അവരുെട നാഥൻ സർവ്വത്തെയും വിജയിച്ചതായി കണ്ടു
യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രോപ്പോലീത്താ
(മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ)
ആദിമ മാതാപിതാക്കളായ ആദാമും ഹൗവ്വയും പിശാചിന്റെ പ്രേരണയാൽ പഴം പറിച്ചു തിന്നു എന്നത് ദൈവ കൽപ്പനയെ ധിക്കരിക്കൽ ആണ്. അത് ക്ഷമിക്കുവാൻ ദൈവത്തിന് കഴിയുമായിരുന്നില്ലേ. ഇത് പല ചെറുപ്പക്കാരും ചോദിക്കുന്ന ചോദ്യമാണ്. വീഴ്ചയ്ക്ക് ശേഷം മനുജകുലത്തിനുണ്ടായ പാകപ്പിഴകൾ കാണുന്പോൾ ആ വിഴ്ചയുടെ വലിപ്പം മനസിലാക്കാവുന്നതേയുള്ളൂ. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വന്ത രൂപത്തിലും സാദൃശ്യത്തിലുമാണ്. അതുകൊണ്ട് അവനിൽ അടങ്ങിയിരിക്കുന്ന കഴിവ് സീമാതീതവുമാണ്. അതിന്റെ കൂടെ അവന് ദൈവം കൊടുത്ത അധികാരവും കഴിവുമാണ് സ്വതന്ത്രമായ വിവേചനാധികാരം. വീഴ്ചയോടു കൂടി അവന്റെ വിവേചനാധികാരം തെറ്റിലേക്കുള്ള അപഥസഞ്ചാരമായി. അതിന്റെ അനന്തരഫലമാണ് ജലപ്രളയവും തുടർന്ന് ബാബേൽ കോട്ടയുടെ നിർമ്മിതിയും. അവിടെ നിന്ന് ജനത്തെ ഉദ്ധരിക്കേണ്ടതിനായിട്ടാണ് അബ്രഹാം പിതാവിനെ വിളിച്ച് വേർതിരിച്ചത്. അബ്രഹാം പിതാവിൽ നിന്ന് ഇസ്രയേലാകുന്ന സമൂഹത്തിലൂടെ അനുഗ്രഹീത വീണ്ടെടുപ്പാണ് ദൈവം ആഗ്രഹിച്ചത്. അവരുടെ വഴിപിശകുകൾ കണ്ടിട്ടാണ് പുത്രൻ തന്പുരാൻ ത്രിത്വത്തിന്റെ രണ്ടാമൻ കന്യകയിൽ നിന്നും മനുഷ്യാവതാരമെടുത്തത്.
മനുഷ്യനെങ്ങനെ ജീവിക്കണം എന്നു കാണിച്ചു തരികയെന്നത് ഈ മനുഷ്യാവതാര പദ്ധതിയിൽപ്പെട്ടതാണ്. അതിനുള്ള ഉദാഹരണമാണ് ശിഷ്യന്മാരുടെ കാൽകഴുകുന്നത്. ആരാണ് വലുതെന്ന് അവരുടെയിടയിലെ തർക്കവുമായിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് അവരുടെ കാൽ കഴുകുന്നത്. തിയറിയും പ്രാക്ടിക്കലും അതിൽ തന്നെയുണ്ട്. തന്നെ ദ്രോഹിക്കുന്നവരെയും വഞ്ചിക്കുന്നവരെയും എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് ഒറ്റിക്കൊടുത്ത യൂദായോടുള്ള സമീപനത്തിൽ നമുക്ക് കാണാം. അവൻ ചെയ്യാൻ പോകുന്നതെന്തെന്ന് നേരത്തെ അറിയാമായിരുന്നിട്ടും അവനോട് വിദ്വേഷം കാണിക്കുന്നില്ല. പത്രോസ് ശ്ലീഹാ തള്ളി പറയുമെന്നറിയാമായിരുന്നു. മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നിട്ടും അവനോട് അപ്രിയം കാണിക്കുന്നില്ല. ഇങ്ങനെ അനവധി ജീവിത സന്ദർഭങ്ങളെ തന്റെ ജീവിതത്തിലൂെട കാട്ടിത്തരുന്നുണ്ട്. ഇതിനെല്ലാമുപരിയാണ് വിസ്താര സമയത്തെയും ക്രൂശിലെ പീഡാനുഭവത്തിനായും 14 മണിക്കൂർ നേരിടേണ്ടി വന്നിട്ടും ഏഴു മൊഴികളൊഴിച്ച് മറ്റൊന്നും പറയുന്നതായി കാണുന്നില്ല. ആ മൗനം യഥാർത്ഥത്തിൽ നമുക്ക് പാഠം ആണ്. എന്നാൽ ചിലർക്ക് അത് ഭോഷത്വമായി തോന്നിയേക്കാം. മൂന്നാം ദിവസത്തെ ഒഴിഞ്ഞ കല്ലറ അതിനു മറുപടിയാണ്.
എങ്ങനെ മനുഷ്യൻ മനുഷ്യനായി ജീവിക്കണമെന്ന് പറഞ്ഞ് പഠിപ്പിച്ച് ജീവിതത്തിൽ കഷ്ടതയനുഭവിച്ച് മനുഷ്യത്വത്തെയും ഉത്ഥാനം ചെയ്യിപ്പിച്ച് പിതാവിന്റെ വലതുഭാഗത്തേയ്ക്ക് കയറ്റുകയായിരുന്നു. ഏറ്റവും വലിയ സ്വാതന്ത്ര്യത്തിന്റെ മണിമുഴക്കമാണ് ഉയിർപ്പിൽ നാം കാണുന്നത്. സാത്താനെ തോൽപ്പിച്ച് മരണത്തിന്റെ കോട്ടകളെ തകർത്ത് മനുഷ്യജാതിക്ക് ഒരു പുതു ചരിത്രം കുറിക്കുകയായിരുന്നു. ആ സ്വാതന്ത്ര്യം നമുക്ക് ദൈവാശ്രയത്തോടെ ഉപയോഗിക്കാം. വീണ്ടും വിവേചനാധികാരം ഉപയോഗിച്ച് മനുഷ്യൻ തെറ്റിലേയ്ക്ക് വീഴുകയും സാത്താനടിമയാവുകയും സമൂഹത്തിന് ഹാനികരമായി ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ അത് സ്രഷ്ടാവിന്റെ കുറ്റമല്ല. മനുഷ്യന് എന്തു മാത്രം സാധ്യതകളും കഴിവുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നുവല്ലോ അന്തരിച്ച ശ്രേഷ്ഠശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതം.
ധനമോഹത്തിലും സ്ഥാനമോഹത്തിലും കൂടാതെ ലഹരിയുടെ വിവിധ സന്താനങ്ങളായ വഴിവിട്ട ജീവിതങ്ങളിലും ആസക്തരാകാൻ മനുഷ്യൻ ശ്രമിക്കുന്നത് ഏദനിലെ വീഴ്ചയുടെ പുനരാവർത്തനമാണ്. അത് അതിജീവിക്കുണമെന്ന് തന്റെ പരസ്യ ശുശ്രൂഷയുടെ തുടക്കത്തിൽ ക്രിസ്തു കാണിച്ചു തന്നിരുന്നു. അതിന് കഴിയുന്നവനാണ് യഥാർത്ഥ ഈശ്വരവിശ്വാസി. അങ്ങനെയുള്ളവരാണ് ഉയിർപ്പിന്റെ സന്ദേശം പേറുന്നതും ക്രിസ്തുവിന്റെ യഥാർത്ഥജീവിതാനുകാരികളും. അബലകളായ സ്ത്രീകൾക്ക് കല്ലറയ്ക്കലെ കല്ല് ഉരുട്ടി മാറ്റുകയെന്നത് ഒരു പ്രഹേളികയായിരുന്നു. പക്ഷേ അത് മാറ്റപ്പെടുക മാത്രമല്ല അവരുെട നാഥൻ സർവ്വത്തെയും വിജയിച്ചതായി കാണുകയും ചെയ്തു. അവർ തങ്ങളുടെ കാൽച്ചുവടുകൾ മുന്പോട്ട് വെയ്ക്കുകയാണ് ചെയ്തത്. ഏതൊരു വിശ്വാസിയും ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതാണ്. നമ്മുടെ മുന്പിലെ തടസങ്ങൾ അവൻ നീക്കിയിരിക്കും. ഏവർക്കും പുനരുത്ഥിതന്റെ സാമീപ്യം പ്രത്യാശ പകരട്ടെ, ദൈവമനുഗ്രഹിക്കട്ടെ.