തിൽ സി പി എം നേതാക്കളായ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും എം എൽ എ ടി വി രാജേഷുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആർ എസ് എസ്പ്ര വർത്തകനായ മനോജ് 2014 സെപ്തംബർ 1ന് കൊല്ലപ്പെട്ട കേസ്സിലും പി ജയരാജൻ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഷുഹൈബിന്റെ കൊലപാതകത്തിലും സംശയത്തിന്റെ മുനകൾ നീളുന്നത് സി പി എം നേതൃത്വത്തിലേക്കു തന്നെയാണ്.

അസഹിഷ്ണുത മൂലമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ഒരുതരത്തിൽ നോക്കിയാൽ ഭരണകൂടത്തിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പോലെ തന്നെയാണ്. നേരിടുകയല്ല, മറിച്ച് അടിച്ചമർത്തലിലൂടെ ആധിപത്യം പൂർണമാക്കാമെന്ന മോഹത്തിന്റെ പ്രതിഫലനമാണത്. കൊലപാതകികളെ എന്തുവില കൊടുത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ നിലപാടാകട്ടെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ നീതി നടപ്പാക്കുന്ന കാടൻ ഭരണകൂട നയം പോലെ തന്നെ അപലപനീയവുമാണ്. ത്രിപുരയുടെ കാര്യം തന്നെയെടുക്കാം. സി പി എം ആധിപത്യത്തിനു കീഴിൽ 35 വർഷം പിന്നിട്ടിരുന്ന ഈ പ്രദേശം എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ കാവിപ്പട പിടിച്ചെടുത്തതെന്ന് ചിന്തിക്കുന്നവർക്ക് അതിനുള്ള ഉത്തരം അവിടെ നിന്നു തന്നെ ലഭിക്കും. പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്പ ത്രിപുരയിലും കാലങ്ങളോളം ഉണ്ടായിരുന്നുവെന്നും എതിരാളികൾ കാലങ്ങളോളം അതിലൂടെ അടിച്ചമർത്തപ്പെട്ടിരുന്നുവെന്നും സി പി എമ്മിന്റെ സിണ്ടിക്കേറ്റുകളാണ് സാധാരണക്കാരന്റെ വസതി നിർമ്മിക്കുന്നതിനുള്ള ഇഷ്ടിക പോലും കമ്മീഷൻ വ്യവസ്ഥയിൽ എത്തിച്ചിരുന്നതെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വികസന വാഗ്ദാനങ്ങളും പണാധിപത്യവും ഗോത്ര സംഘടനകളെ അധികാരത്തിലെത്തിക്കാമെന്ന ധാരണയുമൊക്കെയാണ് ത്രിപുരയിൽ സി പി എമ്മിനെ വീഴ്ത്തിയത്. എതിരാളികളെ ജനാധിപത്യപരമായി വിമർശിക്കുന്നതിനു പകരം പലപ്പോഴും അവരെ കായികമായി ഒതുക്കാൻ ത്രിപുരയിൽ സി പി എം ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്തുതിപാഠസംഘത്തിന്റെ പിടിയിലായിരുന്ന ഭരണാധിപന്മാർ എല്ലാ മേഖലകളിലേക്കും പടർന്നുപന്തലിച്ചുകൊണ്ടിരുന്ന അഴിമതിയെ അവഗണിക്കുകയും ചെയ്തു. അഴിമതിക്ക് താങ്ങ് പ്രഖ്യാപിക്കുന്നതും ബ്യൂറോക്രസിയെ പാർട്ടിയുമായി ഇണക്കി, ഭരണകൂടത്തിനു പുറത്ത് മറ്റൊന്ന് സൃഷ്ടിച്ച് ഭരണം നടത്താൻ ശ്രമിക്കുന്നതുമൊക്കെ ഒരു തരത്തിൽ പറഞ്ഞാൽ ജനങ്ങളെ എൻകൗണ്ടർ കൊലപാതകങ്ങൾക്ക് വിധേയമാക്കുന്നതുപോലുള്ള കാര്യങ്ങൾ തന്നെയാണ്. വ്യാജമായ വിപ്ലവം പോലെയാണ് വ്യാജ ഏറ്റുമുട്ടലുകളും.

വ്യാജ ഏറ്റുമുട്ടലുകളെപ്പോലെ തന്നെയാണ് ഭരണകൂടങ്ങളെ പുകഴ്ത്താൻ വ്യാജമായി ചമയ്ക്കപ്പെടുന്ന സ്തുതിഗീതങ്ങളും. പബ്ലിക് റിലേഷൻസ് വകുപ്പ് നിലനിൽക്കുന്ന കേരളത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പ്രചാരണം നടത്താൻ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയാ സെൽ രൂപീകരിക്കാനുള്ള തീരുമാനം ജനതയോടുള്ള മറ്റൊരു ഏറ്റുമുട്ടലാണ്. ഈ ‘തള്ളൽ സംഘ’ത്തിനായി പ്രതിമാസം ഖജനാവിൽ നിന്നും ശന്പള ഇനത്തിൽ മുടിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത് 41.30 ലക്ഷം രൂപ! ടീം ലീഡർക്ക് ശന്പളം ഒന്നേകാൽ ലക്ഷം രൂപ. കീഴെയുള്ളവർക്ക് 75,000 രൂപ മുതൽ 25,000 രൂപ വരെ. കൊലപാതകത്തിലും കൈയേറ്റത്തിലും സ്വജനപക്ഷപാതത്തിലുമെല്ലാം ആറാടി നിൽക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ സമൂഹമാധ്യമങ്ങളിൽ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുകളെ ഇറക്കുന്നതിനു സർക്കാർ പണം ചെലവിടുന്നത് തികഞ്ഞ അധാർമ്മികതയല്ലാതെ മറ്റെന്താണ്? ആത്മവിശ്വാസമില്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വ്യക്തമാകാൻ ഇതിനപ്പുറം മറ്റെന്ത് വേണം? പ്രതിവർഷം അഞ്ചു കോടിയോളം രൂപ സമൂഹ മാധ്യമ തള്ളലുകാർക്ക് നൽകുന്നത് ഖജനാവ് കാലിയാണെന്ന് വിലപിക്കുന്ന സർക്കാരാണെന്നു കൂടി ഓർക്കണം. ഇതേ സർക്കാർ തന്നെയാണ് ലൈറ്റ് മെട്രോ പദ്ധതി നടത്തിപ്പിന്റെ കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് മാസങ്ങളായി കൊടുക്കാതെ അദ്ദേഹത്തെ വെറുപ്പിച്ച്, പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുകയാണെന്ന നിലപാടിലെത്തിച്ചത്. കഴിഞ്ഞ നാലു വർഷങ്ങളായി പ്രതിമാസം 16 ലക്ഷം രൂപ ചെലവിൽ ലൈറ്റ് മെട്രോയ്ക്ക്ായി രണ്ട് ഓഫീസുകൾ പ്രവർത്തിപ്പിച്ചുവരികയായിരുന്നു ഡി എം ആർ സി കേരളത്തിൽ. പദ്ധതിയ്ക്കായി ഡി എം ആർ സിയുമായി കരാറൊപ്പിടുന്നത് വൈകിപ്പിച്ച്, ഡി എം ആർ സിയെ പദ്ധതിയിൽ നിന്നും കെട്ടുകെട്ടിക്കാനുള്ള ശ്രമം തന്നെയാണ് ഇടതു സർക്കാർ നടത്തിയതെന്ന് വ്യക്തം. ഡി എം ആർ സി ഒഴിഞ്ഞാലല്ലേ കമ്മീഷൻ വാങ്ങി, കൂടുതൽ തുകയ്ക്ക് മറ്റൊരു കരാറുകാരനെ എത്തിക്കാനാകൂ.

എൻകൗണ്ടർ കൊലപാതകങ്ങൾ പോലെ തന്നെ, ഭീകരമാണ് ഭരണകൂടം ജനതയ്ക്കു നേരെ പ്രയോഗിക്കുന്ന അധികാരത്തിന്റെ മറ്റ് ആയുധങ്ങൾ. രാമരാജ്യം സൃഷ്ടിക്കാനായാണ് നീതിരഹിതമായ വ്യാജ ഏറ്റുമുട്ടലുകൾ തങ്ങൾ നടത്തുന്നതെന്ന ഉത്തരപ്രദേശ് ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ പോലെ തന്നെ ജുഗുപ്‌സാവഹമാണ് ജനതയ്ക്കു നേരെ മറ്റ് എൻകൗണ്ടറുകൾ നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകളും പ്രവർത്തികളും. കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ പൊളിച്ചതും നാട്ടുകാവൽ ഏർപ്പാടാക്കിയതുമൊക്കെ ഈ അസഹിഷ്ണുതയുടെ ഫാസിസ്റ്റ് രീതികൾ തന്നെ. കെ കെ രമയെ വ്യക്തിഹത്യ നടത്താൻ സി പി എം നേതാക്കൾ നടത്തുന്ന നീക്കങ്ങളും സൈബർ കോമാളികൾ നടത്തുന്ന ആക്രമണങ്ങളും എൻകൗണ്ടറുകൾ തന്നെ.  അസഹിഷ്ണുതയുടെ ആഴമാണ് അവിടെ അളന്നുകുറിക്കപ്പെട്ടിരിക്കുന്നത്, ഏറ്റുമുട്ടൽ കൊലപാതകങ്ങളുടേയും ജീവവായുവില്ലാതെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റേയുമൊക്കെ മറുപടി ഉത്തരപ്രദേശിലെ ജനത യോഗി ആദിത്യനാഥിനും കേശവ് പ്രസാദ് മൗര്യയ്ക്കും അവരുടെ മണ്ധലങ്ങളിൽ തന്നെ − ഗൊരഖ്പൂരിലും ഫുൽപൂരിലും − ഉപതെരഞ്ഞെടുപ്പുകളിൽ നൽകിക്കഴിഞ്ഞിരിക്കുന്നു. മൂന്നു പതിറ്റാണ്ടോളമായി ബി ജെ പി ഭരിച്ച മണ്ധലമായിരുന്നു ആദിത്യനാഥിന്റെ ഗൊരഖ്പൂരെങ്കിൽ ഫുൽപൂരിൽ കഴിഞ്ഞ തവണ മൗര്യ നേതിയ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നിലംപരിശായത്. ജനാധിപത്യത്തിനും നീതിന്യായ സംവിധാനത്തിനും ജനത വലിയ വില കൽപിക്കുന്നുണ്ടെന്നതിന്റെ സൂചനയാണത്. അധികാരത്തിന്റെ അഹന്തയ്‌ക്കേറ്റ തിരിച്ചടിയാണത്. കായികമായ എൻകൗണ്ടർ കില്ലിങ്ങുകൾ പോലെ തന്നെ രാഷ്ട്രീയാധികാരത്തിന്റെ നീതിരഹിതമായ എൻകൗണ്ടറുകളേയും ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ് ഈ ഏറ്റുമുട്ടലുകളിലൂടെ വധിക്കപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!.

You might also like

Most Viewed