ഹൃദയത്തിൽ മുറിവേൽക്കുന്പോൾ...
സോന പി.എസ്
ചെരിപ്പിടാത്ത കുട്ടിക്കാലത്ത് എത്ര ശ്രദ്ധിച്ച് തന്നെ ഓടിയാലും കാല് തെന്നി വീഴുക പതിവായിരുന്നു. വീണതിന് ശേഷം മുറിവിൽ നിന്ന് ചോര വരുന്നത് കാണുന്പോൾ കരഞ്ഞോടി അമ്മയുടെ അടുത്തെത്തുന്പോൾ അമ്മ പറയുക ഓ... സാരമില്ലെന്നും, കുറച്ചല്ലേ മുറിഞ്ഞുള്ളൂ എന്നൊക്കെയായിരിക്കും. കരച്ചിലിന്റെ ആവേശം കുറയുന്പോൾ കുറച്ച് വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്നൊക്കെ പറഞ്ഞ് അമ്മ ഒന്ന് സ്നേഹത്തോടെ തൊട്ടുരുമ്മി നിന്നാൽ മതി മുറിവിൽ നിന്നുണ്ടായ വേദനകൾ നിമിഷ നേരം കൊണ്ട് ഉണങ്ങാൻ.
അന്നൊക്കെ എത്താത്ത ഉയരങ്ങളിലേയ്ക്ക് എത്തിപിടിക്കാനുള്ള ശ്രമങ്ങളിൽ തോറ്റു പോകുന്പോൾ, മനസ്സിനെ നോവിപ്പിച്ച നിസ്സഹായതയുടെ മുറിവുകൾ മാറ്റുന്നത് അച്ഛനായിരിക്കും. പിന്നെ തോറ്റ ഇടങ്ങളെയൊക്കെ ജയിക്കുന്നത് അച്ഛന്റെ തോളത്തിരുന്നായിരിക്കും. ബാല്യത്തിൽ മനസ്സിലും ശരീരത്തിലുമേറ്റ മുറിവുകളെയെല്ലാം ഉണക്കി തന്നത് ഇങ്ങിനെ അച്ഛനും, അമ്മയുമായിരുന്നു.
പിന്നീട് സ്കൂൾ പഠനകാലത്ത് എത്ര പഠിച്ചിട്ടും തലയിൽ കേറാതെ, എന്നെ കൊണ്ട് ഇതൊന്നും സാധിക്കില്ലെന്ന് പറഞ്ഞ കാലത്ത് ആത്മവിശ്വസത്തിന് ഏറ്റ മുറിവുകളെ ഇല്ലാതാക്കി തന്നത് നല്ല അദ്ധ്യാപകരാണ്. കുറച്ചും കൂടി മുതിർന്ന് കലാലയ ജീവിതത്തിലേയ്ക്ക് കടന്നപ്പോൾ, പ്രണയവും, ജീവിതവും, തൊഴിൽ മോഹങ്ങളുമെല്ലാത്തിനേയും ചേർത്ത് കെട്ടി ഉണങ്ങാത്ത മുറിവുകളെന്ന് പേരിടുന്പോൾ കൂടെ നിന്ന സൗഹൃദങ്ങൾ ചിരിച്ചോണ്ട് പറഞ്ഞിട്ടുണ്ട്... ഈ സമയവും കടന്നു പോകുമെന്ന്... അതും കഴിഞ്ഞ് ജീവിതം അതിന്റെ യഥാർത്ഥ്യങ്ങളിലേയ്ക്ക് വഴി തിരിഞ്ഞപ്പോൾ ശ്രദ്ധിച്ചിട്ടുള്ളതാണ് വീട്ടിലോ അയൽവക്കത്തോ പ്രതീക്ഷിക്കാത്ത മരണങ്ങൾ സംഭവിച്ചാൽ കുറച്ച് നേരത്തേ ഞെട്ടലുകൾക്ക് ശേഷം കാർന്നവൻമാർ പരസ്പരം പറഞ്ഞ് നെടുവീർപ്പിടുന്നത് കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന ഈയൊരൊറ്റ ഡയലോഗിലായിരിക്കും.
.ശരിയാണ്... ആരോ പറഞ്ഞത് പോലെ... ‘എത്ര മുറിവുകൾ വേണം ഒരു മരണമാകാൻ, എത്ര മരണങ്ങൾ വേണം ഒരു ജീവിതമാകാൻ...’ പക്ഷെ ഇവിടെയെല്ലാം നല്ലൊരു ഓർമ്മയെ, ജീവിതാനുഭവങ്ങളെ മാത്രമായിരുന്നു മുറിവുകൾ കൊണ്ട് അടയാളപ്പെടുത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ കാണുന്ന അല്ലെങ്കിൽ കേൾക്കുന്ന മുറിവുകൾക്ക് ആഴകൂടുതലുണ്ട്. തുന്നിചേർക്കാനോ, മുറിവ് ഉണക്കാനോ കഴിയാത്ത വിധത്തിലുള്ള മുറിപ്പാടുകൾ ഉണ്ടാക്കുന്നത് അച്ഛനോ, അമ്മയോ, കൂടപിറപ്പുകളോ ആണ്. ജാതി ഭ്രാന്തും, ലഹരിയും തലയ്ക്ക് പിടിച്ചിരിക്കുന്ന സമയത്ത് എപ്പോഴോ ആയിരിക്കാം, പിന്നോക്ക ജാതിയിലുള്ള ഒരാളെ സ്വന്തം മകൾ പ്രണയിച്ചതിലൂടെ തന്റെ അഭിമാനത്തിന് മുറിവേറ്റെന്ന് മലപ്പുറത്തുള്ള ആ അച്ഛന് തോന്നിയിരിക്കുക. അഭിമാന സംരക്ഷണത്തിനായി വെറിപൂണ്ട് അച്ഛൻ തന്റെ മകളുടെ ഹൃദയത്തിലേയ്ക്ക് കത്തി കുത്തിയിറക്കുന്പോൾ അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല ഇനിയൊരിക്കലും അയാൾക്ക് താനൊരു അച്ഛനായിരുന്നു എന്ന് അഭിമാനിക്കാൻ കഴിയില്ലെന്ന്..
അറിഞ്ഞതും, അറിയാത്തതുമായ ഇത്തരം ഒത്തിരി ദുരഭിമാനകൊലകൾ സമൂഹത്തിൽ ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു. നെഞ്ചിലിട്ട് ലാളിച്ച തന്റെ കുഞ്ഞിനെ, ഒപ്പം കളിച്ച് വളർന്ന സഹോദരങ്ങളെ, കൂടെ പഠിച്ച കൂട്ടുക്കാരനെയൊക്കെ നിസാര കാര്യങ്ങൾ കൊണ്ട് അഭിമാനക്ഷതമെന്നൊക്കെ പറഞ്ഞ് ജീവിതത്തിൽ നിന്ന് വെട്ടിമാറ്റുന്നതിലൂടെ മുറിവേൽക്കുന്നത് സ്വന്തം ജീവിതത്തിനു തന്നയല്ലേ...
മുറിവുകൾക്കപ്പുറം സ്നേഹത്താൽ തുന്നിചേർത്ത് കെട്ടിയ ജീവിതത്തിന്റെ മാസ്മരികതയുണ്ട് ഈ ഭൂമിയിലെന്ന് വൈകി മാത്രം മനസ്സിലാക്കേണ്ട ഒന്നല്ല. ജാതിയോ, മതമോ, വർഗ്ഗമോ, സ്ഥാനമാനങ്ങളോ, വേർതിരിവുകളോ, സ്വത്ത് പകുത്ത് നൽകുന്ന പറന്പിന്റെ അതിരുകളോ ഒന്നും കൂടെയുള്ളവന്റെ ജീവനെടുക്കാൻ പാകത്തിൽ നമ്മളെ മുറിവേൽപ്പിക്കാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിച്ച് കൊണ്ട്...