അഴകിയ രാവണൻ--2
വി.ആർ സത്യദേവ്
രണ്ടാഴ്ച മുന്പ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരസ്ത്രീബന്ധ വാർത്തയുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ച ചെയ്തത് മുൻ പ്രസിഡണ്ട് ബിൽ ക്ലിൻ്റന്റെ വീര സാഹസങ്ങളായിരുന്നു. മോണിക്ക ല്യൂൻസ്കിക്കുമപ്പുറം നിരവധി സ്ത്രീകളുമായി ചേർത്തും ക്ലിന്റനെക്കുറിച്ച് അരുതായ്മകളുടെ കഥകളുണ്ടെന്ന് ഇന്നു നമുക്കറിയാം. എന്നാൽ പ്രസിഡണ്ട് ട്രംപിനു മുന്നിൽ ക്ലിൻ്റൺ അതി നിസ്സാരനാണ് എന്നതാണ് വാസ്തവം. ക്ലിൻ്റനെക്കുറിച്ചു നമ്മൾ കേട്ട കഥകളിലുള്ളത് വിരലിലെണ്ണാവുന്ന വനിതാ രത്നങ്ങളാണ്. ട്രംപിന്റെ കാര്യത്തിലാണെങ്കിൽ കൈകളിലെയും പോരാഞ്ഞ് കാലുകളിലെയും വിരലുകളെണ്ണിയാലും ചെങ്ങായിമാരുടെ എണ്ണം തീരില്ല.
ചുരുക്കിപ്പറയാൻ മോഹൻലാൽ ചിത്രമായ പുലിമുരുകനിലെ ഹിറ്റ് ഡയലോഗ് കടമെടുക്കുന്നതാണ് ഉത്തമം. “കേട്ടറിവിനേക്കാൾ വലുതാണ് ട്രംപെന്ന സത്യം”. സ്റ്റോമി ഡാനിയേൽസെന്ന രതിചിത്ര നായികയുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. പത്തുകൊല്ലം മുന്പ് ട്രംപുമായി താൻ ബന്ധം പുലർത്തിയിരുന്നുവെന്ന് സ്റ്റോമിയുടെ അവകാശവാദത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ വിവാദങ്ങൾ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് 2016ൽ ട്രംപിന്റെ അഭിഭാഷകനായ മൈക്കേൽ കോഹൻ, ഈ വിവരം പുറത്തു പറയാതിരിക്കാൻ ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളർ സ്വന്തം കന്പനിയുടെ അക്കൗണ്ടിൽ നിന്നും സ്റ്റോമിക്കു മൽകി കേസൊതുക്കി എന്നും വാർത്തകൾ പുറത്തുവന്നു. ഇങ്ങനെ കാശുകൊടുത്തുള്ള കേസൊതുക്കൽ വേളകളിൽ വിവരം രഹസ്യമാക്കി സൂക്ഷിക്കും എന്നുറപ്പു നൽകിക്കൊണ്ട് ഉടന്പടി ഒപ്പിടുന്ന രീതി അമേരിക്കയിൽ നിലവിലുണ്ട്. ഹഷ് എഗ്രിമെന്റെന്നാണ് ഈ നാറ്റക്കേസൊതുക്കൽ എഗ്രിമെൻ്റിന്റെ ഓമനപ്പേര്. കാശുകൊടുത്ത് കേസൊതുക്കിയതിനാൽ നാട്ടു നടപ്പനുസരിച്ച് സ്റ്റോമി മൗനം പാലിക്കേണ്ടതാണ്. മാനമുള്ളവർക്കല്ലേ മൗനം എന്ന കാര്യം ട്രംപ് പക്ഷക്കാർ ചിന്തിച്ചില്ല. അതിന്റെ ഫലം ഇപ്പോൾ ട്രംപും കൂട്ടരും അനുഭവിക്കുകയാണ്.
രഹസ്യമാക്കി വെയ്ക്കേണ്ട വിവരങ്ങളെല്ലാം ഇപ്പോൾ നാട്ടിൽ പാട്ടാക്കുന്ന തിരക്കിലാണ് സ്റ്റോമിയും കൂട്ടാളികളും. രതിചിത്ര നായികയ്ക്ക് എന്തു നാണം, എന്തു മാനം എന്ന വലിയ ചോദ്യം പരസ്പരം ചോദിച്ച് അന്തം വിട്ടിരിക്കുകയാണ് ട്രംപ് പക്ഷം. കാശുതന്നെങ്കിലും വായടയ്ക്കാനുള്ള ഹഷ് എഗ്രിമെൻ്റ് താൻ ഒപ്പിട്ടിട്ടില്ല എന്നതാണ് സ്റ്റോമി ഇതിനു പറയുന്ന ന്യായം. കാശുകൊടുത്ത് എല്ലാം സെറ്റിലാക്കിയെന്ന ആശ്വാസത്തിൽ സ്റ്റോമി ആരാണെന്നോ എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും തനിക്കോ ട്രംപിനോ അറിയില്ലെന്ന് വെച്ചുകാച്ചിയ കോഹനും ഇതോടേ കുടുങ്ങിയ മട്ടാണ്.
കോഹനും കൂട്ടരും നുണപറച്ചിൽ അവസാനിപ്പിച്ചില്ലെങ്കിൽ ട്രംപ്− സ്റ്റോമി ബന്ധം സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന സ്റ്റോമിയുടെ അഭിഭാഷകൻ മൈക്കേൽ ആവെനറ്റിയുടെ ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവം. ഒരു ഡി.വി.ഡിയുടെ ചിത്രം സഹിതമാണ് ട്വീറ്റ്. ഇതൊരു മുന്നറിയിപ്പു മാത്രമാണ്. ഒരൊറ്റച്ചിത്രം ഒരായിരം വാക്കുകൾക്കു സമമാണെങ്കിൽ ഇത് (DVD) എത്ര വാക്കിനൊക്കും എന്ന വെല്ലുവിളിയും #60minutes #pleasedenyit #basta എന്നീ ഹാഷ് ടാഗുകളുമാണ് ട്വീറ്റിലുള്ളത്. ആദ്യത്തെ ഹാഷ് ഡാഗ് ഡീ
വീഡിയുടെ ദൈർഘ്യമാകാം. രണ്ടാമത്തേത് തന്റെ അവകാശവാദം നിഷേധിക്കാൻ ട്രംപ് പക്ഷത്തോടുള്ള വെല്ലുവിളിയാണ്. മൂന്നാമത്തേതാവട്ടെ ഒരു ഇറ്റാലിയൻ പ്രയോഗമാണ്. മതി (enough) എന്നതാണ് ബാസ്റ്റയുടെ ഇറ്റാലിയൻ അർത്ഥം. സമാനമായ ഒരു ഇംഗ്ലീഷ് വാക്കുപയോഗിച്ച് അധിക്ഷേപിക്കാനാണോ ഉദ്ദേശമെന്നും വേണമെങ്കിൽ സംശയിക്കാം.
ഡൊണാൾഡ് ട്രംപിന്റെ ഒരുപാടു വഴിവിട്ട ബന്ധങ്ങളിൽ ഒന്നുമാത്രമാണ് ഒരുപാടു രതി ചിത്രങ്ങളിൽ മുന്നിലും പിന്നിലുമൊക്കെ നിറഞ്ഞാടിയ സ്റ്റോമി ഡാനിയേൽസ്. നടി, തിരക്കഥാകൃത്ത്, സംവിധായിക എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് സ്റ്റോമി. എല്ലാം രതിചിത്രങ്ങളായിരുന്നു എന്നുമാത്രം. അമേരിക്കയിലെ ലൂസ്യാനയിലായിരുന്നു അവരുടെ ജനനം. അന്ന് അവരുടെ പേര് െസ്റ്റഫാനി ക്ലിഫോർഡ് എന്നായിരുന്നു. കൊടിയ ദാരിദ്ര്യത്തിലും അനാഥത്വത്തിലുമായിരുന്നു െസ്റ്റഫാനിയുടെ ബാല്യം. നാലാം വയസ്സിൽ മാതാപിതാക്കൾ വിവാഹമോചിതരായി. വൈദ്യുതി പോലുമില്ലാത്ത വീടുകളിൽ താമസം. 17ാം വയസ്സിൽ ക്ലബ്ബ് ഡാൻസറായി. ചെറുവേഷങ്ങളിലൂടെ സിനിമയിൽ എത്തിപ്പെട്ടു. രതിചിത്രങ്ങളിൽ കൂടിയായിരുന്നു എങ്കിലും ജീവിതത്തിൽ പലർക്കും എത്തിപ്പെടാനാകാത്ത ഭൗതിക നേട്ടങ്ങൾ സ്റ്റോമി പിന്നീട് എത്തിപ്പിടിച്ചു.
രതിചിത്ര നായികയെന്ന് മാത്രം എഴുതിത്തള്ളാവുന്നത്ര ചെറുതല്ല അവരുടെ വ്യക്തിത്വം. സാമൂഹ്യപ്രവർത്തനത്തിലും സജീവസാന്നിദ്ധ്യമാണ് അവർ. ആരാധകർ നിരവധി. 2010ൽ ലൂസ്യാനയിൽ റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് വിറ്റിനെതിരേ അവരെ മൽസരരംഗത്തിറക്കാൻ ആരാധകർ വലിയ ശ്രമം നടത്തിയതാണ്. എന്നാൽ അതു നടന്നില്ല. പിന്നീട് സ്റ്റോമി റിപ്പബ്ലിക്കൻ പക്ഷത്ത് എത്തുകയും ചെയ്തു. രാഷ്ട്രീയപരമായി പ്രസിഡണ്ട് ട്രംപിന്റെ അതേ പക്ഷക്കാരിയാണ് ഇപ്പോൾ സ്റ്റോമിയും. എന്നാൽ സ്റ്റോമി മൂലം ട്രംപിനുണ്ടാവുന്നത് കഷ്ടതകൾ മാത്രമാണ്. ഒന്നിനു പിറകെ മറ്റൊന്ന് എന്ന തരത്തിൽ സ്റ്റോമിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ട്രംപിനു സ്റ്റോമിയുമായി ബന്ധമില്ലെന്നും താൻ സ്വന്തം നിലയിലാണ് അവർക്കു പണം നൽകിയത് എന്നുമൊക്കെയുള്ള ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹന്റെ വാക്കുകൾക്ക് ഇപ്പോൾ പുല്ലു വിലയാണ്. അതിനെതിരേ സ്റ്റോമി കലിഫോർണിയ കോടതിയിൽ നൽകിയ ഹർജിയും പ്രസിഡണ്ട് പക്ഷത്തിന് പുലിവാലാകും.
ട്രംപുമായി ബന്ധപ്പെട്ട് ബ്രേവ് ന്യൂഫിലിംസ് എന്ന മാധ്യമം പുറത്തു വിട്ട പീഡന റിപ്പോർട്ടിൽ 16 സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. പലരുടെയും സാക്ഷ്യങ്ങളും ഇതിലുണ്ട്. ബിസിനസ്സ് ഇൻസൈഡറെന്ന മറ്റൊരു പത്രം പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ 1970നും 2013നുമിടയിൽ ട്രംപിൽ നിന്നും പീഡനമനുഭവിക്കേണ്ടി വന്ന വനിതകളുടെ എണ്ണം എഴുപതിലധികമാണെന്നു പറയുന്നു. ഇതിൽ ട്രംപിന്റെ ഒരു മുൻ ഭാര്യയുമുണ്ട്. ഭാര്യയെ എങ്ങനെ പീഡിപ്പിക്കാനാവും എന്ന ട്രംപ് പക്ഷ ചോദ്യവും ഇതിനിടയിൽ ഉയരുന്നുമുണ്ട്. അതെന്തായാലും ട്രംപ് എന്ന അഴകിയ രാവണന്റെ അരുതാത്ത ബന്ധങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കാൻ തന്നെയാണ് സാദ്ധ്യത. അതുകൊണ്ടുതന്നെ അഴകിയരാവണ ചരിതം ഇനിയും നമ്മൾ പറയേണ്ടിയും വന്നേക്കാം...