മാനസാന്തരം കവിക്കഴുകന്...
ശരശയ്യ - നിതിൻ നാങ്ങോത്ത്
അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി!! അതെയതെ. ഒരു നൂറുവട്ടം അതെ. കവി തന്നെയാണ് രാജാവ്. പക്കേങ്കിൽ പ്രജകളുടെ കാട്ടമേറ് സഹിക്കാൻ ബയ്യ കേട്ടാ... ചക്കയെ കൊന്പത്തുവെച്ചപോലെ തെറിയെ ശ്രേഷ്ഠ ലാംഗ്വേജായി ലിഫ്റ്റു ചെയ്യണം. ചുള്ളിക്കാട്ടിലേയ്ക്ക് തീപ്പന്തമെറിയുന്നവർ എന്തായാലും അവരുടെ കവിത വായിച്ചവരാവാൻ വഴിയില്ല. ചെലപ്പോ വിഡ്ഢിപ്പെട്ടി ഫാൻസുകാരാവും. എന്തായാലും ഇതൽപ്പം ജാസ്തിപ്പോയി. മാനസാന്തരവും ചാത്തനേറും. എം.ടി, പരിചയുമായി ഫോർവേഡ് പൊസിഷനിലെത്തി. നല്ല കാര്യം. ഇന്നു കാലത്ത് സുഭാഷ് ചന്ദ്രൻ ഗ്ലൗസുമണിഞ്ഞ് ഗോൾബാറിനു താഴെ ഹാജർ പറഞ്ഞിട്ടുണ്ട്. ഒരു സൗഹൃദപ്പോരാട്ടമാവുന്പോ കാവ്യപ്പടയ്ക്ക് കരുതലത്യാവശ്യമാണല്ലോ. ഇനി ഓരോരുത്തരായി ഫോർവേഡിലും മിഡ് ഫീൽഡിലും ഐക്യദാർഢ്യപ്പെട്ടേക്കും. കവി നടനെ എസ്ക്കോ ബാർ ആക്കിക്കൂടാ... സ്വയം ഒറ്റുകൊടുക്കുന്ന കോമാളിയാണ് മനുഷ്യൻ. സ്വന്തം തലവെട്ടിപ്പൊളിക്കുന്ന ദുരയുടെ കോമരം!! ഇങ്ങനെ എഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്. വെളിച്ചം കണ്ടവന്‍റെ സഹനസമരത്തെപ്പറ്റി നിരന്തരം കലഹിച്ച റിബൽ. അല്ലേലും റിബലുകളോട് പണ്ടേ ഞമ്മക്ക് പരമജുഗുപ്സയാണല്ലോ. കവിത മതിയാക്കി ഭരതമുനിയിലേയ്ക്ക് “പരകായപ്രവേശം’’ നേടിയതോടെ നാട്ടാരുടെ കിച്ച്കിച്ച് തുടങ്ങി. ബുദ്ധമതരുദ്രാക്ഷം ധരിച്ചതോടെ പടിക്കുപുറത്ത് പറഞ്ഞിരുന്നു ചിലർ. അവാർഡും അക്കാദമിയും അലർജിയാണെന്നു പറഞ്ഞപ്പോൾ ആൾക്കൂട്ടം ഏതാണ്ട് നെറ്റി ചുളിച്ചിരുന്നു. അക്ഷരത്തെറ്റിനാൽ ആനന്ദം പോയി ദാ ഇപ്പോ ജാടകളുടെ ബ്രാന്‍റർ എന്ന ചീത്തപ്പേരും. പലരും പറഞ്ഞതാണ് ഈ വഴി പോകേണ്ടെന്ന്. എന്നാൽ പറഞ്ഞാൽ കൂട്ടാക്കാത്ത പ്രായത്തിൽ ഗൗനിച്ചീലാ... അനുഭവിക്കുക തന്നെ !!
സ്വന്തം പുണ്ണുകാട്ടി അന്യരുടെ കരുണയ്ക്ക് കേഴുന്ന യാചകനാവുന്നതിനേക്കാൾ നല്ലത് തനിക്കുവേണ്ടി തന്നോടുതന്നെ പോരാടുന്ന ഭ്രാന്തൻ പോരാളിയാവുകയാണ്. ബാലചന്ദ്രകവിയുടെ വജ്രമുനഫിലോസഫി ഒരുകാലഘട്ടയുവതയെ തിളപ്പിച്ചിട്ടുണ്ട്. കവിതയിൽ ഡ്രാക്കുള ജീവിതം നയിച്ച ആ പ്രതിഭയോട് അക്ഷരവിരോധികളായ അരസികർ കാട്ടിക്കൂട്ടുന്ന അരക്കില്ല പ്രകടനങ്ങൾ കാണുന്പോൾ ലൈബ്രറികൾക്ക് തീകൊളുത്താൻ തോന്നുന്നു. അദ്ധ്യാപകരടക്കമുള്ള ഗവേഷക താത്ത്വിക ബിംബങ്ങളാണ് പാവം ബാലകവിയുടെ ഇമേജ് തകർക്കാൻ ഒരുന്പട്ടിറങ്ങിയിരിക്കുന്നത്.നോട്ടിനെതിരെ മിണ്ടിയപ്പോ എംടിക്കും കിട്ടിയല്ലോ പൊതിരെ. ഒറ്റ ടേക്കിന് ജ്ഞാനപീഠകാരൻ വെറും “യെംറ്റി’’!! മാധ്യമത്തിലെ ഒരു ഇന്‍റർവ്യൂവിന് സഹമുറിയന്‍മാരായ എഴുത്തുകോമരങ്ങളിൽ നിന്ന് സുഭാഷ് ചന്ദ്രനും കിട്ടിക്കൊണ്ടിരിക്കുന്നു അന്പത്തൊന്നക്ഷരാളി ആഞ്ഞുവെട്ടലുകൾ...
ഇടപ്പള്ളിത്തെരുവിൽ രാത്രി ഒറ്റയ്ക്ക് നടന്നുപോകുന്പോൾ, ബാലചന്ദ്രൻ ചുള്ളിക്കാടിനെ രണ്ട് അനാഥബിംബങ്ങൾ തട്ടിക്കൊണ്ടു പോയി... കരിഞ്ചന്തയിൽ വ്യാജ അക്ഷരങ്ങൾ വിറ്റ് പിടിക്കപ്പെട്ടപ്പോൾ, എ അയ്യപ്പൻ സയനൈഡ് വിഴുങ്ങി!! എന്ന് രാഷ്ട്രതന്ത്രം കവിതയിൽ താത്ത്വികമായി ടി.പി രാജീവൻ അവതരിപ്പിച്ചിട്ടുണ്ട്. വാക്കുകളുടെ വജ്രസൂചികൾ കൊണ്ട് വായനക്കാരുടെ കരൾ കുത്തിക്കീറിയ ഈ രണ്ടു ജന്മങ്ങളോട് പ്രബുദ്ധജനത കാട്ടിക്കൂട്ടിയതും കൂട്ടിക്കൊടുക്കുന്നതും തെമ്മാടിത്തമാണ്. ജീവിതത്തിൽ അലഞ്ഞും കവിതയിൽ അലിഞ്ഞും അവർ കാണിച്ച ത്യാഗവ്യഥകൾ മനസ്സിലാക്കപ്പെടാതെ പോകുന്നതെന്തു കൊണ്ട്? സാംസ്ക്കാരിക സമ്മേളനത്തിൽ തൊണ്ടകീറിപ്പാടിയ കവിക്ക് വണ്ടിക്കൂലിയും, രണ്ടുവാക്കിൽ ഇസ്തിരിചുളിയാതെ ചിരിച്ച സീരിയൽ ‘പ്രതിഭ‘യ്ക്ക് മിമിക്രിത്താരത്തിന് ലക്ഷങ്ങളാണ് ഇപ്പോഴും നാട്ടുനടപ്പ്. സമൂഹത്തിലെ ഈ ഇരട്ടത്താപ്പ് എഴുത്തുകാരിൽ മുറിവുണ്ടാക്കുന്നതിൽ അത്ഭുതമില്ല. അവനവനെ (അവളവളെ) കത്തിച്ച് വെളിച്ചം നിർമ്മിച്ച് അത് സമൂഹത്തിന് പകരുന്ന ഒറ്റയാന്‍റെ പാപ്പാന്‍മാരെ ഇങ്ങനെ ക്രൂരവിചാരണ ചെയ്താൽ ഉത്സവനോട്ടീസു സാഹിത്യങ്ങൾ യൂണിവേഴ്സിറ്റികളിൽ സിലബസ് ചെയ്യപ്പെടും. വൃത്തമില്ലാതെയും കവിതയെഴുതാം പക്ഷേ വൃത്തിയില്ലാതെ എഴുതരുതെന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിലെ പ്രവാചകത്ത്വം സമ്മതിക്കണം.
ഏതായാലും ഒരു ചിദംബരസ്മരണയ്ക്ക് ബദലായി നാട്യകവിയുടെ “ദിഗംബരസ്മരണ” ഉടൻ പ്രതീക്ഷിക്കാവുന്നതാണ്. ടീച്ചർ ശിഷ്യയ്ക്ക് പറഞ്ഞു കൊടുത്ത കവിയുടെ “അവിഹിത ജീവിതം” ചുള്ളിക്കാടിനെ ഒട്ടൊന്നുമല്ല കോപിഷ്ഠനാക്കിയത്. കാവ്യപ്രചോദനം ഇങ്ങനെയാണെന്ന് സെറ്റും നെറ്റുമൊക്കെയുളള വിദ്വൽമഹതി(ന്‍)കൾ പടച്ചുവിടുന്പോൾ ഭാവനയുടെ ജാരസന്തതികളെ തെരുവിലിറക്കി ഉപജീവനം നടത്തുന്ന അക്ഷരക്കച്ചോടക്കാർക്ക് എന്തു ഗതി? കോർപ്പറേറ്റ് കഴുകന്‍മാർ എരണ്ടകളെ കൊത്തിയോടിക്കുന്പോൾ അയ്യപ്പനെപ്പോലെ സുരാസുവിനെപ്പോലെ ഓടകളിൽ അടയാളപ്പെടുത്താം. കാടു കത്തുന്പോൾ ആദ്യമുണർന്നവർ കിളികളും നാടു കത്തുന്പോൾ ആദ്യമുണരുന്നവർ കവികളുമായിരുന്നു. മടുപ്പിന്‍റെ കൊടുമുടിയിൽ കയറി നിന്ന് ഒരു കൂട്ടച്ചാട്ടത്തിനുള്ള സ്ക്കോപ്പ് എന്തായാലും ഇന്നീ നാട്ടിലുണ്ട്... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ലളിതമായി... കൊന്നു തിന്നവയെപ്പറ്റി കണ്ണീരൊഴുക്കുന്ന കിഴട്ടു മുതലകളേ... നിങ്ങൾ ദൈവത്തിന്‍റെ പിടികിട്ടാപ്പുളളികളാണ്. കവിതാപൂർവ്വം... സ്വന്തം രക്തവിലകൊണ്ട് ചാവുനിലം വാങ്ങിയ ശപ്തപ്രവാചകന്‍... ഒപ്പ് !!
കുരച്ചു കുരച്ചു അരിയുന്ന മല്ലൂസിന്‍റെ നാട്ടിൽ എയ്ത്തും ബായനയും മര്യാദിക്ക് അറിഞ്ഞൂടാത്തതാണ് ഫാഷൻ. സിബി എസ് ഈയും ഐസിഎസ്ഈയും കഴുത്തേൽ ടാഗി സ്വദേശിയും പരദേശിയുമല്ലാതെ പ്രേതജന്മം നടത്തുന്ന ഒരു തലമുറയാണ് മൊട്ടേന്ന് വിരിയുന്നത്. അവർക്കെന്ത് എഴുത്തച്ഛൻ! അവരിക്കെന്ത് വസന്തതിലകം!! എത്രയും വേഗം പഠിച്ച് ജോലി നേടി ആഢംബരപ്പല്ലക്കിലേറാനുളള ത്വരയിൽ എന്തിന് മാതൃഭാഷയിൽ മുഷിയണം. അന്യനാടും അന്യഭാഷയുമാണ് നമ്മൾക്ക് ബിരിയാണി തരുന്നത്. അപ്പോൾ ടെക്സ്റ്റ് കാണാതെ ഗൈഡും പഠിച്ച് തൊണ്ണൂറു ശതമാനം മാർക്കും വാരിക്കോരി ഇഷ്ടവിഷയത്തിൽ പിഴയ്ക്കുന്നു. സ്വന്തം നാട്ടിൽ അന്യനാവാനാഗ്രഹിക്കുന്ന മലയാളി അന്യനാട്ടിൽ മലയാളി ആവാനാഗ്രഹിക്കുന്നുണ്ടെന്നതാണ് ഇതിന്‍റെയൊരു കാവ്യനീതി!! മലയാളികളുടെ മണ്ണും മമതയുമൊക്കെ ആനന്ദധാരപ്പെടുന്നത് പുറംദേശങ്ങളിലാണ്. അകംശൂന്യതയുടെ അപകർഷതയിൽ മലയാളി സംസ്ക്കാരം ഉടഞ്ഞു തീരുകയാണ്. സോഷ്യൽ മീഡിയയിലെ എഴുത്ത് ശ്രദ്ധിച്ചാൽ മനസ്സിലാവും. എൺപതുശതമാനം വാളിലും അക്ഷരപ്പിശാശ് ഓട്ടന്‍തുള്ളൽ നടത്തുന്നുണ്ടാവും!!
പ്രമുഖർ പോലും ലജ്ജ തീണ്ടാതെ തെറ്റി എഴുതി ഞെളിയുന്നതിൽ സായുജ്യമടയുന്നു. ആരേലും കമന്‍റിൽ തിരുത്താൻ പോയാൽ ഓറുപിന്നെ അക്കൗണ്ടിലേ ഉണ്ടാവില്ല. നഗരങ്ങളിൽ വെച്ചിരിക്കുന്ന കൂറ്റൻ ഫ്ളക്സിലും കാണും മൂന്നാലുവെണ്ടക്കയിൽ ഗുരുതര അശ്രദ്ധ!! ബ്രോഷറുകളിലും നോട്ടീസിലുമാണേൽ പറയേണ്ട. ഇതൊക്കെ ആരു ശ്രദ്ധിക്കാൻ? ആരോടു പറയാൻ? അകത്തേയ്ക്ക് കൊടുത്താലല്ലേ പുറത്തേക്കെടുക്കാൻ പറ്റൂ!! അകത്തേക്കുളള വായനയ്ക്ക് ബഹുഭൂരിപക്ഷത്തിനും ടൈമില്ല. കഥയും കവിതയും വായിച്ചിട്ട് എന്തു കിട്ടാനാ? ലിറ്ററേച്ചർ പഠിച്ചിട്ട് എത്ര പേർ രക്ഷപ്പെട്ടിട്ടുണ്ട്? ചോദ്യശരങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ ആഗോളപബ്ലിക്ക് ആയിപ്പോയ ഓൾഡ്ജെൻ തലചൊറിയുന്നു. പണ്ടൊക്കെ പത്ത് പാസാവാൻ പത്തിരുപതു കവികളുടെ കവിത കാണാപ്പാഠമാക്കേണ്ടിയിരുന്നു. അത്രയും അക്ഷരവും വാക്കും താളവും വരിയുമെല്ലാം ഉള്ളിലെത്തും. ഒരു ഉള്ളടക്കം ലഭിക്കും. അലങ്കാരവും വൃത്തവും സന്ധിയും സമാസവും നിർബന്ധമായിരുന്നു. ഇന്നാർക്കും ഗ്രാമർ വേണ്ട... ഗ്ലാമർ ധാരാളം. ഇത്തരം മൂല്യച്യുതികളിലാണ് എംടിയും ചുള്ളിക്കാടും സുഭാഷ് ചന്ദ്രനും എൻ. പ്രഭാകരനുമൊക്കെ വാളെടുക്കുന്നത്. ചില സൂക്കേടുകൾ മാറാൻ കഷായ ചികിത്സ തന്നെയാണ് ബെറ്റർ.ഷോക്ക്ട്രീറ്റ്മെന്‍റ്കൊണ്ട് മാത്രം രക്ഷപ്പെട്ടുപോയ എത്രയോ പേരുണ്ട് ഈ കുഞ്ഞിദുനിയാവിൽ!! ആയതിനാൽ അക്ഷരവിശുദ്ധികൊണ്ട് ജ്ഞാനസ്നാനപ്പെടാൻ, ഒരുപാട് ചുള്ളിക്കാടുമാർ നിലനിൽക്കാൻ അമ്മമലയാളത്തെ നെഞ്ചേറ്റാം. നമുക്കാവശ്യമാണ് അരി, ഉപ്പ്, മുളക്, വിറക്... പോലെ കവിതയും. കവിത തിരിച്ചുവരും. പ്രബുദ്ധ മലയാളിയും... സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ വയന്പും ഇന്നാട്ടിൽ ഒഴുകിപ്പരക്കട്ടെ. നാ ഋഷി കവി!! ഋഷിയല്ലാത്തവർ കവിയല്ല...