നമുക്ക് ജാതിയില്ല പക്ഷേ...
ഇ.പി അനിൽ
epanil@gmail.com
ഇന്ത്യയുടെ ശാപം ചാതുർവർണ്യവും കേരളത്തിന്‍റെ രോഗം തൊട്ടു കൂടായ്മയും ആയിരുന്നു എന്ന് ചരിത്രത്തിൽ നിന്നു വായിക്കാം. ജാതി−ജന്മി−നാടുവാഴിത്തം എന്ന സാമൂഹിക അവസ്ഥ (സാംസ്ക്കാരികമായി ജാതി, സാന്പത്തികമായി ജന്മി, രാഷ്ട്രീയമായി നാടുവാഴി) തകർക്കപ്പെടുകയും മുതലാളിത്ത വ്യവസ്ഥിതിയിലൂടെ കേരളം ചലിക്കുവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു എങ്കിലും ജാതി/മത ബോധം പുതിയ രൂപത്തിൽ ഇവിടെ നിലനിൽക്കുകയാണ്. പ്രണയ വിവാഹത്തിന്‍റെ പേരിൽ മകളെ കൊലപ്പെടുത്തിയ സംഭവം കേവലം ഒറ്റപ്പെട്ട സംഭമായിരിക്കാമെങ്കിലും സംഭവത്തെ ലളിതവൽക്കരിച്ച് കൈഒഴിയാവുന്ന അവസ്ഥയിലല്ല ഇന്നത്തെ നമ്മുടെ നാട്.
രാജ്യത്തെ നവോത്ഥാന മുന്നേറ്റങ്ങളിൽ തിരുവുള്ളവരടക്കമുള്ള പ്രധാനപ്പെട്ടവർ നേതൃത്വം കൊടുത്ത ഭക്തി പ്രസ്ഥാനം, ബസവണ്ണയുടെ ലിംഗായത മതം, മറാട്ടയിലെ ഫൂലെയും അനുയായികളും എല്ലാം അനാചാരങ്ങളെ ചോദ്യം ചെയ്തു. രാജാറാം മോഹൻ റോയ് ബംഗാളിൽ സാമൂഹിക പരിഷ്കരണത്തിന് തുടക്കം കുറിച്ചു. കബീറും തുക്കാറാമും മാനവികതയുടെ പ്രാധാന്യത്തെ ഉണർത്തുവാൻ പ്രയത്നിച്ചു. സമാനമായ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങൾ വൈകിയാണ് എങ്കിലും കേരളത്തിൽ വൈകുണ്ഠ സ്വാമികളിലൂടെ തുടക്കം കുറിച്ചു.
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്കു നേതൃത്വം കൊടുത്തവരിൽ പ്രമുഖർ എല്ലാവരും തന്നെ സാമൂഹികമായ അടിച്ചമർത്തിയ വർഗ്ഗത്തിൽ നിന്നുള്ളവർ ആയിരുന്നു എന്ന പ്രത്യേകതകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ അടിമുടി മാറ്റങ്ങളുണ്ടാക്കി. നേതാക്കളുടെ പ്രവർത്തനങ്ങൾ സാംസ്കാരിക രംഗത്തും വിശ്വാസത്തിനും അപ്പുറം സംഘടന, അവകാശങ്ങൾ, ശാസ്ത്രബോധം മുതലായ വിഷയങ്ങളിലും സ്വാധീനം ചെലുത്തി. മുന്നോക്ക സമുദായത്തിലും അവരുടെ ഇടയിലെ അനാചാരങ്ങളെ ചൂണ്ടികാട്ടി പൊളിച്ചെഴുത്തുകൾ നടത്തുവാൻ ശ്രമങ്ങൾ നടന്നു. അവയുടെ തുടർച്ചയായി അവകാശ സമരങ്ങൾ ഉയർന്നു. യുക്തിവാദം, സ്വതന്ത്ര്യ സമരം, കമ്യുണിസ്റ്റ് പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങൾ കേരളത്തിന്‍റെ സാമൂഹിക രംഗത്തെ പൊളിച്ചെഴുതി. അതിലെ ചലനങ്ങൾ കലാസാംസ്ക്കാരിക രംഗത്ത് പുതിയ പ്രവണതകൾ ഉണ്ടാക്കിയെടുത്തു. രാഷ്ട്രീയ രംഗത്ത് ഇത്തരം മാറ്റങ്ങൾ പ്രതിഫലിച്ചു. അത് കമ്യൂണിസ്റ്റു പാർട്ടിയെ അധികാരത്തിലെത്തിച്ചു. 1855 മുതൽ 1957 വരെയുള്ള കേരളം പുരോഗമന ആശയങ്ങളുടെ വിവിധ കുതിപ്പുകൾ പ്രകടിപ്പിച്ചപ്പോൾ 1959 മുതൽ ഇങ്ങോട്ടുള്ള കാലം തിരിച്ചടികളുടേതായിരുന്നു എന്ന് കാണാം. 1990നു ശേഷം തിരിച്ചടികളുടെ ആക്കം വർദ്ധിച്ചു. മൂല്യച്യുതികൾ നമ്മുടെ നേതാക്കന്മാർക്ക് ഉണ്ടായതായി(മത-രാഷ്ട്രീയ-ഉദ്യോഗസ്ഥ) ഏവരും സമ്മതിക്കും. നമ്മുടെ ജീവിതത്തിലും അവ വളരെ പ്രകടമാണ് എന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. സ്വന്തം ജാതി/മത ബോധത്തെ പഴയതിലും കൂടുതൽ ശക്തമായി കൊണ്ടുനടക്കുവാൻ ഇഷ്ടപ്പെടുന്നവരായി നമ്മളിൽ പലരും മാറിയിട്ടുണ്ട്. മത ബന്ധിയായ ചടങ്ങുകൾ ശക്തി പ്രാപിച്ചു. ദേവാലയങ്ങൾ കേവല വിശ്വാസത്തിനപ്പുറം അതിനെ മൂർച്ച കൂട്ടുവാൻ സഹായിക്കുന്ന ആലകൾ ആയി പ്രവർത്തിച്ചു തുടങ്ങി.വീടുകൾ ജാതി−മത വിശ്വാസങ്ങളെ (വിവേചനങ്ങളെ) വളർത്തി എടുക്കുവാനുള്ള ബ്രീഡിംഗ് കേന്ദ്രങ്ങളാകുകയാണ്. പുരോഗമന മുഖമുദ്രയുള്ളവർ പോലും തങ്ങളുടെ മൂട് പടങ്ങൾ അഴിച്ചു വെച്ച്, ജാതി−മതബന്ധിതമായ ചടങ്ങുകളെ തങ്ങളുടെ വീടുകളിലും (പലപ്പോഴും പൊതു ഇടങ്ങളിലും) പ്രോത്സാഹിപ്പിക്കുന്നതിൽ വിമുഖരല്ലാതായി. ഇത്തരം നിലപാടുകൾ സമൂഹത്തെ കൂടുതൽ ജാതി−മത ബന്ധിതമാക്കികൊണ്ടിരിക്കുന്നു. അതിന്‍റെ സ്വാധീനം രാഷ്ടീയത്തിൽ പ്രകടമാണ്. മത ബോധം ജനങ്ങളെ ജീവിത മൂല്യങ്ങളോട് കൂടുതൽ അടിപ്പിക്കും എന്ന ധാരണക്ക് പകരം അവരെ കൂടുതൽ സ്വകാര്യതയിലെത്തിക്കുന്നു എന്നു കാണാം. (ദൈവ വിശ്വാസത്തിന്‍റെ ലക്ഷ്യം, തന്നെപറ്റിയുള്ള വേവലാതികൾ ആണെന്നിരിക്കെ സ്വാർത്ഥ ചിന്തകൾ വളരുവാനുള്ള അവസരങ്ങൾ ഇതുവഴി കൂടുകയാണ്.) കേരളത്തിന്‍റെ പൊതു മണ്ധലം ഇന്നനുഭവിക്കുന്ന വിഭാഗീയത, വർഗ്ഗീയ ബോധം, അന്തവിശ്വാസം, അസഹിഷ്ണത, ചൂതാട്ട സ്വാധീനം അതിന്‍റെ ഒക്കെ ഭാഗമായ രാഷ്ടീയത്തിലെ അപചയം നാടിനെ പിന്നോട്ടടിക്കുന്നു. കേരളത്തിലുണ്ടായ വിപ്ലവകരമായ സാമൂഹിക− രാഷ്ടീയ പരിഷ്ക്കരണത്തിൽ നിന്നും നാട് അകലുന്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ശ്രദ്ധേയമായ കുതിപ്പുകൾ ഉണ്ടായിട്ടില്ല എന്നതിനാൽ അവിടുത്തെ തിരിച്ചടികൾക്ക് അത്രകണ്ട് സാമൂഹിക ച്യുതി ഉണ്ടാക്കുവാൻ ശേഷിയില്ല എന്ന് കാണാം.
ജന്മിത്തം (ഫ്യുഡൽ) പ്രകടമായിട്ടുള്ള ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ, ജാതികൾ തമ്മിൽ ഇന്നും അകലം പാലിക്കുന്നു. ഉപരി ജാതിക്കാരുടെ വിവിധ പണികൾ ചെയ്യുവാൻ യോഗ്യരായ ഓരോ സമുദായത്തെയും അവർ പഴയ കാലത്തേപോലെ നിലനിർത്തുവാൻ ഇഷ്ടപ്പെടുന്നു. രാജ്യത്ത് തോട്ടിപണികൾ നിരോധിച്ചു എങ്കിലും അഹമ്മദാബാദ് പോലെയുള്ള നഗരങ്ങളിൽ പോലും തോട്ടിപണി ചെയ്യുവാൻ അർഹതപ്പെട്ടവരായി ഹിന്ദു മതം കരുതുന്ന വാൽമീഗി സമുദായം ആ പണികൾ ചെയ്യുവാൻ നിർബന്ധിതമാണ്. ചാതുർവർണ്യം എന്നത് ദൈവികമാണ് എന്ന് ഭഗവത്ഗീത പറയുന്പോൾ ഇന്നും ഇന്ത്യയിലെ പരന്പരാഗത തൊഴിൽ രംഗത്തെ നിയന്ത്രിക്കുന്നത് വ്യത്യസ്ഥ ജാതി ബോധമാണ്. ജാതികൾ തമ്മിലുള്ള ഉച്ച നീചത്വം വളരെ പ്രകടമാണ്. അത് സങ്കർഷങ്ങളിൽ എത്തുന്ന അവസരങ്ങൾ ഉണ്ടാകുന്നുണ്ട്. മതങ്ങൾ തമ്മിൽ കലാപങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണവും ഇതേ സവർണ്ണ മത ബോധമാണ്. രാജ്യത്ത് ഉണ്ടായിട്ടുള്ള കലാപങ്ങളുടെ ഇരകളായതിൽ മുസ്ലിങ്ങൾ മുന്നിലാണ്. അവരെ ആക്രമിക്കുവാൻ മുന്നിൽ എന്നും മുന്നോക്കക്കാർ തന്നെയായത് എന്തുകൊണ്ടാണ്? സവർണ്ണ ജാതി ബോധം കൊണ്ടാടുന്ന ശ്രേഷ്ടസ്ഥാനത്തെ ആരെയും ആക്രമിക്കുവാനുള്ള അവകാശമായി അവർ മനസ്സിലാക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല.
തമിഴ്നാട്ടിൽ വളർന്നു കൊണ്ടിരുന്ന കമ്യുണിസ്റ്റ് പാർട്ടി (പ്രത്യേകിച്ചും) ഗ്രാമങ്ങളിൽ കർഷകരെ (തൊഴിലാളികളെ) സംഘടിപ്പിക്കുവാൻ നിരവധി സമരങ്ങൾ നടത്തിവന്നു. തമിഴ്‌നാട്ടിൽ വലിയ തരത്തിൽ ജാതി വിരുദ്ധവും യുക്തിവാദപരവുമായ ദ്രാവിഡ മുന്നേറ്റങ്ങൾ നടന്നതായി ചരിത്രത്തിൽ നിന്നും വായിക്കാം. അത്തരം സമരങ്ങളിലൂടെ യുക്തിവാദികൾ നേതൃത്വം കൊടുക്കുന്ന മന്ത്രിസഭകൾ ഉണ്ടായി. (ദ്രാവിഡ മന്ത്രിസഭകൾ). കർഷക തൊഴിലിൽ ഏർപ്പെട്ട് വന്ന പട്ടിക ജാതി വിഭാഗങ്ങളെ അസ്പ്രിശ്യരായി കാണുവാൻ ഭൂഉടമകൾ ആയ സമുദായങ്ങൾ ശ്രമിച്ചുവന്നു. കർഷക തൊഴിലാളികളെ സംഘടിപ്പിക്കുവാൻ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ശ്രമത്തിന്‍റെ ഭാഗമായി കീഴ്്വേൽ മുറിയിൽ നടന്ന കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടത്തെ മേൽ ജാതിക്കാർ ദളിതന്‍റെ അഹങ്കാരമായി കാണുവാനാണ് മുതിർന്നത്.അതിന്‍റെ ഭാഗമായി കൂലി കൂടുതലിനായി സമരം ചെയ്ത കർഷക തൊഴിലാളികളെ കൂട്ടകൊല നടത്തുവാൻ സവർണ്ണർ തയ്യാറായി. കുട്ടികളും അമ്മമാരും അടക്കം 50 നടത്ത് ആളുകൾ കൊലചെയ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടന്ന സംഘർഷത്തിൽ ഒന്ന് ദളിത് സമൂഹം ഇസ്ലാം മതം സ്വീകരിച്ചതിനെതിരെ നടന്നതായിരുന്നു. അവിടെയും ആക്രമണം ഉണ്ടായത് സവർണ്ണ മത നേതാക്കളുടെ നിർദേശപ്രകാരമാണ്. തമിഴ്നാട്ടിൽ ശക്തമായിരുന്ന ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയം 1975 നുശേഷം ക്ഷയിച്ചതും ശ്രീ MGR മുതലുള്ളവർ വിശ്വാസങ്ങളുമായി അടുത്ത് നിൽക്കുവാൻ ശ്രമിച്ചതും ജാതി−മത സ്പർദ്ധകൾ മടങ്ങിവരുവാൻ ഇടനൽകി. (കരുണാനിധി എന്ന പെരിയോർ വാദി പോലും രാഷ്ട്രീയ ഒത്തു തീർപ്പുകൾക്ക് അവസരങ്ങൾ ഉണ്ടാക്കി). രാഷ്ട്രീയ രംഗത്തെ മൂല്യബോധത്തിൽ ഉണ്ടായ തിരിച്ചടികൾ ജാതിരഹിത വിവാഹം നടത്തിയവരെ കൊലപ്പെടുത്തുന്ന രീതികളിലേയ്ക്ക് വിഷയങ്ങളെ എത്തിച്ചു. തങ്ങളുടെ സമുദായത്തിലെ പെൺകുട്ടി ദളിത് സമുദായത്തിൽ നിന്നുള്ള ഒരാളെ തിരഞ്ഞെടുത്തതിൽ പ്രതിക്ഷേധിച്ച്, സമുദായത്തിനെതിരെ പോലും യുദ്ധം പ്രഖ്യാപിക്കുവാൻ തയ്യാറായ സംഭവങ്ങൾ, ജാതി ഗ്രാമങ്ങളെ തമ്മിൽ വേർതിരിക്കുന്ന മതിലുകൾ, ഹോട്ടലുകളിൽ ദളിതർക്കും മറ്റും പ്രത്യേകം ഭക്ഷണ പാത്രം, ഉത്സവങ്ങളിൽ പല ചടങ്ങുകളിലും പങ്കെടുക്കുവാൻ അനുവദിക്കാത്ത അവസ്ഥ ഒക്കെ ഇന്നും തമിഴ്‌നാട്ടിൽ സംഭവിക്കുന്നുണ്ട്.
വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ പഴയകാല ജാതി ഗ്രാമങ്ങൾ ആയി ഇന്നും തുടരുന്നതായി കാണാം. കർണ്ണാടകയും ആന്ധ്രാപ്രദേശവും മറാട്ടയും മറ്റും വ്യതസ്തമല്ല. ഹരിയാന, യു.പി, രാജസ്ഥാൻ, ഗുജറാത്ത് മുതലായ സംസ്ഥാനത്തെ ജാതി ഗ്രാമങ്ങളിൽ ഖാപ്പ് പഞ്ചായത്തുകൾ കാര്യങ്ങൾ തീരുമാനിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ പോലും കൈകടത്തി അവരെ ശിക്ഷിക്കുവാൻ അവകാശമുണ്ട് എന്ന് ധരിച്ചു വെച്ച ഖാപ്പ് പഞ്ചായത്തുകൾ, അന്യ ജാതി/മത വിവാഹം നടത്തുവാൻ ശ്രമിച്ചവരെ കൊലപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായി. കുടുംബങ്ങളെ ഭ്രഷ്ട് കൽപ്പിക്കുന്നു. ത്രിതല പഞ്ചായത്തുകളെ പ്രവർത്തിക്കുവാൻ അനുവദിക്കുന്നില്ല. പഞ്ചായത്തിലെ സംവരണത്തെ അംഗീകരിക്കാതെ, സ്ത്രീകൾ നേതൃത്വത്തിൽ എത്തുന്നതിനെ പരസ്യമായി തള്ളിപറയുവാൻ മടിക്കുന്നില്ല. ഇത്തരം ചെയ്തികളെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിക്കുകയും പ്രായപൂർത്തിയായവരുടെ വിവാഹ അവകാശങ്ങളിൽ ഇടപെടുവാൻ ഇത്തരം സംവിധാനങ്ങളെ അനുവദിക്കരുത് എന്നും വിധി പുറപ്പെടുവിച്ചു. വിവാഹം ചെയ്യുന്ന വ്യക്തികൾക്ക് സ്വതന്ത്രമായി ജീവിക്കുവാൻ ഒരു വർഷം വരെയെങ്കിലും ഇടം ഉണ്ടാക്കി കൊടുക്കുവാൻ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ നിരോധനാജ്ഞ നടപ്പിൽ കൊണ്ടുവന്നും ഖാപ്പ് പഞ്ചായത്തുകളെ അധികാര കേന്ദ്രങ്ങൾ അല്ലാതെയാക്കണമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. രാജ്യത്തെ ജാതി−മത സംഘനകൾ നിയമത്തെ കൈയ്യിൽ എടുക്കുന്ന പഴയ കാല ജന്മിത്ത രീതികൾ തുടരുവാൻ ജനാധിപത്യസംവിധാനം അനുവദിക്കില്ല എന്നാണ് ഇവിടെ കോടതി വ്യക്തമാക്കിയത്.
ജാതി സംഘടനകൾ നാട്ടിൽ പഴയ കാലത്തേക്കാൾ ശക്തമായി പ്രവർത്തിക്കുന്നതായി കാണാം. നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുന്നിൽ നിന്ന എസ്എൻഡിപി, നായർ ജാതിയിലെ വിഭാഗീയതയ്ക്കും ബ്രാഹ്മണ മേൽക്കോയ്മക്കും എതിരായി പ്രവർത്തിച്ച എൻഎസ്എസ്, കേരള പുലയ മഹാസഭ മുതലായ സംഘടനകൾ, അവർ ഉയർത്തിപ്പിടിച്ച (ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്തെ) ആശയങ്ങളിൽ നിന്നും വ്യതിചലിക്കുകയും ഒപ്പം സാന്പത്തിക ലാഭത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേർന്നു. വിവിധ ജാതി സംഘടനകൾ സാമൂഹിക വിഷയങ്ങളെ ജാതീയമായ വിലപേശലിലൂടെ പരിഹരിക്കുന്നതിൽ തെറ്റില്ല എന്നു വിലയിരുത്തുന്നു. സമൂഹത്തിലെ പൊതു പ്രശ്നങ്ങളായ പരിസ്ഥിതി നാശം, തൊഴിൽ രാഹിത്യം, കാർഷിക പ്രതിസന്ധി, വിദ്യാഭ്യസ കച്ചവടം മുതലായ പ്രശ്നങ്ങളിൽ നിന്നു മാറി നിൽക്കുവാനാണ് സംഘടന ഇഷ്ടപെടുന്നത്. അതേസമയം ജാതി/മത ചടങ്ങുകളെ കൂടുതൽ ചിട്ടയിലാക്കുവാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിൽ പലതും ഇവരുടെ പൂർവ്വികർ തള്ളിക്കളഞ്ഞതാണ് എന്നു പോലും മറക്കുകയാണ്. മുൻ കാലത്ത് മതനിരപേക്ഷ ജീവിതം നയിച്ചവരും പുരോഗമന പ്രസ്ഥാനത്തിൽ അണിചേർന്നവരും ജാതി/മത സംഘടനകളുടെ ഭാഗമാകുന്നതോടെ അവർ മതനിരപേക്ഷ രാഷ്ട്രീയത്തെ കൈ വെടിയുന്നതായി കാണാം. ഇത്തരം പ്രവണതകൾ ഫലത്തിൽ ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സഹായിക്കുന്നുണ്ട്. ദളിത് രംഗത്തെ സ്വത്വ രാഷ്ട്രീയം യഥാർത്ഥത്തിൽ സവർണ്ണ ജാതി വിരുദ്ധമാകാതെ പ്രവർത്തിക്കുവാൻ കഴിയില്ല. അവർക്ക് ഭൂമിക്കും മറ്റവകാശങ്ങൾക്കുമായി നടത്തുന്ന പോരാട്ടങ്ങളിൽ തൊഴിലാളി വർഗ്ഗരാഷ്ട്രീയവുമായി ഒത്തുചേരാതെ എങ്ങനെയാണു മുന്നോട്ട് പോകുവാൻ കഴിയുക. എന്നാൽ കേരളത്തിൽ പലപ്പോഴും ദളിത് രാഷ്ട്രീയത്തെ എതിർ ചേരിയിൽ നിർത്തുവാനാണ് കമ്യൂണിസ്റ്റു പാർട്ടികൾ ശ്രമിച്ചത്. കമ്യൂണിസ്റ്റുകളെ ശത്രുവായി കാണുവാൻ ദളിത് സ്വത്വ രാഷ്ട്രീയവും മടിക്കുന്നില്ല. ഫലത്തിൽ കേരളത്തിലെ രാഷ്ട്രീയ സമരങ്ങൾ നിർജ്ജീവമാകുകയും പകരം ജാതി/മത വിലപേശലുകൾ ശക്തി നേടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കേരളം നേടിയ ഏറ്റവും വലിയ രാഷ്ട്രീയ വിജയം ജാതിക്കും മതത്തിനും അതീതമായ ഒരു ലോകത്തേക്ക് ഭൂരിപക്ഷം ആളുകളെയും എത്തിക്കുവാൻ കഴിഞ്ഞു എന്നതാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുതന്നെ മതമേതായാലും മനുഷ്യൻ നന്നാകട്ടെ എന്ന മതത്തെ അപ്രാധനമാക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. അദ്ധേഹത്തിന്‍റെ ശിഷ്യൻ സഹോദരൻ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്, വേണം ധർമ്മം എന്നാണ് (യഥോചിതം) തിരുത്തി പറഞ്ഞത്. അവർക്ക് ഒപ്പം കുമാര ഗുരുക്കൾ ബൈബിൾ തന്നെ കത്തിക്കുന്നതിൽ ഞങ്ങൾക്ക് മടിയില്ല എന്ന് വ്യക്തമാക്കി. ഇത്തരം ചലനങ്ങൾ ഉണ്ടാകുന്നതിനു മുന്‍പ് മക്തി തങ്ങൾ സ്വസമുദായത്തിൽ നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ചു. ജാതി ശ്രേണിയിലെ ഉയർന്ന വിഭാഗത്തിൽ നിന്നും കലാപങ്ങൾ ഉണ്ടായി. എന്നാൽ ഇവരെ ഒക്കെ മറന്നുകൊണ്ട് വിഭാഗീയവും മൂലധന താൽപര്യങ്ങളെ പരിഗണിക്കുന്ന മുദ്രാവാക്യങ്ങളിലേക്ക് കാര്യങ്ങൾ ചുരുങ്ങി.
കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗം ഒരേ സമയം വ്യക്തിപരമായ ഇടങ്ങളിൽ ജാതി/മത ബോധം സൂക്ഷിക്കുകയും പൊതു ഇടങ്ങളിൽ മത നിരപേക്ഷ നിലപാടുകൾ എടുക്കുകയും ചെയ്യുന്നു. കേരളത്തിന്‍റെ വികസനത്തിൽ വേണ്ട ഇടം ലഭിക്കാത്ത ആദിവാസികൾ, ദളിത് വിഭാഗത്തെ മുഖ്യ ധാരയിൽ നിന്നും പുറത്തു നിർത്തുവാൻ മറ്റു ജാതി മതങ്ങൾ മടിക്കുന്നില്ല. ഇതു വഴി പുരോഗമന പ്രസ്ഥാനങ്ങളുടെ ആശയവാഹകർ പോലും അവരുടെ മതേതര ഇടങ്ങളിൽ ദളിത് അംഗങ്ങളെ ഒഴിവാക്കുന്നതായി മനസിലാക്കാം. ദളിത് വിഭാഗം സംവരണം ഒഴിച്ചുള്ള രംഗത്ത് അനുഭവിക്കുന്ന പിന്നോക്കാവസ്ഥ കേരളത്തിലും പ്രകടമാണ്.
ഇന്ത്യയിൽ ഏറ്റവും അധികം ജാതി−മത നിരപേക്ഷ വിവാഹം നടക്കുന്ന സംസ്ഥാനങ്ങളിൽ ഗോവയും കേരളവും മുന്നിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽപെട്ട ഹരിയാന, പഞ്ചാബ് മുതലായ സംസ്ഥാങ്ങളുടെ നഗരങ്ങളിൽ വിദ്യാസന്പന്നരുടെ ഇടയിൽ ജാതി−മത രഹിത വിവാഹങ്ങൾ വർദ്‍ധിച്ചു വരുന്നു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഭേദപ്പെട്ട ജീവിത അവസ്ഥകളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവമാണ് തമിഴ്നാട്ടിൽ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അവിടെ നടക്കുന്ന പുരോഗമന വിവാഹങ്ങളുടെ തോത് ഗോത്ര വർഗ്ഗങ്ങൾക്ക് സ്വാധീനം കൂടുതലുള്ള നാഗാലാൻഡ്, മിസ്സോറാം പോലെയുള്ള സംസ്ഥാനത്തെ പോലെ കുറവാണ് (ഗോവയിലും കേരളത്തിലും 20%ത്തിലധികവും തമിഴ്നാട്ടിൽ രണ്ടു ശതമാനത്തിനു മുകളിലും മാത്രം). തമിഴ്നാട്ടിലെ ജാതികൾ തമ്മിൽ വളർന്നു വരുന്ന അകലം യുവ തലമുറയിൽ പോലും ജാതി ബോധം വളർത്തുകയാണ്.
കേരളത്തിൽ ഒരു കാലത്ത് പ്രണയ വിവാഹങ്ങൾ ഒരാഘോഷം പോലെ കരുതി വന്നു. ഒപ്പം തന്നെ പുരോഗമന പ്രസ്ഥാനത്തിലെ ആളുകൾക്ക് മത നിരപേക്ഷ വിവാഹം മത വിശ്വാസത്തെ വെല്ലുവിളിക്കുവാനും മതരഹിത ലോക സൃഷ്ടിക്കുള്ള ഉപാധിയായും കണ്ടു പ്രോത്സാഹിപ്പിക്കുന്ന രീതികൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നു പല നേതാക്കൾകൂടി സ്വ സമുദായ വിവാഹത്തെ പരിഗണിക്കുകയും ചടങ്ങുകളിൽ അർത്ഥം കണ്ടെത്തുകയും ചെയ്യുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള കണ്ണൂരിൽ ജാതി−മത രഹിത വിവാഹങ്ങൾ ഏറ്റവും കുറവ് നടക്കുന്നതിനുള്ള കാരണം എന്തായിരിക്കും? ദളിത് സമുദായത്തിൽ ജനിച്ച കാമുകനൊപ്പം ജീവിക്കുവാൻ ആഗ്രഹിച്ച ആതിരയെ കുത്തി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അച്ഛൻ ജീവിച്ചു വന്ന സമുദായത്തിന്‍റെ ആചാര്യൻ നടത്തിയ “തനിക്ക് ജാതിയില്ല”എന്ന പ്രഖ്യാപനത്തിന്‍റെ നൂറാം വാർഷികം കൊണ്ടാടുന്ന ഈ കാലത്ത് സംഭവിച്ച കൊലപാതകം ഒട്ടേറെ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കുന്നുണ്ട്...